പഠിപ്പിക്കണം പോലീസിനെ മനുഷ്യാവകാശങ്ങള്‍

ഈ പ്രസിദ്ധീകരണത്തില്‍ ഏറ്റവുമധികം തവണ എഴുതിയ വിഷയം പോലീസ് അതിക്രമങ്ങളുടേതായിരിക്കും. എന്നാല്‍ അതുതന്നെ നിരന്തരമായി ആവര്‍ത്തിക്കുകയാണ്. മിക്കവാറും സമയങ്ങളില്‍ ദൃക്‌സാക്ഷികളാരെങ്കിലും മൊബൈലില്‍ എടുക്കുന്ന ദൃശ്യങ്ങള്‍ മൂലമാണ് ഇത്തരം സംഭവങ്ങള്‍ പുറം ലോകമറിയുന്നത്. അപ്പോഴുണ്ടാകുന്ന കോലാഹലങ്ങളുടെ വെളിച്ചത്തില്‍ പേരിനെന്തിലും നടപടി സ്വീകരിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരുമറിയാതെ ആ നടപടി റദ്ദാക്കും. ഇതാണ് നിരന്തരമായി ആവര്‍ക്കുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടി പുറത്തു കൊണ്ടുവന്നതും ആ ദൃശ്യം കണ്ട് സഹിക്കാതെ മറ്റൊരു യാത്രക്കാരനെടുത്ത വീഡിയോയാണ്. ദീര്‍ഘനേരം നീണ്ട പോലീസ് അതിക്രമത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണത്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിക്കറ്റില്ലാത്ത യാത്രക്കാര്‍ക്കുള്ള ശിക്ഷയെന്തെന്ന് സാമാന്യബോധമുള്ള ആര്‍ക്കുമറിയാവുന്ന കാര്യമാണ്. എന്നിട്ടാണ് നിയമപാലകരായ പോലീസ് ഏറ്റവും വലിയ നിയമലംഘനം നടത്തിയത്. എന്നിട്ടും പതിവുന്യായീകരണമാണ് പോലീസിന് പറയാനുള്ളത്. തങ്ങള്‍ ഒന്നും ചെയ്തില്ലത്രെ. യാത്രക്കാരന്‍ മദ്യപിച്ചിരുന്നെന്നും ട്രെയിനില്‍ പ്രശ്നങ്ങളുണ്ടാക്കിയെന്നും. അങ്ങനെയുണ്ടായാലും ബൂട്‌സിട്ടു ചവിട്ടാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയിട്ടുള്ളത്?

കഴിഞ്ഞ ദിവസം മദ്യത്തോടൊപ്പം ബീവറേജില്‍ നി്ന്ന് ബില്‍ വാങ്ങാത്ത കുറ്റത്തിന് ഒരു വിദേശിയോട് നമ്മുടെ പോലീസ് പെരുമാറിയതെങ്ങിനെ എന്നു നാം കണ്ടു. അതിനും കുറച്ചുദിവസം മുമ്പാണ് ഒരു പെണ്‍കുട്ടിയേയും കുടുംബത്തേയും പരസ്യമായി പിങ്ക്‌പോലീസ് അപമാനിച്ചത്. വിട്ടുവീഴ്ചയില്ലാതെ അവര്‍ നടത്തിയ നിയമയുദ്ധമാണ് ചെറിയൊരു നീതിയെങ്കിലും അവര്‍ക്ക് നേടിക്കൊടുത്തത്. ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാവിഷയത്തില്‍ സമരം ചെയ്തമുസ്ലിംനാമധാരികളായ യൂത്ത് കോണ്‍ഗ്രസ്സുകാരെ ഭീകരസംഘടനകളുമായി ബന്ധമുള്ളവരെന്നു ചിത്രീകരിക്കാന്‍ പോലും നമ്മുടെ പോലീസിന് ധൈര്യം ലഭിച്ചു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സമീപകാല സംഭവം. വാളയാറിലും മറ്റും കുറ്റവാളികളെ രക്ഷിക്കാന്‍ പോലീസ് ചെയ്തതെന്താണെന്നും കേരളം കണ്ടു. മറുവശത്ത് ഗാര്‍ഹികപീഡനത്തിനെതിരെ കേസെടുക്കാതെ പല പെണ്‍കുട്ടികളേയും മരണത്തിലേക്ക് നയിച്ചതും ഇതേ പോലീസ് തന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ നിരന്തരമായി ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പോലീസിനു കവചമൊരുക്കുന്നത്. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രിയുമായി എല്ലാ അതിക്രമങ്ങള്‍ക്കും കവചമൊരുക്കുന്നത്. ലോക്ക്പ്പ് കൊലകളും വ്യാജഏറ്റുമുട്ടല്‍ കൊലകളുമടക്കം ആത്മവീര്യത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു. പിങ്ക് പോലീസ് അധിക്ഷേപിച്ച കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധിപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാനാവുക ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം പോലീസ് അതിക്രമങ്ങള്‍ ഏറെ വര്‍ദ്ധിച്ചു എന്നുതന്നെയാണ്. അരനൂറ്റാണ്ടിനുശേഷം പത്തോളം വ്യാജഏറ്റുമുട്ടല്‍ കൊലകളും നടന്നു. ആഭ്യന്തരത്തിന് പ്രത്യേകമന്ത്രിവേണമെന്ന ആവശ്യത്തെ തള്ളി മുഖ്യമന്ത്രിതന്നെയാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറ്റവും പ്രധാനം.

മനുഷ്യന്‍ സ്വന്തമായി ചിന്തിക്കാന്‍ കഴിയുന്ന ജീവിയാണെന്നതുപോലും വിസ്മരിച്ച്, സര്‍ക്കാരിന്റെ ഏതുനടപടിയേയും ന്യായീകരിക്കുന്ന അടിമമനസ്സുകളാണ് വാസ്തവത്തില്‍ ഏറ്റവും അപകടകരം. പോലീസ് അതിക്രമത്തെ കുറിച്ച് പാര്‍്ട്ടി സംസ്ഥാന സെക്രട്ടറിയുടെ തന്നെ ന്യായീകരണം ഇങ്ങനെയാണ്. സിപിഎം അനുഭാവികളായ പോലീസുകാര്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും മറ്റും കയറിക്കൂടാന്‍ ശ്രമിക്കുമ്പോള്‍ ബിജെപിക്കാരും കോണ്‍ഗ്രസ്സുകാരുമായ പോലീസുകാര്‍ സ്‌റ്റേഷനുകള്‍ ഭരിക്കുന്നുവത്രെ. എങ്കില്‍ ഏറ്റവും ചുരുങ്ങിയ ഭാഷയില്‍ രാജിവെക്കാനല്ലേ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി തയ്യാറാകേണ്ടത്? ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവിയാണ് എപ്പോഴും കേള്‍ക്കുന്നത്. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് പോലീസ് തന്നെ നിഷേധിക്കുന്നത് എന്നതാണ് പ്രശ്‌നം. സദാചാരപോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാര പോലീസാകുന്ന സംഭവങ്ങളും അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയതാല്‍പ്പര്യത്തോടെ അത് പ്രയോഗിക്കുന്നു. മഹാമാരിയുടെ പേരിലായിട്ടുപോലും സാമൂഹ്യജീവിതത്തിനു കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പോലീസ് ജനങ്ങളോട് ചെയ്തതെല്ലാം നാം കണ്ടതാണ്. പലപ്പോഴും ഈ അതിക്രമങ്ങളെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ മാത്രമല്ല, പോലീസ് സംഘടനകളും രംഗത്തുവരുന്നു.

ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു പല ഉദ്യേഗസ്ഥരും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. പോലീസില്‍ ആര്‍ എസ് എസിന്റെ നുഴഞ്ഞു കയറ്റമെന്ന ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ തന്നെ ഉന്നയിച്ചിരുന്നു. പിണറായിയുടെ കാലത്താകട്ടെ സിപിഐ ദേശീയനേതാവ് ആനിരാജയും അതു പറയുന്നു. പോലീസിന്റെ പല നടപടികളും മാത്രമല്ല, വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സംഘപരിവാറിലേക്ക് കുടിയേറുന്നതും ഈ ആരോപണത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യത്തിലും ഇപ്പോള്‍ മുഖ്യമന്ത്രി മൗനമാണ്. മതസ്പര്‍ദ്ധ വളര്‍ത്താനായി മാത്രം പ്രസ്താവനയിറക്കിയ പാലാ ബിഷപ്പിനെതിരെ ഒരു കേസുമെടുക്കാതിരുന്നതും നാം കണ്ടതാണല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. അതാണല്ലോ വാഹനപരിശോധന നടത്തുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും മിക്കപ്പോഴും പാലിക്കപ്പെടാറില്ല. അതെകുറിച്ചു ചോദിച്ചാല്‍ ലഭിക്കുക എന്തായാരിക്കും എന്നു വിശദീകരിക്കേണ്ടതില്ലല്ലോ. മമ്മുട്ടിയും സുരേഷ്‌ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. ആക്ഷന്‍ ഹീറോ ബിജുമാര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. കാക്കിവസ്ത്രമണിഞ്ഞാല്‍ എന്തും ചെയ്യാമെന്നാണ് പല പോലീസുകാരും ധരിച്ചുവെച്ചിരിക്കുന്നത്. അവരുടെ ഏറ്റവും വലിയ ശത്രുക്കള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നത് സ്വാഭാവികം മാത്രം. മറുവശത്ത് ശക്തമാകുന്ന ഗുണ്ടാരാജിനെതിരെ ചെറുവിരലനക്കാന്‍ പോലും ഈ ആക്ഷന്‍ ഹീറോകള്‍ക്കാവുന്നില്ല.

ജനാധിപത്യ സംവിധാനത്തിനനുസൃതമായി പോലീസിനെ മാറ്റിയെടുക്കാനുള്ള നടപടികളാണ് അടിയന്തിരമായി സ്വീകരിക്കേണ്ടത്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ ഭരണകൂടം ആഗ്രഹിക്കുന്നത് പോലീസിനെ ജനാധിപത്യവല്‍ക്കരിക്കല്ല, ആത്മവീര്യം വര്‍ദ്ധിപ്പിക്കലായതിനാല്‍ അവരുടെ ഭാഗത്തുനിന്നും അത്തരമൊരു നീക്കം പ്രതീക്ഷിക്കവയ്യ. സമരത്തിനുപകരം സേവനത്തിലേക്കും പൊതിച്ചോറിലേക്കും മാറിയ സംഘടനകളും അങ്ങനെതന്നെ. മാറിമാറി അധികാരത്തില്‍ വരുന്നതിനാല്‍ പ്രതിപക്ഷവും പോലീസിനെ മനുഷ്യരാക്കാന്‍ ശ്രമിക്കുമെന്നു കരുതാനാകില്ല. പതിവുപ്രസ്താവനകളില്‍ ഒതുങ്ങുന്നു അവരുടെ പ്രതിഷേധം. അവിടെയാണ് ജനാധിപത്യവിശ്വാസികളുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തം കൂടുന്നത്. പോലീസിനെ ഭരണഘടനയും മനുഷ്യാവകാശങ്ങളും ജനാധിപത്യബോധവും പഠിപ്പിക്കുന്ന ഒരു ജനകീയമുന്നേറ്റമാണ് ഇപ്പോള്‍ കേരളം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കേരളം നീങ്ങുന്നത് പോലീസ് രാജിലേക്കും ഗുണ്ടാരാജിലേക്കുമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply