പോലീസ് ആക്ട് ജനാധിപത്യപരമാക്കണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

നിരന്തരമായി ലോക്കപ്പ് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രദേശമാണ് കേരളം. അടിയന്തരാവസ്ഥയില്‍ രാജനടക്കമുള്ളവരുടെ കൊലപാതകത്തോടെയായിരുന്നു ഈ വിഷയത്തില്‍ സമൂഹം സജീവമായി ഇടപെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോഴും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഗോപി, ഉദയകുമാര്‍, രാജേന്ദ്രന്‍, സമ്പത്ത, ശ്രീജിവ് എന്നിങ്ങന പട്ടിക നീളുന്നു. അബ്ദുള്‍ ലത്തീഫ്, കാളിമുത്തു, രാജു, ശ്രീജിത്ത്, നവാസ്, രാജ്കുമാര്‍ തുടങ്ങി പലരും ഈ ഭരണകാലത്തു കൊല്ലപ്പെട്ടു. ലോക്കപ്പില്‍ നിന്നിറങ്ങിയശേഷം കൊല്ലപ്പെട്ട വിനായകനേയും പോലീസ് നടുറോഡിലിട്ട് തല്ലികൊന്ന സനല്‍കുമാറിനെയും പോലുള്ളവര്‍ വേറെ. പോലീസുമായി ബന്ധപ്പെട്ട കേസുകളില്‍ തെളിവുകള്‍ എളുപ്പമല്ലാത്തതിനാലാണ് മിക്കവാറും എല്ലാം തള്ളിപോകുന്നത്.

ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരു പറഞ്ഞാണ് സര്‍ക്കാര്‍ എപ്പോഴും പോലീസിനു കവചമൊരുക്കുന്നത്. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേള്‍ക്കാം. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നതല്ല പ്രസക്തം. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ പോലീസ് തന്നെ പലപ്പോഴും നിഷേധിക്കുന്നു, അതിനു തടയിടാന്‍ സര്‍ക്കാരിനാവുന്നില്ല എന്നതാണ് പ്രശ്‌നം. ഒരാളെ അറസ്റ്റ് ചെയ്യുകയോ, തടങ്കലിലാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോള്‍ പോലീസ് അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങള്‍ സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റ് നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ പേരും പദവിയും കൃത്യമായും, വ്യക്തമായും കാണിക്കത്തക്ക ബാഡ്ജ് ധരിച്ചിരിക്കണം, ചോദ്യം ചെയ്യുന്ന പോലീസുകാരുടെ വിവരങ്ങള്‍ ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം, ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു മെമ്മോ തയ്യാറാക്കണം. അതില്‍ അറസ്റ്റ് ചെയ്യുന്ന തിയ്യതിയും സമയവും വേണം, ഒരു സാക്ഷിയെങ്കിലും ഒപ്പിട്ടിരിക്കണം, അറസ്റ്റ് ചെയ്ത ആളുടെ കുടുംബത്തില്‍പ്പെട്ട ഒരാളോ സ്ഥലത്തെ ഒരു മാന്യനായ പൗരനോ ആയിരിക്കണം സാക്ഷി, അറസ്റ്റ് ചെയ്യപ്പെടുന്ന ആളുടെ മേലൊപ്പ് അതില്‍ ഉണ്ടായിരിക്കണം, അറസ്റ്റിന്റെ വിവരം ബന്ധുക്കളെ കഴിയും വേഗം അറിയിക്കണം, അതെല്ലാം ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കണം എന്നിങ്ങനെ ഈ പട്ടിക നീളുന്നു. കൂടാതെ തന്നെ എന്ത് കുറ്റത്തിനാണ് അറസ്റ്റ് നടത്തുന്നതെന്ന് അറിയാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കണം, മര്‍ദ്ദിക്കരുത്, 18 വയസ്സിന് താഴെയുള്ള ബാലന്മാരേയോ സ്ത്രീകളേയോ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി വിളിക്കാന്‍ പാടില്ല എന്നിങ്ങനെ വേറേയും എത്രയോ നിബന്ധനകള്‍. എന്നാല്‍ ഇവയില്‍ പലതും നടക്കാറില്ല എന്നതിന് അന്‍സാരിയുടെ മരണം തന്നെ തെളിവ്.

ഇവിടെ നിലനില്‍ക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തു തയാണ് പോലീസിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്റ്റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോലീസുകാര്‍ക്ക് ഒട്ടും താല്‍പ്പര്യമില്ല. കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. അതാണല്ലോ വാഹനപരിശോധന നടത്തുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നത്. മമ്മുട്ടിയും സുരേഷ്‌ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. എന്നാല്‍ പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഉന്നത ഉദ്യോഗസ്ഥയും പറഞ്ഞു. ദളിതരും ആദിവാസികളും ട്രാന്‍സ്‌ജെന്ററുകളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബ്ബല വിഭാഗങ്ങളും തന്നെയാണ് പോലീസ് അതിക്രമങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്നത്. മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചുനോക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം.

വാല്‍ക്കഷ്ണം

മുന്‍മുഖ്യമന്ത്രി സി അച്യുതമേനോന്റെ ചരമദിനം പോയവാരത്തിലായിരുന്നല്ലോ. അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്ന നിരവധി ആരാധകരെ സാമൂഹ്യമാധ്യമങ്ങളില്‍ കണ്ടു. ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട രാജന്റെ പിതാവിനോട് തന്റെ മകനെ തേടി ഞാന്‍ കേരളത്തിലെ സ്‌റ്റേഷനുകളില്‍ കയറിയിറങ്ങണോ എന്നായിരുന്നു ഇദ്ദേഹം ചോദിച്ചതെന്ന് ഈച്ചരവാര്യര്‍ തന്നെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈച്ചരവാര്യരുടെ വസതിയില്‍ പലപ്പോഴും ഒളിവില്‍ കഴിഞ്ഞിട്ടുള്ളയാണ് അച്യുതമേനോന്‍. ആഭ്യന്തരമന്ത്രിയായിരുന്ന കരണാകരിന്‍ മാത്രം കുറ്റം ചാര്‍ത്തി മുഖ്യമന്ത്രിയെ രക്ഷിക്കാനാവുമോ? എങ്കിലിദ്ദേഹം റബ്ബര്‍ സ്റ്റാബായിരുന്നു എന്നു പറയേണ്ടി വരില്ല? എന്നിട്ടും കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയായി അദ്ദേഹം വാഴ്ത്തപ്പെടുന്നു. അപ്പോള്‍ ലോക്കപ്പ് കൊലകള്‍ ഉണ്ടായില്ലെങ്കിലല്ലേ അല്‍ഭുതപ്പെടേണ്ടൂ…


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply