ദക്ഷിണേന്ത്യയിലെ ക്ഷേത്രസംസ്‌കാരവും രാമായണവും
ഒട്ടനവധി നാട് പാരമ്പര്യങ്ങള്‍, കാവുപാരമ്പര്യങ്ങള്‍, അയിത്ത ജാതിക്കാരുടെയും ശൂദ്രരുടേയും കര്‍ഷകരുടെയും പുറന്തള്ളപ്പെട്ട സമൂഹങ്ങളുടെയും അവരുടെ ഗോത്ര ദൈവങ്ങള്‍ എന്നിവക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുള്ള ദൈവസങ്കല്പങ്ങള്‍, അവയെ ഉള്‍കൊള്ളുവാനുള്ള ദേവത ശിവനായിരുന്നു. അത് രാമനോ കൃഷ്ണനോ അല്ല. മാത്രമല്ല രാമന്‍ ശ്രീലങ്ക കീഴടക്കിയെന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും രാമനെ പ്രതിഷ്ഠിച്ചിട്ടുള്ള അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലോ മറ്റു ദക്ഷിണേന്ത്യയില്‍ പോലുമോ വ്യാപകമല്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ഒരു ബ്രാഹ്മണ ക്ഷേത്രവുമില്ല കേരളത്തില്‍ കൂടുതലും ശൈവക്ഷേത്രങ്ങളാണ്. മാത്രമല്ല കേരളത്തിലെ ക്ഷേത്ര ആരാധനകളെല്ലാം തന്നെ ശൈവപാരമ്പര്യങ്ങളില്‍പ്പെട്ട തന്ത്രപാരമ്പര്യങ്ങളാണ്, വൈഷ്ണവികമല്ല
‘രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യശാസ്ത്രം’ എന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം
പ്രത്യയശാസ്ത്രപരമായും സാംസ്‌കാരികമായും വ്യത്യസ്ത രൂപങ്ങളില്‍ ഗംഗാ സമതലത്തിലുയര്‍ന്നു വന്ന, ജാതി വര്‍ണ്ണ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതമായ ഭരണകൂട വ്യവസ്ഥ ദക്ഷിണേന്ത്യയിലേക്കും ഡെക്കാനിലേക്കും പശ്ചിമേന്ത്യയിലേക്കും കിഴക്കന്‍ ഇന്‍ഡ്യയിലേക്കുമൊക്കെ വ്യാപിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭരണകൂട രൂപങ്ങളുടേയും അധികാര രൂപങ്ങളുടേയും ഭാഗമായി പ്രാചീന മധ്യകാല ഘട്ടങ്ങളില്‍ – പതിനെട്ടാം നൂറ്റാണ്ട് വരെയെങ്കിലും – അത് പല രൂപങ്ങളില്‍ വികസിച്ചുവരുകയും നിലനില്‍ക്കുകയും ചെയ്തു. മധ്യകാലഘട്ടത്തില്‍, അല്ലെങ്കില്‍ മുകള്‍ ഭരണകാലഘട്ടത്തിലൊന്നും ഈ ആദര്‍ശാത്മകമായ സാമൂഹ്യവ്യവസ്ഥയെയും വര്‍ണസംവിധാനങ്ങളെയും ജാതിഭേദങ്ങളെയും പുറന്തള്ളുന്നതിനോ നിരാകരിക്കുന്നതിനോ ഒരു ശ്രമവുമുണ്ടായിട്ടില്ല. കാരണം സാമൂഹികാധിപത്യവും സാംസ്‌കാരികകോയ്മയും നിലനിര്‍ത്തിയത് ഇവിടുത്തെ പരമ്പരാഗതമായ ത്രൈവര്‍ണിക സമൂഹങ്ങള്‍ ആയിരുന്നു. അവരുടെ ആദര്‍ശാത്മകമായ സാമൂഹിക വിഭജനരൂപങ്ങളെയോ സാമൂഹ്യ ഭാവനയെയോ സംസ്‌കൃത പുരാണ ഇതിഹാസത്തിലധിഷ്ഠിതമായതും വര്‍ണ പാരമ്പര്യങ്ങളെ സാധൂകരിക്കുന്ന ധര്‍മശാസ്ത്ര പാരമ്പര്യങ്ങളെയും തകര്‍ക്കാന്‍ മുസ്ലിം ഭരണാധികാരികളോ മുഗള്‍ ഭരണകൂടങ്ങളോ ശ്രമിച്ചില്ല. സുല്‍ത്താന്‍ – മുഗള്‍ കാലഘട്ടത്തില്‍ സാമൂഹിക – സാംസ്‌കാരിക ശക്തിയായും ഭരണകൂടാധികാരത്തിന്റെ ഇടനിലക്കാരായും ബ്രാഹ്മണ മേല്‍ജാതി ശക്തകള്‍ ജാതി വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുകയാണുണ്ടായത്. അതുകൊണ്ട് സുല്‍ത്താനേറ്റ് – മുഗള്‍ ഭരണകാലഘട്ടമൊന്നും തന്നെ അടിസ്ഥാനപരമായി ബ്രാഹ്മണ്യാധികാരത്തിനെ നശിപ്പിക്കുന്നതോ ക്ഷയം വരുത്തുന്നതോ ആയ ഒരു അധികാര വ്യവസ്ഥയായി നിലനിന്നിട്ടില്ല.
ഇതിഹാസ പുരാണ പാരമ്പര്യങ്ങളുടെ വ്യത്യസ്തങ്ങളായ പാഠഭേദങ്ങളിലൂടെ ഉണ്ടായിട്ടുള്ള ഭക്തി കവി പാരമ്പര്യങ്ങള്‍ ഉള്‍പ്പടെയുള്ള ത്രൈവര്‍ണിക ഭക്തി പാരമ്പര്യങ്ങളായ ആഴ്‌വാര്‍ – നയനാര്‍ അല്ലെങ്കില്‍ വൈഷ്ണവ – ശൈവ ഭക്തിപ്രസ്ഥാനം തുടങ്ങിയ ദക്ഷിണേന്ത്യയിലെ ഭക്തി പാരമ്പര്യങ്ങളായി മാറുന്നതാണ്. ഡക്കാനിലെ കീഴാള അയിത്തജാതി സമൂഹങ്ങളില്‍ നിന്നുയര്‍ന്നുവന്ന ഭക്തിപാരമ്പര്യങ്ങള്‍ പോലും ഈ ഇതിഹാസ പുരാണ പരമ്പര്യങ്ങളെ നേരിട്ടോ അല്ലാതെയോ സ്വീകരിക്കുകയോ തങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിക്കുകയോ ആണ് ചെയ്തത്. അതുകൊണ്ടുതന്നെ ഒരു ഉപഭൂഖണ്ഡ നാഗരികതയായി നിലനിന്ന വിശാലമായ ഇന്ത്യയും ഈ സംസ്‌കാരവും അതിന്റെ അനുഷ്ഠാനരൂപങ്ങളും സംസ്‌കൃതത്തിന്റെ സാംസ്‌കാരികവും വൈജ്ഞാനികവുമായിട്ടുള അധീശത്വവും അതിന്റെ വ്യത്യസ്ത രൂപത്തിലുള്ള അധികാരരൂപത്തിന്റ പകര്‍ച്ച / തുടര്‍ച്ചയുടെ ഭാഗമായി അത് ഉത്പാദിപ്പിച്ചു നിലനിര്‍ത്തിയ കാവ്യപാരമ്പര്യങ്ങളും സാഹിത്യരൂപങ്ങളും ത്രൈവര്‍ണികാധിപത്യമുള്ള സാമൂഹ്യവ്യവസ്ഥയിലെ ഭരണകൂട അധികാരത്തെ ശക്തമാക്കി. ഈ അധികാരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന അധികാരക്കോയ്മകളെ സാധൂകരിക്കുന്ന സാഹിത്യ രൂപങ്ങളാണ് സംസ്‌കൃതത്തില്‍ കൂടുതലും. അല്ലെങ്കില്‍ ഈ ഇതിഹാസ പാരമ്പര്യങ്ങളെ പ്രാദേശിക ഭാഷകളിലേക്ക് മെരുക്കി എടുക്കുകയോ പ്രാദേശിക ഭാഷയിലൂടെ അവതരിപ്പിക്കപ്പെടുന്ന സാഹിത്യരൂപങ്ങളായി ഭക്തിയുടെ വിഭിന്നഭേദങ്ങളായി വികസിച്ചു വരുകയോ ചെയ്യുന്ന രീതിയാണ് പൊതുവില്‍ കാണാന്‍ കഴിയുന്നത്. അങ്ങനെ വരുമ്പോള്‍ ഒട്ടനവധി പ്രാദേശിക സമൂഹങ്ങള്‍ അവരുടെ നിലനില്പിന്റെയും അതിജീവനത്തിന്റെയും ഭാഗമായിട്ടോ അല്ലെങ്കില്‍ അത്തരം സമൂഹങ്ങളെ ഈ സംസ്‌കൃത ഇതിഹാസ പുരാണ പാരമ്പര്യങ്ങളിലധിഷ്ഠിതമായ ഭരണകൂടത്തിന്റെ വര്‍ണാധിപത്യത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയിലേക്ക് കീഴൊതുക്കുന്നതിനും മെരുക്കിച്ചേര്‍ത്തു നിലനിര്‍ത്തുന്നതിനും ഇതിഹാസ പുരാണപാരമ്പര്യങ്ങള്‍ പ്രത്യേകിച്ച് മഹാഭാരതം പോലെയുള്ളവ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതൊരു സാംസ്‌കാരിക ചേരുവയായി രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാനപ്പെട്ട പ്രശ്‌നം പ്രത്യക്ഷമോ പരോക്ഷമോ ആയിട്ടുള ദണ്ഡനമുറകള്‍ / പ്രത്യക്ഷമായ ഹിംസാരൂപങ്ങള്‍ക്കു പകരമായി ജാതി വര്‍ണ്ണ രൂപങ്ങളുടെ സാംസ്‌കാരികവും മാനസികവും പ്രതീകാത്മകവുമായ ഹിംസാരൂപങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതികള്‍ ഇതിഹാസ പുരാണ പാരമ്പര്യങ്ങളിലൂടേയും സംസ്‌കൃത അനുഷ്ഠാന രൂപങ്ങളിലൂടെയും പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്ന രീതിയാണ് ബ്രാഹ്മണ്യം അനുവര്‍ത്തിച്ചത്.
ഭൂവുടമാധിപത്യത്തെയും ജാതിവ്യവസ്ഥയെയും വര്‍ണവിഭജനങ്ങളെയും സാധൂകരിക്കുന്ന സാമൂഹിക ധര്‍മ്മ സംവിധാനങ്ങളിലേക്കും അതിന്റെ അടിച്ചമര്‍ത്തല്‍ രൂപത്തിലേക്കും മനുഷ്യനെ മെരുക്കിയെടുക്കുന്ന ഒരു സാംസ്‌കാരിക പ്രതിഭാസമായിട്ടാണ് രാമായണം പോലെയുള്ള കൃതികള്‍ അതിന്റെ വ്യത്യസ്തമായ ഭാഷ ആഖ്യാനങ്ങള്‍, പ്രാദേശിക വഴക്കങ്ങള്‍ രാജ്യത്തു ഉപയോഗിക്കപ്പെട്ടത്. അതുകൊണ്ട് കീഴടക്കപ്പെട്ട വിഭാഗങ്ങളുടെ സാമാന്യബോധത്തെ, അവരുടെ ദൈന്യംദിന ജീവിതബോധ്യങ്ങളെ, ആവിഷ്‌ക്കാരരൂപങ്ങളെ, ഭാഷാവ്യവഹാരങ്ങളെ പോലും പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നതില്‍ ഈ രാമായണ – മഹാഭാരത പാരമ്പര്യങ്ങള്‍ക്ക് വളരെ ശക്തമായ സ്വാധീനങ്ങളുണ്ട്. ആ അര്‍ത്ഥത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കൃതികള്‍ ഒരു അധീശ പ്രത്യയശാസ്ത്രമായി സാമാന്യജനത്തിന്റെ മേല്‍ അവര്‍ക്ക് കൂടി സമ്മതമാകുന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കുകയാണ്. സാമാന്യബോധത്തിന്റെ ഭാഗമായി അവരെ മാറ്റി തീര്‍ക്കുന്നതിന് ഒരു സാംസ്‌കാരിക അധീശത്വരൂപമായിട്ടാണ് ഇവ പ്രവര്‍ത്തിച്ചിട്ടുള്ളത്.
കേരളവും തമിഴ്നാടും ഉള്‍പ്പടെയുള്ള സമൂഹത്തില്‍ ഇത്തരം ഇതിഹാസ പുരാണ പാരമ്പര്യങ്ങള്‍ ബ്രാഹ്മണരുടെയും മറ്റിതര സമൂഹങ്ങളുടെയുമൊക്കെ ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുവരവിന്റെ ഭാഗമായിട്ടാണ് ദൃശ്യപ്പെട്ടത്. ദക്ഷിണേന്ത്യയില്‍ എത്തിയ ബ്രാഹ്മണരില്‍ കൂടുതല്‍ ശൈവപാരമ്പര്യങ്ങളില്‍ പെട്ടവരായിരുന്നു. തമിഴ് നാട്ടില്‍ ഉണ്ടായിവന്ന ഭരണകൂട രൂപങ്ങളായ പല്ലവ – പാണ്ഡ്യ – ചോള രാജ്യ സ്ഥാനങ്ങളൊന്നും ക്ഷത്രിയ വംശങ്ങളില്‍ നിന്നും ഉണ്ടായി വന്നതല്ല. ഇവരൊക്കെ പലപ്പോഴും ഗോത്രപരമായിട്ടുള്ള ഒരു പാരമ്പര്യത്തില്‍ പെട്ട കോയ്മകളായി വികസിച്ചു വന്നവരാണ്. ബ്രാഹ്മണരുടെ അനുഷ്ഠാനവും സംസ്‌കൃത ജന്യമായ അനുഷ്ഠാനരൂപങ്ങളും രാമായണം, മഹാഭാരതം ഉള്‍പ്പടെയുള്ള കഥനരൂപങ്ങളുടെയും ഹോമ യജ്ഞ സംസ്‌കാരത്തിന്റെയും സഹായത്തോടെ വടക്കെ €ഇന്ത്യയിലും ഡെക്കാനിലും ഉണ്ടായിവന്ന അര്‍ത്ഥശാസ്ത്ര മാതൃകയിലുള്ള രാജസ്ഥാനങ്ങളായി ഇവയെ മാറ്റാന്‍ ബ്രാഹ്മണര്‍ രാജവംശങ്ങളും വംശാവലികളും നിര്‍മ്മിച്ചു മാറ്റിതീര്‍ക്കുകയാണുണ്ടായത്. ധര്‍മ്മ ശാസ്ത്ര പരമ്പര്യങ്ങളുടെ (സ്മൃതികളടക്കമുള്ളവ) സഹായത്തോടെ ക്ഷത്രിയരാക്കി മാറ്റുന്ന പ്രക്രിയക്കൊപ്പമാണ് രാജാധിപത്യമായി ഈ സമൂഹങ്ങളൊക്കെ മാറിയത്. ആ രാജാധിപത്യത്തിന്റെ സംരക്ഷണത്തിലാണ് ദക്ഷിണേന്ത്യയില്‍ ഇത്തരം ഇതിഹാസ പുരാണ പാരമ്പര്യങ്ങള്‍ ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമായി വികസിച്ചു വന്നത്. പിന്നീട് അതിനു മേല്‍കൈ നേടാനായത് ക്ഷേത്രത്തില്‍ ദേവതകളായും ദൈവരൂപങ്ങളായും അനുഷ്ഠന രൂപങ്ങളായപ്പോഴാണ്. കേരളത്തിലും മറ്റും ഇവര്‍ ശിവക്ഷേത്രങ്ങളാണ് നിര്‍മ്മിച്ചത്. ചിലര്‍ ജൈനന്മാര്‍ ആയിരുന്നു. ചിലര്‍ ബുദ്ധപാരമ്പര്യത്തില്‍ പെട്ടവരായിരുന്നു. പിന്നീടവര്‍ ബ്രാഹ്മണരുടെ ഇടപെടലിലൂടെ വൈഷ്ണവരെക്കാള്‍ ഉപരിയായി ശൈവരായിട്ടാണ് മാറിയത്.
ദക്ഷിണേന്ത്യയില്‍ മഹാഭാരതത്തിനായിരുന്നു പ്രാധാന്യം, രാമായണത്തിനായിരുന്നില്ല. പല്ലവരുടെ പ്രധാനപ്പെട്ട ഒരു ആര്‍കിടെക്ച്ചര്‍ വണ്ടര്‍ എന്നറിയപ്പെടുന്ന മഹാബലിപുരത്തെ പല്ലവരുടെ ഒറ്റക്കല്‍ മണ്ഡപങ്ങളായി കൊത്തിവെച്ചിരിക്കുന്ന (Monolithic strutures) ക്ഷേത്രങ്ങള്‍ പഞ്ചപാണ്ഡവരഥങ്ങളാണ്. അല്ലാതെ ശ്രീരാമന്റേതല്ല. എന്ന് പറഞ്ഞാല്‍ വൈവിധ്യമായിട്ടുള്ള പാരമ്പര്യങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്ന മഹാഭാരതത്തിന്റെ പാരമ്പര്യങ്ങളെയാണ് ദക്ഷിണേന്ത്യ പ്രത്യേകിച്ച് കേരളം പോലും ഉള്‍ക്കൊണ്ടിട്ടുള്ളത്. കാരണം ഒട്ടനവധി നാട് പാരമ്പര്യങ്ങള്‍, കാവുപാരമ്പര്യങ്ങള്‍, അയിത്ത ജാതിക്കാരുടെയും ശൂദ്രരുടേയും കര്‍ഷകരുടെയും പുറന്തള്ളപ്പെട്ട സമൂഹങ്ങളുടെയും അവരുടെ ഗോത്ര ദൈവങ്ങള്‍ എന്നിവക്ക് കൂടുതല്‍ സ്വീകാര്യമായിട്ടുള്ള ദൈവസങ്കല്പങ്ങള്‍, അവയെ ഉള്‍കൊള്ളുവാനുള്ള ദേവത ശിവനായിരുന്നു. അത് രാമനോ കൃഷ്ണനോ അല്ല. മാത്രമല്ല രാമന്‍ ശ്രീലങ്ക കീഴടക്കിയെന്നൊക്കെ സാധാരണ പറയാറുണ്ടെങ്കിലും രാമനെ പ്രതിഷ്ഠിച്ചിട്ടുള്ള അറിയപ്പെടുന്ന ക്ഷേത്രങ്ങള്‍ കേരളത്തിലോ മറ്റു ദക്ഷിണേന്ത്യയില്‍ പോലുമോ വ്യാപകമല്ല. ശ്രീരാമനുമായി ബന്ധപ്പെട്ട ഒരു ബ്രാഹ്മണ ക്ഷേത്രവുമില്ല കേരളത്തില്‍ കൂടുതലും ശൈവക്ഷേത്രങ്ങളാണ്. മാത്രമല്ല കേരളത്തിലെ ക്ഷേത്ര ആരാധനകളെല്ലാം തന്നെ ശൈവപാരമ്പര്യങ്ങളില്‍പ്പെട്ട തന്ത്രപാരമ്പര്യങ്ങളാണ്, വൈഷ്ണവികമല്ല. ശൈവപാരമ്പര്യത്തില്‍ പെടുന്ന ഒരു ബ്രാഹ്മണ ക്ഷേത്രസംസ്‌കാരമാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളില്‍ സാമൂഹികാധിപത്യം നേടുന്നതിന് ബ്രാഹ്മണര്‍ ഉപയോഗിച്ചത്. തെക്കെ ഇന്ത്യയിലെ ക്ഷേത്ര ആചാരങ്ങള്‍ ശൈവ ആഗമങ്ങള്‍ക്കു അനുസൃതമായ തന്ത്രപാരമ്പര്യങ്ങളാണ്. ശ്രീരാമന്‍ എന്ന് പറയുന്ന ബിംബത്തിനു കേരളത്തിലെ പരമ്പരാഗതമായ ക്ഷേത്രങ്ങളില്‍ ഒരു മൂര്‍ത്തിയായി മാറുന്നതിവ് കഴിയുമായിരുന്നില്ല. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ എല്ലാം തന്നെ റിച്വലിസ്റ്റിക്കുകള്‍ ആയിരുന്നു. അനുഷ്ഠനത്തിനും ഹോമത്തിനും യജ്ഞത്തിനും പ്രാധാന്യം കൊടുത്തിരുന്ന ആളുകളായിരുന്നതുകൊണ്ട് നാട്ടില്‍ നിലനിന്ന ഒട്ടനവധി നാട്ടുദൈവങ്ങളെയും അമ്മപാരമ്പര്യങ്ങളെയും ബൗദ്ധ ജൈന പാരമ്പര്യങ്ങളുള്‍പ്പടെയുള്ള തദ്ദേശീയ പാരമ്പര്യങ്ങളെയുമെല്ലാം തന്നെ ബ്രാഹ്മണ ക്ഷേത്ര കേന്ദ്രീകൃതമായ അനുഷ്ഠാന വ്യവസ്ഥിതിയിലേക്ക് ഉള്‍ച്ചേര്‍ക്കാനാവുമായിരുന്നു.
ചേര ഭരണകൂട അധികാരത്തിന്റെയും അതിനുശേഷം വന്ന നാട്ടുരാജ്യങ്ങളെന്ന് വിളിക്കപ്പെടുന്നവരുടെ (കോവിലകങ്ങളില്‍ നിന്നും വികസിച്ചുവന്ന നാട്ടുരാജ്യങ്ങളുടെ ഉദാ: കൊച്ചി, തിരുവതാംകൂര്‍, കോഴിക്കോട്) നിയന്ത്രണത്തില്‍ തന്നെയുള്ള തളികള്‍ എന്ന് പറയുന്ന വ്യവസ്ഥയിലൊന്നും തന്നെ ശ്രീരാമന്‍ എന്ന ഒരാള്‍ പ്രിഡോമിനന്റ് ആയി വരുന്നില്ല. അതായതു പ്രാക് ആധുനിക കാലഘട്ടം വരെ കേരളത്തിലെ ക്ഷേത്ര പാരമ്പര്യത്തിലും ബ്രാഹ്മണരുടെ റിച്വല്‍ കള്‍ച്ചറിലൊന്നും തന്നെ ശ്രീരാമനോ അല്ലെങ്കില്‍ ഈ പറയുന്ന രാമായണമോ ഒരു പ്രധാനപ്പെട്ട ടെക്സ്റ്റ് പോലുമായിരുന്നില്ല. പ്രധാനപ്പെട്ട മധ്യകാല ക്ഷേത്രങ്ങളില്‍ ചില കാലഘട്ടത്തില്‍ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ മഹാഭാരതം വായന നടന്നിരുന്നതായി പറയപ്പെടുന്നു. രാമായണം അവരുടെ ഇതിഹാസ പാരമ്പര്യമായിരുന്നില്ല, മറിച്ചു മഹാഭാരതമായിരുന്നു. അതുകൊണ്ടായിരിക്കാം മഹാഭാരതം (മാപാരതം) വായന മധ്യകാല ബ്രാഹ്മണ ക്ഷേത്രങ്ങളില്‍ പ്രധാനമായി മാറിയത്. . അതുകാണിക്കുന്നത് ഇവിടുത്തെ പരമ്പരാഗതമായ ക്ഷേത്രബ്രഹ്മണ്യം നിലനിന്നിരുന്നത് മീമാംസകന്മാര്‍ എന്ന് പറയപ്പെടുന്ന ബ്രാഹ്മണ പാരമ്പര്യത്തില്‍പ്പെട്ടവരായിരുന്നു എന്നാണ്. എന്നുവെച്ചാല്‍ അനുഷ്ഠാനങ്ങള്‍ക്ക് കുഴിക്കാട്ട് പച്ച, തന്ത്ര സമുച്ചയം പോലെയുള്ള കൃതികളില്‍ പരാമര്‍ശിക്കുന്നതു പോലെയുള്ള യജ്ഞസംസ്‌കാരത്തിനും ക്ഷേത്രസംസ്‌കാരത്തിനും ആചാരമുറകള്‍ക്കും അധിഷ്ഠിതമായിട്ടുള്ള നമ്പൂതിരി ബ്രാഹ്മണ്യത്തിന്റെ ഒരു പദ്ധതി ക്ഷേത്രവ്യവസ്ഥിതിയില്‍ ഉണ്ടായപ്പോള്‍ അവര്‍ക്ക് രാമായണം പോലെയുള്ള ടെക്സ്റ്റിനേക്കാള്‍ ശൈവമായ ആചാരമുറകളോടായിരുന്നു താല്‍പ്പര്യം. അതിനു കാരണം നമ്പൂതിരിമാര്‍ എന്ന് പറയപ്പെടുന്ന ആളുകള്‍ക്ക് ഒരു ശുദ്ധബ്രാഹ്മണ്യത്തിന്റെ പാരമ്പര്യമില്ല എന്നതാണ്. ശുദ്ധ ബ്രാഹ്മണ ഗോത്രങ്ങളുടെ അതായതു ഗൗതമ, വിശ്വാമിത്ര, ഭാരധ്വജ തുടങ്ങിയ ബ്രാഹ്മണ ഗോത്രങ്ങളുമായി കേരളത്തിലെ ബ്രാഹ്മണര്‍ക്ക് യാതൊരു വംശാവലി ബന്ധവും അവകാശപ്പെടാനില്ല. അതുകൊണ്ടാണ് ഒരു കേരളോല്‍പ്പത്തികഥയും ശങ്കരസ്മൃതി പാരമ്പര്യവും കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ഉണ്ടാക്കേണ്ടിവന്നത്. ഇവര്‍ ഒരു ഗോത്രസ്വഭാവമുള്ള ‘രായല്‍ സീമ’ എന്ന് പറയുന്ന ആന്ധ്രായില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഗുജറാത്ത് പോലെയുള്ള തീരപ്രദേശത്തുനിന്നും നാടോടികളായി വന്ന മനുഷ്യരാണ്. വളരെ കലര്‍പ്പ് കലര്‍ന്ന ബ്രാഹ്മണ പാരമ്പര്യമായിരുന്നു കേരളത്തിലേക്ക് വന്ന ബ്രാഹ്മണര്‍ക്കുള്ളത്. കലര്‍പ്പുള്ളവര്‍ക്ക് അനുയോജ്യമായിട്ടുള്ള ഒരു പാരമ്പര്യമെന്നു പറയുന്നത് മഹാഭാരതമായിരിക്കാം. മഹാഭാരതത്തില്‍ പറയുന്ന വൈവിധ്യങ്ങളെയൊക്കെ ഉള്‍കൊള്ളുന്നതും നിലനിര്‍ത്തുന്നതുമായ ഒരു പാരമ്പര്യമായിരിക്കും രാമായണത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യമാകുന്നതിന്റെ മറ്റൊരു കാരണം. കൂടാതെ യജ്ഞസംസ്‌കാരത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത മീമാംസകരായിരുന്നത് കൊണ്ട് രാമായണത്തെ ദൈന്യം ദിന ക്ഷേത്ര വ്യവസ്ഥയുടെ ആചാരമുറകളുടെ ഭാഗമാക്കാനാവുമായിരുന്നില്ല. പിന്നീട് ഈ ഇതിഹാസ രൂപങ്ങളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഭാഗമായി ഇവിടുത്തെ ശൂദ്രരും അമ്പലവാസികളുമായ സമൂഹങ്ങള്‍ ബ്രാഹ്മണ്യത്തില്‍ പങ്കുപറ്റുന്നതിനും ക്ഷേത്രപരമ്പര്യത്തിന്റേയും അനുഷ്ഠനപദ്ധതികളുടേയും ഭാഗമായിത്തീരുന്നതിനും വേണ്ടി സാംസ്‌കാരികമായി ഉപയോഗിച്ച ഒരു വിഭവ രൂപമെന്ന രീതിയില്‍ അഥവാ ‘കള്‍ച്ചറല്‍ റിസോര്‍സ്’ എന്ന രീതിയിലാണ് രാമായണം കടന്നു വന്നത്.
(തുടരും)
ഈ ലേഖന പരമ്പരയുടെ ഒന്നാം ഭാഗം താഴെ
രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in