മഹത്തായ മാപ്പിള കലാപത്തെ മലബാര്‍ കലാപമെന്നു വിളിക്കേണ്ടതില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

സന്യാസി കലാപവും ഫക്കീര്‍ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്‌ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്. അവയ്ക്ക് എല്ലാ കലാപങ്ങള്‍ക്കുമെന്നപോലെ പലതരം വ്യതിയാനങ്ങള്‍ വന്നിട്ടുണ്ടാവാം. പക്ഷെ ഉന്നം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയോ കോളനി വാഴ്ച്ചയുടെയോ അന്ത്യം കുറിക്കുക എന്നതായിരുന്നു.

മതപരമായ പ്രേരണയും അഭിമാനബോധവും തീര്‍ച്ചയായും ഈ പോരാട്ടങ്ങളുടെ ആത്മാവായിരുന്നു. അനുഭവിക്കുന്ന ചൂഷണം കോളനിവാഴ്ച്ചയുടെയും ജന്മിത്തത്തിന്റേതും ആകയാല്‍ അവയ്‌ക്കെതിരായ സായുധ മുന്നേറ്റമായി ലഹളകള്‍ മാറി. അതിനിടയില്‍ മതദ്വേഷമോ മതപരിവര്‍ത്തനമോ പ്രകടമായി എന്നുള്ള ആക്ഷേപം കഴമ്പില്ലാത്തതാണെന്നല്ല സ്വാഭാവികവും താരതമ്യേന അപ്രസക്തവും എന്നാണ് കാണേണ്ടത്.

ജനങ്ങള്‍ ആയുധമെടുത്ത് ബ്രിട്ടീഷ് സേനയ്‌ക്കെതിരെ പൊരുതിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്ന് മാപ്പിളലഹളയാണ്. പേരില്‍ മാപ്പിളയെന്നു കാണുന്നതുകൊണ്ട് അത് മതയുദ്ധമായിരുന്നു എന്നു കരുതുന്നവരോട് ഒന്നും പറയാനില്ല. എം പി നാരായണ മേനോനെപ്പോലെ മോഴികുന്നത്തെ പോലെ അസംഖ്യം പടയാളികള്‍ ഈ യുദ്ധത്തിന്റെ ഭാഗമായി. ജന്മിമാരുടെ ഗുണ്ടകളെയും ഒറ്റുകാരെയും നേരിടേണ്ടി വന്നത് അവര്‍ ബ്രിട്ടീഷ് താല്‍പ്പര്യങ്ങളുടെ ഏജന്റുമാരായതുകൊണ്ടാണ്.

മാപ്പിള കലാപത്തെ സന്യാസികലാപം സാന്താള്‍ കലാപം എന്നൊക്കെ പറയുന്നതു പോലെ അഭിമാനപൂര്‍വ്വം അഭിസംബോധന ചെയ്യാന്‍ നമുക്കു കഴിയണം. അതിന് മലബാര്‍ കലാപമെന്ന വേഷമണിയിക്കല്‍ ഇനി ആവശ്യമില്ല. കലാപത്തിനിടയിലെ വഴിപ്പിഴവുകളല്ല കലാപത്തിന്റെ പരമമായ ലക്ഷ്യംതന്നെയാണ് നമ്മെ ആവേശം കൊള്ളിക്കേണ്ടത്. സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്ത വിരുദ്ധവുമായ മലബാറിന്റെ ഉജ്വലമായ സമരത്തിന്റെ ചരിത്ര നാമമാണ് മാപ്പിള കലാപമെന്നത്. അലിമുസലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും സീതി തങ്ങളും മാത്രമല്ല മാപ്പിള മേനോന്‍ എന്നു വിളിക്കപ്പെട്ട നാരായണ മേനോനും 1921ല്‍ ഖിലാഫത്തിന്റെ നേതൃനിരയിലെത്തി..

1830കളില്‍ മാപ്പിള കര്‍ഷകരില്‍ അശാന്തി പുകഞ്ഞു തുടങ്ങിയതാണ്. അതു മതപ്പോരോ വര്‍ഗീയ കലാപമോ ആയിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിലെമ്പാടും ഇത്തരം ലഹളകള്‍ കാണാം. ഭൂപ്രശ്‌നങ്ങളിലായിരുന്നു അവയുടെ വേരുകള്‍. ഒന്നാം ലോക യുദ്ധത്തിനു ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വീറുകൂടി പ്രകടമായ നേരത്ത് കോണ്‍ഗ്രസ് അതിനെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട് ഇണക്കി നിര്‍ത്താന്‍ ശ്രമിച്ചു. അതിനിടയില്‍ ജന്മി നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ക്ക് തെക്കന്‍ മലബാറില്‍ ഹിന്ദുത്വ പ്രതിച്ഛായയുണ്ടാക്കുന്നതിലും അത്തരം വിഭാഗീയ വൈരവാര്‍ത്തകള്‍ കെട്ടഴിച്ചു വിടുന്നതിലും ഹിച്ച്‌കോക്ക് തോമസ് കൂട്ടുകെട്ട് വലിയ അളവില്‍ വിജയം കണ്ടു. ഈ വിജയത്തിന്റെ അവകാശവാദമാണ് ഇന്നത്തെ തീവ്രഹിന്ദുത്വവും ഉന്നയിച്ചു പോരുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ വാരിയം കുന്നന്‍ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ്. വംശീയവും വര്‍ഗീയവുമായ വേര്‍തിരിവുകളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വംശീയമായ ദേശീയവാദത്തിന് മാപ്പിള കലാപത്തെ ഹിന്ദുവിരുദ്ധ സമരമാക്കി ചുരുക്കാന്‍ വലിയ ഉത്സാഹം കാണും. പാര്‍ശ്വതല പ്രശ്‌നങ്ങളെ അവര്‍ മുഖ്യപ്രശ്‌നമായി ഉയര്‍ത്തിപ്പിടിക്കും. സ്വാതന്ത്ര്യ സമരത്തെ നിസ്സാരമാക്കുന്ന ചരിത്ര വ്യാഖ്യാനങ്ങള്‍ക്കു മുതിരും.

അതിനാല്‍ 1921ലെ കലാപത്തിന് നൂറു വയസ്സാകുന്ന നേരത്ത് അത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മഹത്തായ മാപ്പിള കലാപം തന്നെ എന്ന് ഉറച്ചു പറയാന്‍ നമുക്കു സാധിക്കണം. ചരിത്രത്തില്‍ സന്യാസി കലാപവും ഫക്കീര്‍ കലാപവും സാന്താള്‍ കലാപവും അതതു നാമത്തില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്വല അദ്ധ്യായങ്ങളായി നില നില്‍ക്കുമെങ്കില്‍ മാപ്പിള കലാപത്തിനും അങ്ങനെ നില നില്‍ക്കാനാവണം. ലഹളയുടെ സ്വാഭാവിക പാര്‍ശ്വാപവാദങ്ങളോടു പൊറുക്കാനും അതു മറക്കാനും നമുക്കു സാധിക്കണം. എല്ലാ സമര മുന്നേറ്റങ്ങളിലും പലകോണ്‍ നോട്ടങ്ങള്‍ സാദ്ധ്യമാണ്. അതു പക്ഷെ അതിന്റെ അടിസ്ഥാന സത്യത്തെ ചോര്‍ത്തുന്നതാവരുത്. നിലവിലുള്ള സംവാദങ്ങളില്‍ അക്കാര്യം വിട്ടുപോവരുത്.

(ഫേസ് ബുക്ക്)

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply