സാര്‍വ്വത്രിക വിദ്യാഭ്യാസം റദ്ദാക്കുന്ന നടപടയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക
നാളിതുവരെ കേരളത്തില്‍ തുടര്‍ന്നുവന്ന സാര്‍വ്വത്രിക വിദ്യാഭ്യാസ നയത്തില്‍ നിന്നും വഴിമാറി, ജൂണ്‍ 1 മുതല്‍ നടപ്പാക്കിയ പരിഷ്‌കാരം സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു – ആദിവാസികള്‍, ദലിതര്‍, കോളനിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, മറ്റ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവരിലെ വിദ്യാര്‍ത്ഥികള്‍ – ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ഉറപ്പു നല്‍കുന്ന അവകാശങ്ങളും റദ്ദാക്കപ്പെട്ടതായി വ്യാപകമായ ആശങ്ക നിലനില്‍ക്കുകയാണ്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജാതി-മത-വര്‍ഗ്ഗ-വംശ-ലിംഗ വിഭജനത്തിനതീതമായി രൂപപ്പെട്ടു വന്നിട്ടുള്ള സാമൂഹികമായ ഐക്യം ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്നും ഉണ്ടായിക്കൂടാ – ആദിവാസി-ദലിത്-സ്ത്രീ പൗരാവകാശ കൂട്ടായ്മ സര്‍ക്കാരിനു നല്‍കിയ നിവേദനം
ബഹുമാനപ്പെട്ട
1) കേരള മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍
2) കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ശ്രീ. രവീന്ദ്രനാഥ്
3) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ശ്രീ. കെ.ടി. ജലീല്‍
4) തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി
5) പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, ശ്രീ. എ. കെ. ബാലന്‍
6) ധനകാര്യവകുപ്പ് മന്ത്രി, ശ്രീ. തോമസ് ഐസക്
7) പ്രതിപക്ഷ നേതാവ്, ശ്രീ. രമേശ് ചെന്നിത്തല
8) ചീഫ് സെക്രട്ടറി, കേരള
9 എ) സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ്
ബി) സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ്
10) പ്രിന്‍സിപ്പല്‍ സെക്രട്ടറി, എസ്സി/എസ്ടി വികസനവകുപ്പ്
11) ഡയറക്ടര്‍, പട്ടികജാതി വികസനവകുപ്പ്
12) ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസനവകുപ്പ്
13) ഡിസ്ട്രിക്റ്റ് കലക്ടര്‍, വയനാട്
14) ഡിസ്ട്രിക്റ്റ് കലക്ടര്‍, പാലക്കാട്
15) എം.പി/എം.എല്‍.എ.മാര്‍/തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ –
16) ഐ.റ്റി.ഡി.പി. പ്രൊജക്റ്റ് ഓഫീസര്‍മാര്‍ മുമ്പാകെ:
പരാതിക്കാര്‍: ആദിവാസി – ദലിത് – പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാനേതാക്കളും പൗരാവകാശ പ്രവര്‍ത്തകരും –
വിഷയം: കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളില്‍ മാറ്റം വരുത്തണമെന്നും സാര്‍വ്വത്രിക വിദ്യാഭ്യാസം സംരക്ഷിക്കണമെന്നുമുള്ള അപേക്ഷ-നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍-സംബന്ധിച്ച്
സര്‍,
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 1 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികളെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകളും ഏതാനും നിര്‍ദ്ദേശങ്ങളും ഇവിടെ സമര്‍പ്പിക്കുന്നു. നാളിതുവരെ കേരളത്തില്‍ തുടര്‍ന്നുവന്ന സാര്‍വ്വത്രിക വിദ്യാഭ്യാസ നയത്തില്‍ നിന്നും വഴിമാറി, ജൂണ്‍ 1 മുതല്‍ നടപ്പാക്കിയ പരിഷ്‌കാരം സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കു – ആദിവാസികള്‍, ദലിതര്‍, കോളനിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, മറ്റ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ തുടങ്ങിയവരിലെ വിദ്യാര്‍ത്ഥികള്‍ – ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും, വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം ഉറപ്പു നല്‍കുന്ന അവകാശങ്ങളും റദ്ദാക്കപ്പെട്ടതായി വ്യാപകമായ ആശങ്ക നിലനില്‍ക്കുകയാണ്. ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ദാരുണ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
അധ്യയനദിവസം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമയോചിതമായി പാഠ്യപദ്ധതികള്‍ ലഭ്യമാക്കുക എന്ന സദുദ്ദേശം സര്‍ക്കാരിന് ഉണ്ടെന്നത് ശ്ലാഘനീയമാണ്. എന്നാല്‍ ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത് സാവകാശം മതിയെന്ന തെറ്റായ സന്ദേശം വ്യാപിക്കുന്നതിന് ഇപ്പോഴത്തെ നടപടി കാരണമായിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് താഴെപറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
1. കോവിഡ് വ്യാപന സാധതയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉടനീളം ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് പരിഹാരമെന്നത് തികച്ചും അശാസ്ത്രീയമാണ്. ഈ നയം, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരും, സാമ്പത്തികവും – സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമെന്ന നിലയില്‍ സമൂഹത്തെ വിഭജിക്കുന്നതിന് കാരണമായിട്ടുണ്ട്. സാര്‍വ്വത്രിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന ഒരു ജനാധിപത്യ – മതേതര സമൂഹത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള പശ്ചാത്തല സൗകര്യമില്ലാത്ത വലിയൊരു വിഭാഗം ഒഴിവാക്കപ്പെടുന്ന സാഹചര്യവുമുണ്ട്. പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസമേഖലവരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നതും അശാസ്ത്രീയമാണ്. ഇപ്പോള്‍ ടി.വി. സംപ്രേക്ഷണം വഴി സര്‍ക്കാര്‍ ചെയ്യുന്ന പരിപാടി ഒരു ‘ഓണ്‍ലൈന്‍’ ക്ലാസ്സാണെന്ന് പറയാനും കഴിയില്ല. പാഠഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്നതല്ലാതെ, അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധതയുമില്ല. വിദ്യാഭ്യാസ മേഖലയുടെ താഴെ തട്ടുകളില്‍ ഔപചാരിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന ക്ലാസ്സ് റൂം വിദ്യാഭ്യാസം ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണ്. താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഇതിന് പരിഹാരമായി നിര്‍ദ്ദേശിക്കുന്നു.
1) വാര്‍ഡുതലത്തില്‍ ലേണിംഗ് സെന്ററുകള്‍ ഉണ്ടാകണം: പ്രൈമറി, യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശസ്വയം ഭരണസംവിധാനത്തിന് കീഴില്‍ വിദ്യാര്‍ത്ഥികളുടെ വാസസ്ഥലങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പഠനമുറികള്‍ (ലേണിംഗ് സെന്ററുകള്‍) ഒരുക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. സര്‍ക്കാര്‍ കേന്ദ്രീകൃതമായി നിശ്ചയിക്കുന്ന ടൈംടേബിള്‍ അനുസരിച്ച് ഇപ്പോള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസ്സുകള്‍ പ്രക്ഷേപണ സമയത്ത് തന്നെ സംസ്ഥാനതലത്തില്‍ കേള്‍ക്കുക എന്നത് പല കാരണങ്ങളാലും പ്രായോഗികമല്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡം പാലിച്ച് പഞ്ചായത്ത് തലത്തില്‍ ടൈംടേബിള്‍ തയ്യാറാക്കുകയും വിക്‌റ്റേഴ്‌സ് ചാനല്‍ പുറത്തുവിടുന്ന വീഡിയോകള്‍ ലേണിംഗ് സെന്ററുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് നിര്‍ദ്ദേശിക്കുന്നത്. ഒരു പഞ്ചായത്തിലെ വാര്‍ഡുകളിലെ സ്ഥിതിവിവരക്കണക്കെടുത്ത് ഓരോ ലേണിംഗ് സെന്ററുകള്‍ക്കും ടൈംടേബിള്‍ ഉണ്ടാക്കാവുന്നതാണ്. വിക്ടേഴ്‌സ് ചാനല്‍ വഴി പുറത്തുവിടുന്ന വീഡിയോകള്‍ സ്‌ക്രീന്‍ ചെയ്ത്, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശം നല്‍കാനും സംശയനിവാരണം നടത്താനും ലേണിംഗ് സെന്ററുകളിലെ അദ്ധ്യാപകര്‍ക്ക് സാധ്യമാകും. കോവിഡ് ഹോട്ട് സ്‌പോര്‍ട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍, സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മറ്റ് സുരക്ഷാപരിപാടികള്‍ ചെയ്യുകയും വേണം. ആഴ്ചയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളില്‍ ചെയ്യാവുന്ന ഈ പാഠ്യപ്രവര്‍ത്തനത്തില്‍ ടൈംടേബിളനുസരിച്ച് എത്തുന്ന എല്‍.പി/യു.പി/ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ കൂടാതെ മറ്റ് വിദ്യാഭ്യാസ വോളന്റിയര്‍മാരെയും നിയോഗിക്കാവുന്നതാണ്. ആദ്യഘട്ടത്തില്‍ ലേണിംഗ് സെന്ററുകളില്‍ നല്ല ഗുണനിലവാരമുള്ളതും ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ ടി.വി. സംവിധാനം/ലാപ്‌ടോപ്/എല്‍.സി.ഡി. തുടങ്ങിയ സാമഗ്രികളും ഒരു യൂണിറ്റിന് തുടക്കത്തില്‍ മതിയാകും. ഇതോടൊപ്പം പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള പഠനം പരിചയപ്പെടുത്താനുള്ള മിനിമം സംവിധാനങ്ങളും ഒരുക്കാവുന്നതാണ്. പാഠപുസ്തകങ്ങളും പഠന ഉപകരണങ്ങളും ലേണിംഗ് സെന്ററുകളില്‍ എത്തിക്കണം. കോവിഡ് അപകടസാധ്യത ഉടനടി വിട്ടുമാറാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചാലും ഈ വികേന്ദ്രീകൃത സംവിധാനം നിലനിര്‍ത്തണം. വന്‍മുടക്കുമുതലും മനുഷ്യവിഭവശേഷിയും കേന്ദ്രീകരിക്കുന്ന ഇന്നത്തെ കലാലയ സംവിധാനത്തെ ജനാധിപത്യപരമായി വികേന്ദ്രീകരിക്കുകയും, പ്രാദേശിക സമൂഹങ്ങളുടെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ഒരു മേന്മ ഇതിനുണ്ട്. താഴെതട്ടില്‍ സാമൂഹികമായ ഐക്യവും സെക്യുലര്‍ ആയ ഒരു അന്തരീക്ഷവും ഇത് വഴി പരിപോഷിപ്പിക്കാനാകും. പ്രാദേശികമായ അറിവുകളും അഭിരുചികളും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കരിക്കലവും ക്രമേണ വളര്‍ത്തിയെടുക്കാന്‍ കഴിയും.
2) ഹയര്‍ സെക്കന്ററി മുതല്‍ ഡിജിറ്റല്‍ ക്ലാസ്സ് റൂം ഓണ്‍ലൈന്‍ ക്ലാസ്സുകളും ഉണ്ടാകണം: പ്ലസ് 1, പ്ലസ് 2, ഡിഗ്രി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും മറ്റ് സംവിധാനങ്ങളും നല്‍കി അടിയന്തരമായി സ്‌കൂളുകള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് തയ്യാറാകേണ്ടതാണ്. ആവശ്യമായ ഫണ്ട് ഇതിനായി സര്‍ക്കാര്‍ വകയിരുത്തണം. ഹയര്‍ സെക്കന്ററി മുതലുള്ള പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി നല്‍കുന്ന ക്ലാസ്സുകളും (വീഡിയോകളും) ഉപയുക്തമാണെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുളള ശാസ്ത്രീയമായ സംവിധാനങ്ങള്‍ സ്‌കൂളുകളില്‍ ഒരുക്കുകയും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കുക എന്നതും പ്രധാനമാണ്. കോവിഡ് രോഗഭീഷണി നിലനില്‍ക്കുന്ന സമയം വരെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കേന്ദ്രീകരണം ഒഴിവാക്കി, കോണ്‍ടാക്ട് ക്ലാസ്സുകളും, പ്രാക്റ്റിക്കല്‍ ക്ലാസ്സുകളും നടത്താവുന്നതാണ്. ആദിവാസി മേഖലയ്ക്കും ദലിത് – പിന്നോക്ക വിഭാഗങ്ങളുടെ മേഖലയ്ക്കും പ്രത്യേക പരിഗണന വേണം
3) ആദിവാസി മേഖലകള്‍: ആദിവാസി മേഖലകളിലും ഭാഷാന്യൂനപക്ഷങ്ങളുള്ള മേഖലകളിലും അന്തര്‍സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും ഊര് തലത്തിലോ, ഒരു വാര്‍ഡിലെ ഒന്നിലേറെ ഊരുകളിലോ ലേണിംഗ് സെന്ററുകള്‍ ഉണ്ടാകണം. വനമേഖലയിലെ ഒറ്റപ്പെട്ട ഊരുകളില്‍ പ്രത്യേക സെന്ററുകള്‍ വേണം. വൈദ്യുതി ലഭ്യമല്ലാത്ത ഇടങ്ങളില്‍ അതിനുളള സംവിധാനങ്ങള്‍ ഒരുക്കുകയും കംപ്യൂട്ടര്‍, ടി.വി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കുകയും വേണം. നിലവില്‍ വയനാട്ടിലും ഏതാനും ജില്ലകളിലും നിയമിക്കപ്പെട്ടിരിക്കുന്ന ഗോത്ര ഭാഷാ പ്രാവീണ്യമുളള ‘മെന്റര്‍’ ടീച്ചര്‍മാര്‍ക്ക് ചുമതല നല്‍കി, ആദിവാസികള്‍ക്ക് പ്രാബല്യമുള്ള എല്ലാ വാര്‍ഡുകളിലും (സംസ്ഥാനതലത്തില്‍) ലേണിംഗ് സെന്ററുകള്‍ക്ക് രൂപം നല്‍കണം. നിലവില്‍ 267 ഓളം മെന്റര്‍ ടീച്ചര്‍മാരാണ് കേരളത്തിലുള്ളത്; അവരില്‍ ഭൂരിപക്ഷം വയനാട് ജില്ലയിലാണ്. ആദിവാസി മേഖലകളിലെ ഊര് തലത്തില്‍/വാര്‍ഡ് തലത്തില്‍ ലേണിംഗ് സെന്ററുകള്‍ തുടങ്ങുമ്പോള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ നിയമനങ്ങള്‍ ആവശ്യമായിവരും. ഇതിനുള്ള തസ്തികകള്‍ക്ക് രൂപം നല്‍കേണ്ടതാണ്. നിലവില്‍ ടീച്ചര്‍ ട്രെയിനിംഗ് യോഗ്യതയുള്ളവരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഹൈസ്‌കൂള്‍ വിദ്യാത്ഥികളും ഉള്ളതിനാല്‍ ബി.എഡ്. യോഗ്യതയുള്ളവര്‍ക്കും മറ്റ് അധ്യപന യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരെയും ഇതിനായി നിയമിക്കണം. മേല്‍പറഞ്ഞ യോഗ്യത ഉള്ളവരില്ലാത്ത സ്ഥലങ്ങളില്‍ മറ്റ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും പരിഗണിക്കാവുന്നതാണ്. വാര്‍ഡ് തലത്തിലുള്ള ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാമുഖ്യമുള്ള ലേണിംഗ് സെന്ററുകളില്‍ ഒരു ടൈം ടേബിള്‍ അനുസരിച്ച് മറ്റ് അദ്ധ്യാപകരെയും നിയോഗിക്കണം. ഒരു ആദിവാസി മേഖലയില്‍ മെന്റര്‍ ടീച്ചറെ നിയോഗിക്കുമ്പോള്‍ മെന്റര്‍ ടീച്ചര്‍ക്ക് അറിയാവുന്ന ഗോത്രഭാഷ സംസാരിക്കുന്ന കുട്ടികളെ ലേണിംഗ് സെന്ററില്‍ തന്നെ നിയമിക്കണം.
ഗോത്രഭാഷയ്ക്ക് ഊന്നല്‍ നല്‍കണം: ആദിവാസി മേഖലയിലെ ലേണിംഗ് സെന്ററുകളില്‍ ഒന്നാം ഭാഷ എന്ന പദവി അതാത് മേഖലയിലെ ഗോത്രഭാഷയ്ക്ക് നല്‍കണം. വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ തന്നെ തദ്ദേശീയ സമൂഹങ്ങളുടെ സഹായത്തോടെ ഭാഷാന്തരം വരുത്തുകയും മറ്റ് പാഠഭാഗങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മറ്റ് മാനവിക വിഷയങ്ങളും ഉള്‍പ്പെടുത്തി ഇത്തരം ലേണിംഗ് സെന്ററുകള്‍ക്ക് ക്രമേണ ഒരു കരിക്കുലം തയ്യാറാക്കാന്‍ കഴിയും. ഇത്തരം ലേണിംഗ് സെന്ററുകളില്‍ ഇതരവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്യണം.
4) ഭാഷാ ന്യൂനപക്ഷങ്ങള്‍, തമിഴ് തോട്ടം തൊഴിലാളികള്‍ അന്യസംസ്ഥാനക്കാര്‍ തുടങ്ങിയവരുടെ മേഖലകളില്‍ അത്തരം വിഭാഗങ്ങളുടെ ഭാഷയും സംസ്‌ക്കാരവും ന്യൂനപക്ഷാവകാശങ്ങളും പരിഗണിച്ചുകൊണ്ടുള്ള ലേണിംഗ് സെന്ററുകള്‍ ഉണ്ടാകണം. ദലിതര്‍, മത്സ്യ തൊഴിലാളികള്‍ തുടങ്ങിയവരുടെ അധിവാസ മേഖലകളില്‍ അവരുടെ വിദ്യാഭ്യാസപരവും സാമൂഹിക പിന്നോക്കാവസ്ഥയും പരിഗണിച്ചുകൊണ്ടുള്ള പ്രത്യേക സംവിധാനം ഒരുക്കണം. ഗോത്രവര്‍ഗ്ഗ മേഖലയിലെ മെന്റര്‍ ടീച്ചര്‍മാരുടെ ഗോത്രഭാഷാ പ്രാവീണ്യം പോലെ ഭാഷാപ്രശ്‌നം പരിഗണിക്കേണ്ടതില്ലെങ്കിലും, ഈ മേഖലയില്‍ നിന്നുതന്നെ ലേണിംഗ് സെന്ററുകളുടെ മുഖ്യ ഉത്തരവാദിത്തമുള്ള ടീച്ചര്‍മാരെ നിയമിക്കണം.
5) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണപരമായ ചുമതല നിലവില്‍ ഗ്രാമപഞ്ചായത്ത്/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരപാലിക സംവിധാനങ്ങള്‍ക്കുമുണ്ട്. പ്രൈമറി/യുപി/ഹൈസ്‌ക്കൂള്‍ എന്ന ക്രമത്തില്‍ ഭരണപരമായ ചുമതല പഞ്ചായത്തുകള്‍ക്കുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നിലവിലുള്ള ഫണ്ട് മതിയാകാതെ വരും. കോവിഡ് പശ്ചാത്തലത്തില്‍ ‘സുഭിക്ഷം’ എന്ന കാര്‍ഷിക പദ്ധതി ഒരു മഹായജ്ഞമാക്കി മാറ്റാന്‍ ഗ്രാമപഞ്ചായത്തുകള്‍ നിയുക്തമാണെന്നതിനാല്‍ ഇപ്പോള്‍ വകയിരുത്തിയിരിക്കുന്ന ഫണ്ട് തന്നെ അപര്യാപ്തമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ (വിദ്യാഭ്യാസ വകുപ്പ്, എസ്സി/എസ്ടി വകുപ്പ് തുടങ്ങിയവ) ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കേണ്ടതാണ്. ലേണിംഗ് സെന്ററുകളിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായി വരുന്ന ഭക്ഷണച്ചെലവുകള്‍ക്കുമുള്ള ഫണ്ട് സര്‍ക്കാര്‍ വകയിരുത്തേണ്ടതാണ്.
6) മേല്‍പറഞ്ഞ തരത്തിലുള്ള ഒരു പരിഷ്‌ക്കരണം എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടതാണ്. ദുര്‍ബ്ബല വിഭാഗങ്ങള്‍ പൊതുവിദ്യാഭ്യാസത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇത് ഗൗരവപൂര്‍വ്വം പരിഗണിക്കണം. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നം പരിഹരിക്കേണ്ടത് ആദിവാസി വകുപ്പാണെന്ന നിലവിലുള്ള മനോഭാവം മാറേണ്ടതാണ്; എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളും പഞ്ചായത്തുകളില്‍ ഏല്‍പിക്കുന്ന സമീപനവും മാറണം. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക ക്ഷേമവകുപ്പുകള്‍ മേല്‍പറഞ്ഞ വിഭാഗങ്ങളുടെ ക്ഷേമപരിപാടികള്‍ ഉറപ്പുവരുത്താനുള്ളവരാണ്. വിദ്യാഭ്യാസത്തിന്റെ പൊതുചട്ടക്കൂടിലുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചെയ്യണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പിനാണ്.
7) മുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ലേണിംഗ് സെന്ററുകള്‍ നിലനിര്‍ത്താനും, തുടര്‍പ്രവര്‍ത്തനത്തിനും പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സംഘടനകള്‍, യൂത്ത് ക്ലബ്ബുകള്‍, കുടുംബശ്രീകള്‍, ആദിവാസി സന്നദ്ധത പ്രവര്‍ത്തക ഗ്രൂപ്പുകള്‍, രക്ഷാകര്‍തൃസമിതികള്‍ എന്നവരുടെ വോളന്റിയര്‍ പ്രവര്‍ത്തനങ്ങള്‍ പ്രമോട്ടു ചെയ്യാനുള്ള പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കണം. വോളന്റിയര്‍ ഗ്രൂപ്പുകള്‍ ലേണിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നുണ്ടെങ്കില്‍ അതിനുള്ള ധനസഹായം നല്‍കണം.
8) കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജനാധിപത്യ വ്യവസ്ഥയില്‍ ജാതി-മത-വര്‍ഗ്ഗ-വംശ-ലിംഗ വിഭജനത്തിനതീതമായി രൂപപ്പെട്ടു വന്നിട്ടുള്ള സാമൂഹികമായ ഐക്യം ദുര്‍ബ്ബലപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഒരു ജനാധിപത്യ സര്‍ക്കാരില്‍ നിന്നും ഉണ്ടായിക്കൂടാ. അഖിലേന്ത്യാതലത്തിലുള്ള ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇത്തരം പ്രവണത ശക്തിപ്പെട്ടു വരികയാണ്. കലാലയങ്ങളില്‍ സാമൂഹികത സൃഷ്ടിച്ചെടുക്കുന്നതിലും പൊതു ഇടം സൃഷ്ടിക്കുന്നതിനും സാര്‍വ്വത്രിക വിദ്യാഭ്യാസവും ഔപചാരിക വിദ്യാഭ്യാസവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഭീതി ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിലെ സാമൂഹികതയും പൊതു ഇടങ്ങളും റദ്ദാക്കാനും, കോര്‍പറേറ്റുകളുടെയും ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടെയും മേധാവിത്തം സ്ഥാപിച്ചെടുക്കാനുമുള്ള സംഘടിതനീക്കം രാജ്യത്തിന്റെ നിലനില്പിന് ഭീഷണിയായി മാറിയിട്ടുണ്ട്. ആയതിനാല്‍ ഔപചാരികവും സാര്‍വ്വത്രികവുമായ കലാലയ വിദ്യാഭ്യാസത്തിന് പകരം എല്ലാ മണ്ഡലങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ സമീപിക്കേണ്ടതാണ്. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ മണ്ഡലത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയാല്‍, പ്രാഥമികതലം മുതലുള്ള വിദ്യാഭ്യാസ പരിപാടികള്‍ ജാതി-മത-വര്‍ഗ്ഗീയ ശക്തികള്‍ കൈയ്യടക്കും.
ആയതിനാല്‍, മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥി ക്കുന്നു. അതുവരെ ഇപ്പോള്‍ തുടരുന്ന എല്ലാ വിവേചനപരമായ പ്രവര്‍ത്തനങ്ങളും (വിക്ടേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ഉള്‍പ്പെടെ) നിര്‍ത്തിവെക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ,
എം. ഗീതാനന്ദന്‍ (ചെയര്‍മാന്‍, ആദിവാസി-ദലിത്-സ്ത്രീ പൗരാവകാശ കൂട്ടായ്മ)
സി. എസ്. മുരളി
(ജനറല്‍ കണ്‍വീനര്‍, ആദിവാസി-ദലിത്-സ്ത്രീ പൗരാവകാശ കൂട്ടായ്മ)
പി. ജി. ജനാര്‍ദ്ദന്‍ (സെക്രട്ടറി, ആദിവാസി ഗോത്ര മഹാസഭ)
എം. ആര്‍. ചിത്ര, നിലമ്പൂര്‍
എ. ചന്തുണ്ണി (കേരള ആദിവാസി ഫോറം, വയനാട്)
സജീവ് കുമാര്‍ പി. വി. (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ)
ഡോ. എന്‍. വി. ശശിധരന്‍ (കോട്ടയം)
നാരായണ്‍ മന്മദന്‍പാളി (വയനാട്)
സി. ജെ. തങ്കച്ചന്‍ (ആദിജനസഭ, കോതനല്ലൂര്‍, കോട്ടയം)
സതിശ്രീ ദ്രാവിഡ് (ആദിശക്തി സമ്മര്‍ സ്‌കൂള്‍)
ശങ്കരന്‍ മുണ്ടമാണി (മലവേട്ടുവ മഹാസഭ; കാസര്‍കോഡ്)
രമേശന്‍ കൊയാലിപ്പുര (ആദിവാസി ഗോത്രമഹാസഭ)
അനീസിയ വിളയിലാന്‍ (ആദിശക്തി സമ്മര്‍ സ്‌കൂള്‍)
കെ. എസ്. രാമു (ആറളം ഫാം; കണ്ണൂര്‍)
കെ. മായാണ്ടി (എസ്സി/എസ്ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, പാലക്കാട്)
രവി മൂപ്പന്‍ (നെല്ലിയാമ്പതി)
ശശി വള്ളുവള്ളി
കെ. കെ. സോമന്‍ (പറവൂര്‍)
മോഹനന്‍ തച്ചങ്ങാട്
എന്‍. ബി. അജിതന്‍ (കൊടുങ്ങല്ലൂര്‍ കൂട്ടായ്മ)
കെ. വാസുദേവന്‍ (പാലക്കാട്)
എന്‍. ഗോവിന്ദന്‍ (പാലക്കാട്)
രാജന്‍ കൊല്ലങ്കോട്
മണികണ്ഠന്‍ കാട്ടാമ്പള്ളി (ഡിഇപിഎ)
കെ. കെ. ജയന്തന്‍ (എറണാകുളം)
പി. കെ. ശശി (പറവൂര്‍)
എം. ജി. മനോഹരന്‍ (അടൂര്‍)
അനില്‍ സി. എം. (നിലമ്പൂര്‍)
ജഗന്‍ നന്ദ (ആദിവാസി സമ്മര്‍ സ്‌കൂള്‍)
കുഞ്ഞമ്മ മൈക്കിള്‍ (എജിഎംഎസ്)
വി. ബി. സുനില്‍ (കോട്ടയം)
വി. പി. സോമന്‍ (കോട്ടയം)
സുരേഷ് കക്കോട് (കൊല്ലം)
ജഗതി സുരേഷ് (എസ്‌ജെപിവൈ)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in