കേരളത്തില്‍ പോലീസ് റിപ്പബ്ലിക്കോ?

ഭരണകൂടവും അതിന്റെ മര്‍ദ്ദക സംവിധാനങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഇത്ര ആത്മവിശ്വാസത്തോടെ ജനവിരുദ്ധമായൊരു കാലം കേരളത്തിന്റെ സമീപചരിത്രത്തിലില്ല. പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങളിലൂടെ നാം അല്പമായെങ്കിലും നേടിയെടുത്ത ജനാധിപത്യാവകാശങ്ങളുള്ള ഒരു സമൂഹത്തെയാണ് ദുരധികാരമൂര്‍ത്തികളായ ഈ ഭരണസംവിധാനം ഇല്ലാതാക്കുന്നത്

മന്ത്രിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ചുകൊണ്ട് കൊടുംകുറ്റവാളികളെപ്പോലെ നടത്തിച്ച പൊലീസ് നടപടി കേരളത്തിലെ സമാന്തര പൊലീസ് റിപ്പബ്ലിക്കില്‍ ഒട്ടും അസ്വാഭാവികമല്ല. എത്രയോ നാളുകളായി പൊതുജനവുമായുള്ള ഏതു ഇടപെടലുകളിലും പോലീസ് ഉപയോഗിക്കുന്ന അക്രമാസക്തമായ രീതിയും ആളുകളെ തെറി വിളിക്കലും മെക്കട്ട് കയറ്റവും അന്യായമായി അറസ്റ്റ് ചെയ്യലും കസ്റ്റഡി മര്‍ദ്ദനവും കസ്റ്റഡി കൊലപാതകങ്ങളുമൊക്കെ കേരളത്തില്‍ സ്വാഭാവികമായ സംഭവങ്ങളാക്കി മാറ്റിയിരിക്കുന്നു. പൊലീസിനെതിരായ എന്തെങ്കിലും പരാതികള്‍ക്കോ അവര്‍ നടത്തുന്ന പൗരാവകാശ ലംഘനങ്ങള്‍ക്കോ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു മറുപടിയും പറയാറുമില്ല. പോലീസ് എന്നത് ജനാധിപത്യപരമായ രാഷ്ട്രീയ,സാമൂഹ്യ നിയന്ത്രണങ്ങള്‍ സാധ്യമല്ലാത്ത ഒരു പ്രത്യേക സംവിധാനമാണെന്നും അവരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളെപ്പോലെ കാണരുതെന്നും അവര്‍ക്ക് സവിശേഷമായ അധികാരാവകാശങ്ങളുണ്ടെന്നും ഓരോ ദിവസവും സ്ഥാപിക്കപ്പെടുകയാണ്. സാധാരണ പൗരന്മാരെ പൊലീസ് തെറി വിളിക്കുന്നതൊക്കെ പരാതിക്ക് പോലും ഇടയില്ലാത്ത വിധം സ്വാഭാവികമാണ് കേരളത്തില്‍. അപമാനത്തിന്റെയും ആത്മനിന്ദയുടെയും ഈ ചവര്‍പ്പ് കുടിച്ചിറക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതയാക്കി നമ്മെ നിലനിര്‍ത്തുന്നത് എല്ലാ സര്‍ക്കാരുകളെയും പോലെ പിണറായി വിജയന്റെ സര്‍ക്കാരിന്റെയും ബോധപൂര്‍വ്വമായ രാഷ്ട്രീയ തീരുമാനമാണ്. പോലീസിന്റെ ജനാധിപത്യവത്ക്കരണം നടക്കുന്നില്ലെന്ന് മാത്രമല്ല കേരളത്തില്‍ പൊലീസ് രാജ് അതിന്റെ ഏറ്റവും ഭീഷണമായ രൂപത്തില്‍ വ്യവസ്ഥാപിതമായ സ്വഭാവങ്ങളാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു എന്നതുകൂടിയാണ് പിണറായി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്.

രാഷ്ട്രീയ സമരങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നവരെ കൊടും കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നത് പൊലീസിന്റെ മാത്രം നയമല്ല. അത് സര്‍ക്കാരിന്റെ കൂടി നയമാണ്. ഇത് പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിയതൊന്നുമല്ല. ഇതിനുമുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരുകളും ഇതൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെ തിരുത്താനുള്ള യാതൊരുവിധ ഇടതുപക്ഷ ജനാധിപത്യരാഷ്ട്രീയബോധവും പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല കേരളം കണ്ട ഏറ്റവും ദുരധികാരശേഷിയുള്ള ആഭ്യന്തര മന്ത്രിയായി വാഴുകയുമാണ് പിണറായി വിജയന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ രണ്ടു രാഷ്ട്രീയ പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കൊണ്ടുപോയതിന് കടന്നല്‍ ഫാക്ടറിയില്‍ നിന്നും ഇറക്കുന്ന ന്യായം അവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതും ആ സമയത്ത് കൈവിലങ്ങ് ഉപയോഗിക്കേണ്ടത് പുതിയ ആരോഗ്യപ്രവര്‍ത്തക സുരക്ഷ ഓര്‍ഡിനന്‍സ് വന്ന പശ്ചാത്തലത്തിലുള്ള നിയമപരമായ ബാധ്യതയാണ് എന്നുമാണ്. പുതിയ ആശുപത്രി/ആരോഗ്യപ്രവര്‍ത്തക ഓര്‍ഡിനന്‍സ് അടിമുടി പൗരാവകാശനിഷേധവും ജനാധിപത്യ വിരുദ്ധവുമാണെന്നത് വേറെ കാര്യം. ഇനി അതിന്റെ പശ്ചാത്തലത്തിലാണ് ഈ കൈവിലങ്ങെന്നെന്നതു പോലും തട്ടിപ്പാണ്. ഓര്‍ഡിനന്‍സിന് പിന്നാലെ കേരളം പൊലീസ് ഇറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് (Circular No 13/2023 ADGP / L&O ) കസ്റ്റഡിയിലാകുന്ന വ്യക്തിയുടെ ഭാഗത്തുനിന്നും അക്രമാസക്തമായ പെരുമാറ്റം ഉണ്ടാകുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ അതിനു സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്ന പക്ഷമോ ആണ് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത്. ഈ വിവരം മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതും ഡ്യൂട്ടി നോട്ട്ബുക്കില്‍ രേഖപ്പെടുത്തുകയും വേണം. വൈദ്യപരിശോധനയുടെ സമയത്ത് കസ്റ്റഡിയിലുള്ള വ്യക്തിയെ പോലീസിന്റെ നേരിട്ടുള്ള ശാരീരിക നിയന്ത്രണത്തില്‍ നിര്‍ത്തുന്നത് അയാള്‍ അക്രമാസക്തനും പെരുമാറ്റ വൈകല്യം പ്രകടിപ്പിക്കുമ്പോഴും മാത്രമാണ്. അല്ലാതെ കസ്റ്റഡിയിലെടുക്കുന്ന സകലരും ഇത്തരം സ്വഭാവമുള്ളവരാകുമെന്ന് പോലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒറ്റയടിക്ക് തീരുമാനിക്കാന്‍ കഴിയില്ല. അത് വ്യക്തികളുടെ സ്വകാര്യതയേയും അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യാവകാശത്തെയും ഹനിക്കുന്നതാണ്.

ടി സര്‍ക്കുലറില്‍ 13-ാം എണ്ണമായി കൃത്യമായി ഇങ്ങനെ പറയുന്നു, ‘പൊലീസ് ഓഫീസര്‍/ മെഡിക്കല്‍ പ്രൊഫഷണല്‍/ ജുഡീഷ്യല്‍ മാജിസ്ട്രേറ്റ്/സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്/പൗരന്‍/കസ്റ്റഡിയിലുള്ള ടിയാള്‍ക്ക് തന്നെയോ ജീവഹാനിയുണ്ടാക്കുന്ന തരത്തില്‍ അക്രമാസക്തമായ പെരുമാറ്റമോ, ജീവഹാനിയുണ്ടാക്കുന്ന പ്രവര്‍ത്തികളോ പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള കസ്റ്റഡിയിലുള്ള ആളെ നിയമപ്രകാരം ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉറപ്പായും പൊലീസ് ഉദ്യോഗസ്ഥര്‍ കൈവിലങ്ങ് ധരിപ്പിക്കേണ്ടതാണ്.’ ഇത്രയും മാനദണ്ഡങ്ങള്‍ പാലിച്ചാണോ മന്ത്രിയെ കരിങ്കൊടി കാണിച്ച രണ്ടു രാഷ്ട്രീയ പ്രവര്‍ത്തകരെ പൊലീസ് കൈവിലങ്ങുവെച്ച് നടത്തിച്ചത്? പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുന്ന ആരെയും വിലങ്ങുവെച്ചാലേ പരിശോധിക്കൂ എന്നാവശ്യപ്പെടാന്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു അധികാരവുമില്ല.

അറസ്റ്റ് ചെയ്യപ്പെട്ടവരെയും വിചാരണ തടവുകാരെയുമൊക്കെ കൈവിലങ്ങു വെക്കുന്നത് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമാകണമെന്ന് സുപ്രീം കോടതി പല വിധികളിലായി പറഞ്ഞിട്ടുണ്ട്. ഒരാളെ വിലങ്ങു വെക്കുക എന്നത് അയാളുടെ സാമൂഹ്യജീവിതത്തിനും വ്യക്തിത്വത്തിനും മുകളില്‍ നടത്തുന്ന വലിയ കയ്യേറ്റം കൂടിയാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിലെ അത് ചെയ്യാവൂ. സുനില്‍ ബത്ര കേസില്‍ (1978) ഇക്കാര്യം കോടതി ഇങ്ങനെ നിരീക്ഷിക്കുന്നു, ‘Reckless handcuffing and chaining in public degrades, puts to shame finer sensibilities and is a slur on our culture’. പ്രേം ശങ്കര്‍ ശുക്ല കേസില്‍ (1980) കോടതി വീണ്ടും ഈ മനുഷ്യത്വ രഹിതമായ പൊലീസ് രീതിക്കെതിരെ കര്‍ക്കശമായി പറഞ്ഞു, ‘To prevent the escape of an under-trial is in public interest, reasonable, just and cannot, by itself be castigated. But to bind a man hand and foot, fetter his limbs with hoops of steel, shuffle him along in the streets and stand him for hours in the courts is to torture him, defile his dignity, vulgarise society and foul the soul of our Constitutional culture’

അന്ന് നിലവിലിരുന്ന TADA (Terrorist and Disruptive Activities (Prevention) Act) നിയമപ്രകാരം തടവിലായ പ്രതികള്‍ക്ക് നേരെ ഇത്തരത്തില്‍ വിലങ്ങിട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ നല്‍കിയ ഒരു കത്തില്‍ (1995) നടപടിയെടുത്ത സുപ്രീം കോടതി അറസ്റ്റ് ചെയ്തവരെ വിലങ്ങിടുന്നത് വളരെ അത്യസാധാരണ സാഹചര്യത്തില്‍ മാത്രമാകണമെന്ന് നിബന്ധന വെക്കുന്നുണ്ട് (Citizens for Democracy vs State of Assam (1995). 2022-ല്‍ കര്‍ണാടക ഹൈക്കോടതി സുപ്രീത് ഈശ്വര്‍ കേസില്‍ കൈവിലങ്ങിടുന്നത് ആക്രമണ സാധ്യതയുള്ള അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാകണം എന്ന് വ്യക്തമാക്കി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു പൊലീസ് സംവിധാനം ജനാധിപത്യപരമായും മനുഷ്യത്വത്തോടെയും പൗരാവകാശങ്ങളെ മാനിച്ചും പ്രവര്‍ത്തിക്കുന്നു എന്നുറപ്പുവരുത്തേണ്ടത് ഒരു ജനാധിപത്യ സംവിധാനത്തില്‍ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. It is up to the elected government in a democratic system to ensure that a police system operates democratically, humanely and with respect for civil rights. കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നല്ല പറയേണ്ടത് മറിച്ച് ജനാധിപത്യവിരുദ്ധരായ, പൗരാവകാശ ലംഘകരായ ഒരു പൊലീസ് സേനയെ ഇവര്‍ ബോധപൂര്‍വ്വം ശക്തിപ്പെടുത്തുന്നു എന്നാണ് കാണേണ്ടത്. ഒപ്പം തന്നെ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ, രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് നേരെ സാമ്പ്രദായിക കുറ്റകൃത്യങ്ങളെന്ന പോലെയുള്ള പൊലീസ് നടപടിയോ അതിലേറെയുള്ള ഹിംസയോ പ്രയോഗിക്കുന്നത് സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ സ്വഭാവമാണ്. അതാണ് കേരളത്തിലും നടക്കുന്നത്.

ഭരണകൂടവും അതിന്റെ മര്‍ദ്ദക സംവിധാനങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഇത്ര ആത്മവിശ്വാസത്തോടെ ജനവിരുദ്ധമായൊരു കാലം കേരളത്തിന്റെ സമീപചരിത്രത്തിലില്ല. പതിറ്റാണ്ടുകള്‍ നീണ്ട സമരങ്ങളിലൂടെ നാം അല്പമായെങ്കിലും നേടിയെടുത്ത ജനാധിപത്യാവകാശങ്ങളുള്ള ഒരു സമൂഹത്തെയാണ് ദുരധികാരമൂര്‍ത്തികളായ ഈ ഭരണസംവിധാനം ഇല്ലാതാക്കുന്നത് എന്നാണ്. ജനങ്ങളുടെ രാഷ്ട്രീയ, ജനാധിപത്യാവകാശങ്ങളെ അടിമുടി ആക്രമിക്കുന്ന ഭരണകൂട സംവിധാനത്തെ സംരക്ഷിക്കാന്‍ കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ചാടിയിറങ്ങുന്നത് കേരളം വീണുകൊണ്ടിരിക്കുന്നു ജനാധിപത്യനിഷേധത്തിന്റെ തമോഗര്‍ത്തങ്ങളുടെ ഭീകരത ഒന്നുകൂടി രൂക്ഷമാക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply