‘കേരള മോഡലി’ ല്‍ നിന്നും ‘നവകേരള’ ത്തിലേക്കുള്ള ചാലു കീറലായിരുന്നു ജനകീയാസൂത്രണം
സിപിഎം ന്റെയും പിണറായി സര്‍ക്കാരിന്റെയും വ്യാഖാനപ്രകാരം ‘കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതുവഴി തെളിച്ച ജനകീയാസൂത്രണ പ്രസ്ഥാന’ ത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 2021 ആഗസ്റ്റ് 17ന് നടക്കുകയാണ്. രജത ജൂബിലി ആഘോഷസമാപനത്തിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണവും തദ്ദേശഭരണവും സംബന്ധിച്ചുള്ള അന്തര്‍ദ്ദേശീയ കോണ്‍ഗ്രസിന് സംസ്ഥാനം ആതിഥ്യമരുളുമെന്ന പ്രഖ്യാപനവുമുണ്ട്. ഈ വേളയില്‍, ആഴത്തിലുള്ള ഒരു വിശകലനത്തിലേക്കു കടക്കാതെ, ‘സംസ്ഥാന രൂപവല്‍കരണത്തിനും ഭൂപരിഷ്‌കരണത്തിനും ശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ’ സംഭവ വികാസമെന്ന് ഇഎംഎസ് തന്നെ വിശേഷിപ്പിച്ച ജനകീയാസൂത്രണം ഏറ്റവുമധികം കൊണ്ടാടപ്പെട്ട കാലത്ത് അത് ശ്രദ്ധയോടെ നിരീക്ഷിച്ച ഒരാളെന്ന നിലയില്‍, ജനകീയാസൂത്രണത്തിന്റെ ചരിത്ര, പ്രത്യയശാസ്ത്ര, രാഷ്ട്രീയ-സാമ്പത്തിക വിവക്ഷകളെ സംബന്ധിച്ച ചില സൂചനകള്‍ക്കു മാത്രമാണ് ഈ കുറിപ്പിലൂടെ ഉദ്ദേശിക്കുന്നത്
ആമുഖം
ഏവര്‍ക്കുമറിവുള്ളതു പോലെ, 90 കള്‍ വരെ ഇന്ത്യയില്‍ നില നിന്ന നെഹ്രുവിയന്‍ ക്ഷേമരാഷ്ട്രനയത്തിന്റെ കേരള പതിപ്പായിരുന്നു ‘കേരള മോഡല്‍’. നവലിബറലിസം കടന്നുവരികയും ഇന്ത്യന്‍ ഭരണകൂടം നെഹ്രുവിയന്‍ പരിപ്രേക്ഷ്യം കയ്യൊഴിയുകയും ചെയ്ത 1990 കളോടെ, സാമ്പത്തിക പിന്നാക്കാവസ്ഥയിലും സാമൂഹിക വികസന സൂചികകള്‍ താരതമ്യേന ഉയര്‍ന്നു നിന്ന (സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകറ്റി നിര്‍ത്തിയ മര്‍ദ്ദിതരുടെ കാര്യമൊഴിച്ച്) കേരളാവസ്ഥയെ വിശേഷിപ്പിച്ച ‘കേരള മോഡല്‍’ എന്ന ആവിഷ്‌കാരം നിലനില്‍ക്കത്തതല്ലാതായിക്കഴിഞ്ഞിരുന്നു. നവലിബറല്‍ – ആഗോളവല്‍ക്കരണമല്ലാതെ മറ്റൊരു ബദലും മുന്നിലില്ലെന്ന് സിപിഎം നേതാവ് ജ്യോതി ബസു ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നടത്തിയ വിഖ്യാത പ്രഖ്യാപനത്തിലൂടെ (1996 ല്‍ കോര്‍പ്പറേറ്റ് -മൂലധന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു) നവ ലിബറല്‍ സാമ്പത്തിക നയങ്ങളോടുള്ള സിപിഎം സമീപനവും വ്യക്തമായിരുന്നു. അതേസമയം, പഴയ കേരള മോഡലില്‍ നിന്നും ഇന്ന് പിണറായി വിജയനും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന (നവലിബറല്‍) ‘നവകേരള’ ത്തിലേക്കുള്ള ഒരു പരിവര്‍ത്തന പ്രക്രിയ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അപ്രകാരം കേരള മോഡലില്‍ നിന്നും നവ കേരളത്തിലേക്കുള്ള പാലമോ ചാലു കീറലോ ആയിരുന്നു കൊട്ടി ഘോഷിക്കപ്പെട്ട ജനകീയാസൂത്രണം എന്നു ചുരുക്കി പറയാം.
ജനകീയാസൂത്രണത്തിന്റെ സ്ഥൂല പരിസരം
ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗദര്‍ശക തത്വങ്ങളില്‍ ഗ്രാമ പഞ്ചായത്തുകളെ പറ്റി പരാമര്‍ശിക്കുന്നു എന്നതൊഴിച്ചാല്‍ അവയെ പരിഗണിക്കേണ്ടത് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നിയമ ബാധ്യതയായിരുന്നില്ല. എന്നാല്‍, ക്ഷേമരാഷ്ട്രം നവലിബറലിസത്തിനു വഴിമാറിയ പശ്ചാത്തലത്തില്‍, ‘ജനകീയ പങ്കാളിത്തം’ (people’s participation) എന്ന പുകമറയിലൂടെ പഞ്ചായത്തുകള്‍ക്കും പ്രാദേശിക ഭരണ സംവിധാനങ്ങള്‍ക്കും നിയമ പരിരക്ഷ നല്‍കി അവയെ ‘ശാക്തീകരിക്കണ’ (empowerment) മെന്ന നിര്‍ദ്ദേശം നവ ലിബറല്‍ കേന്ദ്രങ്ങള്‍ തന്നെ മുന്നോട്ടു വെച്ചു. കോര്‍പ്പറേറ്റ് മൂലധനത്തിന് മൈക്രോ ഫിനാന്‍സിലൂടെയും മറ്റും ഗ്രാമതലങ്ങളിലേക്ക് കടന്നുകയുന്നതിനാവശ്യമായ ഭരണപരമായ മാറ്റങ്ങള്‍ കൊണ്ടുവരിക; കോര്‍പ്പറേറ്റുകളുടെ ‘സഹായി’ (corporate facilitator) യായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മാറുന്നതിന് ബാധ്യസ്ഥമാകുന്നതോടെ, സാമൂഹ്യച്ചെലവുകളും ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഭരണകൂട ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിഞ്ഞ്, ‘പങ്കാളിത്തവികസനം’ (participatory development) എന്ന പേരില്‍ ജനങ്ങളുടെ ചുമലില്‍ കെട്ടിവെക്കുക; അതിനായി പൗരസമൂഹ സംഘടനകളെയും എന്‍ജിഒകളെയും തയ്യാറാക്കുക, തുടങ്ങിയ പല അജണ്ടകളും മുകളില്‍ നിന്നു കെട്ടിയിറക്കിയ ഈ അധികാര വികേന്ദ്രീകരണത്തില്‍ അന്തര്‍ലീനമായിരുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഉദാഹരണത്തിന്, നവലിബറല്‍ – ആഗോളവല്‍കരണവുമായി മുന്നോട്ടു വന്ന ഐഎംഎഫും ലോക ബാങ്കും എഡിബിയും യുഎന്‍ഡിപി യും മറ്റ് ഫണ്ടിംഗ് ഏജന്‍സികളും ഇക്കാലത്ത് ഇതേ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ‘ദക്ഷിണേഷ്യയിലെ ദാരിദ്ര്യ ലഘൂകരണം’ (Poverty Reduction in South Asia ) എന്ന 1994 ലെ ലോക ബാങ്ക് പ്രസിദ്ധീകരണത്തിലും അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ തയ്യാറാക്കിയ എട്ടാം പദ്ധതിയുടെ മാര്‍ഗ ദര്‍ശക രേഖയിലും പൗരസമൂഹ സംഘടനകളെ (civil society organisations) യും പ്രാദേശിക ജനങ്ങളെയും നവ ലിബറല്‍ ഘടനാ ക്രമീകരണത്തിന്റെ (structural adjustment) അഭിവാജ്യ ഘടകമായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുന്നുണ്ട്. ചുരുക്കത്തില്‍, ഇപ്രകാരമുള്ള നവ ലിബറല്‍ സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് 73, 74 ഭരണഘടനാ ഭേദഗതി 1992 ല്‍ തന്നെ കൊണ്ടുവരുന്നതിന് റാവു – മന്‍മോഹന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. തുടര്‍ന്ന്, ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം 1994 ല്‍ കേരളവും പഞ്ചായത്തീരാജ് നിയമം പാസ്സാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളും ജനകീയ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ബന്ധിതമായി.
കേരളം ‘പങ്കാളിത്ത വികസന’ ത്തിന്റെ പരീക്ഷണശാല
വാസ്തവത്തില്‍, മുതലാളിത്ത ക്ഷേമരാഷ്ട്രത്തിന്റെ ഭാഗമായ ‘കേരള മോഡല്‍’ ( സാമ്രാജ്യത്വ കേന്ദ്രമായ ന്യൂയോര്‍ക്കില്‍ നിന്നാണ് 1975-ല്‍ ഈ ആവിഷ്‌കാരം ലോക സാമ്പത്തിക ചര്‍ച്ചകളിലേക്ക് പ്രക്ഷേപിക്കപ്പെട്ടത്. 1970 കളുടെ മധ്യം മുതല്‍ ഗള്‍ഫില്‍ നിന്നും മലയാളി തൊഴിലാളികള്‍ ചോര നീരാക്കി അയച്ച പണമായിരുന്നു ഇതിന്റെ സാമ്പത്തികാടിസ്ഥാനം) നവ ലിബറല്‍ കാലത്ത് തുടര്‍ന്നു കൊണ്ടു പോകാനാവില്ലെന്ന തിരിച്ചറിവ് നവലിബറല്‍ സാമ്പത്തിക വിദഗ്ധരും കേരളത്തിലെ സിപിഎം ബുദ്ധിജീവികളും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. നേരെ മറിച്ച്, കേരള മോഡല്‍ പരിപ്രേക്ഷ്യത്തിന്റെ നേരവകാശികളായി സ്വയം പ്രഖ്യാപിച്ച സിപിഎം നെ സംബന്ധിച്ചിടത്തോളം, ഈ കയ്യൊഴിയല്‍ ഒരു ‘പരിവര്‍ത്തന രാഷ്ട്രീയ’ (പാട്രിക് ഹെല്ലറുമൊത്ത് 2000 ജനുവരി 15 – 16 ന് വിസ്‌കന്‍സിന്‍ സര്‍വകലാശാലയില്‍ തോമസ് ഐസക് അവതരിപ്പിച്ച പ്രബന്ധം ) ത്തി ലൂടെ സാധിച്ചെടുക്കേണ്ടതുണ്ടായിരുന്നു. അതോടൊപ്പം, ഉള്ളടക്കത്തില്‍ തികച്ചും നവ ലിബറലായ ഈ പരിപാടിക്ക്, ഇഎംഎസ് അവകാശപ്പെട്ടതു പോലെ, ഒരു ഇടതു മുഖം മൂടി ചാര്‍ത്താനുള്ള ശ്രമവും നടന്നു. വളരെ ചുരുക്കിപ്പറഞ്ഞാല്‍, ക്ഷേമരാഷ്ട്രം കയൊഴിഞ്ഞ പശ്ചാത്തലത്തില്‍ നവ ലിബറല്‍ കേന്ദ്രങ്ങളും കേരള പഠനത്തില്‍ തല്പരരായ ഉത്തരാധുനിക, മാര്‍ക്‌സിസാനന്തര സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളും ഫണ്ടിങ് ഏജന്‍സികളും കേരളത്തിലെ സിപിഎം ബുദ്ധിജീവികളുമെല്ലാം സംയുക്തമായി നടത്തിയ ഒരു രാഷ്ട്രീയ പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. 1990 കളിലുടെ നീളം വിദേശ സര്‍വകലാശാലകള്‍ക്കും ഗവേഷകര്‍ക്കും ജനകീയാസൂത്രണം പ്രധാനപ്പെട്ട ഗവേഷണ വിഷയമായിരുന്നു. ‘മാര്‍ക്‌സിസ്റ്റുകള്‍ മുതല്‍ ലോക ബാങ്ക് വരെ’ വികേന്ദ്രീകരണത്തിന്റെ പ്രയോക്കാളായിരിക്കുന്നുവെന്ന പരാമര്‍ശത്തിലൂടെ (Social Scientist, Vol. 29, No. 9-10) വിഖ്യാത മാര്‍ക്‌സിസ്റ്റ് സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായിക് കേരളത്തിലെ തികച്ചും അരാഷ്ട്രീയമായ ഈ പരിപാടി അക്കാലത്ത് തുറന്നു കാട്ടുകയുണ്ടായി. അതേസമയം, ഇടതും വലതും ഒന്നായ, അഥവാ അപനിര്‍മ്മിക്കപ്പെട്ട, തികച്ചും നവ ലിബറലായ ഈ പരീക്ഷണത്തെ ‘ആഗോളവല്‍കരണത്തിനെതിരായ കേരളത്തിന്റെ പ്രതിരോധം’, ‘കേരളത്തിന്റെ വികസന പ്രതിസന്ധിയോടുള്ള രാഷ്ടീയ പ്രതികരണം’ എന്നും മറ്റും വ്യാഖ്യാനിക്കാനാണ് കേരളത്തിലെ സിപിഎം നേതൃത്വം ശ്രമിച്ചു പോന്നത്.
കാല്‍ നൂറ്റാണ്ടു പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ വിശദമായ ഒരു പോസ്റ്റ് മാര്‍ട്ടം ആവശ്യപ്പെടുന്നതു തന്നെയാണ് ജനകീയാസൂത്രണം. 1996 ല്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലേക്കു വരികയും ജനകീയാസൂത്രണം പ്രഖ്യാപിക്കുന്നതിനും മുമ്പു തന്നെ അതിനുള്ള മണ്ണൊരുക്കപ്പെട്ടിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും അതിന്റെ ഗവേഷണ സ്ഥാപനമായ IRTC (Integrated Rural Technology Centre) യും മുതല്‍ അമേരിക്കന്‍ ഗവേഷകരായ റിച്ചാര്‍ഡ് ഫ്രാങ്കി, പാട്രിക് ഹെല്ലര്‍ ( നവലിബറലിസം ആവശ്യമാക്കും വിധം ഇടതു പ്രക്ഷോഭ രാഷ്ടീയത്തിനു ബദലായി വര്‍ഗ്ഗ സഹകരണം പരസ്യമായി ഇദ്ദേഹം മുന്നോട്ടു വെക്കുകയുണ്ടായി. ‘From Class Struggle to Class Compromise: Redistribution and Growth in a South Indian State’, Journal of Development Studies, Vol.31, No. 5 1995) തുടങ്ങി നിരവധി വിദഗ്ധരും ഡച്ച് ഫണ്ടോടെ പ്രവര്‍ത്തിച്ച KRPLLD (Kerala Research Program on Local Level Development), SDC (Swiss Agency for Development and Cooperation) തുടങ്ങി കേരളത്തിനകത്തും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളും വിദേശ സര്‍വകലാശാലകളും അവയിലെ വിദഗ്ധരും സര്‍വോപരി സി പി എം കേഡര്‍മാരും പരിഷത്തില്‍ നിന്നും എന്‍ജിഒകളില്‍ തിന്നും റിക്രൂട്ട് ചെയ്യപ്പെട്ട വളണ്ടിയര്‍മാരടക്കം ഒരു ലക്ഷത്തോളം പേരും സജീവമായി പങ്കെടുത്ത ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഉത്തരാധുനിക രാഷ്ട്രീയ പരീക്ഷണമായിരുന്നു ജനകീയാസൂത്രണം. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ആസൂത്രണ ബോര്‍ഡ് ഈ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ചു.
തീര്‍ച്ചയായും, ജനകീയാസൂത്രണത്തിന്റ വിത്തുപാകിയത് കണ്ണൂരിലെ കല്യാശേരിയിലായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തും KRPLLD യും ( വിശദ വിവരങ്ങള്‍ക്ക് KRPLLD, Report 4, 1900 -2000 കാണുക) മറ്റും ഇതിന് നിലമൊരുക്കി. കല്യാശേരിയിലെ വിഭവ ഭൂപട നിര്‍മ്മാണവും (resource mapping) 1992 – 95 കാലത്ത് തയ്യാറാക്കിയ ഗ്രാമ വികസന റിപ്പോര്‍ട്ടും സംസ്ഥാനത്തെ തെരഞ്ഞെടുത്ത പഞ്ചായത്തുകളിലേക്ക് അതു വ്യാപിപ്പിച്ചതും പഞ്ചായത്തു തല വികസന പദ്ധതികളുടെ (PLDP) ആക്ടിവിസ്റ്റുകളെ സംസ്ഥാന ആസൂത്രണ ബോര്‍ഡുമായി ഉദ്ഗ്രഥിച്ചതുമെല്ലാം ഡച്ച് ഫണ്ടിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിച്ച KRPLLD യുടെ മുന്‍കയ്യിലായിരുന്നു. ഒന്നുകൂടി ഊന്നിപ്പറഞ്ഞാല്‍, നവ ലിബറലിസത്തിന് മാനവികുഖം (human face) നല്‍കാന്‍ ഇറങ്ങിത്തിരിച്ച സാമ്രാജ്യത്വ ഫണ്ടിഗ് കേന്ദ്രങ്ങളുടെ ബൗദ്ധികവും സാങ്കേതികവും രീതിശാസ്ത്ര പരവുമായ നിവേശങ്ങളാ (inputs) ണ് ജനകീയാസൂത്രണത്തെ സാധ്യമാക്കിയത്. രാഷ്ട്രീയ- പ്രത്യയ ശാസ്ത്രപരമായി അത് മുകളില്‍ നിന്നും കെട്ടിയിറക്കിയ താ (top-down)യിരുന്നു; മറിച്ച് അടിത്തട്ടില്‍ നിന്നും കെട്ടിപ്പൊക്കിയത് (bottom-up) എന്നത് കേവലം വാചാടോപം മാത്രമായിരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
‘9ാം പദ്ധതി ജനകീയ പദ്ധതി’ എന്നതായിരുന്നു നായനാര്‍ ഭരണകാലത്തു നടപ്പായ ജനകീയാസൂത്രണത്തിന്റെ കേന്ദ്ര മുദ്രാവാക്യം. തുടര്‍ന്നു വന്ന വലത്-ഇടത് സര്‍ക്കാരുകളുടെ ആനുഷംഗിക പരാമര്‍ശങ്ങളൊഴിച്ചാല്‍, അവക്കൊന്നും ആവശ്യമില്ലാത്ത വിധം ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയ ഉപയോഗം അപ്രസക്തമായിക്കഴിഞ്ഞിരുന്നു. ജനകീയാസൂത്രണത്തിന്റെ മാനവിക മുഖം മൂടി ഉപയോഗിച്ച് കേന്ദ്ര നയങ്ങളുടെ തുടര്‍ച്ചയായി, നായനാര്‍ സര്‍ക്കാര്‍ തന്നെ പഴയ കേരള മോഡല്‍ കുഴിച്ചു മൂടി
ആഗോളവല്‍കരണത്തിന്റെ വിനാശകരമായ രണ്ടാം തലമുറ പരിഷ്‌കാരങ്ങള്‍ കേന്ദ്ര നയങ്ങള്‍ക്കനുസൃതമായി കേരള ത്തിലും ഊര്‍ജ്ജിതമാക്കുകയുണ്ടായി. എന്തിനധികം, 2001 ല്‍ അധികാരമേറ്റ യുഡിഎഫ് ഭരണകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കി (ADB- ലോക ബാങ്കിന്റെ ഏഷ്യന്‍ കരം) ന്റെ തീവ്ര വലത് സ്വഭാവമുള്ള നവ ലിബറല്‍ പദ്ധതിയായ ‘മോഡേണൈസിംഗ് ഗവണ്‍മെന്റ് പ്രോഗ്രാ (MGP) മിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് നായനാര്‍ ഭരണം ജനകീയാസൂത്രണത്തിന്റെ ലേബല്‍ വിദഗ്ധമായി ഉപയോഗിക്കുകയുണ്ടായി. ജനകീയാസൂത്രണം MGP യുടെ അഭിവാജ്യ ഘടകമായിരുന്നു എന്ന് 2001 ല്‍ യുഡിഎഫ് ഭരണം വരുന്നതിനു മുമ്പ് ADB തന്നെ അതിന്റെ രേഖകളില്‍ വിലയിരുത്തിയിട്ടുണ്ട് (ഉദാ: ADB, TA 3576 lND, 2001). MGP യുടെ ഭാഗമായ ADB വായ്പയിലെ 6 മുഗണനാ മേഖലകളിലൊന്ന് പദ്ധതിയിലെ ‘ജനകീയ പങ്കാളിത്ത’ വും സിവില്‍ സമൂഹത്തിന്റെ (എന്‍ജിഒകള്‍) പങ്കുമായിരുന്നു.
ജനകീയാസൂത്രണത്തിന്റെ ബാക്കിപത്രം
വിസ്താരഭയത്താല്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. കേരളത്തിന്റെ സാമ്പത്തിക നയരൂപവല്‍കരണവും പദ്ധതി നടത്തിപ്പും കിഫ്ബി എന്ന സംവിധാനത്തിലൂടെ കോര്‍പറേറ്റ് മൂലധന കേന്ദ്രങ്ങളുടെ പിടിയിലാണിപ്പോള്‍. സംസ്ഥാന ഭരണ സിരാ കേന്ദ്രത്തിലേക്കു വരെ കടന്നു കയറാന്‍ കോര്‍പറേറ്റ് ശക്തികള്‍ക്കും കരിമ്പട്ടികയില്‍ പെട്ട കണ്‍സള്‍ട്ടന്‍സികള്‍ക്കും കഴിയുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇപ്രകാരം, നവ ലിബറലിസം കൂടുതല്‍ മാനങ്ങള്‍ ആര്‍ജ്ജിച്ച മുറയ്ക്ക്, കേരളത്തില്‍ അതിന്റെ ഏറ്റവും വലിയ നടത്തിപ്പുകാരായുള്ള കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ന്റെ പരിവര്‍ത്തന പ്രക്രിയയില്‍, കേരളീയ സമൂഹത്തില്‍ പ്രത്യയ ശാസ്ത്ര നിരാസവും അരാഷ്ട്രീയവല്‍കരണവും വ്യാപകമാക്കുന്നതിനാണ് ജനകീയാസൂത്രണം വഴിവെച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ സംബന്ധിച്ച ജനകീയാസൂത്രണ കാലത്തെ ഗീര്‍വാണങ്ങള്‍ അവസാനിക്കുകയും നവ ലിബറല്‍ കോര്‍പ്പറേറ്റ് വല്‍കരണത്തില്‍ ദരിദ്രവല്‍ കരണം ശക്തിപ്പെട്ടിരിക്കെ, ‘അതി ദാരിദ്ര്യ നിര്‍മ്മാര്‍ജന’ ത്തെ സംബന്ധിച്ച ഐഎംഎഫ് (അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിന്റെ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന കുറിപ്പടികള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭമാണ്) – ലോക ബാങ്ക് നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കേരളത്തിലും കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍ (രണ്ടാം പിണറായി സര്‍ക്കാരിന്റെ 2021 മേയ് 20 ലെ പ്രഥമ മന്ത്രിസഭാ യോഗ തീരുമാനം.) അതേസമയം, കൊടിയ പരിസ്ഥിതി വിനാശവും കുടിയൊഴിപ്പിക്കലുമടക്കം സാമൂഹ്യ ദുരന്തങ്ങള്‍ക്കു വഴിവെക്കുന്ന കോര്‍പ്പറേറ്റ് പദ്ധതികള്‍ വികസനത്തിന്റെ പേരില്‍ കെട്ടിയിറക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ കോര്‍പ്പറേറ് – നിക്ഷേപ സൗഹൃദമാക്കാനെന്ന പേരില്‍ ഭരണം കൂടുതല്‍ ബ്യൂറോക്രറ്റിക് ആകുകയും മുന്‍കാല പോരാട്ടങ്ങളിലൂടെ ജനങ്ങള്‍ നേടിയ ജനാധിപത്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു.
ഇന്നിപ്പോള്‍ , ജനകീയാസൂത്രണത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ പ്രത്യക്ഷത്തില്‍ അവശേഷിക്കുന്നതും രജത ജൂബിലി വേളയില്‍ ഉയര്‍ത്തിക്കാട്ടുന്നതും ഔദ്യോഗിക കണക്കുപ്രകാരം 43 ലക്ഷത്തോളം സ്ത്രീകള്‍ അംഗങ്ങളായുള്ള കുടുംബശ്രീയാണ്. കേരളീയ സ്ത്രീകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ജാതി-മത- പുരുഷാധിപത്യ മൂല്യങ്ങളുടെ കടന്നാക്രമണത്തില്‍ നിസ്സഹായമാം വിധം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീ ശാക്തീകരണത്തിന്റെ മഹാമാതൃകയായി കൊണ്ടാടപ്പെടുന്ന കുടുംബശ്രീ. അതേസമയം, മൂലധനക്കുത്തകകള്‍ നിയന്ത്രിക്കുന്ന മൈക്രോ ഫിനാന്‍സിനെ സൂക്ഷ്മതലങ്ങളിലേക്കെത്തിക്കുന്ന ഉപകരണങ്ങളായും കോര്‍പ്പറേറ്റ് വിപണിയുടെ അനുബന്ധവുമായും അതവശേഷിക്കുന്നു. ജനകീയാസൂത്രണ കാലത്ത് അവകാശപ്പെട്ടതു പോലുള്ള ഒരു പ്രതിരോധവും നവലിബറല്‍ – ആഗോളവല്‍കരണത്തിന് ഇത്തരം സ്ത്രീ കൂട്ടായ്മകള്‍ ഉയര്‍ത്തുന്നില്ല. ഇന്ത്യയില്‍ ജനകീകാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം ഏറ്റവും വിജയകരമായി നടപ്പാക്കിയെന്നവകാശപ്പെടുന്ന കേരളത്തിന്റെ സ്ഥിതിയാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in