ഇല്ല, ഇന്ത്യന്‍ ജനാധിപത്യം തകരില്ല
2004ലെ പോലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ലോകസഭാ തരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയുമെല്ലാം അത്രപെട്ടെന്ന് തകര്‍ക്കാനാവില്ല എന്ന ദി ക്രിട്ടിക് അടക്കമുള്ള പ്രസിദ്ധീകരണങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളുമൊക്കെ പറഞ്ഞിടത്തേക്കുതന്നെയാണ് കാര്യങ്ങളെത്തിയത്.
തെരഞ്ഞെടുപ്പുകമ്മീഷനേയും മറ്റു ഭരണകൂടസ്ഥാപനങ്ങളേയും കേന്ദ്ര എജന്‍സികളേയും കൈയിലെടുത്തും കോടികള്‍ ഒഴുക്കിയും ഭീകരനിയമങ്ങളുപയോഗിച്ചും കള്ളകേസുകളെടുത്തും പ്രതിപക്ഷത്തെ തളച്ചും അവരുടെ ബാങ്ക് എക്കൗണ്ടുകള്‍ പോലും നിര്‍വീര്യമാക്കിയും പച്ചയായി വര്‍ഗീയതയും മുസ്ലിം വിരുദ്ധതയും വെറുപ്പിന്റെ രാഷ്ട്രീയവുമൊക്കെ പ്രചരിപ്പിച്ചും രാഹുലിനേയും മറ്റും നിരന്തരമായി അപമാനിച്ചും ദൈവത്തെ പ്രാര്‍ത്ഥിച്ചും താന്‍തന്നെ ദൈവമെന്നു പ്രഖ്യാപിച്ചുമൊക്കെ മോദിയും കൂട്ടരും നടത്തിയ വൃത്തികെട്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന് കനത്ത മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. ചാണകങ്ങള്‍ എന്ന് മലയാളികള്‍ നിരന്തരമായി ആക്ഷേപിക്കുന്ന യുപി തന്നെയാണ് അക്കാര്യത്തില്‍ മുന്നിലെന്നത് ശ്രദ്ധേയമാണ്. രാഹുലിന്റെ പകുതി ഭൂരിപക്ഷം മാത്രമാണ് മോദിക്കുള്ളതെന്നതും ഒരു ഘട്ടത്തില്‍ അദ്ദേഹം പുറകിലായി എന്നതും ഫൈസാബാദിലും അമേഠിയിലുമടക്കം ബിജെപി പരാജയപ്പെട്ടു എന്നതും ചെറിയ കാര്യമല്ല. തമിഴ്‌നാടും മഹാരാഷ്ട്രയും ബംഗാളുമൊക്കെ ഈ മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ചു. ബീഹാറും കര്‍ണാടകയും ഡെല്‍ഹിയുമൊക്കെ നിരാശപ്പെടുത്തിയില്ലായിരുന്നെങ്കില്‍ 10 വര്‍ഷത്തെ മോദി ഭരണത്തിന് എന്നന്നേക്കുമായി തിരശീല വീഴുമായിരുന്നു.
തീര്‍ച്ചയായും മോദിയല്ലേ ഭരിക്കാന്‍ പോകുന്നത് എന്നു ചോദിക്കുമായിരിക്കാം. അതിനുതന്നെയാണ് സാധ്യത കൂടുതല്‍. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മറ്റും ഇങ്ങോട്ടു ചാടുമോ, ചാടുകയാണെങ്കില്‍ തന്നെ അവരെ കൂട്ടി ഇന്ത്യാ സഖ്യം മന്ത്രിസഭ രൂപീകരിക്കണോ എന്ന ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ട്. കാത്തിരുന്നു കാണാം. മോദി തന്നെ മന്ത്രീസഭ രൂപീകരിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി വിജയിച്ചത് ഇന്ത്യാ സഖ്യം തന്നെ. 2014ല്‍ ഒറ്റക്കു ഭൂരിപക്ഷം നേടുകയും 2019ല്‍ അതിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്ത ബിജെപിക്ക് നഷ്ടപ്പെട്ടത് ഭരണഘടന പോലും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനനുസൃതമായി തിരുത്തിയെഴുതാനാനാവശ്യമായ 400 സീറ്റെന്ന സ്വപ്‌നമാണ്. ഭൂരിപക്ഷത്തിനായി നായിഡുവിനും നിതീഷിനും മുന്നില്‍ തല കുനിച്ച് നില്‍ക്കുകയാണവര്‍. കോണ്‍ഗ്രസ് മുക്തഭാരതമെന്ന അവരുടെ അതിമോഹവും ഒലിച്ചുപോയി. ഏറെക്കുറെ ഇരട്ടിക്കടുത്ത സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. അഥവാ മന്ത്രിസഭ രൂപീകരിച്ചാലും ഘടകകക്ഷികള്‍ക്കുമുന്നില്‍ എപ്പോഴും മുട്ടുകുത്തേണ്ട അവസ്ഥയിലായിരിക്കും മോദി. പാര്‍ട്ടിക്കകത്തെ ഭിന്നതകളും ആര്‍എസ്എസുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ കൂടി മോദിയെ തടവിലാക്കുമെന്നുറപ്പ്. മോദിയുടെ ഗ്യാരണ്ടി, താന്‍ ദൈവമാണ് തുടങ്ങിയ അഹങ്കാരങ്ങള്‍ക്കൊന്നും വലിയ ഭാവിയില്ല എന്നുതുമുറപ്പ്.
അതിശക്തമായ പ്രതിപക്ഷമുണ്ടായി എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിജയം. അതിനാലാണ് ഇന്ത്യന്‍ ജനാധിപത്യം തകരില്ല എന്നു തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചത്. സ്റ്റാലിനും അഖിലേഷ് യാദവിനും മമതക്കും ഖാര്‍ഗെക്കും അതുപോലുള്ള മറ്റു നേതാക്കള്‍ക്കുമൊപ്പം പപ്പുവെന്ന് പലരും അധിക്ഷേപിക്കുന്ന രാഹുലാണ് ഈ മുന്നേറ്റത്തിലെ യഥാര്‍ത്ഥ പോരാളി. ഭാരത് ജോഡോ യാത്രയാണ് അദ്ദേഹത്തെ അതിനു കരുത്തനാക്കിയത് എന്നു കരുതുന്നതില്‍ തെറ്റില്ല. മോദി കയറൂരിവിട്ട മതവിദ്വേഷ രാഷ്ട്രീയത്തെ ജാതിവിവേചനത്തെ മുന്‍നിര്‍ത്തി സാമൂഹ്യനീതിയുടെ രാഷ്ട്രീയം പറഞ്ഞാണ് രാഹുല്‍ നേരിട്ടത്. ഏറെക്കുറെ മണ്ഡല്‍ – മസ്ജിദ് കാലത്തിന്റെ ആവര്‍ത്തനം. ജോഡോയാത്രയിലൂടെ ഇന്ത്യയെ തിരിച്ചറിഞ്ഞതായിരിക്കാം അതിനുള്ള ഉള്‍ക്കാഴ്ച രാഹുലിന് നല്‍കിയത്. ഈ ഉള്‍ക്കാഴ്ച പ്രതിപക്ഷത്തിരുന്നും രാഹുലും കൂട്ടരും പ്രകടിപ്പിച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവ് ശോഭനമാകുമെന്നുറപ്പ്. മോദിയുഗത്തിന് അന്ത്യമാകുമെന്നതിനും.
തീര്‍ച്ചയായും കേരളത്തെ കുറിച്ച് പരാമാര്‍ശിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ലല്ലോ. ഏറെക്കുറെ 2019 തന്നെയാണ് ഇവിടെ ആവര്‍ത്തിച്ചത്. അന്ന് ശബരിമല, രാഹുല്‍ തംരഗം എന്നൊക്കെ വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ ഫലം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്യേണ്ടത് എന്ന കൂടുതല്‍ മലയാളികളുടേയും ശരിയായ നിലപാടാണ് തെരഞ്ഞുപ്പുഫലത്തില്‍ പ്രതിഫലിച്ചത്. പിന്നെ സംസ്ഥാന ഭരണത്തിനെതിരായ വികാരവും. അപ്പോഴും വലിയ ഭീഷണിയാണ് നമുക്കുമുന്നിലെത്തിയിരിക്കുന്നത് എന്ന് തൃശൂരിലെ ഫലവും തിരുവനന്തപുരം, ആറ്റിങ്ങല്‍, ആലപ്പുഴ തുടങ്ങി പല മണ്ഡലങ്ങളിലും ബിജെപിക്കു ലഭിച്ച വോട്ടുകളും വ്യക്തമാക്കുന്നു. മൂന്നു മണ്ഡലങ്ങൡ 30 ശതമാനത്തിലധികമാണ് ബിജെപിയുടേ വോട്ടു വിഹിതം. 10 മണ്ഡലങ്ങളിലെ ശരാശരി 25 ശതമാനമാണ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ അവര്‍ക്ക് മുന്‍തൂക്കമുണ്ട്. യുപി, ബിജെപിയെ കൈവിടുമ്പോള്‍ കേരളം സ്വീകരി്കുന്നു എന്നതിന്റെ സൂചനയാണിത്. കേരളത്തില്‍ ശക്തമായ സവര്‍ണ്ണസംസ്‌കാരവും വലിയ വിഭാഗം ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും ശക്തമായ മുസ്ലിം വിരുദ്ധതയും വോട്ടിംഗിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഇതെല്ലാം നല്‍കുന്ന സൂചന. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ള പ്രസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തിന്റെ ഭാവി കാവിമയമാകുമെന്ന് ആശങ്കപ്പെടുന്നതില്‍ തെറ്റില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in