വാരിയന്‍ കുന്നന്റെ പുതിയ ചിത്രവും ചരിത്രവും

വാരിയന്‍ കുന്നന്റെ പുതിയ ചിത്രവും ചരിത്രവും കുറച്ചായി അന്തരീക്ഷത്തില്‍ പൊടി പറത്തുകയാണല്ലോ. സമൂഹ മനസുകളില്‍ വര്‍ഷങ്ങളായി രൂഢമൂലമായ ടി ജി രവിയിയില്‍ നിന്ന് അത് നമ്മെ വേര്‍പ്പെടുത്തി, ഉള്ളില്‍ ഒരു നെഞ്ചുറപ്പുള്ള യുവ പോരാളിയുടെ ചിത്രം സന്നിവേശിപ്പിച്ചതിന് റമീസ് മുഹമ്മദിന് നന്ദി പറയണം!

എന്നാല്‍ മലബാര്‍ സമരങ്ങളെക്കുറിച്ച് ഇവ്വിധം പുതിയ വായനകളും പഠനങ്ങളും പൊടി പൊടിക്കുമ്പോള്‍ പല കൗതുകങ്ങളും പുറത്ത് വരുന്നുണ്ട് എന്നതും കാണണം. മാപ്പിള പഠന രംഗത്തെ പുത്തനുണര്‍വ്വുകള്‍ കണ്ട് പകച്ച സംഘികള്‍ക്ക് അത് പലപ്പോഴും വളമാവുന്നു എന്നതാണ് സത്യം. ഫാസിസ്റ്റ് പുനര്‍വായനകളില്‍ പ്രതിസ്ഥാനത്ത് എന്നും മാപ്പിളമാരാകുന്നത് സ്വാഭാവികം തന്നെയാണല്ലോ.

അതേ സമയം തുവ്വൂര്‍ കിണറ്റുവക്കത്ത് ചൂണ്ടയുമായി വരിനില്‍ക്കുന്ന ഇവര്‍ പുതിയ സാഹചര്യത്തില്‍ നിന്ന് പൂര്‍വ്വാധികം ഊര്‍ജ്ജം സമ്പാദിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.കിണറ്റില്‍ ‘വെട്ടിയിട്ട ‘ ഇരുപതു പേരില്‍ രണ്ട് മുസ്ലിംകളും ഉള്‍പെട്ടിരുന്നു എന്നതൊന്നും സംഘീ വായനയുടെ വരുതിയില്‍ വരാത്തതില്‍ അല്‍ഭുതവുമില്ല. പതിനായിരങ്ങളുടെ ജീവത്യാഗവും അത് അനാഥമാക്കിയ ലക്ഷക്കണക്കിന് ജീവിത സ്വപ്നങ്ങളും അവര്‍ക്ക് വിഷയമല്ല. വെറുപ്പിന്റെ രാഷ്ട്രീയം ഉല്‍പാദിപ്പിച്ച് ഭരണത്തിലേക്ക് അത് ഏണിയാക്കാന്‍ കഴുകക്കണ്ണോടെ നോക്കിരിക്കുന്നവര്‍ വിപ്ലവത്തിലെ അത്തരം അപഭ്രംശങ്ങള്‍ തേടി നടക്കുകയാണ്. ചരിത്രത്തില്‍ നിന്ന് ഓരോരുത്തരും അവര്‍ക്ക് വേണ്ടത് ചികയുക എന്നത് പുതിയ പ്രവണതയല്ലല്ലോ. തുവ്വൂരില്‍ കൊല്ലപ്പെട്ടത് ബ്രിട്ടീഷ് ഒറ്റുകാരായ മനുഷ്യരായിരുന്നു എന്ന വാസ്തവം അവരോട് പറഞ്ഞിട്ടും വലിയ കാര്യമില്ല.

വാരിയംകുന്നന്‍ ഒരേയൊരാളുടെ തല വെട്ടിയതിന് ചരിത്രത്തില്‍ വ്യക്തമായ പിന്‍ബലമുണ്ട്. അത് പക്ഷെ ഒരു ഹിന്ദുവിന്റെതല്ല. ബ്രിട്ടീഷ് ചാരനായി നിരന്തരം ഹാജിയെ വേട്ടയാടിക്കൊണ്ടിരുന്ന ഖാന്‍ ബഹദൂര്‍ ചേക്കുട്ടിയുടേതായിരുന്നു. അദ്ദേഹത്തിന്റെ തലയറുത്തു കൊണ്ടാണ് ഹാജി തന്റെ മലയാള നാട് പ്രഖ്യാപനം നടത്തുന്നത്. മാത്രമല്ല കുഞ്ഞഹമ്മദാജിയുടെ ഏറ്റവും വലിയ എതിരാളികള്‍ ബ്രി ട്ടീഷ്‌കാരും ബ്രിട്ടീഷു പക്ഷ മുസ്ലിംകളുമായിരുന്നു. ഹാജിയുടെ പിതാവ് ചക്കിപ്പറമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജിയെ ആന്തമാനിലേക്ക് നാടുകടത്തിയതും അവരുടെ നൂറ്റി അന്‍പത് ഏക്കര്‍ കൃഷിഭൂമി കണ്ടു കെട്ടിയതുമാണ് വാരിയന്‍ കുന്നന്റെ ബ്രിട്ടീഷ് വിരോധത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോണ്‍സ്റ്റബിള്‍ ഹൈദ്രോസിനേയും സബ് ഇന്‍സ്‌പെക്റ്റര്‍ മൊയ്തീനേയും ഗൂഡല്ലൂരിലെ മറ്റൊരു പോലീസ് മേധാവിയായ ഷേഖ് മൊഹിയുദ്ധീനേയും അദ്ദേഹം വക വരുത്തിയവരുടെ ലിസ്റ്റില്‍ കാണാം. അതേസമയം അദ്ദേഹം ആരെയെങ്കിലും ഹിന്ദുക്കളാണ് എന്ന കാരണത്താല്‍ കൊലപ്പെടുത്തി എന്ന് ആംഗലേയ ചരിത്രകാരന്മാര്‍ പോലും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ആ ജീവനാന്തകാലം വരെ ബ്രിട്ടീഷ് അനുകൂലികളായി നിലകൊണ്ട കൊണ്ടോട്ടി തങ്ങന്മാരെ, പേരും പെരുമയും ഉണ്ടായിട്ടു കൂടി ഹാജി എതിര്‍ത്തു. അവര്‍ക്ക് പല നഷ്ടങ്ങളും വരുത്തി. കൊണ്ടോട്ടിയാക്രമണത്തില്‍ തങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാത്രമല്ല ഹാജിയുടെ മുഖ്യ സൈന്യാധിപന്‍ പോലും, ലോക മഹായുദ്ധത്തില്‍ നിന്ന് വിരമിച്ചു വന്ന ബ്രിട്ടീഷ് ഭടന്‍ താമിയായിരുന്നു. വെട്ടിക്കാട്ട് ഭട്ടതിരിയെന്ന ജന്മി അദ്ദേഹത്തിന്റെ സന്ധതസഹചാരിയും വിപ്ലകവാരികളെ ഭക്ഷണവും ആയുധവും നല്‍കി പ്രോല്‍സാഹിപ്പിച്ച വ്യക്തിയുമായിരുന്നു. പാണ്ടിയാട്ട് നമ്പീശന്റെ വീട്ടില്‍, അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളിലാണ് തന്റെ തീരുമാനങ്ങള്‍ക്ക് അദ്ദേഹം മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കിരുന്നത്. ഹാജിയുടെ സഖി മാളുഹജ്ജുമ്മയുടെ വലങ്കയ്യായി അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് നിഴല്‍ പോലെ ഒപ്പം നടന്നത്, ചിരുതയെന്ന കീഴാള യുവതിയായിരുന്നു. ബ്രിട്ടനോട് എതിപ്പു പുലര്‍ത്തുന്നവരെ കൂടെ നിര്‍ത്താന്‍ ഹാജി പരമാവധി ശ്രമിച്ചു.പാണ്ടിക്കാട്ടെയും വണ്ടൂരിലേയും ചില ജന്മികള്‍ നാടുവിടുന്നത്കണ്ട് വേദനയോടെ അവരെ നാട്ടില്‍തന്നെ പിടിച്ചു നിര്‍ത്താന്‍ ഹാജി ശ്രമിച്ചിരുന്നു. നിലമ്പൂര്‍ തിരുമുല്‍പാടുമായി അദ്ദേഹം വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതിനും വേണ്ടത്ര തെളിവുകള്‍ ഇന്ന് ലഭ്യമാണ്.

പുക്കോട്ടൂര്‍ ലഹളക്കാര്‍ നിലമ്പൂര്‍ കോവിലകം ആക്രമിക്കാന്‍ വന്നപ്പോള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ത്ത കാവല്‍ക്കാരനെ കലാപകാരികള്‍ വകവരുത്തിയിരുന്നു. തുടര്‍ന്ന് അവര്‍ അറപ്പുരയില്‍ കയറി സ്ത്രീകള്‍ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ അവര്‍ക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ വെടിവെക്കാം എന്ന് ചെറിയ തമ്പുരാന്‍ പറഞ്ഞപ്പോള്‍ തോക്കുകള്‍ താഴ്ത്തി സല്യൂട്ട് ചെയ്യുകയാണ് കലാപകാരികള്‍ ചെയ്തത്. ഇത് സമരത്തിലെ പൊതു സ്വഭാവമായിരുന്നു.

ഒക്‌റ്റോബര്‍ ഒന്‍പതിന് ഹിന്ദുവിന് എഴുതിയ ഒരു കത്ത് മാത്രമാണ് വിപ്ലവത്തില്‍ വാരിയംകുന്നന്റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ പര്യാപ്തമായി ലഭിക്കുന്ന ഏക ഉപദാനം. മറ്റുള്ളതിലധികവും കൊളോണിയല്‍ വീക്ഷണങ്ങളാണ്. അതിലാവട്ടെ വാരിയംകുന്നനെ ഏത് കാഴ്ചപ്പാടിലാണ് വിലയിരുത്തുക എന്ന് പറയേണ്ടതില്ല. പിന്നെയുള്ളത് അന്നത്തെ ദേശീയ പരിപ്രേക്ഷ്യമാണ്.വിപ്ലവത്തെ പാതിവഴിയിലുപേക്ഷിച്ചു സ്വന്തം തൊഴില്‍ തേടിപ്പോയ അക്കൂട്ടരെ ചരിത്രപഠിതാക്കള്‍ ഒറ്റുകാരായി വിലയിരുത്തുന്നതില്‍ അല്‍ഭുതവുമില്ല. ചാലപ്പുറം ഗാംഗിന്റെ അസഹിഷ്ണുത അബ്ദുറഹിമാന്‍ സാഹിബിനെയും മൊയ്തു മൗലവിയേയുമൊക്കെ ഏത് കണ്ണിലൂടെയാണ് നോക്കി കണ്ടിരുന്നത് എന്ന് ചരിത്രാന്വേഷകര്‍ക്കറിയാം. മാധവന്‍ നായരുടെയും മറ്റും പൊള്ളത്തരങ്ങളും അസഹിഷ്ണുതയും ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പിറന്ന മണ്ണിനു വേണ്ടി മാപ്പിള കീഴാളവര്‍ഗ്ഗങ്ങള്‍ സ്വന്തം ജീവന്‍ നല്‍കാന്‍ തയ്യാറായി പോര്‍ക്കളത്തിലിറങ്ങി പൊരുതുന്ന കാലത്ത് ഗാന്ധിജി ഒരു വര്‍ഷത്തിനുള്ളില്‍ സ്വരാജ് ലഭിക്കും എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ തല്‍ക്കാലം വക്കീല്‍ പണി നിര്‍ത്തിവെച്ചത് എന്ന്‌വെട്ടിത്തുറന്ന് പറഞ്ഞയാളാണ് മാധവന്‍ നായര്‍. തീര്‍ന്നില്ല, ഇന്നത്തെ RSSന്റെ മുന്‍വേര്‍ഷനായ ഹിന്ദുമഹാസഭ 1925 ഏപ്രിലില്‍ തിരുനാവായയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു നായര്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രത്തില്‍ എത്രമാത്രം സത്യസന്ധതയുണ്ടാകും എന്ന് പറയേണ്ടതില്ല.

വാരിയന്‍ കുന്നന്‍ 21 ഒക്റ്റോബര്‍ ഏഴിന് ഹിന്ദുവിനെഴുതിയ കത്തില്‍ ഇങ്ങനെ കാണുന്നു:

‘എന്നെയും എന്റെ ആള്‍ക്കാരേയും കുറിച്ചുള്ള വലിയ കിംവദന്തി ഇവിടേയും പുറം നാടുകളിലും പരക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഞങ്ങള്‍ ഹിന്ദുക്കളെ നിര്‍ബന്ധിതമായി മതം മാറ്റുന്നു എന്നാണത് പറയുന്നത്. അത് ശരിയല്ല. ഈ സംഗതി നടക്കുന്നുണ്ട് എന്നത് യഥാര്‍ത്ഥ്യമാണ്. പക്ഷെ അത് നടത്തുന്നത് ഞങ്ങളല്ല. വേഷം മാറിയ പട്ടാളക്കാരും ജന്മിമാരുടെ ചോറ്റുപട്ടാളവുമാണ്. അതേസമയം ഞങ്ങളെ ഒറ്റുകൊടുക്കുന്ന ചില ഹിന്ദുക്കളെ ഞങ്ങള്‍ അക്രമിക്കുന്നുണ്ട്. ഒപ്പം നമ്പൂതിരിമാര്‍ക്കും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ട്, അവരാണല്ലോ ഈ കലാപത്തിന് കാരണക്കാര്‍. ബ്രിട്ടീഷുകാരുടെ നിര്‍ബന്ധിത സൈനിക സേവനത്തില്‍ പങ്കുകൊള്ളാന്‍ ഭയപ്പെട്ടു ഓടിവന്ന എത്രയോ ഹിന്ദുവിഭാഗങ്ങള്‍ എന്നെ അഭയം തേടിയിട്ടുണ്ട്. അവര്‍ക്ക് ഞാന്‍ സംരക്ഷണം നല്‍കുന്നുണ്ട്. ഈ വിവരം മഹാത്മാ അറിയണം, മൗലാനമാര്‍ അറിയണം. ഈ എഴുത്ത് നിങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ ഒരിക്കല്‍ ഞാന്‍ നിങ്ങളോട് അതിന്റെ വിശദീകരണം ആവശ്യപ്പെടും’

ഇതിലെവിടേയും കലാപം ഹിന്ദു മുസ്ലിം വിഭാഗീയതയാണ് എന്ന് പറയുന്നില്ല. എന്ന് മാത്രമല്ല തങ്ങളുടെ മുഖ്യശത്രു ജന്മിത്വവും ബ്രിട്ടീഷ് അധികാരികളുമാണ് എന്ന് ഈ എഴുത്തില്‍ അന്യത്ര വ്യക്തവുമാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കുചേര്‍ന്ന് യുദ്ധം അവസാനിച്ചപ്പോള്‍ തിരിച്ചു വന്ന ഭടന്‍മാരില്‍ വലിയൊരു വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു.ഇവരെക്കൂടി അണിനിരത്തിയാണ് ഖിലാഫ ത്ത്ഭടന്മാരുടെ ഏഴായിരം വരുന്ന വളണ്ടിയര്‍മാരുടെ കോര്‍ ഹാജി രൂപീകരിച്ചത്. ഇവരിലാരും ബ്രിട്ടീഷ് പക്ഷത്ത് ചേരാന്‍ ഇഷ്ടപ്പെട്ടില്ല എന്നതും എടുത്തു പറയണം. ഏറ്റവും രൂക്ഷമായ പാണ്ടിക്കാട് യുദ്ധത്തില്‍ പോലും അനവധി ഹിന്ദുക്കളുണ്ടായിരുന്നു എന്ന് ഇന്ന് വെളിപ്പെട്ടിട്ടുണ്ട്.

അതേ പോലെ മഞ്ചേരി നമ്പൂതിരി ബാങ്ക് കൊള്ളചെയ്ത സംഭവവും ഹാജിയുടെ തലയില്‍ വെച്ചു കെട്ടാനുള്ള ശ്രമവും തകൃതിയില്‍ നടക്കുന്നു. സത്യത്തില്‍ പുല്ലൂരിലെ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റേതായിരുന്നു ഈ ബാങ്ക്. അത് കൊള്ളചെയ്യാന്‍ വന്ന കലാപകാരികളില്‍ നിന്ന് ആ കാശ് വാങ്ങി അതിന്റെ അവകാശികള്‍ക്ക് തിരിച്ചു കൊടുക്കുകയാണ് വാരിയന്‍ കുന്നന്‍ചെയ്തത്. ഇത് വാസുദേവന്‍ നമ്പൂതിരിക്ക് മനസിലായിരുന്നു. അതു കൊണ്ടു തന്നെ മരണം വരെ നമ്പൂതിരിയോടുള്ള സൗഹൃദം ഹാജി നിലനിര്‍ത്തി എന്ന് ബാരിസ്റ്റര്‍ എകെ പിള്ളയും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും അവരുടെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.

മഞ്ചേരി ബ്രിട്ടീഷ് ഖജാന കൊള്ളചെയ്തത് നിലവിലുള്ള അധികാരത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി രുന്നു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് മുതിരുന്നവരെ ഹാജി കൈകാര്യം ചെയ്തിരുന്നു എന്നതിന് കൊളോണിയല്‍- ദേശീയ ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയ പല തെളി വുകള്‍ കാണാം. സംഘികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെ മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ തന്നെ ഇതിനെക്കുറിച്ച പരാമര്‍ശങ്ങളുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കലാപം കലുഷിതമാക്കിയ നാളുകളില്‍ മാധവന്‍ നായര്‍ സ്വന്തം വീട് വിട്ട് മഞ്ചേരിയിലെ ഭാര്യവീട്ടിലേക്ക് താമസം മാറുന്ന സന്ദര്‍ഭത്തിലാണ് മാധവന്‍ നായര്‍ വാരിയംകുന്നനെ കാണുന്നത്.ആ വീട്ടിന്റെ അയല്‍ പ്രദേശത്ത് കൊള്ള ചെയ്യാന്‍ വന്ന കലാപകാരികളെ ഓടിക്കാനാണ് ഹാജി ആ വഴി വരുന്നത് എന്ന് നായര്‍തന്റെ പുസ്തകത്തില്‍ എഴുതുന്നു.

ഹാജിയുടെ മഞ്ചേരി പ്രഖ്യാപനത്തെക്കുറിച്ച വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് കൊളോണിയല്‍ രേഖകളില്‍ നിന്നാണ്.ബ്രിട്ടീഷ് ചരിത്രകാരനായ റോളണ്ട് ഇമില്ലര്‍ തന്റെ ‘മാപ്പിള മുസ്ലിസ് ഓഫ് കേരള’ എന്ന പുസ്തകത്തില്‍ അത് ഉദ്ധരിക്കുന്നു:

‘നിങ്ങള്‍ ഹിന്ദുക്കളെ കൊല്ലാനോ അവരോട് സമരം ചെയ്യാനോ പാടില്ല. അവരുടെ വിശ്വാസത്തിന് വിരുദ്ധമായി അവരെ ഒരിക്കലും മതത്തില്‍ ചേര്‍ക്കരുത്. നാം ഹിന്ദുക്കളെ ദ്രോഹിച്ചാല്‍ അവര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് കൂടെ ചേരും. അങ്ങിനെയായാല്‍ നാം ഈ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ പരാജയപ്പെടും. ഹൈന്ദവ സഹോദരങ്ങളോട് നമുക്ക് ഒരു എതി ര്‍പ്പുമില്ല. അവരും ഈ മണ്ണിന്റെ മക്കളാണ്. പക്ഷെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ സഹായിക്കുന്നവര്‍ ആരായാലും നാം അവരെ ശിക്ഷിക്കും. ഇതൊരു ഇസ്ലാമിക രാജ്യമാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല.’

സത്യത്തില്‍ ബ്രിട്ടീഷ് പക്ഷത്തിന്റെ അഞ്ചാം പത്തികളായി നിന്ന് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തത് മുഴുവന്‍ കൊളോണിയലിസ്റ്റുകളും അവരുടെ കൂടെ നിന്നവരുമായിരുന്നു. ഈ വിവരങ്ങള്‍ ഇന്ന്പുതിയ പഠനങ്ങളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭാഷ്യങ്ങള്‍ മാത്രം വായിച്ച് ശീലിച്ചവര്‍ക്ക് യാഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍കൊള്ളാന്‍ സാധിക്കണമെന്നില്ല. ടിപ്പുവിനെ എവ്വിധമാണോ ക്ഷേത്രധ്വംസകനും വര്‍ഗീയ വാദിയുമായി അപരവല്‍ക്കരിച്ചത് അതേ നിലപാടു തന്നെയാണ് സംഘീവീക്ഷണഗതിക്കാര്‍ വാരിയം കുന്നനോടും പുലര്‍ത്തുന്നത്.

പുര കത്തുമ്പോള്‍ കഴുക്കോലൂരാനുംവാഴ വെട്ടാനും ധാരാളം പേരുണ്ടാകും എന്ന് പറയുന്ന പോലെ ഏതൊരു സമ രത്തിലും മുതലെടുപ്പുകാരുണ്ടാകും. അവസരം മുതലെടുക്കുന്ന സാമൂഹ്യ ദ്രോഹികളെ എവിടെയും കാണാം. എന്ന് വെച്ച് അക്കാരണത്താല്‍ ആ സമരത്തെ തന്നെ മൊത്തം തള്ളിപ്പറയുകയാണെങ്കില്‍ ലോകത്ത് ഒരു സമരത്തേയും നമുക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഗാന്ധിജി നയിച്ച ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പോലും അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരുനൂറിലധികം പോലീസ് സ്റ്റേഷനുകളാണ് ആ സമരത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടത്. ആയിരത്തോളം പോസ്റ്റോഫീസുകളാണ് തകര്‍ക്കപ്പെട്ടത്.അറുനൂറിലധികം ബോംബുസ്‌ഫോടനങ്ങളും അതിനെ തുടര്‍ന്ന് നടന്നു. ഇക്കാരണം കൊണ്ട് ക്വിറ്റ് ഇന്ത്യാ സമരത്തെ തള്ളിപ്പറയുന്നത് എത്രമാത്രം നിരര്‍ത്ഥകതമാണ്. ഇതെല്ലാം മുന്‍നിര്‍ത്തി ഗാന്ധിജിയുടെ സമരങ്ങളെല്ലാം പരാജയമായിരുന്നു എന്ന് ആര്‍ക്കാണ് വിധികല്‍പ്പിക്കാനാവുക?

യഥാര്‍ത്ഥത്തില്‍ മാപ്പിള പോരാട്ടങ്ങള്‍ ഒരു ജനതയുടെ ജീവിക്കാന്‍ വേണ്ടിയുള്ള അഭിവാഞ്ചയുടെ പ്രതിഫലനമായിരുന്നു. ഭരണകൂടത്തിന്റെ തണലില്‍ കൊഴുത്തു വന്ന ജന്മിത്വം ഇന്നാട്ടിലെ അടിസ്ഥാന വര്‍ഗ്ഗങ്ങളോട് കാണിച്ച ക്രൂരതയോടുള്ള ചെറുത്തു നില്‍പ്പുകളായിരുന്നു മലബാര്‍ സമരങ്ങള്‍.,

റഫറന്‍സ് ഗ്രന്ഥങ്ങള്‍ .

1 ആംഗ്ലോ മാപ്പിളയുദ്ധങ്ങള്‍ AK കോടൂര്‍
2 ഖിലാഫത്ത് സ്മരണകള്‍: മോഴിക്കു ന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്.
3 മാപ്പിള സമുദായം:ടി മുഹമ്മദ്.
4 മാപ്പിള മുസ്ലിംസ് ഓഫ് കേരള: റോളണ്ട് ഇ മില്ലര്‍.
5 മലബാര്‍ കാലാപം: K മാധവന്‍ നായര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply