റഷ്യ – യുക്രൈന്‍ സംഘര്‍ഷം : യുദ്ധം ക്ഷണിച്ച് വരുത്തുന്നത് അമേരിക്കന്‍ സാമ്രാജ്യത്വം

സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതിക്ക് അവസാനമില്ലന്നതിന് ലോകം വീണ്ടും സാക്ഷിയാകുകയാണ്. രണ്ടാം ലോകമഹായുദ്ധം, വിയറ്റ്‌നാം, ഇറാക്ക്, പാലസ്തീന്‍ , ചിലി, അഫ്ഗാനിസ്ഥാന്‍ തുടങ്ങി നിരന്തരയുദ്ധങ്ങളുടേയും രാജ്യങ്ങളുടെ ഭരണത്തെ അട്ടിമറിക്കുന്നതിന്റേയും ഉപരോധങ്ങളുടേയും ചരിത്രത്തിന്റെ ക്രൂരമായ തുടര്‍ച്ചയാണ് റഷ്യ – യുക്രൈന്‍ വിഷയത്തിലും അമേരിക്കന്‍ സാമ്രാജ്യത്വം ആഗ്രഹിക്കുന്നത്. റഷ്യയും മുതലാളിത്ത രാജ്യമാണങ്കിലും ഈ സംഘര്‍ഷം പെരുപ്പിച്ചെടുക്കുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പര്യം തിരിച്ചറിയേണ്ടതുണ്ട് .യുദ്ധവും സംഘര്‍ഷങ്ങളും സാമ്രാജ്യത്വത്തിന്റെ കൂടെപ്പിറപ്പുകളാണ്. ട്രംപില്‍നിന്ന് ബൈഡനിലേക്കുള്ള മാറ്റത്തില്‍ സാമ്രാജ്യത്വത്തിന് മനുഷ്യമുഖം പ്രതീക്ഷിച്ചവര്‍ നിരാശയിലാണ്.

ഉക്രെയ്നിലെ നിലവിലെ പ്രതിസന്ധിയുടെ കാതല്‍ കിടക്കുന്നത് നാറ്റോയുടെ കിഴക്കോട്ട് തുടരുന്ന വിപുലീകരണത്തിലാണ്. യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം നാറ്റോയ്‌ക്കോ വേഴ്‌സാ സംഖ്യത്തിനോ പ്രസക്തിയില്ല. സോവിയറ്റ് യൂണിയന് ശേഷമുള്ള കാലഘട്ടത്തില്‍ നാറ്റോ കിഴക്കോട്ട് വികസിക്കില്ലെന്ന് അമേരിക്ക റഷ്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നതാണ്. അതിന് വിരുദ്ധമായി, വേഴ്‌സാ ഉടമ്പടിയുടെ ഭാഗമായിരുന്ന എല്ലാ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും ബാള്‍ട്ടിക് രാജ്യങ്ങളെയും നാറ്റോയിലേക്ക് കൊണ്ടുവന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്‌നും ജോര്‍ജിയയുമാണ് ഇനിയുള്ളതെന്ന് റഷ്യ ഇപ്പോള്‍ ഭയപ്പെടുന്നു. അതിര്‍ത്തിയില്‍ നാറ്റോ നില്‍ക്കുന്നത് തങ്ങള്‍ക്ക് നേരിട്ടുള്ള സുരക്ഷാഭീഷണിയായാണ് റഷ്യ കാണുന്നത്. യുക്രെയ്നിന് ചുറ്റും റഷ്യന്‍ സൈനികരെ അണിനിരത്തുന്നതും അയല്‍രാജ്യമായ ബെലാറസിലെ സംയുക്ത അഭ്യാസങ്ങളും അമേരിക്കയും നാറ്റോയും ചിലസുരക്ഷാ ഉറപ്പുകള്‍ നല്‍കണമെന്ന റഷ്യന്‍ ആവശ്യത്തോടൊപ്പമായിരുന്നു. പ്രധാനമായും, ഉക്രെയ്ന്‍ നാറ്റോയുടെ ഭാഗമാകില്ലെന്നും റഷ്യയുടെ അതിര്‍ത്തിയില്‍ ആക്രമണ മിസൈലുകള്‍ സ്ഥാപിക്കില്ലെന്നും ഉള്ള ഉറപ്പ് ലഭിക്കണമെന്നായിരുന്നു..

റഷ്യയുടെ ഈ ഉറച്ചനിലപാട് യുക്രെയ്നിന് നേരെയുള്ള ഭീഷണിയായാണ് അമേരിക്ക വക്രീകരിച്ചത്. ഉക്രെയ്‌നിനെ ആക്രമിക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടു.. അമേരിക്കന്‍ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഉക്രെയ്നിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയും പോളണ്ടിലും റൊമാനിയയിലും കൂടുതല്‍ യുഎസ് സൈനികരെ നിലയുറപ്പിക്കുകയും കിഴക്കന്‍ യൂറോപ്പിലേക്കും ബാള്‍ട്ടിക് രാജ്യങ്ങളിലേക്കും സൈന്യത്തെ അയയ്ക്കാന്‍ നാറ്റോയുടെ യൂറോപ്യന്‍ പങ്കാളികളെ പ്രേരിപ്പിക്കുകയും ചെയ്തു. എല്ലാ നാറ്റോരാജ്യങ്ങളെയും ഒരുമിച്ചുള്ള നിലപാടിലേക്ക് അണിനിരത്താന്‍ അമേരിക്കന്‍ നയതന്ത്രശ്രമങ്ങള്‍ സജീവമായി.

ഈ പ്രതിസന്ധിയുടെ ഏറ്റവും രസകരമായ വസ്തുത ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും റഷ്യന്‍ സൈന്യത്തിന്റെ ആസന്നമായ ആക്രമണം പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും അദ്ദേഹത്തിന്റെ സര്‍ക്കാരും അത്തരം പെട്ടെന്നുള്ള ഭീഷണിയെ നിഷേധിക്കുകയായിരുന്നു. ഫെബ്രുവരി 16-17 തിയതികളില്‍ ഒരു അധിനിവേശം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയപ്പോള്‍, റഷ്യ ആക്രമിക്കാന്‍ പോകുന്നുവെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും അവകാശവാദങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണെങ്കില്‍, അത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യന്‍ അധിനിവേശഭീഷണിയെ അമേരിക്കന്‍ പ്രസിഡന്റ് ഉയര്‍ത്തിക്കാട്ടുന്നരീതി കണ്ടാല്‍, റഷ്യ സൈനികനടപടിയിലേക്ക് നീങ്ങാന്‍ അമേരിക്കയ്ക്കാണ് ആഗ്രഹമെന്ന് വ്യക്തമാകും.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള യുഎസ് പിന്‍വാങ്ങലിന്റെ പരാജയത്തിന്‌ശേഷം, റഷ്യന്‍പ്രശ്‌നത്തില്‍ തന്റെ പ്രതിച്ഛായ പുതുക്കാന്‍ ബൈഡന്‍ താല്‍പ്പര്യപ്പെടുന്നു. ഉക്രൈനെ ആക്രമിച്ചാല്‍ റഷ്യക്ക് കടുത്ത സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ്‌നല്‍കി. ഉക്രെയ്നില്‍ ഒരു അധിനിവേശവും ഉണ്ടാകില്ലെന്ന് റഷ്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും അമേരിക്ക യുദ്ധം, യുദ്ധമെന്ന് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. ഉക്രെയ്‌നില്‍ റഷ്യയുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതിലുടെ പ്രസിഡന്റ് ബൈഡന്‍ ഇപ്പോള്‍ റഷ്യയെയും ചൈനയെയും ഒരേസമയം ലക്ഷ്യമിടുകയാണ്. ഉക്രേനിയന്‍ പ്രതിസന്ധിയുടെ മധ്യത്തില്‍, ക്വാഡ് വിദേശകാര്യമന്ത്രിമാരുടെയോഗം ഓസ്ട്രേലിയയില്‍നടന്നു. ഇന്‍ഡോ-പസഫിക് മേഖലയില്‍ ചൈനയെവളയാന്‍ ഉദ്ദേശിച്ചുള്ള ക്വാഡ് ഫോറത്തില്‍ യുക്രെയ്നിന്മേലുള്ള റഷ്യയുടെ ആക്രമണാത്മകതയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എതിര്‍ത്തു. റഷ്യയ്ക്കെതിരായ അമേരിക്കയുടെ നിലപാടിനൊപ്പം പൂര്‍ണമായിനില്‍ക്കാന്‍ ഇന്ത്യക്ക് കഴിയാത്തതിനാല്‍ ഇത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറിനെ ഒരു നിലപാടെടുക്കുന്നതില്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു.തങ്ങളുടെ സാമ്രാജ്യത്വ മേധാവിത്വം നിലനിര്‍ത്താനുള്ള യുഎസ് ജിയോപൊളിറ്റിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണ് QUAD . നാറ്റോയും ക്വാഡും ഈ ആഗോളതന്ത്രത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ റഷ്യാ-ചൈനാ സഹകരണം ശക്തിപ്പെട്ടുവരികയാണ്. ചൈന – സോവിയറ്റ് സഹകരണത്തെ തകര്‍ക്കുകയെന്നതു് ശീതയുദ്ധകാലഘട്ടം മുതല്‍ പാശ്ചാത്യതന്ത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. 1949-ല്‍ ചൈനയില്‍ കമ്മ്യൂണിസത്തിന്റെ വരവിനുശേഷം കമ്മ്യൂണിസ്റ്റക്യത്തെ തടസ്സപ്പെടുത്താനാണ് പാശ്ചാത്യ മുതലാളിത്തരാഷ്ട്രങ്ങള്‍ ശ്രമിച്ചത് . ഇരുപത്തിയൊന്നാംനൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും സമാനമായ ഒരു ഭൗമ-രാഷ്ട്രതന്ത്രം അമേരിക്കസ്വീകരിച്ച് നോക്കുകയാണ്. ചൈന-റഷ്യ ഒത്തുചേരല്‍ അമേരിക്കയ്ക്കും അതിന്റെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സഖ്യകക്ഷികള്‍ക്കുമുള്ള ഏറ്റവുംവലിയ വെല്ലുവിളിയായി അമേരിക്ക കരുതുന്നു.

രാഷ്ട്രീയം, സാമ്പത്തികം, സൈനികം എന്നിങ്ങനെ മിക്കവാറും എല്ലാ മേഖലകളിലും ചൈന-റഷ്യന്‍ സഖ്യം ശക്തിപ്രാപിക്കുകയാണ്. പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യയുടെ വ്ളാഡിമിര്‍ പുടിനും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നത്. റഷ്യയുടെ ഏറ്റവും വലിയവ്യാപാരപങ്കാളിയാണ് ചൈന. റഷ്യ ചൈനയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരനും എണ്ണവിതരണത്തിന്റെ രണ്ടാമത്തെ വലിയ ഉറവിടവുമാണ്. മറുവശത്ത്, റഷ്യന്‍ ഊര്‍ജപദ്ധതികളിലെ പ്രധാന നിക്ഷേപകന്‍ ചൈനയാണ്, ”ആര്‍ട്ടിക് സര്‍ക്കിളിലെ യമാല്‍ എല്‍എന്‍ജി പ്ലാന്റും പവര്‍ ഓഫ് സൈബീരിയ പൈപ്പ്ലൈനും ഉള്‍പ്പെടെ, റഷ്യന്‍ചരിത്രത്തിലെ ഏറ്റവും വലിയ 55 ബില്യണ്‍ ഡോളറിന്റെ വാതകപദ്ധതി.” ചൈനയുടെ നേതൃത്വത്തിലാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘1950-കളുടെ പകുതിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ശക്തവും അടുത്തതും മികച്ചതുമായ ബന്ധമാണിത്. ‘

ഇറാന്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍, ബീജിംഗും മോസ്‌കോയും സമാനമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നു. ഉത്തരകൊറിയയ്ക്കെതിരായ ഉപരോധം പിന്‍വലിക്കുകയെന്ന ഐക്യരാഷ്ടസഭയുടെ ആശയം ഈ രണ്ട് ശക്തികളും പ്രോത്സാഹിപ്പിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഇസ്രായേലും നിരന്തരം ഭീഷണിപ്പെടുത്തുന്ന ഇറാനെ പിന്തുണച്ച് റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഇറാനും അമേരിക്കയും സഖ്യകക്ഷികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഇറാനും റഷ്യയും ചൈനയും തങ്ങളുടെ നാവിക സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. പാശ്ചാത്യാധിപത്യത്തില്‍നിന്ന് താരതമ്യേനമുക്തമായ ബദല്‍വ്യാപാര വഴികള്‍ വികസിപ്പിക്കുന്നതിലാണ് ഇരുവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്, ചെനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ്, റഷ്യന്‍ NSS 2021, (ഗ്രേറ്റര്‍ യുറേഷ്യന്‍ പാര്‍ട്ണര്‍ഷിപ്പ് (GEP) ) എന്നിവ ‘സാമ്പത്തിക സംവിധാനങ്ങളുടെ ഏകീകരണവും ബഹുമുഖ സഹകരണത്തിന്റെ വികസനവും’ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നു. ചൈനയും റഷ്യയും യുറേഷ്യയെ ഒരൊറ്റ ശക്തിയുടെ ആധിപത്യത്തില്‍നിന്ന് തടയാന്‍ ഉദ്ദേശിക്കുകയാണ്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് അന്താരാഷ്ട്ര സംവിധാനത്തിലെ ഒരു പ്രധാന ശക്തിയാകാന്‍ ഒരുമിച്ച് നില്‍ക്കണമെന്നതിന്റെ പ്രാധാന്യം ഇരുവര്‍ക്കുമറിയാം.

റഷ്യയ്ക്കെതിരെ വാഷിംഗ്ടണില്‍ നിന്ന് ഉയര്‍ന്നുവരുന്ന രൂക്ഷമായ വാചാടോപത്തില്‍നിന്ന് വ്യത്യസ്തമായി, യൂറോപ്യന്‍ യൂണിയന്റെ രണ്ട് പ്രധാന ശക്തികളായ ഫ്രാന്‍സും ജര്‍മ്മനിയും റഷ്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും ജര്‍മ്മന്‍ചാന്‍സലര്‍ ഷോള്‍സും തുടര്‍ച്ചയായി മോസ്‌കോ സന്ദര്‍ശിച്ച് പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തി. സൈനികാഭ്യാസം പൂര്‍ത്തിയാക്കിയ റഷ്യന്‍ സൈനികരുടെ ചില സംഘങ്ങളെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചതോടെ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന ഭയാനകമായ മുന്നറിയിപ്പുകള്‍ അസ്തമിച്ചു.

ഉക്രെയ്‌നും റഷ്യയ്ക്കും പൊതുവായ ചരിത്രമാണുള്ളത്. 1922-ല്‍ സോവിയറ്റ് യൂണിയന്‍ രൂപീകൃതമായപ്പോള്‍ , അതായത് കൃത്യം നൂറ് വര്‍ഷംമുമ്പ്, വിവിധരാജ്യങ്ങളെ യൂണിയനിലേക്ക് സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധപ്രവിശ്യകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ നിശ്ചയിച്ചു. തല്‍ഫലമായി റഷ്യന്‍ഭാഷ സംസാരിക്കുന്ന ചിലപ്രദേശങ്ങളും ഉക്രെയ്‌നിലേക്ക് ചേര്‍ത്തു. 1990-കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, യൂണിയന്‍ രൂപീകരിച്ച വിവിധപ്രവിശ്യകള്‍ പിളര്‍ന്ന് സ്വാതന്ത്ര്യംപ്രഖ്യാപിച്ചു. അത്തരം രാജ്യങ്ങളുടെ അതിരുകള്‍ സോവിയറ്റ് കാലഘട്ടത്തില്‍ നിയുക്തമാക്കിയതുപോലെതന്നെ തുടര്‍ന്നു.

റൊണാള്‍ഡ് റീഗന്‍ യുഎസ് പ്രസിഡന്റായിരുന്നകാലത്ത് സോവിയറ്റ് യൂണിയനെതിരെ തീവ്രമായപ്രചരണ യുദ്ധം നടന്നിരുന്നു എന്നത് ഇവിടെ ഓര്‍ക്കണം. റേഡിയോ ലിബര്‍ട്ടിയുടെ പേരില്‍ ഉക്രേനിയന്‍മേഖലയില്‍ ദേശീയ വികാരങ്ങള്‍ ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധസമയത്തെ റെഡ് ആര്‍മിയുടെ പങ്ക് അപകീര്‍ത്തിപ്പെടുത്തുകയും പകരം നാസികളെ പിന്തുണയ്ക്കുകയും ജൂതന്മാരെ ഉന്മൂലനംചെയ്യാന്‍ ആഹ്വാനം ചെയ്ത ശക്തികളെ പ്രശംസിക്കുകയും ചെയ്തു. ഈ രീതിയില്‍, ദേശീയതയില്‍ അധിഷ്ഠിതമായ അതൃപ്തിയും സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘകാലപദ്ധതി അന്നുമുതല്‍ നിലവില്‍വന്നു. ഈ ശ്രമങ്ങള്‍ ഫലവത്താകുകയും പരമ്പരാഗതമായി റഷ്യയുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്ന ഉക്രെയ്‌നിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളും അതിന്റെ കിഴക്കന്‍ഭാഗങ്ങളുംതമ്മില്‍ ഭിന്നത വളരുകയുംചെയ്തു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ്, നാറ്റോ ഇനി ‘കിഴക്കോട്ട് ഒരു ഇഞ്ച്’ നീങ്ങില്ലെന്ന് റഷ്യക്ക് വാഗ്ദാനം ചെയ്തിരുന്നു. കിഴക്കന്‍ ബെര്‍ലിനില്‍നിന്ന് ഇനി കിഴക്കോട്ടില്ലന്നാണ് ഇതിനര്‍ത്ഥം. ക്രമാനുഗതമായ നിരായുധീകരണം, ആണവകൂമ്പാരങ്ങള്‍ കുറയ്ക്കല്‍ തുടങ്ങിയ കരാറുകളില്‍ ഒപ്പുവച്ചു. അതിനാല്‍, നാറ്റോപോലുള്ള സൈനിക ബ്ലോക്കുകള്‍ ആവശ്യമില്ലെന്ന സ്വാഭാവിക വികാരം ഉണ്ടായിരുന്നു. എന്നാല്‍ സാമ്രാജ്യത്വത്തിന് മറ്റ് ആശയങ്ങളും പദ്ധതികളുമുണ്ടായിരുന്നു. നാറ്റോയെ പിരിച്ചുവിടുന്നതിനുപകരം, അത് ക്രമേണ പലകിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും വ്യാപിപ്പിക്കാന്‍ ശ്രമംതുടങ്ങി. ബില്‍ക്ലിന്റണ്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഈനയം ശക്തമായത്. നയം ‘ഒരിഞ്ച് ഇനിയില്ല’ എന്നതില്‍നിന്ന് ‘നാറ്റോയുടെ സാവധാനത്തിലുള്ള വികാസം’ ആയിമാറി. വഞ്ചകനായ യെല്‍റ്റ്സിന്‍ ഈ വാഗ്ദാനത്തില്‍ തൃപ്തനായിരുന്നു, വിപുലീകരണമില്ലെന്ന മുന്‍വാഗ്ദാനത്തില്‍ ഉറച്ചുനിന്നില്ല. ഭൂരിഭാഗം റഷ്യക്കാരും ആ സമയത്തും ഈ ഒത്തുതീര്‍പ്പിനോട് നീരസം പ്രകടിപ്പിക്കുകയും തങ്ങളുടെ അതൃപ്തി ശക്തമായി പ്രകടിപ്പിക്കുകയുംചെയ്തു.

ഈ ഉറപ്പുകള്‍ എല്ലാം ലംഘിച്ചുകൊണ്ട്, പോളണ്ട്, ചെക്കോസ്ലോവാക്യ, ഹംഗറി എന്നിവ ചേര്‍ത്തുകൊണ്ട് 1990-കളുടെ അവസാനംമുതല്‍ നാറ്റോ അതിവേഗം വികസിക്കാന്‍ തുടങ്ങി. നാറ്റോയുടെ കിഴക്കോട്ടുള്ള വിപുലീകരണം റഷ്യയുടെ അതിര്‍ത്തിയില്‍മാത്രമേ അവസാനിക്കൂ എന്ന് ക്രമേണ വെളിപ്പെട്ടു. ഒടുവില്‍ ജോര്‍ജിയയും ഉക്രെയ്‌നും സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തി. ഈ നീക്കങ്ങള്‍ക്കെതിരെ റഷ്യ ശക്തമായി പ്രതിഷേധിച്ചു. നാറ്റോയും അതിന്റെ സാമ്പത്തികശക്തിയും മറ്റ് രാജ്യങ്ങളിലേക്ക് ‘അതിന്റെ സാമൂഹിക-സാമ്പത്തിക മാതൃക കയറ്റുമതി ചെയ്യാന്‍’ യുഎസ് ഉപയോഗിക്കുന്നു. ആ രാജ്യങ്ങളുടെ മുന്‍ഗണനകളും അവരുടെ പരമാധികാര ആശങ്കകളും കണക്കിലെടുക്കുന്നില്ല. എല്ലാ കിഴക്കന്‍യൂറോപ്യന്‍ രാജ്യങ്ങളിലും ഈ നയം പ്രവര്‍ത്തനക്ഷമമാക്കി. ഈ പദ്ധതിയുടെലക്ഷ്യം റഷ്യയെ അസ്ഥിരപ്പെടുത്തുകയും അതിനെ പൂര്‍ണ്ണമായും ദുര്‍ബലപ്പെടുത്തുകയുമാണ്.കൂടുതല്‍ വളര്‍ച്ചയോടെ , ശക്തമായ രാജ്യമായി റഷ്യ ഉയരുന്നത് തടയുകയെന്നതാണ്.

2008-ല്‍, റഷ്യ നാറ്റോയുടെ വിപുലീകരണത്തോടുള്ള എതിര്‍പ്പ് അസന്ദിഗ്ധമായി രേഖപ്പെടുത്തുകയും ജോര്‍ജിയയെയും ഉക്രെയ്‌നെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ‘ചുവന്ന രേഖ’ വരയ്ക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ഈ പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ട്, ആത്യന്തികമായി നാറ്റോയില്‍ ചേരാന്‍ യുഎസ് ഉക്രെയ്‌നിനായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചു . ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ താഴെയിറക്കാന്‍ ‘വര്‍ണ്ണ വിപ്ലവം’ നടത്താനുമുള്ള ശ്രമങ്ങള്‍ യുഎസ് തുടര്‍ന്നു. പാശ്ചാത്യ സഖ്യ സംവിധാനത്തിലേക്ക് ഉക്രെയ്ന്‍ പ്രവേശിക്കുന്നതിന്റെ അര്‍ത്ഥം യുഎസ് മിസൈലുകള്‍ 5 മിനിറ്റിനുള്ളില്‍ മോസ്‌കോയില്‍ പതിക്കുമെന്നാണ്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിവിധ ദേശീയതകള്‍ക്കിടയില്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കിടയില്‍ സന്തുലിതമായിരുന്ന ഉക്രെയ്നിന്റെ രാഷ്ട്രീയത്തില്‍ ഒരു വലിയ മാറ്റം യുഎസ്എസ്ആറില്‍ നിന്ന് വേര്‍പിരിഞ്ഞതിനുശേഷം കണ്ടു. വേര്‍പിരിയലിനു ശേഷമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ – വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍, തൊഴിലില്ലായ്മ, ദാരിദ്ര്യം, സോവിയറ്റ് കാലഘട്ടത്തിലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ പൊളിച്ചെഴുത്ത് – എന്നിവയെല്ലാം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ പരാജയം ജനങ്ങളില്‍ അതൃപ്തി സൃഷ്ടിച്ചു. വിവിധ ദേശീയതകള്‍ക്കിടയില്‍, പ്രത്യേകിച്ച് റഷ്യക്കാര്‍ക്കെതിരെ കൂടുതല്‍ ഭിന്നത വിതയ്ക്കുന്നതിന് സാമ്രാജ്യത്വ ശക്തികള്‍ ഈ അസംതൃപ്തി ഫലപ്രദമായി ഉപയോഗിച്ചു.

ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെ താഴെയിറക്കാനുള്ള വര്‍ണ്ണവിപ്ലവം അമേരിക്ക നടപ്പാക്കിയത്. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തിന് വേണ്ടി വാദിച്ചതിനാല്‍ യാനുകോവിച്ച് റഷ്യയുമായി കൂടുതല്‍ അടുത്തതായി കണക്കാക്കപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ് എന്നിവയില്‍ നിന്നുള്ള വായ്പകളുടെ നിബന്ധനകള്‍ അദ്ദേഹം നിരസിച്ചിരുന്നു. പകരം, 15 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത് ഉക്രെയ്നിന്റെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്ന റഷ്യയിലേക്ക് അദ്ദേഹം തിരിഞ്ഞു. ഇതിനെതുടര്‍ന്നുസാമ്രാജ്യത്വം അദ്ദേഹത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. 2014-ല്‍ ഈ ശ്രമങ്ങള്‍ വിജയിച്ചു, . അദ്ദേഹത്തിന്റെ സ്ഥാനത്ത്, തീവ്ര വലതുപക്ഷ ദേശീയവാദികളും നവ-നാസി ഗ്രൂപ്പുകളും അധികാരത്തില്‍വന്നു. യൂറോപ്യന്‍, നാറ്റോ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു ഏകാധിപത്യ, സാമ്രാജ്യത്വനുകൂല സര്‍ക്കാര്‍ നിലവില്‍വന്നു. ഉക്രെയ്‌നിനുള്ളില്‍ താമസിക്കുന്ന റഷ്യക്കാര്‍ക്ക് നേരെയാണ് ആദ്യം ഈ സര്‍ക്കാര്‍ആക്രമണം നടന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഉക്രെയ്‌നിന്റെ (കെപിയു) ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ വെട്ടിക്കുറച്ചു. കെപിയുവിന്റെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിച്ചു. 2019 ലെ തിരഞ്ഞെടുപ്പില്‍, റഷ്യയുമായി യോജിപ്പിനായി പ്രവര്‍ത്തിക്കുമെന്നും ഉക്രെയ്‌നില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്താണ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രസിഡന്റായി വിജയിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന് തന്റെ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു.

ഉക്രെയ്‌ന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് സാമ്രാജ്യത്വത്തിന്റെ ആശങ്ക . യുറേഷ്യന്‍ രാജ്യങ്ങളുടെ ഒരു സഖ്യം രൂപീകരിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നു. അത്തരമൊരു സഖ്യത്തില്‍ ഉക്രെയ്ന്‍ ഉണ്ടായിരിക്കുന്നത് തീര്‍ച്ചയായും അതിന്റെ സാമ്പത്തിക ശക്തി വര്‍ദ്ധിപ്പിക്കും. ഈ രാജ്യങ്ങളില്‍ ഭൂരിഭാഗവും റഷ്യയുമായും ചൈനയുമായും സൗഹൃദബന്ധം പങ്കിടുന്നു. ഉക്രെയ്ന്‍ അത്തരമൊരു സഖ്യത്തില്‍ ചേരുകയോ അത്തരം രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം നിലനിര്‍ത്തുകയോ ചെയ്യുന്നത് റഷ്യയെയും ചൈനയെയും ശക്തിപ്പെടുത്തുക മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ ഈ മേഖലയിലെ അടിത്തറ പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നും അര്‍ത്ഥമാക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ലഭിച്ച തിരിച്ചടികൂടി കണക്കിലെടുക്കുമ്പോള്‍, ഇത് അവരുടെ ആധിപത്യരൂപകല്പനകള്‍ക്ക് ഏല്‍ക്കുന്ന മറ്റൊരു വലിയ പ്രഹരമായിരിക്കും. മാറുന്ന ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ അമേരിക്ക തയ്യാറല്ല.

കൂടാതെ, യുഎസിലെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിലും വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പംപോലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പ്രസിഡന്റ് ബൈഡന്റെ പരാജയം അദ്ദേഹത്തിന്റെ റേറ്റിംഗ് കുറയുന്നതായി കാണിക്കുന്നു. ‘അമേരിക്ക വീണ്ടും തിരിച്ചെത്തി’ എന്ന് കാണിക്കാന്‍, അമേരിക്കയ്ക്ക് അതിന്റെ പേശീബലമുള്ള വിദേശനയം വളച്ചൊടിക്കുകയും ആളുകളുടെ ശ്രദ്ധ തിരിക്കുകയും വേണം. ഇക്കാരണത്താലാണ് റഷ്യ യുക്രെയ്നെ ആക്രമിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് അത്യന്തം വഞ്ചനാപരമായ പ്രചരണം നടത്തുന്നത്. ഈ ന്യായം വെച്ചാണ് യുക്രെയ്‌നിലേക്ക് പല വേഷങ്ങളില്‍ അമേരിക്കന്‍ സൈനികരെ അയക്കുന്നത്.

റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഈ ആശയം ജര്‍മ്മനിയും ഫ്രാന്‍സും അംഗീകരിക്കാത്തതിനാല്‍ എല്ലാ നാറ്റോ സഖ്യകക്ഷികളെയും അണിനിരത്താനുള്ള യുഎസ് ശ്രമങ്ങള്‍ എതിര്‍പ്പ് നേരിടുന്നു. ഉക്രെയ്‌നെ നാറ്റോസഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഇരുവരും നേരത്തെ വീറ്റോ ചെയ്തിരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യ നല്‍കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തെയാണ് ആശ്രയിക്കുന്നത്, അതിനാല്‍ അവരുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ കഴിയില്ല. ഉക്രെയ്നെ മറികടന്ന് പ്രകൃതിവാതകം ജര്‍മനിയിലേക്ക് കൊണ്ടുവരാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അത് യൂറോപ്പില്‍ റഷ്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കഭയപ്പെടുന്നു. പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, എല്ലാ വര്‍ഷവും ജര്‍മ്മനിയിലേക്ക് 55 ബില്യണ്‍ ക്യുബിക് മീറ്റര്‍ വാതകം അയയ്ക്കാന്‍ സാധ്യതയുണ്ട്.ഇത് EU ന്റെ വാര്‍ഷിക പ്രകൃതിവാതക ഇറക്കുമതിയുടെ 15 ശതമാനത്തിന് തുല്യമാണ്. അമേരിക്ക ഇതിനെ ഭയപ്പെടുന്നു. ആഗോള രാഷ്ട്രീയ സമ്പദ്വ്യവസ്ഥയില്‍ സമുദ്രശക്തികളുടെ നയിക്കുന്നതിലുള്ള പ്രഥമസ്ഥാനം നഷ്ടപ്പെടുമെന്നും അമേരിക്കഭയപ്പെടുന്നു.

ഉക്രെയ്നിലെ നവ-നാസി ശക്തികളുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ചും അവിടെയുള്ള അഴിമതിനിറഞ്ഞതും സ്വേച്ഛാധിപത്യപരമായ ഭരണത്തെക്കുറിച്ചും അവര്‍ ബോധവാന്മാരാണ്. യുഎസിനെക്കുറിച്ചും റഷ്യയുമായുള്ള സൈനിക സംഘട്ടനത്തിന്റെ ഫലത്തെക്കുറിച്ചും അവര്‍ സംശയിക്കുന്നു. എല്ലാത്തിനുമുപരി, റഷ്യയ്ക്ക് ഇപ്പോഴും ഉയര്‍ന്ന നിലവാരമുള്ള സൈനിക സാങ്കേതികവിദ്യയുണ്ട്, അതുമായുള്ള യുദ്ധം യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും വിനാശകരമായിരിക്കും.

റഷ്യ, യുക്രെയ്ന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഒപ്പുവച്ച മിന്‍സ്‌ക് കരാറില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ ഏക പോംവഴി. ഈ കരാര്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു, ഇതില്‍ യുഎസും ഉള്‍പ്പെടുന്നു. ഈ കരാറിലെ പ്രധാന വ്യവസ്ഥകളില്‍ ചിലത് ഉക്രെയ്‌നെ നാറ്റോയില്‍ ഉള്‍പ്പെടുത്താതിരിക്കുക, ഈ മേഖലയിലെ നിരായുധീകരണം, റഷ്യന്‍ സേനയെ പിന്‍വലിക്കല്‍ (‘സന്നദ്ധപ്രവര്‍ത്തകര്‍’) റഷ്യയുമായുള്ള അതിര്‍ത്തിയുടെ നിയന്ത്രണം ഉള്‍പ്പെടെ ഉക്രേനിയന്‍ പരമാധികാരം പുനഃസ്ഥാപിക്കുക; ഉക്രെയ്‌നിലെ മൊത്തത്തിലുള്ള അധികാര വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡോണ്‍ബാസിന് പൂര്‍ണ്ണ സ്വയംഭരണം നല്‍കുക എന്നതൊക്കെയാണ്. എന്നാല്‍ പ്രായോഗികമായി, ഉക്രെയ്‌നോ യുഎസോ ഈ കരാര്‍ നടപ്പാക്കുന്നതില്‍ ഗൗരവമുള്ളവരല്ല. നേരെമറിച്ച്, അവര്‍ അംഗീകരിച്ച ഈ തത്വങ്ങളെതന്നെ നിരാകരിക്കുകയാണ്.. ഇതാണ് ഇപ്പോള്‍ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ചൈന-റഷ്യയും ജര്‍മ്മനിയും ചേര്‍ന്ന് ഒരു കോണ്‍ക്രീറ്റ് കോണ്ടിനെന്റല്‍ ബ്ലോക്ക് രൂപീകരിക്കുന്നതില്‍ നിന്ന് തടയുക എന്നതാണ് അമേരിക്കയുടെ തന്ത്രപരമായ ലക്ഷ്യം. യുറേഷ്യന്‍ ഭൂഖണ്ഡം വിഭജിക്കപ്പെടുകയും ബഹുരാഷ്ട്രവാദം തുടരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ മൂന്ന് പ്രധാന ഭൂഖണ്ഡശക്തികളായ ജര്‍മ്മനി, ചൈന, റഷ്യ എന്നിവയില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നു. റഷ്യയ്ക്കെതിരായ വിലപേശല്‍ ശക്തിയായി ഉക്രെയ്നെ ഉപയോഗിക്കുക എന്നതാണ് യുഎസിന്റെ നിലവിലെ തന്ത്രം എന്നതിനാല്‍ ഉക്രെയ്നിലെ യുദ്ധം ഒരു പക്ഷെ വിദൂരമാണ്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന നയങ്ങളില്‍നിന്ന് പാഠങ്ങളൊന്നും പഠിക്കാതെ, യുദ്ധസമാനമായ നയങ്ങള്‍ അമേരിക്ക തുടരുകയാണ്. മറ്റൊരു മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനില്‍ അമേരിക്ക ഇപ്പോള്‍ ഇടപെടാന്‍ ശ്രമിക്കുകയാണ്. റഷ്യയുമായും ചൈനയുമായും നീണ്ട അതിര്‍ത്തി പങ്കിടുന്ന ആരാജ്യത്ത് യുഎസ് അനുകൂല ഗവണ്‍മെന്റിനെ വളര്‍ത്തിയെടുക്കാനും പ്രദേശത്തെ മുഴുവന്‍ അസ്ഥിരപ്പെടുത്താനും ഉക്രെയ്‌നിലെ പോലെതന്നെ അമേരിക്ക കസാക്കിസ്ഥാനിലും ശ്രമിക്കുന്നതു കാണാം..

യുക്രെയിനിലെയും കസാക്കിസ്ഥാനിലെയും സംഭവവികാസങ്ങള്‍ ലോകമെമ്പാടും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. മറ്റേതൊരു രാജ്യത്തിന്റെയും, പ്രത്യേകിച്ച് ചൈനയുടെയും റഷ്യയുടെയും ഉയര്‍ച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അസഹനീയമാണ്. മറ്റ് രാജ്യങ്ങളില്‍ സൈനികശക്തി ഉപയോഗിച്ചുകൊണ്ട് തങ്ങളെ വിഴുങ്ങുന്ന ആഴത്തിലുള്ള പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ യു എസ് ശ്രമിക്കുന്നു. അത്തരം ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്ന് ചരിത്രം തെളിയിച്ചതാണ്. അമേരിക്കയെയും അതിന്റെ സാമ്രാജ്യത്വ സഖ്യകക്ഷികളെയും ഇതേ പാഠം ഒരിക്കല്‍ കൂടി പഠിപ്പിക്കണം. മനുഷ്യരാശിയുടെ നിലനില്‍പ്പിനും ലോകസമാധാനത്തിനും ഇത് അത്യന്താപേക്ഷിതമാണ്.

(മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply