
ദില്ലിയുടെ മാറുന്ന രാഷ്ട്രീയം
രാജ്യം ഹിന്ദുത്വപാതയിലാണെന്നും ഹിന്ദു വര്‍ഗ്ഗീയതയെ പ്രത്യക്ഷമായി എതിര്‍ക്കുന്നത് തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നുമുള്ള കാഴ്ചപ്പാടില്‍ ആപ്പ് എത്തിയിരുന്നു. പ്രത്യയശാസ്ത്രാനന്തര പാര്‍ട്ടിയാണ് തങ്ങളുടേത് എന്ന നിലപാടില്‍ നിന്നും പ്രത്യക്ഷമായി തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന നിലപാടിലേക്ക് ആപ്പിന്റെ മാറ്റം വേഗത്തിലായിരുന്നു. അയോധ്യാവിധിയെ ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചതും കാശ്മീരിന്റെ കാര്യത്തില്‍ ബിജെപിയെ പിന്തുണച്ചതും ഈ നിലപാട് മാറ്റത്തെ സൂചിപ്പിക്കുന്നു.
മഹേഷിനെ നിങ്ങളില്‍ അധികംപേരും അറിയില്ല. ഈ ശീതകാലത്താണ്-ജനുവരിയില്‍-മഹേഷ് അമ്പത്തിയാറാമത്തെ വയസ്സില്‍ മരണപ്പെട്ടത്. ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചു വരുന്നതേയുണ്ടായിരുന്നുള്ളൂ. ഇടതുപക്ഷം അപ്രസക്തമായ ഒരു തിരഞ്ഞെടുപ്പില്‍ അടിമുടി രാഷ്ട്രീയജീവിയായിരുന്ന മഹേഷ് എന്തു ചെയ്യുമായിരുന്നു എന്ന് അറിയില്ല. ഇനിയൊട്ട് ചോദിക്കാനും കഴിയില്ല. മഹേഷ് സിപിഎമ്മിന്റേയും സിഐടിയുവിന്റെയും പ്രവര്‍ത്തകനായിരുന്നു. ബിടിആര്‍ ഭവനില്‍ അയാളെ അനുസ്മരിക്കാന്‍ ഒത്തുകൂടിയവര്‍ വരഞ്ഞിട്ട മഹേഷിന്റെ ഭൂതകാലം ദില്ലിയുടെ രാഷ്ട്രീയമാറ്റത്തെ അടയാളപ്പെടുത്താന്‍ സഹായിക്കുന്നതായിരുന്നു. നഗരത്തിന്റെ ഇടതുരാഷ്ട്രീയത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ എന്നതിലുപരിയായി ഇന്ന് ദില്ലി എത്തിനില്‍ക്കുന്ന രാഷ്ട്രീയ സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍ക്കുവാനും അതു കാരണമായി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍- ദില്ലിയോട് തൊട്ടുകിടക്കുന്ന പ്രദേശം-വേരുകളുള്ള ഒരു ദളിത് കുടുംബത്തിലാണ് മഹേഷ് ജനിച്ചത്. തുണിമില്‍ തൊഴിലാളികളായിരുന്നു അച്ഛനമ്മമാര്‍ എന്നാണ് മനസ്സിലായത്. 1980 കളില്‍ വരെ ദില്ലിയില്‍ വലിയ തുണിമില്ലുകളുണ്ടായിരുന്നു. അഞ്ച് വലിയ മില്ലുകളിലായി മൂന്നുലക്ഷത്തോളം മില്‍ത്തൊഴിലാളികള്‍ ദില്ലിയിലുണ്ടായിരുന്നു. ഷാഹദറയിലും മായാപുരിയിലും ഝില്‍മില്‍ കോളണിയിലും വസീര്‍പൂരിലുമൊക്കെ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്നു. മഹേഷിനൊപ്പം വളര്‍ന്നവര്‍ അന്ന് ഇടതുരാഷ്ട്രീയം സജീവമായിരുന്നത് ഓര്‍മ്മിച്ചു. ഡിവൈഎഫ്‌ഐ-സിഐടിയു-ജനവാദി മഹിളാ സംഘട്ടന്‍ അങ്ങനെ പാര്‍ട്ടി വളര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്നും മറ്റും രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് വായന-ചര്‍ച്ച-സമരം രംഗത്തേക്ക് തങ്ങളെ മഹേഷ് കൂട്ടിക്കൊണ്ടുപോയത് അവര്‍ ഓര്‍ത്തു. മഹേഷിന്റെ പ്രേരണ മഹേഷിനോളം തന്നെ മിലിറ്റന്റ് ആയിരുന്ന അമ്മയായിരുന്നു എന്നും അവര്‍ ഓര്‍ത്തെടുത്തു.
1980കള്‍ ഇന്ത്യയിലെമ്പാടുമുള്ള തുണിമില്ലുകളുടെ ചരിത്രത്തിലെ അന്തരാളഘട്ടമാണ്. ബോംബെയില്‍ ദത്താസാമന്തിന്റെ നേതൃത്വത്തില്‍ നീണ്ടുനിന്ന ദീര്‍ഘസമരം തുണിമില്ലുകളുടെ തകര്‍ച്ചയ്ക്ക് തന്നെ കാരണമായി. ഫാക്ടറികള്‍ ഒരു കൊല്ലത്തോളം അടച്ചിട്ടുകൊണ്ട് സര്‍ക്കാരും മാനേജ്‌മെന്റും സമരം പൊളിച്ചു. പില്‍ക്കാലത്ത് സാമന്തിനെ വാടകക്കൊലയാളികള്‍ കൊന്നു. മില്ലുകള്‍ അടച്ചുപൂട്ടപ്പെടുകയോ ബോംബെയ്ക്ക് പുറത്തേക്ക് മാറ്റി നിര്‍മ്മിക്കപ്പെടുകയോ ചെയ്തു. തൊഴിലാളി സംഘടനകള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുത്തിരുന്ന മില്‍കോമ്പൗണ്ടുകള്‍ വലിയ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളായി മാറി. സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ്-അംബേദ്ക്കറൈറ്റ് രാഷ്ട്രീയത്തിന് സ്വാധീനമുണ്ടായിരുന്ന ബോംബേ ശിവസേന-ബിജെപിയുടെ മുംബൈയായി മാറി. 90കളില്‍ ബോംബെ കലാപവും അയോധ്യാ രാഷ്ട്രീയവും സ്‌ഫോടനങ്ങളും മഹാനഗരത്തിന്റെ സ്വഭാവം തന്നെ മാറ്റിത്തീര്‍ത്തു. അധോലോകം ഏതാണ്ട് അമര്‍ച്ച ചെയ്യപ്പെട്ടതും തൊണ്ണൂറുകളിലാണ്. വ്യവസായം എന്നത് ചെറുകിടരീതിയിലും അസംഘടിത മേഖലയിലുമായി ചുരുങ്ങി. 90കളിലെ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ക്കുശേഷം പൊതുമേഖല ശുഷ്‌ക്കമായതോടെയും ബാക്കിയുള്ളവ പ്രൈവറ്റൈസ് ചെയ്യപ്പെടുകയും വഴി സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് മുംബൈയിലുള്ള സ്വാധീനം കുറഞ്ഞു. പഴയ ബോംബെ അല്ല പുതിയ മുംബൈ. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ആ മാറ്റം നമുക്ക് കാണാം.
സമാനമായ ഒരു ചരിത്രം ദില്ലിക്കുമുണ്ട്. 1980 കളില്‍ ദില്ലിയിലെ തുണിമില്ലുകളില്‍ സമരങ്ങളുടെ ഒരു പരമ്പരയുണ്ടായി. 1989 ലെ സുപ്രീംകോടതി വിധിയുടെ സാധുതയില്‍ മില്ലുകള്‍ പലതും ഹരിയാനയിലേക്ക് മാറ്റപ്പെട്ടു. 90 കളില്‍ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് മറ്റൊരു വിധി വരികയുണ്ടായത് ദില്ലിയുടെ വ്യാവസായിക നഗരസ്വഭാവത്തെ തീര്‍ത്തും ഇല്ലാതാക്കി. വ്യവസായം സംഘടിത മേഖലയില്‍ നിന്നും ഒഴിഞ്ഞുപോയി. ആനുകൂല്യങ്ങളുടെ, അവകാശങ്ങളുടെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും കിഴക്കന്‍ യുപിയില്‍ നിന്നും ബീഹാറില്‍ നിന്നും വരുന്ന അതിഥിത്തൊഴിലാളികളുടെ ചൂഷണരംഗമായി അതുമാറി. ദില്ലിയില്‍ ഇന്നും പ്രൊഡക്ഷന്‍ ഉണ്ട്. അതിന് 80 കളിലെ സ്വഭാവമല്ല; മറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലും മറ്റും നിലനിന്നുപോന്ന അവസ്ഥയിലാണ്. ഈ മാറ്റത്തിന്റെ ആഘാതം നഗരം കൊണ്ടറിഞ്ഞത് 2020 ലെ വര്‍ഗ്ഗീയ കലാപത്തിന്റെ കാലത്താണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തിലും ദില്ലിയുടെ മാറിയ സാമൂഹ്യ പശ്ചാത്തലവും ഉല്പാദന ബന്ധങ്ങളിലെ മാറ്റങ്ങളും തൊഴിലിടങ്ങളിലെ അണുവല്‍ക്കരണ പ്രവണതകളും നിഴലിക്കുന്നുണ്ട്. ഇടതുപക്ഷക്കാരിയായ അരുണാ അസഫ് അലി മേയറായി തിരഞ്ഞെടുക്കപ്പെട്ട ദില്ലിയില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് ഒരു ശതമാനത്തില്‍ താഴെ വോട്ടുകളാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1993 ലാണ് ദില്ലി അസംബ്ലി നിലവില്‍ വരുന്നത്. 1982 ലെ ഏഷ്യാഡ് കാരണം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. 1990 കളിലെ രാഷ്ട്രീയ മാറ്റങ്ങളും സാമ്പത്തിക ഉദാരവല്‍ക്കരണവും നഗരത്തെ മാറ്റിമറിച്ചു. ഗംഗാ-യമുനാ മേഖലയിലെ വ്യവസായ നഗരികളുടെ തകര്‍ച്ച-ഇലഹാബാദ്, കാണ്‍പൂര്‍ തുടങ്ങിയവ-90കളില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും വന്ന വലിയ സാമൂഹ്യ-രാഷ്ട്രീയ ചലനങ്ങള്‍ ദില്ലിയിലേക്കുള്ള വന്‍കുടിയേറ്റത്തിന് കാരണമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരൂടെ നഗരം എന്ന പ്രതിച്ഛായ ഒഴിവാക്കിക്കൊണ്ട് ചെറുകിട ഉല്പാദനത്തിന്റേയും സേവന മേഖലയുടേയും നഗരമായി മാറുകയായിരുന്നു ദില്ലി. വിഭജനാനന്തര പഞ്ചാബി സമുദായത്തിന്റെ സ്വാധീനം കുറയുകയും പൂര്‍വ്വാഞ്ചല്‍, ഉത്തരാഞ്ചല്‍ പ്രദേശങ്ങളിലെ പ്രവാസി മനുഷ്യരുടെ സാന്നിധ്യം കൂടുകയും ചെയ്യുന്നുണ്ട്. ഒപ്പം പഴയ ദില്ലി ഭൂവുടമാ സമുദായങ്ങള്‍-ജാട്ട്, ഗുജ്ജര്‍-രാഷ്ട്രീയമായി ശക്തിയാര്‍ജ്ജിക്കുന്നതും ഇതേ കാലത്താണ്. തൊണ്ണൂറുകളുടെ അവസാനത്തോടെ മധ്യവര്‍ഗ്ഗം വലിയൊരു aspirational ജനവിഭാഗമായി ദില്ലിയില്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. പഴയ കോണ്‍ഗ്രസ്സ് വോട്ടര്‍മാരുടേയും ഈ പുതിയ മധ്യവര്‍ഗ്ഗത്തിന്റേയും വക്താവായാണ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ്സിന്റെ വലിയ നേതാവായിരുന്ന കന്നോജിയ ബ്രാഹ്മണന്‍ കൂടിയായ ഉമാശങ്കര്‍ ദീക്ഷിതിന്റെ മരുമകളായിരുന്നു. സോണിയാഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഷീലാ ദീക്ഷിത്. ഒരര്‍ത്ഥത്തില്‍ ഷീല ദീക്ഷിതിന്റെ 15 വര്‍ഷക്കാലം ദില്ലിയുടെ healing years കൂടിയായിരുന്നു. വിഭജനത്തിന് ശേഷം ദില്ലി കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപമായിരുന്നു 1984ലെ സിഖ് വിരുദ്ധ ലഹള. ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 3000 ത്തോളം സിഖുകാരാണ് ദില്ലിയില്‍ കലാപത്തില്‍ കൊല്ലപ്പെട്ടത്. അനവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ ലഹളയില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രിസ്ഥാനലബ്ധിയും സിഖ് കലാപത്തില്‍ ആരോപണം നേരിട്ട നേതാക്കളെ-ജഗദീഷ് റ്റെറ്റ്‌ലര്‍, സജ്ജന്‍കുമാര്‍, എച്ച്‌കെഎല്‍ ഭഗത് -നേതൃത്വസ്ഥാനങ്ങളില്‍നിന്നും പൊതുജനസമ്മര്‍ദ്ദം മൂലം ഒഴിവാക്കിയതും നഗരത്തിലെ പ്രധാനപ്പെട്ട സാന്നിധ്യമായ സിഖ് സമുദായത്തിനെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. മന്‍മോഹന്‍ സിംഗിന് കോണ്‍ഗ്രസ്സ് നേതൃത്വനിരയില്‍ ലഭിച്ച പ്രാധാന്യവും 2004ല്‍ പ്രധാനമന്ത്രിയായുള്ള സ്ഥാനലബ്ധിയും ഒരു രാഷ്ട്രീയ സാന്ത്വന ചികിത്സയായി കാണേണ്ടുന്നതാണ്. 2004ലെ ടൈംസ് ഓഫ് ഇന്ത്യ തലക്കെട്ട് ഞാനോര്‍ക്കുന്നു: രാജ് കരേഗാ ഖാല്‍സാ. ഇനി രാജ്യം ഖാല്‍സ ഭരിക്കും. മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രിപദം നല്‍കുക വഴി കോണ്‍ഗ്രസ്സ് അറിഞ്ഞോ അറിയാതെയോ നടത്തിയത് വലിയ ഒരു പ്രായശ്ചിത്തമാണെന്ന് തോന്നാറുണ്ട്. പില്‍ക്കാലത്ത് പാര്‍ട്ടി പാര്‍ലമെന്റില്‍ കലാപത്തിനിരയായവരോട് മാപ്പ് പറയുകയുണ്ടായി. ഇന്ത്യാചരിത്രത്തിന്റെ യാത്ര തന്നെ പ്രതികാരത്തിനും അനുരഞ്ജനത്തിനും (revenge and reconciliation) ഇടയിലൂടെയുള്ളതാണെന്ന് രാജ്‌മോഹന്‍ ഗാന്ധി എഴുതിയിട്ടുള്ളത് ഓര്‍മ്മ വരുന്നു. ഷീലാ ദീക്ഷിതിന്റെ healing years നഗരത്തിന് മെട്രോയും ഫ്‌ളൈഓവറുകളും പ്രാഥമിക നഗരസൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. എന്നാല്‍ 10% വളര്‍ച്ചാനിരക്ക് പുറത്തേക്ക് കൊണ്ടുവന്ന സാമൂഹ്യ വൈരുദ്ധ്യങ്ങള്‍ തന്നെയാണ് അവരുടെ ദീര്‍ഘകാലത്തെ ഭരണത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതും ആം ആദ്മി പാര്‍ട്ടിയുടെ ഉദയത്തിന്റെ പ്രേരകമായതും.
നഗരവല്‍ക്കരണത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ രവി സുന്ദരം pirate modernity എന്നൊരു സങ്കല്പം ചര്‍ച്ച ചെയ്യുന്നുണ്ട്. നഗരത്തിലെ പാവപ്പെട്ടവര്‍ നഗരത്തിന്റെ പുറമ്പോക്കുകളില്‍ ഇടം കണ്ടെത്തുന്ന പ്രവണതയെ വിശദീകരിക്കാനാണ് രവി സുന്ദരം ഈ സങ്കല്പം അവതരിപ്പിക്കുന്നത്. 1962 ലെ മാസ്റ്റര്‍പ്ലാന്‍ ആണ് ഇന്നത്തെ ദില്ലി നഗരത്തിന്റെ നഗര ആസൂത്രണ പ്രക്രിയയുടെ ആധാരം. എന്നാല്‍ കുടിയേറ്റം ഈ മാസ്റ്റര്‍പ്ലാനിന്റെ ആധികാരികത തകര്‍ത്തുകളയുന്നുണ്ട്. അടിയന്തിരാവസ്ഥാനന്തരം നഗരം യമുന കടന്ന് കിഴക്കോട്ട് വളര്‍ന്നു. അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കുടിയിറക്കലുകള്‍ (തുര്‍ക്കുമാന്‍ ഗ്രേറ്റ് ഉദാഹരണം) വലിയൊരു വിഭാഗം പാര്‍ശ്വവല്‍കൃതരായ ജനങ്ങളെ കിഴക്കന്‍ ദില്ലിയിലെ ചതുപ്പുകളിലേക്ക് മാറ്റിപ്പാര്‍ക്കാന്‍ കാരണമായി. വെല്‍ക്കം കോളനി എന്നൊക്കെയുള്ള ക്രൂരമായ പേരുകള്‍ നല്‍കി നഗരാഭയാര്‍ത്ഥികള്‍ക്ക് പുതിയ താമസ-തൊഴിലിടങ്ങള്‍ സര്‍ക്കാര്‍ നല്‍കി. തൊഴിലാര്‍ത്ഥികളായി എത്തിയ അനേകം പേര്‍ക്ക് ഈ കോളനികള്‍ അഭയാലയങ്ങളായി മാറി. ഇന്ന് കിഴക്കന്‍ ദില്ലി നഗരത്തിന്റെ ഏറ്റവും ജനനിബിഢമായ ഭാഗമാണിത്. ഇന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ചെറുകിട വ്യവസായങ്ങളുടേയും ആവാസസ്ഥലം. ഇക്കൂട്ടരെ patronage രാഷ്ട്രീയത്തില്‍ കൂടിയാണ് കോണ്‍ഗ്രസ്സ് സംരക്ഷിച്ചുപോന്നത്.
2000 കളില്‍ യുപിഎ തന്നെ കൊണ്ടുവന്ന അവകാശ രാഷ്ട്രീയം-വിവരാവകാശ നിയമം മുതല്‍ തൊഴിലുറപ്പും right to food right to education നിയമങ്ങള്‍ വരെ-കോണ്‍ഗ്രസ്സിന് വിനയായി മാറുകയായിരുന്നു. സാമ്പത്തിക അസമത്വങ്ങള്‍ സൃഷ്ടിച്ചെടുത്ത അമര്‍ഷം അവകാശ രാഷ്ട്രീയവുമായി കൂട്ടിച്ചേരുന്നതിന്റെ ഫലമായിരുന്നു അണ്ണാഹസാരേ പ്രസ്ഥാനവും ആം ആദ്മി പാര്‍ട്ടിയും.
കോണ്‍ഗ്രസ്സിന്റെ സംരക്ഷണ രാഷ്ട്രീയത്തിന് ബദലായി ആപ്പ് അവകാശങ്ങളുടെ ജനകീയ രാഷ്ട്രീയം മുന്നോട്ടുവെച്ചു. 2013ലും 2015 ലും അരവിന്ദ് കേജ്‌റിവാളിനെ മുന്‍നിര്‍ത്തി ആപ്പ് ജയിക്കുമ്പോള്‍ മുമ്പില്‍ നിന്നത് പുതിയൊരു രീാാൗിശമേൃശമി രാഷ്ട്രീയത്തിന്റെ വാഗ്ദാനമായിരുന്നു. ഷീലാ ദീക്ഷിത് തുടക്കമിട്ട റസിഡന്‍സ് വെല്‍ഫെയര്‍ കമ്മിറ്റികളും മറ്റും ആപ്പിനൊപ്പം ചേരുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്. പുതിയ മധ്യവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി പൗരാവകാശങ്ങളെ മുന്‍നിര്‍ത്തി പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, സൗജന്യ പൊതു സൗകര്യങ്ങള്‍ (വൈദ്യുതി, വെള്ളക്കരങ്ങള്‍) എന്നിങ്ങനെ ആപ്പിന്റെ വാഗ്ദാനങ്ങള്‍ അഴിമതി രഹിതമായ ഒരു സുന്ദരദില്ലി വിഭാവന ചെയ്തിരുന്നു. തുടക്കവര്‍ഷങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവുകയും ചെയ്തു. 2020 ലെ കലാപം ഈ രാഷ്ട്രീയ മാറ്റത്തിന് വിരാമമിടുകയാണ് ചെയ്യുന്നത്.
അതിന് മുമ്പുതന്നെ രാജ്യം ഹിന്ദുത്വപാതയിലാണെന്നും ഹിന്ദു വര്‍ഗ്ഗീയതയെ പ്രത്യക്ഷമായി എതിര്‍ക്കുന്നത് തങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നുമുള്ള കാഴ്ചപ്പാടില്‍ ആപ്പ് എത്തിയിരുന്നു. പ്രത്യയശാസ്ത്രാനന്തര പാര്‍ട്ടിയാണ് തങ്ങളുടേത് എന്ന നിലപാടില്‍ നിന്നും പ്രത്യക്ഷമായി തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന നിലപാടിലേക്ക് ആപ്പിന്റെ മാറ്റം വേഗത്തിലായിരുന്നു. അയോധ്യാവിധിയെ ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചതും കാശ്മീരിന്റെ കാര്യത്തില്‍ ബിജെപിയെ പിന്തുണച്ചതും ഈ നിലപാട് മാറ്റത്തെ സൂചിപ്പിക്കുന്നു.
ബിജെപിയാകട്ടെ ദില്ലിയുടെ ഭരണാധികാരത്തെ ചുറ്റിയുള്ള ഭരണഘടനയിലെ വിടവുകള്‍ മുതലെടുത്തുകൊണ്ട് ഭരണത്തെ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി. അഴിമതിയാരോപണങ്ങളും നേതാക്കളുടെ അറസ്റ്റും മറ്റും ആപ്പിന്റെ പ്രതിച്ഛായയുടെ മാറ്റ് കുറച്ചു. പൗരസമൂഹം പ്രാഥമിക സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ മറന്നു-കേന്ദ്ര സര്‍ക്കാരുമായുള്ള യുദ്ധത്തിനിടയില്‍ അവര്‍ക്കതിന് സമയം ലഭിച്ചില്ല എന്നും പറയാം. പന്ത്രണ്ട് കൊല്ലക്കാലത്തെ ഭരണവിരുദ്ധ വികാരം ശക്തമാകുന്നത് ഇങ്ങനെയൊക്കെയാണ്. ദീക്ഷിതിന്റെ പതിനഞ്ചും കേജ്‌റിവാളിന്റെ പന്ത്രണ്ടും അങ്ങനെ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കുശേഷം ബിജെപി ദില്ലിയില്‍ അധികാരത്തില്‍ വന്നിരിക്കുകയാണ്. ആപ്പിന്റെ പ്രത്യയശാസ്ത്ര നിശ്ശബ്ദത ഹിന്ദുത്വ രാഷ്ട്രീയത്തിന് പൊതു അംഗീകാരം ലഭിക്കുവാന്‍ കാരണമായിട്ടുണ്ട്. 2020 ലെ കലാപത്തിനെതിരെ ഷാഹിന്‍ബാഗിലെ anti CAA സമരത്തെ പിന്തുണച്ചുകൊണ്ട് ഒന്നുംതന്നെ സംസാരിക്കുവാന്‍ കേജ്‌റിവാള്‍ തയ്യാറായിരുന്നില്ല. ഹിന്ദു-മുസ്‌ലിം സംഘര്‍ഷം പറയാതെ പറഞ്ഞുകൊണ്ട് ബിജെപിക്ക് രാഷ്ട്രീയം നടത്താന്‍ അത് സൗകര്യമൊരുക്കിയിട്ടുണ്ട്.
എന്നിരിക്കിലും ഓര്‍മ്മിക്കേണ്ട ഒരു വസ്തുത ദില്ലിയിലെ വിജയിയും പരാജിതനും തമ്മിലുള്ള വ്യത്യാസം വോട്ടില്‍ വെറും 2 ശതമാനം മാത്രമായിരുന്നു. ബിജെപിക്ക് ലഭിച്ചത് 45.56% വോട്ടും ആപ്പിന് കിട്ടിയത് 43.57% വോട്ടും. മൂന്നാം കക്ഷിയായ കോണ്‍ഗ്രസ്സിന് 6.34% വോട്ട് പിടിച്ചു. ആപ്പിന്റെ പല നേതാക്കളും പരാജയപ്പെട്ടത് ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ്. എന്നു മാത്രമല്ല മിക്കവാറുമിടത്തും അത് കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ടിനേക്കാള്‍ കുറവായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആപ്പ്-കോണ്‍ഗ്രസ്സ് സംഖ്യത്തിന് ബിജെപിയെ ഈ തിരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞേനെ. ഒരുദാഹരണം ഇതാ: 2020 കലാപഭൂമിയായിരുന്ന മുസ്തഫാബാദില്‍ ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ട് 17,578 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. അവിടെ ഒവൈസിയുടെ പാര്‍ട്ടി 33,000 വോട്ടും കോണ്‍ഗ്രസ്സിന്റെ അലി മെഹ്ദി 11,763 വോട്ടും പിടിച്ചു. ഒവൈസി നിര്‍ത്തിയത് പഴയ ആപ്പ് കൗണ്‍സിലറും കലാപത്തില്‍ ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന താഹിര്‍ ഹുസൈനിനേയാണ്. വലിയ ധ്രുവീകരണം ഇന്നും ഇവിടങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് ചുരുക്കം. എന്നിരിക്കിലും മുസ്‌ലിം വോട്ട് ആപ്പിന് മിക്കവാറുമിടത്തും നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. മധ്യവര്‍ഗ്ഗം സമ്പൂര്‍ണ്ണമായും ബിജെപിക്കൊപ്പമാണ്. ആപ്പിന് ഇപ്പോള്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പിന്തുണ മാത്രമേയുള്ളൂവെന്ന് കാണാം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇവിടെ നിന്ന് ഇനിയെങ്ങോട്ടാണ് ആപ്പിന്റെ യാത്ര? ദില്ലി മോഡല്‍ എന്നതായിരുന്നു ആപ്പ് ഉയര്‍ത്തിക്കാട്ടിയ ഭരണപാഠം. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറഞ്ഞനിരക്കില്‍ ഉറപ്പുവരുത്തുമെന്ന വാഗ്ദാനം ദില്ലിയില്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഭരണമുണ്ടെങ്കിലും അത്ര ശുഭകരമല്ല അവിടെനിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. ഗുജറാത്താണ് ആപ്പിന് വേരോട്ടം ലഭിച്ച മറ്റൊരു സംസ്ഥാനം. ഇവിടങ്ങളിലെല്ലാം ആപ്പിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ്സാണ്. അതായത് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയില്‍ കൂടിയേ ആപ്പിന് വളരാന്‍ കഴിയുകയുള്ളൂ. ദില്ലിയില്‍ ഗണ്യമായ ജനപിന്തുണയുണ്ടെങ്കിലും അത് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചുവെങ്കിലും ഇന്ന് അവിടെ ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി ഇച്ഛിക്കുന്ന നിമിഷം ദില്ലി കോര്‍പ്പറേഷന്റെ നിയന്ത്രണം ആപ്പിന് നഷ്ടമാകും. അധികാരമില്ലാത്ത അവസ്ഥ ദില്ലി ആപ്പിന് പരിചിതമല്ല. 22 എംഎല്‍എമാരും പാര്‍ട്ടിക്ക് ഒപ്പം തുടരുമോ? ധ്രുവീകരണത്തിന്റെ രാഷ്ട്രീയം പറയുന്നില്ല എന്നതൊഴിച്ചാല്‍ ഇന്ന് ആപ്പിനേയും ബിജെപിയേയും വേര്‍തിരിക്കുന്ന വരമ്പുകള്‍ എന്താണ്? ഹിന്ദുദേശീയതയുടെ വക്താവാണ് ഒരു പാര്‍ട്ടിയെങ്കില്‍ മറ്റേ പാര്‍ട്ടി ഹിന്ദുത്വ ദേശീയതയുടേതാണ് എന്ന് പറയേണ്ടിവരും. പരിരക്ഷാ രാഷ്ട്രീയം (patronage politics) രണ്ട് പാര്‍ട്ടികളും ഏതാണ്ട് സമാനമായ രീതിയിലാണ് അനുവര്‍ത്തിക്കുന്നത്. വലിയ നേതാവിന്റെ നിഴലായി ചെറുനേതാക്കളും. അവരെ പിന്‍പറ്റുന്ന അണികളും എന്നതിനപ്പുറം മറ്റൊരൂ രാഷ്ട്രീയ പരിപ്രേക്ഷ്യവും ഈ പാര്‍ട്ടികള്‍ ദില്ലിയില്‍ നല്‍കുന്നില്ല.
നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി എന്ന ദില്ലി, ഹര്യാനയുടെയും (ഗുഡ്ഗാവ്), ഉത്തര്‍പ്രദേശിന്റേയും (നോയിഡ, മീററ്റ്), രാജസ്ഥാന്റേയും (അള്‍വര്‍) പ്രദേശം മുഴുവന്‍ ഇന്ന് ഒരേ രാഷ്ട്രീയപാര്‍ട്ടിയാണ് ഭരിക്കുന്നത്. അത് developmentalism പിന്‍പറ്റിക്കൊണ്ട് ഭരിക്കുമെന്നാണ് ബിജെപി പറയുന്നത്. വലിയ പ്രോജക്റ്റുകളില്‍ കൂടി മൂലധനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കേന്ദ്രീകൃതമായ വികസന സങ്കല്പമാണ് ബിജെപിയുടേത്. നേരത്തെ സൂചിപ്പിച്ച pirate modernity യെ ബിജെപി പിന്‍തുടരുന്നത് ക്ഷേമപദ്ധതികളില്‍ ഊന്നിക്കൊണ്ടുള്ള പരിപാലനരാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും സാമ്പത്തിക സഹായവും നല്‍കിക്കൊണ്ട് ആപ്പ് നടത്തിയ പരിരക്ഷാ രാഷ്ട്രീയം ബിജെപിയും പിന്‍പറ്റിയേക്കാം. എന്നിരിക്കിലും അവകാശത്തിന്റെ ഭാഷ സംസാരിക്കാനുള്ള അവസരം ഇനി എപ്പോഴാണ് പൗരന് ലഭ്യമാവുക എന്നറിയില്ല. ലോകമെമ്പാടും വലതു സമഗ്രാധിപത്യത്തിന് മുന്‍തൂക്കം കൈവരുന്ന കാലമാണിത്. ആ അര്‍ത്ഥത്തില്‍ ദില്ലി ലോകരാഷ്ട്രീയത്തിന്റെ പൊതുപാത പിന്‍പറ്റുകയാണ്. സാമുദായിക ഗണങ്ങള്‍ക്കപ്പുറത്ത് പൗര-രാഷ്ട്രീയ സ്വത്വങ്ങള്‍ നിഷ്പ്രഭമാക്കുന്ന കാലമാണിത്. രാഷ്ട്രീയതലസ്ഥാനം മാത്രമല്ല ദില്ലി. കവികളുടേയും സൂഫികളുടേയും ഖബറുകള്‍ ഈ നഗരത്തിലെമ്പാടുമുണ്ട്. നേതാക്കളുടെ സമാധികള്‍ക്കും സര്‍ക്കാരിന്റെ എടുപ്പുകള്‍ക്കുമപ്പുറത്ത് തിരക്കുപിടിച്ച തെരുവുകളോട് ചേര്‍ന്ന് അണയാത്ത പ്രാചീന വെളിച്ചങ്ങള്‍ ഇപ്പോഴുമുണ്ട്. യമുനയെ സാക്ഷിനിര്‍ത്തി അവ പണ്ട് നിസാമുദ്ദീന്‍ ഹൗലിയ ചക്രവര്‍ത്തിയോട് പറഞ്ഞതുപോലെ മന്ത്രിക്കുന്നുണ്ടാവും: ദില്ലി ദൂര്‍ അസ്ത്. ദില്ലി ഇപ്പോഴും ദൂരെയാണ്.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in