ജനാധിപത്യരാജ്യത്തിന് യോജിച്ചതല്ല കോടതിയലക്ഷ്യ നിയമം

സ്വാതന്ത്ര്യ ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന അനാവശ്യവും നീതിരഹിതവും കലഹരണപ്പട്ടതുമായ ഒരു നിയമത്തെയാണ് പ്രശാന്ത് ഭൂഷാനെതിരെയും കോടതി വജ്രായുധമാക്കിയിരിക്കുന്നത്. 140 കോടിയിലധികം വരുന്ന ജനങ്ങളില്‍ നാമമാത്രമായ ചിലര്‍ക്ക് വേണ്ടി നിലനിര്‍ത്തിയിരിക്കുന്ന തുല്യതാവിരുദ്ധമായ ഒരു നിയമമാണിത്. കോടതിക്കെതിരെ തിരിഞ്ഞ് നിന്ന് തുമ്മിയാല്‍ പോലും കേസെടുക്കാവുന്ന ഒരു നിയമം, അതാണ് കോടതിയലക്ഷ്യനിയമം. ഇതിന്റെ ഉറവിടം കൊളോണിയല്‍ നിയമസംഹിതയില്‍ നിന്നാണ്. വിമര്‍ശനാതീതനായ രാജാവിനെ പ്രതിനിധീകരിക്കുന്ന ന്യായാധിപന്മാരും വിമര്‍ശനാതീതരായിരിക്കണം, എന്ന പഴയ ഇംഗ്ലീഷ് ഫ്യൂഡല്‍ തത്വത്തില്‍ നിന്നും ഉത്ഭവിച്ചതാണ് ഈ നിയമം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെ ഇന്ത്യ എന്നതോര്‍ത്ത് നാം പലപ്പോഴും അഭിമാനം കൊള്ളാറുണ്ട്… സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക നെഞ്ചോട് ചേര്‍ത്തും, റിപ്പബ്ലിക്ക്ദിനത്തില്‍ ടീവിയില്‍ പരേഡ് കണ്ടും, അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചു വര്‍ണിച്ചുമൊക്കെ നാം വികാരഭരിതരാകാറുണ്ട്, ഒരു ഇന്ത്യക്കാരനായതില്‍ ഊറ്റം കൊള്ളാറുമുണ്ട്…

പക്ഷെ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയെന്ന് കടലാസുരേഖകളില്‍ രേഖപെടുത്തപെട്ട് 73 വര്‍ഷത്തിന് ശേഷവും നമ്മുക്ക് യഥാര്‍ത്ഥ മാനുഷികമായ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളാണ് നാം ഇപ്പോള്‍ അറിഞ്ഞും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത്.. അത്തരത്തിലുള്ള പ്രതിസന്ധിയുടെ നിഴലില്‍ നില്‍കുമ്പോളാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണെതിരെ നമ്മുടെ രാജ്യത്തിന്റെ പരമോന്നത കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുതിരിക്കുന്നത്. കുറ്റമായി ചൂണ്ടികാണിക്കുന്നതോ കോടതിയെയും കോടതിയിലെ കോട്ടിട്ട ജഡ്ജിമാര്‍ക്കെതിരെയും വിമര്‍ശനങ്ങളുന്നയിച്ചതും… അദ്ദേഹം മാത്രമല്ല മഹാത്മാഗാന്ധിയും, ഇ.എം.എസും മുതല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ വരെ, കോടതിയലക്ഷ്യമെന്ന ചട്ടുകത്തിന്റെ ചൂട് പലകാലഘട്ടങ്ങളിലായി അറിഞ്ഞിട്ടുള്ളവരാണ്..

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണകൂടം നേരിട്ട് തന്നെ പൗരന്മാരുടെ മൗലികാവകാശങ്ങളെ പോലും തടഞ്ഞു വെക്കുമ്പോഴാണ് പ്രശാന്ത് ഭൂഷണെ കുറ്റകാരന്‍ എന്ന് കണ്ടത്താന്‍ കോടതി വല്ലാത്ത ധൃതികാണിക്കുന്നത്… എലെക്ട്രോള്‍ ബോണ്ട് കേസ് കോടതിക്ക് മുന്നിലെത്തിയിട്ടു 1081 ദിവസവും, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ ഹാജരാക്കിയിട്ട് 376 ദിവസവും, പൗരന്റെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന നിയമത്തിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതികള്‍ മാറ്റിവെച്ചിട്ട് 252 ദിവസവും, തികയുന്ന സാഹചര്യങ്ങളിലാണു, വെറും 24 ദിനരാത്രങ്ങള്‍ക്കുള്ളില്‍ പ്രശാന്ത് ഭൂഷണെ കുറ്റകാരന്‍ എന്ന് കോടതി കണ്ടത്തിയിരിക്കുന്നത്. അതുമാത്രവുമല്ല, ‘സത്യം’ എന്ന ആയുധം കോടതിയലക്ഷ്യ നടപടികള്‍ക്കെതിരെയുള്ള സമ്പൂര്‍ണമായ പ്രതിരോധ മാര്‍ഗമാണെന്നിരിക്കലും, പ്രശാന്ത് ഭൂഷണ്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനം തെളിയിക്കുന്നതിനുള്ള, ഒരു അവസരം പോലും അദ്ദേഹത്തിന് നല്‍കാതെ, ക്ഷമ പറയിച്ചു വായടപ്പിക്കാനും, അല്ലായെങ്കില്‍ ജയിലിലിടുമെന്ന രൂപത്തിലുള്ള ഓലപാമ്പിനെ കാണിച്ച് ഭയപ്പെടുത്താനുമാണ്, കോടതി തുടര്‍ച്ചയായി ശ്രമിച്ചു കൊണ്ടിരിക്കുന്നതും… അതുകൊണ്ട് തന്നെ പൗരന്മാരുടെ അവസാനത്തെ അത്താണിയായ നീതിന്യായകോടതിയുടെ, ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകള്‍, നീതിന്യായവ്യവസ്ഥയുടെ മൗലിക സിദ്ധാന്തമായ ‘സ്വാഭാവിക നീതിയോട്’ കാണിക്കുന്ന വഞ്ചനയുമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 129 നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം, രാജ്യത്തെ പരമോന്നത കോടതി ദുരുപയോഗപ്പെടുത്തുമ്പോള്‍ ജുഡിഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതല്‍ നഷ്ടപ്പെടുകയും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റുരണ്ടു വിഭാഗങ്ങളുമെന്ന പോലെ, കോടതികളും അഴിമതിയുടെ കൂത്തരങ്ങുകളാണെന്നു ജനങ്ങള്‍ വിചാരിക്കാന്‍ തുടങ്ങുകയും ചെയ്താല്‍, അവരെയെല്ലാം കോടതിയലക്ഷ്യമെന്ന പടക്കം കാണിച്ച് പേടിപ്പിക്കാമെന്നു കരുതുന്നുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്.

സ്വാതന്ത്ര്യ ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന അനാവശ്യവും നീതിരഹിതവും കലഹരണപ്പട്ടതുമായ ഒരു നിയമത്തെയാണ് പ്രശാന്ത് ഭൂഷാനെതിരെയും കോടതി വജ്രായുധമാക്കിയിരിക്കുന്നത്. 140 കോടിയിലധികം വരുന്ന ജനങ്ങളില്‍ നാമമാത്രമായ ചിലര്‍ക്ക് വേണ്ടി നിലനിര്‍ത്തിയിരിക്കുന്ന തുല്യതാവിരുദ്ധമായ ഒരു നിയമമാണിത്. കോടതിക്കെതിരെ തിരിഞ്ഞ് നിന്ന് തുമ്മിയാല്‍ പോലും കേസെടുക്കാവുന്ന ഒരു നിയമം, അതാണ് കോടതിയലക്ഷ്യനിയമം. ഇതിന്റെ ഉറവിടം കൊളോണിയല്‍ നിയമസംഹിതയില്‍ നിന്നാണ്. വിമര്‍ശനാതീതനായ രാജാവിനെ പ്രതിനിധീകരിക്കുന്ന ന്യായാധിപന്മാരും വിമര്‍ശനാതീതരായിരിക്കണം, എന്ന പഴയ ഇംഗ്ലീഷ് ഫ്യൂഡല്‍ തത്വത്തില്‍ നിന്നും ഉത്ഭവിച്ചതാണ് ഈ നിയമം. എന്നാല്‍ സാധാരണക്കാരന്‍ പോലും രാജാവിനെയും രാജപത്‌നിയെയും വിമര്‍ശിക്കുകയും, പ്രജകളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്, സ്വന്തം ഭാര്യയെപോലും കാട്ടിലുപേക്ഷിക്കുകയും ചെയ്ത രാജാവും ഒക്കെയുണ്ടായിരുന്ന ഉദാത്തമായ ഭാരതീയപാരമ്പര്യങ്ങള്‍ക്ക്, ഭൂഷണമായ നിയമമാണോ കോടതിയലക്ഷ്യ നിയമം എന്ന് നാം പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…

ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യങ്ങളുടെ ആധാരശിലയായി നിലകൊള്ളുന്ന നമ്മുടെ ഭരണഘടന, നമുക്ക് ഉറപ്പുനല്‍കുന്ന, മൗലികഅവകാശങ്ങളുടെ വ്യക്തമായ ലംഘനമാണ് ഈ നിയമം.. തുല്യത ഉറപ്പു നല്‍കുന്ന അനുച്ഛേദം 14നും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പിക്കുന്ന അനുച്ഛേദം 19(a) യ്ക്കും നേരെ വിപരീതമായ നിയമമാണിത്. നമ്മുടെ ഭരണഘടനയുടെ പ്രൗഢമായ ആമുഖം തുടങ്ങുന്നതു തന്നെ ‘ഇന്ത്യക്കാരായ നാം, നമുക്ക് വേണ്ടി ഈ ഭരണഘടന നിര്‍മിക്കുന്നു’ എന്നാണ്. ആ ‘നാമില്‍’ ദരിദ്രനും – സമ്പന്നനും, നിരക്ഷരനും – പണ്ഡിതനും, ഹിന്ദുവും – മുസ്ലിമും എല്ലാമെല്ലാം ഉള്‍പെടും. അത്രയും മഹത്തരമായ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന സാധാരണ പൗരന്മാര്‍ക്കു മുതല്‍, അഞ്ചു കൊല്ലത്തില്‍ ഒരിക്കലെങ്കിലും ജനങ്ങളെ സമീപിക്കുന്ന പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും വരെ, സാധാരണ നിയമങ്ങളുടെ മാത്രം സംരക്ഷണം ലഭിക്കുമ്പോള്‍, ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടാത്ത ന്യായാധിപന്മാര്‍ക്കു മാത്രം, ഒരു പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ കിട്ടുന്നത്, വിവേചനപരവും അനുച്ഛേദം 14ന്റെ പ്രകടമായ ലംഘനവുമാണ്. മാത്രമല്ല, ഇത്തരത്തിലുള്ള നിയമം നിലനില്‍ക്കുന്നത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതുമല്ല…

ജനങ്ങള്‍ക്കു നീതി കൊടുക്കുന്ന സ്ഥാപനം എന്ന് അവകാശപ്പെടുകയും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തന്നെ നിലനില്‍ക്കുകയും ചെയ്യുന്ന ഒന്നാണ് ഇന്ത്യന്‍ ജുഡീഷ്യറി… അത്തരത്തിലുള്ള ഒരു ഭരണഘടനാസ്ഥാപനത്തെ വിമര്‍ശിക്കുന്നതിനും തെറ്റുകള്‍ ചൂണ്ടികാണിക്കുന്നതിനുമുള്ള അധികാരം പൂര്‍ണമായും ജനങ്ങളില്‍ നിക്ഷിപ്തമാകുമ്പോള്‍ മാത്രമാണ്, അത് ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യതിനും നിലനില്‍ക്കുന്ന മഹത്തായ സ്ഥാപനമാണെന്നു പറയാന്‍ സാധിക്കൂ… വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍, അതിനെ തെറ്റുതിരുത്തുന്നതിനും മാറ്റത്തിനുമായുള്ള അവസരങ്ങളായി കണക്കാക്കാതെ, കോടതിയലക്ഷ്യമെന്ന വടിയുപയോഗിച്ചു അടിച്ചമര്‍ത്താന്‍ ശ്രെമിക്കുന്നത് നീതിയുക്തയുവമല്ല, അനുച്ഛേദം 19(a) എന്ന പൗരന്റെ മൗലികാവകാശത്തോട് കാണിക്കുന്ന അവഹേളനവുമാണ്… അതിനാല്‍ തന്നെ കോടതിയലക്ഷ്യമെന്ന ഈ നിയമം (ക്രിമിനല്‍ കോടതിയലക്ഷ്യം) ഭാഗികമായിട്ടെങ്കിലും ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് തന്നെ ഈ കാലഹരണപെട്ട നിയമത്തെ എത്രയും വേഗം ഭേദഗതി ചെയ്യുകയോ പൂര്‍ണമായും റദ്ദ് ചെയ്യുകയോ ചെയ്യേണ്ടതാണ്. മാത്രമല്ല, ‘സത്യമേവ ജയതേ’ എന്ന് കോടതിമുറികളില്‍ എഴുതി വെച്ചിരിക്കുന്നതിന്റെ നേരെ ചുവട്ടിലിരുന്നാണ്, സത്യം പറഞ്ഞ ഒരു പൗരനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് എന്ന് കാണുമ്പോള്‍, വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍…

വിമര്‍ശനങ്ങളാണ് ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ നട്ടെല്ല്… കാരണം, വിമര്‍ശനങ്ങള്‍ മാറ്റത്തിലേക്കു നയിക്കുന്ന അവസരങ്ങളാണ്. വിമര്‍ശനങ്ങള്‍ ഒഴിച്ച് നിര്‍ത്തി ഒരു പുരോഗമനരാജ്യത്തിനും നിലനില്പില്ല… അത് കേള്‍ക്കാനും അംഗീകരിക്കാനും കഴിയുമ്പോളാണ് ജനാധിപത്യം അതിന്റെ പരിപൂര്‍ണ്ണമായ അന്തസത്ത പ്രാപിക്കുന്നതും. കോടതികള്‍ക്കും ആ ജനാധിപത്യ പ്രക്രിയയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകില്ല, ഒരിക്കലും.
പ്രശസ്തമായ മുള്‍ഗോള്‍ക്കര്‍ കേസില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തട്ടെ, ‘കോടതിയെന്നാല്‍ നിശ്ചേതനമായ അമൂര്‍ത്തതയല്ല, നീതിന്യായവികാരം സിദ്ധിച്ച ജനതതന്നെയാണ്’

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply