സുഗതകുമാരിയിലെ ഗോത്ര ആത്മീയത

സസ്യജന്തുവൈവിധ്യത്തെയും ഒപ്പം മാനുഷികമായ സരള ലോകങ്ങളെയും ഒറ്റയടിക്കു കശാപ്പു ചെയ്യുന്ന ആണ്‍പേശീബലത്തോട് ഉദാത്തമായ പെണ്‍ അന്തസ്സോടെ ഈയമ്മ കരുണ യാചിച്ചു. കേണപേക്ഷിച്ചു . ഭാവനയില്‍ മനുഷ്യകുലത്തെ സര്‍ഗ്ഗാത്മകമായി പുനര്‍ നിര്‍വ്വചിച്ച ആഗോള ഗോത്രവനിതയല്ലാതെ മാറ്റാരാണ് സുഗതകുമാരി.

പെണ്ണുങ്ങള്‍ക്കുമാത്രം കഴിയുന്ന കര്‍മ്മ ബഹുലതയാണ് സുഗതകുമാരി. ആ കവിതയിലെ കരുണ ജീവിതത്തിലെ കരുണയുടെ തുടര്‍ച്ച തന്നെ. ഹൃദയത്തിലില്ലാത്തതൊന്നും കവിതയില്‍ ഇല്ല, കവിതയില്‍ ഇല്ലാത്തതൊന്നും കര്‍മ്മത്തിലുമില്ലാത്തവള്‍.

ആശാന്‍ ലീലയെ പറ്റി പാടിയ പോലെ ‘കരുണ കരുണ ഈവിധം പുലമ്പി കരുമനയാലവള്‍ മൂര്‍ച്ഛ പൂണ്ടിരുന്നു. ‘ എന്നത് സുഗതകുമാരിക്കും ചേരുന്നതത്രേ. ബോധവിഹീനനായ മദനനോട് തന്നില്‍ കരുണ കാട്ടൂ എന്നാണ് ലീല വിലപിച്ചതെങ്കില്‍ , വേറൊരു തരത്തില്‍ സ്വബോധം ഇല്ലാതായ ആധുനിക ആണ്‍ സമൂഹത്തോട് , തന്‍ കര്‍മ്മം തന്നെ കവിതയാക്കി , അവര്‍ കരുണ യാചിച്ചു. വിലാപത്തിന്റെ എല്ലാ സ്ഥായിയിലും, വിങ്ങലായും വിതുമ്പലായും തേങ്ങലായും അലമുറയായും രാത്രിമഴയുടെ ഭേദങ്ങള്‍ പോലെ അന്ത്യശ്വാസം വരെ അവര്‍ കേരളത്തില്‍ പെയ്തു .

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പാശ്ചാത്യേതരവും എന്നാല്‍ സാര്‍വലൗകിക സഹജവുമായ പെണ്‍ നീതിബോധത്തിന്റെ മലയാള മാതൃകയാണ് സുഗതകുമാരി . റെഡ് ഇന്ത്യന്‍ ഗോത്ര നേതാവ് സിയാറ്റില്‍ മൂപ്പന്റെ കാവ്യത്മക പ്രഭാഷണത്തിന്റെ ദാര്‍ശനിക ഊര്‍ജ്ജം ഏതു വന്യ നീതിയില്‍ നിന്നാണോ അതേ അരുവിയില്‍ നിന്നാണ് ബോധേശ്വരന്റെ ഈ മകളും വെള്ളം കുടിച്ചത്. കേവലവും ഉപഭോഗാസക്തവും ആണ്‍കോയ്മയുടെ ആടയാഭരണങ്ങള്‍ അണിഞ്ഞതുമായ ആധുനിക ഭരണകൂടത്തോടായിരുന്നു അവരുടെ കലഹമത്രയും . നാഗരികതയുടെ പുറംപൂച്ചുകള്‍ക്കപ്പുറമുള്ള പുരാതനമായ പെണ്‍നീതിബോധത്തിന്റെ മലയാള പതിപ്പാണ് , ബംഗാള്‍ പതിപ്പായ മഹാശ്വേതദേവിയെ പോലെ സുഗതാമ്മയും .

‘എവിടെ നിന്നാണീ പൂതം വരുന്നത് ‘ എന്ന് പൂതപ്പാട്ടില്‍ ഇടശ്ശേരിയുടെ ഏടത്തി ചോദിച്ചതുപോലെ, എവിടെ നിന്നാണ് സുഗതകുമാരിയുടെ മനോവാക് കര്‍മ്മങ്ങളിലാകെ, ആധുനികത്വത്തിന്റെ മനുഷ്യകേന്ദ്രീകൃത വ്യവഹാരങ്ങള്‍ക്കപ്പുറത്തിരുന്ന്, അ പങ്കിലമായ പച്ചപ്പിനോടൊപ്പം പൂമാല കോര്‍ത്തു രസിയ്ക്കുന്ന പൂതത്തിന്റെ ആര്‍ദ്രമായ ഹൃദയം ഉണ്ടായത് ? പ്രാകൃതവും നാഗരികതാ വിരുദ്ധവുമായ പെണ്‍നീതില്ലാതെ മറ്റെന്താണത്? എഴുത്താണിയും ഓലയും കയ്യിലേന്തുമ്പോള്‍ , താന്‍ അഭിജാതന്‍ എന്ന ശപ്താഭിമാനം ഉണ്ടാകുന്ന ആധുനികത്വത്തിന്റെ ആണ്‍ബോധത്തോട് , നാഗരികതാ നിര്‍മ്മാണത്തിന്റെ കുലംകുത്തി പാച്ചിലില്‍ കടപുഴകി വീണു പോയ നാട്ടു സംസ്‌കാരങ്ങള്‍ സുഗതകുമാരിയില്‍ ഉടല്‍ കണ്ടെത്തി പറഞ്ഞു ,

‘പൊന്നുണ്ണി പൂങ്കരളേ
പോന്നണയും പൊന്‍കതിരേ
ഓലയെഴുത്താണികളെ
കാട്ടിലെറിഞ്ഞിങ്ങണയൂ…..

വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ തൂവെള്ളി
ചെറു മുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ ചെറുകാറ്റ –
ത്തിവിടെയിരുന്നെഴുതാലോ ‘
(പൂതപ്പാട്ട് – ഇടശ്ശേരി )

ഒരു മരം കാണുമ്പോള്‍ അതില്‍ നിന്ന് എത്ര ക്യുബിക് ഉരുപ്പടി അറുത്തു കിട്ടും എന്ന് കണക്കുകൂട്ടുന്ന ആധുനികത്വത്തിന്റെ ലാഭമാത്ര യുക്തിയ്ക്കപ്പുറത്തുനിന്നാണ് ഈ പൂതം സുഗതകുമാരിയെ ആവേശിച്ചത്. അതുകൊണ്ട് , നീലകണ്ഠ സ്വാമിയെപ്പോല്‍ വിഷം താനെ കുടിയ്ക്കുന്ന കൈതൊഴേണ്ട ദൈവമാണ് അവര്‍ക്കു മരം. വേദാന്ത എന്ന ഖനന കമ്പനി കാര്‍ന്നെടുക്കാന്‍ തുനിഞ്ഞ നിയാംഗിരി കുന്നുകള്‍ ഒഡീഷയിലെ 8000 വരുന്ന ദോന്‍ഗ്രിയ കോന്ത് ആദിവാസികള്‍ക്ക് പാറകളോ ധാതുസമ്പത്തോ അല്ല, ആ മലകള്‍ അവര്‍ക്ക് ദൈവം തന്നെയാണ്. മലയായും മരമായും പുഴയായും അവതരിക്കുന്നു പ്രകൃതിയുടെ ശക്തി രൂപങ്ങളെ ആരാധനയോടെ കാത്തു പോരുന്ന ഈ നിരക്ഷരമായ ആദിവാസി ദര്‍ശനം സുഗതകുമാരിയുടെ ജ്ഞാനസ്‌നാമത്രേ.

‘കാടാണ് കാട്ടില്‍ കടമ്പിന്റെ കൊമ്പത്തു
കാല്‍തൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരുന്നേകാഗ്രമായതില്‍
കോലരക്കിന്‍ ചാറു ചേര്‍പ്പു കണ്ണന്‍!
കോലും കുഴലും നിലത്തുവച്ചും മയില്‍-
പ്പീലി ചായും നെറ്റി വേര്‍പ്പണിഞ്ഞും
ചാരിയിരിക്കുമാ രാധതന്‍ താമര-
ത്താരൊത്ത പാദം കരത്തിലേന്തി
ഉജ്ജ്വലിക്കുന്ന ചുവപ്പുവര്‍ണ്ണംകൊണ്ടു
ചിത്രം വരയ്ക്കുകയാണ് കണ്ണന്‍!’

എന്നിങ്ങനെ മിത്തുകളിലേക്ക് ചെന്ന്, അവയില്‍ അടിഞ്ഞുകൂടിയ പൗരോഹിത്യത്തിന്റെയും ആണധികാരത്തിന്റെയും നൃശംസതകള്‍ക്കു വഴങ്ങാത്ത വൈകാരിക തെളിമയുടെ നിലാവിലേക്കല്ലേ ആ കവിതകള്‍ നമ്മെ ക്ഷണിച്ചത് ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘ഞങ്ങളുടെ കണ്ണനെയും അപഹരിച്ചു നിങ്ങള്‍
ഞങ്ങളുടെ സര്‍വസ്വമപഹരിച്ചു
ചുട്ടെരിച്ചു നിങ്ങള്‍ ഗോകുലം ഞങ്ങളുടെ പൈക്കളെയുമപഹരിച്ചു ‘

എന്ന് ഒ എന്‍ വി പാടിയപ്പോള്‍ ,അതിന്റെ മറ്റൊരു ശ്രുതിയില്‍ എല്ലാ അധികാര ബന്ധങ്ങളില്‍ നിന്നും വിമോചിതമായ ഗോത്ര പ്രണയത്തിലാണ്
ആ പെണ്ണുടല്‍ അടിമുടി കുളിച്ചത്.

സുഗതകുമാരിയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മിഴികളും സഹജമായ ദീനാനുകമ്പയും ഹൈന്ദവ മോ പാശ്ചാത്യാധുനികമോ അല്ല. അതിന്റെ വേര് സംഘടിത മതത്തിനും ആധുനിക ഭരണകൂട ഗര്‍വ്വിനും ഒരിക്കലും വഴങ്ങാത്ത നാട്ടുമതങ്ങളുടെ അരാജകമായ സാഹോദര്യത്തില്‍ നിന്നാണ്. അതിന്റെ ചായ്വ് ഇതേ പാത വെട്ടിത്തെളിച്ച ഗാന്ധിജിയോടും ശ്രീനാരായണ ഗുരുവിനോടുമാണ്.

‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ള അനുകമ്പ ‘ അധികാര നിര്‍മുക്തമായ ആത്മീയതയുടേതാണ്. ആ സര്‍വ്വചരാചര പാരസ്പര്യത്തില്‍ മനുഷ്യനിര്‍മ്മിത ദേശീയതയുടെ ബൂട്ടിട്ട റൂട്ട് മാര്‍ച്ചുകള്‍ ഒരിക്കലുമില്ല. കാരണം ഹിംസാത്മകമായി ത്രിഭുവനങ്ങളെ തന്റെ കാലടികള്‍ കൊണ്ട് അളന്ന് വരുതിയിലാക്കുന്നതില്‍ ഇരട്ട സന്തതികളാണ് നാട്ടു ഗോത്രങ്ങള്‍ക്കു മേല്‍ അധീശ്വത്വം സ്ഥാപിച്ച സവര്‍ണ്ണക്കോയ്മയും ‘ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ‘ എന്നു ജൃംഭിതനായി വെല്ലുവിളിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ വജ്രായുധമേന്തുന്ന കോളനിയുഗത്തിന്റെ ഭരണകൂടങ്ങളും.

അതിനാല്‍ സസ്യജന്തുവൈവിധ്യത്തെയും ഒപ്പം മാനുഷികമായ സരള ലോകങ്ങളെയും ഒറ്റയടിക്കു കശാപ്പു ചെയ്യുന്ന ആണ്‍പേശീബലത്തോട് ഉദാത്തമായ പെണ്‍ അന്തസ്സോടെ ഈയമ്മ കരുണ യാചിച്ചു. കേണപേക്ഷിച്ചു . ഭാവനയില്‍ മനുഷ്യകുലത്തെ സര്‍ഗ്ഗാത്മകമായി പുനര്‍ നിര്‍വ്വചിച്ച ആഗോള ഗോത്രവനിതയല്ലാതെ മാറ്റാരാണ് സുഗതകുമാരി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply