എന്റെ ശരീരം എന്റെ സ്വന്തം – ഭാഗം 3
ശാരീരിക സ്വയംഭരണത്തിന്റെയും സമഗ്രതയുടെയും മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന യുഎന്‍എഫ്പിഐയുടെ ജനസംഖ്യയുടെ സ്ഥിതി സംബന്ധിച്ച ‘മൈ ബാഡി ഈസ് മൈ ഔണ്‍’ എന്ന റിപ്പോട്ട് സാമൂഹികതലത്തില്‍ ഈ പ്രശ്‌നത്തെ നേരിടാന്‍ എന്താണു നാം ചെയ്യേണ്ടത് എന്നതു സംബന്ധിച്ചു നിരവധി നിര്‍ദ്ദേശങ്ങളും ആഗോള സമൂഹത്തിനു മുന്നില്‍വയ്ക്കുന്നുണ്ട്. സ്ത്രീസമൂഹത്തിന്റെ, അതെയെന്നു പറയാനുള്ള അധികാരവും ഇല്ലെന്നു വ്യക്തമാക്കാനുള്ള അവകാശവും അംഗീകരിക്കുക എന്നതാണവയുടെ രത്‌നച്ചുരുക്കം.
”ശാരീരിക സ്വയംഭരണവും സമഗ്രതയും-നമ്മുടെ സ്വന്തം ശരീരത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള ശക്തി-ലിംഗസമത്വത്തിലും മനുഷ്യാവകാശത്തിലും അധിഷ്ഠിതമാണ്, അവ സ്ത്രീ ശാക്തീകരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും അത്യാവശ്യമാണ്,” യുഎന്‍എഫ്പിഎ ഏഷ്യ-പസഫിക് റീജിയണല്‍ ഡിറക്ടര്‍. ബ്യോണ്‍ ആന്റേഴ്‌സണ്‍ പറഞ്ഞ വാക്കുകള്‍ സ്ത്രീകളുടെ ശാരീരിക സ്വയംഭരണത്തിന്റെ പ്രശ്‌നം അവരെമാത്രം ബാധിക്കുന്നതല്ലെന്നും രാഷ്ട്രശരീരത്തെയാകെ സ്വാധീനിക്കുന്നതാണെന്നും വ്യക്തമാക്കുന്നു. ശാരീരിക സ്വയംഭരണവും സമഗ്രതയും ആരോഗ്യത്തിന്റെ നാനാവശങ്ങള്‍ക്കുപരി മാന്യവും ആത്മാഭിമാനവുമുള്ള ജീവിതത്തിനുള്ള വഴിതെളിക്കും. ഈ അവകാശങ്ങളുടെ സാക്ഷാത്കാരം ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തിനും ലിംഗസമത്വത്തിനും അപ്പുറം ആധുനികമായൊരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ മൂലക്കല്ലാണെന്നും ആധുനിക ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ശാരീരിക സ്വയംഭരണമെന്ന കാഴ്ചപ്പാടിന്റെ പ്രഹരശേഷി തിരിച്ചറിയുന്ന യാഥാസ്ഥിതിക/മതാധിപത്യ/പുരുഷാധിപത്യ ശക്തികള്‍ ഇതൊരു പാശ്ചാത്യ ആശയമാണെന്നും സാര്‍വ്വത്രിക അവകാശമാകാനുള്ള അര്‍ഹത ഇതിനില്ലെന്നും വാദിക്കുന്നു. ശാരീരിക സ്വയംഭരണാധികാരം സമൂല വ്യക്തിവാദത്തെ പ്രതിനിധീകരിക്കുന്നതിനാല്‍ ഇതു സാമൂഹികമായ തീരുമാനമെടുക്കലിനെ ദുര്‍ബ്ബലപ്പെടുത്തുന്നുവെന്നും ഒരു വ്യക്തിയുടെ ശാരീരിക സ്വയംഭരണാവകാശം മറ്റുള്ളവരുടെ ന്യായമായ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നുമാണ് ഇത്തരക്കാരുടെ ചിന്ത. കൂടാതെ, ഈ അധികാരം പാരമ്പര്യങ്ങളെയും മതങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ ആകുലപ്പെടുന്നു. ഈ ‘ആശങ്കകളുടെ പിന്നിലെ താല്‍പര്യമെന്തെന്നു തിരിച്ചറിഞ്ഞു സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങളൊക്കെ അവയ്‌ക്കെതിരേ നിലപാടെടുത്തിട്ടുണ്ട്.
ശാരീരിക സ്വയംഭരണത്തിന്റെയും സമഗ്രതയുടെയും മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന യുഎന്‍എഫ്പിഐയുടെ ജനസംഖ്യയുടെ സ്ഥിതി സംബന്ധിച്ച ‘മൈ ബാഡി ഈസ് മൈ ഔണ്‍’ എന്ന റിപ്പോട്ട് സാമൂഹികതലത്തില്‍ ഈ പ്രശ്‌നത്തെ നേരിടാന്‍ എന്താണു നാം ചെയ്യേണ്ടത് എന്നതു സംബന്ധിച്ചു നിരവധി നിര്‍ദ്ദേശങ്ങളും ആഗോള സമൂഹത്തിനു മുന്നില്‍വയ്ക്കുന്നുണ്ട്. സ്ത്രീസമൂഹത്തിന്റെ, അതെയെന്നു പറയാനുള്ള അധികാരവും ഇല്ലെന്നു വ്യക്തമാക്കാനുള്ള അവകാശവും അംഗീകരിക്കുക എന്നതാണവയുടെ രത്‌നച്ചുരുക്കം.
സ്ത്രീകളും സ്ത്രീവിമോചന പ്രസ്ഥാനങ്ങളും തെരഞ്ഞെടുപ്പിനുള്ള അധികാരമാണു മുഖ്യമെന്ന് എല്ലായ്‌പ്പോഴും തിരിച്ചറിഞ്ഞിരുന്നു. സ്വന്തം ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കാള്‍ അടിസ്ഥാനപരമായ തെരഞ്ഞെടുപ്പുകള്‍ യാതൊന്നുമില്ലെന്നും അവര്‍ക്കു ബോധ്യമുണ്ടായിരുന്നു തെരഞ്ഞെടുപ്പിനുള്ള അവകാശ പോരാട്ടം അതിപുരാതനകാലം മുതലേ സ്ത്രീകള്‍ നടത്തിയിരുന്നു. എന്നാല്‍, ബി.സി. 400 ലാണു ഗ്രീക്ക് ഗൈനക്കോളജിസ്റ്റ് അഗ്‌നൊഡിസ്, (Agnodice) വനിതാ ഡോക്ടര്‍മാരെ നിരോധിക്കുന്നതും സ്ത്രീകള്‍ക്കു തെരഞ്ഞെടുപ്പിനുള്ള അവകാശം നഷ്ടപ്പെടുത്തുന്നതുമായ നിയമം അംഗീകരിക്കാന്‍ വിസമ്മതിച്ചത്. രോഗികളെ ചികിത്സിക്കാനുള്ള അവകാശത്തിനായി അവര്‍ കോടതിയില്‍ പോകുകയും തത്ഫലമായി നിയമം റദ്ദാക്കുകയും ചെയ്തു. നൂറ്റാണ്ടുകളായുള്ള ഈ പോരാട്ടം തുടരുകയാണിന്നും. തന്റെ ശരീരത്തിന്മേലുള്ള അവകാവശത്തിനായി ഉയരുന്ന സ്ത്രീശബ്ദങ്ങള്‍ ഇന്നു വര്‍ദ്ധിച്ചിട്ടുണ്ട്.
ശാരീരിക സ്വയംഭരണത്തില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. പക്ഷേ, അവയുടെയെല്ലാം മൂലാധാരം സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എത്രമാത്രം നേടിയെന്ന പരിശോധനയില്‍ ശാരീരിക സ്വയംഭരണത്തെ വിലയിരുത്തുന്നതിനു 3 നിര്‍ണ്ണായക ദത്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ആരോഗ്യപരിരക്ഷ, ഗര്‍ഭനിരോധനോപാധികള്‍, ലൈംഗികബന്ധം എന്നിവയുമായി ബന്ധപ്പെട്ടതാണവ. ഇവ സംബന്ധിച്ചു സ്വയം തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നാണ് എസ്ഡിജി നേടിയോ എന്നതില്‍ വിലയിരുത്തുന്നൊരു കാര്യം. ഈ മേഖലയില്‍ നിലനില്ക്കുന്ന അടിസ്ഥാനപരമായ തടസ്സം പുരുഷാധിപത്യത്തിലൂന്നിയ ലിംഗവിവേചനമാണെന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മേല്‍ സൂചിപ്പിച്ച 3 കാര്യങ്ങളില്‍ തെരഞ്ഞെടുപ്പിനു സ്വാതന്ത്ര്യമുള്ള വനിതകള്‍ക്കു മറ്റു നിരവധി രംഗങ്ങളില്‍ പുരോഗതിയുടെ പടവുകള്‍ കയറാന്‍ സാധിക്കും എന്നാണു പ്രസ്തുത റിപ്പോട്ട് വ്യക്തമാക്കുന്നത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരിക സ്വയംഭരണം നേടുന്നതു സമൂഹത്തിലെ സര്‍വ്വമേഖലകളിലും ലിംഗസമത്വം കൈവരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സിവില്‍ സര്‍വ്വീസുകള്‍, നിയമസഭകള്‍, രാഷ്ട്രീയവും സാമൂഹികവുമായ നേതൃസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ അസമത്വം അവസാനിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് അടിസ്ഥാന മുന്നേറ്റം നേടാം. അതുവഴി, സ്ത്രീകളുടെ അവകാശങ്ങളെയും തെരഞ്ഞെടുപ്പുകളെയും ബാധിക്കുന്ന നയങ്ങളെയും നിയന്ത്രണങ്ങളെയും തിരുത്താം. പല രാജ്യങ്ങളും എസിഡിജിയുടെ സാക്ഷാത്കാരത്തിനുള്ള പദ്ധതികളില്‍ ലിംഗസമത്വം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഈ മേഖലയില്‍ ദിശാബോധമുള്ള നയങ്ങള്‍ രൂപവത്കരിക്കാന്‍ അധികാരമുള്ള പ്രത്യേക സ്ഥാപനങ്ങള്‍ പലയിടത്തുമില്ല എന്നതും കാണേണ്ടതുണ്ട്. സ്വീഡന്‍ 2014 ല്‍ തുടങ്ങിയ ‘സ്ത്രീവിമോചനപരമായ വിദേശകാര്യനയം’ ഇന്നു നിരവധി രാജ്യങ്ങള്‍ പിന്തുടരുന്നു. ലിംഗസമത്വത്തെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്ന മറ്റൊരു രംഗം അന്താരാഷ്ട്ര സമൂഹം വികസനത്തിനും മാനുഷിക പ്രവൃത്തികള്‍ക്കും നല്കുന്ന സഹായമാണ്. ഇത്തരം ഗ്രാന്റുകള്‍ നല്കുമ്പോള്‍ ലിംഗസമത്വം അതില്‍ വ്യവസ്ഥ ചെയ്യണം. 2018 ല്‍, ഏറ്റവും വലിയ 30 ധനദാതാക്കള്‍ നല്കിയ മൊത്തം സഹായത്തിന്റെ 4% മാത്രമാണു ലിംഗസമത്വവും സ്ത്രീകളുടെ ശാക്തീകരണവും പ്രാഥമികലക്ഷ്യമായ പദ്ധതികളെ പിന്തുണച്ചത്. രാഷ്ട്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന ചെലവുചുരുക്കല്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെയും ആരോഗ്യസംവിധാനങ്ങളെയും പുറകോട്ടടിക്കുന്നുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴില്‍ സാധ്യതകളും ലിംഗവിവേചനം അവസാനിപ്പിക്കുന്നതില്‍ പ്രധാനമാണ്. സ്ത്രീകളുടെ വ്യവസായസംരംഭകത്വം വളര്‍ത്തുന്നതും അവരുടെ സ്വയംഭരണാവകാശം കൂട്ടും. സാമൂഹിക വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതും പുതിയ അവസരങ്ങള്‍ തുറന്നുനല്കുന്നതും സ്ത്രീകളുടെ സ്വയംഭരണാധികാരം ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കും. ലിംഗഭേദവും മറ്റു വിവേചനങ്ങളും നിലനിറുത്തുന്ന സാമൂഹിക മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതില്‍ സുപ്രധാന മുന്നേറ്റങ്ങള്‍ ഇന്നുണ്ടായിട്ടുണ്ട്. ഇവയില്‍ ആശയവിനിമയ കാമ്പെയ്‌നുകള്‍ മുതലായവ ഉള്‍പ്പെടുന്നു. ഒപ്പം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗപരമായ തുല്യതയുള്ള സമൂഹങ്ങളില്‍നിന്നു നേടാനാകുന്ന പ്രയോജനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. ജോര്‍ജിയയിലെ യുഎന്‍എഫ്പിഎ പിന്തുണയുള്ള ‘മെന്‍ കെയര്‍ പ്രോഗ്രാം’ മറ്റു രാജ്യങ്ങള്‍ക്കൊരു മാതൃകയാണ്. മെച്ചപ്പെട്ട ആരോഗ്യവും കുടുംബക്ഷേമവും ആര്‍ജ്ജിക്കുന്നതിനു പിതാക്കന്മാരും പരിപാലകരുമെന്ന നിലയില്‍ പുരുഷന്മാരുടെ തുല്യമായ ഇടപെടലിനെ ഇതു പ്രോത്സാഹിപ്പിക്കുകയും ലിംഗസമത്വത്തെ പിന്തുണയ്ക്കാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദമ്പതികളുടെ മികച്ച ആശയവിനിമയം, സമ്മതം, തീരുമാനമെടുക്കല്‍ എന്നിവക്കും ഇതു സംഭാവന നല്കുന്നു. ഇതു സ്ത്രീകളിലും പെണ്‍കുട്ടികളിലും ശാരീരിക സ്വയംഭരണം മികച്ചരീതിയില്‍ വളര്‍ത്തുന്നു.
സ്വയംഭരണാധികാരവും തെരഞ്ഞെടുപ്പും പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ സ്ത്രീശാക്തീകരണത്തിന്റെ മേഖലയിലയെ സംബന്ധിച്ചു വളരെ പ്രധാനമാണ്. ഈ രംഗത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിനും അവ സഹായിക്കും. ഈ നടപടികളിലൂടെ സാമൂഹിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഉത്തരവാദിത്വങ്ങള്‍ ഉറപ്പാക്കുകയും അവ തകരുമ്പോള്‍ സഹായം നല്കുകയുംചെയ്യാം. ആഗോളതലത്തില്‍ അംഗീകരിച്ച മനുഷ്യാവകാശതത്ത്വങ്ങളും സ്ത്രീകളുടെ അവകാശങ്ങള്‍, ലിംഗസമത്വം, ലൈംഗിക, പ്രത്യുല്‍പാദനാരോഗ്യം എന്നീ മേഖലകളില്‍ രാജ്യങ്ങള്‍ നല്കുന്ന ഉറപ്പുകളും പരസ്പരം സംയോജിക്കുമ്പോള്‍ അവയ്ക്കു ചെലുത്താനാകുന്ന സ്വാധീനം അതിബൃഹത്താണ്. പല രാജ്യങ്ങളും ഭരണഘടനാപരമായി ലിംഗസമത്വം ഉറപ്പാക്കിയിട്ടുണ്ട്. ഈ പഠനം പറയുന്നത് 191 രാജ്യത്തിന്റെ ഭരണഘടനകളില്‍ തുല്യത ഉറപ്പിക്കാനും വിവേചനത്തിന് എതിരേയുമുള്ള വകുപ്പുകള്‍ ഉണ്ടെന്നാണ്. എങ്കിലും, 24 എണ്ണത്തില്‍ മാത്രമേ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു കൃത്യമായ ആര്‍ട്ടിക്കിളുകള്‍ കാണുന്നുള്ളൂ എന്നും പ്രസ്തുത റിപ്പോട്ട് വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്കെതിരായ എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ പോലുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രായോഗികമാക്കുന്നതിനുള്ള വ്യക്തമായ ഭരണഘടനാ വ്യവസ്ഥകള്‍ അവരുടെ അവകാശങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഗുണകരമാണ്. ആഭ്യന്തരനിയമങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതു നല്കുന്നു. 30 രാജ്യങ്ങളിലെ 62 കോടതി തീരുമാനങ്ങളുടെ സമീപകാല അവലോകനത്തില്‍ ഈ കണ്‍വെന്‍ഷനെക്കുറിച്ച് ഏറ്റവുമധികം പരാമര്‍ശങ്ങള്‍ കുടുംബനിയമവുമായോ കുടുംബവുമായി ബന്ധപ്പെട്ട തീരുമാനങ്ങളുമായോ ആണെന്നു കണ്ടെത്തി. ലിംഗാധിഷ്ഠിതമായ അതിക്രമ കേസുകളിലണു തുടര്‍ന്ന് ഈ ഉടമ്പടി കൂടുതലായി കോടതികള്‍ ഉപയോഗിച്ചത്. വ്യാപകമായി പിന്തുണയ്ക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ആചാരങ്ങളുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ മറികടന്നു സ്ത്രീസമത്വത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കോടതികള്‍ നേരിടുന്ന വെല്ലുവിളികളെയാണിതു കാണിക്കുന്നത്. നിലവിലുളള നിയമങ്ങള്‍ ലിംഗപരമായ അവകാശങ്ങളുടെ കാര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് അവലോകനംചെയ്തു യുക്തിസഹമായ ഭേദഗതികള്‍ വരുത്തുന്നതും വിവേചനവും അസമത്വവും നീക്കംചെയ്യുന്നതിനുള്ളൊരു ശക്തമായ ഇടപെടലാണ്.
വിവേചനപരമായ സാമൂഹികാചാരങ്ങള്‍ മറ്റു സ്ഥാപനങ്ങളെപ്പോലെ നീതിന്യായ വ്യവസ്ഥകളിലേക്കും നുഴഞ്ഞുകയറാം. അതു നിയമത്തിന്റെ മനുഷ്യാവകാശ ലിംഗസമത്വ വശങ്ങളെ ചോര്‍ത്തിക്കളഞ്ഞു വിവേചനപരമായ ഫലങ്ങള്‍ സൃഷ്ടിക്കാം. വാസ്തവത്തില്‍, നീതിയുടെ നിര്‍ണ്ണയത്തില്‍ നിയമത്തെപ്പോലെ സാമൂഹ്യപശ്ചാത്തലവും പ്രധാനമാണ്. ഇതിനെതിരേ ജാഗ്രത വേണ്ടതാണ്. ഉദാഹരണത്തിന്, നേപ്പാളിലെ പുരുഷാധിപത്യ വ്യവസ്ഥമൂലം രൂക്ഷമായ ലിംഗാസമത്വവുമുണ്ട്. ഈ സാമൂഹിക അവസ്ഥ മറികടന്നു ലിംഗസമത്വത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സമീപകാല നിയമപരിഷ്‌കാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നെന്ന് ഉറപ്പാക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍പോലുള്ള ശക്തമായ സംവിധാനങ്ങള്‍ അവിടെ സ്ഥാപിച്ചിട്ടുണ്ട്.
പുരുഷാധിപത്യ നിയമങ്ങളുടെയും നടപടികളുടെയും ഉറവിടങ്ങള്‍ എന്തുതന്നെയായാലും, മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക മനോഭാവങ്ങളോടും ഭരണഘടനാ മൂല്യങ്ങളോടും പൊരുത്തപ്പെടാന്‍ അവയ്ക്കു കഴിയില്ലെന്ന് ഇന്നു നിയമ സംവിധാനങ്ങള്‍ തിരിച്ചറിയുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദനത്തിനെതിരേ ഉഗാണ്ടയിലെ കോടതികള്‍ എടുത്ത തീരുമാനങ്ങളും മതാചാരത്തിന്റെ പേരില്‍ മകളെയും കുടുംബത്തെയും കൊന്നതിനെതിരേ ലാഹോര്‍ ഹൈക്കോടതി നിലപാടെടുത്തതും ഇതിനു തെളിവാണ്. ആധുനികമായ ലിംഗസമത്വ നിയമങ്ങളെക്കുറിച്ചു പോലീസിനും ന്യായാധിപന്മാര്‍ക്കും അറിവുണ്ടാകുക എന്നതും സ്വയംഭരണാവകാശം നേടുന്നതില്‍ പ്രധാനമാണ്. കൂടാതെ, സ്ത്രീകളും പെണ്‍കുട്ടികളും നിയമം ഉറപ്പുനല്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ലംഘിക്കപ്പെട്ടാല്‍ എവിടെനിന്നു സഹായം തേടാമെന്നും അറിയേണ്ടതുണ്ട്. ശാരീരിക സ്വയംഭരണത്തെക്കുറിച്ചുള്ള നിരവധി പ്രശ്‌നങ്ങള്‍ വ്യക്തിപരമായ മേഖലകളിലാണു പ്രവര്‍ത്തിക്കുക. അതുകൊണ്ട്, പൊതു, സ്വകാര്യ ഇടങ്ങളില്‍ നിലനില്ക്കുന്ന ആശയങ്ങളുടെ പിന്‍ബലത്തിലാകും അവ ശക്തിപ്പെടുക. അതുകൊണ്ടുതന്നെ, ലിംഗവിവേചനം ശക്തിപ്പെടുത്തുന്ന തടസ്സങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്കെതിരേ സ്ത്രീകളുടെ അവകാശ സംഘടനകളെ പിന്തുണയ്‌ക്കേണ്ടതും ലിംഗസമത്വമാര്‍ജ്ജിക്കാന്‍ പ്രധാനമാണ്.
ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യസേവനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപരിരക്ഷ ലഭിക്കാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരിക സ്വയംഭരണാധികാരം സാക്ഷാത്കരിക്കാനാവില്ല. 26 വര്‍ഷം മുമ്പ്, ബീജിംഗ് പ്രഖ്യാപനം, പ്ലാറ്റ്‌ഫോം ഫോര്‍ ആക്ഷനോടൊപ്പമുള്ള രാഷ്ട്രീയ പ്രസ്താവന, ”എല്ലാ സ്ത്രീകളുടെയും ആരോഗ്യത്തിന്റെ സര്‍വ്വവശങ്ങളും, പ്രത്യേകിച്ചു കുട്ടിയെ ജന്മംനല്കുന്നതു നിയന്ത്രിക്കാനുള്ള അവകാശം അവരുടെ ശാക്തീകരണത്തിന് അടിസ്ഥാനമാണെന്ന്” അംഗീകരിച്ചു. അതുകൊണ്ട്, സാര്‍വ്വത്രിക ആരോഗ്യപരിരക്ഷ, ദേശീയ വികസന ആസൂത്രണത്തില്‍ ആരോഗ്യപരിചരണത്തിനു മുന്‍ഗണന, ഫലപ്രദമായ ആരോഗ്യസംവിധാനങ്ങളുടെ വികസിപ്പിക്കല്‍, മതിയായ ബജറ്റു വിഹിതം എന്നിവ സ്ത്രീ മുന്നേറ്റത്തില്‍ വളരെ നിര്‍ണ്ണായകമാണ്.
