സമാന്തര വൈദ്യശാഖകളും അനിവാര്യം

സ്‌പെഷ്യലൈസേഷനും സാങ്കേതികതക്കും ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള രോഗ ചികിത്സാരീതിയല്ല, മനുഷ്യന്റെ ശാരീരിക, മാനസിക, സാമൂഹിക, പാരിസ്ഥിതിക ആരോഗ്യത്തിലൂന്നുന്ന പ്രതിരോധം തന്നെയാണ് കരണീയം എന്ന അവബോധം പാശ്ചാത്യ ചികിത്സകര്‍ക്കിടയില്‍ത്തന്നെ ഇന്ന് വേരുറച്ചു വന്നു കൊണ്ടിരിക്കുന്നു. കുടുംബ ഡോക്ടര്‍ സംവിധാനത്തെ തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത,പ്രൈമറിതലം മുതല്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കിത്തുടങ്ങേണ്ട ആരോഗ്യപാഠങ്ങളും ഭക്ഷണ ശീലങ്ങളും, കൃഷി ശീലമാക്കുന്നതിന്റെ പ്രാധാന്യം തുടങ്ങി ഡോക്ടര്‍ ശശിധരന്‍ (പാഠഭേദം മെയ് ലക്കം) പാഠഭേദത്തില്‍ ഉയര്‍ത്തുന്ന ആശയങ്ങളോടൊക്കെ യോജിപ്പു തന്നെ. ഒപ്പം, ചില കാര്യങ്ങളില്‍ കുറച്ചു കൂടി വൃക്തത വേണമെന്നു തോന്നുന്നതിനാല്‍ ഈ കുറിപ്പ്.

ഒന്നാം കോവിഡ് തരംഗം ഡോക്ടറുടെ ആദ്യകാല നിരീക്ഷണങ്ങള്‍ പോലെ, നിയന്ത്രണവും ഭീതിയും അത്ര വേണമായിരുന്നോ എന്നു തോന്നിപ്പിക്കും വിധം ഇന്ത്യയെ വലിയ തോതില്‍ പരിക്കേല്‍പ്പിക്കാതെ ഇതു വരെ നിലനിന്നു. ഇറ്റലിയിലും ബ്രസീലിലും അരങ്ങേറിയ ഭീതിത രംഗങ്ങള്‍ നമുക്ക് ദൂരക്കാഴ്ചകള്‍ മാത്രമായിരുന്നു. കോവിഡ് ഏല്‍പ്പിച്ച സാമൂഹികാഘാതങ്ങളെപ്പറ്റി നാം കൂടുതല്‍ വാചാലരായി. അത് ഏറെ യുക്തവുമായിരുന്നു താനും. പക്ഷേ, ഇന്ത്യന്‍ വകഭേദം കൂടി ഉള്‍പ്പെട്ട രണ്ടാം തരംഗം ഒരിക്കലും മറക്കാനാവാത്ത അനഭവങ്ങളായി ഇപ്പോഴും നമുക്കിടയിലുണ്ട്. തികച്ചും മറ്റൊരു പുതിയ വൈറല്‍ രോഗമായി കരുതാവുന്ന വിധം വ്യത്യസ്തമല്ലേ ഈ രണ്ടാമന്‍? ആദ്യഘട്ടത്തിലെ കണക്കെടുപ്പിലെ അപര്യാപ്തതയെന്നു വാദിച്ചാലും, ഇന്ന് പ്രാണവായുവിനായി ഓടിക്കിതയ്ക്കുന്ന തലസ്ഥാന നഗരിയിലെ മനുഷ്യരും ഗംഗയിലൂടെ ഒഴുകിയെത്തുന്ന ആയിരക്കണക്കിന് മൃതദേഹങ്ങളും ഭരണാധികാരികള്‍ക്കു നേരെ തികച്ചും ഗ്രാമീണരായവരുടെ രോഷപ്രകടനങ്ങളും രണ്ടാം തരംഗം വ്യത്യസ്തമാണെന്നു തന്നെ വിളിച്ചോതുന്നു. സാമൂഹ്യവ്യാപനം ആയിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി ലോക് ഡൗണ്‍ അനാവശ്യമെന്ന് ഈ അന്യസംസ്ഥാനക്കാഴ്ചകളുടെയെങ്കിലും വെളിച്ചത്തില്‍ പറയുന്നതെങ്ങനെ? മാസ്‌ക് ഉപയോഗിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാകണമെന്നും? കൂടുതല്‍ ചെറുപ്പക്കാര്‍ മരിക്കുന്നതും തീവ്ര ശ്വാസകോശ പ്രശ്‌നങ്ങളായി പെട്ടെന്ന് രോഗബാധ രൂപം മാറുന്നതും രോഗസംക്രമണ വേഗം കൂടിയതുകൊണ്ടു മാത്രമാകണമെന്നില്ല, മറിച്ച് ജനിതക വ്യതിയാനം കൊണ്ടുള്ള വേഷപ്പകര്‍ച്ച കൂടിയാകാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഓരോ പ്രത്യേക വൈറല്‍ രോഗത്തെയും അതിന്റെ പെരുമാറ്റ രീതികള്‍ സസൂക്ഷ്മം വീക്ഷിച്ചും വൈറോളജി പഠനങ്ങളെ അവലംബിച്ചും തന്നെ മുന്നോട്ടു പോകേണ്ടി വരും എന്നതല്ലേ വാസ്തവം? രണ്ടും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നവയുമാണ്. ലബോറട്ടറി മുന്നറിയിപ്പുകളെ അവഗണിച്ചതിന്റെ ഫലമാണല്ലോ ഇന്നു ഇന്ത്യ അനുഭവിക്കുന്നതും. വൈറോളജി പഠന നിഗമനങ്ങള്‍ എപ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ല എന്നതും സത്യം. സ്പാനിഷ് ഫല്‍ പോലെ മാരക പ്രഹരമേല്‍പ്പിക്കാമെന്നു ഭയന്ന 2009ലെ Swine Flue(H1N1) അത്രയൊന്നും പ്രശ്‌നമുണ്ടാക്കാതെ അടങ്ങിയത് നാം കണ്ടു. Covid- 19 ന് മുന്‍ഗാമിയായ SARS Virus ഉം 90% മരണസാധ്യതയുള്ള Ebola യും ആഗോളതലത്തില്‍ പടരാതെ ഒതുങ്ങിയതും അനുഭവം. സ്പാനിഷ് ഫല്‍ പടര്‍ന്ന കാലത്ത് അത് വ്യത്യസ്ത സമൂഹങ്ങളെ വ്യത്യസ്തമായി ബാധിച്ചതും ശ്രദ്ധയര്‍ഹിക്കുന്നു. ന്യൂസിലാന്റ്, ഫിജി പോലുള്ള ദ്വീപുരാജ്യങ്ങളിലെ ആദിമനിവാസികളെ അത് കൂടുതല്‍ മാരകമായി പ്രഹരിച്ചു എന്നു നാമറിയുന്നു.

മനുഷ്യന്റെ ഇമ്യൂണ്‍ സിസ്റ്റം അത്ഭുതകരവും വൈവിധ്യമാര്‍ന്നതുമാണല്ലോ. തീര്‍ച്ചയായും സമീകൃത ആഹാരവും ജീവിത ശൈലിയിലെ പോസിറ്റീവ് രീതികളും ഇമ്യൂണ്‍ സിസ്റ്റത്തെ ശക്തിപ്പെടുത്തുന്നുണ്ട്. ഒപ്പം ജന്മസിദ്ധമായതും, വ്യക്തിതലത്തില്‍ മാത്രമല്ല, സങ്കീര്‍ണമായ കാരണങ്ങളാല്‍ സമൂഹതലത്തിലും ആര്‍ജ്ജിതമായിക്കാണുന്ന രോഗ പ്രതിരോധശേഷിയും പ്രധാനമല്ലേ? അത് ഏതെങ്കിലുമൊരു പ്രത്യേക രോഗത്തിന്റെ സാമൂഹ്യവ്യാപനം കൊണ്ടോ വാക്‌സിന്‍ കൊണ്ടോ മാത്രം ഉണ്ടാകുന്നതുമല്ല. ഒരു പക്ഷേ, വൈറല്‍ കുടുംബത്തിലെ മറ്റു പല രോഗങ്ങളുമായി മുമ്പ് അഭിമുഖീകരണം ഉണ്ടായതു കൊണ്ടുമായിക്കൂടേ? ആര്‍ട്ടിക് ദ്വീപുകളിലെ മാവോറികള്‍ക്ക് സ്പാനിഷ് ഫല്‍ മാരകമായതും, ദാരിദ്ര്യവും സാമൂഹ്യ പിന്നോക്കാവസ്ഥയും അനുഭവിക്കുന്ന ഇന്ത്യന്‍ സമൂഹം കോവിഡ് 19 ന്റെ പ്രഥമ ബാധയില്‍ വലുതായി ഉലയാതെ നിന്നതും അതുകൊണ്ടാവാം. പുതിയ രണ്ടാം തരംഗത്തില്‍ അടി പതറിപ്പോയതും ഇതേ ഇമ്യൂണിറ്റി ബന്ധിത കാരണങ്ങള്‍ കൊണ്ടു തന്നെ. ഇപ്രാവശ്യം അതിഗൗരവം തിരിച്ചറിഞ്ഞതിനാലാകണം, ജനങ്ങളുടെ സഹകരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നന്നായി ഉണ്ടാകുന്നുണ്ട് എന്നതും ശ്രദ്ധിക്കുക. (സമീകൃത)ആഹാരം കൊടുക്കാതെ നിയന്ത്രണങ്ങള്‍ കൊണ്ടെന്ത് അര്‍ത്ഥം എന്നത് അടിയന്തിര ഭക്ഷണക്കിറ്റു വിതരണത്തിലൂടെയും സമൂഹ അടുക്കളകളിലൂടെയും കേരളമെങ്കിലും ദുരിതകാലത്ത് മറികടക്കുന്നുമുണ്ടല്ലോ. തീര്‍ച്ചയായും അതൊരു താല്‍ക്കാലിക സംവിധാനം മാത്രമാണ്. ദീര്‍ഘകാല ആരോഗ്യ, സാമ്പത്തിക, സാമൂഹിക തിരുത്തലുകള്‍ പിന്നാലെ വരേണ്ടവയുമാണ്. മനുഷ്യത്വമാണ് ഒരു സമൂഹത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന ഡോക്ടറുടെ ആശയത്തെ ദൃഢീകരിക്കും വിധം നമ്മുടെ യുവാക്കള്‍ പുതിയ സേവന മേഖലകള്‍ ഈ ദുരിതകാലത്തിലൂടെ മനസ്സിലാക്കിയെടുക്കുന്നു എന്നതും ഏറെ സന്തോഷകരമായ വസ്തുത തന്നെ.

മോഡേണ്‍ മെഡിസിന്‍ അതിനു മുമ്പുണ്ടായിരുന്ന എല്ലാ പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളുടെയും നന്മകളെ സ്വാംശീകരിച്ചുണ്ടായതാണ് എന്ന പ്രസ്താവത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുന്നില്ല. Homeostasis (കോശങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സമതുലനം തിരിച്ചുപിടിക്കല്‍) എന്ന പൊതുതത്വത്തിലൂന്നിയവയാണ് മോഡേണ്‍ മെഡിസിന്‍ പോലെത്തന്നെ പാരമ്പര്യ വൈദ്യങ്ങളിലേറെയും എന്നതിനാല്‍ അവ ഒരു തുടര്‍ച്ചയാണ് എന്നു പറയുന്നതില്‍ സാംഗത്യമുണ്ട്. എങ്കിലും ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ ഗ്രന്ഥാധിഷ്ഠിത പാരമ്പര്യ വൈദ്യങ്ങളിലെ അറിവുകള്‍ ഭാഷകളുടെയും, കാലബദ്ധമായ ചിലപ്പോഴൊക്കെ അബദ്ധങ്ങള്‍ തന്നെയായ വ്യാഖ്യാനങ്ങളുടെയും മത വിശ്വാസങ്ങളിലധിഷ്ഠിതമായ മന്ത്രങ്ങളുടെയും കെട്ടുകള്‍ പൊട്ടിച്ച് ഒരു പ്രത്യേക ചരിത്ര ഘട്ടത്തില്‍ പൂര്‍ണമായി സ്വാംശീകരിക്കാനാവുക എന്നത് പ്രായോഗികമല്ല. അങ്ങനെ സംഭവിച്ചില്ല എന്നതുകൊണ്ടു മാത്രം അവ അവഗണിക്കപ്പെടേണ്ടവയുമല്ല. മധ്യകാലഘട്ടത്തില്‍ അത്തരമൊരു വൈദ്യജ്ഞാന ക്രോഡീകരണവും നവീകരണവും (യവന, റോമന്‍, അറബിക്, പേര്‍ഷ്യന്‍ ചികില്‍സാ രീതികളുടെ) ഇസ്ലാമിക ലോകത്ത് ഫലപ്രദമായി നടന്നിട്ടുണ്ടു്. അപ്പോഴും ഇന്ത്യന്‍ ചികിത്സാ രീതികള്‍, ആയുര്‍വേദ, സിദ്ധ മുതലായവ പ്രായേണ അതിനു പുറത്തായിരുന്നു. ഇവ കൂടാതെ, ലിഖിതമല്ലാത്ത മരുന്നറിവുകള്‍ ആദിവാസി വൈദ്യര്‍ക്കിടയിലും കീഴാള പാരമ്പര്യത്തിലും, പ്രകൃതിചികിത്സ എന്ന നിലയിലും ഒക്കെ ചിതറിക്കിടപ്പുണ്ട്. ചൈനീസ് വൈദ്യം ആ രാജ്യത്ത് ഇപ്പോഴും സജീവമായിത്തന്നെയുണ്ട്. കോവിഡ് ചികിത്സയിലുള്‍പ്പെടെ അവരത് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണറിവ്. മോഡേണ്‍ മെഡിസിന്‍ വന്നതിനാല്‍ മറ്റുള്ളവയെല്ലാം അപ്രസക്തമായി എന്നു പറയുന്നത് മനുഷ്യരാശിക്കുപയോഗപ്പെടേണ്ട, ഇനിയും കണ്ടെത്തി ഉപയുക്തമാക്കേണ്ട അറിവുകളെ നഷ്ടപ്പെടുത്തലാണ്. അത് ആധുനിക വൈദ്യജ്ഞാന മേഖലയുടെ കൂടി നഷ്ടമല്ലേ? ചികിത്സാ സിദ്ധാന്തത്തിലുള്ള വൈരുധ്യം മൂലം ഒരു വൈദ്യശാഖയായിപ്പോലും അംഗീകരിക്കാന്‍ മോഡേണ്‍ മെഡിസിന്‍ വക്താക്കള്‍ തയ്യാറാവാത്ത ഹോമിയോപ്പതിയെ മനസ്സിലാക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഒരാളുടെ മുന്നില്‍ അതിനുമുണ്ട് ഗ്രന്ഥങ്ങളും പഠനങ്ങളുമേറെ. പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്ന് ഹോമിയോപ്പതി കൂടി പഠിച്ച് തങ്ങളുടെ ചികിത്സാ വൈഭവം വികസിപ്പിക്കുന്ന മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുമുണ്ടല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ വൈദ്യരംഗത്തെ വലിയ വൈരുധ്യം സമാന്തര ബദല്‍ വൈദ്യശാഖകള്‍ അഭ്യസിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കര്‍തൃത്വത്തില്‍തന്നെ നടത്തപ്പെടുകയും, മോഡേണ്‍ മെഡിസിന്‍ രംഗത്തേക്കുള്ള അതേ പൊതുപരീക്ഷയിലൂടെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുമ്പോഴും അവര്‍ രണ്ടാം കിട ഡോക്ടര്‍മാരോ വ്യാജ വൈദ്യന്മാരോ ആയി മോഡേണ്‍ മെഡിസിന്‍ വക്താക്കളാല്‍ അവഹേളിക്കപ്പെടുന്നു എന്നതാണ്. ഈ രീതി പാരമ്പര്യ വൈദ്യശാഖകളിലെ നന്മകള്‍ യഥാര്‍ത്ഥ രീതിയില്‍ ഖനനം ചെയ്യപ്പെടാനോ ഉപയുക്തമാക്കാനോ സഹായിക്കയില്ല തന്നെ. ഭാഷാ സാഹിത്യകൃതിക്ക് മൂന്നു വര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ ആയുര്‍വേദ ഡോക്ടര്‍ പി.എ.അബൂബക്കര്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന കൃതിയില്‍ സൂചിപ്പിക്കുന്ന പോലെ സമാന്തര, ബദല്‍ വൈദ്യശാഖകളിലെ പഠനം എം.ബി.ബി. എസിനു ശേഷമുള്ള ഉപരിപഠന വിഭാഗങ്ങളായി പരിവര്‍ത്തിപ്പിക്കുന്നത് ഒരു നല്ല പരിഹാരമാര്‍ഗമാകാം. സര്‍ജറിയിലോ ഗൈനക്കോളജിയിലോ, ഇപ്പോള്‍ ഡോക്ടര്‍ ശശിധരന്‍ ചുമതല വഹിക്കുന്ന ഉപരിപഠന വിഭാഗമായ ഫാമിലി മെഡിസിലോ ഉപരിപഠനം നിര്‍വഹിക്കുന്നതു പോലെ ഒരു പോസ്റ്റ് ഗ്രാഡുവേഷന്‍ കോഴ്‌സായി അവ വരട്ടെ. എം.ബി.ബി.എസ് മറ്റെല്ലാവരെയും പോലെ അടിസ്ഥാന വിഷയമായി പഠിച്ച അവര്‍ക്ക് ആത്മ വിശ്വാസത്തോടെ അതാതു വിഷയങ്ങളെ ആഴത്തില്‍ പഠിക്കാനും ഗവേഷണം നടത്താനും ഈ രീതി സഹായിക്കും.

ഒരു കുടുംബ ഡോക്ടര്‍, പാരമ്പര്യ ചികിത്സാരീതികളുടെ നന്മകള്‍ കൂടി സ്വായത്തമാക്കിയ ആള്‍ ആകണമെന്ന സൂചന ഡോ.ശശിധരനും തരുന്നുണ്ടല്ലോ. പാരമ്പര്യ ചികിത്സാ ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയ ആള്‍ എന്ന അധിക യോഗ്യത കൂടുതല്‍ മാനവിക കാഴ്ചപ്പാടുള്ള, പ്രകൃതി ബോധമുള്ള ഡോക്ടറാവാന്‍ ഗവേഷണത്തിലൊതുങ്ങാതെ ചികിത്സയെ പ്രൊഫഷന്‍ ആക്കാന്‍ താല്‍പ്പര്യപ്പെടുന്ന ട്രഡീഷണല്‍, ആള്‍ട്ടര്‍നേറ്റീവ് ബിരുദാനന്തര ബിരുദധാരിയെ സഹായിക്കില്ലേ?

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply