പോസ്റ്റ് മോഡേണിസം (ആധുനികാനന്തരത) മലയാള കവിതയില്‍

1980 കള്‍ മുതലാണ് പോസ്റ്റ് മോഡേണിസത്തിന്റെ പുതുമൊഴി വഴികള്‍ മലയാളത്തില്‍ തെളിഞ്ഞുവരുന്നത്. എഴുപതുകളിലെ കവിതയോടുള്ള വിസന്ധി ആധുനികാനന്തര പ്രസ്ഥാനത്തിന് കാറ്റു പകര്‍ന്നു. വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്ക് തിരിച്ചുവന്ന പല ആധുനിക കവികളും പോസ്റ്റ് മോഡേണിസത്തിന്റെ രൂപപരമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി. ആഖ്യാനകവിത അന്യം നിന്നു. കവിത ചുരുങ്ങിച്ചുരുങ്ങി മിക്കവാറും ഒരു പേജിലൊതുങ്ങി. ശീര്‍ഷകം ഒറ്റവാക്കില്‍ നിന്ന് കുതറിമാറി അനേകം വാക്കുകളുടെ സംയുക്തമായി. ആധുനികാനന്തര കവിതയുടെ പ്രധാന തത്ത്വങ്ങളും കാവ്യതന്ത്രങ്ങളും താഴെ പറയുന്നവയാണ്.

1. വിഘടനം (Deconstruction)

യാഥാര്‍ത്ഥ്യത്തിന്റെ പുറംപൂച്ചുകള്‍ പരിശോധിക്കപ്പെടുക. യാഥാര്‍ത്ഥ്യത്തെ വിഘടിച്ച് പുന:സംവിധാനം ചെയ്യുന്നു. നിര്‍മ്മിത യാഥാര്‍ത്ഥ്യത്തിന്റെ ഉള്ളിലിരുപ്പ് അതില്‍ നിന്നു തന്നെ കെണ്ടത്തി വായനക്കാര്‍ക്കായി തുറന്നിടുന്നു. ഫ്രഞ്ചു ചിന്തകനായ ദെറീദയുടെ ‘ഗ്രാമറ്റോളജി’ എന്ന വിശ്രുത ഗ്രന്ഥത്തിലാണ് ഡീകണ്‍സ്ട്രക്ഷന്റെ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്.

2.ബൃഹത് ആഖ്യാനം (Meta narrative or Grand narrative)

3. ‘എഴുത്തുകാരന്റെ മരണം’

റൊളാങ് ബാര്‍ത്ത് (Roland Barthes) ‘എഴുത്തുകാരന്റെ മരണം’ പ്രഖ്യാപിച്ചു. കൃതി എഴുതിക്കഴിഞ്ഞാല്‍ എഴുത്തുകാരന്‍ അപ്രസക്തനാവുന്നു. കാരണം കൃതിയില്‍ പ്രധാനം, പാഠമാണ്. പാഠം സൃഷ്ടിക്കുന്നതാവട്ടെ, വായനക്കാരനാണ്. കൃതിയുടെ ആന്തരിക ഊര്‍ജ്ജമാണ് പാഠം.

4. ഭ്രമാത്മകതയുടെ അമിതമായ ഉപയോഗം

പോസ്റ്റ് മോഡേണിസ്റ്റുകള്‍ക്ക് ‘റിയലി’നേക്കാള്‍’റിയലാ’യിട്ടുള്ളത് ‘അണ്‍റിയലാ’ണ്. (Unreal is more real than the real) അതു കൊണ്ടുതെന്ന ഇവരെ Neo-romantics എന്നു വിളിക്കാറുണ്ട്. .പി പി രാമചന്ദ്രന്റെ ‘കാണെ കാണെ’ എന്ന കൃതിയില്‍ ഭ്രമാത്മകത എത്ര ഭംഗിയായാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് കാണുക. തീവണ്ടി പാളം തെറ്റി കുണ്ടനിടവഴിയിലൂടെ സഞ്ചരിച്ച് ഗ്രാമത്തില്‍ ചെന്നുപെടുന്നു. നായയും പൂച്ചയും കോഴിയുമെല്ലാം വണ്ടിയുടെ കമ്പാര്‍ട്ടുമെന്റുകള്‍ കയ്യടക്കുന്നു. ഒടുവില്‍ ഉറുമ്പുകള്‍ വരിവരിയായി വട്ടം കൂട്ടം ചേര്‍ന്ന് തീവണ്ടിയെ തള്ളി പാളത്തില്‍ കയറ്റി വയ്ക്കുന്നു.

5. മെറ്റാഫിക്ഷന്‍ (Metafiction)

കഥാപാത്രം കൃതിയില്‍ നിന്ന് പുറത്ത് കടന്ന് എഴുത്തുകാരനോടും മറ്റുള്ളവരോടും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചിലപ്പോള്‍ മറ്റു വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി പ്രതിഷ്ഠയില്‍ നിന്ന് സ്വയം വേര്‍പെടുത്തി, ശ്രീകോവിലില്‍ നിന്ന് പുറത്തു കടന്ന് ദൈവം സ്വന്തം വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നു കരുതുക. കഥാപാത്രത്തിന്റെ ഈ അതിസ്വാതന്ത്ര്യമാണ് മെറ്റാഫിക്ഷന്‍.

6. പാഠാന്തരീയത്വം (Intertextualism)

എഴുത്തുകാരന്‍ മറ്റെഴുത്തുകാരുടെ കഥാപാത്രങ്ങളെ സ്വന്തം കൃതിയിലേക്കാനയിക്കുമ്പോഴാണ് പാഠാന്തരത്വം പിറവിയെടുക്കുന്നത്. കെ ജി എസ്സിന്റെ’ചോദ്യക്കോലം’ എന്ന കവിത നല്ല ഉദാഹരണമാണ്. കാരൂരിന്റെ’മരപ്പാവകള്‍’ എന്ന ചെറുകഥയിലെ Enumerator തന്നെയാണ് ‘ചോദ്യക്കോല’ത്തിലും ചോദ്യങ്ങളുമായി വരുന്നത്.

7. പാസ്റ്റിഷ്: (Pastiche)

കവി ഒരു പൂര്‍വ്വ കവിതയുടെ സൂചനകളിലൂടെ തന്റെ കവിതയുടെ പശ്ചാത്തലം ഒരുക്കുന്നതിനെയാണ് പാസ്റ്റിഷ് എന്നു പറയുന്നത്. ‘പ്ലാവും പോപ്ലാറും’ എന്ന കവിതയില്‍ കെ ജി എസ് ഈ രീതി സ്വീകരിക്കുന്നു. രമണന്റെ അതിഭാവുകത്വവും ആത്മഹത്യാ പ്രവണതയും ഇന്ന് പ്രസക്തമല്ല എന്നു പറയാതെ പറയുന്നു. അതോടെ ന്യൂ ജെന്‍ പ്രണയം ദാര്‍ഢ്യമുള്ള ഒരു നുണയാണെന്ന് ഉദാഹരിക്കപ്പെടുന്നു.

8. പാരെഡി:(Parody)

പോസ്റ്റ് മോഡേണിസത്തില്‍ പാരെഡി വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കെ ആര്‍ ടോണിയുടെ അന്ധകാണ്ഡം കാണുക.

1. ‘ആത്മാവിനെക്കാള്‍ പരമാര്‍ത്ഥമായുള്ള
തുപ്പുമാവാണെന്നറിക സഹോദരാ’

2. ‘ഇത്തറവാടിത്തഘോഷത്തെപ്പോലെ
വൃത്തികെട്ടുള്ളതാണദ്വൈതദര്‍ശനം’
തുടങ്ങിയ കാവ്യഭാഗങ്ങള്‍ ശ്രദ്ധിക്കുക.

9. സറീയലിസം (Surrealism)

സറീയലിസം എഴുത്തുകാരന്റെ (കലാകാരന്റെ) മന:ശാസ്ത്രവിശ്ലേഷണ ഫലമായി പിറവിയെടുക്കുന്ന ഭ്രമാത്മകതയാണ്. ദാലിയുടെ പെയിന്റിങ്ങുകള്‍ സറീയലിസത്തിന്റെ ഉദാത്ത മാതൃകയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയില്‍ സറീയലിസം ഇതള്‍ ചിതറി നില്ക്കുന്നതായി കാണാം.

10. ആപേക്ഷികത്വം (Relativism)

കേവലമായ യാഥാര്‍ത്ഥ്യം എന്ന സങ്കല്പത്തെ പോസ്റ്റ് മോഡേണിസ്റ്റുകള്‍ തിരസ്‌ക്കരിക്കുന്നു. യാഥാര്‍ത്ഥ്യം ആപേക്ഷികവും, പലപ്പോഴും നിര്‍മ്മിതവുമാണെന്നാണ് അവരുടെ പക്ഷം. ഉദാഹരണമായി സ്ത്രീ എന്ന യാഥാര്‍ത്ഥ്യം ഒരു male construct (പുരുഷ നിര്‍മ്മിതം) ആണെന്നു വാദിക്കപ്പെടുന്നു.

11. നിരന്തരമായ മാറ്റം

വസ്തുതകള്‍ നിരന്തരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇന്നത്തെ വസ്തുത നാളെ മാറി ഉപയോഗശൂന്യമാകുമെന്നുമാണ് പോസ്റ്റ് മോഡേണിസ്റ്റുകളുടെ നിലപാട്.

12. മാജിക്കല്‍ റിയലിസം (Magical Realism)

യാഥാര്‍ത്യത്തിന് അടിവരയിട്ട് ബലപ്പെടുത്താന്‍ പോസ്റ്റ് മോഡേണിസ്റ്റുകള്‍ ഫാന്റസിയോ അതിപ്രസ്താവനയോ അത്യുക്തിയോ ഉപയോഗപ്പെടുത്തുന്നു. ഈ രീതിയെയാണ് മാജിക്കല്‍ റിയലിസം എന്നു വിളിക്കുന്നത്.

13. ഹൈപ്പര്‍ റിയലിസം (Hyperrealism)

ഫ്രഞ്ചു ചിന്തകനായ ബോദ്രിലാദ് ആണ് ഹൈപ്പര്‍ റിയലിസത്തിന്റെ കണ്‍സെപ്റ്റ് മുേന്നാട്ടു വച്ചത്. Critique of originaltiy എന്ന ഗ്രന്ഥത്തിലാണ് ബോദ്രിലാദിന്റെ ഹൈപ്പര്‍ റിയലിസത്തെക്കുറിച്ചുള്ള ലേഖനം പ്രത്യക്ഷപ്പെടുന്നത്. കോര്‍പ്പറേറ്റ് അധീശത്വവും മാധ്യമ മേധാവിത്വവും കൈകോര്‍ത്തു നില്ക്കുന്ന നമ്മുടെ കാലഘട്ടത്തില്‍ യാഥാര്‍ത്ഥ്യമല്ല, യാഥാര്‍ത്ഥ്യത്തിന്റെ മായാദര്‍ശനമാണ് മുമ്പിലെത്തുന്നത്. ഇത്, നമ്മുടെ സൗന്ദര്യ സങ്കല്പങ്ങള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, സാംസ്‌ക്കാരിക വിനിമയങ്ങള്‍ എല്ലാം തന്നെ പലപ്പോഴും കോര്‍പ്പറേറ്റ്/മാധ്യമനിര്‍മ്മിതികളാണ്. സ്ത്രീയുടെ തൊലിയും, മുടിയും, കണ്ണും, കാതും, കഴുത്തും, മാര്‍വ്വിടവും, അണിവയറും, അരയും, കാലുകളും, കൈകളുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്കു സ്വന്തം. എല്ലാം അവരുടെ നിര്‍മ്മിതിയാണ്. ഇത്തരം നിര്‍മ്മിത യാഥാര്‍ത്ഥ്യങ്ങളുടെ ഹലൂസിനേറ്ററി റെപ്രസെന്‍േറഷന്‍മായാദര്‍ശനപരമായ പ്രതിനിധാനമാണ് ഹൈപ്പര്‍ റിയലിസം.

