പുഴു : നായകനായ നീലകണ്ഠനില്‍ നിന്ന് വില്ലനായ നീലകണ്ഠനിലേക്കുള്ള മാറ്റമല്ല വിപ്ലവം

കേന്ദ്രകഥാപാത്രം അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സവര്‍ണ്ണന്‍ ആയിരിക്കണം, സവര്‍ണ്ണ പശ്ചാത്തലം ആയിരിക്കണം, അതിലൂടെ കഥ പറഞ്ഞു പോകണം എന്നുള്ളതോക്കെ ഇക്കാലമത്രയും മലയാള സിനിമ സ്വീകരിച്ചിട്ടുള്ള, തുടരുന്ന പവിത്രത ബോധമാണ്. അതുകൊണ്ടുതന്നെ ഇത്തരം പവിത്രത ബോധങ്ങള്‍ക്ക് പുഴു എവിടെയും വെല്ലുവിളി ഉയര്‍ത്തുന്നതായി കണ്ടെത്താന്‍ കഴിയില്ല.

ഹര്‍ഷാദിന്റെ കഥയില്‍ രത്തീന സംവിധാനം ചെയ്ത പുഴു മലയാള സിനിമയില്‍ ഘടനാപരമായ എന്തോ മാറ്റം കൊണ്ടുവന്നുവെന്നുവെന്നുള്ള ആര്‍പ്പുവിളി കേട്ടാണ് Sony liv ല്‍ പുഴുവിനെ കണ്ടത്. ശരാശരി എന്റര്‍ടെയ്ന്‍മെന്റ് നല്‍കുന്ന (കണ്ടിരിക്കാവുന്ന) സിനിമയാണ്. എന്നാല്‍ പുട്ടിന് പീര ഇടുന്ന പോലെ പോലെ ഇടയ്ക്കിടെയുള്ള രാഷ്ട്രീയ സ്റ്റേറ്റ് മെന്റുകള്‍ പരമബോറായി തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല.

സാധാരണക്കാരന്റെ ബോധനിലവാരം മാറിത്തുടങ്ങിയെന്നും, ഇനി അവര്‍ക്ക് വേണ്ട പടങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ള സവിധായകര്‍ ആണ് വേണ്ടതെന്നും ചിലരൊക്കെ ഈയടുത്തു പറയുന്നത് കേട്ടു. പ്രേക്ഷകന്റെ ബോധനിലവാരത്തിനകത്ത് നിന്നുകൊണ്ടുള്ള പടങ്ങളാണ് എടുക്കേണ്ടതെന്നോ പ്രേക്ഷകനെ ബോധവല്‍ക്കരിക്കേണ്ട പടങ്ങളാണ് എടുക്കേണ്ടതെന്നോ ഒക്കെയുള്ള യുക്തിയാണ് മലയാള സിനിമയില്‍ ‘പണ്ഡിതര്‍’ പണ്ട് മുതലേ പറഞ്ഞു കേട്ടിട്ടുള്ളത്.

നായകനായ നീലകണ്ഠന്മാരില്‍നിന്ന് നിന്നും വില്ലനായ നീലകണ്ഠന്മാരിലേക്ക് (കുട്ടനിലേക്ക് ) എത്തുമ്പോള്‍ മലയാള സിനിമയില്‍ പുഴു മുമ്പെങ്ങുമില്ലാത്ത എന്തോ വിപ്‌ളവം നടക്കുന്നു എന്ന പ്രതീതി ജനിപ്പിക്കപ്പെടുകയാണ്. ദളിതര്‍ എന്നാല്‍ കമ്മട്ടിപ്പാടം ആണെന്ന സവര്‍ണ സൗന്ദര്യശാസ്ത്ര ബോധമോ അല്ലെങ്കില്‍ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന രണ്ടാം കെട്ടുകാരന്‍ (പ്രണയവിവാഹം ആയാലും) ബ്രഹ്മജ്ഞാനി അല്ലെങ്കിലും മിനിമം കലാകാരന്‍ എങ്കിലും ആയിരിക്കണമെന്ന ‘ആധുനിക’ ബോധമോ ആണ് ദളിത കഥാപാത്ര സൃഷ്ടിയെ നോക്കിക്കാണുന്നത്. ‘അരിക് വല്‍ക്കരിക്കപ്പെട്ട’ കുട്ടപ്പന്‍ എന്ന സാമൂഹ്യ ബിംബത്തിന് ചില രാഷ്ട്രീയ സ്റ്റേറ്റ് മെന്റന്റുകള്‍ ഏച്ചുകെട്ടി പ്രതിഷ്ഠിക്കുകയും സ്വതന്ത്രമായ വൈജ്ഞാനിക മണ്ഡലത്തെയും ദളിത് കര്‍തൃത്വത്തെയും നിഷേധിക്കുകയുമാണ് ഈ സിനിമ ചെയ്യുന്നത്. അവാര്‍ഡ് കിട്ടിയതിന്റെ ആഘോഷം പോലും വീട്ടിനകത്ത് ഒതുക്കിക്കളഞ്ഞ സൂക്ഷ്മത പോലും അദ്ദേഹത്തിന്റെ സാംസ്‌കാരികമായ അടയാളപ്പെടുത്തലുകളെയും കര്‍തൃത്വത്തെയും നിഷേധിക്കലായി മാറുന്നുണ്ട്. അതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒരു കാര്യം നെഗറ്റീവ് ആയ കേന്ദ്ര കഥാപാത്രത്തിന് സിനിമയിലുടനീളം നല്‍കിയ സംഭാഷണങ്ങളും സീനുകളുമുള്‍പ്പെടെ കുട്ടപ്പനെന്ന ദളിതനെ അപ്രസക്തമാക്കുകയുമാണ് ആത്യന്തികമായി സിനിമയില്‍ പരിണമിക്കുന്നത് എന്നുകൂടികാണാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേന്ദ്രകഥാപാത്രം അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും സവര്‍ണ്ണന്‍ ആയിരിക്കണം, സവര്‍ണ്ണ പശ്ചാത്തലം ആയിരിക്കണം, അതിലൂടെ കഥ പറഞ്ഞു പോകണം എന്നുള്ളതോക്കെ ഇക്കാലമത്രയും മലയാള സിനിമ സ്വീകരിച്ചിട്ടുള്ള, തുടരുന്ന പവിത്രത ബോധമാണ്. അതുകൊണ്ടുതന്നെ ഇത്തരം പവിത്രത ബോധങ്ങള്‍ക്ക് പുഴു എവിടെയും വെല്ലുവിളി ഉയര്‍ത്തുന്നതായി കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ പുഴു സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ അഭിസംബോധന ചെയ്യുന്നില്ലെന്നോ, അതെടുത്ത ജാതി എന്ന മുഖ്യപ്രമേയത്തോട് സിനിമ ഒരര്‍ത്ഥത്തിലും നീതി പുലര്‍ത്തുന്നില്ല എന്ന് പറയുക സാധ്യമല്ല. ബ്രാഹ്മണ സ്ത്രീക്ക് ദളിതനാല്‍ കുട്ടി പിറക്കാന്‍ പോകുന്നു എന്നറിയുന്ന നിമിഷം കുട്ടന്‍ എന്ന അവളുടെ സഹോദരന്‍ അവരുടെ രണ്ടു പേരുടെയും തലക്കടിച്ചു കൊല്ലുന്നുണ്ട്. ജാതി കൊല എന്ന സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അവിടെ നടന്നത്. ‘നമുക്ക് ജാതിയില്ല’ എന്ന് പറയുന്ന ബ്രാഹ്മണ്യ ബോധത്തിന് ഏറ്റ അടിയാണ് സിനിമയിലെ ആ രംഗം. മുന്നറിയിപ്പ് എന്ന തന്റെ സിനിമയില്‍ വേണുവും മമ്മൂട്ടിയെ കൊണ്ട് അപ്രതീക്ഷിതമായ അടി അടുപ്പിക്കുന്നുണ്ട്. രണ്ടടിയും വ്യത്യസ്തമാണെങ്കിലും അടിയുടെ കാഠിന്യം അത്രയേറെ ശക്തമാണ്. പുഴു നല്ല സിനിമയല്ലാതെയാകാന്‍ ചിലര്‍ക്ക് ഇതൊരു കാരണവുമാണ്.

കുട്ടനെന്ന നികൃഷ്ടമായ കഥാപാത്ര രൂപീകരണത്തിലൂടെ ജാതി ഹിംസയേയും അതിനോടുള്ള വിയോജനമാണ് സിനിമ മുന്നോട്ടുവെക്കുന്നതെങ്കിലും ഇന്നലെവരെയുള്ള നിലപാടുകള്‍ മാറ്റിയാല്‍ അയാള്‍ക്ക് ( കുട്ടന് ) നല്ലത് എന്ന് കുട്ടപ്പനേക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ സ്ഥാനത്ത് റോബോട്ടുകള്‍ വന്നാലും ജാതി മാറില്ല എന്ന് കുട്ടപ്പന്‍ പറയുമ്പോള്‍ ജാതി എന്തോ ചലനമറ്റ വ്യവസ്ഥയാണെന്നും ഒരു തരിമ്പു പോലും പരിഷ്‌കരിക്കപ്പെടാത്ത ഒന്നാണെന്നുമുള്ള (ഭൂതകാലം), പുറത്തുനിന്നുള്ള അവതരണമാണ്. ജാതി നിരന്തരം ഇടപെട്ട് മാറേണ്ട, മാറ്റേണ്ട ഒന്നാണെന്നും, കുട്ടനെപ്പോലുള്ളവരുടെ ജാതി ഘടന വാദം അവസാനിപ്പിക്കേണ്ടത് വ്യക്തിപരമായി അയാള്‍ മാത്രം മാറെണ്ട പ്രശ്‌നമല്ല അതെന്നും. ദളിത് സമുദായ മുന്നണി നേതാവ് സണ്ണി എം കപിക്കാട് മുമ്പ് പറഞ്ഞത് പോലെ ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണെന്നും സമൂഹം ജനാധിപത്യ വല്‍ക്കരിച്ചുകൊണ്ട് പരിഹരിക്കേണ്ടതാണെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുന്നുണ്ടോ എന്നതും ഇവിടെ പ്രസക്തമാണ്. അതിനുപകരം ഒരു പുഴുവിനെ കൊല്ലുന്നതിലൂടെ പരിഹരിക്കേണ്ട കേവലമായൊരു പ്രശ്നവുമല്ല ജാതി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുട്ടനിലെ ടോക്ക്‌സിക്കായ കഥാപാത്രത്തിലൂടെ ജാതി ഘടനയെ അവതരിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പരിമിതികള്‍ സിനിമയിലുടനീളം വ്യക്തമാക്കപ്പെടുന്നുണ്ട്. മകനിലെ ജാതിഭീകരനെ കാണിക്കാന്‍ അമ്മയുടെ ജാതിക്കതീതമായ ഭാവത്തെ (മാതൃ) പ്രകടിപ്പിക്കേണ്ട ആവശ്യകതയുണ്ടായിരുന്നോ എന്നതും സ്വാഭാവികമായ സംശയങ്ങളുമായി ബാക്കിനില്‍ക്കും. സ്ത്രീയായതുകൊണ്ടോ അമ്മയായതുകൊണ്ടോ ജാതിബോധം നിലനില്‍ക്കാതിരിക്കുന്നില്ല. ക്ലൈമാക്‌സിലേക്ക് വരുമ്പോള്‍ പുഴുവിനെ കൊല്ലാന്‍ മുസ്ലീം അവതാരത്തെ ഏല്‍പ്പിക്കുന്ന ‘രാഷ്ട്രീയത’ കര്‍ത്തൃത്വത്തെ സംബന്ധിച്ച അബദ്ധജഡിലമായ ധാരണക്കകത്തുനിന്നും രൂപംകൊണ്ടതാണെന്ന് പറയാതെ വയ്യ. ഇത്തരം ‘രാഷ്ടീയതയെ’ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ വരെ ഇസ്ലാമോഫോബിയ എന്നു ആക്ഷേപം ഉന്നയിക്കുമ്പോള്‍ സഹതപിക്കുകയല്ലാതെ മറ്റെന്തു പറയാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply