പ്രയോഗിച്ച കമ്യൂണിസത്തേക്കാള്‍ പുരോഗമനപരം പ്രയോഗിച്ച (ബൂര്‍ഷാ) ജനാധിപത്യം

ഗോര്‍ബച്ചേവ് റഷ്യന്‍ ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങിയ സോവിയറ്റ് യൂണിയനിലെ ദേശീയജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനു പകരം അവരുടെ സ്വയം നിര്‍ണ്ണയാവകാശം അംഗീകരിച്ചു. ഇതിനെയാണ് സോവിയറ്റ് യൂണിയനെ തകര്‍ത്ത ഭരണാധികാരി എന്ന് വിമര്‍ശകര്‍ വിമര്‍ശിക്കുന്നത്. ലെനിന്റെ മഹത്തായ ആശയമാണതെന്നുപോലും കമ്യൂണിസ്റ്റുകാരെന്നു വിശ്വസിക്കുന്നവര്‍ മറക്കുന്നു. ഇപ്പോഴിതാ പുട്ടിനെപോലുള്ളവര്‍ അധിനിവേശത്തിലൂടെ മറ്റു രാഷ്ട്രങ്ങളെ കീഴടക്കി പഴയ സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാമെന്നു സ്വപ്‌നം കാണുന്നു. അതിനു കയ്യടിക്കുക കൂടിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

യു എസ് എസ് ആര്‍ മുന്‍ഭരണാധികാരി ഗോര്‍ബച്ചേവിന്റെ മരണത്തോടെ സോഷ്യലിസവും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുളള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണല്ലോ. ഒരുപക്ഷെ റഷ്യയടക്കം ലോകത്തൊരിടത്തും കേരളം പോലെ ഗോര്‍ബച്ചേവിന്റെ മരണം ഇത്രമാത്രം ചര്‍ച്ച ചെയ്തിരിക്കില്ല. അതിനിടയില്‍ ഇതേ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ അഭിപ്രായവുമായി സി പി ഐ എം എല്‍ ലിബറേഷന്റെ പ്രമുഖനേതാവായിരുന്ന കവിതാ കൃഷ്ണന്റെ രാജിപ്രസ്താവനയും പുറത്തുവന്നതോടെ സംവാദങ്ങള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ ചൂഷിതവിഭാഗങ്ങള്‍ക്കും മോചനത്തിന്റെ പ്രതീക്ഷ നല്‍കിയത് ഒക്ടോബര്‍ വിപ്ലവമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പിന്നീട് രണ്ടാംലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സാമ്രാജ്യത്വഅധിനിവേശത്തിനു വെല്ലുവിളിയുയര്‍ത്താനും അതിനു കഴിഞ്ഞു. ഒരുപാട് രാജ്യങ്ങളിലേക്ക് യൂറോപ്പിനെ ബാധിച്ച ഭൂതം എന്നു മാര്‍ക്‌സ് വിശേഷിപ്പിച്ച കമ്യൂണിസ്റ്റ് ആശയങ്ങളും പാര്‍ട്ടിയും ഭരണവും വ്യാപിച്ചു. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ ആ വിപ്ലവസ്വപ്‌നങ്ങളെല്ലാം അവസാനിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. മിക്കവാറും എല്ലാ കമ്യൂണിസ്റ്റ് ഭരണകൂടങ്ങളും ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളില്‍ കടപുഴകി വീണു. ചില രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് എന്ന പേരില്‍, എന്നാല്‍ തികച്ചും കടകവിരുദ്ധ നയങ്ങളും സമീപനങ്ങളുമായി ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നു എന്നു മാത്രം. ഈ തകര്‍ച്ചയുടെ കാരണങ്ങള്‍ ലോകം ഇന്നും ചര്‍ച്ച ചെയ്യുകയാണ്. അതില്‍ ഒന്നാം സ്ഥാനത്താണ് കേരളം. ആ ചര്‍ച്ചകളെയാണ് ഈ രണ്ടു സംഭവങ്ങളും സജീവമാക്കിയിരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ മിക്കവാര്‍ക്കും പേര്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മതമൗലികവാദത്തിനു സമാനമായ കമ്യൂണിസ്റ്റ് മൗലികവാദ നിലപാടാണ് അതിനുള്ള പ്രധാന കാരണം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ മുതലാളിത്ത പുനസ്ഥാപനം നടന്നു എന്ന് എത്രയോ മുമ്പുതന്നെ വിമര്‍ശനമുയര്‍ന്നപ്പോള്‍ മനുഷ്യന് കുരങ്ങനിലേക്ക് തിരിച്ചുപോകാനാവില്ല എന്നു പറഞ്ഞ് പ്രതിരോധിച്ച ഇ എം എസിന്റെ യുക്തിതന്നെയാണ് ഇവരെ നയിക്കുന്നത്. പരമാവധി ക്രൂഷ്‌ചേവിനേയും ഗോര്‍ബച്ചേവിനേയും പോലുള്ള ചില വ്യക്തികളുടെ നയങ്ങളില്‍ വന്ന പാളിച്ചയാണ് പ്രശ്‌നത്തിനു കാരണമെന്നു ചിലര്‍ സമ്മതിക്കുമെന്നു മാത്രം. ചരിത്രം രചിക്കുന്നത് ജനങ്ങളാണെന്ന മാര്‍ക്‌സിന്റെ തന്നെ വാക്കുകളെയാണ് ഇവര്‍ തള്ളിക്കളയുന്നതെന്നതാണ് തമാശ.

അധികാരം ജനങ്ങളിലേക്ക് തിരികെ സ്വാശീകരിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് പാരീസ് കമ്യൂണ്‍ അനുഭവത്തോടെ മാര്‍ക്‌സ് തന്നെ പറയുന്നുണ്ട്. ഈ വിഷയമാണ് തുടര്‍ന്നുള്ള കാലം അവഗണിക്കപ്പെട്ടത്. മറിച്ച് അധികാരം പൂര്‍ണ്ണമായും കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക് എന്നു പ്രഖ്യാപിച്ച ലെനിന്‍ പോലും അവസാനം സോവിയറ്റുകള്‍ പാര്‍ട്ടിയുടെ പല്ലും ചക്രവും മാത്രമാണെന്ന് തിരുത്തുകയുണ്ടായി. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം പാര്‍ട്ടി സര്‍വ്വാധിപത്യമാകുകയും അത് വ്യക്തിസര്‍വ്വാധിപത്യമാകുകയും ചെയ്യുകയാണ് ഏതാണ്ടെല്ലാ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും നടന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനം എല്ലാവരുടേയും മോചനമെന്നു പറയുകയും അതിനാല്‍ മറ്റു പാര്‍ട്ടികള്‍ക്കോ ആശയങ്ങള്‍ക്കോ പ്രസക്തിയില്ലെന്നു സ്ഥാപിക്കുകയും തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപടയാളിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു അവകാശപ്പെടുകയും പാര്‍ട്ടിക്കകത്ത് ജനാധിപത്യപ്രക്രിയ നടപ്പാക്കാതിരിക്കുകയും ചെയ്താല്‍ ജനാധിപത്യകേന്ദ്രീകരണം എന്നു പേരിട്ട, ഫലത്തില്‍ കേന്ദ്രീകരണം മാത്രമായ സംവിധാനത്തിലൂടെ അധികാരം വിരലിലെണ്ണാവുന്നവരില്‍, മിക്കപ്പോഴും ഒരാളില്‍ കേന്ദ്രീകരിക്കാതിരിക്കുന്നതെങ്ങിനെ? വ്യത്യസ്ഥനിലപാടെടുത്താല്‍ പോളിറ്റ് ബ്യൂറോയില്‍ ഒപ്പമിരിക്കുന്നവരെ പോലും കൊല്ലുന്നതില്‍ അതെത്തും. അതേറ്റവും ഭീകരമായി നടപ്പാക്കിയത് സ്റ്റാലിനായിരുന്നു എന്നു മാത്രം. കമ്യൂണിസ്റ്റാണോ അല്ലയോ എന്ന തര്‍ക്കം നിലനില്‍ക്കുന്ന, എന്നാലും കമ്യൂണിസ്റ്റ് എന്നു പേരുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന റഷ്യയിലും ചൈനയിലും വടക്കന്‍ കൊറിയയിലും മറ്റും ഇപ്പോഴും വ്യക്തിയുടെ സമഗ്രാധിപത്യം തന്നെയല്ലേ സ്ഥിതി… ഇത്തരമൊരവസ്ഥ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗം സോഷ്യലിസ്റ്റ് സംവിധാനത്തിനകത്തുതന്നെ അനിവാര്യമാണ്. അത് സര്‍വ്വാധിപത്യം എന്ന സംജ്ഞ ഉപേക്ഷിക്കലും ബഹുകക്ഷി സമ്പ്രദായവും പരിപൂര്‍ണ്ണയമായ ആശയ – ആവിഷ്‌കാര സ്വാതന്ത്ര്യവും പാര്‍ട്ടിക്കകത്ത് കൃത്യമായ ജനാധിപത്യപ്രക്രിയയും നടപ്പാക്കുകയുമല്ലാതെ മറ്റൊന്നല്ല.. തെറ്റുപറ്റി എന്നംഗീകരിക്കുന്നവര്‍ പോലും അതിനുള്ള പരിഹാരത്തെ പറ്റി പറയാതെ കാര്യങ്ങളെ വ്യക്ത്യാധിഷ്ഠിതമായാണ് കാണുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകത്തെമ്പാടുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചില വ്യക്തികളുടെ തെറ്റായ നയങ്ങള്‍ മൂലം തകരുകയല്ല ഉണ്ടായത്, ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങള്‍ അവയെ തകര്‍ക്കുകയായിരുന്നു. ആ പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കികൊല്ലാനുള്ള നീക്കങ്ങളായിരുന്നു മിക്കയിടങ്ങളിലും നടന്നത്. ഏറ്റവും മികച്ച ഉദാഹരണം ചൈന തന്നെ. അതിനുപക്ഷെ ഗോര്‍ബച്ചേവ് തയ്യാറായില്ല. ഗ്ലാസ് നോസ്റ്റിലൂടെ ഭരണത്തിലേക്കും സമൂഹത്തിലേക്കും വായുവും വെളിച്ചവും കടത്തിവിടാനും പെരിസ്‌ട്രോയിക്കയിലൂടെ സാമ്പത്തിക സംവിധാനത്തെ ഉടച്ചുവാര്‍ക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. പാര്‍ട്ടിക്കകത്തു തെരഞ്ഞെടുപ്പിനും അദ്ദേഹം തയ്യാറായി. കൂടാതെ റഷ്യന്‍ ആധിപത്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങിയ സോവിയറ്റ് യൂണിയനിലെ ദേശീയജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിനു പകരം അവരുടെ സ്വയം നിര്‍ണ്ണയാവകാശം അംഗീകരിച്ചു. ഇതിനെയാണ് സോവിയറ്റ് യൂണിയനെ തകര്‍ത്ത ഭരണാധികാരി എന്ന് വിമര്‍ശകര്‍ വിമര്‍ശിക്കുന്നത്. ലെനിന്റെ മഹത്തായ ആശയമാണതെന്നുപോലും കമ്യൂണിസ്റ്റുകാരെന്നു വിശ്വസിക്കുന്നവര്‍ മറക്കുന്നു. ഇപ്പോഴിതാ പുട്ടിനെപോലുള്ളവര്‍ അധിനിവേശത്തിലൂടെ മറ്റു രാഷ്ട്രങ്ങളെ കീഴടക്കി പഴയ സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാമെന്നു സ്വപ്‌നം കാണുന്നു. അതിനു കയ്യടിക്കുക കൂടിയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.

വാസ്തവത്തില്‍ ഈ മാറ്റങ്ങള്‍ക്ക് ഗോര്‍ബച്ചേവിനെ പ്രേരിപ്പിച്ച പ്രധാന സംഭവം ചെര്‍ണോബില്‍ ആണവ ദുരന്തവും അതിന്റെ ഭീകരതയും യാഥാര്‍ത്ഥ്യവും ലോകത്തിനു മുന്നില്‍ മറച്ചുവെക്കാന്‍ ശ്രമിച്ച സോവിയറ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങളുമായിരുന്നു. കമ്യൂണിസ്റ്റ് സംവിധാനം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നും നുണകളുടെ ഒരു പരമ്പര പ്രചരണായുധമാക്കിയാണ് സോവിയറ്റ് രാഷ്ടീയ ഘടന നിലനില്‍ക്കുന്നത് എന്നും ഗോര്‍ബച്ചേവ് തിരിച്ചറിയുന്നു. പരിഷ്‌കരണത്തിലേക്ക് തുടക്കം കുറിച്ച ട്രിഗര്‍ പോയിന്റ് അതായിരുന്നു. പിന്നീട് ആണവ ശാസ്ത്രജ്ഞരും എഞ്ചിനിയര്‍മാരും തൊഴിലാളികളും പട്ടാളക്കാരുമുള്‍പ്പെടെ അഞ്ച് ലക്ഷം പേര്‍ രണ്ട് മാസത്തോളം തുടര്‍ച്ചയായി പണിയെടുത്താണ് രണ്ടാമത്തെ റിയാക്ടറിന്റെ പൊട്ടിത്തെറി ഒഴിവാക്കാനായത്. ഹിരോഷിമയില്‍ ഇട്ട ബോംബിന്റെ പത്ത് ഇരട്ടി പ്രഹരശേഷി അതിനുണ്ടാകുമായിരുന്നു. അത് സംഭവിച്ചിരുന്നെങ്കില്‍ യൂറോപിന്റെ പകുതിയും ഇന്ന് മനുഷ്യവാസയോഗ്യമല്ലാതാകുമായിരുന്നു. ആ വലിയ ദുരന്തത്തില്‍ നിന്ന് ഭൂമിയെ രക്ഷിച്ചത് ഗോര്‍ബച്ചേവിന്റെ ഇടപെടലായിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച . അമേരിക്കയുടെ ഏകധ്രുവ ലോകക്രമത്തിനായുള്ള സൈനിക നീക്കങ്ങള്‍ക്കും ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഗതിവേഗം കൂട്ടി, ഇറാഖിലും സിറിയയിലും ലിബിയയിലും ലെബണലിലും അഫ്ഘാനിലും പലസ്തീനിലും മറ്റും മറ്റും യുദ്ധങ്ങളും കുട്ടക്കൊലകളും അഴിച്ചുവിടുന്നതിനു കാരണമായി എന്ന വിമര്‍ശനത്തില്‍ കാമ്പുണ്ട്. ലോകത്തെ രണ്ടുകൂട്ടര്‍ പകുത്തെടുക്കാന്‍ ശ്രമിച്ചതില്‍ നിന്ന് അമേരിക്കയുടെ ആധിപത്യത്തിലേക്ക് അതുമാറി എന്നതു ശരിയാണ്. എന്നാല്‍ ചരിത്രം എവിടേയും അവസാനിക്കില്ല എന്നതിനു തെളിവാണ് ആഗോള രംഗത്തെ പുതിയ ചലനങ്ങള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇപ്പോഴും ആശയപരമായി ഇതൊക്കെ തന്നെയാണ് പിന്തുടരുന്നത്. സിപിഎമ്മിന്റെ ഭരണഘടനയില്‍തന്നെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയെന്നും തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കുന്നതില തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും ജനാധിപത്യകേന്ദ്രീകരണത്തെ കുറിച്ചുമൊക്കെ പറയുന്നുണ്ട്. പിന്നെ തല്‍ക്കാലം അതിനുള്ള ശക്തിയൊന്നുമില്ലാത്തതിനാല്‍ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുന്നു എന്നുമാത്രം. ഇത് ബൂര്‍ഷ്വാജനാധിപത്യമാണെന്നും നമ്മുടെ മാര്‍ഗ്ഗമിതല്ല എന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ പങ്കെടുക്കുന്നത് ്അടവിന്റേയും തന്ത്രത്തിന്റേയും ഭാഗമായി മാത്രമാണെന്നും ചെങ്കോട്ടയില്‍ ചെങ്കൊടിയാണ് പാറിക്കുക എന്നുമൊക്കെ നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്ലാസുകളില്‍ പ്രസംഗിക്കുന്നുണ്ടല്ലോ. അങ്ങനെയൊരു പ്രസംഗത്തിലാണല്ലോ സജീ ചെറിയാന്‍ ഭരണഘടനയെ ആക്ഷേപിച്ചത്. സോഷ്യലിസത്തിന്റെ ഇരുമ്പുമറക്കുപകരം ബൂര്‍ഷ്വാജനാധിപത്യത്തിന്റെ ജനലുകളായതിനാല്‍ അതു പുറത്തുവന്നു എന്നുമാത്രം. ട്രോട്‌സ്‌കിയുടേയും മറ്റും പിന്‍ഗാമി തന്നെയാണല്ലോ ടി പി ചന്ദ്രശേഖരന്‍. ബൂര്‍ഷ്വാജനാധിപത്യത്തിന്റെ നല്ല വശങ്ങള്‍ സ്വാശീകരിക്കാതിരിക്കുകയും ജീര്‍ണ്ണതകളൊക്കെ സ്വാശീകരിക്കുകയും ചെയ്ത അവസ്ഥയാണ് പാര്‍ട്ടിയുടേത്. പാര്‍ട്ടിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചൊക്കെ സഖാക്കല്‍ വാചാലരാകാറുണ്ട്. കുറച്ചുകാലമെങ്കിലും അതില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കൃത്യമായി അറിയാം. ഏതൊരു കമ്മിറ്റിയുടെ ഭാരവാഹികളേയും നിശ്ചയിക്കുക മുകളിലെ കമ്മി്റ്റിയാണ്. വല്ലപ്പോഴും അതിനെതിരെ മത്സരിച്ചവര്‍ക്കൊക്കെ എന്തു സംഭവിച്ചു എന്നത് ചരിത്രമാണല്ലോ. ഇത്തവണത്തെ ഏതെങ്കിലും ജില്ലാസമ്മേളനത്തില്‍ തെരഞ്ഞെടുപ്പു നടന്നോ? അടിസ്ഥാനപരമായി ജനാധിപത്യത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല എന്നതുതന്നെയാണ് പ്രശ്നം. അതുകൊണ്ടുതന്നെയായിരുന്നു ജ്യോതിബാസു പറഞ്ഞ ചരിത്രപരമായ വിഡ്ഢിത്തം അരങ്ങേറിയതും. ജനാധിപത്യത്തില്‍ പങ്കെടുക്കാത്ത മാവോയിസ്റ്റുകളടക്കം മറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേയും അവസ്ഥ വ്യത്യസ്ഥമല്ല. ജനാധിപത്യത്തെ കുറിച്ച് അല്‍പ്പമെങ്കിലും മെച്ചപ്പെട്ട നിലപാടെടുത്തിരിക്കുന്നത് സിപിഐ ആണെന്നു പറയാം.

അതിനിടയിലാണ് മുകളില്‍ സൂചിപ്പിച്ചപോലെ കവിതാകൃഷ്ണന്റെ രാജിപ്രസ്താവന പുറത്തുവരുന്നത്. അതിലവര്‍ പ്രധാനമായും ഉന്നയിക്കുന്നത് മൂന്നു കാര്യങ്ങളാണ്. 1. The need to recognise the importance of defending liberal democracies with all their flaws against rising forms of authoritarian and majoritarian populisms not just in India but around the world 2. The need to recognise that it is not enough to discuss the Stalin regime, USSR, or China as failed socialisms but as some of the world’s worst authoritarianisms that serve as a model for authoritarian regimes everywhere. 3. The conviction that for our fight for democracy against fascism and growing totalitarianism in India to be consistent, we must acknowledge the entitlement to the same democratic rights and civil liberties for all people across the world, including subjects of socialist totalitarian regimes past and present. സമകാലിക സാഹചര്യത്തില്‍ വളരെ പ്രസക്തമായ വിഷയങ്ങളാണ് അവരുന്നയിക്കുന്നത്. ഇതോടൊപ്പം സോവിയറ്റ് യൂണിയന്‍, റഷ്യന്‍, ചൈനീസ് സംഭവവികാസങ്ങളെ തുടര്‍ന്ന്, പ്രയോഗിച്ച (ബൂര്‍ഷാ) ജനാധിപത്യമാണ് പ്രയോഗിച്ച കമ്യൂണിസത്തേക്കാള്‍ ചരിത്രപരമായി പുരോഗമപരമെന്നു പ്രഖ്യാപിച്ച് കമ്യൂണിസറ്റ് ആശയങ്ങളോട് വിട പറഞ്ഞ മുന്‍ നക്‌സലൈറ്റ് നേതാവും ചിന്തകനുമായ കെ വേണുവിന്റെ വാക്കുകളും പ്രസക്തമാകുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply