മാറണം ജനങ്ങള്‍ ഭയപ്പെടുന്ന പോലീസിന്റെ ഈ മുഖം

ഒറ്റപ്പെട്ട സംഭവം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന പോലീസ് അതിക്രമങ്ങള്‍ സംസ്ഥാനത്ത് നിരന്തരമായി ആവര്‍ത്തിക്കുകയാണ്. എന്തു കുറ്റകൃത്യം ചെയ്താലും സംരക്ഷണം കിട്ടുമെന്ന ധൈര്യമാണ് അതിനു പുറകിലെന്നത് പകല്‍ പോലെ വ്യക്തമാണ്. ഒന്നാം പിണറായി സര്‍ക്കാരിലെന്നപോലെ രണ്ടാം പിണറായി സര്‍ക്കാരിലും ഏറ്റവും മോശം വകുപ്പായി മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തരം മാറിയിരിക്കുന്നു. വകുപ്പിന് മുഴുവന്‍ സമയ മന്ത്രിയെ നിയമക്കുക എന്ന ആവശ്യം പോലും അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുപ്പതോളം വകുപ്പുകളാണ് അ്‌ദ്ദേഹം കൈകാര്യം ചെയ്യുന്നത്. പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണെന്ന മാര്‍ക്‌സിസ്റ്റ് നിലപാട് അന്വര്‍ത്ഥമാകുകയാണ് സംസ്ഥാനത്ത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു ജനാധിപത്യസംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളേയുമൊക്കെ വെല്ലുവിളിക്കുകയാണ് കേരളത്തില്‍ പോലീസ് ചെയ്യുന്നതെന്നതാണ് വസ്തുത. സിനിമകളിലെ മമ്മുട്ടി – സുരേഷ് ഗോപിമാരൊക്കെ അഭിനയിക്കുന്ന പോലീസ് വേഷങ്ങളാണ് നമ്മുടെ പല ഉദ്യോഗസ്ഥരും പിന്തുടരുന്നതെന്നു തോന്നുന്നു. ആ ദിശയിലുള്ള സംഭവം തന്നെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. കാക്കനാട് സ്വദേശി റിനീഷിനാണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമേറ്റത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒ മര്‍ദ്ദിച്ചെന്നാണ് പരാതി. അടിയല്‍ ലാത്തി പൊട്ടിയെന്നു റിനീഷ് പറയുന്നു. ഇത്രമാത്രം ക്രൂരമായ രീതിയില്‍ മര്‍ദ്ദിക്കാനുള്ള കാരണമോ? നോര്‍ത്ത് പാലത്തിനടിയില്‍ പകല്‍ 12.45 ഓടെ കുറച്ചുനേരം ഇരുന്നത്. റിനീഷ് മാന്‍പവര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഹോട്ടലുകളിലേക്ക് ജോലിക്കാരെ തപ്പി കുറേനേരം നടന്നിട്ട് ക്ഷീണിച്ചപ്പോള്‍ ്ല്‍പ്പനേരം തണലത്തിരുന്നതാണ് പോലീസിനെ ചൊടിപ്പിച്ചത്. കാക്കനാട് വീടുള്ളവന്‍ എറണാകുളം നോര്‍ത്ത് പാലത്തിന്റെ കീഴിലിരിക്കേണ്ട കാര്യമില്ലത്രെ. തുടര്‍ന്ന് മുഖത്തടിക്കുകയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേല്‍നി റിനീഷിന് തലകറക്കമനുഭവപ്പെടുകയും തുടര്‍ന്ന് ആശുപ്രത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടക്കത്തില്‍ പറഞ്ഞപോലെ ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും ദിവസം മുമ്പാണ് തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്‍ (53) കുഴഞ്ഞ് വീണ് മരിച്ചത്. പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മനോഹരന്‍ കുഴഞ്ഞുവീണതും പിന്നീട് മരിച്ചതും. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതിരുന്നതാണ് മനോഹരന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. മദ്യപിക്കുകയോ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയോ ചെയ്യാത്ത താന്‍ ഭയം കൊണ്ടാണ് നിര്‍ത്താതെ പോയതെന്ന് പിന്നീട് മനോഹരന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ എസ് ഐ പതിവുപോലെ മുഖത്തടിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനം. ഈ കുറിപ്പെഴുതുമ്പോഴിതാ മറ്റൊരു വാര്‍ത്ത കൊച്ചിയില്‍ നിന്നുതന്നെ. റോഡിന്റെ വളവില്‍ നിന്ന് വാഹനപരിശോധന നടത്തുന്നത് ശരിയല്ല, അപകടകരമാണ് എന്നു പറഞ്ഞ ഇരുചക്രവാഹനക്കാരനായ യുവാവിനും അത്യാവശ്യം കിട്ടിയത്രെ. കൂടാതെ മറ്റൊരു ദൃശ്യം കൂടി ചാനലില്‍ കാണുന്നു. തട്ടുകടയില്‍ പ്രശ്‌നമുണ്ടാക്കി എന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ഡിെൈവഫ്‌ഐ പ്രവര്‍ത്തകനെ വിടാനാവശ്യപ്പെട്ട് തിരുവനന്തപുരത്ത് തങ്ങള്‍ സിപിഎം പ്രവര്‍ത്തകരാണെന്നു പറഞ്ഞ് കുറെ പേര്‍ പോലീസ് സ്‌റ്റേഷനില്‍ ലഹളയുണ്ടാക്കുന്നതാണത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനേയും സഹോദരനേയും കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിച്ച് അധികദിവസമായില്ല. ഇവര്‍ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ പ്രചാരണം കള്ളമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ലാത്തി ഒടിയുന്നതുവരെ പൊലീസുകാര്‍ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവര്‍ വെളിപ്പെടുത്തിയത്. അതിനു ദിവസങ്ങള്‍ക്കുമുമ്പാണ് കോതമംഗലത്ത് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയാനെത്തിയ യുവാവിന് എസ്.ഐയുടെ ക്രൂരമര്‍ദ്ദനമേറ്റത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന പോലീസ് അതിക്രമങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീജിത്, വിനായകന്‍ തുടങ്ങിയവരുടെ മരണങ്ങള്‍ െേറ കോലാഹലമുണ്ടാക്കിയിട്ടും ഒറ്റപ്പെട്ട സംഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. അരനൂറ്റാണ്ടിനുശേഷം നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലകളും സംസ്ഥാനത്തു നടന്നു. വന്‍തോതില്‍ കേന്ദ്രഫണ്ട് ലഭിക്കാനായി്ട്ടായിരുന്നു എട്ടോളം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തിയതെന്നതും പകല്‍പോലെ വ്യക്തം.. പല ജനകീയ സമരങ്ങള്‍ക്കെതിരേയും പോലീസ് അതിക്രമങ്ങളുണ്ടായി. ഒരുപക്ഷെ വി എസ് സര്‍ക്കാരിന്റെ കാലത്തും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തും താരതമ്യേന വളരെ കുറച്ച് പോലീസ് അതിക്രമങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അക്കാലത്ത് ആഭ്യന്തരത്തിന് മുഴുവന്‍ സമയ മന്ത്രിമാരുണ്ടായിരുന്നു എന്നതും പ്രസക്തമാണ്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇക്കാര്യത്തില്‍ വന്‍വര്‍ദ്ധനയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാകുന്നു. മറുവശത്ത് മാമ്പഴമോഷണവും സ്വര്‍ണ്ണാഭരണ മോഷണവും നടത്തുന്ന പോലീസിനേയും കേരളം കണ്ടു. അതിനിടയിലാണ് യുവമന്ത്രിയും സൈദ്ധാന്തികനുമായ പി രാജീവ്, കേരളപോലീസ് ലോകോത്തരമാണെന്ന വാദവുമായി രംഗത്തുവന്നത്. അടിയന്തരാവസ്ഥകാേേലത്തറ്റ ക്രൂരമായ മര്‍ദ്ദനം രാഷ്ട്രീയമൂലധനമാക്കിയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഭരിക്കുമ്പോഴാണ് അതിക്രൂരമായ പോലീസ് മര്‍ദ്ദന വാര്‍ത്തകള്‍ പുറത്തു വരുന്നത് എന്നതാണ് ഏറ്റവും വൈരുദ്ധ്യം. മുഖ്യമന്ത്രിയാകട്ടെ പോലീസിന്റെ ആത്മവീര്യത്തിന്റെ പേരില്‍ പലപ്പോഴും അതിക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു.

ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. തുടക്കത്തില്‍ പറഞ്ഞപോലെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായി പോലീസിനെ നിലനിര്‍ത്തുക തന്നെ. പോലീസിന്റെ പരിശീലനപരിപാടികളെല്ലാം ആ ലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ്. വിദ്യാസമ്പന്നര്‍ പോലീസില്‍ വ്യാപകമായെന്നും അതിനാല്‍ സേനയുടെ മുഖം മാറുകയാമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറയുന്ന കേട്ടു. അതു ശരിയാണെങ്കില്‍ പോലും പരിശീലനവും അല്‍പ്പകാലത്തെ സര്‍വ്വീസും കഴിയുമ്പോഴേക്കും അവരും മുന്‍ഗാമികളെപോലെയാകുമെന്നതാണ് വസ്തുത. പോലീസ് ആക്ടില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ നടപ്പാക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇപ്പോഴും നടപ്പാകുന്നില്ല. ഭയം കൊണ്ടാണ് താന്‍ വാഹനം നിര്‍ത്താതിരുന്നതെന്ന തൃപ്പൂണുത്തുറയില്‍ കുഴഞ്ഞവീണു മരിച്ച മനോഹരന്‍ പറഞ്ഞതാണ് ഏറെ പ്രസക്തം. ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ എന്തിനാണ് പോലീസിനെ ഭയക്കുന്നത്? പോലീസിന്റെ പേടിപ്പെടുത്തുന്ന ആ മുഖമാണ് മാറേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പോലീസിനെ ബഹുജനങ്ങളുടെ സുഹൃത്താക്കുന്നു എന്നവകാശപ്പെട്ട് പല പദ്ധതികളും ആരംഭിച്ചിരുന്നല്ലോ. ജനമൈത്രിപോലീസും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമൊക്കെ ഉദാഹരണങ്ങള്‍. പിന്നീട് ചെന്നിത്തലയുടെ കാലത്തും ഈ ധാര മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമം നടന്നു. അപ്പോഴെല്ലാം പോലീസ് ജനങ്ങളുടെ സുഹൃത്താകുകയല്ല, ജനങ്ങളെ ഭയപ്പെടുത്തി നിലക്കു നിര്‍ത്തുകയാണ് വേണ്ടതെന്നായിരുന്നു സേനയിലെതന്നെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. അവരാകട്ടെ പിടിമുറുക്കി കൊണ്ടുമിരുന്നു. പോലീസിന്റെ ആത്മവീര്യമാണ് പ്രധാനമെന്നു പ്രഖ്യാപിച്ച് പിണറായി ആഭ്യന്തരമേറ്റെടുത്തതോടെ സേനയില്‍ ആധിപത്യം ആ വിഭാഗത്തിനായി എന്നതാണ് വസ്തുത. പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ നിരന്തരമായി ചൂണ്ടികാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേയോ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേള്‍ക്കാം. ജനങ്ങളെ തല്ലലാണ് തങ്ങളുടെ പോലീസ് നയമെന്ന് ഏതെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമോ? പോലീസിന്റെ പ്രവര്‍ത്തികളും അതിനോട് സര്‍ക്കാരെടുക്കുന്ന നിലപാടുമാണ് നയം വ്യക്തമാക്കുന്നത്.

മനോഹരന്‍ മാത്രമല്ല, പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ വളരെ കുറവാണ്. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. അതാണല്ലോ വാഹനപരിശോധന നടത്തുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നത്. കുറ്റവാളികളാണെങ്കില്‍ പോലും ശിക്ഷിക്കാന്‍ പോലീസിന് അധികാരമില്ല എന്ന പ്രാഥമികതത്വം പോലും അവര്‍ പാലിക്കുന്നില്ല. പാലിച്ചാല്‍ ലോക്കപ്പ് മര്‍ദ്ദനമേ ഉണ്ടാകില്ലല്ലോ. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുന്‍ ഡിജിപി പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാര്‍ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഉന്നത ഉദ്യോഗസ്ഥയും പറഞ്ഞു. ഏറ്റവും പീഡി്പ്പിക്കപ്പെടുന്നത് ദളിതരും ആദിവാസികളും ട്രാന്‍സ്‌ജെന്ററുകളും ന്യൂനപക്ഷങ്ങളും മറ്റു ദുര്‍ബ്ബല വിഭാഗങ്ങളും തന്നെയാണ്. പൊതുപ്രവര്‍ത്തകര്‍ക്കുമാത്രമല്ല ആര്‍ക്കും എപ്പോഴും കേറിചെല്ലാവുന്ന ഇടമായി സ്റ്റേഷനുകള്‍ മാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ആത്മവീര്യമുള്ള പോലീസിനെയല്ല, ജനാധിപത്യ പോലീസിനെയാണ്് കേരളം ആവശ്യപ്പെടുന്നത് എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply