
ടീം പുതിയതായിട്ടെന്ത് ? ക്യാപ്റ്റന്‍ പഴയതാണല്ലോ
മന്ത്രിസഭയില്‍ ഏറെയും പുതുമുഖങ്ങളായതു കൊണ്ടുമാത്രം ഭരണം മികച്ചതാവണമെന്നില്ല. ടീം പുതിയതാണെങ്കിലും ക്യാപ്റ്റന്‍ പഴയതു തന്നെയാണ്. ഏറ്റവും ആരോപണമുയര്‍ന്ന ആഭ്യന്തരം അദ്ദേഹം കൈവിടുമെന്നും തോന്നുന്നില്ല. കഴിഞ്ഞ ഭരണത്തിലെ പാളിച്ചകള്‍ തിരുത്താനും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കഴിയുംവിധം അദ്ദേഹവും പാര്‍ട്ടിയും എത്രത്തോളം പരിവത്തനത്തിനു വിധേയമാകും എന്നതിനെ ആശ്രയിച്ചിരിക്കും പിണറായിയുടെ രണ്ടാമൂഴം.
ഏറ്റവുമധികം പുതുമുഖങ്ങളുള്ള മന്ത്രിസഭ എന്ന വിശേഷണത്തോടെയാണ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. നിയമസഭയുടെ അഗബലമനുസരിച്ചു പരമാവധി മന്ത്രിമാരുമായാണ് പിണറായി വിജയന്റെ രണ്ടാമൂഴം. മുഖ്യമന്ത്രിയും ഏതാനും ചില ഘടകകഷികളുടെ മന്ത്രിയും ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. കേരള ചരിത്രത്തില്‍ ആദ്യമായി മുന്ന് വനിതകള്‍ക്ക് മന്ത്രിസ്ഥാനം ലഭ്യമായി. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളെ അപേക്ഷിച്ചു മുസ്ലിം ക്രിസ്ത്യന്‍ മന്ത്രിമാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. എന്നാല്‍ ജനസംഖ്യാനുപാതികമായ മുസ്ലിം പ്രാതിനിധ്യമില്ല. ബിജെപിയുടെ കടന്നുവരവോടെ തങ്ങളുടെ ഹിന്ദുവോട്ടുകളിലുണ്ടായ ചോര്‍ച്ച, മറികടക്കാന്‍ സവര്‍ണ- മുന്നോക്ക വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള സവര്‍ണ സംവരണം ഉള്‍പ്പെടെയുള്ള തന്ത്രങ്ങളുടെ തുടര്‍ച്ച, മന്ത്രിസഭ രൂപവല്‍ക്കരണത്തിലും കാണാം. പത്തു ശതമാനത്തോളം വരുന്ന പട്ടികജാതിക്കാരുടെ (ദളിത് ക്രൈസ്തവരെ കൂട്ടാതെ) പ്രാതിനിധ്യം ഒരു മന്ത്രിയില്‍ ഒതുക്കിയപ്പോള്‍, (അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സ്പീക്കര്‍ പദവിയും ഒരു മന്ത്രിസ്ഥാനവും പട്ടികജാതി വിഭാഗത്തിനു ഉണ്ടായിരുന്നു) പതിനഞ്ചു ശതമാനത്തോളം വരുന്ന നായര്‍- മുന്നോക്ക വിഭാഗത്തിന് എട്ടു മന്ത്രിമാരും സ്പീക്കര്‍ പദവിയും നല്‍കിയിട്ടുണ്ട്. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മുസ്ലിം- പിന്നോക്ക പ്രാധിനിധ്യം കുറയുകയും നായര്‍ – മുന്നോക്ക പ്രാതിനിധ്യം വര്‍ധിക്കുകയും ചെയ്യും.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവര്‍ത്തന മികവൊന്നും കണക്കിലെടുക്കാതെ എല്ലാവരെയും മാറ്റുക എന്ന യാന്ത്രികമായ സമീപനമാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. തന്‍മൂലം മികച്ച മന്ത്രിയും ഏറ്റവും മോശമായ മന്ത്രിയും ഒരേപോലെയാണെന്ന പ്രതീതിയാണുണ്ടാവുക. മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കെങ്കിലും ഇളവ്
നല്‍കിയാല്‍ അതേറ്റവും പ്രതികൂലമായി ബാധിക്കുക തന്നെയായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നതു പിണറായി വിജയനാണ്. ഒട്ടേറെ ഉപദേശികളുണ്ടായിട്ടും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര, ഐ.ടി. വകുപ്പുകളായിരുന്നല്ലോ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു ഏറ്റവും കൂടുതല്‍ പേരുദോഷം ഉണ്ടാക്കിയത്. ഒരു പുതിയ മുഖമുള്ള മന്ത്രിസഭയായിരുന്നു സിപിഎം ലക്ഷ്യം വച്ചതെങ്കില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്കു അവസരമൊരുക്കി, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ പിണറായിയെ ആയിരുന്നു മാറ്റേണ്ടിയിരുന്നത്. അത്തരമൊരു ചോദ്യം ഉന്നയിക്കപ്പെടാനുള്ള അവസരം പോലും ഉണ്ടാകാത്തവിധം പാര്‍ട്ടിയുടെ സമ്പുര്‍ണ്ണ നിയന്ത്രണം പിണറായിയുടെ കൈകളില്‍ ഉറപ്പാക്കും വിധമാണല്ലോ ഓരോരോ നിബന്ധനകള്‍ ആവിഷ്‌കരിക്കപ്പെട്ടത്. രണ്ടുതവണ മത്സരിച്ചവരെ ഒഴിവാക്കിയും താനൊഴികെ ബാക്കിയെല്ലാവരെയും പുതുമുഖങ്ങളാക്കിയും രൂപപ്പെടുത്തിയ മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിലേറെയും പിണറായിയോട് കൂറോ, വിധേയത്വമോ ഉള്ളവരാണ്. അദ്ദേഹത്തിന്റെ മരുമകനും ആക്ടിങ് സെക്രട്ടറിയുടെ ഭാര്യയും അക്കൂട്ടത്തിലുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇടതു മുന്നണിയുടെ തുടര്‍ഭരണത്തിനു ഗണ്യമായ സംഭാവന നല്‍കിയ, ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ക്കു പുതിയ മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളില്‍ അവര്‍ നടത്തിയ ഇടപെടലുകളും വാര്‍ത്തസമ്മേളനങ്ങളും ജനപ്രീതിയാര്‍ജിച്ചപ്പോഴാണ്, മുഖ്യമന്ത്രി പിണറായി അതേറ്റെടുത്തു തന്റെ പുതിയ ഇമേജ് ബില്‍ഡപ് ചെയ്തത്. (ആരോഗ്യ മന്ത്രിക്കു മീഡിയ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയാണ് ആറുമണി വാര്‍ത്ത സമ്മേളത്തിന്റെ സാധ്യതയിലേക്കു പിണറായിയുടെ ശ്രദ്ധ തിരിച്ചത്). പിണറായിയേക്കാള്‍ ജനപ്രീതി ശൈലജ ടീച്ചര്‍ക്കായതിനാലാണല്ലോ റിക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അവര്‍ വിജയിച്ചത്. അവരുടെ ജനപ്രീതിയും അവര്‍ക്കു ലഭിച്ച അംഗീകാരങ്ങളും തങ്ങള്‍ക്കൊരു ഭീഷണിയാവുമോ എന്ന സീനിയര്‍ നേതാക്കളുടെ പെരുന്തച്ചന്‍ കോംപ്ലക്‌സിന്റെയും, തുടര്‍ ഭരണത്തിന്റെ ക്രെഡിറ്റ് തന്റേതു മാത്രമായിരിക്കണമെന്ന പിണറായിയുടെ പിടിവാശിയുടെയും ഇരയാണ് ശൈലജ ടീച്ചര്‍.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിലവിലുള്ള നേതൃത്വത്തിന് ഭീഷണിയാവുന്നവരെ ഒതുക്കുകയോ വെട്ടിനിരത്തുകയോ ആണല്ലോ സിപിഎമ്മിന്റെ രീതി. ഒരു പൊതുസമ്മേളനത്തില്‍ ഇഎംഎസിനേക്കാള്‍ കൈയ്യടി കിട്ടിയപ്പോഴാണല്ലോ എം. വി. രാഘവന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായതും പിന്നീട് പാര്‍ട്ടിക്കു പുറത്തായതും. കേരം തിങ്ങും കേരള നാട് കെ. ആര്‍. ഗൗരി ഭരിക്കുമെന്ന് പറഞ്ഞു വോട്ടുപിടിച്ചശേഷം അവരെ മുഖ്യമന്തി ആക്കാതിരുന്നതും, അവരെ പുകച്ചു പുറത്തുചാടിച്ചതും, എകെജിയുടെ ഭാര്യയായിരുന്ന സുശീലാ ഗോപാലന്‍ മുഖ്യമന്ത്രിയാവാനുള്ള സാധ്യതകള്‍ അട്ടിമറിക്കാന്‍ നിയമസഭാ അംഗമല്ലാതിരുന്ന നായനാരെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും
ഓര്‍മ്മയില്ലാത്തവര്‍ക്കു മാത്രമേ, ശൈലജ ടീച്ചറിന് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ അസ്വാഭാവികത തോന്നൂ. ഈ പാര്‍ട്ടിയെക്കുറിച്ചു അവര്‍ക്കു ഒരു ചുക്കും അറിയില്ല. മന്ത്രിസ്ഥാനം കിട്ടാത്തതിരുന്നത് ഷൈലജ ടീച്ചറിന് ഒരു കണക്കിന് ഗുണകരവുമാണ്. കോവിഡ് വ്യാപനം അത്രയധികമൊന്നും ഉണ്ടാകാതിരുന്ന സമയത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ ഇമേജ് അവര്‍ക്കു നഷ്ടപ്പെടാതിരിക്കുമല്ലോ. താരതമ്യേന മികച്ച പൊതുജനാരോഗ്യ സംവിധാനമുണ്ടായിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നമ്മള്‍ ലോകോത്തരമെന്നു ഘോഷിച്ചു നടപ്പാക്കിയ പലതും അപര്യാപ്തമാണെന്ന് ഇപ്പോള്‍ വെളിവായിക്കൊണ്ടിരുക്കുകയാണല്ലോ.
മന്ത്രിസഭയില്‍ ഏറെയും പുതുമുഖങ്ങളായതു കൊണ്ടുമാത്രം ഭരണം മികച്ചതാവണമെന്നില്ല. ടീം പുതിയതാണെങ്കിലും ക്യാപ്റ്റന്‍ പഴയതു തന്നെയാണ്. ഏറ്റവും ആരോപണമുയര്‍ന്ന ആഭ്യന്തരം അദ്ദേഹം കൈവിടുമെന്നും തോന്നുന്നില്ല. കഴിഞ്ഞ ഭരണത്തിലെ പാളിച്ചകള്‍ തിരുത്താനും പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കഴിയുംവിധം അദ്ദേഹവും പാര്‍ട്ടിയും എത്രത്തോളം പരിവത്തനത്തിനു വിധേയമാകും എന്നതിനെ ആശ്രയിച്ചിരിക്കും പിണറായിയുടെ രണ്ടാമൂഴം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in