പെഗസസ്: സര്‍വ്വം വിഴുങ്ങുന്ന അശരീരിയായ രാക്ഷസന്‍
പ്രത്യക്ഷമായി ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ക്കുന്ന ഒരു നടപടിയും എടുക്കുവാന്‍ അതിന് ആഗ്രഹമുണ്ടെങ്കില്‍ കൂടി കോര്‍പറേറ്റ് ശക്തികള്‍ പാശ്ചാത്യ പൊതുജനാഭിപ്രായത്തെ കണക്കിലെടുത്ത് മുതിരില്ല. കോര്‍പറേറ്റ് ശക്തികളുടെ പിന്‍ബലത്തിലും കെട്ടുപിണഞ്ഞും കിടക്കുന്ന ഹിന്ദുത്വ ശക്തികള്‍ അവരുടെ ആജ്ഞകള്‍ അവഗണിക്കില്ല. അതിനാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ കൂടി ജനാപത്യത്തിന്റെ പുറന്തോട് തകര്‍ക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ തുനിയില്ലായെന്നു വേണം കരുതുവാന്‍. എന്നാല്‍ ജനാധിപത്യത്തെ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചേതനമാക്കുമ്പോള്‍ ക്രമേണയായി രാജ്യത്തെ ഒരു വേദിയും ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കുവാന്‍ ഇല്ലാതാകും.
ഇസ്രായേലി സൈബര്‍ ആംസ് സംരഭമായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാരവൃത്തി നടത്തുന്നതിനുള്ള കമ്പ്യൂട്ടര്‍ സോഫെറ്റ് വെയറാണ് പെഗസസ്. അതിന് ഏത് കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള ഫോണ്‍ ഇവയിലെല്ലാം നുഴഞ്ഞു കയറി വാസമുറിപ്പിച്ച് അതിലെ ഫയല്‍ ഉള്‍പ്പെടെയുള്ള ഏതു വിവരങ്ങളും ചിത്രങ്ങളും മറ്റും ചോര്‍ത്തിയെടുക്കുവാന്‍ ശേഷിയുള്ളതാണ്. ചാരവൃത്തിക്കുള്ള ആ സോഫ്റ്റ് വെയര്‍ ലോകത്തിലെ സര്‍ക്കാരുകള്‍ക്ക് മാത്രം നല്‍കുന്നതാണ്.
ലോകത്തുള്ള സകല ഭീകര സംഘടനകളെല്ലാം ചേര്‍ത്താലും അതിനെക്കാള്‍ ശക്തവും സൂക്ഷ്മമായ ഇടപെടലും നടത്തുവാന്‍ ശേഷിയുള്ള ഭീകര സ്വഭാവവും ഉള്‍ച്ചേര്‍ന്ന ഒരു രാഷ്ട്ര ശക്തിയാണ് ഇസ്രായേല്‍. അമേരിക്കയിലെ ഏറ്റവും ശക്തരായ പണമിടപാട് സ്ഥാപനങ്ങളും മറ്റ് കോര്‍പറേറ്റ് ബിസിനസ്സുകളും നിയന്ത്രിക്കുന്ന ഒരു വിഭാഗം ജൂതലോബി ഇസ്രയേല്‍ രാഷ്ട്ര ശക്തിയുമായി കൂടിക്കുഴഞ്ഞതാണ്. ലോകത്തിന്റെ പലഭാഗത്തുമുള്ള രാജ്യങ്ങളെയും ഭരണാധികാരികളെയും അട്ടിമറിക്കുവാനും മാറ്റിമറിക്കുവാനും ആ അമേരിക്കന്‍ കോര്‍പറേറ്റ് ലോബിയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് ലോകത്തിലെ ഏത് കാര്യത്തിലും സ്വമേധയാ കടന്നു ചെല്ലാന്‍ ശേഷിയുള്ള പെഗസസ് എന്ന ചാരവൃത്തി സോഫ്റ്റ് വെയര്‍ എന്ന് അറിയുമ്പോള്‍ അശരീരിയായ ആ രാക്ഷസീയ ശക്തിയുടെ ബലവും പ്രത്യാഘാതങ്ങളും എത്രമാത്രമെന്ന് തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ.
ഇന്ത്യയെ കശക്കിയ പെഗസസ്
നരേന്ദ്രമോദി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന്റെ മന്ത്രി രവി ശങ്കര്‍ പ്രസാദ് ചുമതലയില്‍ ആയിരിക്കുമ്പോഴാണ് 2019 ല്‍ ഇന്ത്യ പെഗസസ് വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും ശത്രു രാജ്യങ്ങളുടെയോ ഭീകര സംഘടനകളുടെയോ വിവരങ്ങള്‍ ചോര്‍ത്തുകയെന്നതിനേക്കാള്‍ ഇന്ത്യക്ക് അകത്തുള്ള പ്രതിപക്ഷ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഭരണാധികാരിയുടെ രഹസ്യ നോട്ടത്തലായി. പെഗസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഒരാളുടെ ഫോണിലും കമ്പ്യൂട്ടറിലും മൈക്രോഫോണും ക്യാമറയും സ്ഥാപിച്ച് വിവരങ്ങള്‍ ചോര്‍ത്തുവാനും കഴിയും.
ഫോണിലും കമ്പ്യൂട്ടറിലും എന്ത് വിവരങ്ങളും ഫയലുകളും നിക്ഷേപിക്കുവാനും പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്താം. ഒരാളെ ദേശദ്രോഹിയാക്കുന്നവിധം ദേശദ്രോഹപരമായ കാര്യങ്ങള്‍ കടത്തിവിട്ട് അധികാരികള്‍ക്ക് ഇഷ്ടമുള്ളവരെ ഭീകര പ്രവര്‍ത്തകനാക്കി ശിക്ഷിപ്പിക്കുവാനും തുറുങ്കില്‍ അടയ്ക്കുവാനും ആ സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. ഫാ. സ്റ്റാന്‍ സാമി തന്റെ കമ്പ്യൂട്ടറില്‍ അന്വേഷണ ഏജന്‍സി മാവോയിസ്റ്റ് ബന്ധങ്ങള്‍ കാണിക്കുന്ന ഫയലുകള്‍ കൃത്രിമമായി ചേര്‍ത്തതാണെന്ന് കോടതിയില്‍ പറഞ്ഞത് നിസ്സഹായന്റെ ദീനരോദനമായി ഇന്ത്യയൊട്ടാകെ മുഴങ്ങുന്നു. നിരപരാധികളെ നിഷ്‌കരുണം കുറ്റവാളികളാക്കുന്ന മോദി സര്‍ക്കാരിന് ശുദ്ധജീവിതം നയിക്കുന്ന ആദിവാസികള്‍ക്ക് നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന ഒരു പുരോഹിതനെപോലും ഇരയാക്കുവാന്‍ മടിയില്ല. കുഷ്ഠ രോഗികള്‍ക്ക് നിസ്വാര്‍ത്ഥമായി ജീവിതം സമര്‍പ്പിച്ച ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു കുഞ്ഞുങ്ങളെയും ഹിന്ദുത്വ ഭീകരര്‍ ചുട്ടുകരിച്ചു കൊലപ്പെടുത്തിയതിനോട് മാത്രമേ ഫാ. സ്റ്റാന്‍ സാമിയെ തുറുങ്കില്‍ അടച്ചശേഷം കൃത്രിമമായി കമ്പ്യൂട്ടറില്‍ ഫയല്‍ നിക്ഷേപിച്ചതിനെയും ജാമ്യം നിഷേധിച്ച് തടവറയിലിട്ട് കൊലപ്പെടുത്തിയതിനെയും സാമ്യപ്പെടുത്തുവാനുള്ളൂ. സര്‍ക്കാരിന്റെ ദുര്‍ബുദ്ധിയുടെ ആഴവും പരപ്പും അതില്‍ പ്രകടമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
രാജ്യത്തെ ഞെട്ടിക്കുന്ന വിധം വിവരം ചോര്‍ത്തലിന് വിധേയമായവരുടെ വിവരങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ദി വാഷിംഗ്ടണ്‍ പോസ്റ്റ്, ദി ഗാര്‍ഡിയന്‍, ലി മൊന്ദെ ഉള്‍പ്പെടെയുള്ള ലോകത്തെ പതിനാല് മാധ്യമങ്ങളിലൂടെ ഒരേ സമയം പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങള്‍ ചോര്‍ത്തിയത് അധാര്‍മ്മികവും ജനാധിപത്യ വിരുദ്ധവും ആണെങ്കിലും അധികാര ആര്‍ത്തിയുള്ള ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ മോദിയെ കുറ്റവിമുക്തനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോണും സുപ്രീകോടതി ചീഫ് ജസ്റ്റീസിനെതിരെ പരാതിപ്പെട്ട സ്റ്റാഫിന്റെ ഫോണും ചോര്‍ത്തിയെന്ന് പറയുമ്പോള്‍ അധികാരത്തിലിരിക്കുന്നവരുടെ രഹസ്യനോട്ടത്തില്‍ ഏതെല്ലാം ഉള്ളറകളാണ് തുറക്കുന്നതെന്ന് കാണാവുന്നതാണ്.
രാഷ്ട്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഭരണാധികാരി രഹസ്യമായി നീരിക്ഷിക്കുന്ന അവസ്ഥ സമ്പൂര്‍ണ്ണമായ ഏകാധിപത്യത്തിന്റെ പെരുമ്പറയാണ് മുഴക്കുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ ഏകാധിപത്യത്തിന്റെ സ്വഭാവത്തില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന ഭീഷണിയുടെ വ്യത്യാസം പ്രത്യയശാസ്ത്ര അടിസ്ഥാനത്തില്‍ ഫാഷിസ്റ്റ് സ്വഭാവത്തോടുകൂടിയ ഒരു സംഘടനയുടെ പിന്‍ബലത്തില്‍ സമഗ്രമായി സംഭവിക്കാവുന്നതാണെന്ന് എല്ലവര്‍ക്കും അറിയാം. സമ്പൂര്‍ണ്ണമായ അരാജകത്വവും സമ്പൂര്‍ണ്ണമായ ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു അത്ഭുതമാണ് പെഗസസ് ഉണ്ടാക്കിയിരിക്കുന്നത്. പുറമെയുള്ള ജനാധിപത്യത്തിന്റെ പുറന്തോട് പൊട്ടിച്ച് ഏത് നേരവും ഫാഷിസ്റ്റ്് ഏകാധിപത്യത്തിന്റെ കുഞ്ഞിനെ വിരിയിക്കുവാന്‍ ചരിത്രവും അക്കാദമിക മേഖലയും ദേശീയ പ്രതീകങ്ങളും തന്ത്രപ്രധാനമായ സ്ഥാനങ്ങളും ഉള്‍പ്പെടെയുള്ളവയെല്ലാം മാറ്റി മറിക്കുന്ന തയ്യാറെടുപ്പുകള്‍ നടന്നു വരുമ്പോള്‍ ഏറെ ആശങ്കാ ജനകമാണ്. സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങള്‍ മധുരം പൊതിഞ്ഞ് ജനങ്ങളെ കഴിപ്പിക്കുമ്പോള്‍ ഫാഷിസ്റ്റ് അടിച്ചമര്‍ത്തിലിന് അവകാശികളായി അധീശ വര്‍ഗവും ഉണ്ടാകും.
അവിശ്വാസവും വ്യക്തിഗതമായി മനസിലുളളത് യന്ത്രത്തിലാക്കിയത്, ആശയ വിനിമയം എന്നിവ രഹസ്യമായി ചോര്‍ത്തിയെടുക്കുന്ന അവസ്ഥയും സ്വതന്ത്ര്യമായ പ്രവര്‍ത്തനങ്ങളെ തടയുന്നത് ജനാധിപത്യത്തില്‍ സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷം, മാധ്യമങ്ങള്‍, നീതിന്യായ സംവിധാനം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെ നിശ്ചേതനമാക്കും. ജനാധിപത്യം രാഷ്ട്രം സ്തംഭിപ്പിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ ചെയ്യുന്നത്.
ലോകത്തെ ജനാധിപത്യ രാഷ്ട്രീയം പരിശോധിച്ചാല്‍ അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി തെളിയുമ്പോള്‍ അധികാരം വിട്ടൊഴിയുവാന്‍ ഭരണാധികാരി അല്ലെങ്കില്‍ മന്ത്രി സഭ നിര്‍ബന്ധിതമാകുന്ന ചരിത്രമാണ് ഉള്ളത്. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പോലും ഉയര്‍ത്തുവാന്‍ ശേഷിയില്ലാതെ ആക്കിയ ഒരു ജനതയായി നാം പരിണമിക്കുമ്പോള്‍ കേവലം രാജ്യത്തിന്റെ ജനാധിപത്യ പുറന്തോട് മാത്രം സംരക്ഷിക്കുവാന്‍ ജനശക്തിയെ ലഭ്യമാകില്ല. പാര്‍ലമെന്റ് സ്തംഭിച്ചാലും ജനങ്ങള്‍ തെരുവുകള്‍ നിറച്ച് സമാധനപരമായി കൈയ്യടക്കിയാലും കുലുങ്ങാത്ത ഭരണാധാകാരികള്‍ ആണ് ഇവിടെയുള്ളതെന്ന് അനേകമാസങ്ങള്‍ നീണ്ട കര്‍ഷക സമരം തെളിയിച്ചു കഴിഞ്ഞു. സമാധനപരമായ സമരങ്ങള്‍ ആണെങ്കില്‍ ഫലരഹിതമായി തീരുന്നു. അല്പമെങ്കിലും തീഷ്ണത കാണിച്ചാല്‍ രാഷ്ട്രീയ ഗുണ്ടകളും പോലീസ് സേനയും വെടി വെച്ച് അടിച്ചമര്‍ത്തുകയും ചെയ്യും. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്തെ തീഷ്ണമായ കര്‍ഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും നരേന്ദ്രമോദി ഭരണത്തിന്റെ കീഴില്‍ സംസ്ഥാ ബി.ജെ.പി. സര്‍ക്കാരുകള്‍ നിരായുധരായ കര്‍ഷകരുടെ നേരെ വെടിയുണ്ടകള്‍ പായിച്ചാണ് അടിച്ചമര്‍ത്തിയത്. സായുധമായ ഏറ്റുമുട്ടല്‍ അല്ലാതെ ജനങ്ങളെ പകല്‍ കൊള്ള നടത്തുകയും കോര്‍പറേറ്റുകളുടെ പകല്‍ കൊള്ളയ്ക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങള്‍ പിച്ചി ചീന്തുകയും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് എതിരെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകര്‍ച്ചയാണ് വരുത്തി വയ്ക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രമെന്ന നിലയില്‍ ഭരണാധികാരികള്‍ അതിന്റെ അടിത്തറ മാന്തുമ്പോള്‍ ജനാധിപത്യത്തിന്റെ ഒരു സംവിധാനവും രക്ഷയ്ക്ക് വരുവാന്‍ ശേഷിയില്ലെങ്കില്‍ അത് ആപല്‍ക്കരമായി തീരും. പ്രത്യക്ഷമായി ഇന്ത്യയുടെ ജനാധിപത്യത്തെ തകര്‍ക്കുന്ന ഒരു നടപടിയും എടുക്കുവാന്‍ അതിന് ആഗ്രഹമുണ്ടെങ്കില്‍ കൂടി കോര്‍പറേറ്റ് ശക്തികള്‍ പാശ്ചാത്യ പൊതുജനാഭിപ്രായത്തെ കണക്കിലെടുത്ത് മുതിരില്ല. കോര്‍പറേറ്റ് ശക്തികളുടെ പിന്‍ബലത്തിലും കെട്ടുപിണഞ്ഞും കിടക്കുന്ന ഹിന്ദുത്വ ശക്തികള്‍ അവരുടെ ആജ്ഞകള്‍ അവഗണിക്കില്ല. അതിനാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവര്‍ ആഗ്രഹിക്കുന്നെങ്കില്‍ കൂടി ജനാപത്യത്തിന്റെ പുറന്തോട് തകര്‍ക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ തുനിയില്ലായെന്നു വേണം കരുതുവാന്‍. എന്നാല്‍ മുന്‍ പറഞ്ഞതുപോലെ ജനാധിപത്യത്തെ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചേതനമാക്കുമ്പോള്‍ ക്രമേണയായി രാജ്യത്തെ ഒരു വേദിയും ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കുവാന്‍ ഇല്ലാതാകും. അത്തരമൊരു സാഹചര്യത്തില്‍ രൂപപ്പെടാവുന്ന സായുധ സംഘര്‍ഷങ്ങളെ സമ്പൂര്‍ണ്ണാധിപത്യത്തിന് ഉപകരിക്കുമെന്ന തെറ്റായ കണക്കുകൂട്ടലില്‍ ഹിന്ദുത്വ ശക്തികള്‍ ഇഷ്ടപ്പെട്ടേക്കാം. മുസ്ലീങ്ങളെ ശാശ്വതമായി തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടല്‍ ആയിരിക്കും അതിന്റെ പ്രേരണാ ശക്തി. അതുപോലെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങള്‍ ഒരുപാട് ഓരോ വന്‍കിട പദ്ധതികളുടെയും മേഖലകളില്‍ നടക്കുന്നു. അത്തരം മേഖലകളില്‍ മുന്നോട്ടുള്ള പോക്ക് അസാധ്യമായ ഇടങ്ങളില്‍ സായുധ സംഘര്‍ഷങ്ങള്‍ കോര്‍പറേറ്റ് ശക്തികളും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും പോലെ സ്വാഗതം ചെയ്യാം. മഹായുദ്ധങ്ങള്‍ ഇല്ലാതെ തന്നെ ലോകം അരാജകത്വത്തിന്റെയും സംഘര്‍ഷത്തിന്റെയും പുതിയൊരു ഭൂപടം നിര്‍മ്മിക്കുന്നതിന്റെ വക്കിലാണ്.
പാരീസ് ആസ്ഥാനമാക്കിയ ഫൊര്‍ബിഡന്‍ സ്റ്റോറീസ് എന്ന സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശ ഗ്രൂപ്പും നടത്തിയ അന്വേഷണങ്ങളാണ് മേല്‍ പരമാര്‍ശിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ഉറവിടമായത്. ആ വാര്‍ത്തകള്‍ പഗസസ് നിഷേധിച്ചെങ്കിലും എല്ലാ ‘ദുരുപയോഗ’-ങ്ങളും ‘അന്വേഷിക്കു’മെന്ന് പഗസസ് പറയുന്നു. ആ അവകാശവാദങ്ങള്‍ മുഖവിലയ്ക്ക് എടുക്കുവാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍ ലോകത്ത്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ഇസ്രയേലിലെ തൊഴിലാളികക്ഷിയിലൂടെ കടന്നു വന്ന ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങള്‍ സൃഷ്ടിച്ച ചില ജനാധിപത്യ സംവിധാനങ്ങളും അവകാശങ്ങളും ഒരു പക്ഷേ ഈ വിഷയത്തില്‍ ഒരു കച്ചിതുരുമ്പായി തീരാം. അതിനുള്ള മുറവിളി ലോകത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വാദികളും ഉയര്‍ത്തികൊണ്ടു വന്നാല്‍ അതൊരു പക്ഷേ ഇന്ത്യയിലെ ജനാധിപത്യത്തിനും രക്ഷയായി തീരാം. എന്നിരുന്നാലും നരഭോജികളുടെ സ്വഭാവമനുസരിച്ച് ജനാധിപത്യ സംവിധാനങ്ങളുടെയും പ്രതിപക്ഷങ്ങളുടെയും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളുടെയും മേലുള്ള ചാരവൃത്തി അവസാനിപ്പിക്കുവാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉറപ്പായും ഇന്നത്തെ ഭരണാധികാരികള്‍ തേടുമെന്നുള്ളതും ഉറപ്പായ കാര്യമാണ്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ഒരാളുടെയും ഫോണ്‍ ചോര്‍ത്തുവാന്‍ പാടില്ലായെന്നും കഴിയില്ലായെന്നുമാണ് മുന്‍ നിയമ – ഐ.റ്റി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പെഗസസ് വിവാദത്തിലുള്ള പ്രതികരണം. അപ്രകാരം നിയമാനുസരണം മാത്രം പ്രവര്‍ത്തിക്കുകയും ജനാധിപത്യ മര്യാദകള്‍ പാലിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനുവേണ്ടി ഇനി നാം എത്രകാലം കാത്തിരിക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in