പത്തനംതിട്ട പൊന്തന്‍പുഴ നിവാസികള്‍ പോരാട്ടം തുടരുകയാണ്

പട്ടയം നല്‍കിയില്ലെങ്കില്‍ ലോകസഭാതെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ അധികൃതര്‍ ഉണര്‍ന്നു. സമരത്തിന്റെ 300-ാം ദിവസമായിരുന്ന 2019 മാര്‍ച്ച് 7നാണ് റാന്നിയില്‍ പ്രകടനം നടത്തി സമരസമിതി ഈ പ്രഖ്യാപനം നടത്തിയത്. ഉടനടി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുകയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍വാക്കുപാലിക്കാത്തതിനാല്‍ സമരം തുടരുകയാണ്.

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച പട്ടയമേളയിലേക്ക് ശ്രദ്ധേയമായ ഒരു മാര്‍ച്ച് നടന്നു. തങ്ങള്‍ക്ക് പട്ടയം നല്‍കാതെ പട്ടയമേള സംഘടിപ്പിച്ചത് പ്രഹസനമാണെന്ന് ആരോപിച്ച് പൊന്തന്‍പുഴ സമര സമിതി പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. പട്ടയമേള വേദിയ്ക്ക് സമീപം മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരിക്കുകയായിരുന്നു. ആത്മഹത്യാഭീഷണിയും മുഴക്കി. കേന്ദ്ര വനമന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരിച്ചത്.
പത്തനംതിട്ട പൊന്തന്‍പുഴ- വലിയകാവ് വനം നിക്ഷിപ്ത വനം ആക്കു ന്നതിനുള്ള നിയമ നിര്‍മാണം നടത്തുക, വന അതിര്‍ത്തിയിലെ പരമ്പരാഗത കൈവശക്കാര്‍ക്ക് നിരുപാധികം പട്ടയം നല്‍കുക, പൊന്തന്‍പുഴ വനം സംര ക്ഷിക്കുന്നതിന് അടിയന്തര നിയമ നിര്‍മാണം നടത്തുക, വന പരിസരത്തു വസിക്കുന്ന 01/01/1977 നു മുന്‍പ് ഉള്ള കൈവശക്കാര്‍ക്ക് നിരുപാധിക പട്ടയം നല്‍കുക, പൊന്തന്‍പുഴ വിഷയം സമഗ്രമായി പഠിക്കുന്നതിന് നിയമസഭാ കമ്മറ്റിയെ നിയോഗിക്കുക, കാട്ടുകള്ളന്മാര്‍ക്ക് കൂട്ട് നിന്ന മുഴുവന്‍ ഉദ്യോഗ സ്ഥര്‍ക്ക് എതിരെയും അന്വേഷണം നടത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് പൊന്തന്‍പുഴ വലിയകാവ് വനം സംരക്ഷണ സമരസമിതി ഏറെകാലമായി സമരം നടത്തുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ഏഴായിരം ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഇവിടം കോടതി ഉത്തരവിലൂടെ 283 സ്വകാര്യ വ്യക്തികളുടെ കൈവശമാകുകയായിരുന്നു. എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോവിലകത്തിന്റെ ഭരണമേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു പൊന്തന്‍പുഴ വനവും സമീപപ്രദേശങ്ങളും. കൊല്ലവര്‍ഷം 948-ല്‍ തങ്ങള്‍ക്ക് ചെമ്പുപട്ടയമായി ലഭിച്ച ഭൂമിയാണിതെന്നും അതിനാല്‍ പൊന്തന്‍പുഴ സംരക്ഷിത വനമേഖല അല്ലെന്നുമുള്ള വാദവുമായി ചില കുടുംബങ്ങള്‍ രംഗത്തെത്തിയതോടെയാണു വിവാദം കോടതി കയറിയത്. ആദ്യം കോട്ടയം ജില്ലാ കോടതിയിലായിരുന്ന കേസ് ഒടുവില്‍ ഹൈക്കോടതിയിലെത്തി. ഇത് സംബന്ധിച്ച് നടന്ന അന്തിമവാദത്തില്‍ പൊന്തന്‍പുഴ സംരക്ഷിത വനഭൂമിയാണെന്നുള്ള സര്‍ക്കാര്‍ വാദം തള്ളുകയായിരുന്നു. കോടതി ഉത്തരവിലൂടെ ഒന്നര നൂറ്റാണ്ടായി വനാതിര്‍ത്തിയില്‍ താമസിക്കുന്ന കൈവ ശാവകാശ രേഖയുള്ളവര്‍ക്ക് പട്ടയം കിട്ടാനുള്ള സാധ്യതയും അതോടെ ഇല്ലാതായി. ഇതോടെയാണ് നാട്ടുകാര്‍ സമരരംഗത്തിറങ്ങിയത്. പൊന്തന്‍ പുഴ വനത്തിന് ചുറ്റും താമസിക്കുന്ന പട്ടയം ലഭിക്കാത്ത 1200 കുടുംബങ്ങളാണ് സമരം നടത്തുന്നത്. നാല് തലമുറയായി ഇവിടെ താമസിച്ചു വരുന്നവരാണിവര്‍. കേസില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതി യില്‍ റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ഹാജരായ അഭിഭാ ഷകന്‍ എം.പി പ്രകാശിനെ തന്നെയാണ് വീണ്ടും കേസ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അതംഗീകരിക്കാനാവില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.
രണ്ട് നൂറ്റാണ്ടായി ഇവിടെ കൃഷി ചെയ്ത് ജീവിക്കുന്നവരാണിവര്‍. പൊന്തന്‍പുഴയെ വനഭൂമിയായി നിലനിര്‍ത്തണമെന്നും കൈവശക്കാര്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി വേണമെന്നുമാണ് സമരസമിതി ആവശ്യപ്പെടുന്നത്. നേരത്തെ പട്ടയം അനുവദിച്ചാല്‍ ഹൈക്കോടതിയില്‍ തിരിച്ചടി യുണ്ടാകുമെന്ന് പറഞ്ഞായിരുന്നു സര്‍ക്കാര്‍ പ്രദേശവാസികള്‍ക്ക് പട്ടയം നിഷേധിച്ചത്. എന്നാല്‍ വിധി വന്ന സാഹചര്യത്തില്‍ പട്ടയം നല്കണമെ ന്നാണ് ഇവര്‍ പറയുന്നത്. 1200 കുടുംബങ്ങളും ഒപ്പിട്ട് ഒരപേക്ഷ തഹിസില്‍ ദാര്‍ക്ക് നല്‍കിയിട്ടുണ്ട്.
1971 ലെ സ്വകാര്യവനം പിടിച്ചെടുക്കുന്നത് സംബന്ധിച്ച നിയമവും, 2003ലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്ന നിയമവുമുള്‍പ്പെടെ നിരവധി നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിക്കാത്തതിനാലാണ് 283 സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായ വിധിയുണ്ടായതെന്നാണ് സമരസമിതിയുടെ വാദം. ഹൈക്കോടതിയില്‍ നല്‍കിയ പുനഃ പരിശോധനാ ഹര്‍ജി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്നും സമര സമിതി പറയുന്നു. വൈവിധ്യമാര്‍ന്ന സമരമുറകളാണ് നാട്ടുകാര്‍ നടത്തികൊണ്ടിരിക്കുന്നത്. പനയ്ക്കംപതാലില്‍ നിന്ന് പെരുമ്പെട്ടി വില്ലേജോഫീസിന് മുന്നില്‍ തുറന്ന സമരപ്പന്തലിലേക്ക് നടത്തിയ വനം മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആയിരുന്നു. സമരം 50 ദിവസം പിന്നിട്ടപ്പോള്‍ ചുവപ്പ് നാട സമരം സംഘടിപ്പിച്ചു. കൂടാതെ പെരുമ്പട്ടി വില്ലേജ് ഓഫീസില്‍ കറി വേപ്പില തൈനട്ടു. ഉപതെരഞ്ഞെടുപ്പു വേളയില്‍ ചെങ്ങന്നൂരില്‍ കണ്ണു തുറപ്പിക്കല്‍ സമരം സംഘടിപ്പിച്ചു. വളകോടി ചതുപ്പിലെ ജനം ഒന്നടങ്കം പിന്നോട്ട് നടന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. മണിമല വില്ലേജോഫീസ്, പെരുമ്പെട്ടി വില്ലേ ജാഫീസ് എന്നിവിടങ്ങളില്‍ കഞ്ഞി വെപ്പു സമരം നടത്തി. 150 ദിവസത്തിലധികം സമരം നടത്തിയിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാത്ത സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിലേക്ക് മിനി സിവില്‍ സ്റ്റേഷനി ലേക്ക് മാര്‍ച്ച് നടത്തി. പെരുമ്പെട്ടി വില്ലേജിലെ പട്ടയം ലഭിച്ചിട്ടില്ലാത്ത കൈവശകര്‍ഷകരുടെ ഭൂമിയും വലിയ കാവ് വനവും സംയുക്ത സര്‍വേ നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കതില്‍ പ്രതിഷേധിച്ച് റാന്നി ഡിവിഷണല്‍ ഫോറസ്‌റ് ഓഫീസ് വളഞ്ഞ് രാപ്പകല്‍ സമരവും നടത്തി.
കാലങ്ങളായി ഇവിടെ ജീവിക്കുന്നവര്‍ക്ക് പട്ടയം എന്നതുമാത്രമല്ല, വനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കുക എന്ന ആവശ്യത്തിലും തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായി സമരസമിതി പറയുന്നു. ഈ വനഭൂമി കൈയേറാന്‍ വര്‍ഷങ്ങളായി മാഫിയസംഘങ്ങള്‍ ഗൂഢശ്രമങ്ങള്‍ നടത്തിവരുകയാണെന്നും അവര്‍ പറയുന്നു. ഇത് റിസര്‍വ് വനമാണെന്ന് 100 വര്‍ഷം മുന്‍പ് വനംവകുപ്പ് ഇറക്കിയ വിജ്ഞാപനമാണ് കോടതി വിധിയിലൂടെ റദ്ദായത്. പരാതിക്കാരുടെ രേഖകളുടെ ആധികാരികത ചോദ്യം ചെയ്യാനോ, ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാനോ വനംവകുപ്പിന് കഴിഞ്ഞില്ല. ഈ അനാസ്ഥ ക്വാറി മാഫിയയെ സഹായിക്കാന്‍ കൂടിയാണെന്നും സമിതി ആരോപിക്കുന്നു. അതിനിടെ ടൂറിസം പദ്ധതിയുടെ മറവില്‍ 2004 ല്‍ വനത്തിലൂടെ റോഡ് നിര്‍മ്മിക്കാനും ശ്രമം നടന്നിരുന്നു. വി എസ് ഇടപെട്ടാണ് അത് തടഞ്ഞത്. കൂടാതെ സ്വകാര്യ വ്യക്തികള്‍ പലപ്പോഴും റോഡ് നിര്‍മ്മിക്കാനും മരം വെട്ടാനും വ്യാജകരം രസീത് നിര്‍മ്മിച്ച് ഭൂമി തട്ടാനും ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. എരുമേലിയില്‍ വിമാനത്താവളം പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കം രൂക്ഷമായത്. ‘വനഭൂമിയില്‍ നിന്ന് മരുഭൂമിയിലേക്ക് ഒരു മഴുവിന്റെ ദൂരം മാത്രം’ എന്നാണ് സമരസമിതി ചൂണ്ടികാട്ടുന്നത്. അതനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് സമരം തുടരുന്നത്.
അതിനിടെ പട്ടയം നല്‍കിയില്ലെങ്കില്‍ ലോകസഭാതെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചതോടെ അധികൃതര്‍ ഉണര്‍ന്നു. സമരത്തിന്റെ 300-ാം ദിവസമായിരുന്ന 2019 മാര്‍ച്ച് 7നാണ് റാന്നിയില്‍ പ്രകടനം നടത്തി സമരസമിതി ഈ പ്രഖ്യാപനം നടത്തിയത്. ഉടനടി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുകയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍വാക്കുപാലിക്കാത്തതിനാല്‍ സമരം തുടരുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply