വാരാന്ത്യ ജഡ്ജ്‌മെന്റും, വഴിയിലെ കുഴികളും

സിദ്ധീക്ക് കാപ്പന്‍, ഉമര്‍ ഖാലിദ് എന്നവരുടെ ഉദാഹരണങ്ങള്‍ എടുക്കാതിരിക്കുകയാകും നല്ലത്. തികച്ചും നിയമ വിരുദ്ധ നടപടികളിലൂടെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ് അവര്‍. കാപ്പനെ ഇപ്പോള്‍ ജാമ്യത്തില്‍ വിടുമ്പോള്‍ കോടതി പറഞ്ഞത്, പോലീസ് പറഞ്ഞ പോലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല എന്നാണ്. ഉമറും മോചിതനാകും എന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ അപ്പോഴും തെറ്റായി തടങ്കലില്‍ ആക്കിയതിനു ആര് ഉത്തരം പറയും എന്ന് കോടതി വ്യക്തമാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോകം മുഴുവന്‍ കാണ്‍കെ, ടിവിയിലൂടെ വിദ്വേഷ പ്രസംഗം നടത്തിയ നുപുര്‍ ശര്‍മ്മ ഇത് വരെ ഒരു ദിവസം പോലും അഴികള്‍ക്ക് അകത്ത് കിടന്നില്ല എന്നതില്‍ വിരോധാഭാസം ഒന്നുമില്ലേ!

ചെറു പ്രായത്തില്‍ പത്രം വായിച്ചു തുടങ്ങിയ നാളുകളില്‍ കണ്ട വാര്‍ത്തയാണ്, കൊച്ചിയിലെ വഴികളിലെ കുഴികള്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു എന്നത്. കുഴികള്‍ക്കെതിരെ എങ്ങനെ കേസെടുക്കും എന്നതിനെക്കാള്‍ അന്നെന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച വസ്തുത, എന്താണ് കൊച്ചിയിലെ കുഴികള്‍ക്ക് മാത്രമൊരു പ്രത്യേകത എന്നതാണ്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയിലെ കുഴികള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല എന്ന് മാത്രമല്ല, നമ്മുടെ കോടതികള്‍ നമ്മളെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കടന്നു കയറ്റവും, സോഷ്യല്‍ മീഡിയ വഴി വര്‍ത്താവിനിമയവും സാധ്യമായി തുടങ്ങിയതോടെ, വാര്‍ത്തകള്‍ക്ക് വേഗം കൂടുകയും, ദൂരം കുറയുകയും, വിശദാംശങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. പണ്ട് സാധാരണ ജനങ്ങള്‍ക്ക് അന്യമായിരുന്ന വാര്‍ത്തയുടെ അറിയാപ്പുറങ്ങള്‍, ധൃതഗതിയില്‍ വിരല്‍ത്തുമ്പില്‍ എത്തിത്തുടങ്ങിയതോടെ, കോടതികളിലെ വാദപ്രതിവാദങ്ങള്‍ മാത്രമല്ല, കോടതികളുടെ വാക്കാലുള്ള ഓരോരോ പരമാര്‍ശങ്ങളും പരക്കെ അറിഞ്ഞു തുടങ്ങി. ഇതില്‍ പലതും സാമാന്യ ബോധത്തിനും, നീതിക്കും നിരക്കുന്നതാണോ എന്നു നിയമം കലക്കിക്കുടിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.

കഴിഞ്ഞ ദിവസം സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട ഒരു കേസില്‍ നമ്മുടെ ഹൈക്കോടതി പറഞ്ഞു, കലോത്സവ വേദികള്‍ പണക്കൊഴുപ്പിന്റെ വേദികളാകരുത്. അത്തരം പ്രവണതകള്‍ വലിയൊരു വിഭാഗം കുട്ടികളെ ഇത്തരം വേദികളില്‍ നിന്നും അകറ്റി നിറുത്തിക്കളയും എന്നും അഭിപ്രായപെട്ടു. ഇത് പറഞ്ഞതില്‍ ഒരു തെറ്റും നമുക്ക് കാണാന്‍ സാധിക്കില്ല, വളരെ കാലങ്ങളായി ശുദ്ധ കലയെ സ്‌നേഹിക്കുന്നവര്‍ പറയുന്ന കാര്യമാണിത്. പക്ഷെ ബഹുമാനപ്പെട്ട കോടതി, അവരുള്‍പ്പെടുന്ന നമ്മുടെ നിയമ വ്യവസ്ഥയുടെ കാര്യത്തിലും കൂടി ഇത് പറയേണ്ടിയിരിക്കുന്നു. കോടതികള്‍ സാധാരണ ജനങ്ങള്‍ക്ക് അപ്രാപ്രൃമാകുന്നതിന്റെ കാരണം കണ്ടെത്താന്‍ സുപ്രീംകോടതിയുടെ പടിപ്പുര വരെയൊന്നും പോകേണ്ട കാര്യമില്ല, താലൂക്ക് കോടതി വരെ ചെന്നാല്‍ മതി. ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കോടതികളെ സുതാര്യമാക്കാനായി, നടത്തിപ്പുകളില്‍ കോറോണക്കാലത്ത് വരുത്തിയ പുത്തന്‍ രീതികള്‍ മറക്കുന്നില്ല. പക്ഷെ, കോടതിയില്‍ നിന്ന് പുറത്തേക്ക് വരുന്ന വാര്‍ത്തകളില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കശ്മീരില്‍ 370 എടുത്തു കളഞ്ഞ പ്രശ്നത്തില്‍ ഇത് വരെ കോടതി ഒരു നടപടിയും എടുത്തിട്ടില്ല എന്നു മാത്രമല്ല, 2019 ഓഗസ്റ്റില്‍ ഒരു സംസ്ഥാനത്തെ ജനങ്ങളെ ഇരുട്ടില്‍ നിറുത്തി, അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത കേസ് വാദിക്കാന്‍ ഒരു തിയ്യതി പോലും ഇത് വരെ കോടതി നിശ്ചയിച്ചിട്ടില്ല. ആ നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിലെ ഒട്ടനവധി പ്രതിപക്ഷ നേതാക്കളെ ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ മാസങ്ങളോളം തടങ്കലില്‍ വയ്ക്കുകയുണ്ടായി. അവരുടെ വിടുതലിനായി കൊടുത്ത കേസുകളിലും കോടതിയുടെ സമീപനം അമ്പരപ്പിക്കുന്നതായിരിന്നു. ഫാറൂക്ക് അബ്ദുള്ളയെ അറസ്റ്റ് ചെയ്തതിന് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു എന്ന് പറഞ്ഞു, ഉടന്‍ തന്നെ പിഎസ്എ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. ആ വകുപ്പ് പ്രകാരം രണ്ട് വര്‍ഷത്തോളം കേസെടുക്കാതെ തടങ്കലില്‍ വയ്ക്കാന്‍ സാധിക്കും എന്നതിനാല്‍ കോടതി പിന്നെ ഒന്നും ചോദിച്ചതുമില്ല. സാധാരണ ഭീകരവാദികള്‍ക്കെതിരെയും മറ്റുമാണ് ഇങ്ങനെ തടങ്കലില്‍ വയ്ക്കുന്നത്. ആ വകുപ്പ് പ്രകാരം ഫാറൂക്ക് അബ്ദുല്ലയെ തടങ്കലില്‍ ആക്കിയപ്പോള്‍, ഒരു മുന്‍ മുഖ്യമന്ത്രി, അല്ലെങ്കില്‍ കേന്ദ്രമന്ത്രി എന്ന നിലക്ക് അറിയപ്പെടുന്ന വ്യക്തിയെ ഇങ്ങനെ തടങ്കലിലാക്കാമോ എന്ന സാമാന്യ ബോധത്തില്‍ നിന്നുള്ള ഒരു ചോദ്യം കോടതികളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ദിവസവും തന്റെ മാധ്യമത്തിലൂടെ വിദ്വേഷവും അപകീര്‍ത്തിയും പടര്‍ത്തുന്ന അര്‍ണാബിനെ പിടിച്ചു അകത്തിട്ടപ്പോള്‍ കാണിച്ച തിടുക്കമൊന്നും കശ്മീര്‍ രാഷ്ട്രീയ നേതാക്കളുടെ കാര്യത്തില്‍ ഉണ്ടായില്ല. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സൈഫുദീന്‍ സോസിന്റെ കേസ് കോടതിയില്‍ എത്തിയപ്പോള്‍, സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് അദ്ദേഹം തടങ്കലിലല്ല, സ്വതന്ത്രനാണ് എന്നാണ്. ഈ സമയം കാശ്മീരില്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് നിന്നുള്ള തത്സമയ ടിവി ചിത്രങ്ങള്‍ പറഞ്ഞത് മറ്റൊരു കഥയാണ്. പക്ഷെ കോടതി മുഖം തിരിച്ചു. കാശ്മീരി നേതാക്കളുടെ കേസുകള്‍ കോടതിയില്‍ ഉയര്‍ത്തിയാല്‍ തന്നെ പിന്നീട് നോക്കാം എന്ന മറുപടി പോലും ഉണ്ടായി.

ഡല്‍ഹി ജെഎന്‍യുയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കോമള്‍ ശര്‍മ്മ എന്ന എബിവിപി പ്രവര്‍ത്തകയെയും കൂട്ടരെയും ഇത് വരെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹി കലാപവേളയില്‍ ‘അവരെ വെടി വയ്ക്കൂ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ ഇന്ന് മന്ത്രിമാരാണ്. ടിവിയില്‍ ദിവസവും വന്നു മുസ്ലിം സമുദായത്തിനെതിരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്ന സുദര്‍ശന്‍ ടിവിയുടെ അവതാരകനെയും ഈ കോടതികള്‍ എന്ത് കൊണ്ട് കാണുന്നില്ല, സ്വമേധയാ കേസെടുക്കുന്നില്ല? ഇനി ആരെങ്കിലും കേസുമായി കോടതിയില്‍ എത്തിയാല്‍ തന്നെ എന്ത് കൊണ്ട് ശക്തമായ, വേഗത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നില്ല? ഇതൊക്കെ തന്നെയാണ് അത്തരക്കാരുടെ ധൈര്യം എന്ന് കോടതി മനസ്സിലാക്കുന്നില്ല എന്നത് ആശ്ചര്യാജനകമാണ്. ഒരു കോടതി പറഞ്ഞത് ‘ഗോലി മാരോ സാലോ കോ ..’ എന്ന മുദ്രാവാക്യം വിളിച്ചത് ചിരിച്ചു കൊണ്ടായതിനാല്‍, അത് മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കില്ല എന്നാണ്.

ഈയ്യിടെ മുസ്ലിം സമുദായത്തില്‍ പെട്ടവരെ വകവരുത്താന്‍ ഭൂരിപക്ഷ സമുദായത്തില്‍ ഉള്ളവര്‍ അവരവരുടെ വീടുകളില്‍ പച്ചക്കറി അരിയാനുള്ള കത്തികള്‍ ഒന്നുകൂടി മൂര്‍ച്ച കൂട്ടി വയ്ക്കണം എന്ന് ആഹ്വനം ചെയ്തത് ഭരണപക്ഷ എംപിയാണ്. സര്‍ക്കാരിലെ ഒരു വിഭാഗത്തില്‍ നിന്നും അതിനെ അപലപിച്ചിട്ടില്ല. എന്നത്തേയും പോലെ സകല ഇന്ത്യക്കാരുടെയും ഭരണത്തലവനായ പ്രധാനമന്ത്രി ഇത് കേട്ട ഭാവമില്ല. അതോ അദ്ദേഹം ഒരു വിഭാഗത്തിന് മാത്രം സുരക്ഷ ഒരുക്കും എന്നാണോ സത്യപ്രതിജ്ഞ ചെയ്തത്? ആ എംപിക്കെതിരെ ഒരു കേസുടുക്കാന്‍ മൂന്ന് ദിവസം വേണ്ടി വന്നു. കോടതികള്‍ എന്ത് കൊണ്ട് വഴിയിലെ കുഴികള്‍ക്കെതിരെ മാത്രം സ്വമേധയാ കേസെടുക്കുന്നു എന്നത് ഇന്നും ചിന്തിപ്പിക്കുന്ന കാര്യമാണ്.

വാരാന്ത്യങ്ങളില്‍ നമ്മുടെ ന്യായാധിപന്മാര്‍ നല്‍കുന്ന ആശ തന്‍ കൂമ്പാരം ആനയെക്കാള്‍ വലുതാണ്. രാജ്യത്തെ നിയമ സര്‍വ്വകലാശാലകളിലും, നിയമ സമ്മേളനങ്ങളിലും അവര്‍ ചെന്ന് നടത്തുന്ന പ്രഭാഷണങ്ങള്‍ നമുക്ക് തരുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പൗരന്റെ അവകാശങ്ങളെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചും, എല്ലാത്തിലുമുപരി നമ്മുടെ ഭരണഘടനയുടെ പവിത്രത, പരിശുദ്ധി, പരിപാവനത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിക്കുമ്പോള്‍, കോടതികളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് വര്‍ദ്ധിക്കും എന്നത് ഉറപ്പ്. എന്നാല്‍ കോടതികളിലേക്ക് അവര്‍ തിരിച്ചെത്തുമ്പോള്‍, നിയമനടപടികളുടെ ബലത്തില്‍ അവര്‍ പരാമശങ്ങള്‍ നടത്തുമ്പോള്‍, വിധികള്‍ എഴുതുമ്പോള്‍, സാധാരണക്കാരന്‍ നിരാശരാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക.

സിദ്ധീക്ക് കാപ്പന്‍, ഉമര്‍ ഖാലിദ് എന്നവരുടെ ഉദാഹരണങ്ങള്‍ എടുക്കാതിരിക്കുകയാകും നല്ലത്. തികച്ചും നിയമ വിരുദ്ധ നടപടികളിലൂടെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ് അവര്‍. കാപ്പനെ ഇപ്പോള്‍ ജാമ്യത്തില്‍ വിടുമ്പോള്‍ കോടതി പറഞ്ഞത്, പോലീസ് പറഞ്ഞ പോലുള്ള ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല എന്നാണ്. ഉമറും മോചിതനാകും എന്ന കാര്യത്തില്‍ സംശയമില്ല, പക്ഷെ അപ്പോഴും തെറ്റായി തടങ്കലില്‍ ആക്കിയതിനു ആര് ഉത്തരം പറയും എന്ന് കോടതി വ്യക്തമാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോകം മുഴുവന്‍ കാണ്‍കെ, ടിവിയിലൂടെ വിദ്വേഷ പ്രസംഗം നടത്തിയ നുപുര്‍ ശര്‍മ്മ ഇത് വരെ ഒരു ദിവസം പോലും അഴികള്‍ക്ക് അകത്ത് കിടന്നില്ല എന്നതില്‍ വിരോധാഭാസം ഒന്നുമില്ലേ!

മതാന്ധത കാരണം ദളിതരുടെയും, ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയും നടക്കുന്ന ആക്രമങ്ങള്‍ക്കു ഭരണ വര്‍ഗ്ഗത്തിന്റെ നിശബ്ദ പിന്തുണയുണ്ട് എന്ന് കോടതികള്‍ക്ക് എന്ത് കൊണ്ടാണ് ഇനിയും മനസ്സിലാകാത്തത്? കഴിഞ്ഞ വര്ഷം മാത്രം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങള്‍ നൂറു കണക്കിനാണ്. അത്തരം കേസുകള്‍ നിയമത്തിന്റെ മുന്‍പിലേക്ക് എത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയുണ്ട് എന്നതും കോടതിക്ക് മനസ്സിലാകുന്നില്ല എന്നത് സങ്കടകരമാണ്. സമൂഹത്തിന്റെ, ഭരണഘടനയുടെ, രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ കോടതികള്‍, നിയമപുസ്തകങ്ങള്‍ക്ക് പിറകില്‍ ഒളിച്ചിരുന്നു, ഇത്തരം പ്രവണതകള്‍ കണ്ടില്ല എന്ന് നടിക്കുന്നത് തെറ്റാണ്. ഇനി കേസുകള്‍ എടുത്താല്‍ തന്നെ, അത്തരം കേസുകളില്‍ ജാമ്യം കിട്ടുന്നവരെയും, ശിക്ഷ കുറച്ചു പുറത്തു വരുന്നവരെയും സ്വീകരിക്കാന്‍ കാണിക്കുന്ന അശ്ലീലം നിറഞ്ഞ ആര്‍ഭാടം കോടതികള്‍ കാണണം. പേരിനായി നിയമം നടപ്പിലാക്കിയാല്‍ പോര, അത് പൗരന്മാര്‍ക്ക് ബോധ്യപ്പെടുന്ന പോലെ, ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന അതെ അളവില്‍, അതെ വികാരത്തോടെ വേണം എന്ന കാര്യം കോടതി ഉറപ്പു വരുത്തണം.

പോലീസിന്റെയും സര്‍ക്കാരിന്റെയും തെറ്റായ നടപടികളിലൂടെ രാജ്യത്തിന്റെ നാനാ ഭാഗത്ത് ജയിലില്‍ കഴിയുന്നവര്‍ അനവധിയാണ്. സര്‍ക്കാരിനെ എതിര്‍ത്താല്‍ ഇതാകും ഫലം എന്ന പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നു പകല്‍ പോലെ വ്യക്തമാണ്. പക്ഷെ കോടതികള്‍ക്ക് മാത്രം ഇത് മനസ്സിലാകുന്നില്ല. ടീത്സാ സെറ്റില്‍വാദ്, സഞ്ജീവ് ഭട്ട്, ഫാദര്‍ സ്റ്റാന്‍ സ്വാമി, റോണാ വില്‍സണ്‍, സുധ ഭരദ്വാജ്, വരവര റാവു തുടങ്ങി അനവധി പേര്‍ ഇത്തരത്തില്‍ ഇരകളായിട്ടുണ്ട്. ഭരണകൂട ഭീകരത എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിളിക്കുന്ന ഇത്തരം നടപടികളെക്കുറിച്ചു കോടതികള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നില്ല എന്നത് തന്നെയാണ് ഇത് ആവര്‍ത്തിക്കാനുള്ള സര്‍ക്കാരിന്റെ ധൈര്യം. ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് എതിരെയുള്ള കേസുകള്‍ തങ്ങളുടെ മുന്നില്‍ എത്തുമ്പോള്‍ കോടതികള്‍ ഇരകള്‍ക്കൊപ്പം ഒരു പ്രാവശ്യം എങ്കിലും നിന്നാല്‍ അവരിത് ആവര്‍ത്തിക്കില്ല എന്ന് നമുക്ക് കരുതാം. ബാബ്റി മസ്ജിദ് പൊളിക്കുന്നത് വരെ, അത് പൊളിച്ചില്ലല്ലോ, പൊളിച്ചാല്‍ നോക്കാം എന്ന രീതിയില്‍ തന്നെയാണ് ഇപ്പഴും കാര്യങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വര്‍ഷം ഫാസിസ്റ്റ് ഭരണകര്‍ത്താക്കള്‍ തുടങ്ങിയ പുതിയ ഏര്‍പ്പാടാണ്, തങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളയുക എന്നത്. ഒരു മുന്നറിയിപ്പും നല്‍കാതെ, കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നതിലെ നിയമവിരുദ്ധത കാണാന്‍ സാധിക്കാത്ത വര്‍ഗ്ഗമാണ് ഇവിടം ഭരിക്കുന്നത് എന്നത് എത്ര ആശങ്കാജനകമാണ്. അത്തരം പ്രവര്‍ത്തികളെ പോലും തടയാന്‍ കോടതികള്‍ക്ക് കഴിയുന്നില്ല. ആദ്യം ഇങ്ങനെ സംഭവിച്ചപ്പോള്‍ കോടതികള്‍ക്ക് മുന്നിലേക്ക് എത്തിയ കേസുകളില്‍, ഈ പ്രവര്‍ത്തിയുടെ നിയമ വിരുദ്ധത ന്യായാധിപന്മാര്‍ ചൂണ്ടിക്കാട്ടിയതാണ്. പക്ഷെ ഇന്നും ജാര്‍ക്കണ്ഡില്‍ നിന്നും, അസ്സമില്‍ നിന്നും ഇതേ വാര്‍ത്തകള്‍ വരുമ്പോള്‍ കോടതി എന്ത് ചെയ്യുകയാണ്?

രാജ്യത്തിന്റെ മതേതരത്വത്തെ, നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍, പ്രത്യക്ഷമായും, പരോക്ഷമായും കാര്യങ്ങളെ നോക്കി കണ്ട് വിധി പുറപ്പെടുവിക്കുന്ന കോടതികള്‍ കണ്ണു മൂടിക്കെട്ടി നില്‍ക്കരുത്. എത്രയെത്ര മഹാരഥന്മാര്‍ ഇരുന്ന ആ ഇരിപ്പടങ്ങളില്‍ ഇരിക്കുമ്പോള്‍, രാജ്യത്തിന്റെ ഭാവിയാകണം അവര്‍ക്ക് കാണാന്‍ സാധിക്കേണ്ടത്. നമ്മുടെ പൂര്‍വ്വികര്‍ വിഭാവനം ചെയ്ത, സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ നല്‍കി ഉണ്ടാക്കിയ ഇന്ത്യ എന്ന ഈ മഹത്തായ ആശയത്തെ കൈവിടരുത്. കോടതികള്‍ അതിനുള്ള ആര്‍ജ്ജവം കാട്ടണം, കോടതികള്‍ കോടതികളാകണം. വഴികളിലെ കുഴികള്‍ മാത്രം നീക്കിയാല്‍ പോരല്ലോ, ഈ രാജ്യത്തിന് മുന്നിലുള്ള വാരിക്കുഴികളും ഇല്ലാതാക്കണമല്ലോ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply