ഭയപ്പെടണം കേരളത്തിന്റെ സാംസ്‌കാരിക പരിസരത്തെ

അധികാരം കൈപിടിയിലൊതുക്കാന്‍ ബിജെപി കണ്ടെത്തിയ പ്രതീകം രാമനായതില്‍ അത്ഭുതപ്പെടാനില്ല. രാമായണം മാത്രമല്ല, ഒരിക്കലും ഇത്തരമൊരുവസ്ഥ പ്രതീക്ഷിക്കാതിരുന്ന ഗാന്ധിയുടെ രാമരാജ്യ സങ്കല്‍പ്പവും അവര്‍ക്ക് ഉപയോഗിക്കാനായി. അതിനെ പ്രതിരോധിക്കാന്‍ രാമനും രാമായണത്തിനും പല വ്യാഖ്യാനങ്ങളുണ്ടെന്നും പുരോഗമന രാമനെ സ്വീകരിക്കാമെന്നുമുള്ള നിലപാട് കൊണ്ടു സാധ്യമാകില്ല. അത്തരമൊരു പ്രചാരണമാണ് പല പ്രഭാഷകരും ഇപ്പോള്‍ നടത്തുന്നത്.

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഏറെ ആശ്വാസത്തിലാണ് തങ്ങളെന്നാണ് കേരളത്തിലെ വലിയൊരു വിഭാഗം മതേതര – ജനാധിപത്യവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവര്‍. രണ്ടു കാരണങ്ങളാണ് അതിനായി ചൂണ്ടികാട്ടപ്പെടുന്നത്. ഒന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ഏറെക്കുറെ തൂത്തെറിയപ്പെടുന്നു എന്നത്. രണ്ടാമത് ഏറെകാലമായി നാം കേള്‍ക്കുന്നതുതന്നെ. കേരളത്തില്‍ നിന്ന് ബിജെപി സീറ്റൊന്നും നേടാന്‍ പോകുന്നില്ല എന്ന വിശ്വാസം. നിയമസഭയിലും പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലും ബിജെപി സീറ്റുകള്‍ നേടിയിട്ടുണ്ടെങ്കിലും അതു ഗൗരവമായി കാണാത്ത വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നതാണ് വാസ്തവം.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഗണനീയമായ സീറ്റുകള്‍ നേടാനുള്ള അവസ്ഥയിലേക്ക് കേരളത്തില്‍ ബിജെപി എത്തിയിട്ടില്ല എന്നത് ശരിയാകാം. പക്ഷെ അതിനുള്ള കാരണം ബിജെപിക്ക് അതിനുള്ള ശക്തിയില്ലാത്തതല്ല. സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാര്‍ട്ടി അവരാണ്. അവരേക്കാള്‍ ചെറിയ പാര്‍ട്ടികള്‍ക്ക് എത്രയോ സീറ്റുകള്‍ ലഭിക്കുന്നു. സംസ്ഥാനത്ത് ഏറെകാലമായി നിലനില്‍ക്കുന്ന, ഏറെക്കുറെ തുല്ല്യശക്തിയായ ഇരു മുന്നണി സംവിധാനത്തിന്റെ സവിശേഷത മൂലമാണ് ബിജെപിക്ക് സീറ്റുകള്‍ ലഭിക്കാത്തത് എന്നത് ആര്‍ക്കുമറിയാവുന്ന യാഥാര്‍ത്ഥ്യം. അതൊക്കെ മാറിമാറിയാന്‍ അധികകാലമൊന്നും വേണ്ട.

ഇതുമായി ബന്ധപ്പെട്ട വളരെ ഗൗരവത്തോടെ കാണേണ്ടതായ വിഷയത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ പറയാന്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായി കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും അവരുന്നയിക്കുന്ന രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് അനിവാര്യമായ സാംസ്‌കാരിക പരിസരം സൃഷ്ടിക്കാനായിട്ടുണ്ട്. അക്കാര്യത്തില്‍ രാജ്യത്തിന്റെ പല സംസ്ഥാനത്തേക്കാളും മുന്നിലാണ് നമ്മള്‍ എന്നതാണ് വസ്തുത. ഈ സാംസ്‌കാരിക പരിസരം രാഷ്ട്രീയപരിസരമായി മാറാന്‍ വലിയ സമയമൊന്നും വേണ്ട. ഉത്തരേന്ത്യയിലെമ്പാടും ബിജെപി അധികാരത്തിലെത്തിയത് ആരംഭത്തില്‍ അത്തരമൊരു സാംസ്‌കാരിക പരിസരമൊരുക്കിയാണ്. ആരംഭത്തില്‍ മാത്രമല്ല, ഇപ്പോഴും അവര്‍ അക്കാര്യത്തില്‍ ശ്രദ്ധാലുക്കാളാണ്. എന്നാലിവിടത്തെ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ അത്തരമൊരു പരിസരത്തിനു ബദല്‍ പരിസരമൊരുക്കാന്‍ ശ്രമിക്കുകയല്ല, അറിഞ്ഞോ അറിയാതേയോ അതിനെ തങ്ങള്‍ക്കനനുകൂലമാക്കാമെന്നു വ്യാമോഹിക്കുകയാണ്.

എന്താണ് ബിജെപി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക പരിസരം? ഉത്തരം വളരെ വ്യക്തം. മനുസമൃതി മൂല്യങ്ങള്‍ തന്നെ. സമൂഹത്തെ ജാതീയമായി വിഭജിച്ച് ഒരു ചെറിയ വിഭാഗം അധികാരവും സമ്പത്തും കയ്യടക്കുകയും ഭൂരിഭാഗവും അടിമസമാനമായി ജീവിക്കുകയും ചെയ്യുക മാത്രമല്ല, അത് മുജ്ജന്മപ്രവര്‍ത്തികളുടെ തുടര്‍ച്ചയാണെന്നു വിശ്വസിപ്പിക്കുക, ഇരകളെ കൊണ്ടുപോലും വേട്ടക്കാരെ അംഗീകരിപ്പിക്കുക, സ്ത്രീകളെ രണ്ടാംതര പൗരന്മാരാക്കി മാറ്റുക തുടങ്ങിയവയൊക്കെയാണ് അവര്‍ വിഭാവനം ചെയ്യുന്ന സാംസ്‌കാരിക പരിസരം. അതിനെല്ലാം അനുസൃതമായ സവര്‍ണ്ണ പുരുഷ ആള്‍രൂപമാണല്ലോ ശ്രീരാമന്‍. ശ്രീരാമനെന്ന കഥാപാത്രം സ്ത്രീയോടും കീഴാളനോടും എന്താണ് ചെയ്തതെന്നതിനു രാമായണകഥതന്നെ സാക്ഷി.

അധികാരം കൈപിടിയിലൊതുക്കാന്‍ ബിജെപി കണ്ടെത്തിയ പ്രതീകം രാമനായതില്‍ അത്ഭുതപ്പെടാനില്ല. രാമായണം മാത്രമല്ല, ഒരിക്കലും ഇത്തരമൊരുവസ്ഥ പ്രതീക്ഷിക്കാതിരുന്ന ഗാന്ധിയുടെ രാമരാജ്യ സങ്കല്‍പ്പവും അവര്‍ക്ക് ഉപയോഗിക്കാനായി. അങ്ങനെയാണ് അടിയന്തരാവസ്ഥക്കുശേഷം കിട്ടിയ അവസരം മുതലാക്കാനായി രാമന്‍ ഭംഗിയായി ഉപയോഗിക്കപ്പെട്ടത്. രാമായണം സീരിയലിലൂടെയായിരുന്നു തുടക്കം. പിന്നീട് ബാബറി മസ്ജിദ് – രാമജന്മഭൂമി പ്രശ്‌നമാണല്ലോ ഇന്നത്തെ അവസ്ഥയില്‍ അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ച ഏറ്റവും പ്രധാന ഘടകം. അതോടൊപ്പം എല്ലാ മുനുസ്മൃതി മൂല്യങ്ങളും കാലത്തിനനുസരിച്ച് ഉപയോഗിക്കാനവര്‍ ശ്രദ്ധിച്ചു. പശുവിന്റെ പേരിലുള്ള കൊലകള്‍ മുതല്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം ബ്രാഹ്മണരെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതും അവിടേക്ക് ആദിവാസിയും വിധവയുമായ രാഷ്ട്രപതിക്കുപോലും പ്രവേശനം നിഷേധിച്ചതുവരെ അതു നീളുന്നു. ഇത്തരമൊരു പരിസരത്തേക്ക് ജൂതരെ ചൂണ്ടികാട്ടി നാസിസത്തെ വളര്‍ത്തിയ ഹിറ്റ്‌ലറുടെ തന്ത്രത്തിനു സമാനമായി മുസ്ലിമുകളെ ശത്രുക്കളായി ചിത്രീകരിച്ച് നടപ്പാക്കിയ കലാപങ്ങള്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയാകുകയാിരുന്നു. ഇനിയും ആ ദിശയില്‍ തന്നെയാണ് സംഘപരിവാര്‍ മുന്നോട്ടുപോകാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അതിന്റെ ഭാഗമാണല്ലോ ലോകസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജനുവരിയില്‍ അയോദ്ധ്യയില്‍ പുതുതായി നിര്‍മ്മിക്കുന്ന രാമക്ഷേത്രം പ്രാര്‍ത്ഥനക്കായി തുറന്നു കൊടുക്കാനുള്ള നീക്കം. അതാകട്ടെ ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വര്‍ഷമടുക്കുമ്പോള്‍.

തീര്‍ച്ചയായും കേരളത്തെ കുറിച്ചുപറയുമ്പോള്‍ ഇതെല്ലാം എന്തിനു പറയുന്നു എന്നു ചോദിക്കാം. ലോകത്തു മാര്‍ക്‌സിസ്റ്റു ചിന്തകള്‍ അവശേഷിക്കുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്ന് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കേരളത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക അന്തരീക്ഷം ഭീദിതമാണ് എന്നതുതന്നെയാണ്. കഴിഞ്ഞ ദിവസം സ്വയം ജീവിതമവസാനിപ്പിച്ച എം കുഞ്ഞാമന്റെ ആത്മകഥയിലൂടെ യാത്ര ചെയ്താല്‍ മാത്രം മതി അത് ബോധ്യമാകാന്‍. ബാല്യകാലത്ത് അദ്ദേഹം നേരിട്ട പോലുള്ള അവഗണനയും അധിക്ഷേപങ്ങളും ഇന്നില്ലല്ലോ എന്നു ചോദിക്കാം. സാങ്കേതികാര്‍ത്ഥത്തില്‍ അതില്ലായിരിക്കാം. എന്നാല്‍ കാലത്തിനനുസരിച്ച് മാറികൊണ്ടിരിക്കുന്ന ഒന്നാണ് സവര്‍ണ പുരുഷ സംസ്‌കാരം അഥാവ മനുസ്മൃതി മൂല്യങ്ങള്‍ എന്നതാണ് വസ്തുത. മികച്ച അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായ കുഞ്ഞാമന്‍ എന്തുകൊണ്ട് ഒരു സര്‍വ്വകലാശാലയിലെ വിസിയോ പ്ലാനിംഗ് ബോര്‍ഡ് അധ്യക്ഷനോ ആയില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമെന്തായിരിക്കും? ജീവിതം മുഴുവന്‍ അദ്ദേഹം പോരാടുകയായിരുന്നു. അതുകൊണ്ടായിരിക്കാം ആത്മകഥക്ക് എതിര് എന്ന പേരു കൊടുക്കാന്‍ കാരണം. അദ്ദേഹത്തിന്റെ മരണശേഷം കേരളീയ സമൂഹം ഒരു പുനപരിശോധനക്കു തയ്യാറാകണമെന്നു പല ഇടതു സാംസ്‌കാരിക നായകരും പറയുന്നുണ്ട്. ഉണ്ടെങ്കില്‍ നന്ന്. ദളിത് എന്നാല്‍ ജാതിയാണെന്നു ധരിച്ച കാരശ്ശേരിമാഷെ പോലുള്ളവര്‍ കുഞ്ഞാമനെ ദളിത് ചിന്തകന്‍ എന്നു വിശേഷിപ്പിക്കരുത് എന്നു പറയുന്നതും കേട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്ത്, പ്രധാനപ്പെട്ട മന്ത്രിസ്ഥാനങ്ങളില്‍, സംവരണമില്ലാത്ത നിയമസഭാ – ലോകസഭാ സീറ്റുകളില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളില്‍ എല്ലാം ദളിതരും കീഴാളരുമൊക്കെ എത്രത്തോളമെത്തിയിട്ടുണ്ട്? സ്ത്രീകളുടെ അവസ്ഥയോ? സ്ത്രീധനത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ക്കുപോലും ആത്മഹത്യ ചെയ്യേണ്ടിവന്ന ഒന്നാണ് നവകേരളം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലുകളായ പ്രവാസത്തിലും എയ്ഡഡ് മേഖലകളിലും വാണിജ്യ വ്യവസായ മേഖലകളിലുമെല്ലാം ദളിതരുടെ പ്രാതിനിധ്യമെന്തുണ്ട്? ഓരോ ജാതിക്കും വ്യത്യസ്ഥമായ വിവാഹബ്യൂറോകളുള്ളതും വിവാഹപരസ്യങ്ങളില്‍ പട്ടിക ജാതിക്കാരൊഴികെയുള്ളവരപേക്ഷിച്ചാല്‍ മതിയെന്നു പറയുന്ന പുരോഗമനവാദികളുടെ നാടല്ലേ കേരളം? സീരിയല്‍ നടി ഗായത്രി പറഞ്ഞപോലെ എന്തുകൊണ്ട് എല്ലാ സീരിയലുകളും സവര്‍ണ്ണരുടേതാകുന്നു? ഒരുപാട് നവോത്ഥാന മുന്നേറ്റങ്ങളിലൂടെ കടന്നുപോയിട്ടും ഒരു മന്ത്രിക്കുപോലും അയിത്തം നേരിട്ട, ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയ നാടല്ലേ നമ്മുടേത്? ഇപ്പോഴും സര്‍ക്കാര്‍ വേതനം നല്‍കുന്ന ക്ഷേത്രങ്ങളിലെ ജോലികളില്‍ മലയാള ബ്രാഹ്മണ പുരുഷന്‍ വേണമെന്ന നിബന്ധനയല്ലേ നിലനില്‍ക്കുന്നത്? രാജ്യത്തെവിടേയുമില്ലാത്ത പോലം അഹിന്ദുക്കള്‍ക്ക് ഇപ്പോഴും ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷിധമല്ലേ? ആരാധനാലയങ്ങളില്‍ സ്ത്രീകളും വിവേചനം നേരിടുന്നു. മറുവശത്ത് സവര്‍ണ്ണ സംവരണം ആദ്യം നടപ്പാക്കുകയും ജാതി സെന്‍സസിനോട് മുഖം തിരിക്കുകയും ചെയ്യുന്നതും എന്തിന്റെ സൂചനയാണ്?

ഈ പട്ടികക്ക് അവസാനം കാണാന്‍ എളുപ്പമല്ല. പലപ്പോഴും ചര്‍ച്ചചെയ്തപോലെ നവോത്ഥാന പ്രസ്ഥാനം കൊണ്ടുവന്ന മൂല്യങ്ങള്‍ സ്വാതന്ത്ര്യാനന്തരം ഉപേക്ഷിക്കപ്പെട്ടതാണ് മനുസ്മൃതി മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിനു കാരണം. അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്നു സുരേഷ് ഗോപിക്ക് പറയാനുള്ള ധൈര്യം കൊടുത്തത് ഈ പരിസരമാണ്. അക്കാര്യത്തില്‍ നാം നിരന്തരമായി അധിക്ഷേപിക്കുന്ന യുപിയെ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നു വലിയ അന്തരമൊന്നും നമുക്കില്ല. തുടക്കത്തില്‍ പറഞ്ഞപോലെ ഇവിടത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ട് അധികാരത്തിലെത്താന്‍ ഇപ്പോള്‍ ആകുന്നില്ല എന്നു മാത്രം. ഏതു നിമിഷവും അത് സംഭവിക്കാനും മതി. അതിനെ പ്രതിരോധിക്കാന്‍ രാമനും രാമായണത്തിനും പല വ്യാഖ്യാനങ്ങളുണ്ടെന്നും പുരോഗമന രാമനെ സ്വീകരിക്കാമെന്നുമുള്ള നിലപാട് കൊണ്ടു സാധ്യമാകില്ല. അത്തരമൊരു പ്രചാരണമാണ് പല പ്രഭാഷകരും ഇപ്പോള്‍ നടത്തുന്നത്. അതില്‍ നിന്നു വ്യത്യസ്ഥമായി മനുസ്മൃതി മൂല്യങ്ങളെയും സംസ്‌കാരത്തേയും മുഖാമുഖം വെല്ലുവിളിക്കുന്ന സാംസ്‌കാരിക നിലപാടുകളാണ് കാലം ആവശ്യപ്പെടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇടക്കുവെച്ചു മുറിഞ്ഞുപോയ നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചെടുക്കണം. അതിലൂടെ മാത്രമേ സംഘപരിവാറിനു രാഷ്ട്രീയ അധികാരം നേടികൊടുക്കാവുന്ന രീതിയില്‍ കേരളത്തിലും വളരുന്ന മനുസ്മൃതി മൂല്യങ്ങള്‍ക്ക് തടയിടാനാവൂ, അല്ലാതെ പതിവു കക്ഷിരാഷ്ട്രീയ പ്രസംഗങ്ങളിലൂടെ സാധ്യമാകില്ല എന്നാണ് മതേതര ജനാധിപത്യ വാദികള്‍ തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply