മനുസ്മൃതിയും കാനന്‍ നിയമവും സമാനം
ഈ ലേഖനത്തില്‍ കാനന്‍ നിയമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സീറോ മലബാര്‍ സഭയ്ക്ക് ബാധകമായ പൗരസ്ത്യ കാനോന്‍ നിയമമാണ്. ഉള്ളടക്കത്തില്‍ ഇതും പാശ്ചാത്യ കാനന്‍ നിയമവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല.
മനുസ്മൃതിയില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളും, കാനന്‍ നിയമത്തില്‍ കത്തോലിക്കാസഭയുടെ നിയമങ്ങളും സംഗ്രഹിച്ചിരിക്കുന്നു. ഇവ രണ്ടും താരതമ്യപ്പെടുത്തുമ്പോള്‍, സഭയുടെ ആന്തരികഘടനയില്‍ ജാതിവ്യവസ്ഥയുടെ പല സവിശേഷതകളും ഉണ്ടെന്നു കാണാം. ബ്രാഹ്മണികത്തുടക്കമവകാശപ്പെടുന്ന സീറോ മലബാര്‍ സഭയില്‍ ഇത് കൂടുതല്‍ പ്രകടമാണ്.
മനുസ്മൃതി എഴുതപ്പെട്ടത് ബിസി 500ല്‍ ആണെന്നാണ് കരുതപ്പെടുന്നത്. അത് 1776ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഹിന്ദു ലോ കോഡിന്റെ അടിസ്ഥാനമായി മാറുകയും ചെയ്തു. ഇന്നത് ബ്രാഹ്മണിസത്തിന്റെയും ജാതി വ്യവസ്ഥയുടെയും അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ബ്രഹ്മത്തില്‍ നിന്ന് ഉത്ഭവിച്ച പ്രജാപതിയില്‍ നിന്നാണ് മനുഷ്യര്‍ ഉണ്ടായതത്രേ. അതിന്റെ വായില്‍ നിന്ന് ബ്രാഹ്മണര്‍, കൈകളില്‍ നിന്നു ക്ഷത്രിയര്‍, തുടകളില്‍ നിന്നു വൈശ്യര്‍, പാദങ്ങളില്‍ നിന്നു ശൂദ്രര്‍ (മനു.1.31)എന്നിങ്ങനെ നാലു വര്‍ണങ്ങളില്‍പ്പെട്ട മനുഷ്യരുണ്ടായി. മനുസ്മൃതി പറയുന്നത് വായ ശരീരത്തിലെ ഏറ്റവും ഉദാത്തവും പാദങ്ങള്‍ ഏറ്റവുമധമവുമായ ഭാഗമാണെന്നാണ്. അങ്ങനെ, ജാതിശ്രേണിയില്‍ ബ്രാഹ്മണര്‍ അത്യുന്നതരും ശൂദ്രര്‍ ഏറ്റവും താഴ്ന്നവരുമായി. ബ്രാഹ്മണന്‍ വായില്‍ നിന്ന് ഉത്ഭവിച്ചെന്നു മാത്രമല്ല, ആദ്യജാതനുമാകയാല്‍, വേദങ്ങളുടെ ഉടമയും ഈ മുഴുവന്‍ സൃഷ്ടിയുടെയും അധിപനുമാണ്.(മനു.1.93) അങ്ങനെ, ഈ ലോകത്തിലുള്ളതെല്ലാം ബ്രാഹ്മണര്‍ക്കവവകാശപ്പെട്ടതാണ്. പ്രത്യേകിച്ച്, ആത്മീയവും സാംസ്‌കാരികവുമായ എല്ലാ സമ്പത്തും അവരുടേതാണ്.
ക്ഷത്രിയര്‍ക്ക് രാഷ്ട്രീയ അധികാരത്തിലും വൈശ്യര്‍ക്ക് ഭൗതിക സമ്പത്തിലും അവകാശമുണ്ട്. നാല് വര്‍ണ്ണങ്ങളില്‍ (ജാതികള്‍), ആദ്യത്തെ മൂന്നുമാണ് വിശേഷാധികാരങ്ങളുള്ള ഉയര്‍ന്ന ജാതികള്‍. ശൂദ്രര്‍ക്ക് ഒരു തൊഴില്‍ മാത്രമേ വിധിച്ചിട്ടുള്ളൂ: മൂന്ന് ഉയര്‍ന്ന ജാതിക്കാരെയും താഴ്മയായി സേവിക്കുക (മനു. 1.91). അങ്ങനെ ശൂദ്രരും വര്‍ണവലയത്തിനു വെളിയിലുള്ള ദലിതുകളും മറ്റും (അവര്‍ണര്‍) താഴ്ന്ന ജാതിക്കാരായി.
ശുദ്ധവും അശുദ്ധവും:
ജാതി വിവേചനം ഇന്നും നിലനില്‍ക്കുന്നതെങ്ങനെ? അതിനു പിന്നിലുള്ളതു ‘ശുദ്ധവും അശുദ്ധ’വും തമ്മിലുള്ള കൃത്യമായ വേര്‍തിരിവാണ്. മനു. 1.92 പറയുന്നത് മനുഷ്യശരീരം പൊക്കിളിന് മുകളിലേക്കു ശുദ്ധവും താഴേക്ക് അശുദ്ധവുമാണെന്നാണ്. ഏറ്റവും ശുദ്ധമായത് വായയാണെന്നും സമര്‍ത്ഥിക്കുന്നു. ഇത് ബ്രാഹ്മണരെയും ക്ഷത്രിയരെയും മറ്റുള്ളവരെക്കാള്‍ ശുദ്ധരാക്കുന്നു. ഉപനയനം എന്ന ആചാരത്തിലൂടെ വൈശ്യരും ഒട്ടൊക്കെ ശുദ്ധി നേടുന്നു. (മനു. 1.36). ഉപനയനത്തെ തുടര്‍ന്നുള്ള ബ്രഹ്മചര്യം മൂന്ന് മേല്‍വര്‍ണ്ണങ്ങളെയും ശുദ്ധിയുടെ പരകോടിയിലെത്തിക്കുന്നു. ഉപനയനം ഒരുതരം പുനര്‍ജന്മമായതിനാല്‍ അവരെ ദ്വിജന്മാര്‍ (രണ്ടുതവണ ജനിച്ചവര്‍) എന്നാണു വിളിക്കുക.
സഭയുടെ ആന്തരിക ഘടന ജാതിവ്യവസ്ഥയില്‍
പ്രജാപതിയുടെ ശരീരത്തില്‍ നിന്നാണ് നാല് വര്‍ണ്ണങ്ങള്‍ ഉണ്ടായതെങ്കില്‍, കത്തോലിക്കാസഭ അപ്പാടെ ക്രിസ്തുവിന്റെ ശരീരമാണ്. (കാനോന്‍ 698). പോപ്പു മാത്രമാണു ബ്രാഹ്മണസ്ഥാനത്തുള്ളത്. കാനോന്‍ 43 അദ്ദേഹത്തിന് സഭയില്‍ പരമോന്നതവും പൂര്‍ണ്ണവും പ്രത്യക്ഷവും സാര്‍വത്രികവുമായ അധികാരം നല്‍കുന്നു. കാനന്‍ 1008 അദ്ദേഹത്തെ സഭയുടെയും എല്ലാ വസ്തുവകകളുടെയും മേല്‍ പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും ആക്കുന്നു.
ബിഷപ്പുമാരാണു ക്ഷത്രിയസമാനര്‍. കാനോന്‍ 191.1 പ്രകാരം, ഓരോ രൂപതാ ബിഷപ്പും നിയമനിര്‍മ്മാണം, നിര്‍വ്വഹണം, നീതിന്യായം എന്നീ മുന്നു തലങ്ങളിലും പരമാധികാരിയായി തന്റെ രൂപത ഭരിക്കുന്നു. അവര്‍ക്കു കീഴില്‍ പലതരം സേവനപ്രവര്‍ത്തനങ്ങളിലും ആത്മീയവ്യവസായങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വൈദികരാണു വൈശ്യര്‍, അല്‍മായര്‍ ശൂദ്രരും. അങ്ങനെ, മാര്‍പ്പാപ്പ മുതല്‍ ഇടവക വൈദികര്‍ വരെയുള്ള പുരോഹിതശ്രേണി സഭയിലെ ഉയര്‍ന്ന ജാതികളും സാധാരണവിശ്വാസികള്‍ താഴ്ന്ന ജാതിക്കാരുമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപനയനത്തിന് സമാനമായി, കത്തോലിക്കാ സഭയിലുള്ളത് അഭിഷേകമാണ് (തിരുപ്പട്ടം). അതോടൊപ്പം നിത്യബ്രഹ്മചര്യം കൂടിയാകുമ്പോള്‍ സഭയിലെ പുരോഹിത സവര്‍ണശ്രേണി വിശുദ്ധിയുടെ പരകോടിയിലെത്തുന്നു. അവരുടെ മുന്നില്‍ അശുദ്ധരായ തങ്ങളാരുമല്ല എന്ന തോന്നല്‍ അവരുടെ കുഞ്ഞാടുകളെന്നു വിശേഷിപ്പിക്കപ്പെടുന്ന അല്‍മായ ശൂദ്രര്‍ക്കുണ്ടാകുന്നു. കാനന്‍ 373 എല്ലാ തലങ്ങളിലും വൈദികബ്രഹ്മചര്യം അങ്ങേയറ്റം ആദരിക്കപ്പെടേണ്ടതാണെന്ന് അനുശാസിക്കുന്നു.
മനുസ്മൃതിയില്‍ മേല്‍ജാതിക്കാര്‍ സ്വര്‍ഗത്തില്‍ പോകുന്നതിനെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ കാണാം. എന്നാല്‍ ശൂദ്രരുടെ കാര്യത്തില്‍ അങ്ങനെ യാതൊന്നുമില്ല. സഭയിലെ ശൂദ്രരുടെ കാര്യവും അങ്ങനെ തന്നെ. സ്വര്‍ഗത്തില്‍ ആകെയുള്ള 10,000 വിശുദ്ധരില്‍ 500 പേര്‍ മാത്രമാണത്രേ വിവാഹിതര്‍. പീയൂസ് പത്താമന്‍ മാര്‍പാപ്പ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരുടെ ഒരു പട്ടിക കീഴ്‌മേല്‍ ക്രമത്തില്‍ തയ്യാറാക്കി, പട്ടികയില്‍ ഒരു തട്ടിലും വിവാഹിതരായ വിശുദ്ധരെന്നൊരു വിഭാഗമില്ല. 11-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇസിദോറും മരിയയുമാണ് അവസാനത്തെ വിശുദ്ധ ദമ്പതികള്‍. പക്ഷേ, വിശുദ്ധിയുടെ പാരമ്യത്തില്‍ ഇരുവരും രണ്ടു വീടുകളില്‍ വേര്‍പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയെന്നുമുണ്ടു ചരിത്രം.
വഞ്ചിതരായ ദലിത് ക്രൈസ്തവര്‍
മേല്‍പ്പറഞ്ഞ അല്‍മായ ശൂദ്രര്‍ക്കിടയില്‍തന്നെ വലിയൊരു വിഭജനമുണ്ട്-സവര്‍ണ ക്രിസ്ത്യാനികളും ദലിത് ക്രിസ്ത്യാനികളെന്ന അവര്‍ണരും. ജന്മനാതന്നെ അവര്‍ണരായ അവര്‍, സഭയിലും അവര്‍ണരായി തുടരുന്നു. ഭാരത ക്രൈസ്തവരില്‍ 60 ശതമാനത്തോളം ദലിതരാണത്രേ. സഭയ്ക്കുള്ളിലും അവരുടെ ദലിതവസ്ഥക്കു മാറ്റമൊന്നുമില്ല. ഭരണഘടനാസമിതിയില്‍ അവര്‍ക്കൊരു വലിയ ചതിവുപറ്റി. ന്യൂനപക്ഷാവകാശങ്ങള്‍ ജനസംഖ്യാനുപാതമായതിനാല്‍ ദലിത് ക്രൈസ്തവര്‍ക്കവകാശപ്പെട്ട ജാതിസംവരണത്തിനെതിരെ സഭാനേതൃത്വം നിലപാടെടുത്തു. ഫലമോ? സഭയ്ക്കു ലഭിക്കുന്ന ന്യൂനപക്ഷാവകാശങ്ങളാകെ സവര്‍ണക്രിസ്ത്യനികള്‍ കൈയടക്കുന്നു. ദലിത് ക്രിസ്ത്യാനികള്‍ക്കവകാശപ്പെട്ട ജാതിസംവരണം അവര്‍ക്കു ലഭിക്കുന്നുമില്ല.
(കടപ്പാട് പാഠഭേദം ആഗസ്റ്റ് ലക്കം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
George Thomas
August 27, 2024 at 5:04 am
ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന അഭിപ്രായങ്ങളിൽ താരതമ്യപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിചിത്രമായിരിക്കുന്നു. കാനൻ നിയമത്തിൻ്റെ അടിസ്ഥാന നിലപാട് എന്താണ് എന്ന് അറിയാത്ത ഒരു പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു. പിന്നെ, മാർപാപ്പയ്ക്കോ മെത്രാന്മാർക്കോ കൈ വൈദികർക്കോ ഥാനം നിശ്ചയിച്ചു നല്കുന്നതിന് നിയമത്തിൻ്റെ ഒരു പിൻ ബലവും ഇല്ല എന്നും മനസ്സിലാക്കണം. പിന്നെയും ഉണ്ടല്ലോ ചില വിരുദ്ധ വിജ്ഞാനങ്ങൾ. പിന്നെ, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്ന് അറിയിച്ചതിന് നന്ദി..