14. പൂര്‍വ്വഭാരങ്ങള്‍

കീഴാള സമരചരിത്രമായിക്കൊള്ളട്ടെ, അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ, അതുമെല്ലങ്കില്‍ സാഹിത്യ സംവാദവും സൗന്ദര്യശാസ്ത്ര വിശകലനവുമായിക്കൊള്ളട്ടെ, പൂര്‍വ്വഭാരങ്ങള്‍ പോസ്റ്റ് മോഡേണിസ്റ്റുകള്‍ക്ക് പ്രസക്തമല്ല. പൂര്‍വ്വഭാരം മാത്രമല്ല, ഉത്തരഭാരവും ഇറക്കി വയ്ക്കാനാണ്’കന’മില്ലാത്ത കവിതകള്‍ എഴുതാന്‍ യത്‌നിക്കുന്ന രാമനെപ്പോലുള്ള കവികള്‍ ശ്രമിക്കുന്നത്.

15. ആധുനിക ആധുനികാനന്തര വിസന്ധി:

ആധുനികരുടെ സിദ്ധാന്തവും പ്രയോഗവും പോസ്റ്റ് മോഡേണിസ്റ്റുകള്‍ അംഗീകരിക്കുന്നില്ല. അതു കൊണ്ടാണെല്ലാ ‘ആധുനികാന്തരം’ എന്ന പ്രസ്ഥാനത്തിനു തെന്ന പിറവിയെടുക്കേണ്ടി വന്നത്.

16. കോയ്മകള്‍:

പാരമ്പര്യ കോയ്മകള്‍, സദാചാര ബാധ്യതകള്‍, ജാതി മത ആചാര വിശ്വാസങ്ങള്‍ ഒന്നും പോസ്റ്റ് മോഡേണിസ്റ്റുകള്‍ അംഗീകരിച്ചു കൊടുക്കില്ല.

17. തുല്യാവകാശം:

എല്ലാവര്‍ക്കും തുല്യാവകാശമെന്നതാണ് പോസ്റ്റുമോഡേണിസ്റ്റുകളുടെ നിലപാട്.

18. വാഗ്ദാനങ്ങള്‍:

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വാഗ്ദാനങ്ങള്‍ പോസ്റ്റ്‌മോഡേണിസ്റ്റുകള്‍ സംശയത്തോടെ വീക്ഷിക്കുന്നു. വാഗ്ദാനങ്ങള്‍ നടപ്പാക്കാതെ വരുമ്പോള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.

19.പിന്തുണ

ഫെമിനിസ്റ്റുകളുടെയും, ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെയും, ലൈംഗികത്തൊഴിലാളികളുടെയും, സ്വവര്‍ഗ്ഗാനുരാഗികളുടെയും, പാരിസ്ഥിതിക ആകാംക്ഷകരുടെയും പ്രസ്ഥാനങ്ങളെ പോസ്റ്റ് മോഡേണിസ്റ്റുകള്‍ പിന്തുണയ്ക്കുന്നു.

20. ആഗോളവല്‍ക്കരണം:

പില്‍ക്കാല മുതലാളിത്തത്തിന്റെ അഥവാ സാമ്രാജ്യത്വത്തിന്റെ സാംസ്‌ക്കാരിക യുക്തിയായതുകൊണ്ടുതന്നെ പോസ്റ്റ് മോഡേണിസ്റ്റുകള്‍ ആഗോളവല്‍ക്കരണ ചൂഷണത്തെ സംബന്ധിച്ച് നിസംഗരാണ്. എല്ലാം പോസ്റ്റ് മോഡേണിസ്റ്റു രൂപങ്ങള്‍ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തു. കേരളത്തിലെ മെയിന്‍ സ്ട്രീം കവികള്‍ ആഗോളവല്‍ക്കരണത്തെ എതിര്‍ക്കുന്നവരാണ്. കെ ജി എസ്, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ ആഗോളവല്‍ക്കരണ ചൂഷണങ്ങളെ നിസ്സംഗരായി നോക്കിക്കാണുന്നവരല്ല.

21. പുതുമൊഴിവഴികള്‍:

കേരളത്തിലെ പുതുതലമുറക്കവികള്‍ പോസ്റ്റ് മോഡേണിസം തുറന്നിട്ട സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരാണ്. രൂപകങ്ങളുടെ തിക്തകശക്തിയറിഞ്ഞു കവിതയെഴുതി, അകാലത്തില്‍ അന്തരിച്ച ഗീതാ ഹിരണ്യന്‍. നിക്കാനോര്‍ പാര്‍റയെപ്പോലെ, രൂപങ്ങള്‍ ഇല്ലാതെ കവിതയെഴുതി, റോസ് മേരി, പടിക്കല്‍ വന്നു കൂകിയ ‘അങ്കവാലുള്ള പക്ഷി’- കവിത ബാലകൃഷ്ണന്‍. ചാട്ട ചുഴറ്റി മൃഗശിക്ഷകനെ തന്നെ ശിക്ഷിച്ചു വിജയലക്ഷ്മി.. സ്ത്രീ ജീവിതത്തില്‍ നിസ്സാരവല്‍ക്കരിക്കപ്പെടുന്ന അവശതകള്‍ക്ക് മൊഴി നല്കി അനിതാ തമ്പി. (അനിതയുടെ ‘മുറ്റമടിക്കുമ്പോള്‍’ എന്ന കവിത കാണുക). സാമൂഹ്യ ജീവിതത്തിന്റെ ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളിലേക്ക് ചാട്ടുളി പോലെ ഇറങ്ങിച്ചെന്നു ഗോപീകൃഷ്ണന്‍.ഗോപിയുടെ ‘ചാള’ വറചട്ടിയില്‍ പൊരിഞ്ഞു കൊണ്ടിരിക്കുന്ന, അരികുവല്‍ക്കരിക്കപ്പെട്ട സാധാരണ മനുഷ്യനാണ്.എസ് ജോസഫ്, രേണുകുമാര്‍, എം ബി മനോജ്, രാഘവന്‍ അത്തോളി തുടങ്ങിയ കവികള്‍ കീഴാള ജീവിതത്തിന്റെ അന്തര്‍ഗ്ഗതങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന സൃഷ്ടികള്‍ക്ക് പിറവി നല്കി. മൃഗബിംബങ്ങളിലൂടെയാണ് ടി പി രാജീവന്‍ സ്വന്തം വഴി പരിചയപ്പെടുത്തിയത്. വിടരാന്‍ കഴിയാതെ വിതുമ്പി നിന്ന ഇന്ദ്രിയങ്ങള്‍ക്ക് ആവിഷ്‌ക്കാരം നല്കി വി എം ഗിരിജ. തലമുറകളായി നാം സൂക്ഷിച്ചുവെച്ച ദ്രാവിഡ വൃത്തതാള സംസ്‌കൃതി കൈവിടാതെ റഫീക് അഹമ്മദ്. ‘ശിവകാമി’യാണ് ഇപ്പോഴും റഫീക്കിന്റെ മാസ്റ്റര്‍ പീസ്. മുംബെയില്‍: ടി കെ മുരളീധരന്‍, സന്തോഷ് പറശ്ശന, സി ബി സത്യന്‍, മുരളീകൃഷ്ണന്‍, ആശിഷ് അബ്രഹാം, കെ വി ജെ ആശാരി, പി വിശ്വനാഥന്‍, മനോജ് മേനോന്‍, സുമേഷ്, ഉഴവൂര്‍ ശശി, മണിരാജ്, നാരായണന്‍ കുട്ടി, എന്‍ ശ്രിജിത്, പി ഹരികുമാര്‍, നെല്ലുവായ്, രേഖ, സ്വപ്ന തുടങ്ങിയ കവികളുടെ സൃഷ്ടികള്‍ മെയിന്‍ സ്ട്രീമിലെ ഏത് കവികളുടെയും സൃഷടികള്‍ക്ക് ഒപ്പം വയ്ക്കാവുന്നതാണ്. അഴല്‍ നദികള്‍, പന്ത്രണ്ടു നിലകളുള്ള മരം, അമ്മ, പിഷാരടി മാഷിന്റെ ആസ്തി, വിളക്ക് അങ്ങനെ എത്രയെത്ര നക്ഷത്രങ്ങളാണ് നമ്മുടെ ആകാശത്തില്‍ ശോഭ ചോരിഞ്ഞു നില്ക്കുന്നത്.

മെറ്റാ മോഡേണിസം: (Metamodernism)

മോഡേണിസത്തിനും പോസ്റ്റ് മോഡേണിത്തിനുമിടയിലുള്ള മാദ്ധ്യസ്ഥതയാണ് മെറ്റാ മോഡേണിസം. ഇതൊരു ഇടതുപക്ഷ പ്രസ്ഥാനമാണ്. മോഡേണിസത്തിന്റെയും പോസ്റ്റ് മോഡേണിസത്തിന്റെയും നല്ല ഘടകങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതിവൈയക്തികത, ബൃഹത് ആഖ്യാനങ്ങളോടുള്ള എതിര്‍പ്പ് തുടങ്ങിയ ശാഠ്യങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. മോഡേണിസത്തിന്റെയും പോസ്റ്റ് മോഡേണിസത്തിന്റെയും രൂപപരമായ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നു.മെയിന്‍ സ്ട്രീമിലെ നമ്മുടെ കവികള്‍ പലരും അപ്രഖ്യാപിത മെറ്റാമോഡേണിസ്റ്റുകളാണ്.

പ്രതികവിത:

നിക്കാനോര്‍ പാര്‍റ മുന്നോട്ടുവെച്ച കണ്‍സപ്റ്റ് ആണിത്. നെരൂദ, ഒക്ടേവിയോ പാസ് തുടങ്ങിയ കവികളുടെ കാവ്യശൈലിക്കെതിരായ ഒരു responലെ.’മെറ്റഫോറിക് ലിറിസിസം’ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കവിത ‘മെറ്റഫോറിക് ലിറിസിസ’മാവുന്നത് കോമാളിത്തമാണ്. തെലുങ്കു ഭാഷയിലെ നഗ്‌നകവിത പാര്‍റയുടെ പ്രതികവിതയുടെ നാട്ടുവഴിയാണ്. സിവിക് ചന്ദ്രന്റെ ‘റിപ്പബ്ലിക്’ പ്രതികവിതയുടെ മലയാളം പ്രതിനിധാനം. മലയാള കവിതയെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം ഇപ്പോഴും മെറ്റഫോറിക് ലിറിസിസം കൈവിട്ടില്ല എന്നാണ്. സൗന്ദര്യം കൈവിടുക മലയാളിക്ക് അത്ര എളുപ്പമാവില്ല.

കവിപ്പെരുപ്പം:

കേരളത്തിലിപ്പോള്‍ ആയിരത്തിലേറെ കവികളുണ്ടെന്നു പറയപ്പെടുന്നു. അവരില്‍ ഒട്ടു വളരെ കവികള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്നു്. മലയാള കവിത ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നതിന്റെ സാക്ഷ്യമാണ് ഈ കവിപ്പെരുപ്പം. രാഷ്ട്രീയം സര്‍ഗ്ഗാത്മകമാവുമ്പോള്‍, മുദ്രാവാക്യം പോലും കവിതയാവുമെന്ന് പറഞ്ഞു വെച്ചിട്ടുണ്ടെല്ലാ, ബി രാജീവന്‍.

(കടപ്പാട് – സഹജ ദ്വൈമാസിക, പ്രവാസി സാഹിത്യ കൂട്ടായ്മ പ്രസിദ്ധീകരണം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply