LGBTQ + സമൂഹത്തിന്റെ അവകാശങ്ങള്‍ അംഗീകരിക്കണം
സ്വവര്‍ഗ്ഗവിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്റെ ആശയമാണെന്നും അത് ഇന്ത്യന്‍ സംസ്‌ക്കാരത്തിനും ജീവിത രീതിയ്ക്കും എതിരാണെന്നാന്നും മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവര്‍ഗ്ഗ വിവാഹത്തിനുള്ളതല്ലെന്നും വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകര്‍ക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാന്‍ സുപ്രിം കോടതിയ്ക്ക് അധികാരമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിയ്ക്കപ്പെട്ടാല്‍ നിയമനിര്‍മ്മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിരാ ജെയ്‌സിംഗിന്റെ കുറിപ്പ് വായിക്കുക.
എന്താണ് വിവാഹം? LGBTQ സമൂഹത്തിന്റെ വിവാഹാവകാശവുമായി ബന്ധപ്പെട്ട വാദങ്ങളിലും കാതലായ ചോദ്യമതാണ്. ഇത് ആ സമൂഹത്തില്‍ പെടുന്നവര്‍ മാത്രം ഉത്തരം നല്‍കേണ്ട ഒന്നല്ല. എങ്ങനെയാണ് വിവാഹത്തില്‍ ഏര്‍പ്പെടേണ്ടതെന്നു നിയമം പറയുന്നുണ്ട്. അതുപോലെ അതെങ്ങനെ അവസാനിപ്പിക്കാമെന്നും. എന്നാല്‍ എന്താണ് വിവാഹം എന്ന് നിര്‍വചിക്കുന്നില്ല തന്നെ. അങ്ങനെ വരുമ്പോള്‍ അതു നമ്മള്‍ തന്നെ നിര്‍വചിക്കേണ്ടിയിരിക്കുന്നു.
വിവാഹം തുല്യരായ രണ്ടു വ്യക്തിത്വങ്ങളുടെ സ്വാഭാവികമായ കൂടിച്ചേരലാണ്. അതില്‍ രണ്ടു പേരുടെയും വ്യക്തിത്വങ്ങള്‍ ഹനിക്കപ്പെടരുത്, അതുപോലെ അവരുടെ സ്വയം നിര്‍ണയത്വവും. വിവാഹത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍, ലിംഗഭേദമന്യേ പരസ്പരം ലൈംഗികവും വൈകാരികവും സാമ്പത്തികവുമായ പിന്തുണയാകുന്നു. ഈ സാഹചര്യത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്ന ആളുകളുടെ ലിംഗനിലയോ ജീവശാസ്ത്രപരമായ ലിംഗാവസ്ഥയോ അപ്രസക്തമാണ്. സമത്വത്തിന്റെ ഈ സാഹചര്യത്തിലാണ് LGBTQ + സമൂഹങ്ങളുടെ വിവാഹത്തിലേര്‍പ്പെടാനുള്ള അവകാശവാദം പ്രസക്തമാവുന്നത്.
പരസ്പരം സ്‌നേഹിക്കുന്ന രണ്ടു വ്യക്തികളാണ് വിവാഹത്തിലേക്ക് എത്തുന്നത്. ഈ സ്‌നേഹത്തിന്റെയും ഒന്നിച്ചു ചേരാനുള്ള ആസക്തിയുടെയും അവസ്ഥകള്‍ നിയമം കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. അത്‌കൊണ്ട് തന്നെ വിവാഹത്തിലുള്ള പങ്കാളി ആരാവണമെന്നോ പങ്കാളിയുടെ ലിംഗനില ഏതാവണമെന്നോ നിയമം കൊണ്ട് നിഷ്‌കര്‍ഷിക്കാന്‍ ആവില്ല. ഒന്നിച്ചു ചേരാനുള്ള ആഗ്രഹം ഉണ്ടാകുന്നത് നിയമം കൊണ്ടല്ല. നമ്മുടെ കുടുംബം, ഏറ്റവും അടുത്തത് ആരെന്നു നമ്മളാണ് തീരുമാനിക്കുന്നത്. ഭരണകൂടത്തിനു ഇതില്‍ നിയമപരമായ വലിയ പങ്കില്ല. വ്യക്തികള്‍ വളരെ വ്യക്തിപരമായി എടുക്കുന്ന തീരുമാനങ്ങളാണ്. വിവാഹത്തില്‍ ഉണ്ടാകാവുന്ന ദുര്‍ബലതകളില്‍ മാത്രമാണ് ഭരണകൂടം ഇടപെടേണ്ടത്. സാധാരണയായി കാണുന്ന വ്യത്യസ്ത ലിംഗ വിവാഹങ്ങളില്‍ ഇത്തരം ദുര്‍ബലതകള്‍ ഉണ്ടാകുന്നത് സ്വത്തവകാശം സംബന്ധിച്ച വേര്‍തിരിവില്‍ നിന്നാണെന്നു അതു സംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുമ്പോള്‍ ഒരുമിച്ചായിരുന്നപ്പോള്‍ ഉണ്ടാക്കിയെടുത്ത സ്വത്തു സംബന്ധിച്ചാണ് പ്രശ്‌നം ഉണ്ടാകുന്നത്. അതധികവും ഭര്‍ത്താവിന്റെ നിയന്ത്രണത്തിലായിരിക്കും. അധിക രാജ്യങ്ങളിലും അതു സംബന്ധിച്ച നിയമങ്ങളുണ്ട്. അല്ലെങ്കില്‍ അതു സംബന്ധിച്ച് വിവാഹത്തിന് മുന്‍പ് തന്നെ ഏര്‍പ്പെടാവുന്ന കരാറുകളുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വിവാഹത്തിനു ശേഷം ആര്‍ജിച്ച ആസ്തി, വിവാഹം വേര്‍പിരിയുന്ന സമയത്ത് തുല്യമായി വീതിക്കാന്‍ ഉതകുന്ന ഒരു നിയമം ഇന്ത്യയില്‍ ഇല്ല. അതുപോലെത്തന്നെ സ്വത്തുതര്‍ക്കം കൂടാതെ ഉപയോഗിക്കാന്‍ ഉതകുന്ന തരത്തിലുള്ള മുന്‍കൂര്‍ കരാര്‍ രീതികളുമില്ല. പകരം വിഷയം വിവാഹത്തിലെ പങ്കാളികളുടെ മത നിയമങ്ങള്‍ക്ക് വിടുകയാണ്. ജന്മം കൊണ്ട് ഉണ്ടാകുന്ന അവസ്ഥയാണിത്. അതുകൊണ്ടാണ് പറയുന്നത് വ്യക്തിനിയമങ്ങള്‍ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. തുല്യതയില്‍ ഊന്നിക്കൊണ്ട് അതു മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. പൊതുനയങ്ങളില്‍ മാറ്റം വരുത്തി വിവാഹമോചന സമയത്തെ സ്വത്തവകാശം സംബന്ധിച്ച് കരാര്‍ ഉപയോഗിക്കുന്ന രീതി ഉണ്ടാകണം. വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഈ കരാര്‍ വളരെ അത്യാവശ്യമാണ്.
ഒരു പൊതുനയത്തിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കുകയും വേണം. വിവാഹത്തെയും കുടുംബത്തെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണ്. അതിനാല്‍ അതു തുല്യതയിലേക്ക് നയിക്കുന്നതായിരിക്കണം. നിയമത്തിനു മുന്നില്‍ സമമായ സംരക്ഷണം നേടിത്തരുന്നതുമായിരിക്കണം. ഏറ്റവും ചുരുങ്ങിയത് നമ്മുടെ താല്പര്യമനുസരിച്ചുള്ള ഒത്തുചേരല്‍ സാധ്യമാകണം, അതു അംഗീകരിച്ചു തരികയും വേണം. സര്‍ക്കാറിനു ഈ അവകാശങ്ങള്‍ അംഗീകരിച്ചു തരാനുള്ള ബാധ്യതയുണ്ട്. കൂടാതെ ദുര്‍ബലതകള്‍ ഉള്ള വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് നേരെ ഉള്ള അതിക്രമങ്ങളും വിവേചനങ്ങളും തടഞ്ഞ് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും സര്‍ക്കാരിന്നുണ്ട്. ഇതില്‍ ഒന്നാമത്തേത് താല്പര്യമനുസരിച്ചുള്ള ഒത്തുചേരല്‍ അംഗീകരിക്കപ്പെടല്‍ സാധ്യമാകണം. അതാണ് പരമ പ്രധാനം. തുടര്‍ന്നുള്ളവ പുറകെ വരും.
സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതി കേസില്‍ വാദത്തെ എതിര്‍ത്തു കൊണ്ട് പാര്‍ലിമെന്റ് തീരുമാനിക്കട്ടെ എന്നൊരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ കേസിലെ വാദം വിവാഹം കഴിക്കാനുള്ള അനുമതിക്കായിരുന്നില്ല, അതുള്ള ഒരു കാര്യമാണല്ലോ. മറിച്ച് മറ്റുള്ള വിവാഹങ്ങളിലേതുപോലെയുള്ള നിയമപരമായ അവകാശങ്ങള്‍ക്കായിരുന്നു വാദം. അങ്ങനെ അതു സ്‌റ്റേറ്റ് അംഗീകൃതമാകുന്നു. ഇതിനായി നിയമപരമായ ഒരു താല്പര്യവും ഇല്ലെന്നിരിക്കെ സ്‌റ്റേറ്റിന് ഈ അംഗീകാരം തടഞ്ഞു വെക്കാനാകുമോ? സ്‌റ്റേറ്റിന്റെ ഈ അംഗീകാരം സ്വവര്‍ഗവിവാഹം സംബന്ധിച്ചുള്ള അപമാനപ്പെടുത്തുന്ന അനുഭവങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
സ്വവര്‍ഗ്ഗ വിവാഹം പോലുള്ള വിവാഹങ്ങളില്‍ സമൂഹത്തിനു വലിയ പങ്ക് വഹിക്കാനില്ല. കാരണം അതിനു സ്‌റ്റേറ്റ് അംഗീകാരം ഇല്ല എന്നതാണ്. ഇതാണ് ഈ കേസിലുള്ള കാതലായ കാര്യം. അത് തന്നെയാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലവും. വിവാഹമൊരു സ്ഥാപനം ആണെന്നാണ് പറയുന്നത്. അത് പവിത്രമാണെന്നും. എന്നാല്‍ എന്താണ് ഈ സ്ഥാപനം എന്ന് പറയുന്നില്ല. അങ്ങനെയെങ്കില്‍ സ്വവര്‍ഗ വിവാഹവും സ്ഥാപനമാണ്. അതിനാല്‍ പവിത്രവും. എന്നാല്‍ വിവാഹം പവിത്രമാണെന്ന് പറയാനാവില്ല കാരണം വിവാഹമോചനവും നടക്കാവുന്നതാണ്. സ്ത്രീ പുരുഷനേക്കാള്‍ താഴ്ന്നവള്‍ എന്ന വാര്‍പ്പ്‌സങ്കല്‍പം പരിപോഷിപ്പിക്കുന്ന വിവാഹ സങ്കല്‍പമാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിട്ടുള്ളത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വവര്‍ഗ വിവാഹമംഗീകരിക്കാതിരിക്കുമ്പോള്‍ നേരത്തെ നവജ്യോത് ജോഹര്‍ കേസ് വഴി നേടിയ സ്വവര്‍ഗരതി കുറ്റമല്ലാതാക്കിയ വിധി ദുര്‍ബലപ്പെടുകയാണ്. ഈ വിധി നേടുന്നത് കഠിന പ്രയത്‌നത്തിലൂടെയാണ്. സ്വവര്‍ഗരതി പ്രകൃതി വിരുദ്ധം എന്ന ധാരണയെയാണ് ഈ വിധി ഇല്ലാതാക്കിയത്. എന്നാല്‍ ഈ സത്യവാങ്ങ്മൂലത്തില്‍ സ്വവര്‍ഗ വിവാഹ ഭീതിയോടൊപ്പം അത്യധികം പുരുഷാധികാരപരമായ വിപരീത ലിംഗ വിവാഹത്തെ മാത്രം മറ്റെല്ലാ പരിഗണകളെയും മാറ്റി വിവാഹമായി അംഗീകരിക്കുകയാണ്.
എപ്പോള്‍ വിവാഹ കഴിക്കണമെന്നും എങ്ങനെ വിവാഹം കഴിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും നിയമത്തിന് നിഷ്‌കര്‍ഷിക്കാനാവില്ല. രണ്ടു വ്യക്തികള്‍ ചേര്‍ന്ന ആ ഒത്തുചേരല്‍ അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം. ക്വീര്‍ സമൂഹങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതാണ്. ഏറെക്കാലം അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഈ സമയത്ത് സുപ്രീം കോടതി സ്വവര്‍ഗവിവാഹം അംഗീകരിച്ചുകൊണ്ട് LGBTQ + സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in