തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാനം
നവംബര്‍ 25, 26 തിയതികളില്‍ തൃശ്ശൂരില്‍ വച്ച് നടന്ന കേരള സോഷ്യല്‍ ഫോറം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്തരൂപം
ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തേയും അവരുടെ അവകാശങ്ങളേയും സ്വാതന്ത്ര്യത്തേയും ബഹുസ്വരമായ ജീവിതത്തേയും തകര്‍ത്തു കൊണ്ട് ഭരിക്കുകയും രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സാഹചര്യതതില്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ എങ്ങനെ സമീപിക്കണം എന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യ രൂപപ്പെട്ട നാള്‍ മുതല്‍ ഇന്നോളം, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന എല്ലാവരും തുല്ല്യരാണ് എന്ന അടിസ്ഥാന തത്വം നടപ്പായിട്ടില്ല. വര്‍ഗ്ഗ ജാതി ലിംഗ ഭാഷ തുടങ്ങി ഒരു ഭേദവുമില്ലാതെ എല്ലാ മനുഷ്യരും തുല്ല്യത അനുഭവിക്കുന്നുണ്ടോ? ഇല്ല. ആകെ തുല്ല്യതയുള്ളത് വോട്ടവകാശത്തിലാണ്. ഒരു പൗരന്‍ അല്ലെങ്കില്‍ പൗര എന്ന നിലയില്‍ ഒരു വോട്ടിന് ഒരു മൂല്യമാണ്. അതില്‍പോലും വലിയ അനീതികള്‍ നടക്കുന്നുണ്ട്. ഒരുദാഹരണം പറയാം. നാഗാലന്റില്‍ പ്രിസൈഡിംഗ് ഓഫീസറായിരുന്ന സുഹൃത്ത് പറഞ്ഞതാണ്. അദ്ദേഹത്തിന്റെ ബൂത്തില്‍ 820 വോട്ടുകളാണ് ഉണ്ടായിരുന്നത്. വോട്ടുചെയ്യാനെത്തിയത് ആകെ എട്ടു പേര്‍. ആ എട്ടുപേര്‍ 820 പേരുടേയും വോട്ടുചെയ്യുകയായിരുന്നു. എതിര്‍ക്കാനുള്ള ധൈര്യം ആര്‍ക്കുമുണ്ടായിരുന്നില്ല. സത്യത്തിലവിടെ ജനാധിപത്യം മുഖം പൊത്തി പരിഹസിക്കുകയായിരുന്നു. അതുപോലെ പലയിടത്തും സംഭവിക്കുന്നു.
ഇന്നു കാണുന്നത് ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള കൈകോര്‍ക്കലാണ്. അതിനെ താങ്ങിനിര്‍ത്താനായി സോഷ്യല്‍ മീഡിയയിലെ ഒരുവിഭാഗവുമുണ്ട്. തെരഞ്ഞെടുപ്പുകളെ അവര്‍ക്ക് അനുകൂലമാക്കുകയാണ് ഈ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ചെയ്യുന്നത്. അതിനാല്‍തന്നെ സത്യസന്ധമായ തെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധികളെ അധികാരത്തിലെത്തിക്കാനാവാത്ത അവസ്ഥയാണ്. പോളിംഗ് യന്ത്രം വന്നതോടെ അട്ടിമറി എളുപ്പമായി. ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ അദികാരത്തിലെത്തിയവര്‍ ഇപ്പോള്‍ നമുക്ക് ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയെ മറികടക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ബഹുസ്വരത അട്ടിമറിക്കുന്നു.
തുല്ല്യതയെ അട്ടിമറിക്കുന്ന, രാജ്യം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ജാതിയാണ്. ജാതിയെ അഭിമുഖീകരിക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. എന്നാല്‍ ബഹുഭൂരിഭാഗവും അതിനെ അഭിസംബോധന ചെയ്യുന്നില്ല. ഇടതുപക്ഷം പോലും വ്യത്യസ്ഥമല്ല. അതുപോലെ ഭൂമിയില്‍ നിന്നു പിഴുതുമാറ്റപ്പെട്ടവരുടെ പ്രശ്‌നങ്ങളേയും അഭിസംബോധന ചെയ്യുന്നില്ല. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിക്കായി സമരം ചെയ്യുമ്പോള്‍, കേരളത്തിലായാലും മറ്റെവിടെയായാലും, ആയുധങ്ങള്‍ ചൂണ്ടുന്ന സര്‍ക്കാരുകളെയാണ് കാണുന്നത്. ബുധിനി നോവല്‍ എഴുതുമ്പോള്‍, അദാനിയുടെ വൈദ്യുത പ്ലാന്റ് ഉണ്ടാക്കാന്‍ ജാര്‍ഖണ്ഡിലെ 11 ഓളം, മൂന്നുതവണ കൃഷിചെയ്യുന്ന സമ്പല്‍ സമൃദ്ധമായ ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുന്ന കാഴ്ച നേരില്‍ കണ്ടിരുന്നു. ഞാനവരുടെ സമരപന്തലില്‍ പോയിരുന്നു. അദാനി തിരിച്ചുപോകൂ എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ഭൂമി ചോദിച്ചവര്‍ക്ക് വെടിയുണ്ട സമ്മാനിച്ച മുത്തങ്ങയിലെ അനുഭവവും നമുക്കറിയാം.
ജാതിക്ക് സാമ്പത്തിക വശത്തിനപ്പുറത്ത് സാംസ്‌കാരികമായ വശം കൂടിയുണ്ട്. പൊതുബോധത്തില്‍ നിന്ന അതിനെ എങ്ങനെ തുടച്ചുമാറ്റാം എന്നതിന്റെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം മുന്നോട്ടുവെക്കാനായിട്ടുണ്ട്? നമ്മുടെ മനസ്സിലെങ്കിലും ജാതിരഹിതമായ ലോകം സൃഷ്ടിക്കാനായിട്ടുണ്ടോ? ഇല്ല. എന്തൊക്കെ പ്രസംഗിച്ചാലും ജാതിബോധം നമ്മളില്‍ നിന്ന് മാറ്റാനായിട്ടില്ല. പി കെ ബാലകൃഷ്ണന്‍ പറഞ്ഞപോലെ പുരോഗമനത്തിന്റെ പൂരപറമ്പില്‍ ഒത്തുകൂടുക മാത്രമാണ് നാം ചെയ്തത്. ഒത്തുകൂടി ജാതിരഹിത സമൂഹമാണ് നമ്മളെന്നു വലിയ വായില്‍ പ്രസംഗിച്ചു. പക്ഷെ ജാതി ഇല്ലാതാക്കാനായില്ല. അതിനാല്‍ തന്നെ വെറുപ്പിന്റെ രാഷ്ട്രീയം എളുപ്പത്തില്‍ വളരുന്നു. ന്യൂനപക്ഷ, സ്ത്രികള്‍ ദളിതര്‍, ആദിവാസി, ഗോത്രവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കുനേരെ വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്തിയെടുക്കാന്‍ സോഷ്യല്‍ മീഡിയയിലെ ഒരു വലിയ വിഭാഗം തന്നെ രംഗത്തുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഭൂമി അതില്‍ പണിയെടുക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാകണം. പകരം കോര്‍പ്പറേറ്റുകള്‍ക്കാണെങ്കില്‍ ജാതി അതേപടി നിലനിര്‍ത്തി ദളിതരേയും ആദിവാസികളേയും ഗോത്ര.. ഭൂരഹിത കര്‍ഷകരേയും കര്‍ഷകതൊഴിലാളികളേയും മാര്‍ജിനലൈസ് ചെയ്തുള്ള വികസനമേ ഉണ്ടാകൂ… അതിനപ്പുറമൊരു വികസനം ഉണ്ടാകില്ല.. ബുധിനിയുമായി ബന്ധപ്പെട്ടുതന്നെ പറയട്ടെ. 1959ല്‍ ഉദ്ഘാടനം ചെയ്ത ഡാമുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ തന്നെ കുറെയേറെ ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. അവിടെ ജീവിച്ചിരുന്നവര്‍ എവിടെ പോയി? അവര്‍ പിന്നീട് അടയാളപ്പെടുത്തപ്പെട്ടത് വിഭജനത്തിന്റെ ഇരകള്‍ എന്ന നിലയിലായിരുന്നു. വികസനത്തിന്റേ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്നു വലിച്ചെറിയപ്പെട്ടതിന്റെ അടയാളം നമ്മുടെ ചരിത്രത്തിലില്ല. പുരധിവാസം നടന്നതാകട്ടെ നാലു ശതമാനം മാത്രം..
മോദി സര്‍ക്കാര്‍ വലിയ വായില്‍ രാജ്യത്തിന്റെ സാമ്പത്തിക ഉന്നതിയെ കുറിച്ച് സംസാരിക്കുന്നു. ലോകത്ത് അഞ്ചാമത്തെ സാമ്പത്തികശക്തിയാണത്രെ ഇന്ത്യ. വൈലോപ്പിള്ളിയുടെ തീപ്പെട്ടി എന്ന കവിതയാണ് ഓര്‍മ്മവരുന്നത്. തീപ്പെട്ടി ഉപയോഗിച്ച് സ്റ്റൗ കത്തിക്കാന്‍ എത്ര ശ്രമിച്ചിട്ടും കവിക്കാകുന്നില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ആത്മഗതം ഇങ്ങനെ. തീപ്പെട്ടി കത്തിയില്ലെങ്കിലെന്ത്? മൂന്നാമത് അണുശക്തിരാജ്യമായി മാറിയില്ലേ നമ്മിടെ നാട്? അദാനിക്കും അംബാനിക്കും ഒപ്പം നമ്മുടെ വരുമാനം ചേര്‍ത്താണ് അഞ്ചാമത്തെ ശക്തിയെന്ന കള്ളം തൊണ്ട തൊടാതെ പ്രചരിപ്പിക്കുന്നത്.
അടുത്ത തെരഞ്ഞെടുപ്പായിരിക്കണം നമ്മുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. ഇലക്ഷനിലൂടെയാണ് കാര്യങ്ങള്‍ മാറുക.. ഭരണകൂടം തന്നെയാണ് മാറ്റം വരുത്തുക.. ഫാസിസത്തെ നേരിടാന്‍ ജനങ്ങളെ സജ്ജരാക്കണം, അത് ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല, പൊതുജനങ്ങള്‍ തന്നെയാണ്. നമ്മളാണ് പരമാധികാരികള്‍ എന്ന് ഭരണഘടന പറയുന്നു. .നമുക്കൊരിക്കലും അതിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. നമുക്ക അധികാരമില്ല… അത് പ്രാക്ടീസ് ചെയ്യാനറിയില്ല. വിനീത വിധേയരായി താണുകേണപേക്ഷിച്ചാണ് നമ്മള്‍ പലതും നേടിയെടുക്കുന്നത്. പരമാധികാര ശക്തിയാകേണ്ട ജനത എപ്പോഴെങ്കിലും അവരുടെ പാര്‍ട്ടികളുടെ താല്‍പ്പര്യത്തെ മറികടന്ന് പരമാധികാരം പ്രയോഗിച്ചിട്ടുണ്ടോ? ഇല്ല. നമ്മള്‍ പാര്‍ട്ടി മെമ്പര്‍മാരാണ്. അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.
ഏറ്റവും ശക്തമായ വിമര്‍ശനത്തിനേ മാറ്റങ്ങള്‍ കൊണ്ടുവരാനാവൂ… അത് പാര്‍ട്ടിക്കകത്തായാലും കുടുംബത്തിലായാലും ഏതു സ്ഥാപനത്തിലായാലും. ഭരണഘടന വാഗ്ദാനം ചെയ്ത അവകാശങ്ങള്‍ അനുഭവിക്കാനാകുന്നില്ലെങ്കില്‍, അതിനായി പൗരന്‍ എന്ന നിലയില്‍ നമ്മള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചോ? കടമ നിര്‍വ്വഹിച്ചോ? നമ്മുടെ കടമ ജനാധിപത്യത്തെ സംരക്ഷിക്കലാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട സ്ഥാപനങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാകുന്നതു കണ്ട് പൊതുജനത്തിന്, കഴുതയെ പോലെ ഇനിയും തുടരാനാകുമോ? ഇനിയും നിസംഗരാകാമോ? അടുത്ത തെരഞ്ഞെടുപ്പിലും വര്‍ഗ്ഗീയ താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമായ നിലപാടുകളെ ചെറുക്കണം. ഉദാഹരണമായി പാലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട നിലപാടുതന്നെ നോക്കൂ. ചേരിചേരാനയം ഉയര്‍ത്തിപിടിച്ചും സമാധാനത്തിനായി നിലകൊണ്ടും ബുദ്ധന്റെ പാരമ്പര്യം അവകാശപ്പെട്ടും അഭിമാനകരമായി നമ്മള്‍ ലോകത്തിനുമുന്നില്‍ നിന്നിരുന്നു. പാലസ്തീന്റെ പരമാധികാരമെന്ന നിലപാടുയര്‍ത്തി പിടിച്ചിരുന്നു. .എത്ര പെട്ടന്നാണ് എല്ലാം മാറിയത്? ഇസ്രായേലുമായി നാം കൈകോര്‍ത്തത്. വലതുപക്ഷ തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയത്.
ഒരുപാട് വിഷയങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാനുണ്ടാകാം. എന്നാലിത് പ്രയോഗത്തിന്റെ സമയമാണ്. ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ഫാസിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് ഉറപ്പിക്കാന്‍ നമുക്കാവണം. അതിനായി ജനങ്ങളെ ശക്തരാക്കാന്‍ കഴിയണം. അതിനായി ആഴത്തിലുള്ള പ്രവര്‍ത്തനം വേണം. വിദ്യാര്‍ത്ഥികളായിരുന്നു പലപ്പോഴും നമ്മെ പ്രചോദിപ്പിച്ചിരുന്നത്. ഇന്നവര്‍ പൊതുവില്‍ നിശബ്ദവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. എങ്ങും ഭയമാണ്. മാധ്യമങ്ങളും നിശബ്ദരാകുന്നു. അല്ലെങ്കില്‍ കോര്‍പ്പറേറ്റുകള്‍ക്കായി നിലകൊള്ളുന്നു. ജനങ്ങളുടെ നാവാകുന്നില്ല. പകരം ഭരണകൂടത്തിന്റെ നാവാകുന്നു. എഴുത്തുകാരും വ്യത്യസ്ഥമല്ല. ഒരുഘട്ടത്തില്‍ നമ്മുടെ എഴുത്തുകാര്‍ പലരും എഴുന്നേറ്റുനിന്ന് നോ പറഞ്ഞ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയിരുന്നു. എന്നാലതിനൊന്നും തുടര്‍ച്ചയില്ല. അതുണ്ടാക്കാന്‍ വലിയെ രാഷ്ട്രീയശക്തിയായി പൊതുജനം മാറണം. തീരുമാനമെടുക്കാനുള്ള പരമാധികാരം പ്രയോഗിക്കാന്‍ ജനങ്ങളെ സജ്ജരാക്കണം. അങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണം. തെരഞ്ഞെടുപ്പാണോ പ്രധാനം എന്നു ചോദിക്കാം. അതെ, തെരഞ്ഞെടുപ്പുതന്നെയാണ് നയം തീരുമാനിക്കുക. തെരഞ്ഞെടുപ്പുവഴിയാണ് ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തിയത് എന്നും മറക്കരുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in