മറക്കരുത്, രോഗികള്‍ക്കുമുണ്ട് അവകാശങ്ങള്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറടക്കമുള്ള ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ളവര്‍ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്കുമുന്നില്‍ മുട്ടുകുത്തിയ സംഭവം അസംഘടിതരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സമരങ്ങള്‍ ചെയ്യരുതെന്നും നിരന്തരം ഉരുവിടുന്ന ഐഎംഎ അടക്കമുള്ള സംഘടനകള്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനവും ഒ പി ബഹ്ഷ്‌കരണവും നടത്തി. . അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ച് സമരം ശക്തമാക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ മുട്ടുകുത്തുകയായിരുന്നു. നടപടി പിന്‍വലിച്ചശേഷം മുഖ്യമന്ത്രി ഐഎംഎയെ രൂക്ഷമായി വിമര്‍ശിക്കുന്നതും കണ്ടു. ചിലര്‍ക്കെതിരെ ചെറിയ ചില നടപടികള്‍ എടുക്കുമത്രെ.

കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആരോഗ്യജീവനക്കാല്‍ ഏറെ ജോലി ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അറിഞ്ഞിടത്തോളം ലോകം മുഴുവന്‍ അങ്ങനെതന്നെ. എന്തായാലും അതിന്റെ പേരില്‍ കുറ്റവാളികളേയും സ്വന്തം തൊഴിലില്‍ വീഴ്ച വരുത്തുന്നവരേയും ശിക്ഷിക്കരുതെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? രോഗിയെ പുഴുവരിച്ച സംഭവത്തിലും ആംബുലന്‍സിലെ ബലാല്‍സംഗത്തിലും നവജാത ഇരട്ടക്കുട്ടികളുടെ മരണത്തിലും മൃതദേഹം മാറി നല്‍കിയ സംഭവത്തിലുമൊക്കെ ഉത്തരവാദികളെ വെറുതെ വിടണമെന്നാണോ ഐഎംഎക്കാര്‍ പറയുന്നത്? കുറ്റവാളികളെ സംരക്ഷിക്കലാണോ ട്രേഡ് യൂണിയനുകളുടെ കടമ? മതിയായ ആരോഗ്യജീവനക്കാരില്ലെങ്കില്‍ കൂടുതല്‍ പേരെ നിയമിക്കാനാവശ്യപ്പെട്ടാണ് സമരം നടത്തേണ്ടത്. കുറ്റവാളികളെ ശിക്ഷിക്കരുതെന്നാവശ്യപ്പെട്ടല്ല. കൊറോണ വൈറസാണ് ഇവരേക്കാള്‍ ഭേദം എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇവരിതെല്ലാം അവകാശപ്പെടുമ്പോള്‍ രാജ്യ്തതെ 75 ശതമാനം രോഗവ്യാപനവും കേരളമടക്കമുള്ള ഏഴു സംസ്ഥാനങ്ങളിലാണെന്ന വാര്‍ത്തയും വന്നു.

കേരളം പ്രബുദ്ധമാണ്, ജനങ്ങള്‍ സംഘടിതരാണെന്നൊക്കെ പറയാറുണ്ടല്ലോ. കണക്കുകള്‍ എടുത്ത് പരിശേധിച്ചാല്‍ വളരെ ചെറിയ വിഭാഗം മാത്രമാണ്. ംസഘടിതരായിട്ടുള്ളവര്‍. അവരില്‍ തന്നെ വലിയൊരു വിഭാഗം തങ്ങളുടെ സംഘടിഥശേഷി തെളിയിക്കുന്നത് അസംഘടിതരായ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ക്ക് എതിരെയാണ്. അതാണ് ഈ സംഭവത്തിലും കാണുന്നത്. ജനസംഖ്യയില്‍ വളരെ കുറവാണെങ്കിലും സംഘടിതരായ ഡോക്ടര്‍മാരും സര്‍ക്കാര്‍ ന്‌ഴസുമാരും മറ്റും അവരുടെ സംഘടിതശേഷി ഉപയോഗിക്കുന്നത് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് രോഗികള്‍ക്ക് നേരെയാണ്. ഒരിക്കലും സംഘടിക്കാനംു അവകാശങ്ങള്‍ നേടിയെടുക്കാനും അറിയാത്തവരാണല്ലോ രോഗികള്‍. എതേസമയം രോഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് സുപ്രധാനമായ രേഖ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. അതിലൂടെ ഒന്നു കണ്ണോടിച്ചാലാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാകുക.

ചികിത്സയുടെ കാര്യത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ രോഗിയുടെ അറിവോടും പങ്കാളിത്തത്തോടും സ്വതന്ത്രമായ സമ്മതത്തോടും കൂടിയായിരിക്കണം. അതിന് പാകമായ അവസ്ഥയിലല്ല രോഗിയെങ്കില്‍, അടുത്ത കുടുംബാംഗങ്ങളുടെ പങ്കാളിത്തവും സമ്മതവും ഉറപ്പുവരുത്തണം. എന്താണ് രോഗം, നല്‍കാന്‍ പോകുന്ന ചികിത്സ എന്തൊക്കെ, തുടര്‍ നടപടികള്‍ എന്തായിരിക്കും, ഭവിഷ്യത്തുക്കള്‍ ഉണ്ടെങ്കില്‍ അവയുടെ സാധ്യത എത്രത്തോളം. ചിലവ് എത്രത്തോളം എന്നിവ രോഗി/അടുത്ത ബന്ധുക്കള്‍ എന്നിവരെ അറിയിക്കണം, രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കണം, രോഗത്തിന്റെ സ്വഭാവവും രോഗിയുടെ സാമൂഹ്യ-സാമ്പത്തിക-ഗാര്‍ഹിക പാശ്ചാത്തലവും പരിഗണിച്ച്, ആശുപത്രിയിലോ സമീപപ്രദേശത്തോ ലഭ്യമായ സാന്ത്വന ചികിത്സയെക്കുറിച്ചും രോഗിയെ/ബന്ധുക്കളെ അറിയിക്കണം, രോഗിക്ക് ലഭി ക്കേണ്ട ആദരം, സ്വകാര്യത, മാന്യത, രോഗിയുടെ ശരീരം, ആത്മാഭിമാനം, സ്വകാര്യത ഇവയെല്ലാം ആദരിക്കപ്പെടണം, രോഗം ഏതെങ്കിലും വിധത്തിലുള്ള അയോഗ്യതയായി രോഗിക്ക് തോന്നാനിടയാകരുത്, രോഗിയുടെ രോഗത്തിന് ലഭ്യമായ അലോപ്പതി ചികിത്സാവിധികള്‍ക്ക് പുറമെ ലഭ്യമായ മറ്റ് രോഗനിവാരണമാര്‍ഗ്ഗങ്ങള്‍ (ആയുര്‍വ്വേദം, ഹോമിയോ, പ്രകൃതിജീവനം തുടങ്ങിയവ) സംബന്ധിച്ച വിവരവും രോഗികള്‍ക്ക് നല്‍കണം, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ ചികിത്സാപദ്ധതികള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, അതത് കാലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാ പിക്കുന്ന ഇതര സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് രോഗിയെ/ ബന്ധുക്കളെ ധരിപ്പിക്കണം, തന്നെ ആരാണ് ചികിത്സിക്കുന്നത്, ഡോക്ടറിന്റെ പേര്, അദ്ദേഹത്തിന്റെ സവിശേഷ യോഗ്യതകള്‍ എന്നിവ രോഗിക്ക് അറിയാന്‍ കഴിയണം, ഏതൊരു ഘട്ടത്തിലും ചികിത്സ നിഷേധിക്കാനുള്ള അവകാശം. മറ്റൊരു ഡോക്ടറേയോ ആശുപത്രിയിലോ ബന്ധപ്പെട്ട് വിദഗ്ദ്ധാഭിപ്രായം തേടാനുള്ള അവകാശം എന്നിവയും രോഗിക്ക് ലഭ്യമാകണം, ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗിക്ക് തന്റെ രോഗം സംബന്ധിച്ച കണ്ടെത്തലുകള്‍ എന്തൊക്കെ, നല്‍കപ്പെട്ട ചികിത്സകള്‍ എന്തൊക്കെ, തുടര്‍ ചികിത്സകള്‍, രോഗസാധ്യതകള്‍, എന്നിവ സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് രേഖാമൂലം ലഭിക്കണം, പരാതികളുണ്ടെങ്കില്‍, ആരുടെ പക്കല്‍ എപ്രകാരം നല്‍കണം, അതിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കപ്പെടുമോ, പരാതിയിന്മേല്‍ നടത്തപ്പെട്ട അന്വേഷണം, സ്വീകരിച്ച നടപടികള്‍-എന്നിവ സംബന്ധിച്ച വ്യക്തത രോഗിക്ക് ലഭിക്കണം, പരീക്ഷണത്തിലിരിക്കുന്ന മരുന്ന്/ രാസവസ്തുവാണ് രോഗിക്ക് നല്‍കുന്നതെങ്കില്‍ ആ വിവരം മുന്‍കൂട്ടി വ്യക്തമായും വിശദമായും രോഗിയെ പറഞ്ഞു ബോധ്യപ്പെടുത്തി അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ രോഗിയുടെ അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം. പരീക്ഷിക്കപ്പെടുന്ന മരുന്നിന്റെ ഗുണദോഷങ്ങള്‍, അതുമൂലം രോഗിക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍, നഷ്ടപരിഹാരസാധ്യതകള്‍ എല്ലാം രോഗിയെ/ബന്ധുക്കളെ രേഖാമൂലം അറിയിച്ചിരിക്കണം, ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും കാണത്തക്കവിധം ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പരസ്യബോര്‍ഡുകള്‍ ആശുപത്രിയുടെ കവാടത്തിലും, വിവരങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ഓഫീസിന്റെ സമീപത്തും സ്ഥാപിക്കേണ്ടതാണ്, ഡിസ്ചാര്‍ജ്ജിനു ശേഷം 72 മണിക്കൂറിനകം ചികിത്സാരേഖകളും റിപ്പോര്‍ട്ടുകളും രോഗികള്‍ക്കു നല്‍കുക, ഏതെങ്കിലും മരുന്നുകടകളേയോ ഫാര്‍മസികളേയോ ശുപാര്‍ശ ചെയ്യാതിരിക്കുക തുടങ്ങിയവയെല്ലാം രോഗിയുടെ സ്വാഭാവിക അവകാശങ്ങളാണ്. കൂടാതെ സുതാര്യതയെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന കാലമായിട്ടും ചികിത്സാ നിരക്കുകള്‍ ഇപ്പോള്‍ സുതാര്യമല്ല. തോന്നിയ പോലെയാണ് ഓരോ ആശുപത്രിയും അത് ഈടാക്കുന്നത്. ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുകയും പരസ്യമാക്കുകയും വേണമെന്ന നിര്‍ദ്ദേശവും കരടിലുണ്ട്. എന്നാല്‍ എന്താണ് സംഭവിക്കുന്നത്? രോഗിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന രീതിയില്‍ മരുന്നുകളുടെ പേരുപോലും എഴുതാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല എന്നതാണ് യാഥാര്‍ത്ഥ്യം. രോഗത്തെ കുറിച്ച് വ്യക്തമായ ചിത്രവും രോഗിക്കോ ബന്ധുക്കള്‍ക്കോ നല്‍കാറുമില്ല.

ഒരു രോഗിയെ കിട്ടിയാല്‍ എങ്ങനെ അവന്റെ പോക്കറ്റ് കാലിയാക്കാം എന്ന അവസ്ഥയിലേക്ക് കേരളത്തിലെ വൈദ്യമേഖല മാറികഴിഞ്ഞിരിക്കുന്നു. രോഗങ്ങളെ കുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാല്‍ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥയിലാണ് രോഗികള്‍. മരുന്നു കമ്പനികളാണ് പൊതുവില്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നത്. വന്‍ തുക കൊടുത്ത് ഡോക്ടറായി വരുന്നവര്‍ ആ പണം പലിശയടക്കം തിരിച്ചു പിടിക്കാന്‍ സ്വാഭാവികമായും ചെയ്യുന്നതാണ് ഇവിടെ നടക്കുന്നത്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ ഇതാണ് മുഖ്യപ്രവണത. അതിനെതിരെ അസംഘടിതരായ രോഗികളും കുടുംബങ്ങളും എങ്ങനെയാണ് പ്രതികരിക്കുക? മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചാല്‍ തന്നെ അത് തെളിയിക്കുക എളുപ്പമല്ല. കാരണം അതേ കുറിച്ചന്വേഷിക്കുക ഡോക്ടര്‍മാര്‍ തന്നെയായിരിക്കും, അവരുടെ റിപ്പോര്‍ട്ടാണ് കോടതി തെളിവായി സ്വീകരിക്കുക. ഈ സാഹചര്യത്തിലാണ് പലയിടത്തും ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടക്കുന്നത്. അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി.

എല്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പരാതി പരിഹാരസെല്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രീലയം പുറത്തിറക്കിയ കരടില്‍ ഊന്നിപറയുന്നുണ്ട്. പരാതി കിട്ടി 24 മണിക്കൂറിനകം നടപടികള്‍ ആരംഭിക്കണമെന്നും 15 ദിവസത്തിനകം വിശദ വിവരങ്ങള്‍ രോഗിയെ അറിയിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അറിയാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിക്കപ്പെടുന്ന രോഗികള്‍ക്ക് ഇതൊരു ആശ്വാസമാണ്. നടപടികളില്‍ തൃപ്തരല്ലെങ്കില്‍ രോഗികള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അതോറിറ്റികളെ സമീപിക്കാം. ബില്‍ തര്‍ക്കങ്ങളുടെ പേരില്‍ രോഗിയേയോ മൃതദേഹത്തേയോ തടഞ്ഞുവെക്കരുതെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. വളരെ പ്രധാനപ്പെട്ട മറ്റൊന്ന് രോഗികളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കലാണ്. ചികിത്സാവേളയില്‍ മാത്രമല്ല, മരണത്തിലും മരണ ശേഷവും രോഗിയുടെ അന്തസ്സ് മാനിക്കണം. അതാണ് പുഴുവരിച്ച സംഭവത്തിലും മൃതദേഹം മാറിയ സംഭവത്തിലുമൊക്കെ ഇല്ലാതിരിക്കുന്നത്.

രോഗികളുടെ അവകാശങ്ങളെ കുറിച്ചുള്ള കരടിനെ കുറിച്ചുള്ള അഭിപ്രായം കാലാവധി കഴിഞ്ഞിട്ടും കേരളം അറിയിച്ചിട്ടില്ല എന്നാണറിവ്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിച്ചുള്ള ഇത്തരം സമരാഭാസങ്ങള്‍ നടന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളു..


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply