ഇന്ന് കളിയില്ല (കൊറോണയും സിനിമയും)
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, മുബി, ഡിസ്‌നി പ്ലസ്, യുട്യൂബ് (പ്രീമിയവുമുണ്ട്), എച്ച് ബി ഒ മാക്‌സ്, ഹുളു, ആപ്പിള്‍ ടി വി പ്ലസ്, പീകോക്ക്, മുതല്‍ ഹോട്ട്‌സ്‌റ്‌റാര്‍, മനോരമ മാക്‌സ്, സീ ഫൈവ്, സണ്‍നെക്സ്റ്റ്, സോണി, ജിയോ, എന്നിങ്ങനെയുള്ള ഇന്ത്യന്‍ സംരംഭങ്ങള്‍ വരെ ഈ പ്രതിസന്ധിയില്‍ നേട്ടം കൊയ്യുന്നുണ്ടെന്നത് പ്രസ്താവ്യവുമാണ്. മുതലാളിത്തത്തിന്റെയും മുതലാളിത്തത്തിന്റെ വളര്‍ച്ചക്കായി പ്രയോജനപ്പെടുത്തപ്പെടുന്ന സാങ്കേതികതയുടെയും അതിജീവന സ്വഭാവത്തിന്റെ നൈരന്തര്യം ഇവിടെയും കാണാവുന്നതാണ്. അത് കുറെക്കൂടി വിശാലമായ ചരിത്ര പശ്ചാത്തലത്തില്‍ വിശദീകരിക്കപ്പെടേണ്ടതുമാണ്. കേബിള്‍, ഡിടിഎച്ച്, ഉപഗ്രഹ വ്യാപനത്തിലൂടെ ടെലിവിഷന്‍ ഇതിനു സമാനമായ ഒരു സ്വാധീനം ഒരു ചരിത്രഘട്ടത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്. അത് സംഭവിച്ചിട്ട് അധിക കാലമായിട്ടുമില്ല. എന്നാല്‍, അതിജീര്‍ണമായ വിധത്തില്‍ നിലവാരം താഴ്ത്തിയും വിശ്വാസ്യത അമ്പേ കളഞ്ഞു കുളിച്ചും ടെലിവിഷന്‍ പൊട്ടിച്ച പൊന്മുട്ടകള്‍; ഒടിടി വ്യാപാരികള്‍ക്ക് ഓര്‍മ്മയുണ്ടാവുമെന്നു കരുതാം.
കൊറോണ കാരണം ലോകരാജ്യങ്ങളാകെ അനിശ്ചിതത്വം മാത്രം മുന്നില്‍ കണ്ട് അന്തം വിട്ടു നില്ക്കുമ്പോള്‍; പിന്നെ സിനിമക്കെന്തു പ്രസക്തി എന്നാവും ഏതു ശുദ്ധഗതിക്കാരും ചോദിക്കുക. ക്ഷാമങ്ങളുടെയും വര്‍ഗീയ/വംശീയ/സിവില്‍ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും മറ്റും പശ്ചാത്തലങ്ങളില്‍ സിനിമ നിര്‍ത്തിവെക്കാറുണ്ട്. ചിലപ്പോള്‍ അതിന്റെ സമയത്തില്‍ മാറ്റമുണ്ടാവാറുണ്ട്.ചില രാജ്യങ്ങളിലെ സിനിമകള്‍ മറ്റു ചില രാജ്യങ്ങളില്‍ കാണിക്കാറില്ല. ഇന്ത്യന്‍ സിനിമകള്‍ ഇപ്രകാരം ഇടയ്ക്കിടെ പാക്കിസ്ഥാനില്‍ നിരോധിക്കപ്പെടും. അപ്പോഴൊക്കെ അവര്‍ക്ക് ബോളിവുഡിന്റെ വ്യാജ സിഡികളാണ് ആശ്രയം. പാക്കിസ്ഥാന്‍ സിനിമകള്‍ മേളകളില്‍ കാണിക്കുക എന്നല്ലാതെ ഇന്ത്യയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാറില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട് വടകര മുതല്‍ കണ്ണൂര്‍ വരെയുള്ള പ്രദേശത്തെ സിനിമാശാലകളില്‍ ഏഴു മണിക്കാണ് സെക്കന്റ്‌ഷോ. എന്നാലും പൊതുവെ വിലക്കുകള്‍ക്കതീതമായി സഞ്ചരിക്കാന്‍ മിടുക്ക് കാണിക്കുന്ന ഒന്നായിട്ടാണ് സിനിമയെ വിശേഷിപ്പിക്കാറുള്ളത്. സെന്‍സര്‍ഷിപ്പ് എന്ന വമ്പിച്ച വിലക്കും വെട്ടിമുറിക്കലുമുള്ളപ്പോള്‍ എങ്ങിനെ അതിനെ മറികടക്കാം എന്നതില്‍ ചതുരോപായങ്ങളും പ്രയോഗിക്കുന്നവരാണ് ഇന്ത്യന്‍ സിനിമക്കാര്‍ എന്നതും പരസ്യമായ രഹസ്യമാണ്. അതെന്തായാലും സിനിമയെ നാം പൊതുവെ നേരമ്പോക്ക് (വികെഎന്‍ അര്‍ത്ഥത്തിലല്ല) എന്ന ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ ആളുകള്‍ തിങ്ങിക്കൂടി നില്ക്കുന്ന ടിക്കറ്റ് കൗണ്ടറുകളും എസിയിട്ട് തണുപ്പിച്ച പ്രദര്‍ശനഹാളുകളും അവിടെ അടുത്തടുത്തുള്ള കസേലകളില്‍ തൊട്ടുതൊട്ടിരിക്കുന്ന പ്രേക്ഷകരും എന്ന രണ്ടു രണ്ടര മണിക്കൂര്‍, ഇതെല്ലാം ഈ വൈറസ് കാലത്ത് ഒരു നിലക്കും യുക്തമോ അനുവദനീയമോ ആയ കാര്യമല്ല. പതിനായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന വിധത്തില്‍ ലോകമാകെ വിറങ്ങലിച്ചു നില്ക്കുമ്പോള്‍, വിനോദ വ്യവസായം എന്ന് നിര്‍ണയിക്കപ്പെട്ടിട്ടുള്ള സിനിമക്കെന്തു പ്രസക്തി എന്നു തന്നെയായിരിക്കും പൊതുബോധവും പൊതുബോധത്താല്‍ സാധൂകരിക്കപ്പെടുന്നതും പൊതുബോധത്തെ നിര്‍ണയിക്കുന്നതുമായ ഭരണനിര്‍വഹണ നടപടികളും ചോദിക്കുക.
സിനിമാ ശാലകളെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ആദ്യം തുറക്കുന്നതെന്തായാലും സിനിമാശാലകളായിരിക്കില്ലെന്നതുമുറപ്പാണ്. 2011ലിറങ്ങിയ കണ്ടാജിയന്‍ (Contagion/സംവിധാനം:സ്റ്റീവന്‍ സോദന്‍ബെര്‍) എന്ന ഹോളിവുഡ് സിനിമ പോലെ ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിന് അല്ലെങ്കില്‍ അതു പോലെ ഒരു പത്തെണ്ണത്തിന് പ്രമേയമാക്കാവുന്ന ‘അടിപൊളി’ സംഭവങ്ങളാണ് ഇപ്പോള്‍ ലോകത്ത് നടക്കുന്നത്. പ്രാഥമികമായി പറയട്ടെ, കൊറോണ എന്ന വൈറസിന് സിനിമയുമായി ഒരു സാമ്യമുണ്ട്. ലോകത്തിന്റെ ഒരു മൂലയില്‍ ആവിര്‍ഭവിക്കുകയോ കണ്ടു പിടിക്കപ്പെടുകയോ ചെയ്ത ഒരു പ്രതിഭാസം, വളരെ പെട്ടെന്നു തന്നെ ലോകമാകെ പടര്‍ന്നു പിടിക്കുന്നു. സിനിമയും ഇങ്ങനെയായിരുന്നു, കൊറോണയും അങ്ങനെയാണ്. അതായത്, രണ്ടിന്റെ മേലും പ്രാദേശികത്വമോ വംശീയതയോ മൗലികത പോലുമോ കെട്ടിയേല്പ്പിക്കാനാവില്ലെന്നു ചുരുക്കം.
സൗത്ത് ബൈ എന്നറിയപ്പെടുന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് (മാര്‍ച്ച്) മുതല്‍ കാന്‍ (മെയ്) വരെയുള്ള മേളകളും ചലച്ചിത്ര സമ്മേളനങ്ങളും അനിശ്ചിതമായി മാറ്റിവെച്ചു. അല്ലെങ്കില്‍ ഇക്കുറി വേണ്ടെന്നു വെച്ചു. ഇതും പതിവുള്ള കാര്യമല്ല. പ്രളയം മൂലം വമ്പിച്ച സാമ്പത്തികപരിമിതി ഉണ്ടായിട്ടും, മുഖ്യമന്ത്രിക്കു തന്നെ മാറ്റിവെക്കണമെന്ന് താത്പര്യമുണ്ടായിട്ടും 2018ലെ തിരുവനന്തപുരം ഐഎഫ് എഫ്‌കെ നമ്മള്‍ മാറ്റിവെക്കുകയുണ്ടായില്ലെന്നോര്‍ക്കുക. പ്രവേശന ഫീസ് വര്‍ദ്ധിപ്പിച്ചു; പല ചിലവുകളും ചടങ്ങുകളും വേണ്ടെന്നു വെച്ചു; പല കാര്യങ്ങളും സന്നദ്ധസേവനത്തിലൂടെ നടത്തിയെടുത്തു എന്നീ സാഹസങ്ങളൊക്കെ നടത്തി ഐഎഫ്എഫ് കെ തുടരുകയാണ് നാം ചെയ്തത്. ആ തീരുമാനത്തിനും കാര്യമായ എതിര്‍പ്പുണ്ടായില്ലെന്നോര്‍ക്കുക. എന്നാല്‍, ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇവിടെ സാമ്പത്തികം മാത്രമല്ല പ്രശ്‌നം. ആളുകളുടെ കൂടിച്ചേരലാണ്. കൂടിച്ചേരലില്ലാതെ, കാണികളുടെ വന്‍ കൂട്ടമില്ലാതെ എന്ത് സിനിമ?പടുകൂറ്റന്‍ വിനോദവ്യവസായക്കമ്പനികളുടെ ഓഹരിവിലകളും വന്‍ തോതില്‍ ഇടിഞ്ഞു. ഡിസ്‌നിക്ക് 23 ശതമാനവും വയകോം സിബിഎസിന് 51 ശതമാനവും ഇടിച്ചിലുണ്ടായി. അതുമാത്രമല്ല പ്രശ്‌നം, സാധാരണ രീതിയില്‍, ഒരു മഹാദുരന്തമുണ്ടായാല്‍ അതില്‍ നിന്ന് ആളുകള്‍ക്ക് മാനസികവിടുതലുണ്ടാവാന്‍ സിനിമയും സംഗീതവും കൂടിച്ചേരലുകളുമാണ് നിര്‍ദ്ദേശിക്കാറുള്ളത്. ഐ എഫ് എഫ് കെ പോലും നടത്താന്‍ നിരത്തിയ ന്യായങ്ങളിലൊന്ന് അതായിരുന്നു. എന്നാലിന്ന് കോവിഡില്‍ നിന്ന് രക്ഷ നേടാനും ഭീതി ഒഴിവാക്കാനും നമുക്കാര്‍ക്കും ആ മാര്‍ഗം നിര്‍ദ്ദേശിക്കാനോ സ്വീകരിക്കാനോ നിര്‍വാഹമില്ല. അതായത്, വൈറസിന്റെ വ്യാപനം ഏറെക്കൂറെ തടയുകയും കാര്യങ്ങളൊക്കെ സാധാരണ ഗതിയിലായി എന്ന് ഭരണകൂടങ്ങളും ആരോഗ്യമന്ത്രാലയങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞാല്‍ പോലും മുമ്പ് പതിവായിരുന്നതു പോലെ, ആളുകള്‍ കൂട്ടം കൂട്ടമായി തിയേറ്ററുകളില്‍ കയറാനും മേളകളിലൊത്തുകൂടാനും മടി കാട്ടാനാണ് സാധ്യത.
ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, മുബി, ഡിസ്‌നി പ്ലസ്, യുട്യൂബ് (പ്രീമിയവുമുണ്ട്), എച്ച് ബി ഒ മാക്‌സ്, ഹുളു, ആപ്പിള്‍ ടി വി പ്ലസ്, പീകോക്ക്, മുതല്‍ ഹോട്ട്‌സ്‌റ്‌റാര്‍, മനോരമ മാക്‌സ്, സീ ഫൈവ്, സണ്‍നെക്സ്റ്റ്, സോണി, ജിയോ, എന്നിങ്ങനെയുള്ള ഇന്ത്യന്‍ സംരംഭങ്ങള്‍ വരെ ഈ പ്രതിസന്ധിയില്‍ നേട്ടം കൊയ്യുന്നുണ്ടെന്നത് പ്രസ്താവ്യവുമാണ്. മുതലാളിത്തത്തിന്റെയും മുതലാളിത്തത്തിന്റെ വളര്‍ച്ചക്കായി പ്രയോജനപ്പെടുത്തപ്പെടുന്ന സാങ്കേതികതയുടെയും അതിജീവന സ്വഭാവത്തിന്റെ നൈരന്തര്യം ഇവിടെയും കാണാവുന്നതാണ്. അത് കുറെക്കൂടി വിശാലമായ ചരിത്ര പശ്ചാത്തലത്തില്‍ വിശദീകരിക്കപ്പെടേണ്ടതുമാണ്. കേബിള്‍, ഡിടിഎച്ച്, ഉപഗ്രഹ വ്യാപനത്തിലൂടെ ടെലിവിഷന്‍ ഇതിനു സമാനമായ ഒരു സ്വാധീനം ഒരു ചരിത്രഘട്ടത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്. അത് സംഭവിച്ചിട്ട് അധിക കാലമായിട്ടുമില്ല. എന്നാല്‍, അതിജീര്‍ണമായ വിധത്തില്‍ നിലവാരം താഴ്ത്തിയും വിശ്വാസ്യത അമ്പേ കളഞ്ഞു കുളിച്ചും ടെലിവിഷന്‍ പൊട്ടിച്ച പൊന്മുട്ടകള്‍; ഒടിടി വ്യാപാരികള്‍ക്ക് ഓര്‍മ്മയുണ്ടാവുമെന്നു കരുതാം.
എന്നാലവിടെയും ചില ഗുരുതരപ്രശ്‌നങ്ങളുണ്ട്. എവിടെയാണ്, എങ്ങിനെയാണ് ചിത്രീകരണങ്ങള്‍ നടത്തുക? ഇറ്റലിക്കു പുറത്തു ഷൂട്ട് ചെയ്യാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ചുകന്ന നോട്ടീസും, പാരമൗണ്ടിന്റെ മുടങ്ങിപ്പോയ മിഷന്‍ ഇമ്പോസിബിള്‍ ഏഴും (പേര് അന്വര്‍ത്ഥമായി) എല്ലാം ചിത്രീകരണം അസാധ്യമാകുന്നതിന്റെ കൃത്യമായ ലക്ഷണങ്ങളാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ മുതല്‍ ബാങ്കുകള്‍ വരേയ്ക്കും പിന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രഭവമായ പരസ്യവ്യാപാരികളും ചാക്രികമായ സാമ്പത്തികക്കുഴപ്പത്തില്‍ കുടുങ്ങി വലയുന്നതും പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയും എല്ലാം നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലെത്തിക്കുകയും ചെയ്‌തേക്കാം. പരസ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതോടെ, ടെലിവിഷന്‍ ചാനലുകളും ഓവര്‍ ദ ടോപ്പ് മാധ്യമങ്ങളും അവരുടെ വരിസംഖ്യ വര്‍ദ്ധിപ്പിക്കുകയും ഇതിന്റെ ഭാരം കാണികളായ ഉപഭോക്താക്കളുടെ മേല്‍ വന്നു പതിക്കുകയും ചെയ്യും.മറ്റൊരു സാധ്യതയുള്ളത് അനിമേഷന്‍ സിനിമ നിര്‍മ്മിക്കുക എന്നതാണ്. കോമിക് കാര്‍ട്ടൂണുകള്‍ ഒഴിച്ച് അനിമേഷന്റെ വമ്പിച്ച എടുപ്പുകാഴ്ചകളെല്ലാം അനുഭവിക്കാനാകുന്നത് ബിഗ് സ്‌ക്രീനില്‍ തന്നെയാണ്. ത്രീഡിയും ഐമാക്‌സും അടക്കമുള്ള നൂതന മാര്‍ഗങ്ങളിലൂടെ ഇവ വമ്പിച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കായി മനുഷ്യാഭിനേതാക്കളില്ലാത്ത, വാസ്തവപ്രകൃതിയില്ലാത്ത കൃത്രിമ സിനിമകളും സീരീസുകളും നിര്‍മ്മിക്കുന്ന സാങ്കേതിക-ലാവണ്യ ബോധം വികസിക്കാന്‍ സാധ്യതയില്ലാതില്ല. ഇത് സൃഷ്ടിച്ചേക്കാവുന്ന ഭാവുകത്വ പ്രതിസന്ധികള്‍ ഇപ്പോള്‍ പ്രവചിക്കുന്നതില്‍ വലിയ കാര്യമില്ല.
ജെയിംസ് ബോണ്ട് സിനിമയായ നോ ടൈം ടു ഡൈ (മരിക്കാന്‍ നേരമില്ല!) മുതല്‍ വണ്ടര്‍ വുമണ്‍ സീരീസിലെ പുതിയ സിനിമ വരെ എല്ലാം പൂര്‍ത്തിയായതാണെങ്കിലും റിലീസ് അനന്തമായി നീട്ടി വെക്കപ്പെട്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലേതു പോലെ പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കലിഫോര്‍ണിയയില്‍ കുറവാണെങ്കിലും ഹോളിവുഡ് ഇതിനകം തന്നെ നിശ്ചലമായിക്കഴിഞ്ഞിട്ടുണ്ടെന്നതും പറയാതിരിക്കാനാവില്ല. കഴിഞ്ഞ മാസങ്ങളില്‍ റിലീസ് ചെയ്ത ഹിറ്റുകളായ 1917, മുലാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ചൈനീസ് കമ്പോളത്തില്‍ ഇനിയും കളിക്കാനായിട്ടില്ല. അതും വലിയ സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. രൂക്ഷമായ തൊഴിലില്ലായ്മയും വിനോദവ്യവസായത്തെ പിടിച്ചുലക്കും. താല്ക്കാലിക തൊഴിലുകളാണ് ഈ മേഖലയിലധികവും അതുകൊണ്ട്, ആര്‍ക്കും പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സഹായം കൊടുക്കാന്‍ സാധിക്കുകയുമില്ല; അതിനുള്ള ഉത്തരവാദിത്തവുമില്ല. പല രീതിയില്‍ കഴിവും മികവും തെളിയിച്ചവരും തെളിയിക്കാനിരിക്കുന്നവരുമായ പ്രതിഭാശാലികളും തൊഴിലും വരുമാനവുമില്ലാതാകുന്നതോടെ കടുത്ത മാനസിക-സാമ്പത്തിക പ്രയാസത്തിലേക്ക് വലിച്ചിഴക്കപ്പെടും. ഇത് ബ്രെയിന്‍ ഡ്രെയിന്‍ (ബുദ്ധിയുടെ കൊഴിഞ്ഞുപോക്ക്) പോലുള്ള ഗുരുതര പ്രതിസന്ധിയിലേക്കും കാര്യങ്ങളെയെത്തിച്ചേക്കാം. സാധാരണ ബ്രെയിന്‍ ഡ്രെയിനില്‍, ഒരു രാജ്യത്തു നിന്ന് അല്ലെങ്കില്‍ ഒരു പ്രദേശത്തു നിന്ന് മറ്റൊരിടത്തേക്കാണ് കൊഴിഞ്ഞുപോക്കെങ്കില്‍ ഇവിടെ അത്തരം ഒരു അക്കരപ്പച്ചയും കാണാനില്ല.
സിനിമ എന്നത് മറ്റാരുടേതുമെന്നതിനേക്കാള്‍ കാണികളുടെ കല/മാധ്യമമാണെന്നതിനാല്‍, കാണികളില്ലാത്ത അതായത് പൊതു സിനിമാശാലയില്ലാത്ത കാലം എന്നാല്‍ അത് സിനിമയില്ലാത്ത കാലം തന്നെയായി മനസ്സിലാക്കേണ്ടി വരും. ടിവിയിലും ഡെസ്‌ക്ക്‌ടോപ്പിലും ലാപ്‌ടോപ്പിലും ടാബിലും സ്മാര്‍ട്‌ഫോണിലും സിനിമ നിറച്ച് തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഒരു പക്ഷെ ഈ വാദത്തെ പഴഞ്ചന്‍ എന്നാക്ഷേപിച്ച് തള്ളിക്കളഞ്ഞേക്കാം. അതു സാരമില്ല. പൊതു സിനിമാശാല എന്നത് സിനിമ കാണാന്‍ ആളു കൂടുന്ന സ്ഥലം എന്ന നിലക്കു മാത്രമല്ല നിര്‍വചിക്കപ്പെടുന്നത്. ജാതി-മത-രാഷ്ട്രീയ-ലിംഗ വൈജാത്യങ്ങളില്ലാതെ ആളുകള്‍ക്ക് കടന്നു വരാവുന്ന പൊതുസ്ഥലം എന്ന സ്വാതന്ത്ര്യ ബോധമാണ് അപകടത്തിലാകുന്നത്. തീര്‍ച്ചയായും മള്‍ട്ടിപ്ലെക്‌സുകളുടെ ആധിക്യത്തോടെ, ടിക്കറ്റ് നിരക്കുകള്‍ കുതിച്ചുയരുകയും, സിനിമ എന്നത് മധ്യവര്‍ഗത്തിനും മുകളിലുമുള്ളവരുടെ വിനോദവും കെട്ടിക്കാഴ്ചയുമായി ഏറെയൊക്കെ മാറിയിട്ടുണ്ട്. എന്നാലത്, ദരിദ്രരുടെയും ‘മേല്‍വിലാസവും’ ഐഡിയുമില്ലാത്തവരുടെയും കടന്നു വരവിനെ സമ്പൂര്‍ണമായി ഇനിയും വിലക്കിയിട്ടില്ല. ഓണ്‍ലൈനില്‍ വേണമെന്നല്ലാതെ, കൗണ്ടറില്‍ ടിക്കറ്റിന് ചെല്ലുന്നയാള്‍ ഇപ്പോഴും ആരാണ് എന്താണ്, ഐഡി എവിടെ എന്ന് ചോദ്യം ചെയ്യപ്പെടുന്നില്ല. കൊറോണക്കു ശേഷം അതായിരിക്കണമെന്നില്ല സ്ഥിതി. സെക്കുലര്‍ പൊതുസ്ഥലത്തിന്റെ അന്ത്യം എന്ന വിനാശമായിരിക്കും സിനിമാശാലയുടെ ഇന്നുള്ളതെങ്കിലുമായ അനോണിമിറ്റി ഇല്ലാതായാല്‍ സംഭവിക്കാന്‍ പോകുന്നത്.
കച്ചവട സിനിമ എന്ന മായിക-മാന്ത്രിക-സ്വപ്ന കമ്പോളം ഇതോടെ ഇല്ലാതാവുകയാണെങ്കില്‍ അത്രയും നല്ലത് എന്ന് സിദ്ധാന്തിക്കുന്ന പരിശുദ്ധാത്മാക്കളായ ആര്‍ട് മൗലിക വാദികളുടെ മനോഭാവവും യാഥാര്‍ത്ഥ്യപൂര്‍ണമല്ല. കാരണം, എല്ലാക്കാലത്തും മുഖ്യധാര എന്നാക്ഷേപിക്കപ്പെടുന്ന വാണിജ്യ-വ്യവസായ സിനിമയാണ് ഒരു പ്രദര്‍ശന വ്യവസ്ഥ എന്ന നിലയില്‍ പ്രൊഫഷനലായി സിനിമയെ നിലനിര്‍ത്തിയിട്ടുള്ളത്. അതുകൊണ്ട് അതിന്റെ ഭരണകൂട ദാസ്യങ്ങളും അമേരിക്കന്‍ വിധേയത്വവും സവര്‍ണ-ഫാസിസ്റ്റ് ന്യായീകരണങ്ങളും അധീശത്വത്തെ പൊതുബോധമാക്കി കുളിപ്പിച്ചെടുക്കലും എല്ലാം വിമര്‍ശിക്കേണ്ടതില്ലെന്നല്ല. വിമര്‍ശനം എന്ന സര്‍ഗാത്മക- രാഷ്ട്രീയ പ്രവൃത്തി നിര്‍ഭയത്വത്തോടെ തുടര്‍ന്നും നിര്‍വഹിക്കാനുള്ള ആര്‍ജ്ജവം അതിനു കെല്പും ധൈര്യവുമുള്ളവര്‍ നിര്‍വഹിക്കണം. എന്നാല്‍, കണ്ണടച്ചുകൊണ്ടില്ലാതാക്കാവുന്ന ഒന്നല്ല കമ്പോള സിനിമ എന്ന വാസ്തവത്തെ വിസ്മരിക്കാതിരിക്കുകയും വേണം. കമ്പോളത്തിലെന്തു സംഭവിക്കുന്നു എന്നതോ, മലീമസമാക്കപ്പെട്ട ജനപ്രിയരുചികളില്‍ അഭിരമിക്കുന്ന കാണികളുടെ അംഗീകാരം ലഭിക്കുന്നില്ല എന്നതോ കണക്കിലെടുക്കാതെ സൗന്ദര്യ-മാധ്യമ പരീക്ഷണങ്ങള്‍ നവസിനിമാക്കാര്‍ തുടരുകയും വേണം. അവര്‍ക്ക് തന്നെയാണ് നാം ആത്യന്തികമായി പിന്തുണ കൊടുക്കേണ്ടതും. എന്നാല്‍, അവര്‍ക്കും കയറി നില്‍ക്കാനായി ഒരു പ്രതലം വേണമെങ്കില്‍ അത് സ്ഥാപിച്ച് പരിപാലിക്കുന്നത് വ്യവസായമാണെന്ന് കാണാതിരിക്കേണ്ടതുമില്ല. കൊറോണാനന്തരകാലത്ത് ആവിഷ്‌ക്കരിക്കപ്പെടുന്ന, ലാവണ്യബോധത്തിലും രാഷ്ട്രീയ-സൗന്ദര്യ സന്ദിഗ്ദ്ധതകളിലും തുറന്നതും അതേ സമയം സങ്കീര്‍ണവുമായ നിലപാടുകളുള്ള ഗംഭീരമായ സിനിമകള്‍ക്കു വേണ്ടി തന്നെയാണ് നാം കാത്തിരിക്കുന്നത്.
കൊറോണ ഭീതി പടരുന്നതിനു തൊട്ടുമുമ്പ് നടന്ന ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രശസ്ത ഫലസ്തീനി ചലച്ചിത്രകാരന്‍ ഏലിയ സുലൈമാന്റെ പുതിയ സിനിമ, അത് സ്വര്‍ഗം തന്നെയായിരിക്കണം (ഇറ്റ് മസ്റ്റ് ബി ഹെവന്‍/ഫ്രാന്‍സ്, കാനഡ, ഫലസ്തീന്‍/2019) കാണാനിടയായി. സ്വത്വം, ദേശീയത, ജന്മ-ദേശത്തോടുള്ള ബന്ധം തുടങ്ങി ഫലസ്തീനിയെ അലട്ടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍, സ്വതസ്സിദ്ധമായ കോമഡി ട്രാക്കിലൂടെ അവതരിപ്പിക്കുകയാണ് അദ്ദേഹം. തന്റെ മുന്‍ സിനിമകളിലെന്നതു പോലെ ഇറ്റ് മസ്റ്റ് ബി ഹെവനിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏലിയ സുലൈമാന്‍ തന്നെയാണ്.കുറെക്കാലമായി ഫലസ്തീന്‍ വിട്ട് പാരീസിലും ന്യൂയോര്‍ക്കിലും താമസിക്കുന്ന ഏലിയ സുലൈമാന്; ഫലസ്തീനിലെ നിത്യ ജീവിതത്തെ നിര്‍ണയിക്കുന്ന അസംബന്ധങ്ങള്‍ തന്നെയാണ് വികസിത മുതലാളിത്തത്തിന്റെയും പരിഷ്‌കൃത നാഗരികതയുടെയും ക്രമത്തിന്റെയും സ്വര്‍ഗമായി കൊണ്ടാടപ്പെടുന്ന ഫ്രാന്‍സിലും അമേരിക്കയിലുമുള്ളതെന്ന് ബോധ്യപ്പെടുന്നു എന്നതാണ് സത്യത്തില്‍ ഈ സിനിമയുടെ ഇതിവൃത്തവും ആഖ്യാനവും.മനുഷ്യന്‍ എന്ന കോമഡി, നസറേത്ത് കടന്ന് പാരീസിലും ന്യൂയോര്‍ക്കിലും വ്യാപിച്ചിരിക്കുന്നു.
ഒരു ഫലസ്തീനി സിനിമ നിര്‍മ്മിച്ചെടുക്കുന്നത് എത്രമാത്രം അസാധ്യമാണെന്ന് ഏലിയ സുലൈമാന്‍ തെളിയിക്കുന്നു. വൈല്‍ഡ് ബഞ്ച് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയില്‍ നിന്ന് അദ്ദേഹത്തിനുണ്ടാകുന്ന ദുരനുഭവം സിനിമാനിര്‍മാണം അഥവാ സിനിമ എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഉള്‍വൈരുദ്ധ്യങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. അതായത്, ഫലസ്തീനി സിനിമ എന്ന അസാധ്യമായ പ്രമേയത്തെ പരിചരിക്കുമ്പോള്‍, ഫലസ്തീന്‍ എന്ന ദേശ രാഷ്ട്രത്തെയും സിനിമ എന്ന മാധ്യമപ്രയോഗത്തെയും ഏലിയ സുലൈമാന്‍ പറഞ്ഞും പറയാതെയും വിശദീകരിക്കുന്നു. വൈല്‍ഡ് ബഞ്ചിന്റെ സിഇഒ വിന്‍സന്റ് മാര്‍വല്‍ (യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം തന്നെയാണ് ഈ സ്ഥാനത്തിരിക്കുന്നത്) ഏലിയ സുലൈമാന്‍ സമര്‍പ്പിക്കുന്ന പ്രോജക്റ്റ് സൗമനസ്യത്തോടെ തള്ളുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. നിങ്ങളുടെ ഈ സിനിമയില്‍ വേണ്ടത്ര ഫലസ്തീനില്ല! ദുരിതവും പവര്‍കട്ടും വെള്ളക്ഷാമവും നിരന്തര ബോംബിംഗും മരണങ്ങളും എല്ലാമടങ്ങിയ ഫലസ്തീന്‍ ക്ലിപ്പിംഗുകളുടെ വില്പനയാണ് വേണ്ടത്ര ഫലസ്തീനില്ല എന്ന നിരീക്ഷണത്തിലൂടെ സിഇഒ പറയാതെ പറയുന്നതും ഉന്നമിടുന്നതും. സത്യത്തില്‍ ഈ കോമഡി ലക്ഷ്യം വെക്കുന്നത് സിഇഒ മാര്‍വലിനെ മാത്രമല്ല, ആ മുറിയിലിരിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ സിനിമാ വിദഗ്ദ്ധരെയുമാണ്. കാന്‍ ഫെസ്റ്റിവലില്‍ കാണിക്കാമെന്നു കരുതി നിര്‍മ്മാണം ആരംഭിച്ച മറ്റു ചിത്രങ്ങളുടെ ഒപ്പമാണ് ഏലിയ സുലൈമാന്റെ സിനിമ (സിനിമക്കുള്ളിലെ സിനിമ)യും നിര്‍മ്മാണപ്രവൃത്തികളാരംഭിക്കന്നത്. എന്തായാലും കാവ്യനീതിയെന്ന മട്ടില്‍, ഈ ഫലസ്തീന്‍ വേണ്ടത്രയില്ലാത്ത (അല്ലെങ്കില്‍ ഒട്ടുമില്ലാത്ത) ഏലിയ സുലൈമാന്‍ സിനിമ കാനില്‍ പ്രീമിയര്‍ കാണിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മുന്‍ സിനിമകളിലെന്നതു പോലെ ഈ സിനിമയിലുമുള്ള കോമഡിയും ആത്മപരിഹാസവും; ഒറ്റപ്പെടലുകളും വേദനകളും തിരസ്‌കാരങ്ങളും ഉള്ളിലൊളിപ്പിച്ചുവെച്ചവയാണ്. റിയലിസമേത് സര്‍ റിയലിസമേത് എന്നു തിരിച്ചറിയാത്ത വിധത്തില്‍ വിജനമായ പാരീസ് നഗരവീഥികള്‍ എങ്ങനെ ഏലിയ സുലൈമാന് ചിത്രീകരിച്ചെടുക്കാന്‍ സാധിച്ചു എന്നു നാം വിസ്മയിക്കും. ഒന്നുകില്‍, വന്‍ തുക കെട്ടി വെച്ച് നഗരാധികൃതരുടെ അനുമതിയോടെ കടകളടച്ചിട്ട് ജനങ്ങളെ ഒഴിപ്പിച്ച് അദ്ദേഹം ചിത്രീകരിച്ചതാവും. അതല്ലെങ്കില്‍ രാത്രി പകലാക്കിയതോ വേനല്‍ക്കാലങ്ങളിലെ പ്രഭാതങ്ങളില്‍ ചിത്രീകരിച്ചതോ ആവും. അതുമല്ലെങ്കില്‍ സെറ്റിട്ടതാവും.ഏതായാലും ചിലവ് നല്ല തോതില്‍ വരും. (ഇപ്പോഴാണെങ്കില്‍ ഏതു ലോകനഗരവും വിജനമായ തെരുവീഥികളുടെയും ചത്വരങ്ങളുടെയും അനാഥ സൗന്ദര്യത്തില്‍ തുറന്നിട്ടിരിക്കുകയാണ്. പക്ഷെ സിനിമാ ചിത്രീകരണമൊന്നും നടക്കില്ല). അതിനര്‍ത്ഥം, എത്ര തിരസ്‌കാരങ്ങള്‍ക്കു ശേഷവും പ്രതിഭാശാലിയായ സംവിധായകന് അദ്ദേഹത്തിന്റെ ചലച്ചിത്ര തീര്‍ത്ഥാടനങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നുകിട്ടപ്പെടുക തന്നെ ചെയ്തുവെന്നുമാണ്. അതാണ് എല്ലാ ദുരിതങ്ങള്‍ക്കുമിടയിലുള്ള വെളിച്ചത്തിന്റെ വെള്ളിരേഖ. അതിനെ സ്വര്‍ഗമെന്നല്ലാതെ എന്താണ് വിളിക്കുക?
വിഡ്ഢിയല്ലാത്ത വിശുദ്ധ വിഡ്ഢിയായിട്ടാണ് ഏലിയ സുലൈമാന്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പീറ്റര്‍ ബ്രാഡ്ഷാ അഭിപ്രായപ്പെടുന്നു. ഒരുവട്ടം ഒരു വാക്കോ മറ്റോ ഉച്ചരിക്കുന്നതല്ലാതെ സിനിമയിലുടനീളം അദ്ദേഹം ഒന്നും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. മറുലോകമെന്നത്, ഫലസ്തീന്റെ ഒരു ചെറുപതിപ്പ് (മൈക്രോകോസം) ആണെന്നാണ് ഏലിയ സുലൈമാന്റെ അഭിപ്രായം. എല്ലാം സുരക്ഷിതമെന്നും സ്വര്‍ഗമെന്നും കരുതപ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളായ ഇറ്റലിയെയും കാനഡയെയും ബ്രിട്ടനെയും അമേരിക്കയെയും കൊറോണ വൈറസ് പിടികൂടിയ ഇക്കാലത്ത് കാണാവുന്ന, കാണേണ്ട സിനിമ കൂടിയായി ഇറ്റ് മസ്റ്റ് ബി ഹെവന്‍ പരിണമിച്ചു എന്നതാണ് വിസ്മയകരമായ കാര്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in