വാക്‌സിനിലെ ശാസ്ത്രാതീത താത്പര്യങ്ങള്‍

മൂന്ന് ഘട്ടങ്ങളിലുള്ള ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായി നടത്തി അനുമതി ലഭിച്ച് ഒരു വാക്‌സിന്‍ വ്യാപകമായ ഉപയോഗിക്കപ്പെട്ടതിന് ശേഷവും അവയെ ഗവേഷകര്‍ പരിശോധിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കൊച്ചുകുട്ടികളിലും പ്രായമായവരിലും ഡോസ് ക്രമീകരിക്കാന്‍ ഇത്തരം പഠനങ്ങള്‍ ആവശ്യമാണ്. അങ്ങനെയൊക്കെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചു വാക്‌സിനുകള്‍ നിര്‍മിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തതുകൊണ്ടാണ് വിവിധ മഹാമാരികളെ നമ്മള്‍ ഭൂമിയില്‍നിന്ന് തന്നെ ഇല്ലാതാക്കിയത്. ആ ഒരു സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ വാക്‌സിനുണ്ടാക്കി റഷ്യയിപ്പോള്‍ വിജയം കൊണ്ടാടുന്നത് നൈതികമല്ലെന്ന് മാത്രമല്ല അപകടം വിളിച്ചുവരുത്തുന്നതുമാകാം.

പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച റഷ്യന്‍ നിര്‍മിത വാക്‌സിന്‍ ലോകത്ത് വ്യാപക ഉപയോഗത്തിന് അംഗീകാരം നേടിയ ആദ്യ കോവിഡ്-19 വാക്‌സിനായിരിക്കുകയാണല്ലോ. മഹാവ്യാധിയില്‍ ആശങ്കാകുലരായിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ള സാധാരണക്കാരായ കോടിക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസവാര്‍ത്തയാണിത്. എന്നാല്‍ ശാസ്ത്രലോകം ഈ പ്രഖ്യാപനത്തെ അത്ര സന്തോഷത്തോടെയല്ല നോക്കി കാണുന്നത്. റഷ്യയുടെ വാക്‌സിന്‍-വിജയം, പാത്രം കൊട്ടലും ഗോമൂത്രവും ഭാഭിജി പപ്പടവുമൊക്കെ പ്രതിരോധമാക്കിയ ഇന്ത്യന്‍ ‘പാന്‍ഡമിക് വിദഗ്ധരെയും’ നാഴികക്ക് നാല്പതുവട്ടം മണ്ടത്തരം പറയുന്ന ഡൊണാള്‍ഡ് ട്രംപിനെയും മറ്റും കളിയാക്കാനുള്ള വേദി സാമൂഹിക മാധ്യമങ്ങളില്‍ തുറന്നിരിക്കുകയാണ്. ഇരുപത് രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡര്‍ ഇപ്പോള്‍ തന്നെ ലഭിച്ചെന്ന് റഷ്യ അവകാശപ്പെടുന്ന അവരുടെ ‘സ്പുട്‌നിക് വി’ (Sputnik V) എന്ന അതിവേഗ-നിര്‍മിത കോവിഡ്-19 വാക്‌സിന്‍ യഥാര്‍ത്ഥത്തില്‍ കോവിഡ് മഹാമാരിക്ക് ഒരന്ത്യം കുറിക്കുമോ? നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ മാത്രം ലഭിക്കേണ്ട ഈ വാക്‌സിന്‍ കണ്ടുപിടുത്തത്തെ ശാസ്ത്രലോകം എന്തിനാണ് സംശയത്തോടെ നോക്കുന്നത്?

എന്താണ് സ്പുട്‌നിക് വി?

മോസ്‌കോയിലെ ഗവണ്‍മെന്റ് ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ റഷ്യന്‍ പ്രതിരോധ വകുപ്പിന്റെയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും സഹായത്തോടെ നിര്‍മിച്ച കോവിഡ്-19 പ്രതിരോധ മരുന്നാണ് സ്പുട്‌നിക് വി. ശീതയുദ്ധകാലത്ത് ആദ്യമായി ഒരു കൃത്രിമോപഗ്രഹം വിജയകരമായി ബഹിരാകാശത്ത് എത്തിച്ച റഷ്യ (USSR) അതേപോലെ വീണ്ടുമൊരു മത്സരം ജയിച്ചുവെന്ന് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ പറയാനാണ് ‘ആദ്യ കൊറോണ വൈറസ് വാക്‌സിന്’ ഉപഗ്രഹത്തിന്റെ അതേ പേര് നല്‍കിയതെന്നതില്‍ സംശയമില്ല.

വിവിധ മൃഗങ്ങളില്‍ നടത്തിയ പ്രീ-ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം രണ്ട് ഘട്ടങ്ങളിലായി (phase 1 and phase 2) 76 വോളന്റീയര്‍മാരില്‍ ഹ്യൂമന്‍ ട്രയല്‍സ് നടത്തിയാണ് വാക്‌സിന്‍ ഫലപ്രദമെന്ന് കണ്ടെത്തിയതെന്ന് റഷ്യ അവകാശപ്പെടുന്നു. പരീക്ഷണവിധേയരില്‍ എല്ലാം തന്നെ കോവിഡ്-19 നെതിരയുള്ള ശക്തമായ ആര്‍ജിത പ്രതിരോധം ഉണ്ടായെന്നും അതില്‍ കൊറോണ വൈറസിനെ നിര്‍വീര്യമാക്കാനുള്ള ആന്റിബോഡി നിര്‍മാണത്തിന് പുറമേ കോശങ്ങളിലൂടെയുള്ള പ്രതിരോധവും (both B cell response and T cell response) ഉള്‍പ്പെടുന്നുവെന്നും റഷ്യന്‍ ഗവേഷകര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 11ന് റഷ്യയുടെ ആരോഗ്യവകുപ്പിന്റെ അനുമതി നേടിയ സ്പുട്‌നിക് വി യുടെ മൂന്നാം ഘട്ട (phase 3) പരീക്ഷണങ്ങള്‍ ആഗസ്റ്റ് 12ന് റഷ്യ, സൗദി അറേബ്യ, യു.എ.ഇ, മെക്‌സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ 2000 ത്തോളം വ്യക്തികളില്‍ ആരംഭിച്ചു.

വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

കൊറോണ വൈറസ് പോലെയുള്ള രോഗകാരികളായ സൂക്ഷ്മാണുക്കള്‍ മനുഷ്യശരീരത്തെ ആക്രമിക്കുമ്പോള്‍ നമ്മുടെ രോഗപ്രതിരോധവ്യവസ്ഥയിലെ റ്റി-കോശങ്ങളും ബി-കോശങ്ങളും അവയെ നിര്‍വീര്യമാക്കാനായി രോഗാണു-നിര്‍ദ്ദിഷ്ട (pathogen specific) പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. രോഗാണുവിനെ നശിപ്പിക്കാന്‍ അവയുടെ ഭാഗമായ ആന്റിജനുകളില്‍ (antigens) റ്റി-കോശങ്ങള്‍ ഒട്ടിപ്പിടിച്ച് കോശങ്ങളിലൂടെയുള്ള പ്രതിരോധം (cell-mediated response) നടത്തുമ്പോള്‍ ബി-കോശങ്ങള്‍ ആന്റിജനുകള്‍ക്ക് എതിരെയുള്ള ആന്റിബോഡികള്‍ നിര്‍മിച്ചാണ് (humoral response) പ്രതിരോധത്തില്‍ പങ്കെടുക്കുന്നത്. രോഗാണുക്കളിലെ ആന്റിജനുകളില്‍ പറ്റിപ്പിടിച്ചിരുന്ന് ആന്റിബോഡികള്‍ അവയെ മറ്റ് ശ്വേതരക്തകോശങ്ങള്‍ക്ക് കൊല്ലാനായി ‘സ്‌കെച്ച് ചെയ്യുന്നു’. ചില റ്റി-കോശങ്ങള്‍ക്കും ബി-കോശങ്ങള്‍ക്കും കണ്ടുമുട്ടിയ ആന്റിജനെ വര്‍ഷങ്ങളോളം ഓര്‍ത്തിരിക്കാനുള്ള കഴിവുണ്ട്. അത്തരം കോശങ്ങളെ ഓര്‍മകോശങ്ങള്‍ (memory T cells and memory B cells) എന്നാണ് വിളിക്കുന്നത്. ഒരു രോഗാണു ആദ്യമായി ആക്രമിച്ചാല്‍ ആഴ്ചകള്‍കൊണ്ട് നടക്കുന്ന നിര്‍ദ്ദിഷ്ട പ്രതിരോധം അതേ രോഗാണുവിന്റെ വീണ്ടുമുള്ള ആക്രമണങ്ങളില്‍ ഓര്‍മകോശങ്ങളുടെ സഹായത്താല്‍ വളരെ പെട്ടന്ന് തുടങ്ങാന്‍ കഴിയും. ആര്‍ജിത രോഗപ്രതിരോധമെന്ന ഈ പ്രതിഭാസമാണ് പല രോഗങ്ങളും ഒരിക്കല്‍ വന്നാല്‍ വീണ്ടും വരാതിരിക്കാനുള്ള കാരണം.

രോഗമുണ്ടാക്കാതെ തന്നെ രോഗാണുക്കളിലെ ആന്റിജനുകളെ പ്രതിരോധവ്യവസ്ഥക്ക് പരിചയപ്പെടുത്തി ഓര്‍മകോശങ്ങള്‍ സൃഷ്ടിച്ച് ആര്‍ജിത പ്രതിരോധം ഉണ്ടാക്കിയെടുക്കുന്നതാണ് വാക്‌സിനുകളുടെ പ്രവര്‍ത്തനതത്വം. നിര്‍വീര്യമാക്കപ്പെട്ടതോ ശക്തി കുറയ്ക്കപ്പെട്ടതോ ആയ രോഗാണുവോ അല്ലെങ്കില്‍ രോഗാണുവിന്റെ ഭാഗങ്ങളോ ആണ് വാക്‌സിനുകളായി ഉപയോഗിക്കുന്നത്. കൊറോണ വൈറസുകളെ നിര്‍വീര്യമാക്കാന്‍ അവയുടെ പ്രതലത്തില്‍ മുള്ളുകള്‍ പോലെ കാണുന്ന ‘സ്‌പൈക്ക് പ്രോട്ടീനാണ്’ (spike protein) പ്രതിരോധ കോശങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന പ്രധാന ആന്റിജന്‍. കൊറോണ വൈറസിനെതിരെ ഏതാണ്ട് എട്ടോളം തരത്തിലുള്ള വാക്‌സിനുകള്‍ 200ല്‍ അധികം സ്ഥാപനങ്ങളിലായി ലോകവ്യാപകമായി നിര്‍മിക്കപ്പെടുന്നുണ്ട്. അവയില്‍ ചിലത് മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയലുകളിലുമാണ് ഉള്ളത്.

രണ്ടാം ഘട്ടം കൊണ്ടുതന്നെ വ്യാപക ഉത്പാദനത്തിന് അനുമതി കിട്ടിയ സ്പുട്‌നിക് വി വാക്‌സിന്‍, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന അതേ തരത്തില്‍പെട്ട ഒരു നോണ്‍-റെപ്ലിക്കേറ്റിങ് വൈറല്‍ വെക്ടര്‍ (non-replicating viral vectors) വാക്‌സിനാണ്. ആന്റിജനുകളെ മനുഷ്യകോശങ്ങളിലേക്ക് എത്തിക്കാന്‍ നിരുപദ്രവകാരികളായ വൈറസുകളുടെ സഹായം തേടുന്നതാണ് വൈറല്‍ വെക്ടര്‍ വാക്സിനുകളുടെ രീതി. സാധാരണ ജലദോഷം ഉണ്ടാക്കുന്ന അഡിനോ വൈറസുകളുടെ (adenovirus) ഡി.എന്‍.എ യില്‍ കൊറോണവൈറസ് സ്‌പൈക്ക് പ്രോട്ടീനിന്റെ ജീന്‍ സംയോജിപ്പിച്ചാണ് ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ട് സ്പുട്‌നിക് വി വികസിപ്പിച്ചെടുത്തത്. അഡിനോ വൈറസുകള്‍ പെരുകാതിരിക്കാന്‍ അവയുടെ ചില ജീനുകളെ നോണ്‍-റെപ്ലിക്കേറ്റിങ് വൈറല്‍ വെക്ടറുകളുടെ നിര്‍മാണത്തില്‍ കൃത്രിമമായി നിഷ്‌ക്രിയമാക്കുന്നു. താരതമ്യേന പുതിയൊരു വാക്‌സിന്‍ നിര്‍മാണ രീതിയാണിത്. ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 വാക്‌സിന്‍ ലാന്‍ഡ്‌സ്‌കേപ്പ് ലിസ്റ്റിലെ 2 ഇന്ത്യന്‍ ഉദ്യമങ്ങളിലുമുള്ളത് പരമ്പരാഗത വാക്‌സിന്‍ നിര്‍മാണരീതിയിലൂടെ നിര്‍വീര്യമാക്കപ്പെട്ട കൊറോണ വൈറസ് തന്നെയാണ് (live attenuated virus type).

രണ്ട് ഡോസുകളായാണ് സ്പുട്‌നിക് വി നല്‍കപ്പെടുന്നത്. അതില്‍ ആദ്യത്തേതിലുള്ളത് കൊറോണ സ്‌പൈക്ക് പ്രോട്ടീന്‍ ജീനടങ്ങിയ Ad26 എന്ന അഡിനോ വൈറസാണ്. അമേരിക്കയിലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയും ഇതേ വൈറസാണ് തങ്ങളുടെ കോവിഡ് വാക്‌സിനില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസില്‍ ചൈനയിലെ ക്യാന്‍സിനോ ബയോളജിക്സ് വികസിപ്പിക്കുന്ന വാക്‌സിനിലേതുപോലെയുള്ള Ad5 അഡിനോ വൈറസാണുള്ളത്. പരീക്ഷണത്തിന് വിധേയരായ 76 പേരിലും വൈറസിനെ നിര്‍വീര്യമാക്കാന്‍ പോന്ന കൊറോണ സ്‌പൈക്ക് പ്രോട്ടീനെതിരെയുള്ള ആന്റിബോഡികളുണ്ടായി എന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന മറ്റ് വാക്‌സിനുകളുടെ വളരെ മുന്‍പുള്ള പഠനങ്ങളില്‍ തന്നെ സമാനമായ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് ഉണ്ടായിട്ടുണ്ട്. പനി, തലവേദന, കുത്തിവെച്ചിടത്തുള്ള ഇറിറ്റേഷന്‍ തുടങ്ങിയ സ്പുട്‌നിക് വി യുടെ ചെറിയ-താത്കാലിക പാര്‍ശ്വഫലങ്ങള്‍ പോലും മറ്റ് വാക്‌സിനുകളിലേത് പോലെതന്നെയാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

റഷ്യന്‍ വാക്‌സിന്‍ എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?

ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാ സംവിധാനങ്ങളില്‍ തന്നെ ഏറ്റവും ശ്രദ്ധാപൂര്‍വം ഉണ്ടാക്കിയെടുക്കുന്നവയാണ് പ്രതിരോധ മരുന്നുകള്‍. ആരോഗ്യമുള്ള കോടിക്കണക്കിന് മനുഷ്യര്‍ക്ക് നല്‍കപ്പെടുന്നതിനാല്‍ അവയ്ക്ക് ഏറ്റവും ചെറിയ പാര്‍ശ്വഫലങ്ങള്‍ പോലുമില്ലാതാക്കാന്‍ വാക്‌സിന്‍ നിര്‍മാതാക്കളും ഗവേഷകരും ശ്രമിക്കുന്നു. മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നതിന് മുന്‍പ് ആള്‍ക്കുരങ്ങ് (primate) വര്‍ഗ്ഗത്തിലുള്‍പ്പെടെയുള്ള മൃഗങ്ങളില്‍ പ്രീ-ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തി വാക്‌സിനുകളുടെ ഫലമുറപ്പാക്കാറുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് ഹ്യൂമന്‍ ട്രയലുകള്‍ നടത്തപ്പെടുന്നത്. ഒന്നാം ഘട്ടത്തില്‍ ഏതാനും ഡസന്‍ ആളുകളില്‍ വാക്‌സിന്‍ പരീക്ഷിക്കും. പാര്‍ശ്വഫലങ്ങളില്ലാതെ പ്രതീക്ഷിച്ച ഫലം നല്‍കുന്നുണ്ടെങ്കില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന രണ്ടാം ഘട്ട പരീക്ഷണം നടത്തപ്പെടും. വാക്‌സിന്‍ ലക്ഷ്യം വയ്ക്കുന്നത് ഏതുതരം പോപ്പുലേഷനെ (ഉദാഹരണത്തിന് വിവിധ പ്രായവിഭാഗങ്ങള്‍) ആണോ അവരുടെ സാംപിളാണ് രണ്ടാം ഘട്ട ട്രയലിന് വിധേയമാക്കുന്നത്. അതിലും വിജയിച്ചാല്‍ മാത്രമേ ആയിരക്കണക്കിനാളുകള്‍ക്ക് മരുന്നോ പ്ലാസിബോയോ നല്‍കിയുള്ള മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കൂ. ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റ് പ്രകാരം 6 കോവിഡ്-19 വാക്‌സിന്‍ കാന്‍ഡിഡേറ്റുകള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ വരെ എത്തിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന ഈ ഘട്ടത്തില്‍ മാത്രമേ പുതിയ പ്രതിരോധമരുന്നിന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ കഴിയൂ.

ഏറ്റവും പ്രതീക്ഷ നിലനിര്‍ത്തുന്ന ഈ മേഖലയിലെ വിദഗ്ദ്ധര്‍ പോലും 2021ന്റെ പകുതിയിലെ വാക്‌സിന്‍ വരൂ എന്ന് പറയുമ്പോഴാണ് അപ്പം ചുടുന്ന പോലെ റഷ്യ സ്പുട്‌നിക് വി യെ ലോകത്തിന് മുന്നില്‍ കൊണ്ടുവെച്ചത്. ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റില്‍ ഒന്നാം ഘട്ടമായി മാത്രം രേഖപ്പെടുത്തിയിട്ടുള്ള സ്പുട്‌നിക് വി നേരിടുന്ന വിമര്‍ശനങ്ങള്‍ ഇവയാണ്:

1) മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നതിന് മുന്‍പുതന്നെ വ്യാപകമായ ഉത്പാദനം നടത്താന്‍ സ്പുട്‌നിക് വിയ്ക്ക് അംഗീകാരം ലഭിച്ചു. ഏറ്റവും ആഴത്തിലുള്ള പഠനരീതികളിലൊന്നായ, ഡബിള്‍ ബ്ലൈന്‍ഡഡ് – റാന്‍ഡമൈസ്ഡ് കന്‍ഡ്രോള്‍ ട്രയലുകള്‍ നടത്തി പ്ലാസിബോയല്ല യഥാര്‍ത്ഥ വാക്‌സിന്‍ തന്നെയാണ് ഫലമുണ്ടാക്കുന്നതെന്ന് സ്ഥിരീകരിക്കുന്നത് മൂന്നാം ഘട്ടത്തില്‍ മാത്രമാണ്. വാക്‌സിനുകളും മറ്റ് മരുന്നുകളും മൂന്നാം ഘട്ടത്തില്‍ രണ്ടാം ഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായ റിസള്‍റ്റുകള്‍ കാണിക്കാമെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട് (അവസാന റഫറന്‍സ് നോക്കൂ).

2) ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലെയും പരീക്ഷണങ്ങളുടെ ഡാറ്റ ഒരു പീയര്‍ റിവ്യൂഡ് ശാസ്ത്ര ജേണലില്‍ പബ്ലിഷ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ റഷ്യയുടെ വാക്‌സിന്‍ നിര്‍മാണത്തെപ്പറ്റിയും ഫലപ്രാപ്തിയെപ്പറ്റിയും ശാസ്ത്ര ലോകത്തിനുള്ള അറിവ് പരിമിതമാണ്.

3) സ്പുട്‌നിക് വിയുടെ പാര്‍ശ്വഫലങ്ങള്‍, സുരക്ഷിതത്വം എന്നിവയെപ്പറ്റിയുള്ള പഠനങ്ങള്‍ ലഭ്യമല്ല. വലിയ പോപ്പുലേഷനില്‍ പരീക്ഷിക്കുമ്പോള്‍ ചിലരില്‍ വാക്‌സിന്‍ ഉണ്ടാക്കുന്ന ആന്റിബോഡി പിന്നീട് യഥാര്‍ത്ഥ വൈറസിനെ കോശങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുപോയി കൂടുതല്‍ ഗുരുതരമായ അസുഖമുണ്ടാക്കാന്‍ കാരണമായേക്കാം. മാത്രമല്ല, സാര്‍സ് അസുഖത്തിന് എതിരെയുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ കണ്ടതുപോലെ ചിലരില്‍ ആസ്ത്മ പോലുള്ള സൈഡ് എഫക്ട്‌സ് ഉണ്ടായേക്കാം. പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും പെട്ടന്ന് പുറത്തുകാണണമെന്നില്ല.

4) എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അംഗീകരിച്ചു നടന്നുകൊണ്ടിരിക്കുന്ന മറ്റ് കോവിഡ്-19 വാക്‌സിന്‍ ഗവേഷണങ്ങളെ മൂന്നാം ഘട്ടം നടത്താതെയുള്ള റഷ്യയുടെ വിജയപ്രഖ്യാപനം പിന്നോട്ട് വലിച്ചേക്കാം. സ്പുട്‌നിക് വിയ്ക്ക് എന്തെങ്കിലും പോരായ്മകള്‍ പിന്നീട് കണ്ടെത്തിയാല്‍ അത് പൊതുവില്‍ വാക്‌സിനുകളിലുള്ള ജനത്തിന്റെ വിശ്വാസ്യതക്ക് വിഘാതമുണ്ടാക്കും.

5) ഇതിനുമുന്‍പ് ഒരു വാക്‌സിന്‍ പോലും നോണ്‍-റെപ്ലിക്കേറ്റിങ് വൈറല്‍ വെക്ടര്‍ രീതിയില്‍ നിര്‍മിക്കപ്പെട്ട് ലൈസന്‍സ് നേടിയെടുത്തിട്ടില്ല. എന്നിരുന്നാലും ഇത്തരം വാക്‌സിനുകളെപ്പറ്റി കഴിഞ്ഞ 30 വര്‍ഷത്തെ ഗവേഷണ പിന്‍ബലവും വൈറല്‍ വെക്ടറുകള്‍ ജീന്‍ തെറാപ്പിയില്‍ വിജയകരമായി ഉപയോഗിക്കപ്പെടുന്നതും ഏറ്റവും മികച്ച വാക്‌സിന്‍ നിര്‍മാണ രീതിയാണിതെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നതിന് കാരണമായിട്ടുണ്ട്. പക്ഷേ ചിലരില്‍ അഡിനോ വൈറസിനെതിരെ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് ഉണ്ടാകുന്നത് വാക്‌സിന്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ കൃത്യമായ ക്ലിനിക്കല്‍ ട്രയലിന് വിധേയമാക്കാതെ വൈറല്‍ വെക്ടര്‍ വാക്‌സിന്‍ പുറത്തിറക്കുന്നത് ശരിയായ രീതിയല്ല.

മൂന്ന് ഘട്ടങ്ങളിലുള്ള ക്ലിനിക്കല്‍ ട്രയലുകളും വിജയകരമായി നടത്തി അനുമതി ലഭിച്ച് ഒരു വാക്‌സിന്‍ വ്യാപകമായ ഉപയോഗിക്കപ്പെട്ടതിന് ശേഷവും അവയെ ഗവേഷകര്‍ പരിശോധിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കൊച്ചുകുട്ടികളിലും പ്രായമായവരിലും ഡോസ് ക്രമീകരിക്കാന്‍ ഇത്തരം പഠനങ്ങള്‍ ആവശ്യമാണ്. അങ്ങനെയൊക്കെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിച്ചു വാക്‌സിനുകള്‍ നിര്‍മിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തതുകൊണ്ടാണ് വിവിധ മഹാമാരികളെ നമ്മള്‍ ഭൂമിയില്‍നിന്ന് തന്നെ ഇല്ലാതാക്കിയത്. ആ ഒരു സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ വാക്‌സിനുണ്ടാക്കി റഷ്യയിപ്പോള്‍ വിജയം കൊണ്ടാടുന്നത് നൈതികമല്ലെന്ന് മാത്രമല്ല അപകടം വിളിച്ചുവരുത്തുന്നതുമാകാം.

വാക്‌സിനിലെ ശാസ്ത്രാതീത താത്പര്യങ്ങള്‍

മഹാവ്യാധി പടരുന്ന സമയത്ത് ശാസ്ത്രം അതിന്റെ ശരിയായ സമയപരിധിക്കനുസരിച്ച് (in due course of time) ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ ഉണ്ടാക്കാന്‍ മാസങ്ങളെടുത്ത് ശ്രമിക്കുമ്പോള്‍ ഏറ്റവും പെട്ടന്ന് പ്രതിരോധം കണ്ടെത്തി ഹീറോ-വേഷമണിയാന്‍ അക്ഷമരായി കാത്തിരിക്കുന്ന രണ്ട് കൂട്ടരുണ്ട്. ഒന്നാമത്തേത് വ്‌ലാദിമിര്‍ പുടിനെ പോലെയുള്ള ഈ വിഷയത്തില്‍ രാഷ്ട്രീയ താത്പര്യമുള്ളവരാണ്. അവര്‍ക്ക് വേണ്ടത് ജനങ്ങളുടെ സുരക്ഷയല്ല, മറിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടി ഒന്നാമതെത്തുക അല്ലെങ്കില്‍ ലോകമാതൃകയാകുക എന്നൊക്കെയാണ്. മനുഷ്യത്വത്തിന് മുകളില്‍ ദേശീയതയെ പ്രതിഷ്ഠിക്കുന്ന, ഏതുവിധേനയും തന്റെ രാജ്യക്കാര്‍ ആദ്യം കണ്ടുപിടിക്കണമെന്ന് വിചാരിക്കുന്ന അവിവേകികളെയും നമുക്ക് ഇക്കൂട്ടത്തില്‍ പെടുത്താം. ഇത്തരം പ്രവണത വാക്‌സിനുവേണ്ടി രാപകല്‍ കഷ്ടപ്പെടുന്ന ഗവേഷകരില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തും. കുറ്റമറ്റ വാക്‌സിന്‍ നിര്‍മാണത്തിന് അങ്ങനെയുള്ള സാഹചര്യങ്ങള്‍ അനുയോജ്യമല്ല. ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധമരുന്നുണ്ടാക്കുകയെന്നത് ഇന്ത്യക്കാരായ നമ്മുടെ ഉത്തരവാദിത്വമാണെന്നാണ് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നത്. ഉത്തരവാദിത്വമേല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ റഷ്യ ചെയ്തതുപോലെ കൃത്യമായ ശാസ്ത്രീയ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതില്‍ നമ്മുടെ വാക്‌സിന്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് മാത്രം.

രണ്ടാമതായി അവസരം കാത്തിരിക്കുന്ന വിഭാഗം കപടശാസ്ത്രക്കാരാണ്. ശാസ്ത്രം നിഷ്‌കര്‍ഷിക്കുന്ന ക്ലിനിക്കല്‍ ട്രയലുകളേതുമില്ലാതെ കൊറോണവൈറസിനെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്തുണ്ടാക്കിയ പച്ചവെള്ള-പച്ചമരുന്നുകള്‍ കഴിച്ചാല്‍ കോവിഡ് വരില്ലെന്നും ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യപ്പെടും എന്നൊക്കെ പറയുന്നവരെ കരുതിയിരിക്കുക. മനുഷ്യന്റെ ‘ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുക’ എന്നതൊരു തെറ്റായ സങ്കല്‍പ്പമാണ്. അതുകൊണ്ടുതന്നെ ആയുര്‍വേദമാണ്, ഹോമിയോപ്പതിയാണ് എന്നൊക്കെ പറഞ്ഞ് ഏതുതരം മരുന്നാണ് അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്തിനുള്ള മരുന്നാണ് അവര്‍ നല്‍കുന്നതെന്ന് നമുക്കാര്‍ക്കും അറിയില്ല. കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കാതെ അവര്‍ നടത്തുന്ന മരുന്ന് പരീക്ഷണങ്ങള്‍ക്ക് തലവയ്ക്കാതെയിരിക്കുക.

ശാസ്ത്രീയ രീതിയില്‍ നിര്‍മിച്ച മരുന്നാണെങ്കില്‍ പോലും കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് റഷ്യയുടെ സ്പുട്‌നിക് വി എന്ന കോവിഡ്-19 വാക്‌സിന്‍ ലോകവ്യാപകമായി വിമര്‍ശിക്കപ്പെടുന്നത്. പ്രസിഡന്റ് പുടിന്റെ മകള്‍ക്ക് ഈ വാക്‌സിന്‍ കൊടുത്തിട്ട് ഒരു കുഴപ്പവുമില്ലെന്ന് പറയുന്നതൊക്കെ തത്കാലം അനുഭവസാക്ഷ്യങ്ങളായേ പരിഗണിക്കാനാകൂ. ശാസ്ത്രം പരിഗണിക്കുന്നത് അനുഭവങ്ങളെയല്ല, എക്സ്പെരിമെന്റല്‍ ഡാറ്റ വെച്ചുള്ള തെളിവുകളെയാണ്. നാളെകളില്‍ കൂടുതല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടന്ന് ഒരു പാര്‍ശ്വഫലവുമില്ലാത്ത ‘പെര്‍ഫെക്ട് വാക്‌സിനാ’യി സ്പുട്‌നിക് വി മാറിയേക്കാം. എന്നാല്‍ എത്ര അത്യാവശ്യമാണെങ്കില്‍ പോലും അത്തരം പ്രത്യാശകള്‍ വെച്ചുകൊണ്ട് മാത്രം റിസ്‌ക്ക് എടുക്കുന്നത് ഭ്രാന്തമായ മണ്ടത്തരമാണ്.

റെഫറന്‍സുകള്‍

CLINICAL TRIALS, Sputnik V (sputnikvaccine.com)

An Open Study of the Safety, Tolerability and Immunogenicity of the Drug ‘Gam-COVID-Vac’ Vaccine Against COVID-19, U.S national laboratory of medicine, August 12, 2020 (ClinicalTrials.gov)

The race for coronavirus vaccines: a graphical guide, Nature, April 2020

Russia’s fast-track coronavirus vaccine draws outrage over safety, Nature, August 11, 2020

22 Case Studies Where Phase 2 and Phase 3 Trials Had Divergent Results, FDA, USA, 2017

 

(Indian Institute of Science Education and Research, Bhopalലെ ഗവേഷകവിദ്യാര്‍ത്ഥിയാണ് മിഥുന്‍ കെ മധു)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply