രവിചന്ദ്രന്റേത് മൂലധനദൈവം
രവിചന്ദ്രന്റെ കുറിപ്പുകളില്‍ പൊതുവേ നമുക്കു വായിക്കാനാവുക തലതിരിഞ്ഞ യുക്തിചിന്തയാണ്. ഈ തലതിരിഞ്ഞ യുക്തിചിന്തയെ സാധൂകരിക്കാനായി അദ്ദേഹത്തിന് അടിസ്ഥാനപരമായ പലതും മറച്ചുപിടിക്കേണ്ടതായും വിസ്മയകരമെന്നു തോന്നിക്കുന്നവ മാത്രം പ്രദര്‍ശിപ്പിക്കേണ്ടതായും വരുന്നു. ഒരു ജാലവിദ്യക്കാരന്റെ കയ്യടക്കത്തോടെയാണ് ഇതദ്ദേഹം സാധിക്കുന്നത്. അദ്ദേഹം ശ്രദ്ധേയനാകുന്നതും ഈ മാജിക് പ്രയോഗം കൊണ്ടല്ലേ എന്ന് സംശയിക്കാവുന്നതാണ്.
സി.രവിചന്ദ്രന്റെ ആത്മകഥാപരമായ കുറിപ്പുകള്‍ (ഏപ്രില്‍ 2018) വായിച്ചു. അദ്ദേഹത്തിന്റേത് കപട നാസ്തികതയാണെന്ന് പറയാതിരിക്കാന്‍ വയ്യ. നാസ്തികന്‍, മതരഹിതന്‍ എന്നിങ്ങനെയുള്ള സ്വന്തം അവകാശവാദങ്ങളെത്തന്നെ നിഷേധിക്കുന്നവയാണ് ഫലത്തില്‍ അദ്ദേഹത്തിന്റെ നിലപാടും വാദമുഖങ്ങളുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും. എങ്കിലും, ആ കുറിപ്പുകളിലെ വ്യക്തിപരമായ തുറന്നുപറച്ചിലുകള്‍ പ്രശംസനീയമാണ്. അതേസമയം, അവ വൈയക്തിക നിഷ്‌കളങ്കതയെ മറികടന്ന് ക്രൂരതയാര്‍ന്ന ബൗദ്ധിക വഞ്ചനയായി മാറുന്നുമുണ്ട്.
അച്ഛന്‍ കിടന്ന പഴയ പ്ലാസ്റ്റിക് കട്ടില്‍ കറിക്കത്തിയാല്‍ കീറിമുറിച്ച് മുറ്റത്തേക്കെറിഞ്ഞ് കുടുംബവീട്ടില്‍ നിന്ന് അച്ഛനെ നിര്‍ബ്ബന്ധപൂര്‍വ്വം തന്റെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകുന്ന വിവരണം ഹൃദയസ്പര്‍ശിയാണ്. അവിടെ ബാല്യത്തില്‍ പിതൃവാത്സല്യം നുകര്‍ന്ന മകന്റെ സ്‌നേഹവും കരുതലുമുണ്ട്. ഒപ്പം രക്ഷകവേഷം എടുത്തണിഞ്ഞ യുവത്വത്തിന്റെ ദേഷ്യവും ഹിംസയുമുണ്ട്. അടിച്ചേല്‍പ്പിക്കലും വരുതിയിലാക്കലുമുണ്ട്. ഒരു കോളേജ് പ്രൊഫസറുടെ പണച്ചൊരുക്കും അറിവധികാരവും ഇതിനു പുറകിലുണ്ടെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും, പകല്‍ മുഴുവന്‍ ആളനക്കമില്ലാത്ത വീട്ടില്‍ ടി.വി. സെറ്റിനു മുന്നില്‍ കുടിയിരുത്തപ്പെട്ട ആ അച്ഛന്റെ മരണം അതീവദാരുണം എന്നേ പറയാനാവൂ.
രവിചന്ദ്രന്റെ കുറിപ്പുകളില്‍ പൊതുവേ നമുക്കു വായിക്കാനാവുക തലതിരിഞ്ഞ യുക്തിചിന്തയാണ്. ഈ തലതിരിഞ്ഞ യുക്തിചിന്തയെ സാധൂകരിക്കാനായി അദ്ദേഹത്തിന് അടിസ്ഥാനപരമായ പലതും മറച്ചുപിടിക്കേണ്ടതായും വിസ്മയകരമെന്നു തോന്നിക്കുന്നവ മാത്രം പ്രദര്‍ശിപ്പിക്കേണ്ടതായും വരുന്നു. ഒരു ജാലവിദ്യക്കാരന്റെ കയ്യടക്കത്തോടെയാണ് ഇതദ്ദേഹം സാധിക്കുന്നത്. അദ്ദേഹം ശ്രദ്ധേയനാകുന്നതും ഈ മാജിക് പ്രയോഗം കൊണ്ടല്ലേ എന്ന് സംശയിക്കാവുന്നതാണ്.
ജാതി-മത നിഷേധത്തോടൊപ്പം മാനവികതക്കുവേണ്ടി നിരന്തരം വാദിക്കുക കൂടി ചെയ്യുന്ന രവിചന്ദ്രന്‍ കേരളീയ നവോത്ഥാനത്തിന്റെ മാനവികമായ ഉള്ളടക്കം മറച്ചുപിടിക്കുന്നതിലും ചോര്‍ത്തിക്കളയുന്നതിലും കാണിക്കുന്ന പ്രാഗത്ഭ്യം ചെറുതല്ല. യുക്തിവാദികള്‍ക്കിടയിലെ വ്യത്യസ്ത വിഭാഗങ്ങളെപ്പറ്റി പറയുന്നിടത്ത്, ”സഹോദരന്‍ അയ്യപ്പന്‍ മുന്നോട്ടുവെച്ച ജാതിരാഷ്ട്രീയ” ത്തെക്കുറിച്ച് നടത്തുന്ന ഒഴുക്കന്‍ മട്ടിലുള്ള പരാമര്‍ശം ഇതിന്നുദാഹരണമാണ്. ‘കീഴാള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പുകളും ജാതിവിരുദ്ധ പോരാട്ടങ്ങളും ‘ജാതി രാഷ്ട്രീയ’മായി പ്രദര്‍ശിതമാവുകയാണിവിടെ.
”അറിയാനും അറിയിക്കാനും എന്ന നാട്യം കഴമ്പില്ലാത്തതാണെ” ന്ന പ്രസ്താവവും നവോത്ഥാന മൂല്യങ്ങളെ ചോര്‍ത്തിക്കളയുന്ന ഒന്നാണ്. ”അറിയിക്കാന്‍ ഒരാള്‍, അറിയാന്‍ മറ്റേയാള്‍ എന്ന രീതിയിലുള്ള ഫ്യൂഡല്‍ ശൈലി” യെക്കുറിച്ചും ഇതില്‍ നിന്നു വ്യത്യസ്തമായി ജനാധിപത്യബോധത്തോടെ നടത്തപ്പെടുന്ന ആശയസംഘര്‍ഷമായ സംവാദത്തെക്കുറിച്ചും രവിചന്ദ്രന്‍ വാചാലനാകുന്നുണ്ട്. ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന കേരളീയ നവോത്ഥാനത്തിന്റെ മഹത്തായൊരു സന്ദേശത്തെയാണ് ഇവിടെ അദ്ദേഹം ഫ്യൂഡല്‍മുദ്ര ചാര്‍ത്തി പിച്ചിച്ചീന്തുന്നതെന്നോര്‍ക്കണം. ആ സന്ദേശവാക്യം പിറന്നുവീണതിന്റെ ചരിത്രസന്ദര്‍ഭവും അതിന്റെ ആദ്യഭാഗവും മറച്ചുപിടിച്ചുകൊണ്ടാണല്ലോ ഇവിടെ ‘മാജിക് ഷോ’ സാധ്യമാകുന്നത്. 1924 ല്‍ ആലുവാപ്പുഴയുടെ മണല്‍ത്തിട്ടയില്‍ നാരായണഗുരുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വമതസമ്മേളനത്തില്‍ സഹോദരന്‍ അയ്യപ്പനെക്കൊണ്ട് ഗുരു എഴുതിപ്പിച്ചു പ്രദര്‍ശിപ്പിച്ച ഈ വാക്യം, കേരളീയ സമൂഹത്തില്‍ നടന്ന ആദ്യ പൊതുസംവാദത്തിന്റെ നയരേഖയാണെന്ന വസ്തുതയാണ് രവിചന്ദ്രന്‍ മറച്ചു പിടിക്കുന്നത്.
ഒരാള്‍ പറയുകയും മറ്റേയാള്‍ കേള്‍ക്കുകയും ചെയ്തുകൊണ്ടല്ലാതെ പരസ്പരം ബഹളംവെച്ച് കലഹിച്ചുകൊണ്ട് ഒരാശയസംവാദവും പൊതുസമൂഹത്തില്‍ സാധ്യമാവുകയില്ലെന്ന് ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്? ആധിപത്യമനോഭാവത്തോടെയുള്ള ആശയസംഘര്‍ഷം, അത് ജനാധിപത്യത്തിന്റെ പേരിലായാലും ശരി, വാദിക്കുകയും ജയിക്കുകയുമെന്ന സര്‍വ്വജ്ഞപീഠം കയറലിന്റെ രീതിയാണെന്ന് എന്തേ രവിചന്ദ്രന്‍ മനസ്സിലാക്കുന്നില്ല? ന്യൂനപക്ഷാശയങ്ങള്‍ അപ്പോള്‍ എങ്ങനെയാണ് പിറവിയെടുക്കുകയും നിലനില്‍ക്കുകയും ചെയ്യുക? എല്ലായ്‌പോഴും പറയാന്‍ ഒരാള്‍, കേള്‍ക്കാന്‍ വേറൊരാള്‍ എന്നല്ലല്ലോ ഗുരു ഉദ്ദേശിച്ചതും പ്രാവര്‍ത്തികമാക്കിയതും.
”നെഹ്രുവിന്റെ യുക്തിബോധവും പുരോഗമന കാഴ്ചപ്പാടും ഗാന്ധിജിക്ക് ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ, നാമിന്നു ജീവിക്കുന്നതുതന്നെ മറ്റൊരു ലോകത്താകുമായിരുന്നു” വെന്നും ”അത്രമാത്രം സ്വാധീനശേഷി ബാപ്പുവിന് ഇന്ത്യന്‍ ജനതയുടെ മുകളിലുണ്ടായിരുന്നു” വെന്നും പറയുന്ന രവിചന്ദ്രന്റെ യുക്തിബോധം എത്രമേല്‍ തലതിരിഞ്ഞതാണെന്നു നോക്കൂ! ഗാന്ധിയുടെ ജനസമ്മതിക്കുതന്നെ കാരണം അദ്ദേഹത്തിന്റെ ആചാരബദ്ധമല്ലാത്തതും മൂല്യാധിഷ്ഠിതവും അര്‍പ്പണത്തോടെയുള്ളതുമായ മതബോധമാണെന്നിരിക്കേ രവിചന്ദ്രന്റെ പ്രസ്താവത്തെ എപ്രകാരമാണ് സാമാന്യബോധമെങ്കിലുമുള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാനാവുക? ബഹുജനങ്ങളല്ല, നേതാക്കളും മഹാന്മാരുമാണ് ചരിത്രം രചിക്കുന്നതെന്ന ജനവിരുദ്ധ ചിന്താഗതിയാണല്ലോ ഇവിടെയുള്ളത്.
വീരനായകന്മാരിലുള്ള ഈ വിശ്വാസം ദൈവവിശ്വാസത്തിന്റെ വകഭേദമല്ലാതെ മറ്റെന്താണാവോ? ബാലിയെ ഒളിയമ്പെയ്തു വധിച്ച രാമന്‍ തന്നെ രക്ഷിക്കട്ടെ എന്ന് ബാല്യകാലത്ത് ക്ഷേത്രമൈക്കിലൂടെ അര്‍ത്ഥമറിയാതെ ഭജന പാടിയ രവിചന്ദ്രന്‍ ഇപ്പോള്‍, മൂലധനം എന്ന സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ദൈവം സര്‍വ്വരെയും രക്ഷിക്കട്ടെ എന്ന് വര്‍ദ്ധിച്ച അറിവധികാരത്തോടെ സര്‍വ്വ മാദ്ധ്യമങ്ങളിലൂടെയും വാഴ്ത്തിപ്പറയുന്നു. ചുരുക്കത്തില്‍ ഇതേ സംഭവിച്ചിട്ടുള്ളൂ. അല്ലെങ്കില്‍, ലഹരികളുടെ ചക്രവര്‍ത്തിയായ ‘പണ’ത്തെയും അതിന്റെ പൂര്‍ണ്ണാവതാരമായ മൂലധനത്തെയും ഒഴിവാക്കിക്കൊണ്ട് എങ്ങനെയാണ് അദ്ദേഹത്തിന് മദ്യം, പുകവലി, മയക്കുമരുന്ന്, മതം, കക്ഷിരാഷ്ട്രീയതിമിരം എന്നീ ലഹരികളെ മാത്രം പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്യാനാവുക? ഉമ്മത്തിന്‍ കായ് ഉള്ളില്‍ ചെന്നാലേ ലഹരിയുണ്ടാവൂ; സ്വര്‍ണ്ണം കയ്യില്‍ കിട്ടിയാല്‍ മതി ലഹരിയുണ്ടാകാന്‍ എന്നു പാടിയത് കവി ബിഹാരിലാല്‍. ലോട്ടറിയടിച്ചെന്ന വ്യാജവാര്‍ത്ത കേട്ടമാത്രയില്‍ ലഹരിപിടിച്ച് ഇന്നസെന്റിന്റെ കഥാപാത്രം നടത്തുന്ന കോപ്രായങ്ങള്‍ ‘കിലുക്കം’ സിനിമയില്‍ നാം കാണുന്ന വെറുമൊരു തമാശയല്ല; തീര്‍ത്തും സംഭവ്യവും ലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.
മൂലധനത്തെ ഒഴിവാക്കിയുള്ള രവിചന്ദ്രന്റെ ലഹരിവിരുദ്ധനിലപാട്, മദ്യം കൈകൊണ്ടു തൊടുകപോലും ചെയ്യാത്ത, ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരം’ എന്ന് ഓരോ കുപ്പിയിലും എഴുതിവെച്ച് കുടിയന്മാരെ ബോധവത്കരിക്കുന്നതില്‍ അതീവശ്രദ്ധാലുവായ മദ്യവ്യവസായിയുടെ മദ്യവിരുദ്ധനിലപാടിനെക്കാള്‍ എത്രയോ ഭീകരവും വഞ്ചനാപരവുമല്ല! എവിടെ ലാഭമുണ്ടോ അവിടെ ലഹരിയുമുണ്ട്. ശാരീരിക ലഹരിയെക്കാള്‍ അപകടകാരി. മൂലധന ലഹരിയും മതലഹരിയും ഒരേ നാണയത്തിന്റെ വ്യത്യസ്ത വശങ്ങള്‍ മാത്രം.
”മൂലധനം മാത്രമാണോ പ്രശ്‌നം?” എന്നു ചോദിക്കുന്ന രവിചന്ദ്രന്‍ മത-ദൈവ വിശ്വാസങ്ങളില്‍ പ്രകടമായും അല്ലാതെയും മൂലധനശക്തികള്‍ക്കുള്ള നിര്‍ണ്ണായക സ്ഥാനം കാണാനോ കാണിക്കാനോ വിസ്സമ്മതിക്കുന്നു എന്നേ കരുതാനാവൂ. ഹിംസയും മതാത്മകതയും മൂലധനത്തിന്റെ കൂടപ്പിറപ്പുകളാകുന്നു. യഥാസ്ഥിതിക മതരൂപങ്ങളെ അടിക്കടി പുതുക്കിയെടുത്തുകൊണ്ട് മുന്നേറുന്ന മൂലധനം പലപ്പോഴും മതനിരപേക്ഷ മൂടുപടം ധരിക്കാറുണ്ടെന്നേയുള്ളൂ. ആധുനിക മൂലധനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു പ്രവേശിക്കുന്നതുതന്നെ ഒരു കൈയില്‍ ബൈബിളും മറുകൈയില്‍ തോക്കുമായിട്ടാണല്ലോ. ഇന്നു നാം കാണുന്ന ഹിന്ദുമതമാകട്ടെ ഒരു കൊളോണിയല്‍ നിര്‍മ്മിതിയുമാകുന്നു. ഇന്തോളജിസ്റ്റുകളും ബ്രാഹ്മണിക സാഹിത്യവും സംയുക്തമായി നിര്‍മ്മിച്ചെടുത്തത്. പുതിയ കോര്‍പ്പറേറ്റ് മൂലധനത്തിന് ഹിന്ദുത്വവാദിയായ നരേന്ദ്രമോദി പ്രിയങ്കരനായതിലും അതുകൊണ്ടുതന്നെ അത്ഭുതപ്പെടാനില്ല.
ലോകമെമ്പാടും മതപുനരുത്ഥാനത്തിനു നേതൃത്വം കൊടുക്കുന്നതില്‍ ആഗോളീകൃത മൂലധനത്തിന് പങ്കൊന്നുമില്ലെന്നാണോ രവിചന്ദ്രന്‍ കരുതുന്നത്? ഭക്തി എണ്ണമറ്റ അനുബന്ധ വ്യവസായങ്ങളോടുകൂടിയ ഒരു വന്‍കിട വ്യവസായമായും, മതവും ജാതിയുമൊക്കെ രാഷ്ട്രീയാധികാരത്തിലേക്കുള്ള എളുപ്പ വഴികളായും മാറിക്കഴിഞ്ഞ ഇക്കാലത്ത് താന്‍ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നില്ല, മൂലധനത്തിലാണ് തന്റെ വിശ്വാസം എന്നു പറയുന്നതിലെ യുക്തിയെന്ത്? ശബരിമലയിലും ഗുരുവായൂരുമൊക്കെ ഭക്തിയില്‍ നിന്ന് മൂലധനവും മൂലധനത്തില്‍ നിന്ന് ഭക്തിയും എങ്ങനെയാണാവോ വേര്‍തിരിച്ചെടുക്കുക? ഏതു മതവിഭാഗത്തിന്റെയും ദേവാലയങ്ങളിലെ പൊതുവായ മുഖ്യ പ്രതിഷ്ഠ പണ്ടുമുതലേ ഭണ്ഡാരപ്പെട്ടിയല്ലാതെ മറ്റെന്താണാവോ? നാണയവ്യവസ്ഥയും നാഗരികമായ ദൈവസങ്കല്പവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി നടന്നിട്ടുള്ള പഠനങ്ങളൊന്നും രവിചന്ദ്രന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നോ?
രവിചന്ദ്രന്‍ മൂലധനത്തെ വാഴ്ത്തിപ്പാടി നമ്മോടു ചോദിക്കുന്നതിങ്ങനെ- ”മൂലധനവ്യവസ്ഥക്ക് ഒട്ടേറെ നന്മകളില്ലേ, മൂലധനശക്തികളല്ലേ ലോകമെമ്പാടും മുന്നേറുന്നത്, അത്തരം സമൂഹങ്ങളിലല്ലേ ജനം ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്, മൂലധനവ്യവസ്ഥ എന്നെങ്കിലും തകരുമെന്നത് അത്യാഗ്രഹം മാത്രമല്ലേ, നിങ്ങള്‍പോലും അക്ഷരാര്‍ത്ഥത്തില്‍ മൂലധനവ്യവസ്ഥയല്ലേ പിന്തുടരുന്നത്… എന്നിട്ടും എന്തിന് മൂലധനശക്തികള്‍ക്കെതിരേ എന്നവകാശപ്പെട്ട് ഇരുപത്തിനാലുമണിക്കൂറും കണ്ഠക്ഷോഭം നടത്തുന്നു?”
മൂലധനത്തിനു പകരം മതത്തെ മുന്‍നിര്‍ത്തി ഈ ചോദ്യങ്ങളൊക്കെ രവിചന്ദ്രനോട് തിരിച്ചും ചോദിക്കാവുന്നവയല്ലെന്നുണ്ടോ? ഒരു പക്ഷേ രവിചന്ദ്രന്‍ മതവ്യവസ്ഥ അക്ഷരാര്‍ത്ഥത്തിലാവില്ല, മറിച്ച് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അക്കത്തിലും പ്രച്ഛന്നരൂപത്തിലുമാകാം പിന്തുടരുന്നത് എന്നൊരു വ്യത്യാസം കണ്ടേക്കാം. മതവിശ്വസികളുടെ സ്വാധീനവുമായി തട്ടിച്ചുനോക്കുമ്പോള്‍ മതവിരുദ്ധരുടെ പ്രചാരവേലകള്‍ നിസ്സാരമാണെന്ന് അദ്ദേഹം തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്. മതപരമായ ഉത്സവാഘോഷങ്ങളില്‍ ജനങ്ങള്‍ സന്തോഷിക്കുന്നത് അദ്ദേഹം കാണുന്നില്ലെന്നോ? അതോ, അതൊക്കെ മൂലധനത്തിന്റെ കണക്കില്‍ പെടുത്തിയാല്‍ മതിയെന്നോ?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
”കൊതിപ്പിച്ചും പേടിപ്പിച്ചുമാണ് മത-രാഷ്ട്രീയ ശക്തികള്‍ സമൂഹത്തെ വരുതിയിലാക്കുന്നതെ”ന്ന് രവിചന്ദ്രന്‍. മൂലധന-രാഷ്ട്രീയ ശക്തികളും ഇങ്ങനെത്തന്നെയല്ലേ സമൂഹത്തെ വരുതിയിലാക്കി മുന്നേറുന്നത്? പൊങ്ങച്ചം, അസൂയ, ഭയം, ആര്‍ത്തി തുടങ്ങിയവയെ വ്യവസായവത്കരിച്ചു മതാത്മകമാക്കാതെ മത്സരാധിഷ്ഠിതമായ മൂലധനശക്തികള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മതനിരപേക്ഷമെന്നു നാം കണക്കാക്കുന്ന പലതിന്റെയും ഉള്ളടക്കം തീര്‍ത്തും മതാത്മകമാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാവുന്നതാണ്.
ദൈവങ്ങളെ പ്രീതിപ്പെടുത്തി സ്വന്തം കാര്യം നേടാന്‍ ശ്രമിക്കുന്ന മതവിശ്വാസികള്‍ അഴിമതിയെ എതിര്‍ക്കുന്നത് നല്ലതുതന്നെയാണെങ്കിലും അതിലൊരു കാപട്യമുണ്ടെന്ന് രവിചന്ദ്രന്‍ നിരീക്ഷിക്കുന്നു. മൂലധനവിശ്വാസി മതവിശ്വാസിയെ എതിര്‍ക്കുന്നതില്‍ ഇതിലേറെ കാപട്യമില്ലെന്ന് എങ്ങനെയാണ് പറയാനാവുക? മൂകനെ വാചാലനാക്കുകയും മുടന്തനെ മല കയറ്റുകയും ചെയ്തിരുന്ന പഴയ ദൈവങ്ങളുടെ സ്ഥാനം ഇന്ന് പണം ഏറ്റെടുത്തിരിക്കുന്നു. ഈ ദൈവം മതം, ശാസ്ത്രം, രാഷ്ട്രീയം, മദ്യം എന്നിവയെയൊക്കെ വരുതിയിലാക്കി മാറ്റിയ കാര്യം എന്തേ രവിചന്ദ്രന്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു? പണ്ടും കൈലാസം നന്നാവാന്‍ വേണ്ടി ആരും നോയമ്പ് നോല്‍ക്കാറില്ല. എല്ലാവരുടെയും ഉപാസനമൂര്‍ത്തി ഒന്നുതന്നെ. രവിചന്ദ്രന്‍ ഉപാസിക്കുന്ന അതേ മൂലധനദൈവം.
മതം മാത്രമാണോ പ്രശ്‌നം? മൂലധനം മാത്രമാണോ പ്രശ്‌നം? എന്നിങ്ങനെ വിപരീത ദിശകളില്‍ നിന്നെന്ന വ്യാജേന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ അവ തമ്മിലുള്ള പാരസ്പര്യവും, സ്വകാര്യമോ പൊതുവോ ആയ ഏതുതരം മൂലധനവ്യവസ്ഥക്കും സഹജമായിട്ടുള്ള മതാത്മകതയുമാണ് സമര്‍ത്ഥമായി മൂടിവെക്കപ്പെടുന്നത്. വാസ്തവത്തില്‍, മൂലധനവ്യവസ്ഥയുടെ കെടുതികള്‍ക്കു പരിഹാരമെന്നവണ്ണം ഇതേ മൂലധന ശക്തികളാല്‍ വ്യവസായവല്‍ക്കരിച്ചു നവീകരിച്ചെടുത്തവയാണ് മത-മദ്യ-രാഷ്ട്രീയ മേഖലയൊക്കെത്തന്നെ. ഇക്കാര്യം പക്ഷെ, ഒരിയ്ക്കലുമവര്‍ സമ്മതിച്ചുതരില്ല. മൂലധനവിശ്വാസം മതവിശ്വാസത്തെക്കാള്‍ കപടവും ആപത്കരവുമാകുന്നത് അതുകൊണ്ടാണ്.
മൂലധനവ്യവസ്ഥ എന്നെങ്കിലും തകരുമെന്നത് അത്യാഗ്രഹമാണെന്നു വരികില്‍പ്പോലും, ”ശാന്തമായ് കീഴടങ്ങെല്ലാ നിത്യരാത്രിക്കു നീരവം” എന്നല്ലേ സ്വതന്ത്ര്യകാംക്ഷികള്‍ പരസ്പരം ആഹ്വാനം ചെയ്യുക? ചുമ്മാ കണ്ഠക്ഷോഭം നടത്താതെ സര്‍വ്വശക്തനായ മൂലധനദൈവത്തിനു മുന്നില്‍ മുട്ടുകുത്തുവിന്‍ എന്ന ആഹ്വാനത്തെക്കാള്‍ വലിയ ഭീരുത്വവും കങ്കാണിപ്പണിയും മറ്റെന്തുണ്ട്?
മറ്റൊന്നുകൂടി. ഉള്ളത് ‘ആസ്തിക’വും ഇല്ലാത്തത് ‘നാസ്തിക’വുമെങ്കില്‍ അതീന്ദ്രിയ ശക്തികളില്‍ വിശ്വസിക്കാത്തവര്‍ എങ്ങനെ ‘നാസ്തിക’ രാവും? വേദപ്രാമാണ്യം അംഗീകരിക്കാത്തവര്‍ക്കെതിരെ വൈദിക ബ്രാഹണര്‍ ഉപയോഗിച്ചിരുന്ന ‘നാസ്തികര്‍’ എന്ന നിഷേധാത്മക ശകാരവാക്ക് അതീന്ദ്രിയ ശക്തികളെ അംഗീകരിക്കാത്തവര്‍ എന്തിന് സ്വീകരിക്കണം?
(എ കെ രവീന്ദ്രന്റെ ‘കീഴാള സൂക്ഷ്മ രാഷ്ട്രീയം’ (മലയാള ചിന്തകരിലൂടെ ഒരന്വേഷണം) എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരധ്യായം. പ്രസാധനം Flame Books, Thrissur. വില – 325/-)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in