പാലു പിരിയുന്ന കാലം : എന്‍ എസ് മാധവന്‍ ഇരയുടെ ചിത്രം മാറ്റി വരക്കുന്നു.
എന്‍ എസ് മാധവന്റെ ‘പാലുപിരിയുന്ന കാലം’ കഥയെ സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു.
ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ സങ്കുചിത തീവ്രദേശീയതാബോധം നടത്തുന്ന കടന്നുകയറ്റത്തെ വിശകലനം ചെയ്ത രാഷ്ട്രീയ രചനകള്‍ എന്ന നിലയില്‍ എന്‍.എസ്.മാധവന്റെ തിരുത്തിനേയും മുംബൈയേയും കണക്കാക്കാമെങ്കില്‍ അതിന്റെ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥയായ പാല് പരിയുന്ന കാലം. തിരുത്തിലെ സുഹ്‌റയും, മുംബൈയിലെ അസീസും, ചരിത്രത്തിന്റെ ചില നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അനിവാര്യമായും അകപ്പെട്ടുപോയ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടുന്നവരാണ്. തിരുത്തില്‍ എന്‍.എസ്.മാധവന്‍ ‘എഴുത്തുകാരന്റെ ആയുധ’മായ പേന ശരിയ്ക്കും ഉപയോഗിച്ച് സുഹ്‌റ ഇട്ടുകൊടുത്ത തര്‍ക്കമന്ദിരമെന്ന വാര്‍ത്താതലക്കെട്ട് ബാബ്‌രി മസ്ജിദ് എന്ന് വെട്ടിയെഴുതി. ഇത് മുസ്ലിംകളിലുണ്ടാക്കിയ ആത്മവിശ്വാസവും കൃതജ്ഞതാബോധവും ചെറുതല്ല. മുംബൈയിലെ നായകനായ അസീസ് ‘ഭരണം മാറുമ്പോള്‍ മറ്റു പലതും മാറുമെന്ന’ തിരിച്ചറിവിന്റെ ആഘാതത്തില്‍ അട്ടിയിട്ട സ്‌നേഹമില്ലാത്ത മനുഷ്യമുഖങ്ങള്‍ക്കിടയില്‍ പേടിച്ചരണ്ട് നിന്നുപോയ മനുഷ്യനാണ്. ഹിന്ദുത്വ ദേശീയതയുടെ അക്രമാസക്ത മുഖം അതിശക്തമായി തുറന്നുകാട്ടുന്ന ഈ രണ്ട് കഥകളിലൂടെയും ഓരോ ചരിത്ര സന്ദര്‍ഭത്തിലും ഒരെഴുത്തുകാരന്‍ എങ്ങനെയാണ് തന്റെ രാഷ്ട്രീയ ദൗത്യം നിറവേറ്റുന്നത് എന്ന് തെളിയിക്കുകയായിരുന്നു എന്‍.എസ്.മാധവന്‍. ഗൗരവത്തോടെ എഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും മികച്ച പത്തോ പതിനഞ്ചോ രാഷ്ട്രീയ കഥകളില്‍ തീര്‍ച്ചയായും ഇവ രണ്ടുമുണ്ടാവും. പ്രമേയപരമായും ആഖ്യാനപരമായും.
എന്നാല്‍ ഈ ട്രിലജിയിലെ അവസാനത്തെ കഥയായ പാല് പിരിയുന്ന കാലം എത്രത്തോളം സമകാലിക രാഷ്ട്രീയത്തോട് നീതി പുലര്‍ത്തുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. തിരുത്തും മുംബൈയും എഴുതപ്പെട്ട കാലത്തേക്കാള്‍ ആസുരമാണ് ഇപ്പോഴത്തെ ഇന്ത്യ. അന്നത്തേക്കാള്‍ ഹിംസാത്മകമാണ് ഇപ്പോഴത്തെ അന്തരീക്ഷം. പൗരത്വ നിഷേധവും ഏറ്റുമുട്ടല്‍ക്കൊലയും നീതിയുടെ ദുരുപയോഗവും ആള്‍ക്കൂട്ടക്കൊലകളും അതിഭീകരമായി നിറഞ്ഞു നില്ക്കുന്ന സാമൂഹ്യ വ്യവസ്ഥയില്‍ തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന കൃത്യമായ തിരിച്ചറിവ് ഇന്ത്യയിലെ മുസ്ലിംകള്‍ക്കുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗോസംരക്ഷക രാഷ്ട്രീയം അഴിച്ചു വിടുന്ന ആള്‍ക്കൂട്ട അതിക്രമത്തെപ്പറ്റി എഴുതുന്ന കഥയിലെ ഇരയുടെ പ്രാതിനിധ്യം ആര്‍ക്കാണ് ഉണ്ടാവേണ്ടത്? പാല് പിരിയുന്ന കാലത്തില്‍ ‘ലിഞ്ചിംഗി’ന്ന് ഇരയാവുന്നത് പഹ്‌ലൂഖാനേയോ അഖ്‌ലാഖിനേയോ ജൂനൈദിനേയോ പോലെയുള്ള ഒരു മുസ്ലിമല്ല. ഇന്ത്യയിലൊരിടത്തും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണലില്‍ വരുന്ന ഗോസംരക്ഷക തീവ്രവാദം, മുസ്ലിംകളല്ലാത്തവരെ ഒരിക്കലും ലക്ഷ്യം വെച്ചിട്ടില്ല. സ്വാഭാവികമായും തീവ്രഹിന്ദുത്വ വിരുദ്ധപക്ഷത്ത് നില്ക്കുന്ന കഥാകൃത്ത് സുഹ്‌റയേയോ അസീസിനെയോ പോലെയുള്ള ഒരു മുസ്ലിം കഥാപാത്രത്തെയായിരുന്നു ഇരയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടിയിരുന്നത്. എന്നാല്‍ കഥയിലത് സാബു എന്ന മലയാളിയാണ്, വെറും മല്ലു; തികഞ്ഞ ഹിന്ദു. ഈ കഥാപാത്രനിര്‍മ്മിതിയിലൂടെ അയാള്‍ക്ക് നേരെ ഉയര്‍ന്ന തീവ്രഹിന്ദുത്വത്തിന്റെ ഹിംസാത്മകതയില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു. മുസ്ലിം ന്യൂനപക്ഷത്തിനെതിരായി ഇന്ത്യയില്‍ രൂപപ്പെട്ടു വരുന്ന വംശീയ വിരോധത്തിന് പകരം, മലയാളി വിരോധമോ തെക്കു നിന്നെത്തിയവരോടുള്ള വിരോധമോ മതേതരവാദത്തോടുള്ള വിരോധമോ ഒക്കെയായി അത് വ്യാഖ്യാനിക്കപ്പെടുന്നു. ഇത് വസ്തുതാവിരുദ്ധമാണ്. തീവ്രഹിന്ദുത്വത്തിന്റെ അജണ്ടയിലെ ശത്രുപ്പട്ടികയില്‍ പ്രധാനമായുമുള്ളത് മലയാളിയോ ദക്ഷിണേന്ത്യക്കാരനോ സെക്കുലറിസ്റ്റോ അല്ല, മുസ്ലിം തന്നെയാണ്. എന്‍.എസ്.മാധവന്‍ പക്ഷേ വസ്തുതകളെ മറിച്ചിടുകയാണ്. അല്‍ക്കാനേഗി ചോദിക്കുന്നു.
‘സാബു? മുസ്ലിം’?
അല്ല.
അവള്‍ സംശയത്തോടെ പുരികമുയര്‍ത്തി
മല്ലൂ?
‘അതെ മലയാളി’
‘പേര് സാബു, നാട് കേരളം, പറ ഇതെന്ത് ഇറച്ചി?’
ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. അതോടെ ആദ്യത്തെ തല്ല് സാബുവിന്റെ മുഖത്തേറ്റു.
സാബുവിന് ഏറ്റ തല്ലും ജൂനൈദിനും അഖ്‌ലാഖിനുമേറ്റ തല്ലും വ്യത്യസ്തങ്ങളാണ്. ഈ വിഭജനത്തിലൂടെ രചയിതാവ് ഇരയുടെ ചിത്രം കൃത്യമായി മാറ്റിവരച്ചു. ആള്‍ക്കൂട്ട അതിക്രമത്തിന് ഇരയാവുന്നത് മുസ്ലിം ന്യൂനപക്ഷമാണ് എന്നതിലേറെ സെക്കുലറിസ്റ്റ് സമൂഹമാണ് എന്ന മട്ടിലുള്ള അപനിര്‍മ്മാണമാണിത്. കേരളമാണ് ഇന്ന് ഹിന്ദു തീവ്രദേശീയതക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയെ നയിക്കുന്നത്. അതിനാല്‍ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാം പേര് മലയാളിയുടേത്. അതേസമയം സംഘപരിവാറിന്റെ പട്ടികയിലുള്ള ഒന്നാംപേര് മലയാളിയുടേതല്ല, മുസ്ലിമിന്റേതാണ്. ഈ പേര് വെട്ടിമാറ്റി വാര്‍പ്പു മാതൃകാ മതേതരത്വത്തിന്റെ സുരക്ഷിതമറക്കുള്ളിലേക്ക് അപ്രത്യക്ഷനാവുകയാണ് കഥാകൃത്ത് ചെയ്യുന്നത്. ഈ അപനിര്‍മ്മാണം വീണ്ടും കഥയില്‍ ദര്‍ശിക്കാവുന്നതാണ്. ‘സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഒഴിഞ്ഞു കിടന്ന പ്ലാറ്റ് ഫോം നമ്പര്‍ നാലില്‍ വന്ന് നിന്നു. അതില്‍ നിന്ന് ആളുകള്‍ ഇറങ്ങുന്ന ശബ്ദം അടങ്ങിയപ്പോള്‍ തീവണ്ടിയുടെ വശത്തിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ട് ഒരാള്‍ തുടര്‍ച്ചയായി വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു ”ഗോരഖ് ബാബയുടെ നാട്ടില്‍ നിന്ന് ഗോരഖ് ധാം എക്‌സ്പ്രസില്‍ വന്ന ഗോരഖ് പുരികളേ, തെക്കുനിന്നെത്തിയ ഒരു ഗോമാംസ വില്‍പ്പനക്കാരനെ തൊണ്ടിയോടെ പിടിച്ചിരിക്കുന്നു.”
ഇര കൃത്യമായി മാറുകയാണ് ഇവിടെ. ഗോ സംരക്ഷകരുടെ ശത്രു മുസ്ലിം അല്ല തെക്കു നിന്നു വന്ന ആളാണെന്ന് വ്യക്തമായി. ഇന്ത്യയില്‍ വ്യാപകമായി നടന്നു വരുന്ന മുസ്ലിംവിരുദ്ധ ആള്‍ക്കൂട്ടക്കൊലയുടെ ടാര്‍ഗറ്റ് ആരാണെന്ന വസ്തുതയെ അതിവിദഗദ്ധമായി വടക്കു-തെക്ക് വിഭജനത്തിലേക്ക് മാറ്റിയിടുകയാണ് ചരിത്രസന്ദര്‍ഭങ്ങളുടെ കഥാകാരന്‍ ചെയ്തത്, ലിഞ്ചിംഗ് മോബിന്നെതിരില്‍ കഥാകാരന്‍ സമര്‍പ്പിച്ച കുറ്റപത്രികയിലെ വകുപ്പുകള്‍ തീര്‍ത്തും ദുര്‍ബ്ബലമാവുകയാണ് ഇതോടെ. സാബുവിനെ ആള്‍ക്കൂട്ടക്കൊലക്കാരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത് അല്‍ക്കാനേഗി എന്ന ഇരുപത്തൊന്നുകാരി പെണ്‍കുട്ടിയാണ്. ജീന്‍സും ടീഷര്‍ട്ടുമിട്ട ഒരു മെലിഞ്ഞ പെണ്‍കുട്ടി. ഈ പെണ്‍കുട്ടി വേഷഭൂഷകള്‍ കൊണ്ടും സ്വയം പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യബോധം കൊണ്ടും പുതിയ കാലത്തെ സ്ത്രീപ്രാതിനിധ്യമായാണ് അവതരിക്കുന്നത്. ജെ.എന്‍.യുവിലും ജാമിയ മില്ലിയ്യയിലും രാജ്യത്തെ നിരവധി തെരുവുകളിലും തീവ്രഹിന്ദുത്വത്തിനെതിരായി പ്രക്ഷോഭജ്വാലകള്‍ പടര്‍ത്തുന്ന പെണ്‍കുട്ടികളുടെ തത്സ്വരൂപങ്ങളിലൊന്ന്. പക്ഷേ കഥയില്‍ അവള്‍ ഈ പ്രാതിനിധ്യത്തിന് നേര്‍വിപരീതമായാണ് പ്രവൃത്തിക്കുന്നത്. ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ക്ഷുഭിതയൗവനത്തിന്റെ എതിരു കള്ളിയില്‍, ഒരു പെണ്‍കുട്ടിയെ പ്രതിഷ്ഠിക്കുകയും അവളെ ആള്‍ക്കൂട്ടക്കൊലയുടെ പ്രേരകശക്തിയാക്കുകയും ചെയ്യുന്നതിനു പിന്നില്‍ ഏതു രാഷ്ട്രീയമാണ് പ്രവൃത്തിക്കുന്നത്?
മറ്റൊന്നു കൂടി: ഈ കഥയിലെ പോലീസുകാരന്‍ വളരെ നല്ലവനാണ്, തികച്ചും ദയാലു ഭരണകൂട ഭീകരതയുടെ യാതൊരു അടയാളവും അയാളിലില്ല.
എല്ലാ പോലീസുകാരേയും പോലെ പോലീസുകാരനും അധികാരത്തിന്റെ പ്രതീകമാണ്. ഇന്ത്യയില്‍ നടന്നുവരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളില്‍ ഈ അധികാര സ്വരൂപങ്ങള്‍ ഇരയ്‌ക്കൊപ്പമല്ല സദാ വേട്ടക്കാര്‍ക്കൊപ്പമാണ് നില്ക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലളിതമായ ഈ സത്യത്തെ കാരുണ്യമൂര്‍ത്തിയായ പോലീസുകാരനെ അവതരിപ്പിച്ചു കൊണ്ട് കഥാകൃത്ത് മായ്ച്ചു കളയുന്നു. രാജ്യത്തുടനീളം പോലീസുകാര്‍, വിശേഷിച്ചും ദല്‍ഹി പോലീസ് നടത്തിവരുന്ന അതിക്രമങ്ങളെ ‘പാല് പിരിയും കാല’ത്തിലെ പോലീസുകാരന്‍ റദ്ദാക്കുന്നത് ആകസ്മികമാണോ? അതോ ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലയുടെ പാപങ്ങളില്‍ നിന്ന് ഭരണകൂടത്തെ വിമുക്തമാക്കുകയാണോ കഥാകാരന്‍ ചെയ്യുന്നത്?
വടക്കേ ഇന്ത്യയില്‍ ജീവിച്ചിരുന്ന കാലത്താണ് എന്‍.എസ്.മാധവന്‍ തിരുത്തും മുംബൈയുമെഴുതിയത്. കേരളത്തില്‍ ജീവിക്കുവാന്‍ തുടങ്ങിയ അദ്ദേഹം വാര്‍പ്പുമാതൃക മതേതരത്വത്തിന്റെ മുന്‍വിധികള്‍ക്ക് അടിപെട്ടുപോയി എന്നാണോ ഈ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്?
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in