പേര്‍ഷ്യന്‍ ഗള്‍ഫ് സംഘര്‍ഷം : അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ച

ഇറാനെ ഒറ്റപ്പെടുത്താനും ഭീകരരാജ്യമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന അമേരിക്കന്‍ തന്ത്രങ്ങള്‍ക്കെതിരെയാണ് ലോകരാജ്യങ്ങള്‍ പ്രതികരിക്കേണ്ടത്. അത്തരമൊരു പിന്തുണ ഇറാന്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ഏകധ്രുവ ശാക്തികാവസ്ഥയില്‍ എത്ര രാജ്യങ്ങള്‍ ആ നിര്‍ണ്ണായകമായ തീരുമാനത്തിന് തയ്യാറാവും എന്ന് പറയാന്‍ കഴിയില്ല. സോവിയറ്റ് യൂണിയനും ചൈനയും ഇന്ത്യയുമൊക്കെ അത്തരം ഒരു നിലപാട് എടുക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രങ്ങളാണ്. എന്നാല്‍ ഇന്നത്തെ മാറിയ ആഗോളക്രമത്തില്‍ പൊതുവില്‍ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ എടുക്കാതെ മാറിനില്ക്കുകയാണ് ഈ രാജ്യങ്ങള്‍ ചെയ്തുപോരുന്നത്.

യുദ്ധം എന്നത് മാനവീകതക്ക് എതിരാണ് എന്നതിനപ്പുറം സാമൂഹികതയെ നിര്‍വചിച്ചുപോന്ന ഒരു പ്രാക്തന ചോദനയാണ് എന്നു നമുക്കറിയാം. അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ പലപ്പോഴും വലിയ ജനതതികളുടെ നിസ്സഹായമായ പലായനങ്ങളിലും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന യാതനാപൂര്‍ണ്ണമായ അന്യവല്‍ക്കരണത്തിലും പാര്‍ശ്വവല്‍ക്കരണത്തിലും പൌരത്വനിഷേധത്തിലും ചെന്നെത്താറുണ്ടെന്നും ചരിത്രത്തില്‍ ഉടനീളമുള്ള നിരവധി ഉദാഹരണങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. 1984-ല്‍ ഉത്തരാധുനികതയുടെ സമഗ്രമായ ഒരു വിമര്‍ശനാത്മക വിശകലനം മുന്നോട്ടു വെച്ചുകൊണ്ട് ഫ്രെഡെറിക് ജെയിംസണ്‍ എഴുതിയ ലേഖനത്തില്‍ (Pots Modernism, or The Cultural Logic of Late Capitalism) അമേരിക്കന്‍ മിലിട്ടറി സംവിധാനത്തിന്റെ ആഗോളവ്യാപ്തിയും അതിന്റെ ഉപരിഘടനകളുടെ സവിശേഷതകളും വിശദീകരിച്ചുകൊണ്ട് പറഞ്ഞത്, ”വര്‍ഗ്ഗചരിത്രത്തില്‍ ഉടനീളം സംസ്‌കാരത്തിന്റെ മറുവശത്ത് എപ്പോഴും കാണുവാന്‍ കഴിയുന്നത് ചോരയും പീഡനവും മരണവും ഭീകരതയുമാണ്” (throughout class history, the underside of culture is blood, torture, death and horror) എന്നായിരുന്നു. കൊളോണിയല്‍ കാലത്താണ് ഈ അവസ്ഥ കൂടുതല്‍ കൂടുതല്‍ ഒരു ആഗോള യാഥാര്‍ത്ഥ്യമായി മാറിയത് എന്ന് ജെയിംസന്‍ പറയുന്നില്ലെങ്കിലും മൂന്നാംലോക രാജ്യങ്ങളുടെ ചരിത്രാനുഭം അതായിരുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല. യൂറോപ്യന്‍ അധിനിവേശകാലത്തെ രാഷ്ട്രീയ-സാമ്പത്തികയുക്തികളുടെ തുടര്‍ച്ച രണ്ടാം ലോകയുദ്ധത്തിനു ശേഷം നാം കാണുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആഗോള ഇടപെടലുകളിലാണ് എന്നതും ചരിത്ര വിദ്യാര്‍ഥികള്‍ക്ക് അന്യമായ വസ്തുതയല്ല.

 

 

 

 

 

ശീതയുദ്ധം എന്നത് തീര്‍ച്ചയായും അമേരിക്കയും സോവിയറ്റ് യൂണിയനും പങ്കുള്ള ഒരു ആഗോള വ്യവസ്ഥയായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇരു രാജ്യങ്ങളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ചെറിയ രാജ്യങ്ങളെ കരുവാക്കി നടത്തിയിട്ടുള്ള ഉപജാപങ്ങള്‍ പലതലങ്ങളില്‍ ലോകസമാധനത്തിനും സുരക്ഷിതത്വത്തിനും ഭീഷണികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ സാമ്രാജ്യത്വ ഇടപെടലുകളുടെ ചരിത്രത്തില്‍ പ്രശ്‌നരഹിതമായി ചേര്‍ത്തുവക്കാവുന്നതോ അതിനോട് അക്ഷരംപ്രതി തുലനം ചെയ്യാവുന്നതോ അല്ല ദേശീയ വിമോചന പ്രസ്ഥാനങ്ങളെ പിന്തുണക്കുക കൂടി ചെയ്തിട്ടുള്ള സോവിയറ്റ് ഇടപെടലുകള്‍. പക്ഷെ അതും പലപ്പോഴും ചൂഷണാധിഷ്ഠിതമായിരുന്നു എന്നതു കാണാതെ പോകുന്നതിലും കാര്യമില്ല. 1950 മുതല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ നിലനിന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘര്‍ഷാത്മക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന പദമാണ് ശീതയുദ്ധം. അതായത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ നേര്‍ക്കു നേര്‍ ഒരു യുദ്ധം നടന്നിട്ടില്ല. ഈ ശീതയുദ്ധകാലത്താണ് അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ ഇടപെടലും ചിലി, പനാമ, മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ അമേരിക്കന്‍ ഇടപെടലും ഉണ്ടായത്. രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായി ലോകത്തെ ചെറുരാഷ്ട്രങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകളെയും പ്രശ്‌നങ്ങളെയുമാണ് ശീതയുദ്ധം എന്ന് വിളിച്ച് നിസ്സാരവത്കരിക്കുന്നത്. ശീതയുദ്ധത്തില്‍ അമേരിക്കക്കും സോവിയറ്റ് യൂണിയനും ഒന്നും സംഭവിച്ചില്ല, മറിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും മധ്യേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും സാമാന്യജനങ്ങളാണ് അതിന്റെ എല്ലാവിധ ദുരിതങ്ങളും അനുഭവിച്ചത്. ആ ഹിംസാത്മക കാലത്തെയാണ് ശീതയുദ്ധം എന്ന് വിളിക്കുന്നത്.

എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്‍ ഒരു ലോകശക്തി അല്ലാതാവുകയും ആ വ്യവസ്ഥ തന്നെ തകരുകയും ചെയ്തതോടെ അമേരിക്കന്‍ സാമ്രാജ്യത്വം വര്‍ദ്ധിതവീര്യത്തോടെ ലോകമെങ്ങും തങ്ങളുടെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ തുടങ്ങി. പക്ഷേ കമ്യൂണിസ്റ്റ് ചേരി തകര്‍ന്നതോടുകൂടി അമേരിക്കക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ശത്രുവില്ലാത്ത അവസ്ഥ സംജാതമായി. അധിനിവേശം നടത്താനും ആയുധകച്ചവടം വ്യാപിപ്പിക്കാനും തങ്ങളുടെ ഹിംസകളെ ന്യായീകരിക്കാനും എല്ലാകാലത്തും അവര്‍ക്ക് ഒരു പ്രഖ്യാപിതശത്രു അനിവാര്യമായിരുന്നു. ‘ശത്രു നിര്‍മ്മിതി’ എന്നു പറയുന്നത് ‘അപര നിര്‍മ്മിതി’യുടെ മറ്റൊരു ഉയര്‍ന്ന തലമാണ്. അത്തരമൊരു മുന്‍കാല ശത്രുവിന്റെ അഭാവം സൃഷ്ടിച്ച ശൂന്യതയെ മറികടക്കാന്‍ അമേരിക്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പദപ്രയോഗങ്ങളാണ് ഇസ്ലാമിക ഭീകരത, മുസ്ലിം ഭീകരവാദം തുടങ്ങിയവ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശാക്തികയുക്തിക്ക് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കല്‍ അനിവാര്യവുമായിരുന്നു.

 

 

 

 

 

 

 

 

പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു അത്രയും നാള്‍ ഉണ്ടായിരുന്നത്. അതായത് സോവിയറ്റു യൂണിയന്‍ പ്രതിനിധീകരിച്ചിരുന്ന കമ്യൂണിസത്തെ ശത്രുപക്ഷത്തു നിര്‍ത്തിയാണ് തങ്ങളുടെ അധിനിവേശങ്ങള്ക്ക് അമേരിക്ക ന്യായീകരണം ചമച്ചിരുന്നത്. കമ്യൂണിസം തകര്‍ന്നതോടുകൂടി ആ ന്യായീകരണത്തിനു പ്രസക്തിയില്ലാതായി. തുടര്‍ന്നാ ണ് ഇനി സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് നടക്കുക എന്ന സിദ്ധാന്തം ലോകത്ത് അവതരിപ്പിക്കപ്പെടുന്നത്. സാമുവല്‍ പി. ഹണ്ടിങ്ടണിന്റെ ‘ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന കൃതി പ്രസ്തുത സിദ്ധാന്തത്തിനു പുസ്തകരൂപം നല്കി. ‘ക്ലാഷി’ല്ലാതെ, സാമ്രാജ്യത്വത്തിനു കാശുണ്ടാക്കാനാകില്ലെന്നതാണു യാഥാര്‍ഥ്യം. ഹിംസയാണു സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സ്വഭാവം. സംസ്‌കാരങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വവും സമന്വയങ്ങളുമാണ് സാധ്യമാകേണ്ടത്. ഭരണകൂടങ്ങള്‍ തമ്മിലാണ് ചരിത്രത്തില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുള്ളത്. സംസ്‌കാരങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണു നടന്നിട്ടുള്ളത്. ഇസ്ലാമിക സംസ്‌കാരമാണ് അമേരിക്കക്ക് ഏറ്റവും വലിയ വെല്ലുവിളിയാവാന്‍ പോകുന്നതെന്ന് ഹണ്ടിങ്ടണ്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെ ശൂന്യതയില്‍ നിന്ന് ഇസ്ലാമിക തീവ്രവാദമെന്ന ശത്രു സൃഷ്ടിക്കപ്പെടുന്നു. അതിനുമുമ്പ് എവിടെയെങ്കിലും ആ വാക്കു കേട്ടിട്ടുണ്ടോ? ഈ പശ്ചാത്തലത്തിലാണ് ഭീകരവാദം എന്ന പദവുമായി ഇസ്ലാമിനെ ചേര്‍ത്തുപറയുന്നതിനു പിന്നിലെ അമേരിക്കന്‍ അധിനിവേശ തന്ത്രത്തെയും പ്രചാരവേലകളെയും മനസ്സിലാക്കേണ്ടത്. ഇങ്ങനെയാണ് ഇസ്ലാമിന് ഭീകരവാദവുമായി അതുവരെയില്ലാത്ത ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നത്. ഇറാനെയും ഇറാഖിനേയുമൊക്കെ ഉന്നംവച്ചുള്ള ഉപജാപത്തിന്റെ അടിസ്ഥാനം തന്നെയായിരുന്നു ഈ സൈദ്ധാന്തിക ന്യായങ്ങള്‍.

ഇറാഖിനുശേഷം അമേരിക്ക ഇപ്പോള്‍ ഇറാനെതിരെ തിരിഞ്ഞിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ മറ്റൊരു യുദ്ധത്തിന്റെ നിഴല്‍ പരന്നിരിക്കുകയാണ്. തല്ക്കാലം അമേരിക്ക പിന്മാറുന്നു എന്നൊരു ധാരണ പൊതുവില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട് എങ്കിലും കഴിഞ്ഞ നാല്‍പ്പതു വര്‍ഷ ങ്ങളായി അമേരിക്ക ഇറാന് എതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിട്ടുള്ള ഉപജാപങ്ങളുടെയും ഗൂഢാലോചനകളുടെയും പരിണിതഫലം കൂടിയാണ് ഇപ്പോള്‍ സംജാതമായുള്ള സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷം. ഗള്‍ഫ് മേഖലയിലെ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രകോപനങ്ങള്‍ എന്നത് നാം വിസ്മരിക്കേണ്ടതില്ല. സമീപകാല സാമ്രാജ്യത്വ ജിയോ-പൊളിറ്റിക്കല്‍ ചരിത്രത്തില്‍്‌നിന്ന് അടര്‍ത്തിമാറ്റി ഈ പ്രശ്‌നത്തെ കാണുവാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇതാവട്ടെ കേവലമായ രാഷ്ട്രീയ തല്പ്പര്യങ്ങള്‍്ക്കുപരി മുതലാളിത്ത വിപണി സാദ്ധ്യതകളിലും വിഭവചൂഷണത്തിന്റെ കുത്തകയിലും ഊന്നിയുള്ളതും, ദ്വിമുഖമായ ഒരു അധിനിവേശ നിലപാടില്‍ നിന്നുകൊണ്ടുള്ള സൈനിക പരീക്ഷണങ്ങളും നയതന്ത്രബാഹ്യമായ ഇടപെടലുകളും ചേര്‍ന്നതുമായ ഒരു സാമ്പത്തിക ആക്രമണം കൂടിയാണ്. ഇറാന് എതിരെയുള്ള അമേരിക്കന്‍ കരുനീക്കങ്ങള്‍ ഇതിനുമുമ്പ് ആ പ്രദേശത്ത് പരീക്ഷിച്ചിട്ടുള്ള ഇത്തരം നിരവധി സാമ്രാജ്യത്വ കുതന്ത്രങ്ങളുടെ ഭാഗമായിത്തന്നെ മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിപ്പോള്‍ അമേരിക്ക അയയുന്നു എന്നോ മുറുകുന്നു എന്നോ ഉള്ള തല്‍്‌സമയചിന്തകള്‍ക്ക് ഉപരിയായ അന്വേഷണം ആവശ്യമായ ഒരു ജിയോ-പൊളിറ്റിക്കല്‍ ചോദ്യം കൂടിയാണ്. ഇതിന്റെ പരിസമാപ്തി തങ്ങള്‍ക്ക് അനുകൂലമാക്കുക എന്നത് സാമ്രാജ്യത്വത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു കാര്യമാണ്. ഇറാന്‍ ശക്തമായിത്തന്നെ ചെറുത്തുനില്ക്കു ന്നു എന്നതാവട്ടെ പഴയ ഇറാഖ് – അമേരിക്കന്‍ ശത്രുതകളുടെ സാഹചര്യത്തില്‍ ഉണ്ടായ വലിയ ദുരന്തത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ അങ്ങേയറ്റം പ്രസക്തമാവുകയും ചെയ്യുന്നുണ്ട്.

 

 

 

 

 

 

 

 

ഇറാനോടുള്ള അമേരിക്കന്‍ ശത്രുത ആരംഭിക്കുന്നത് 1979-ലെ ഇറാനിയന്‍ വിപ്ലവം അമേരിക്കയുടെ കണ്ണിലുണ്ണി ആയിരുന്ന മുഹമ്മദ് റേസ ഷായുടെ (മുഹമ്മദ് റേസ പലാവി) ഭരണം അവസാനിപ്പിച്ചുകൊണ്ട് രാജഭരണത്തിന് അവസാനം കുറിച്ചപ്പോള്‍ മുതലാണ്. ഷാ എക്കാലത്തും അമേരിക്കക്ക് പ്രിയപ്പെട്ട ഭരണാധികാരി ആയിരുന്നു. എഴുപതുകള്‍ ആയപ്പോഴേക്കു ഷായുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതില്‍ പാശ്ചാത്യലോകം പൊതുവേയും അമേരിക്കന്‍ നേതൃത്വം വിശേഷിച്ചും അമിതമായ താല്‍പ്പര്യംതന്നെ കാണിക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.
ഗള്‍ഫ്‌ മേഖലയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുടെ ഒരു ഏജന്റിനെയാണ് ഷാ പുറത്താക്കപ്പെട്ടതോടെ അമേരിക്കക്ക് നഷ്ടപ്പെട്ടത്. ഷായുടെ ഭരണമാവട്ടെ ഇറാനെ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍ കുറെ മുന്നോട്ടു കൊണ്ടുപോയിരുന്നു എന്നത് ശരിയാണെങ്കിലും അവസാനകാലമായപ്പോഴേക്ക് സൈക്കൊഫേന്‍സിയും സ്വേച്ഛാധിപത്യ പ്രവണതകളും അവയുടെ പാരമ്യത്തില്‍ എത്തിയിരുന്നു. ഇറാന്‍- അമേരിക്കന്‍ ബന്ധം ഷായുടെ നിഷ്‌കാസനത്തിനു ശേഷം ഒരു കാലത്തും പഴയനിലയില്‍ ആയിരുന്നിട്ടില്ല എന്ന വസ്തുത ഈ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

 

 

 

 

 

 

 

 

തങ്ങളുടെ വിശ്വസ്ഥനെ പുറത്താക്കിയ പൌരോഹിത്യ ഭരണത്തോട് പൊറുക്കാന്‍ ഈ നാല്‍പ്പതുവര്‍ഷവും അമേരിക്ക ഒരിക്കലും തയ്യാറായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യതാല്പ്പര്യങ്ങളുടെ നിരന്തരമായ വിമര്‍ശനത്തിലൂടെ പ്രത്യയശാസ്ത്രപരമായി തന്നെ തങ്ങളുടെ ശത്രുവായി അമേരിക്കയെ കാണുന്ന പ്രവണത ഇറാനിയന്‍ മതഭരണകൂടവും ആവര്‍ത്തിച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ ഇക്കാര്യത്തില്‍ ഇറാന്‍ പിടിവാശി കാണിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്റെ പതനത്തോടെ അവസാനിച്ച ശീതയുദ്ധത്തിന്റെ സാഹചര്യത്തില്‍ നയതന്ത്രപരമായി സങ്കീര്‍ണ്ണമായ ഒരു നിലപാടിലേക്ക് ഇറാന്‍ മാറുകയുണ്ടായി. ഒന്നമാതായി ഇറാഖ് കുവൈറ്റില്‍ നടത്തിയ അധിനിവേശത്തോട് യോജിപ്പുണ്ടായിരുന്നില്ലെങ്കിലും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ കടന്നുകയറ്റം അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. അതേസമയം, എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിനുശേഷവും ഇറാഖുമായി സമാധാനബന്ധം സ്ഥാപിക്കാന്‍ ഇറാന്‍ മുന്‍കൈ എടുക്കുന്നുണ്ട്. എങ്കിലും അമേരിക്കയുടെ പ്രത്യയശാസ്ത്ര ആയുധമായി മാറിയ സാമുവല്‍ ഹണ്ടിഗ്ടന്റെ. ”സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധം” (clash of civilizations) എന്ന സിദ്ധാന്തത്തോട് പ്രതികരിച്ചുകൊണ്ട് തൊണ്ണൂറുകളില്‍ ഇറാനിയന്‍ പ്രസിഡന്റ്‌ന മുഹമ്മദ് ഖത്താമിയാണ് സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഭാഷണം (dialogue among civilizations) എന്ന മറുസിദ്ധാന്തം മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ 2001 സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വര്‍ഷമായി ( Year of Dialogue Among Civilizations) തിരഞ്ഞെടുത്തത്. എന്നാല്‍ അമേരിക്ക ഇത്തരം വിനിമയത്തിന്റെയും പാരസ്പര്യത്തിന്റെയും ഭാഷ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. വിശേഷിച്ചും സെപ്തംബര്‍ 11 ആക്രമണത്തിനുശേഷം വളരെ പെട്ടെന്ന് ഇറാനെ ”തിന്മയുടെ അച്ചുതണ്ട്” (axis of evil) എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശത്രുരാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

ഇറാഖും ഉത്തര കൊറിയയും ആയിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തിന്മയുടെ അച്ചുതണ്ടായി പ്രഖ്യാപിച്ച മറ്റു രണ്ടു രാജ്യങ്ങള്‍. അതില്‍ ഇറാഖിനെ പൂര്‍ണമായും കീഴ്‌പ്പെടുത്തി അമേരിക്കയുടെ സാമന്തരാജ്യമാക്കി മാറ്റുകയുണ്ടായി. ഉത്തരകൊറിയക്കെതിരെയുള്ള കടുത്ത നീക്കങ്ങള്‍ ഈ അടുത്തകാലത്ത് ഉപേക്ഷിക്കുന്നുണ്ടെങ്കിലും ചൈനയുടെ ചൊല്‍പ്പടിക്കു നില്ക്കുന്ന രാജ്യം എന്ന നിലയില്‍ അവിടെ ഇടപെടുന്നതിനു അമേരിക്കക്ക് പരിമിതികള്‍ ഉണ്ട്. എന്നാല്‍ ഇറാന്റെ കാര്യത്തില്‍ അങ്ങനെയല്ല. ചൈനയുടെ സഹായം ഇറാന് ലഭിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. 1997-ല്‍ തന്നെ അമേരിക്ക ചൈനയുമായി ഒരു കരാറില്‍ ഏര്‍പ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ചൈനയെക്കൊണ്ട് ഇറാനുമായി നിലവിലുള്ള കരാറുകള്‍ അവസാനിപ്പിക്കാനും പുതിയ സാമ്പത്തികബന്ധങ്ങള്‍ ഉണ്ടാക്കാതിരിക്കാനും സമ്മതിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര കൊറിയക്ക് കിട്ടുന്ന ചൈനീസ് സംരക്ഷണം ഇറാന് ഉണ്ടാവില്ല എന്ന് അമേരിക്ക അങ്ങനെ ഉറപ്പുവരുത്തുന്നുണ്ട്.

 

 

 

 

 

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഈ സംഘര്‍ഷം എന്തിന്റെ തുടര്‍ച്ചയാണ്? ഇറാനില്‍ ഷാ ഭരണം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ അമേരിക്കന്‍ അധിനിവേശ-സാമ്പത്തിക താല്പ്പര്യങ്ങള്‍ക്കും ആ മേഖലയില്‍ ഉണ്ടായ ക്ഷീണത്തില്‍നിന്ന് കരകയറാന്‍ ആവിഷ്‌കരിച്ചതും ആ മേഖലയെ ആകെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തുന്നതുമായ ഒരു സൈനിക നയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷം. ഇറാന്റെ അണുവായുധ പരീക്ഷണങ്ങള്‍ എന്ന് പറയുന്നത് ഇറാഖിനെ ആക്രമിക്കാന്‍ ഉപയോഗിച്ച സര്‍വ്വനാശത്തിന്റെ ആയുധങ്ങള്‍ (weapons of mass destruction) എന്ന പഴയ നുണയുടെ തുടര്‍ച്ചയാണ്. ഇറാന്‍ പാലസ്തീനു നല്കുന്ന പിന്തുണയും തീര്‍ച്ചയായും അമേരിക്കയേയും ഇസ്രായേലിനെയും ചൊടിപ്പിക്കുന്ന കാര്യമാണ്. കൂടാതെ ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇറാഖിനെയും ഇറാനെയും ലക്ഷ്യംവച്ചുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് നീക്കങ്ങള്‍ 1980-കള്‍ മുതല്‍ ആരംഭിച്ച ഇറാന്‍ വിരുദ്ധ നീക്കങ്ങളുടെകൂടി പശ്ചാത്തലത്തില്‍ തന്നെ മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്.

അതുകൊണ്ടാണ് 2005 ആയപ്പോഴേക്കു അമേരിക്കക്ക് എതിരായ നിലപാടുകള്‍ ഇറാന് ആവര്‍ത്തിക്കേണ്ടിവന്നത്. പേര്‍ഷ്യന്‍ ഗള്‍്ഫ് മേഖലയില്‍ സമാധാനം നിലനില്ക്കുന്നത് തങ്ങളുടെ താല്പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് എന്നാണ് അവിടെ നിരന്തരം നടത്തുന്ന സൈനികനീക്കങ്ങളിലൂടെ അമേരിക്ക വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്. അതിനോട് പ്രതികരിക്കാതെയിരിക്കാന്‍ ഇറാന് കഴിയുമായിരുന്നില്ല. അങ്ങനെയാണു ഒരുവശത്ത് മറ്റു ലോകരാജ്യങ്ങളുമായി സ്വാഭാവികമായ നയതന്ത്രബന്ധങ്ങള്‍ തുടരുമ്പോള്‍ പോലും അമേരിക്കയുമായി ഇറാനു അത്തരമൊരു സാധ്യത ഉണ്ടാവാതെ പോയത്. ആഫ്രിക്കയിലേയും എഷ്യയിലേയും എന്തിനു ലാറ്റിന്‍ അമേരിക്കയിലെപ്പോലും നിരവധി രാജ്യങ്ങളുമായി അങ്ങേയറ്റത്തെ സൗഹാര്‍ദ്ദബന്ധമാണ് ഇറാനുള്ളത് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല. അഹമ്മെദി നെജാദ് ഇറാനില്‍ അധികാരത്തില്‍ വന്നതുകൊണ്ടല്ല, മറിച്ചു 2005 മുതല്‍ അമേരിക്ക ഇറാനെതിരെയുള്ള ഉപരോധവും നയതന്ത്ര ആക്രമണങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തിയതിനാലാണ് ഇറാന് തങ്ങളുടെ നയവും കടുപ്പിക്കേണ്ടി വന്നത്. ഇറന്റെ ഭാഗത്തുനിന്നു അക്കാലത്തുണ്ടായ കടുത്ത ഇസ്രായെല്‍ – അമേരിക്കാ വിരുദ്ധ പ്രഖ്യാപനങ്ങള്‍ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. അമേരിക്കയെ ‘ചെകുത്താന്‍’ എന്നു വിളിക്കുന്നത് ‘തിന്മയുടെ അച്ചുതണ്ട്’ എന്ന പ്രകോപനത്തോടുള്ള പ്രതികരണം കൂടിയായിരുന്നു എന്നത് കുത്തക മാധ്യമങ്ങള്‍ക്കോ സാമ്രാജ്യത്വ പക്ഷത്തിനോ സൌകര്യപൂര്‍വ്വം വിസ്മരിക്കാം, പക്ഷെ ചരിത്രത്തില്‍ അത് മായാതെ കിടക്കുന്നുണ്ട്. ആഗോള എണ്ണക്കമ്പനികളുടെയും അമേരിക്കന്‍ ആയുധ ഫാക്ടറികളുടെയും സാമ്പത്തിക താല്പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു പ്രാദേശിക വിഭവങ്ങള്‍ക്ക് മേലുള്ള നിയന്ത്രണവും ആയുധ വില്പ്പനയുടെ ആഗോളകുത്തകകളുടെ വിപണിമോഹങ്ങളും തൃപ്തിപ്പെടുത്തേണ്ട ബാധ്യതയാണ് പേര്‍ഷ്യന്‍ ഗള്‍്ഫില്‍ എക്കാലവും സ്വന്തം അധിനിവേശയുക്തിയില്‍ അമേരിക്കയെ തളച്ചുനിര്‍ത്തുന്നത്. നൂറ്റാണ്ടുകളായി ആഗോള മുതലാളിത്തം ആ മേഖലയെ സ്വന്തം സാമ്പത്തിക താല്‍പ്പര്യങ്ങള്‍്ക്കായി അരക്ഷിതമാക്കി നിര്‍ത്തുന്നത് നാം ചരിത്രത്തില്‍ കാണുന്നുണ്ട്. ഇറാനുമായി സംഘര്‍ഷം ഉണ്ടായപ്പോള്‍ അമേരിക്ക ഈ കമ്പനികളെ ഉപയോഗിച്ച് തങ്ങള്‍ക്ക്് ഇടപെടാന്‍ കഴിയുന്ന അയല്‍രാജ്യങ്ങളിലെ വിഭവചൂഷണം കൃത്രിമമായി വര്‍ദ്ധിപ്പിച്ചു ഇറാന് അവകാശപ്പെട്ട ഇന്ധനം ലഭിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചച്ചതായി പാരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇറാന് എതിരേയുള്ള അമേരിക്കന്‍ യുദ്ധസന്നാഹം ഇപ്പോള്‍ നേരിട്ടുള്ള ഒരു സംഘട്ടനത്തിലേക്ക് നയിച്ചില്ലെങ്കില്‍പോലും അമേരിക്ക അതെല്ലാം പൂര്‍ണ്ണമായും അവസാനിപ്പിക്കും എന്നു കരുതാന്‍ ന്യായമില്ല. കാരണം ഈ ഇറാന്‍ വിരുദ്ധത അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വേണ്ടിയുള്ള സാമ്രാജ്യത്വ നീക്കങ്ങളുടെ ദശകങ്ങളായുള്ള ചരിത്രത്തിന്റെ ഭാഗമാണ്. ഒന്നുകില്‍ ഇറാന്‍ പഴയ ഷാ ഭരണകാലത്തെപ്പോലെ അമേരിക്കയുടെ സാമന്തരാജ്യമായി മാറുക അല്ലെങ്കില്‍ ഇറാനെ തകര്‍്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കരുക്കള്‍ നീക്കുന്നത് എന്ന് കഴിഞ്ഞ നാല്‍്പ്പതുവര്‍ഷത്തെ ആ മേഖലയുടെ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കാരണം ഒബാമ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്ന ഇറാന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിക്കൊണ്ടാണ് ഒബാമ തന്നെ ഇസ്രായേല്‍ അമേരിക്കയുടെ ഒരു ‘സുപ്രധാന മിത്ര’മാണ് (a key alley) എന്ന് പ്രഖ്യാപിച്ചതും ഇറാനോടുള്ള മൃദുസ്വരം കേവലം വാചാടോപം മാത്രമാണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയതും.

 

 

 

 

 

 

 

 

ആശയപരമായി ആഗോള ഷിയാചിന്തയുടെ കേന്ദ്രമാണ് ഇറാന്‍. ലോകത്ത് ഇന്ന് നിലനില്ക്കുന്ന ഏറ്റവും ശക്തമായ ഒരേ ഒരു മുസ്ലീം ഷിയാ ഭരണകൂടവും ഇറാനിലെ ഭരണകൂടമാണ്. ഇറാനിയന്‍ ഇസ്ലാമിക ചിന്തകള്‍ ആ അര്‍ത്ഥത്തില്‍ ലോകത്തിലെ വലിയൊരു വിഭാഗം ഇസ്ലാം മതവിശ്വാസികള്‍ ഉറ്റുനോക്കുന്ന മതപരിപ്രേക്ഷ്യമാണ്. അമേരിക്കക്ക് എതിരെ ആശയപരമായി ഇറാന്‍ എടുത്തിട്ടുള്ള നിലപാടുകളില്‍നിന്ന് പ്രചോദനം കൊള്ളുന്ന ഇസ്ലാമികസമൂഹങ്ങള്‍ ലോകത്ത് പലയിടങ്ങളിലുമുണ്ട് എന്നതും വസ്തുതയാണ്. ആ അര്‍ത്ഥത്തില്‍ സാമ്രാജ്യത്വ വിരുദ്ധമായ നിലപാടുകളുള്ള മുസ്ലീം സ്വത്വരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ഭവനം കൂടിയാണ് ഇറാന്‍ എന്നത് പ്രധാനപ്പെട്ട ഒരു ചരിത്ര-വര്‍ത്തമാന വസ്തുതയാണ്. ലോകത്ത് നിലനിന്നിരുന്ന വലിയൊരു മനുഷ്യസംസ്‌കാരത്തിന്റെ ദേശീയ പാരമ്പര്യം ഒരു വശത്തും കൊളോണിയല്‍ അധിനിവേശ ശക്തികളുടെ സാമ്പത്തിക ചൂഷണത്തിന്റെയും കൊളോണിയല്‍ യുദ്ധങ്ങളുടെയും ഇര എന്ന നിലയിലുള്ള പില്‍്ക്കാല തകര്‍ച്ചകളോടുള്ള പ്രതിരോധചരിത്രം മറുവശത്തും ഇറാന്‍ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇവയുടെ ചരിത്ര പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യവാഞ്ച പരകോടിയില്‍ നില്ക്കുന്ന രാജ്യമാണ് ഇറാന്‍. അമേരിക്കന്‍ ഉപജാപങ്ങള്‍ക്ക് മുന്നില്‍, ആക്രമണങ്ങള്‍്ക്ക്് മുന്നില്‍ ഭയന്ന് കീഴടങ്ങുന്ന ഒരു ഒരു ജനതയല്ല ഇറാനിലുള്ളത്. അമേരിക്കയുടെ വലിയ സൈനിക-ആയുധ ശേഷി അവര്‍ക്ക് ഈ സംഘര്‍ഷത്തില്‍ മേല്‍ക്കൈ നല്കുന്നുണ്ട് എങ്കിലും സ്വന്തം ദേശീയ-മത ബോധങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്കെതിരെ ഇറാന്‍ ശക്തമായി തിരിച്ചടിക്കും എന്നത് ഉറപ്പുള്ള കാര്യമാണ്. ഒരു പക്ഷെ താല്ക്കാലികമായി മാത്രമെങ്കിലും ഒരു നേര്‍ക്കുനേര്‍ യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതും ഇറാന്‍ ജനതയുടെ ആത്യന്തികമായ പ്രതിരോധശേഷി കേവലം ആയുധങ്ങളിളല്ല, അവരുടെ സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളിലാണ് എന്ന തിരിച്ചറിവായിരിക്കണം.

ഇറാനെ ഒറ്റപ്പെടുത്താനും ഭീകരരാജ്യമായി ചിത്രീകരിക്കാനും ശ്രമിക്കുന്ന അമേരിക്കന്‍ തന്ത്രങ്ങള്‍ക്കെതിരെയാണ് ലോകരാജ്യങ്ങള്‍ പ്രതികരിക്കേണ്ടത്. അത്തരമൊരു പിന്തുണ ഇറാന്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ഏകധ്രുവ ശാക്തികാവസ്ഥയില്‍ എത്ര രാജ്യങ്ങള്‍ ആ നിര്‍്ണ്ണായകമായ തീരുമാനത്തിന് തയ്യാറാവും എന്ന് പറയാന്‍ കഴിയില്ല. സോവിയറ്റ് യൂണിയനും ചൈനയും ഇന്ത്യയുമൊക്കെ അത്തരം ഒരു നിലപാട് എടുക്കാന്‍ ബാധ്യതപ്പെട്ട രാഷ്ട്രങ്ങളാണ്. എന്നാല്‍ ഇന്നത്തെ മാറിയ ആഗോളക്രമത്തില്‍ പൊതുവില്‍ കടുത്ത അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ എടുക്കാതെ മാറിനില്ക്കുകയാണ് ഈ രാജ്യങ്ങള്‍ ചെയ്തുപോരുന്നത്. ഇതൊരു പക്ഷെ അമേരിക്കയെ കൂടുതല്‍ ലോകമര്യാദകള്‍ ഉപേക്ഷിക്കാനും ഇറാന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ആക്രമണങ്ങള്‍ അഴിച്ചുവിടാനും അവസരം നല്കുകയാണ് ചെയ്യുക. ഇതാവട്ടെ ലോകസമാധാനത്തിനും മറ്റു രാജ്യങ്ങളുടെ സുരക്ഷക്കും തന്നെ ആത്യന്തികമായി ഭീഷണിയാകും എന്നതും കാണാതിരുന്നുകൂടാ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply