സ്വയംപര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം

ദേശീയജീവിതത്തെ മൂടിയിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്നും കേരളവും അകലെയല്ല. കൊവിഡാനന്തര സമ്പദ്ഘടനയില്‍ മുഖ്യപങ്കാളിത്തം വഹിക്കുന്നത് മടങ്ങിവരുന്ന പ്രവാസികളോ കാര്‍ഷിക – വ്യാപാര രംഗങ്ങളിലൂടെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നവരോ ആയിരിക്കും. ഈ വിഭാഗം കായികാദ്ധ്വാനം വരെ കയ്യടക്കുമ്പോള്‍ പുറന്തള്ളപ്പെടുന്നത് ദളിതരും ആദിവാസികളുമായിരിക്കും. 1957ലെ ഭൂപരിഷ്‌കരണം ഈ ജനവിഭാഗത്തിന് വിധിച്ചത് തുണ്ടുഭൂമിയും കോളനി ജീവിതവുമായിരുന്നെങ്കില്‍ വര്‍ത്തമാനകാലം നല്‍കുന്നത് പട്ടിണിമരണമോ അതിദാരുണമായ ജീവിതാവസ്ഥയോ ആയിരിക്കും. ഇതിനപ്പുറം വഴി തുറക്കാന്‍ ഇടതുപക്ഷത്തിനോ പ്രസക്തി നഷ്ടപ്പെട്ട പ്രതിപക്ഷത്തിനോ കഴിയില്ലെന്നുറപ്പാണ്.

ഭാഗം ഒന്ന്

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപം കൊണ്ട പ്രഥമ കോണ്‍ഗ്രസ് ഗവണ്മന്റിന്റെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു, മിശ്രസമ്പദ്ഘടന (Mixed Economy) എന്ന സാമ്പത്തികനയത്തിലൂടെയാണ് രാജ്യത്തെ ദീര്‍ഘകാലം നയിച്ചത്. കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തവും ഗാന്ധിയുടെ രാഷ്ട്രപിതാവെന്ന പ്രതിനിധാനവും പ്രധാനമന്ത്രിയുടെ സോഷ്യലിസ്റ്റ് പ്രതിഛായയുമാണ് സാമ്പത്തികനയത്തിന് സാര്‍വ്വത്രികമായ അംഗീകാരം ലഭിക്കാന്‍ കാരണമായത്. മാത്രമല്ല, കോണ്‍ഗ്രസിതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും സമ്പദ്ഘടനയുടെ ദേശീയസ്വഭാവം ഉള്‍ക്കൊള്ളാതിരുന്ന കമ്യൂണിസ്റ്റുകാരുടെ സോവിയറ്റ് മാതൃകയും മിശ്രസമ്പദ്ഘടനക്കെതിരായ മറുവാക്കായില്ല. എന്തായിരുന്നു ആ സാമ്പത്തികനയം? ഇന്ത്യ സ്വാതന്ത്ര്യ.ം നേടുമ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്നവരോ സഹയാത്രികരോ ആയിരുന്ന ടാറ്റ, ബിര്‍ള തുടങ്ങിയ സമ്പന്നര്‍ക്ക് മതിയായ മൂലധനമോ ശാസ്ത്രസാങ്കേതിക സമ്പത്തോ ഉണ്ടായിരുന്നില്ല. സ്വകാര്യമുതലാളിത്തം നേരിട്ട് ഈ പ്രതിസന്ധി പരിഹരിക്കാനാണ് ചെറുകിട വ്യവസായങ്ങള്‍ ദേശീയമുതലാളിത്തത്തിന് നല്‍കി, വന്‍കിട വ്യവസായങ്ങള്‍ പൊതുമേഖലയിലാക്കിയത്. കാരണമുണ്ട്. പൊതുമേഖലക്കാവശ്യമായ മൂലധനം നികുതിയായും വായ്പകളായും നിക്ഷേപങ്ങളായും സമാഹഹരിക്കാനും വിദേശ മുലതാളിത്ത – സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്ന് ശാസ്ത്രസാങ്കേതിക ജ്ഞാനം ഇറക്കുമതി ചെയ്യാനും സര്‍ക്കാരിനേ കഴിയുമായിരുന്നുള്ളു. അതുകൊണ്ടുതന്നെ ഗവണ്മന്റ് ഏറെ ആശ്രയിച്ചത് രണ്ടാംലോകയുദ്ധത്തിനുശഷം സാമ്പത്തിക – ശാസ്ത്ര – സാങ്കേതിക മേഖലയില്‍ വന്‍ശക്തിയായി മാറിയ അമേരിക്കയെയാണ് ഇതോടെ ഇറക്കുമതിയിലൂടെ, മൊട്ടുസൂചി മുതല്‍ വിമാനം വരെയുള്ള വിദേശനിര്‍മ്മിത വസ്തുക്കളുടെ ചന്തയായി രാജ്യം മാറി. ഇതേകാലത്താണ് സോവിയറ്റ് യൂണിയന്‍ അമേരിക്കയോടൊപ്പം ഒരു വന്‍ശക്തിയായി മാറുന്നത്. എന്നാല്‍ മൂലധനത്തിന്റെയും ഉല്‍പ്പന്നങ്ങളുടേയും അഭാവം മൂലം വിപണിയില്‍ മേധാവിത്വം വഹിക്കാന്‍ കഴിയാതെ വന്നതിനാല്‍ സര്‍ക്കാര്‍ സഹായത്തോടെ പൊതുമേഖലയിലെ വന്‍കിട വ്യവസായങ്ങളിലാണ് അവര്‍ മൂലധനവും വൈദഗ്ധ്യവും നിക്ഷേപിച്ചത്. ഒരേ സമയം രണ്ടു യജമാനന്മാരുടെ ആശ്രിതരാകേണ്ടി വന്നപ്പോഴാണ് നെഹ്‌റു, രാഷ്ട്രീയവിധേയത്വമില്ലെന്ന് വിശ്വസിപ്പിക്കാന്‍ ചേരിചേരാനയം ആവിഷ്‌കരിച്ചത്. ഫലമോ ഏതാനും ചെറുരാജ്യങ്ങളുടെ ചേരി സൃഷ്ടിച്ച്, ദേശീയരാഷ്ട്രീയത്തില്‍ സാര്‍വ്വദേശീയനേതൃത്വമെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞു.

കോണ്‍ഗ്രസ്സിന്റെ സാമ്പത്തികനയത്തിലൂടേയും മുതലാളിത്ത സാമ്രാജ്യത്വശക്തികളുടെ സഹായത്തോടേയും സമ്പന്നരായിരുന്നവര്‍, സമ്പദ്ഘടനയേയും രാഷ്ട്രീയ നിലപാടുകളേയും സ്വാധീനിക്കാന്‍ കഴിയുന്ന കുത്തക മൂലധന മേധാവികളായി പരിവര്‍ത്തനപ്പെട്ടു. ദേശീയോല്‍പ്പാദനത്തില്‍ ഗണ്യമായ നിയന്ത്രണമുണ്ടായിരുന്ന കുത്തകമൂലധനത്തിന്റെ ആവശ്യമായിരുന്നു ദേശീയവരുമാനം നിക്ഷേപിച്ചിരുന്ന ബാങ്കുകളുടെ ദേശസാല്‍ക്കരണവും പ്രിവിലേഴ്‌സ് നിര്‍ത്തലാക്കലും. കൊട്ടിഘോഷിക്കപ്പെട്ട ഈ സാമ്പത്തികപരിഷ്‌കരണത്തിന്റെ ലക്ഷ്യം കുത്തകമൂലധനവുമായി ഇഴുകിചേര്‍ന്ന ദേശീയ സമ്പത്ത് വിനിയോഗിച്ചുള്ള സമ്പദ്ഘടനയുടെ മേലുള്ള നിയന്ത്രണണായിരുന്നു. ഇതോടൊപ്പം ബാങ്കിംഗ് മൂലധനം കാര്‍ഷിക – വ്യവസായിക സംരംഭങ്ങള്‍ക്ക് ലഭ്യമായതോടെ, ആഭ്യന്തരവിപണി വിപുലമാകുകയും പരിമിതമായ കയറ്റുമതി സാധ്യമാകുകയും ചെയ്തു. കുത്തകമൂലധനത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രിവിലേഴ്‌സ് നിര്‍ത്തലാക്കിയത്, കാര്‍ഷികമേഖലയിലെ ഫ്യൂഡല്‍ ബന്ധങ്ങളെ ദുര്‍ബ്ബലമാക്കി മുതലാളിത്തോല്‍പ്പാദനത്തിന് വഴിയൊരുക്കുന്നതായിരുന്നു. ഇപ്രകാരം വിവിധരാജ്യങ്ങളില്‍ സര്‍വ്വശക്തമായി തീര്‍ന്ന മൂലധനത്തിനോ, അതിനെ പരിരക്ഷിച്ച രാഷ്ട്രീയനേതൃത്വത്തിനോ സാമ്പത്തിക – സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ലോകമെമ്പാടും വിവിധരീതിയിലുള്ള പ്രക്ഷോഭങ്ങളും സായുധകലാപങ്ങളും ഭരണകൂടങ്ങളുടെ മാറ്റങ്ങളും രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ചിതറികിടക്കുന്ന കുത്തകമൂലധനത്തിന്റെ കേന്ദ്രീകരണവും വിപണിയധിഷ്ഠിതമായ കോര്‍പ്പറേറ്റ്വല്‍ക്കരണവും നടന്നത്. ലോകബാങ്കിന്റേയും ഐഎംഎഫിന്റേയും മുന്‍കൈയില്‍ നടന്ന ഈ സാമ്പത്തികവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീയമായി നിലനിന്ന കുത്തകകള്‍ ആഗോളവിപണിയുടെ ഭാഗമായെന്ന് മാത്രമല്ല ഭൂഗോളത്തിലെവിടേയും മൂലധനനിക്ഷേപം നടത്തുന്നവരായി മാറുകയും ഉല്‍പ്പന്നങ്ങള്‍, സാങ്കേതികജ്ഞാനം, മൂലധനം, മനുഷ്യാധ്വാനം എന്നിവയുടെ ഇറക്കുമതിക്കും കയറ്റുമതിക്കും ദേശരാഷ്ട്രങ്ങളുടെ വിലക്കുകള്‍ ഇല്ലാതാവുകയും ചെയ്തു. ഈ കടമകളുടെ നിര്‍വ്വഹണം നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണകൂടങ്ങളില്‍ നിക്ഷിപ്തമാകുകയും ചെയ്തു. ഇപ്രകാരമുള്ള നിയമങ്ങളുടെ പിന്‍ബലമാണ് കോര്‍പ്പറേറ്റുകളുടെ രക്ഷാകവചമായിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സമ്പന്നരായിരുന്ന കുത്തകകളും കോര്‍പ്പറേറ്റുകളും ദേശീയമൂലധനത്തിനുമേലുള്ള സാമൂഹ്യനിയന്ത്രണം ഇല്ലാതാക്കി, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ അമിഷേധ്യഭാഗമാക്കാനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. മറ്റൊരു കാരണവുമുണ്ട്. ഉല്‍പ്പാദനമേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ നികുതിയേതരവരുമാനം ഗണ്യമായി കുറഞ്ഞു. മാത്രമല്ല, അടിക്കടിയുള്ള നികുതിവര്‍ദ്ധനവ് ജനരോഷം ഉയര്‍ന്നുവരാനും കാരണമായി. ഇത്തരമൊരവസ്ഥയില്‍ സര്‍ക്കാരിന്റെ ചിലവുകള്‍ നടത്തിയതും വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം കണ്ടെത്തിയതും ഓഹരി വിറ്റഴിക്കലില്‍ നിന്നുതന്നെയാണ്. 2008ല്‍ നേരിട്ട സാമ്പത്തികമാന്ദ്യത്തെ അമേരിക്ക മറികടന്നത് ബാങ്കിംഗ് മൂലധനവും സര്‍ക്കാരിന്റെ റിസര്‍ച്ച് ഫണ്ടും കുത്തകകളിലേക്കൊഴുക്കിയാണ്. ഇന്ത്യാഗവണ്മന്റ് അതിജീവിച്ചത് സ്വദേശിയും വിദേശിയുമായ കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേഖലാ ഓഹരി വിപണിയെ മലര്‍ക്കെ തുറന്നിട്ടാണ്. ഈ നടപടിയെയാണ് മന്‍മോഹന്‍സിംഗിന്റെ നേട്ടമായി വാഴ്ത്തപ്പെടുന്നത്. ഇപ്രകാരം വിപണിയില്‍ നിന്നുള്ള ലാഭത്തോടൊപ്പം ബാങ്കിംഗ് മൂലധനവും പരിധിയില്ലാതെ ലഭിച്ചതോടെയാണ് കോര്‍പ്പറേറ്റുകള്‍ ഹോട്ടല്‍, ഓട്ടോമൊബൈല്‍, ടൂറിസം, വിവരസാങ്കേതികം എന്നീ മേഖലകളില്‍ അനിയന്ത്രിതമായി നടത്തിയ നിക്ഷേപം ഇതോടെ രൂപപ്പെട്ട അമിതോല്‍പ്പാദനവും മത്സരവും ഉല്‍പ്പാദനമേഖലകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കാരണമായി തീര്‍ന്നു.

മാത്രമല്ല, കോര്‍പ്പറേറ്റുകള്‍ ദേശീയ വിഭവമേഖലകളില്‍ കടന്നു കയറിയതോടേയും ഇറക്കുമതിയിലൂടെ പ്രാദേശികവിപണികളിലൂടെ ഉല്‍പ്പന്നങ്ങളെ പുറന്തള്ളിയതോടേയും രൂപം കൊണ്ട ദാരിദ്ര്യത്തിന്റേയും സാമ്പത്തിക തകര്‍ച്ചയുടേയും ഫലമായി വ്യാപകമായ രോഷം ഉയര്‍ന്നുവരാനിടയായി. ഇത്തരം ജനകീയാസ്വസ്ഥതകളെ തടഞ്ഞുനിര്‍ത്താന്‍ ഒരുവശത്ത് തൊഴിലുറപ്പു പോലുള്ള പദ്ധതികളും സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചും ഐടി.ടൂറിസംപോലുള്ള മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ വിന്യസിച്ചും വിപണി സമ്പദ്ഘടനയുടെ ഭാഗമാക്കി. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലടക്കം ചെറുകിടോല്‍പ്പാദനവും വ്യാപാരമേഖലയും വികസിച്ചതോടെ അതിര്‍ത്തികള്‍ അതിവര്‍ത്തിച്ചുള്ള തൊഴിലന്വേഷകരുടെ വന്‍നിര രൂപം കൊള്ളുകയും വീടും ജന്മനാടും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ചുള്ള തൊഴില്‍ കുടിയേറ്റങ്ങള്‍ സാര്‍വ്വത്രികമായിത്തീര്‍ന്നു. കോര്‍പ്പറേറ്റ് മൂലധനം വിപണിയെ കീഴടക്കിയതോടെ രൂപപ്പെട്ട മത്സരത്തില്‍ ഇടപെട്ട ചൈന, വന്‍കിട ഉല്‍പ്പാദനത്തോടൊപ്പം ചെറുകിട ഉല്‍പ്പാദനത്തെ വികേന്ദ്രീകരിച്ചും നിത്യോപയോഗവസ്തുക്കളെ പരിഷ്‌കരിച്ചും ഉല്‍പ്പാദനത്തിലൊരു പുതിയ മാതൃക സൃഷ്ടിച്ചു. ഇപ്രകാരം സൃഷ്ടിക്കപ്പെട്ട ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വികസിത രാജ്യങ്ങളിലെ പിന്നണി ജനതകളിലും അവികസിത രാജ്യങ്ങളില്‍ സാര്‍വ്വത്രികമാക്കിയുമാണ് ആഗോളവിപണിയില്‍ അധീശത്വം പുലര്‍ത്തിയത്. ഇതാണ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യാപാരയുദ്ധമായറിയപ്പെടുന്നത് ഈ യുദ്ധത്തില്‍ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങള്‍ ദേശീയവിപണിയിലേക്കുള്ള ഉല്‍പ്പന്നങ്ങളുടെ ഒഴുക്ക് തടയാന്‍ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കുക, കുടിയേറ്റങ്ങളെ നിയന്ത്രിച്ച് തദ്ദേശീയ തൊഴിലുകളുടെ ഉപയോഗം നിര്‍ബന്ധമാക്കുക എന്നീ നടപടികളാണ്. ഈ വിപണിനിയന്ത്രണം മൂലധനത്തിന്റെ ആഗോളവ്യാപനത്തിന് പ്രതിബന്ധമായതോടെ കോര്‍പ്പറേറ്റ് ഉത്പാദന മേഖല തകര്‍ച്ചയെ നേരിട്ടു തുടങ്ങി. ഇത്, വന്‍കിട ഉല്‍പ്പാദനത്തെയും വിതരണത്തേയുമാണ് പ്രതിസന്ധിയിലാക്കിയത്. ഇതിനുള്ള പരിഹാരമായി കണ്ടെത്തിയ മാര്‍ഗ്ഗം ബാങ്കിംഗ് മൂലധനമായ ദേശീയവരുമാനമിച്ചം കോര്‍പ്പറേറ്റുകള്‍ക്ക് ലഭ്യമാക്കുകയാണ്. അതിന്റെയടിസ്ഥാനത്തി്‌ലാണ് വിവിധരാജ്യങ്ങള്‍ ഓട്ടോമൊബൈല്‍, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് എന്നീമേഖലകളിലേക്ക് ബാങ്കിംഗ് മൂലധനം ഒഴുക്കിയത്. ഇപ്രകാരം പുതുജീവന്‍ നേടുന്ന വിപണിയുടെ നിലനില്‍പ്പിനായി ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്നവിധം പണം ജനങ്ങളുടെ കൈയിലെത്തിക്കണമെന്നാണ് തോമസ് പിക്കെററ്ി, അഭിജത് ബാനര്‍ജി, രഘുറാം രാജന്‍, തോമസ് ഐസക് എന്നീ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്. ബാങ്കിംഗ് മൂലധനത്തില്‍ നിന്നും ജനങ്ങളിലെത്തുന്ന പണം ഉപഭോഗവിപണിയിലേക്ക് മാത്രം ലഭ്യമാകുന്നതോടെ ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും സാമ്പത്തികനയത്തിന് വിധേയമായ കോര്‍പ്പറേറ്റ് മൂലധനകുഴപ്പം പരിഹരിക്കപ്പെടില്ലെന്നുറപ്പാണ്.

വന്‍കിട അനുബന്ധമേഖലകള്‍ അഭിമുഖീകരിച്ച പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് കോര്‍പ്പറേറ്റുകള്‍ വ്യാപാര ഉപഭോഗ വിപണിയിലേക്കുള്ള കടന്നുകയറ്റം നടത്തിയത്. ഈ ലക്ഷ്യത്തോടെ വാള്‍മാര്‍ട്ടും റിലയന്‍സും ആരംഭിച്ച മാളുകള്‍ വിജയം കൈവരിച്ചില്ല. കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും മുഖ്യമായത് വിദൂരഗ്രാമങ്ങളില്‍ നിന്നും സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നഗരങ്ങളിലെ വിപണനകേന്ദ്രങ്ങളിലൂടെയുള്ള വില്‍പ്പനയാണ്. ഇത്തരം മാളുകളിലെ ഉപഭോക്താക്കളേറേയും വാഹനങ്ങളുള്ള, സാമ്പത്തികശേഷിയുള്ള മധ്യവര്‍ഗ്ഗവും സമ്പന്നരുമാണ്. ജനസംഖ്യയിലെ ബഹുഭൂരിപക്ഷമായ ദരിദ്രരും താഴ്ന്ന വരുമാനമുള്ള ഇടക്കാരും ആശ്രയിച്ചത് പ്രാദേശിക വിപണികളെയോ ചെറുകിട കച്ചവട സ്ഥാപനങ്ങളേയോ ആയിരുന്നു. മാളുകള്‍ അഭിമുഖീകരിച്ച മറ്റൊരു പ്രശ്‌നം ഉല്‍പ്പന്ന സംഭരണത്തിനായുള്ള വര്‍ദ്ധിച്ച ചിലവുകളാണ്. വിദൂരഗ്രാമങ്ങളില്‍ ചിതറി കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍, കര്‍ഷകര്‍ക്കു നല്‍കുന്ന വില, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ്, ഫ്രീസറില്‍ സൂക്ഷിക്കാനുള്ള ചിലവ് എന്നിവമൂലം മാളുകളിലെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശികവിപണിയേക്കാള്‍ കൂടിയ വിലക്കാണ് വില്‍ക്കേണ്ടിവന്നത്. വിലകയറ്റം എക്കാലത്തും പ്രക്ഷോഭണത്തിന് കാരണമായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കും ഉപഭോക്താവിനുമുള്ള വിപണിവില കുറക്കാനും കഴിയുമായിരുന്നില്ല. ഇക്കാര്യങ്ങളേക്കാള്‍ ഏറെ പ്രസക്തമായത് മറ്റു മേഖലകളിലെന്നപോലെ സര്‍ക്കാരിന്റെ സഹായം ലഭിക്കാതിരുന്നതാണ്. ഇതിനുകാരണം തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഗ്രാമീണജനതയെ അവണിക്കാന്‍ കഴിയാതെ വന്നതാണ്. മുതലാളിത്ത വളര്‍ച്ചയുടെ പ്രാഥമികഘട്ടങ്ങളില്‍ ആദിമമൂലധന സമാഹരണം നടന്നതെങ്ങിനെയാണ് മാര്‍ക്‌സ് വ്യക്തമാക്കുന്നുണ്ട്. പില്‍ക്കാലത്ത് ധനമൂലധനത്തെ സര്‍വ്വശക്തമാക്കിയതാണെങ്കില്‍ ഇറ്റലിയിലും ജര്‍മ്മനിയിലും സൈനികസേച്ഛാധിപത്യത്തിന്റേയും അടിമപണിയുടേയും പിന്‍ബലത്തിലൂടേയുമാണ്. അങ്ങനെയാണ് പ്രാദേശിക – ഗ്രാമീണ മൂലധനത്തെ കുത്തകമൂലധനത്തിന് വിധേയമാക്കിയത്. ഇത്തരം ചരിത്രപാഠങ്ങളിലൂടെയായിരിക്കണം വര്‍ത്തമാനകാല പ്രതിസന്ധിയെ വിലയിരുത്തേണ്ടത്.

ഇന്ത്യയടക്കമുള്ള വിവിധരാജ്യങ്ങളില്‍ ഐഎംഎഫും ലോകബാങ്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള സമ്പദ്ഘടന നേരിട്ടുകൊണ്ടിരിക്കുന്ന തകര്‍ച്ചക്ക് ആക്കം കൂട്ടുന്നതാണ് കൊവിഡ് 19 എന്ന മഹാമാരി. മരുന്നോ വാക്‌സിനോ ഇല്ലാത്ത ഈ രോഗം ജനലക്ഷങ്ങളെ ഈയാംപാറ്റകളെ പോലെ ദുരിതത്തിലാഴ്ത്തി കൊന്നൊടുക്കുമ്പോള്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ആരോഗ്യപരിപാലനത്തിനും ദേശീയവരുമാനത്തില്‍ ഗണ്യമായ വിഹിതം നല്‍കാതേയും ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിച്ചവരുമായ ഗവണ്മന്റുകള്‍ മഹാമാരിക്കുമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. അവര്‍ക്കു നിര്‍ദ്ദേശിക്കാനുള്ള ഏകമാര്‍്ഗ്ഗം സാമൂഹ്യ അകലം മാത്രമാണ്. അതാകട്ടെ പുതിയ കാര്യമല്ല, പ്രാചീനകാലം മുതല്‍ അനുഷ്ഠിച്ചു വരുന്നതാണ്. വൈദ്യശാസ്ത്രം കാര്യമായ വളര്‍ച്ച നേടാതിരുന്ന കാലഘട്ടത്തില്‍ ജനങ്ങള്‍ അനുഭവങ്ങളില്‍ നിന്നോ ആദിമകാല ഭിഷഗ്വരന്മാരായ മന്ത്രവാദികളുടെയോ വൈദ്യന്മാരുടേയോ നിര്‍ദ്ദേശങ്ങളില്‍ നിന്നോ ആയിരിക്കണം പകര്‍ച്ചവ്യാധികള്‍ക്കെതിരായ സാമൂഹ്യ അകലം കണ്ടെത്തിയത്. സാമൂഹ്യ അകലത്തിന്റെ അഭാവത്തില്‍ ശാരീരിക അകലം പാലിക്കാതിരുന്ന പട്ടാളക്കാര്‍, യുദ്ധസന്നദ്ധരായ കൂട്ടങ്ങള്‍ ഒന്നാകെ മരിച്ചുവീണതോടെയാണ് പ്രാചീനസാമ്രാജ്യങ്ങള്‍ നിലം പതിച്ചത്. പില്‍കാലത്തുണ്ടായ വസൂരി, പ്ലേഗ് പോലുള്ള രോഗങ്ങള്‍ നാഗരികതയുടം അനസ്യൂത വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തിയാണ് പിന്മാറിയത്. പകര്‍ച്ചാവ്യാധികള്‍ മാത്രമല്ല, യുദ്ധങ്ങളും മനുഷ്യരാശിക്ക് ഏറെ മരണം നല്‍കിയിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധത്തില്‍ പൊലിഞ്ഞുപോയത് എട്ടുകോടി മനുഷ്യരുടെ ജീവനുകളാണ്. ഇത്തരം ദുരന്തങ്ങളേക്കാള്‍ കുറഞ്ഞതോതില്‍ മാത്രമായിരിക്കും കൊവിഡ് 19 മരണം വിതക്കൂ എന്ന് ശാസ്ത്രലോകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ മഹാമാരിക്കെതിരായ പ്രതിരോധമാണ് ദുരന്തമായിരിക്കുന്നത്. മരുന്നോ വാക്‌സിനോ ഇല്ലാത്ത അര്‍ബുദം, എയ്ഡ്‌സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ മാനവരാശിക്ക് ഭീഷണിയാണെങ്കിലും കൊവിഡ് ആഗോളവ്യാപകമായതും സമ്പര്‍ക്കം പാടില്ലാത്തതുമാണ് കൂടുതല്‍ പ്രതിസന്ധിയായിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കനിരോധം കയറ്റുമതിയേയും ഇറക്കുമതിയേയും ഗുരുതരമായി ബാധിച്ചതോടെ ദേശീയ സമ്പദ്ഘടന ശിഥിലമായി. ജനങ്ങള്‍ക്കിടയിലെ അകലം കൊടുക്കല്‍ വാങ്ങലുകളെ മാത്രമല്ല, വിതരണത്തേയും വിപണിയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതോടെ രൂപപ്പെട്ടിരിക്കുന്ന ചലനരാഹിത്യത്തെ മറികടക്കാനുള്ള മാര്‍ഗ്ഗമായി മാറിയിരിക്കുന്നത് കൊറോണക്കൊപ്പം ജീവിക്കുക എന്ന നിര്‍ദ്ദേശമനുസരിച്ച് റെഡ് സോണുകളേയും ഹോട്ട് സ്‌പോട്ടുകളേയും ലോക് ചെയ്ത് വിപണിയെ തുറക്കുകയാണ്.

യുദ്ധങ്ങളുടേയും മഹാമാരികളുടേയും ബാക്കിപത്രം ക്ഷാമമാണ്. മുന്‍കാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങളടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ ദൗര്‍ല്ലഭ്യമാണ് അതിനു കാരണമായിരുന്നത്. ഇപ്രകാരം രൂപപ്പെട്ട ഭക്ഷ്യക്ഷാമത്തെ നേരിടാനാണ് കബോഡിയയും ചൈനയുമടക്കമുള്ള രാജ്യക്കാര്‍ പാറ്റകളേയും പുഴുക്കളേയും കൂടുതല്‍ ജീവിവര്‍ഗ്ഗങ്ങളേയും ആഹാരമാക്കാന്‍ തുടങ്ങിയത്. ഇന്നാകട്ടെ ക്ഷാമത്തിനാധാമായിരിക്കുന്നത് വിപണിയുടെ തകര്‍ച്ചയാണ്. അനുബന്ധമായ ഉല്‍പ്പാദനക്കുറവ്, ഉല്‍പ്പന്നങ്ങളുടെ ലഭ്യതയില്ലായ്മ, പണത്തിന്റെ അഭാവം, ഉല്‍പ്പന്നസംഭരണത്തിനും വിതരണത്തിനുമുള്ള പ്രതിബന്ധങ്ങള്‍, പ്രദേശങ്ങള്‍ തമ്മിലുള്ള ക്രയവിക്രയം, വാഹനങ്ങളിലൂടെയുള്ള ചരക്കുനീക്കം എന്നിങ്ങനെയുള്ള വിവിധകാരണങ്ങളാണ് ചൂണ്ടികാട്ടാനുള്ളത്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാകാം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരത്തെ പത്രസമ്മേളനങ്ങളില്‍ കപ്പനടീല്‍, പച്ചക്കറികൃഷി, കാലി വളര്‍ത്തല്‍, കോഴി – മത്സ്യം വളര്‍ത്തല്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. കേന്ദ്രം 20 ലക്ഷം കോടിയുടെ ഉത്തേജകപാക്കേജ് പ്രഖ്യാപിക്കാനും കാരണം മറ്റൊന്നല്ല

ഉത്തേജകപാക്കേജിന്റെ മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമായ കൊവിഡ് 19നെ കുറിച്ചൊന്നും പറഞ്ഞില്ല. ദേശവ്യാപകമായ പ്രതിരോധത്തിന്റെ പ്രശ്‌നങ്ങളെകുറിച്ചും സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന അതിജീവനശ്രമങ്ങളെകുറിച്ചും ദുരന്തത്തിനിരയാകുന്ന ജനലക്ഷങ്ങളെകുറിച്ചും നിശബ്ദത പാലിച്ചു. കാരണമാവട്ടെ ജനങ്ങളുടെ ദുരിതത്തേയും പട്ടിണിയേയും നേരിടുകയെന്നതിനപ്പുറം കൊവിഡ് 19ന്റെ പിന്‍ബലത്തില്‍ കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുക എന്നതാണ്. ഇതിനുള്ള അര്‍ഹത നേടിയത് വംശീയവും മതാത്മകവുമായ വിഭജനം സൃഷ്ടിച്ചും ശാസ്ത്രബോധത്തിനും യുക്തിചിന്തക്കും അന്യമായ ‘വിശ്വാസ’ത്തെ സ്ഥാപനവല്‍ക്കരിച്ചുമാണ്. അനുബന്ധമായി ചില മിനുക്കുപണികള്‍ക്കപ്പുറം സമ്പദ്ഘടനയുടെ പൊളിച്ചെഴുത്തിനുള്ള ദിശാബോധം നല്‍കാന്‍ ഇടതുപക്ഷമടക്കം പ്രതിപക്ഷമില്ലാതിരിക്കെ, മോദിയിലൂടെയോ അതുപോലുള്ള ഭരണാധികാരികളിലൂടേയോ കോര്‍പ്പറേറ്റുകള്‍ നേട്ടങ്ങള്‍ കൊയ്‌തെടുക്കുമെന്നുറപ്പാണ്. മോദിയുടെ പ്രസംഗവും അതുതന്നെയാണ് പറഞ്ഞത്.

കോര്‍പ്പറേറ്റുകള്‍ കെട്ടിപ്പൊക്കിയ വന്‍കിട അനുബന്ധ വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചുള്ള ദേശീയസമ്പദ്ഘടനക്ക് പുതുജീവന്‍ നല്‍കാനും സമ്പദ്ഘടനക്കു മേലുള്ള നിയന്ത്രണം നിലനിര്‍ത്താനും മുന്‍കാലങ്ങളില്‍ അവഗണിച്ച കാര്‍ഷിക – കൈത്തൊഴില്‍ – ചെറുകിട മേഖലയെ വിപണിയുടെ ഭാഗമാക്കുകയാണ്. ഇപ്പോള്‍ ചലനരഹിതമായിരിക്കുന്ന രാജ്യാന്തരവിപണി സജീവമാകുമ്പോള്‍ ഉല്‍പ്പന്നവൈവിധ്യത്തിലൂടെയും വിലക്കുറവിലൂടേയും ആഡംബരവസ്തുക്കളുടെ നിര്‍മ്മാണം കുറച്ചും അമേരിക്കയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍, മത്സരത്തിലൂടേയും ഒത്തുതീര്‍പ്പിലൂടേയും ദേശീയസമ്പദ്ഘടനകളെ നിയന്ത്രണത്തിലാക്കുമ്പോള്‍ പ്രാദേശിക വിഭവങ്ങളേയും മനുഷ്യാധ്വാനത്തേയും വിന്യസിച്ച്, വിപുലമായൊരു വിപണി സൃഷ്ടിക്കാനായി പ്രാദേശിക വിഭവ സമ്പത്തുകള്‍ കൈയടക്കുകയും അധ്വാനമേഖലയില്‍ അന്യവല്‍കൃതരായ തൊഴിലാളികളെ നിയമനിര്‍മ്മാണങ്ങളിലൂടെ അടിമവേലക്കാരാക്കുകയാണ് ലക്ഷ്യം. അതുകൊണ്ടാണ് മോദി ധനകേന്ദ്രീകൃത സമ്പദ്ഘടനയുടെ സ്ഥാനത്ത് മനുഷ്യകേന്ദ്രീകൃത സമ്പദ്ഘടനയെ സ്ഥാപിക്കുന്നത്. അനുയായികളുടെ ജയാരവങ്ങളാലും എതിരാളികളുടെ ചില്ലറ ഭേദഗതിനിര്‍ദ്ദേശങ്ങളാലും മഹാത്ഭുതമായി മാറിയിരിക്കുന്ന ഈ സമ്പദ്ശാസ്ത്രം സൃഷ്ടിക്കുന്ന തൊഴില്‍ മേഖലയില്‍ അടിമപ്പണിക്കാരാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് ദലിതരും ആദിവാസികളും പാര്‍ശ്വവല്‍കൃതരുമാണ്. ഈ ജനവിഭാഗങ്ങളെ വകഞ്ഞുമാറ്റി ഇതരസാമൂഹ്യവിഭാഗങ്ങള്‍ കടന്നുവരികയാണെങ്കില്‍ ക്ഷാമംമൂലമുള്ള പട്ടിണിമരണം ദളിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമായിരിക്കും.

ദേശീയജീവിതത്തെ മൂടിയിരിക്കുന്ന കുഴപ്പങ്ങളില്‍ നിന്നും കേരളവും അകലെയല്ല. ഭക്ഷ്യോല്‍പ്പാദനത്തിലും ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മിതിയിലും ഏറെപിന്നോക്കം നില്‍ക്കുന്ന സമ്പദ്ഘടനയുടെ അടിത്തറയായിരുന്നത് വാണിജ്യോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും മനുഷ്യാധ്വാനത്തിന്റെ വ്‌ന്യാസവുമായിരുന്നു. ഇതിനായുള്ള പ്രത്യയശാസ്ത്രമണ്ഡലം സൃഷ്ടിച്ചത് 1957ല്‍ പ്രഥമ കമ്യൂണിസ്റ്റ് ഗവണ്മന്റ് തുടക്കമിട്ട ഭൂപരിഷ്‌കരണമാണ്. പാട്ടക്കാര്‍, വാരക്കാര്‍ എന്നിങ്ങനെ ദളിതേതര ജനങ്ങളെ ഭൂവുടമസ്ഥതയിലേക്കുയര്‍ത്തിയ ഭൂപരിഷ്‌കരണം ജനസംഖ്യയിലെ ഗണ്യമായൊരു വിഭാഗത്തെ ചേരികള്‍ക്കു സമാനമായ തുണ്ടുഭൂമികളിലേക്കും ഹരിജന്‍-ലക്ഷം വീട് കോളനികളിലേക്കും തള്ളിനീക്കി. തന്മൂലം ഭൂമി ഉപാധിയാക്കി വിദേശജോലികളടക്കമുള്ള സാധ്യതകള്‍ കൈവരിച്ചവരില്‍ ദളിതര്‍ ഉണ്ടായിരുന്നില്ല. കേരളത്തിലേക്ക് ഒഴുകിയെത്തിയ പണം സമ്പദിഘടനയെ ധനകേന്ദ്രീകൃതമാക്കുകയും ഉല്‍പ്പാദനമേഖലയെ പുറംതള്ളുകയുമാണ് ചെയ്തത്. ഫലമോ വിഭവോല്‍പ്പാദനത്തേക്കാള്‍ പണം സര്‍വ്വശക്തമായി മാറി. ഈ പണാധിപത്യത്തെ സ്ഥാപനവല്‍ക്കരിക്കുംവിധം സമ്പദ്ഘടനയെ പുനസംഘടിപ്പിക്കുന്നതിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കൊവിഡാനന്തര സമ്പദ്ഘടനയില്‍ മുഖ്യപങ്കാളിത്തം വഹിക്കുന്നത് മടങ്ങിവരുന്ന പ്രവാസികളോ കാര്‍ഷിക – വ്യാപാര രംഗങ്ങളിലൂടെ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നവരോ ആയിരിക്കും. ഈ വിഭാഗം കായികാദ്ധ്വാനം വരെ കയ്യടക്കുമ്പോള്‍ പുറന്തള്ളപ്പെടുന്നത് ദളിതരും ആദിവാസികളുമായിരിക്കും. 1957ലെ ഭൂപരിഷ്‌കരണം ഈ ജനവിഭാഗത്തിന് വിധിച്ചത് തുണ്ടുഭൂമിയും കോളനി ജീവിതവുമായിരുന്നെങ്കില്‍ വര്‍ത്തമാനകാലം നല്‍കുന്നത് പട്ടിണിമരണമോ അതിദാരുണമായ ജീവിതാവസ്ഥയോ ആയിരിക്കും. ഇതിനപ്പുറം വഴി തുറക്കാന്‍ ഇടതുപക്ഷത്തിനോ പ്രസക്തി നഷ്ടപ്പെട്ട പ്രതിപക്ഷത്തിനോ കഴിയില്ലെന്നുറപ്പാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം 20 ലക്ഷം കോടിയുടെ പാക്കേജിനേയും പിണറായി വിജയന്റെ സമ്പദ് ദര്‍ശനങ്ങളേയും പുനര്‍വായിക്കേണ്ടത്.

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply