നര്‍മ്മദ : നിരാഹാര സമരം തുടരുന്നു.
പദ്ധതി പ്രദേശത്തെ ജനങ്ങളെ വിധിക്കു വിട്ടുകൊടുക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉദാസീനതക്കെതിരെ നര്‍മദ ബച്ചാവോ പ്രസ്ഥാനം സത്യാഗ്രഹത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ ഭാഗമായാണ് പദ്ധതി മൂലം കുടിയിറക്കപ്പട്ടവരുടെ പ്രതിനിധികളും മേധ പട്കറും അനിശ്ചിതകാല ഉപവാസവും റിലേ ഉപവാസവും ജൂണ്‍ 15 മുതല്‍ ആരംഭിച്ചത്.
നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സമര നേതാക്കള്‍ മേധാ പട്കറുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ 15 മുതല്‍ നര്‍മ്മദയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. നര്‍മ്മദയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ദുരിതങ്ങളില്‍ ജീവനവും ജീവസന്ധാരണവും നഷ്ടപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പുനരധിവാസം ഉറപ്പാക്കണം എന്നും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് 122 മീറ്റര്‍ ആയി നിജപ്പെടുത്തണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളത്. ഐതിഹാസികമായ നര്‍മദാ സമരത്തിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലിമെന്റും സുപ്രിംകോടതിയുമടക്കം കുടിയിറക്കുന്നതിന് മുന്‍പ് പുനരധിവാസവും ജീവനസുരക്ഷയും ഉറപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ഈ ഉറപ്പുകള്‍ നിലനില്‍ക്കുമ്പോഴും ഇനിയും 15946 കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയായിട്ടില്ല എന്ന് മാത്രമല്ല മണ്‍സൂണ്‍ അടുത്തതോടെ ഭീതിദമായ അന്തരീക്ഷമാണ് രൂപപ്പെട്ടിട്ടുള്ളത്. അതിനാലാണ് സര്‍ക്കാറിന്റ അടിയന്തിര നടപടികള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് മേധാപട്കറുടെ നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരിക്കുന്നത്.
നര്‍മ്മദ ബച്ചാവോ ആന്തോളന്റെ നേതൃത്വത്തില്‍ നടക്കുന്ന അഹിംസാത്മക സത്യാഗ്രഹ പോരാട്ടങ്ങളുടെ ഫലമായി പുനരധിവാസത്തിനും ഉപജീവനത്തിനുമുള്ള അവകാശങ്ങള്‍ അംഗീകരിക്കാന്‍ മഹാരാഷ്ട്ര, ഗുജറാത്ത്, സംസ്ഥാനങ്ങള്‍ തയ്യാറായിട്ടുണ്ട്. ഭൂരഹിതര്‍, സ്ത്രീകള്‍, ഭൂവുടമകള്‍, മത്സ്യത്തൊഴിലാളികള്‍, ഗോത്രവര്‍ഗക്കാര്‍, കുശവന്‍മാര്‍ അടങ്ങിയ അമ്പതിനായിരത്തോളം കുടുംബങ്ങളെ ഇതിനകം പുനരധിവസിപ്പിട്ടുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുനരധിവാസം ഭാഗികമായെങ്കിലും നടപ്പാക്കപ്പെട്ടെങ്കിലും മദ്ധ്യപ്രദേശിലെ സ്ഥിതി ഗുരുതരമാണ്. ആയിരക്കണക്കിനു കുടുംബങ്ങളാണ് അവിടെ കാല്‍നൂറ്റാണ്ടിലധികമായി പുനരധിവാസം ലഭിക്കാതെ അലഞ്ഞു തിരിയുന്നതും താത്കാലിക ടെന്റുകളില്‍ കഴിഞ്ഞു കൂടുന്നതും. അവരുടെ സംരക്ഷണ ചുമതല ഇപ്പോള്‍ നിര്‍വഹിച്ചു വരുന്നത് നര്‍മ്മദ ബച്ചാവോ ആന്തോളന്റെയും എന്‍ എ പി എമ്മിന്റെയും നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയാണ്.
ഇപ്പോഴാകട്ടെ നീതിന്യായ വ്യവസ്ഥയേയും സംരക്ഷണ നിയമ ക്രമങ്ങളെയും അട്ടിമറിച്ച് മധ്യപ്രദേശിലുള്ള കായലിന്റെ ജലവിതാനം ഉയര്‍ത്തുകയാണ്. അതുമൂലം ഭീഷണിയിലായ 15,946 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരുടെ വീടുകളാവട്ടെ ഇതിനകം കയ്യേറുകയും അവരുടെ സാധനങ്ങള്‍ എല്ലാം നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനും ആശയവിനിമയത്തിനും ശേഷമാണ് താത്കാലിക സഹായങ്ങള്‍ പോലും ലഭിക്കുന്നത്. അതിനിടയില്‍ അധികൃതരുടെ ചില നടപടികള്‍ പ്രശ്‌നം വഷളാക്കുകയുമുണ്ടായി. 2023 സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രിയുടെ പിറന്നാളാഘോഷത്തിന് സര്‍ദാര്‍ സരോവര്‍ റിസര്‍വോയര്‍ നിറച്ചു നിര്‍ത്താനായി ഷട്ടറുകള്‍ തുറക്കാതിരിക്കുകയും ശക്തമായ മഴയില്‍ മധ്യപ്രദേശ്, വെള്ളം ഒരുമിച്ച് തുറന്നു വിടേണ്ടി വരികയും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിലും അണക്കെട്ടിന്റെ താഴെയുള്ള ഗുജറാത്തിലെ മൂന്ന് ജില്ലകളിലും വലിയ വെള്ളപ്പൊക്കമുണ്ടായി. വീടുകള്‍, കടകള്‍, കൃഷിയിടങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവയ്ക്ക് വലിയ നാശനഷ്ടമുണ്ടാകാനും ആ നടപടി കാരണമായി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നര്‍മദ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി മീറ്റിംഗുകള്‍ നടന്നിട്ടുണ്ടെങ്കിലും ബാക്കിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. കാലവര്‍ഷത്തിനു മുമ്പേ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളാണിവ. പദ്ധതി പ്രദേശത്തെ ജനങ്ങളെ വിധിക്കു വിട്ടുകൊടുക്കുന്ന അധികൃതരുടെ ഉദാസീനതക്കെതിരെ നര്‍മദ ബച്ചാവോ പ്രസ്ഥാനം സത്യാഗ്രഹത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ ഭാഗമായാണ് പദ്ധതി മൂലം കുടിയിറക്കപ്പട്ടവരുടെ പ്രതിനിധികളും മേധ പട്കറും അനിശ്ചിതകാല ഉപവാസവും റിലേ ഉപവാസവും ജൂണ്‍ 15 മുതല്‍ ആരംഭിച്ചത്. താഴെ പറയുന്ന ആവശ്യങ്ങളാണ് അവര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.
1) പദ്ധതി ബാധിതരെന്ന് കണ്ടെത്തിയവരും ഇതുവരെ പുനരധിവസിപ്പിക്കപ്പെടാത്തവരുമായ 15,946 കുടുംബങ്ങളെ എത്രയും വേഗം പുനരധിവസിപ്പിക്കുക.
2) സര്‍ദാര്‍ സരോവര്‍ പദ്ധതി മൂലം കുടിയിറക്കപ്പെട്ട മുഴുവന്‍ മനുഷ്യരേയും പുനരധിവസിപ്പിക്കുന്നതുവരെ അണക്കെട്ടിലെ ജലവിതാനം 122 മീറ്ററില്‍ നിലനിര്‍ത്തുക.
3) 2024 ലെ മണ്‍സൂണില്‍ വീടുകളും കൃഷിയിടങ്ങളും മുങ്ങിപ്പോവില്ലെന്ന് ഉറപ്പുവരുത്തുക. വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉതകുന്ന വിധത്തില്‍ റൂള്‍ കര്‍വ്, എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ എന്നിവ ജന പങ്കാളിത്തോടെ തയ്യാറാക്കുക
4) പരാതി പരിഹാര അഥോറിറ്റികള്‍ക്കു മുന്നിലെത്തിയ അപേക്ഷകള്‍ പരിശോധിച്ച് ഉടന്‍ പരിഹാരം കണ്ടെത്തുക.
5) മുന്‍വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിലെ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ സംഘടന പ്രതിനിധികളും നര്‍മ്മദയിലെ ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. അതിനോടൊപ്പം അവരവരുടെ സംസ്ഥാനങ്ങളില്‍ വിവിധ തരത്തിലുള്ള ഐക്യദാര്‍ഢ്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. നര്‍മ്മദ സമര ഐക്യദാര്‍ഢ്യ സമിതിയുടേയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റേയും നേതൃത്വത്തില്‍ കേരളത്തിലും ഐക്യാദാര്‍ഢ്യ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in