രാഷ്ട്രീയ – മാധ്യമപ്രവര്‍ത്തകര്‍ മുഖാമുഖം തന്നെയാണ് നില്‍ക്കേണ്ടത്.

അടുത്തദിവസം പുറത്തുവന്ന ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍ (150), അഫ്ഗാനിസ്ഥാന്‍ (152), ശ്രീലങ്ക (135), നേപ്പാള്‍ (95) എന്നിവയ്ക്ക് താഴെ 180ല്‍ 161 ആണ് ഇന്ത്യയുടെ സ്ഥാനം.. ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യ 11 സ്ഥാനം താഴേക്കുപോകുകയാണുണ്ടായത്. സംഘപരിവാര്‍ ഭരണം മുന്നോട്ടുപോകുംതോറും നമ്മുടെ സ്ഥാനം കൂടുതല്‍ കൂടുതല്‍ താഴേക്കുപോകുമെന്നുറപ്പ്. നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. ഇപ്പോള്‍ കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ. രസകരമായ ഒരു കാര്യം ഇടതുപക്ഷമെന്നൊക്കെ അവകാശപ്പെടുന്ന വിയറ്റ്‌നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളിലാണെന്നാണ്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളേയും വിവാദങ്ങളേയും നോക്കികാണാന്‍. മാധ്യമങ്ങള്‍ക്കെതിരെ സംഘടിതമായ ഒരു യുദ്ധം തന്നെയാണ് സിപിഎം നേതൃത്വത്തില്‍ നടക്കുന്നത്. തീര്‍ച്ചയായും ഒരാള്‍ക്കെതിരെ ഗൂഢാലോചന നടത്തി അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്ന അവരുന്നയിക്കുന്ന ആരോപണം ശരിയാണെങ്കില്‍ ഇത്തരമൊരു അക്രമണത്തിനു പ്രസക്തിയുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചത്? ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ നടത്തിയത് മഹാരാജാസ് കോളേജില്‍ നിന്നുള്ള ലൈവ് റിപ്പോര്‍ട്ടായിരുന്നു. വിവാദമായ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിഷയം റിപ്പോര്‍ട്ട് ചെയ്യാനല്ല അഖില അവിടെ പോയത് മറിച്ച് വിദ്യയുടെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിഷയവുമായി ബന്ധപ്പെട്ടാണ്. അതിനിടയില്‍ ഒരു കെ എസ് യു പ്രവര്‍ത്തകനാണ് ആര്‍ഷോക്കെതിരെ ആരോപണം ഉന്നയിച്ചത്. അത് ഒരു ആരോപണമായി തന്നെയാണ് അഖില റിപ്പോര്‍ട്ട് ചെയ്തത്. പ്രിന്‍സിപ്പാള്‍ പറഞ്ഞതും റി്‌പ്പോര്‍ട്ട്‌ ചെയ്തു. അതിനെയാണ് ഗൂഢാലോചനയെന്ന് ആരോപിച്ച് കേസെടുത്തത് ഇതുതന്നെയാണല്ലോ യു പി സര്‍ക്കാര്‍ സിദ്ദിക് കാപ്പനെതിരേയും ചെയ്തത്. കഴിഞ്ഞില്ല, വാര്‍ത്ത വായിച്ചവര്‍ക്കും പിന്‍വാതില്‍ നിയമനം പുറത്തുകൊണ്ടുവന്നവര്‍ക്കുമെതിരെ നടപടി വരുമെന്ന സൂചനയുമുണ്ട്. ഹര്‍ത്താല്‍ ദിവസം ആശുപത്രിയില്‍ പോയിരുന്ന കുടുംബത്തെ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട്് സി ഐ ടി യു നേതാവ് എളമരം കരിമിന്റെ കുടുംബത്തോടാണ് ഇതു ചെയ്തതെങ്കിലോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ പേരിലും കേസെടുത്തിരുന്നല്ലോ. അതേസമയം ടി പി ചന്ദ്രശേഖരനെ കൊന്നതിനു ശേഷം കൊലയാളികല്‍ പോയ കാര്‍ മുസ്ലിം തീവ്രവാദികളുടേതാണെന്ന രീതിയില്‍ വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല എന്നോര്‍ക്കണം.

ഒരു ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യഘടകങ്ങളാണ് അല്ലെങ്കില്‍ ആകേണ്ടതാണ് രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും. തീര്‍ച്ചയായും ഇവര്‍ തന്നില്‍ സ്‌നേഹത്തോടെയുള്ള ഒരു ബന്ധം ഉണ്ടാകാനിടയില്ല. അവര്‍ മുഖാമുഖം തന്നെയാണ് നില്‍ക്കേണ്ടത്. കാരണം ജനാധിപത്യത്തെ മുന്നോട്ടു നയിക്കുന്നത്, നയിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ ആ പ്രക്രിയയെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശനവിധേയമാക്കുക.യും ജനങ്ങളെ അരിയിക്കുകയും ചെയ്യേണ്ടത് മാധ്യമങ്ങളാണ്. അതിനാല്‍ ഇവര്‍ക്കിടയില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും മാധ്യമങ്ങളും തമ്മില്‍. ഇക്കാരണം കൊണ്ടാണല്ലോ ഭരണകൂടത്തിന്റെ ഭാഗമല്ലെങ്കില്‍ കൂടി മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ നാലാം തൂണ്‍, ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പേരുവീണതുതന്നെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരസ്പരം കാത്തുസൂക്ഷിച്ചിരുന്ന ബഹുമാനത്തിന്റെ കാലമൊക്കെ അസ്തമിച്ചിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്റേതായ പക്ഷം പിടിക്കാതെ, അതേ സമയം രാഷ്ട്രീയപക്ഷം പിടിച്ച്, ഭരണകൂടത്തിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നിരന്തരവിമര്‍ശനമുന്നയിക്കുക എന്നതിനു പകരം പലപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റേയും മറ്റു പല ഘടകങ്ങളുടേയും നിയന്ത്രണത്തിലാണ് ഇന്ന് മാധ്യമങ്ങള്‍. അവ മിക്കതും കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലുമാണ്. പലതും ഭരണകൂടത്തിന്റെ മെഗാഫോണുകളുമാണ്. മാത്രമല്ല ഇന്നവ വാര്‍ത്തകള്‍ വിപണനം ചെയ്യുന്ന വാണിജ്യസ്ഥാപനങ്ങള്‍ മാത്രമാണ്. സ്വാഭാവികമായും മറ്റേതൊരു വാണിജ്യസ്ഥാപനവും പോലെ മാധ്യമങ്ങളും ജനങ്ങള്‍ക്കു താല്‍പ്പര്യമുള്ള വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കും. അതിനായി ഇപ്പോള്‍ ചെയ്തപോലെ മാധ്യമനൈതികതക്കു യോജിക്കാത്ത രീതിയില്‍ വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കും. ജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അവ ഉപേക്ഷിക്കും. മറുവശത്ത് രാഷ്ട്രീയപ്രസ്ഥാനങ്ങളാകട്ടെ അനുദിനം ജനാധിപത്യവിരുദ്ധരായി മാറുകയാണ്. വിമര്‍ശനങ്ങളെ രാഷ്ട്രീയമായി നേരിടാതെ കായികമായും നിയമപരമായും നേരിടുന്ന അവസ്ഥയിലേക്ക് അവ മാറിയിരിക്കുന്നു. മാധ്യമങ്ങളായിരിക്കുന്നു അവരുടെ മുഖ്യശത്രു. ഭരണകൂടങ്ങള്‍ക്ക് കയ്യടിച്ച് പട്ടും വളയും വാങ്ങലല്ല, തെറ്റായ നയങ്ങളെ നിരന്തരമായി വീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുകയാണ്് മാധ്യമങ്ങളുടെ ഉത്തരവാദിത്തമെന്നത് അവര്‍ മറക്കുന്നു. അതിനാല്‍ തന്നെ അവയുടെ വായടപ്പിക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നു. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വാ മൂടുക എന്നത് ജനങ്ങളുടെ വാ മൂടുന്നതിനു തുല്ല്യമാണ്. മാധ്യമസ്വാതന്ത്ര്യം നിഷേധി്ക്കുക എന്നാല്‍ ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലാണല്ലോ. അടിയന്തരാവസ്ഥകാലത്ത് അതിന്റെ ഭീകരത രാജ്യം കണ്ടതാണ്.

വാസ്തവത്തില്‍ മീഡിയ എന്ന പദത്തിനു മാധ്യമം എന്നതിനൊപ്പം മറ്റൊരര്‍ത്ഥം കൂടിയുണ്ട്. മീഡിയേറ്റര്‍ അഥവാ ഇടനിലക്കാരന്‍. ജനങ്ങള്‍ക്കും അധികാരസ്ഥാപനങ്ങള്‍ക്കുമിടയില്‍ ഒരു ഇടനിലക്കാരന്‍. ജനങ്ങളുടെ ശബ്ദം അധികാരകേന്ദ്രങ്ങളില്‍ എത്തിക്കുന്നവരാകണം മാധ്യമങ്ങള്‍. അവര്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണം. തിരിച്ച് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടകളും ജനങ്ങളെ അറിയിക്കുകയും വേണം. അവ എല്ലാ മാധ്യമങ്ങളും നിര്‍വ്വഹിക്കുന്നില്ല എന്നതു ശരി. ഏതു മേഖലയിലേയും ജീര്‍ണ്ണത ഈ മേഖലയിലുമുണ്ട്. അതുപക്ഷെ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നതിനു കാരണമല്ലല്ലോ. വാസ്തവത്തില്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചൊന്നും പറയുന്നില്ല. പൗരന്മാരുടെ സ്പീച്ച് ആന്റ് എക്‌സ്പ്രഷന്‍ ഫ്രീഡം എന്നാണ് പറയുന്നത്. അതിന്റെ സ്വാഭാവികമായ എകസ്‌ടെന്‍ഷനാണ് മാധ്യമസ്വാതന്ത്ര്യവും. അടിയന്തരാവസ്ഥ കാലത്ത് മാധ്യമസ്വാതന്ത്ര്യം വീണ്ടെടുത്തു കൊടുത്തത് ജനങ്ങളായിരുന്നല്ലോ.

തീര്‍ച്ചയായും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് തുല്ല്യരല്ല മാധ്യമപ്രവര്‍ത്തകര്‍. കള്ളനാണയങ്ങള്‍ നിരവധിയുണ്ടെങ്കിലും രാഷ്ട്രീയപ്രവര്‍ത്തകര്‍ എപ്പോഴും ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. ചുരുങ്ങിയ പക്ഷം അഞ്ചുവര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വോട്ടിനായി ജനങ്ങളെ സമീപിക്കണമല്ലോ. മാധ്യമപ്രവര്‍ത്തകരാകട്ടെ ഭൂരിപക്ഷം ജനങ്ങളേയും പോലെ വേതനം വാങ്ങി ജോലി ചെയ്യുന്നവരാണ്. സത്യത്തിലവരെ വിളിക്കേണ്ടത് മാധ്യമജീവനക്കാരെന്നാണ്, മാധ്യമപ്രവര്‍ത്തകര്‍ എന്നല്ല. സ്വകാര്യമേഖലയിലെ ഏതു ജീവനക്കാരേയും പോലെയാണ് അവരും. തൊഴില്‍ ചെയ്യാനുള്ള അവകാശം അവര്‍ക്കുമുണ്ട്. അതു നിഷേധിക്കുന്നത് ്ംഗീകരിക്കാനാവില്ല. മാധ്യമങ്ങള്‍ പറയുന്നതുകേട്ട് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണ് ജനങ്ങള്‍ എന്ന ധാരണ തന്നെ തെറ്റാണ്. എങ്കില്‍ മിക്കവാറും എല്ലാ മാധ്യമങ്ങളും തങ്ങള്‍ക്കെതിരാണെന്നു ആരോപിക്കുന്ന സിപിഎം തകരുന്നുണ്ടോ? മറുവശത്ത് ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിന്റെ പത്രവും ചാനലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു വരുമായിരുന്നില്ലേ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും ജനാധിപത്യത്തിന്റെ എല്ലാ തൂണുകള്‍ക്കുമുണ്ടായിട്ടുള്ള അപചയം മാധ്യമങ്ങളേയും ബാധിക്കുല്ലോ. ഇന്നവയെ നാലാം തൂണെന്നു വിശേഷിപ്പിക്കുന്നതുപോലും അര്‍ത്ഥശൂന്യമാണ്. മുകളില്‍ സൂചിപ്പിച്ചപോലെ ഇന്ന് മാധ്യമങ്ങള്‍ കൃത്യമായും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളാണ്. അതും മിക്കവയും വന്‍കിടക്കാരുടെ നിയന്ത്രണത്തില്‍. അവരുടെ ഉല്‍പ്പന്നമാണ് വാര്‍ത്തകള്‍. ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള രീതിയിലുള്ള വാര്‍ത്തകള്‍ അവരുല്‍പ്പാദിപ്പിക്കും. ഏതു ഭരണമായാലും സര്‍ക്കാരിനും അതിനെ പിന്തുണക്കുന്നവര്‍ക്കുമെതിരായ വാര്‍ത്തകളാണ് ജനം കൂടുതല്‍ കാണുന്നതെന്ന് എത്രയോ പഠനങ്ങള്‍ വന്നിട്ടുണ്ട്. സോളാര്‍ സമയത്ത് സരിതയുടെ പുറകിലും പിന്നീട് സ്വപ്നയുടെ പുറകിലും മാധ്യമങ്ങള്‍ പായാന്‍ കാരണം ജനം അതു കാണാനിഷ്ടപ്പെടുന്നു എന്നതുതന്നെ. അതുചെയ്യാതിരിക്കാമല്ലോ എന്നു ചോദിക്കാം. എന്നാല്‍ വാണിജ്യരംഗത്തെ മത്സരത്തില്‍ അതേ കഴിയൂ.അല്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരും. അതേസമയം മത്സരം മൂലം ഒരുവാര്‍ത്തയും ജനങ്ങളില്‍ നിന്ന് മാറച്ചുവെക്കാനാകാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്. Of course, the deterioration of all the pillars of democracy affects the media as well. Even calling them the fourth pillar is meaningless. But that is no justification for denying freedom of the press

തീര്‍ച്ചയായും ലോകതലത്തില്‍ തന്നെ മാധ്യമസ്വാതന്ത്ര്യം അഗീകരിക്കുന്നതില്‍ ഇടതുപക്ഷം പുറകില്‍ തന്നെയാണെന്നതില്‍ സംശയമില്ല. ആരംഭത്തില്‍ സൂചിപ്പിച്ച കണക്കു മാത്രമല്ല അതിനു തെളിവ്. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഒരു രാജ്യത്തും മാധ്യമസ്വാതന്ത്ര്യം എന്തിന് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിലവിലുണ്ടായിരുന്നില്ല. പകരം സര്‍ക്കാര്‍ മാധ്യമങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടനുസരിച്ച് അതങ്ങനെ വരാതെ സാധ്യമല്ല. ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടും കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ടും മാത്രമാണ് ഇടതുപക്ഷം മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നു പറയുന്നത് എന്നതു കൂടി ഈ സംഭവവികാസങ്ങളുമായി കൂട്ടിവായിക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply