കേരളത്തിന്റെ സൈന്യത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോ?

മണ്ണും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന അവര്‍ക്ക് നമ്മള്‍ വാഗ്ദാനം ചെയ്യുന്നത് ഒരു കുടുംബത്തിനു പത്തുലക്ഷം രൂപ. ഒരു ബസ്സ്‌റ്റോപ്പിനുപോലും ്അതിനേക്കാള്‍ ചിലവു വരുന്ന നാട്ടിലാണ് സ്ഥലം വാങ്ങി വീടുവെക്കാനായി 10 ലക്ഷം നല്‍കുന്നത് എന്നോര്‍ക്കണം.

രൂക്ഷമായ മഴയും അതിന്റെ തുടര്‍ച്ചയായ ശക്തമായ കടലാക്രമണവും മൂലം കേരളത്തിലെ കടലോര ജനതയുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. 2018ലെ പ്രളയശേഷം കേരളത്തിന്റെ സൈന്യമെന്ന ഓമനപേരിട്ടായിരിക്കാം നമ്മളവരെ വിളിക്കുന്നത്. മഹാപ്രളയത്തെ പ്രമേയമാക്കി പുറത്തുവന്ന 2018 എന്ന സിനിമയിലാകട്ടെ മോഡലിംഗ് എന്ന ആധുനിക കാല തൊഴിലിനേക്കാള്‍ എത്രയോ മഹത്തരമാണ് കടലില്‍ പോയി മീന്‍ പിടിക്കുന്നത് എന്നു സമര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ പച്ചയായ യാഥാര്‍ത്ഥ്യമെന്താണ്? അതു മറ്റൊന്നുമല്ല, അക്ഷരാര്‍ത്ഥത്തില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു സംസ്ഥാനത്തെ മഹാഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളായ തീരദേശജനത എന്നതാണത്. അതിന്റെ പ്രകടമായ തെളിവാണ് കഴിഞ്ഞ രണ്ടുദിവസങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

ഓരോ നിമിഷവും പിറന്ന മണ്ണും കുടിലും തൊഴിലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ തീരദേശജനത. അതിനുള്ള കാരണങ്ങള്‍ പലതാണ്. അവയില്‍ കേരളീയര്‍ തന്നെ ഉത്തരവാദികളായ മനുഷ്യനിര്‍മ്മിത കാരണങ്ങളുണ്ട്. നമുക്ക് നേരിട്ടു ഉത്തരവാദിത്തമില്ലാത്ത, ആഗോളതലത്തിലുള്ള കാരണങ്ങളുണ്ട്. പ്രകൃതിതന്നെ ഉത്തരവാദിയായ കാരണങ്ങളുണ്ട്. അവയെന്തായാലും അതിന്റെയെല്ലാം ദുരന്തങ്ങള്‍ പേറുന്നത് കേരളത്തിന്റെ സൈന്യമാണെന്നു മാത്രം. മണ്ണും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന അവര്‍ക്ക് നമ്മള്‍ വാഗ്ദാനം ചെയ്യുന്നതാകട്ടെ ഒരു കുടുംബത്തിനു പത്തുലക്ഷം രൂപ. ഒരു ബസ്സ്‌റ്റോപ്പിനുപോലും ്അതിനേക്കാള്‍ ചിലവു വരുന്ന നാട്ടിലാണ് സ്ഥലം വാങ്ങി വീടുവെക്കാനായി 10 ലക്ഷം നല്‍കുന്നത് എന്നോര്‍ക്കണം. മറുവശത്ത് നാലുവര്‍ഷത്തില്‍പരമായി ഗോഡൗണുകളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും കേരളത്തിലുണ്ടെന്ന് മറക്കരുത്.

സംസ്ഥാനത്തെ 222 തീരദേശ മത്സ്യബന്ധനഗ്രാമങ്ങളിലും, 113 ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലുമായി ഏകദേശം 10.50 ലക്ഷം മത്സ്യത്തൊഴിലാളികള്‍ വസിക്കുന്നുണ്ട്. തങ്ങളുടെ ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുള്ള 2,40,211 സജീവ മത്സ്യത്തൊഴിലാളികളും 84,531 അനുബന്ധ മത്സ്യതൊഴിലാളികളുമുണ്ട്. തീരദേശത്ത് തിങ്ങിപ്പാര്‍ക്കുന്ന ഇക്കൂട്ടര്‍ രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നവരും , പൊതുസമൂഹത്തിന് ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണം തീരേ കുറഞ്ഞ ചെലവില്‍ പ്രദാനം ചെയ്യുന്നവരുമാണ്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ എപ്പോഴും ജോലിചെയ്യുന്ന ഇവര്‍ രാജ്യസുരക്ഷയ്ക്കും വലിയ സംഭാവന ചെയ്യുന്നവരാണ്. ഇങ്ങനെ കേരളീയജീവിതത്തിന്റെ സാമ്പത്തിക -ആരോഗ്യ രംഗങ്ങളില്‍ വലിയ സംഭാവന നല്‍കുന്ന ഒരു ജനവിഭാഗമാണ് ഇന്നു ഈ അവസ്ഥയില്‍ എത്തിയിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ആദിവാസികളെപോലെതന്നെ തദ്ദേശീയ ജനതയായി തിരിച്ചറിയപ്പെടേണ്ടവരാണ് മത്സ്യത്തൊഴിലാലികള്‍. കാടിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആദിവാസികളാണെന്നു പറയുന്നപോലെ തന്നെയാണ് കടലിന്റെ യഥാര്‍ത്ഥ അവകാശികള്‍ മത്സ്യത്തൊഴിലാളികളാണെന്നു പറയുന്നത്. എന്നാല്‍ വിവിധ ആദിവാസി സമുദായങ്ങള്‍ക്ക് വേണ്ടി പല നിയമനിര്‍മാണങ്ങളും നടന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ പരിഗണിക്കപ്പെട്ടില്ല. ആദിവാസികളില്‍ നിന്നു വ്യത്യസ്ഥമായി മത്സ്യത്തൊഴിലാളികളിലൊരു വിഭാഗം മറ്റു മേഖലകളിലേക്കു പോകുന്നതാകാം അതിനു കാരണം. എന്നാല്‍ ഇപ്പോഴും ലക്ഷകണക്കിനുപേരാണ് പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടു ജീവിക്കുന്നത് എന്നതാണ് വസ്തുത. അവരാണ് മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഭക്ഷണം വിളമ്പുന്നത്. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മണത്തെ വെറുക്കുന്നവരാണല്ലോ നമ്മളില്‍ മഹാഭൂരിഭാഗവും. അതിന്റെ തുടര്‍ച്ചയല്ലാതെ മറ്റെന്താണ് ഇവരോടുള്ള അവഗണന? In fact, fish workers should be recognized as indigenous peoples just like tribals. It is said that fishermen are the true heirs of the sea just as the tribals are the true heirs of the forest.

കേരളത്തിന്റെ തീരദേശത്തെ കടലെടുക്കാന്‍ തുടങ്ങി കാലമേറെയായി. സമീപകാലത്ത് അത് രൂക്ഷമായെന്നുമാത്രം. ഈ തലമുറയിലെതന്നെ എത്രയോ പേരുടെ കുടിലുകള്‍ നിന്നിരുന്ന സ്ഥലം ഇപ്പോള്‍ കടലിലാണ്. നമ്മുടെ ബീച്ചുകളെല്ലാം എത്രയോ ശോഷിച്ചു കഴിഞ്ഞു. പ്രകടമായ ഉദാഹരണങ്ങള്‍ നിരവധിയാണ്. വിഴിഞ്ഞവും ശംഖുമുഖവും പുതുവൈപ്പിനും ചെല്ലാനവും ആലപ്പാടും പൊന്നാനിയും മാത്രമല്ല, ഏറെക്കുറെ കേരളം മുഴുവന്‍ അതാണവസ്ഥ. തീര്‍ച്ചയായും ലോകം മുഴുവന്‍ നേരിടുന്ന ആഗോളതാപനം ഇതിനൊരു കാരണം തന്നെ. അതിനുള്ള പരിഹാരം മലയാളിക്ക് ഒറ്റക്കുണ്ടാക്കാന്‍ കഴിയുകയുമില്ല. ആ വിഷയം ലോകം ഇന്നു ചര്‍ച്ച ചെയ്യുകയാണ്. പരിഹാരമാര്‍ഗ്ഗങ്ങള്‍ തിരയുകയാണ്. അതു വിജയിക്കുമെന്ന് ആശിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.

അതേസമയം കേരളം നേരിടുന്ന തീരശോഷണത്ത്ിനുള്ള കാരണം ആഗോളതാപനം മാത്രമാണെന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. കേരളത്തിന്റെ തീരപ്രദേശം സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുന്നു എന്ന് അടുത്തിടെ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. കേള്‍ക്കുമ്പോള്‍ വളരെ ശരിയെന്നു തോന്നുമ്പോഴും ആ വാചകത്തില്‍ വലിയൊരു തെറ്റുണ്ട്. തീരപ്രദേശം സുരക്ഷിതമല്ലാതാക്കി തീര്‍ത്തിരിക്കുന്നു എന്നാണ് പറയേണ്ടത്. കാലങ്ങളായി നമ്മള്‍ തുടരുന്ന തെറ്റായ വികസനനയങ്ങള്‍ മൂലം തീരദേശത്തിന് അതിന്റെ സ്വാഭാവികമായ പ്രതിരോധശേഷി നഷ്ടപ്പെട്ടതും പ്രധാന കാരണമാണ്.. തീരദേശത്തുടനീളം നടക്കുന്ന നിര്‍മ്മാണ പ്രവൃത്തികളാണ് അതിനുള്ള പ്രധാന കാരണം. നേരത്തെ സൂചിപ്പിച്ച പ്രദേശങ്ങളെല്ലാം എടുത്തു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ആ പ്രദേശങ്ങളുടെയെല്ലാം സമീപത്ത് ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാണാം.

ശംഖുമുഖവും കോവളവുമെല്ലാമടക്കം തിരുവനന്തപുരം ജില്ലയിലെ തീരശോഷണം സമീപകാലത്ത് രൂക്ഷമാകാനുള്ള ഒരു പ്രധാന കാരണം വിഴിഞ്ഞം തുറമുഖനിര്‍മ്മാണമാണെന്ന് നിരവധി വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടല്ലോ. തീര്‍ച്ചയായും അല്ല എന്നു വാദിക്കുന്നവരുമുണ്ടെന്നത് സ്വാഭാവികം. വന്‍തോതില്‍ നടക്കുന്ന കരിമണല്‍ ഖനനമല്ലാതെ ആലപ്പാട്ടേയും ആറാട്ടുപുഴയിലേയും മറ്റും ഞെട്ടിപ്പി്ക്കുന്ന തീരശോഷണത്തിനു കാരണം. കൊച്ചി തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏറെകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണത്തിനു കാരണം. പുതുവൈപ്പിനിലത് ഗ്യാസ് പ്ലാന്റുമായി ബന്ധപ്പെടാടണ്. ടൂറിസവികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ തീരദേശത്തിലുടനീളം നടക്കുന്നതും കാണാതിരുന്നു കൂട. ഇതെല്ലാം കൂടിയാണ് കരയെ കടലെടുക്കുന്ന പ്രതിഭാസത്തെ രൂക്ഷമായിരിക്കുന്നത്. അതിന്റെ ഇരളാകട്ടെ മത്സ്യത്തൊഴിലാളികളാണെന്നുമാത്രം.

തീര്‍ച്ചയായും വികസനം വേണം. ടൂറിസവും തുറമുഖവും മറ്റു പദ്ധതികളും അനിവാര്യം. പക്ഷെ അതിന്റെയെല്ലാം മുന്നോടിയായി ഇരകളുടെ അതിജീവനം ഉറപ്പുവരുത്തണം. അതിനുശേഷം മാത്രമാകണം ഏതൊരു പദ്ധതിയുമായി മുന്നോട്ടുപോകാന്‍. അടുത്തകാലത്ത് അതിനുള്ള ഒരുദാഹരണം നമ്മുടെ മുന്നിലുണ്ടല്ലോ. ദേശീയപാതാവികസനം തന്നെയാണ് ഉദ്ദേശിച്ചത്. ദേശീയപാതാവികസനത്തിനു സ്ഥലമെടു്കകുമ്പോള്‍ ഉടമകള്‍ക്ക് തുച്ഛം പ്രതിഫലം നല്‍കുകയായിരുന്നല്ലോ പതിവ്. അതാകട്ടെ പലപ്പോഴും ഏറ്റെടുത്ത് മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷം. സ്വാഭാവികമായും ദേശീയപാതാവികസത്തിനെതിരെ സംസ്ഥാനത്തുടനീളം ശക്തമായ സമരങ്ങള്‍ നടന്നു. സമരം ചെയ്യുന്നവര്‍ വികസന വിരോധികള്‍ എന്ന് ആക്ഷേപിക്കപ്പെട്ടു. പലയിടത്തും കടുത്ത പോലീസ് നടപടികളുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ എന്താണവസ്ഥ? കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം കേരളത്തിന്റെ സാഹചര്യത്തില്‍ പര്യാപ്തമല്ല എന്ന സത്യം കേരളസര്‍ക്കാര്‍ ്അംഗീകരിക്കുകയും സംസ്ഥാനത്തിന്റെ വിഹിതം കൂടി നല്‍കുകയും ചെയ്തു. അതോടെ സമരങ്ങളംു തീര്‍ന്നു. ഇപ്പോള്‍ തങ്ങളുടെ സ്ഥലം കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നവര്‍ നിരവധിയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതു വികസനപദ്ധതിയിലും ആദ്യമുന്‍ഗണന ഇരകള്‍ക്കായിരിക്കണം. തീര്‍ച്ചയായും തീരദേശത്ത് ഈ വിഷയം ദേശീയപാതാവികസനം പോലെ എളുപ്പമല്ല. ഇവിടെ ജനങ്ങള്‍ക്ക് സ്ഥലം മാത്രമല്ല, തൊഴിലും നഷ്ടപ്പെടുകയാണ്. അവരുടെ, പ്രത്യേകിച്ച് മധ്യവയസ്സും അതിനു മുകളിലുള്ളവരുടേയും ജീവിതം കടലുമായി ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. കടലോരത്തുനിന്ന് വളരെ അകലെ പോകാനവര്‍ക്ക് കഴിയില്ല. കടലോരത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മത്സ്യസമ്പത്തിനേയും ബാധിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചും കടലോരത്തിന്റെ പ്രാഥമിക അവകാശി അവരാണെന്ന് അംഗീകരിച്ചും അവരുടെ അംഗീകാരത്തോടെ വേണം ഏതൊരു പദ്ധതിയും നടപ്പാക്കാന്‍. അതെന്തായാലും 10 ലക്ഷം പദ്ധതികൊണ്ട് സാധ്യമാകില്ല എന്നാണ് സര്‍ക്കാര്‍ അംഗീകരിക്കേണ്ടത്. അംഗീകരിച്ചാല്‍ മാത്രം പോര പുതിയ തീരുമാനങ്ങളെടുത്ത് നടപ്പാക്കുകയും വേണം.

തീരദേശത്തെ കലുഷിതമാക്കാന്‍ സാധ്യതയുള്ള മറ്റൊരു പദ്ധതി കൂടി അണിയറയില്‍ തയ്യാറാകുകയാണ്. തീരദേശ ഹൈവേ തന്നെയാണ് ഉദ്ദേശിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ തകൃതിയായി നിര്‍മ്മാണം നടക്കുന്ന ദേശീയപാത കടന്നു പോകുന്നത് ഏറെക്കുറെ തീരദേശത്തു കൂടിയാണ്. അതിനു പുറമെയാണ് മറ്റൊരു ഹൈവേ വരുന്നത്. തീരദേശത്ത് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ വന്‍തോതില്‍ ആസൂത്രണം ചെയ്യുന്ന ടൂറിസവല്‍്ക്കരണ പദ്ധതികളുടെ ഭാഗമാണ് ഈ ഹൈവേ നിര്‍മ്മാണമെന്നും അതിന്റെ വിശദാംശങ്ങള്‍ മറച്ചുവെക്കുകയാണെന്നും അതു യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടേയും ജീവിതം തകരുമെന്നും അവരുടെ സംഘടനകള്‍ ആശങ്കപ്പെടുന്നതില്‍ കുറ്റപ്പെടുത്താനാവില്ല. ആ ആശങ്കക്ക് അറുതി വരുത്താനും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ഗുരുതരമായ, നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കേണ്ടത്. അല്ലാതെ കേരളത്തിന്റെ സൈന്യമെന്നു വിടവാ പറയുകയല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply