The Constitution is not a gate but a road
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തലേന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നടത്തിയ വിധി സുപ്രധാനവും ദൂരവ്യാപക മാനങ്ങളുള്ളതുമാണ്. ഭരണഘടനയെ അട്ടിമറിക്കാനും സാമൂഹ്യ ഘടനയെ ഏകശിലാത്മകമായി പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വിധിന്യായത്തിന് ഏറെ പ്രസക്തിയുണ്ട്.
ഭരണഘടനയെന്ന വിളക്കുമരത്തിന് 75 വയസ്സ് തികഞ്ഞിരിക്കുകയാണ്. നാം ജനങ്ങള്‍ തന്നെ സൃഷ്ടിച്ച് നമുക്കു തന്നെ 1949 ജനുവരി 26 നു ഈ നിയമ സംഹിത കൈമാറിയതിന്റെ സ്മൃതി മുഹൂര്‍ത്തം. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്താതിരുന്ന പാശ്ചാത്യ പണ്ഡിതരെയും എത്ര കാലം ഈ ജനാധിപത്യവൃക്ഷം നിലനില്‍ക്കുമെന്ന് ആശങ്കകള്‍ വച്ചുപുലര്‍ത്തിയ ജിജ്ഞാസുക്കളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യയെന്ന രാജ്യം
ജനാധിപത്യത്തെ ആശ്ലേഷിച്ചും ബഹുസ്വരമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്തും നിലനില്‍ക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഭരണഘടനയാണ്. ഭരണഘടനയുടെ വികാസപരിണാമ പ്രക്രിയകള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. 1946 ഡിസംബര്‍ മുതല്‍ 11 സെഷനുകളിലായി 165 ദിവസം ചര്‍ച്ച ചെയ്തു മൂന്നുവര്‍ഷമെടുത്തു രൂപപ്പെടുത്തിയതാണ് ഇന്ത്യന്‍ ഭരണഘടനയെങ്കിലും അതിന്റെ ആദ്യ പൊടിപ്പുകള്‍ അങ്കുരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിലും ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാരിന് വേണ്ടിയുള്ള മുന്നേറ്റങ്ങളിലുമാണ്. പാര്‍ലമെന്‍ന്ററി ജനാധിപത്യം, പൗര സ്വാതന്ത്ര്യം, തുല്യ നീതി,അവസര സമത്വം തുടങ്ങിയ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളുകയും ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുപ്പുകള്‍ വഴി പ്രാദേശികതലം മുതല്‍ കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ജനാധിപത്യമെന്ന ആശയത്തെ സംഘടനയുടെയും രാജ്യത്തിന്റെയും മൂലമന്ത്രമായി സ്വീകരിച്ചു.1916 ല്‍ തന്നെ പ്രാദേശിക നിയമനിര്‍മ്മാണ സഭകളിലെ അഞ്ചില്‍ നാല് ഭാഗം അംഗങ്ങളെ കഴിയാവുന്നത്ര വിശാലമായ വോട്ടവകാശത്തിലൂടെ ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസും ലീഗും സംയുക്തമായി ആവശ്യപ്പെടുന്നുണ്ട്.1918 ല്‍ ഡല്‍ഹിയില്‍ വച്ച് നടന്ന എഐസിസി സമ്മേളനം സ്വയം നിര്‍ണയാവകാശത്തിന് അര്‍ഹതയുള്ള പുരോഗനാത്മകമായ രാഷ്ട്രമായി ഇന്ത്യയെ അംഗീകരിക്കണം എന്നാവശ്യപ്പെട്ടു.
1928 മെയ് മാസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സര്‍വകക്ഷി യോഗം ഭാരതത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ രൂപീകരിക്കുന്നതിന് മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.1928 ആഗസ്റ്റ് 10 ന് സമര്‍പ്പിക്കപ്പെട്ട കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളുടെ രൂപരേഖയായി മാറി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഭരണഘടന നിര്‍മ്മാണ സഭ എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത് എം.എന്‍ റോയി ആണെങ്കിലും 1934 ലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉന്നയിക്കപ്പെടുമ്പോഴാണ് ആ ആവശ്യം കൂടുതല്‍ സജീവമാകുന്നത്. തുടര്‍ന്നുള്ള കോണ്‍ഗ്രസ് സമ്മേളനങ്ങളിലും ഈ ആവശ്യം നിരന്തരം ഉന്നയിക്കപ്പെട്ടു. 1942ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലൂടെ ഇന്ത്യ വിട്ടുപോകണമെന്ന് (ക്വിറ്റ് ഇന്ത്യ) കോണ്‍ഗ്രസ് ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടു. ഭരണഘടനാനിര്‍മ്മാണ സഭയ്ക്കു വേണ്ടിയുള്ള പാര്‍ട്ടിയുടെ പോരാട്ടം തുടരുമെന്നും അത് പ്രഖ്യാപിച്ചു. അവസാനം 1946 ല്‍ ഭരണഘടനാ നിര്‍മാണ സഭയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
സഭയെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞു: ‘ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രഥമ കര്‍ത്തവ്യം ഒരു പുതിയ ഭരണഘടന വഴി ഇന്ത്യയെ സ്വതന്ത്രയാക്കുകയും പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയും നഗ്‌നലക്ഷങ്ങള്‍ക്ക് വസ്ത്രം നല്‍കുകയും ഓരോ ഇന്ത്യക്കാരനും കഴിവിനൊത്ത് വളരുന്നതിനുള്ള അവസരം പൂര്‍ണമായി ഒരുക്കുകയുമാകുന്നു.
ജനസംഖ്യാനുപാതികമായാണ് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത്. 389 അംഗങ്ങള്‍ സമിതിയില്‍ ഉള്‍പ്പെട്ടു.ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായി ക്യാബിനറ്റ് മിഷന്‍ അംഗീകരിച്ചിരുന്നത് സിക്കുകാരെയും മുസ്ലീങ്ങളെയും മാത്രമായിരുന്നു എന്നതുകൊണ്ട് സമിതിയില്‍ പട്ടികജാതിക്കാര്‍, ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍സ്, ആദിവാസികള്‍, പാര്‍സികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള നിര്‍ദ്ദേശം എഐസിസി പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നല്‍കി.16 പ്രശസ്ത മഹദ് വ്യക്തികളെ കോണ്‍ഗ്രസ് ലിസ്റ്റിലേക്ക് ഗാന്ധിജി നാമനിര്‍ദേശം ചെയ്തു.അങ്ങനെ കോണ്‍ഗ്രസുകാര്‍ അല്ലാത്ത 30 പേര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗങ്ങളായി ‘ഇത് സഭയുടെ പ്രത്യയശാസ്ത്ര വര്‍ണ്ണരാജിയെ കൂടുതല്‍ വികസിപ്പിച്ചു’ എന്ന് ഗ്രാന്‍വില്‍ ഓസ്റ്റിനെപ്പോലുള്ള ചരിത്രകാരന്‍ എഴുതുന്നുണ്ട്. വേറിട്ട ശബ്ദങ്ങളും വിഭിന്നമായ ആശയങ്ങളും വാദപ്രതിവാദങ്ങളും കൊണ്ട് നിറഞ്ഞ ആ ചര്‍ച്ചകള്‍ സംവാദത്തില്‍ നിന്നും സമന്വയത്തിലേയ്ക്ക് വികസിച്ചു.പൗരാണിക മൂല്യങ്ങളെയും ആധുനിക നീതി സങ്കല്‍പ്പങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് ഭരണഘടന തയാറാക്കപ്പെടുമ്പോള്‍ അത് ലോകത്തെത്തന്നെ ഏറ്റവും ബൃഹത്തും മികച്ചതുമായ ഭരണഘടനകളിലൊന്നായി മാറി.
സ്വാതന്ത്ര്യത്തിലേക്കു കാല്‍വച്ചു തുടങ്ങിയ പുതിയ ഇന്ത്യയ്ക്കുള്ള വഴിയും ദിശാസൂചിയുമായി പിന്നീടു ഭരണഘടന മാറി. സ്വേച്ഛാധിപത്യത്തിലേയ്‌ക്കോ മതാധിപത്യത്തിലേയ്‌ക്കോ രാജ്യം വീണു പോയേക്കുമോ എന്നു തോന്നിപ്പിച്ച സന്ദര്‍ഭങ്ങളില്‍ പരിചയും പ്രതീക്ഷയുമായി അതുയര്‍ന്നു നിന്നു. വിഭജനത്തിന്റെ സംഘര്‍ഷങ്ങളും ചോരക്കറ കളും; ജാതി മത ഭിന്നതകള്‍, പ്രാദേശികാസ്വാരസ്യങ്ങള്‍, കശ്മീരിലെ മുറിപ്പാടുകള്‍, ദാരിദ്ര്യം, പരാശ്രയത്വം, അസമത്വം എന്നിങ്ങനെ ഉള്‍പ്പെടെ ഇന്ത്യ നില്‍ക്കെ സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ രാജ്യമഭിമുഖീകരിച്ച പ്രതിസന്ധികളില്‍ നെഹ്രുവും ശാസ്ത്രിയും രാഷ്ട്ര നൗക തുഴഞ്ഞു പോയത് ഈ നിയമ സംഹിത നല്‍കിയ ധാര്‍മിക ബലത്തിലാണ്.
‘രാഷ്ട്രജീവിതത്തിന്റെ ചലനോപാധി ‘ (The vehicle of the life of a nation)യെന്നാണ് ജസ്റ്റിസ് എച്ച് .ആര്‍ ഖന്ന ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. The Constitution is not a gate but a road എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞുവയ്ക്കുന്നുണ്ട്.ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒരു ഭേദഗതിയും പാര്‍ലമെന്റിന് നടപ്പില്‍ വരുത്താനാവില്ലെന്ന് കേശവാനന്ദഭാരതി കേസിലെ വിധിയില്‍ സുപ്രീം കോടതിമായി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാലത്തിനൊപ്പം നവീകരിക്കപ്പെടാവുന്ന ഒന്നുതന്നെയാണത്.അതേ സമയം, അതിന്റെ അടിസ്ഥാന ഘടനയ്ക്കു നിരക്കുന്നതാവണം മാറ്റങ്ങള്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയുടെ കരുത്ത് വിളിച്ചോതുന്ന ഒരു വിധിന്യായമാണ് രാജ്യത്തെ പരമോന്നത കോടതി കഴിഞ്ഞ ദിവസം നടത്തിയിട്ടുള്ളത്. മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 1976 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ഭരണഘടനാ ആമുഖം ഭേദഗതി ചെയ്തതിനെതിരെ ബിജെപി നേതാക്കളായ സുബ്രഹ്മണ്യന്‍ സ്വാമി, അഡ്വക്കേറ്റ് അശ്വിനി കുമാര്‍ ഉപാധ്യായ എന്നിവരും ഡോ. ബല്‍റാം സിങ്ങും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് മതനിരപേക്ഷത, സോഷ്യലിസം എന്നീ മൂല്യങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് എന്ന് കോടതി പ്രഖ്യാപിച്ചത്.ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍പ്പെട്ട മതേതരത്വം,അവസരസമത്വം എന്നിവയോട് ചേര്‍ന്നു നില്‍ക്കുന്നവയാണ് ആമുഖത്തിലെ ഭേദഗതിയെന്ന് കോടതി നിരീക്ഷിച്ചു.
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികത്തലേന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നടത്തിയ വിധി സുപ്രധാനവും ദൂരവ്യാപക മാനങ്ങളുള്ളതുമാണ്. ഭരണഘടനയെ അട്ടിമറിക്കാനും സാമൂഹ്യ ഘടനയെ ഏകശിലാത്മകമായി പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വിധിന്യായത്തിന് ഏറെ പ്രസക്തിയുണ്ട്. ജാഗ്രത പുലര്‍ത്തേണ്ടവര്‍ നമ്മളാണ്. അംബേദ്കര്‍ പറഞ്ഞതോര്‍മിക്കുക: ‘ഒരു ഭരണഘടന നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടവര്‍ നല്ലവരല്ലെങ്കില്‍ അത് മോശമായി തീരുമെന്ന് തീര്‍ച്ച ‘
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in