മൃതഭൂമിയില്‍ തൊഴിലുകളില്ല; കാലാവസ്ഥാ വ്യതിയാനവും തൊഴിലും
തൊഴില്‍, പരിസ്ഥിതി ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കാന്‍ നാളിതുവരെ മുതലാളിത്ത വ്യവസ്ഥയ്ക്ക് സാധിച്ചിരുന്നു. ലോകത്തെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും വിഭവക്കൊള്ളയ്‌ക്കെതിരായും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ തൊഴിലാളി സംഘടനകളെ ഉപയോഗിക്കുന്ന പ്രവണതയും സജീവമായിരുന്നു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മധ്യവര്‍ഗ്ഗ സ്വഭാവവും പുറന്തള്ളല്‍ രീതികളും വിട്ടൊഴിഞ്ഞ് ഇരകളുടെ മുന്‍കൈയ്യിലുള്ള മുന്നേറ്റങ്ങള്‍ പ്രബലമാകാന്‍ തുടങ്ങിയതോടെ തൊഴില്‍-പരിസ്ഥിതി ദ്വന്ദ്വ സൃഷ്ടി മുതലാളിത്തത്തിന്റേതാണെന്ന തിരിച്ചറിവ് ട്രേഡ് യൂണിയനുകള്‍ക്ക് കൈവരാന്‍ തുടങ്ങി.
മഹാനായ തൊഴിലാളി നേതാവ് ശങ്കര്‍ ഗുഹാ നിയോഗിയുടെ രക്തസാക്ഷിത്വം സെപ്തംബര്‍ 28 ന് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. 1991 സെപ്തംബര്‍ 28നാണ് തന്റെ യൂണിയന്‍ ഓഫിസില്‍ കിടന്നുറങ്ങിയ നിയോഗി കൊല്ലപ്പെടുന്നത്. ഛത്തീസ്ഗഢിലെ ദാല്ലി രാജ്ഹാരയിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്ത നിയോഗി, പരമ്പരാഗത ട്രേഡ് യൂണിയന്‍ സങ്കല്പങ്ങളില്‍ നിന്ന് ഭിന്നമായൊരു തൊഴിലാളി സംഘടനാ പ്രവര്‍ത്തനം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ മുന്‍കൈ, തൊഴിലാളികള്‍ക്കിടയിലെ മദ്യാസക്തിക്കെതിരായ പ്രചരണ പ്രവര്‍ത്തനങ്ങള്‍, എന്നിവയോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണം തൊഴിലാളികളുടെ കൂടി ഉത്തരവാദിത്തമാണെന്ന ബോധ്യം വളര്‍ത്തിയെടുക്കാനും അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിര തൊഴില്‍ സാധ്യമാക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. വിഭവ ശോഷണവും കാലാവസ്ഥാ വ്യതിയാനവും മാനവ സമൂഹത്തിന് ഭീഷണിയായി ഉയര്‍ന്നുവരുമ്പോള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതിക ബോധ്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ച ശങ്കര്‍ ഗുഹാ നിയോഗി കാലത്തിന് മുന്നെ നടന്ന വ്യക്തിയായി മാറുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിയോഗിയും ഛത്തീസ്ഗഢ് ശ്രമിക് സംഘടനും മുന്നോട്ടുവെച്ച ഈ ആശയം വര്‍ത്തമാന കാലം ഏറ്റെടുക്കുന്നതെങ്ങിനെയെന്ന് ശ്രദ്ധിക്കുക.
മൃതഭൂമിയില്‍ തൊഴിലുകളില്ല
‘മൃതഭൂമിയില്‍ തൊഴിലുകളില്ല’ (No Jobs on a Dead Planet) എന്ന മുദ്രാവാക്യം വര്‍ത്തമാന കാലാവസ്ഥാ പ്രതിസന്ധികളോടുള്ള ലോക തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ യാഥാര്‍ത്ഥ്യബോധം നിറഞ്ഞ പ്രതികരണമാണ്. യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലും വിവിധങ്ങളായി തൊഴിലാളി സംഘടനകള്‍ വികസനത്തെയും മുതലാളിത്ത സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച സാമ്പ്രദായിക ധാരണകളെ ചോദ്യം ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ സിവില്‍ സമൂഹവുമായും ഇതര സംഘടനകളുമായും കൈകോര്‍ത്ത് നില്‍ക്കുവാന്‍ ട്രേഡ് യൂണിയന്‍ സംഘടനകള്‍ മുന്നോട്ടുവരുന്നുണ്ട്. തൊഴില്‍ മേഖലയിലെ കേവല വിലപേശല്‍ ശക്തിയായി മാത്രം നിലനിന്നുകൊണ്ട് മുന്നോട്ടുപോകുവാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ പ്രേരിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനമെന്നത് ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒന്നല്ലെന്നും അത് നിലവില്‍ മനുഷ്യ സമൂഹത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നില്‍ക്കുകയാണെന്നും ഉള്ള വസ്തുതയെ അംഗീകരിക്കുവാന്‍ ആഗോള തൊഴിലാളി പ്രസ്ഥാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. തൊഴില്‍, പരിസ്ഥിതി ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണം തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന പൊതുബോധം വളര്‍ത്തിയെടുക്കാന്‍ നാളിതുവരെ മുതലാളിത്ത വ്യവസ്ഥയ്ക്ക് സാധിച്ചിരുന്നു. ലോകത്തെമ്പാടും പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും വിഭവക്കൊള്ളയ്‌ക്കെതിരായും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ തൊഴിലാളി സംഘടനകളെ ഉപയോഗിക്കുന്ന പ്രവണതയും സജീവമായിരുന്നു. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മധ്യവര്‍ഗ്ഗ സ്വഭാവവും പുറന്തള്ളല്‍ രീതികളും വിട്ടൊഴിഞ്ഞ് ഇരകളുടെ മുന്‍കൈയ്യിലുള്ള മുന്നേറ്റങ്ങള്‍ പ്രബലമാകാന്‍ തുടങ്ങിയതോടെ തൊഴില്‍-പരിസ്ഥിതി ദ്വന്ദ്വ സൃഷ്ടി മുതലാളിത്തത്തിന്റേതാണെന്ന തിരിച്ചറിവ് ട്രേഡ് യൂണിയനുകള്‍ക്ക് കൈവരാന്‍ തുടങ്ങി. ആഗോള താപനത്തിന്റെയും കാലവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി ദശലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാന്‍ ഇന്നവര്‍ക്ക് സാധിക്കുന്നു. കാര്‍ഷിക മേഖലയിലും, സമദ്രോല്‍പന്ന മേഖലയിലും, പരമ്പരാഗത തൊഴില്‍ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീമമായ തകര്‍ച്ച ആത്യന്തികമായി തങ്ങളുടെ തന്നെ തൊഴില്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഇന്ന് വ്യവസ്ഥാപിത ട്രേഡ് യൂണിയനുകള്‍ തുറന്ന് സമ്മതിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി അനുദിനം വര്‍ദ്ധിച്ചുവരുന്ന ‘കാലാവസ്ഥാ അഭയാര്‍ത്ഥികളു’ടെ (Climate Refugees) എണ്ണം വസ്തുതകളെ പുതിയരീതിയില്‍ വിശകലനം ചെയ്യാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഗതാഗത മേഖലയിലും, ഖനന പ്രവര്‍ത്തനങ്ങളിലും, ഇരുമ്പ്-ഉരുക്ക് വ്യവസായങ്ങളിലും സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ തോതില്‍ ഗണ്യമായ കുറവ് വരുത്തിയില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ ലോകം നാശത്തിന്റെ പിടിയില്‍ അമരുമെന്നും അതിന്റെ ഏറ്റവും അടുത്ത ഇരകള്‍ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗങ്ങളായിരിക്കുമെന്നും ഉള്ള ബോധ്യങ്ങള്‍ ലോകതൊഴിലാളി പ്രസ്ഥാനങ്ങള്‍ പതുക്കെയാണെങ്കിലും തിരിച്ചറിയാന്‍ ആരംഭിച്ചിരിക്കുന്നു.
കുറഞ്ഞ കാര്‍ബണ്‍ സമ്പദ്‌വ്യവസ്ഥ
കാലാവസ്ഥാ പ്രതിസന്ധിയുടെ രോഗലക്ഷണങ്ങളിലൊന്നായ ആഗോളതാപ വര്‍ദ്ധനവിന്റെ പ്രധാന കാരണം ഹൈഡ്രോകാര്‍ബണുകളുടെ അമിതോപയോഗമാണെന്ന വസ്തുത ഇന്ന് ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഖനിജ ഇന്ധനങ്ങളുടെ ഉപഭോഗം അന്തരീക്ഷ ഊഷ്മാവിന്റെ ശരാശരിയില്‍ 1.5 ഡിഗ്രി സെന്റീഗ്രേഡ് വര്‍ദ്ധനവ് ഉണ്ടാക്കുമെന്നും മഞ്ഞുപാളികള്‍ ഉരുകുന്നതിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുമെന്നും ആഗോള എണ്ണ ഭീമനായ എക്‌സോണ്‍ കമ്പനിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് അര നൂറ്റാണ്ടുകാലം മുമ്പുതന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെ എണ്ണ ഉത്പാദനവും ഉപഭോഗവും അനസ്യൂതം തുടരുകയാണ് കമ്പനി ചെയ്തത്. ഹൈഡ്രോകാര്‍ബണുകളുടെ ഉപഭോഗത്തില്‍ വെട്ടിച്ചുരുക്കലുകള്‍ വരുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ലോകത്തിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഇവയുടെ ഉപഭോഗത്തില്‍ വെട്ടിച്ചുരുക്കലുകള്‍ വരുത്തുക എന്നതിനര്‍ത്ഥം ഇന്ന് നിലനില്‍ക്കുന്ന എണ്ണയെ അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥ പൊളിച്ചെഴുക എന്നതായിരിക്കും. ഗതാഗതം, കൃഷി, വ്യവസായം, ഖനനം തുടങ്ങി സമസ്ത മേഖലകളിലും ഖനിജ ഇന്ധനങ്ങളുടെ അമിതാശ്രിതത്തെ ഇല്ലാതാക്കുകയും പുനരുല്‍പ്പാദിപ്പിക്കാവുന്നതും പരിസ്ഥിതി സൗഹൃദപരവുമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടിവരും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വൃത്തിയുള്ള ഊര്‍ജ്ജം; വൃത്തിയുള്ള തൊഴില്‍
ഏതൊരു പ്രവൃത്തിയുടെയും അടിസ്ഥാനം ഊര്‍ജ്ജമാണെന്നത് വസ്തുതയാണ്. വ്യാവസായിക യുഗം കൂടുതല്‍ ഊര്‍ജ്ജ വിനിയോഗം ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥാ പ്രതിസന്ധികള്‍ അടക്കമുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണവും വിവിധങ്ങളായ ഊര്‍ജ്ജരൂപങ്ങളുടെ, പ്രത്യേകിച്ചും ഖനിജ ഇന്ധനങ്ങളുടെ അമിതോപയോഗമാണെന്ന വസ്തുത ആഗോള ശാസ്ത്രസമൂഹം അംഗീകരിച്ചുകഴിഞ്ഞു. ഖനിജ ഇന്ധനങ്ങളുടെ ഉപഭോഗത്തില്‍ കാര്യമായ വെട്ടിച്ചുരുക്കല്‍ നടത്തിയില്ലെങ്കില്‍ കാര്‍ബണ്‍ വിസര്‍ജ്ജനം 2030ഓടെ 1970ന് മുമ്പുള്ള നിലവാരത്തിലേക്ക് കുറയ്ക്കുക എന്ന ആവശ്യം നേടിയെടുക്കാന്‍ പ്രയാസമായിരിക്കും. കല്‍ക്കരി നിലയങ്ങള്‍ ഏറ്റവും വൃത്തിഹീനമായ ഊര്‍ജ്ജസ്രോതസ്സായി വ്യവസായോത്തര ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനുള്ള പരിഹാരം ആണവോര്‍ജ്ജമാണെന്ന വാദങ്ങളും യുക്തിരഹിതങ്ങളാണ്. ഊര്‍ജ്ജോത്പാദനത്തില്‍ വരുത്തുന്ന ഏതുതരം മാറ്റങ്ങളും തൊഴില്‍ മേഖലകളില്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. അതുകൊണ്ടുതന്നെ അവധാനതയോടുകൂടിയതും പരിസ്ഥിതി സൗഹൃദപരവുമായ ഊര്‍ജ്ജോത്പാദന രീതികള്‍ അവലംബിക്കുവാനുള്ള നയപരമായ ഇടപെടല്‍ അവലംബിക്കേണ്ടതുണ്ട്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ന്യായയുക്തമായ പരിവര്‍ത്തനം
കാലാവസ്ഥാ വ്യതിയാനത്തിന് തടയിടാന്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കകത്തുതന്നെ പരിഹാരങ്ങളുണ്ടെന്ന പ്രതീതി ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്ക് കാരണമായ അതേ വ്യവസ്ഥ തന്നെ പ്രശ്‌നപരിഹാരം സാധ്യമാക്കും എന്നത് തെറ്റായ വിലയിരുത്തലാണ്. കേന്ദ്രീകൃതമായ അധികാരവ്യവസ്ഥയും കേന്ദ്രീകൃതമായ ഊര്‍ജ്ജോത്പാദന രീതികളും അതേപടി തുടര്‍ന്നുകൊണ്ട് വര്‍ത്തമാന പ്രതിസന്ധികള്‍ക്ക് തടയിടാന്‍ സാധ്യമല്ല തന്നെ. പ്രാദേശിക സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി സൗഹൃദപരമായ സാങ്കേതികവിദ്യ, വികേന്ദ്രീകൃത അധികാരഘടന, നീതിയുക്തമായ വിഭവ വിനിയോഗം, സാമൂഹ്യ നീതി, തലമുറകള്‍ തമ്മിലുള്ള സമത എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള നീതിയുക്തമായ പരിവര്‍ത്തനത്തിലൂടെ മാത്രമേ മാനവ സമൂഹത്തിന് ശരിയായ ദിശയിലൂടെ മുന്നോട്ടുപോകാന്‍ സാധിക്കൂ. നീതിയുക്തമായ ഇത്തരം പരിവര്‍ത്തന പ്രക്രിയകള്‍ കോടിക്കണക്കായ കാലാവസ്ഥാ തൊഴിലുകളുടെ നിര്‍മ്മാണത്തിലേക്ക് നയിക്കുന്നതായിരിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും അടുത്ത ഇരകള്‍ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗമായിരിക്കും എന്ന തിരിച്ചറിവില്‍ നിന്നുള്ള ഇടപെടലുകള്‍ കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ആഗോളതലത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളോട് തോളോടുതോള്‍ചേര്‍ന്ന് നില്‍ക്കാന്‍ ഇന്ന് ലോക തൊഴിലാളി പ്രസ്ഥാനങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്നത് ആശാവഹമായ കാര്യമാണ്. കാര്‍ബണ്‍ വിസര്‍ജ്ജനം കുറഞ്ഞ തൊഴില്‍ മേഖലകളെക്കുറിച്ചുള്ള അന്വേഷണവും അതിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങളും കാലാനുസൃതമായി തങ്ങളുടെ മുദ്രാവാക്യങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in