സാങ്കേതികമായി മികച്ചതും താങ്ങാനാവുന്നതുമായ ആരോഗ്യസംവിധാനങ്ങള്‍ ഇന്നു വളരെയധികം വികസിച്ചു. പക്ഷേ, ഉപയോക്താക്കളെന്ന നിലയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വീക്ഷണത്തില്‍ അവയ്ക്കു സ്വീകാര്യത, സുരക്ഷ, ശാക്തീകരണം എന്നിവയ്ക്കു പലപ്പോഴും പ്രാധാന്യം കുറവാണ് ഇവിടങ്ങളില്‍. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ നിഷേധം, സുരക്ഷിതമായി ഗര്‍ഭച്ഛിദ്രത്തിനു വിസമ്മതം തുടങ്ങിയവ ഈ സംവിധാനങ്ങളില്‍ കാണാം. സ്ത്രീകളായ ആരോഗ്യപ്രവര്‍ത്തകരുടെ സാമീപ്യം, പ്രാദേശികഭാഷയിലുള്ള ചികിത്സ, രോഗിയുടെ അന്തസ്സു സംരക്ഷിക്കാനുള്ള നിയമം തുടങ്ങിയവ ആരോഗ്യവ്യവസ്ഥയുടെ കാര്യക്ഷമത കൂട്ടാന്‍ സഹായകരാണ്. ആരോഗ്യസേവനങ്ങളുടെ പ്രയോജനപ്പെടുത്തല്‍ ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷയുടെ അടിസ്ഥാന ഘടകങ്ങളായ സാമീപ്യം, സൗകര്യപ്രദമായ പ്രവര്‍ത്തന സമയം, താങ്ങാവുന്ന ചെലവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഈ സേവനങ്ങള്‍ സ്വകാര്യത ഉറപ്പു നല്കുന്നതാകണം. കൂടാതെ, ആരോഗ്യപ്രവര്‍ത്തകര്‍ ക്രിയാത്മക മനോഭാവം, പൂര്‍ണ്ണ ബഹുമാനം എന്നിവയോടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരോട് ഇടപഴകുകയും വേണം.
പുരുഷന്മാരെ കുടുംബാസൂത്രണത്തിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും. അവിവാഹിതരായ കൗമാരക്കാര്‍ക്കുള്ള ലൈംഗികവും പ്രത്യുല്‍പാദന ആരോഗ്യ വിവരങ്ങളുടെയും സേവനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചു സമൂഹികതലത്തില്‍ ബോധവത്കരണം നല്കുന്നത് ഇവയോടുള്ള എതിര്‍പ്പു കുറയ്ക്കും. ആരോഗ്യപ്രവര്‍ത്തകര്‍, പ്രാദേശികാധികാരികള്‍, സാമൂഹികപ്രവര്‍ത്തകര്‍ മുതലായവരുടെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണ്ണായകമാണ്. സാമൂഹികതലത്തിലെ ശക്തമായ ഇടപെടലുകള്‍ ശാരീരിക അടുപ്പമുള്ള പങ്കാളിയുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ 52% വരെ കുറക്കുമെന്നും പഠനങ്ങള്‍ കാണിക്കുന്നു.
ലോകമെമ്പാടുമുള്ള ഗര്‍ഭിണികള്‍ക്കു പ്രാഥമിക പരിചരണമെന്ന നിലയില്‍ മിഡൈ്വഫുമാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാം. ഇതും ശാരീരിക സ്വയംഭരണത്തിനു പ്രധാനമാണ്. മറ്റു സ്ത്രീകള്‍ ശാരീരിക സ്വയംഭരണം നേടുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളതുകൊണ്ടു മിഡൈ്വഫുമാര്‍ക്ക് ഈ അവകാശങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരവധി സഹായങ്ങള്‍ നല്കാനാകും. അതുകൊണ്ട്, അവരുടെ നൈപുണ്യം ഉയര്‍ത്തുന്നതിനുള്ള പരിശീലനങ്ങളും നിരന്തരം നല്‌കേണ്ടതുണ്ട്. ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ലിംഗസംവേദനപരമായ സേവനങ്ങളെ പിന്തുണയ്ക്കുന്ന അറിവുകള്‍ പങ്കിടാന്‍ കഴിയുന്ന സംവിധാനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതും അത്യാവശ്യമാണ്. അതിനൊപ്പം, സ്വയംഭരണത്തെയും തെരഞ്ഞെടുപ്പിനെയും ദുര്‍ബ്ബലപ്പെടുത്തുംവിധം ലിംഗവിവേചനം മറ്റു തരത്തിലുള്ള ഒഴിവാക്കലുകളുമായി ബന്ധപ്പെടുന്നതെങ്ങനെയെന്നു തിരിച്ചറിഞ്ഞ് എല്ലാ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും പ്രതികരിക്കേണ്ടതുണ്ട്. തദ്ദേശീയജനതയുടെ സാംസ്‌കാരിക വഴക്കങ്ങള്‍ക്ക് അനുയോജ്യമായവിധം ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ക്രമപ്പെടുത്തുക തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശാരീരിക സ്വയംഭരണാധികാരം സാക്ഷാത്കരിക്കുന്നതില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം പ്രധാനമാണ്. പക്ഷേ, അതു കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാല്‍ മാത്രമേ സാര്‍ത്ഥകമാകൂ. കൂടുതല്‍ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഗര്‍ഭനിരോധനത്തെയും ആരോഗ്യപരിരക്ഷയെയും കുറിച്ചു സ്വയം തീരുമാനമെടുക്കാനും ലൈംഗികബന്ധം നിഷേധിക്കാനും സാധ്യത അധികമാണ്. പങ്കാളിയെക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസമുള്ള സ്ത്രീ, ലൈംഗിക അതിക്രമത്തിന് ഇരയാകാനും കൂടുതല്‍ സാധ്യതയുണ്ട്. കൂടതെ, സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ ഇടപെടുന്ന സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭനിരോധന മാര്‍ഗ്ഗവും ആരോഗ്യ പരിരക്ഷയും കൂടുതലായി തേടുന്നുണ്ട്. ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച ഡേറ്റ ലഭ്യമായ 75 രാജ്യങ്ങളില്‍, 50 ല്‍ താഴെ സ്ഥലങ്ങളില്‍മാത്രമാണു ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമങ്ങളോ നയങ്ങളോ ഉള്ളത്. തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതും സമഗ്രവുമായ ലൈംഗികവിദ്യാഭ്യാസം കുട്ടിക്കാലം മുതല്‍ നല്കിയാല്‍ ചെറുപ്രായത്തില്‍ ലൈംഗിക പ്രവൃത്തികളിലേക്കു നയിക്കപ്പെടാതെ കുട്ടികളെ സംരക്ഷിക്കാം. കൂടാതെ, ഇതുവഴി ചെറുപ്പത്തില്‍ത്തന്നെ കൂടുതല്‍ സ്വയംഭരണവും സുരക്ഷയും പ്രോത്സാഹിപ്പിക്കാമെന്നും യുനെസ്‌കോ സൂചിപ്പിക്കുന്നു. വിവരവിനിമയ കോഴ്‌സുകളില്‍ ചേരുന്നവരില്‍ 3% മാത്രമാണു സ്ത്രീകള്‍ എന്നതും അവരുടെ ശാക്തീകരണത്തെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
സ്ത്രീകളുടെ തെരഞ്ഞെടുക്കാനുള്ള അവകാശവും ശാരീരിക സ്വയംഭരണാധികാരവും സംരക്ഷിക്കുന്നതില്‍ അവരുടെ സാമൂഹിക മുന്നേറ്റങ്ങള്‍ വളരെ സഹായകമാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയക്കാരായ വനിതകള്‍, പത്രപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍ എന്നിവര്‍ ഉപദ്രവത്തിനും അക്രമത്തിനും സൈബര്‍ ഭീഷണിക്കും നിരന്തരം ഇരകളാകുന്നു. വ്യക്തിത്വം കളങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍, ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍, പീഡനം, കൊലപാതകം, നിര്‍ബന്ധിത തിരോധാനം തുടങ്ങിയവക്ക് അവര്‍ വിധേയമാകുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുണ്ട്. ശക്തമായ നടപടികളിലൂടെ അത്തരം അവകാശലംഘനങ്ങളെ പ്രതിരോധിക്കുകയും തടയുകയും ചെയ്യേണ്ടതു സ്ത്രീ മുന്നേറ്റത്തിനു പ്രധാനമാണ്. പല രാജ്യങ്ങളും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ കുറ്റകരമാക്കുന്ന നിയമങ്ങള്‍ ഇന്നു പാസാക്കിയിട്ടുണ്ട്. കോസ്റ്റാറിക്ക, ഇക്വഡോര്‍, മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങള്‍ സ്ത്രീ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തില്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിച്ചു. സ്ത്രീകളുടെ രാഷ്ട്രീയമൂല്യവും അവകാശങ്ങളും തിരിച്ചറിഞ്ഞ് അധരവ്യായാമത്തിനപ്പുറം ക്രിയാത്മക നടപടികള്‍ക്കു രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുക എന്നതും സ്ത്രീ ശാക്തീകരണത്തില്‍ സുപ്രധാനമാണ്.
സ്ത്രീകള്‍ക്കു ശാരീരിക സ്വയംഭരണം കരഗതമാകാന്‍ പുരുഷന്മാരുടെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വരേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ആവശ്യപ്പെടാം; രാജ്യങ്ങള്‍ക്ക് അവ ഉയര്‍ത്തിപ്പിടിക്കാനും കഴിയും. പക്ഷേ, പുരോഗതി അടിസ്ഥാനപരമായി പുരുഷന്മാരെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിപരമായും കൂട്ടായും, സ്ത്രീകളുടെ അവകാശനിഷേധങ്ങളുടെ ചെലവില്‍ പുരുഷന്‍ നേടിയ ‘സവിശേഷാധിപത്യങ്ങള്‍’ കയ്യൊഴിയുക എന്നതാണിതില്‍ പ്രധാനം. സമൂഹത്തില്‍ സാവധാനമാണെങ്കിലും ഈ മാറ്റം സംഭവിച്ചു തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചു ചെറുപ്പക്കാര്‍ക്കിടയില്‍. ലിംഗസമത്വത്തോടുള്ള മനോഭാവത്തില്‍ പ്രകടമായമാറ്റം ഇന്നുകാണാം. എങ്കിലും, ഇനിയും നാം ഏറെ മുന്നേറാനുണ്ട്. ഡബ്ല്യു എച്ച്ഒ നടത്തിയ യൂറോപ്പിലെ ഒരു പ്രാദേശിക സര്‍വേയില്‍ ലിംഗസമത്വം പുരുഷന്മാരുടെ ആരോഗ്യത്തിനു ഗുണപ്രദമാണെന്നു തിരിച്ചറിഞ്ഞു. മരണനിരക്കു കുറയുക, വിഷാദരോഗത്തിനുള്ള സാധ്യത പകുതിയാകുക, ആക്രമണങ്ങള്‍ മൂലമുള്ള മരണസാധ്യത 40% കുറയുക തുടങ്ങിയ കാര്യങ്ങളാണ് ഈ സര്‍വേ കണ്ടെത്തിയത്.
#MeToo പ്രസ്ഥാനവും യുഎന്‍എഫ്പിഎ സര്‍വേ ഡേറ്റയും കാണിക്കുന്നതു തെരഞ്ഞെടുക്കലിന്റേയും സ്വയംഭരണത്തിന്റേയും കാര്യത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിന്നതു ലൈംഗികബന്ധം സാധ്യമല്ലെന്നു പറയാനുള്ള അധികാരത്തിന്റെ മേഖലയിലാണെന്നാണ്. അതിനാല്‍, മാന്യവും അഹിംസാത്മകവുമായ ബന്ധങ്ങളുടെ മാതൃകകള്‍ ശൈശവം മുതല്‍ കുട്ടികളെ വീടുകളില്‍ പഠിപ്പിക്കുക, ഈ കാഴ്ചപ്പാട് സ്‌കൂളിലെ സമഗ്ര ലൈംഗിക വിദ്യാഭ്യാസത്തിന്റെ അവിഭാജ്യഘടകമാക്കുക തുടങ്ങിയവ ലിംഗസമത്വം നേടാന്‍ വളരെ പ്രധാനമാണ്. ബലാത്സംഗം യുദ്ധായുധമായി ഉപയോഗിക്കുന്നത് ഇന്നും തുടരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു കൃത്യമായ ശിക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. 2000-ല്‍ യുഎന്‍ സുരക്ഷാസമിതി 1325-ാം പ്രമേയം പുറപ്പെടുവിച്ചു. ഇതിലൂടെ ബലാത്സംഗം, മറ്റുവിധ ലൈംഗിക ചൂഷണങ്ങള്‍ മുതലായ ലിംഗാധിഷ്ഠിത അക്രമങ്ങളില്‍നിന്നു സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിനു പ്രത്യേക നടപടികള്‍ കൈക്കൊള്ളാന്‍ സായുധസംഘട്ടനത്തില്‍ ഉള്‍പ്പെട്ട കക്ഷികളോട് ആവശ്യപ്പെട്ടു. ലിംഗസമത്വകാര്യത്തില്‍ മാറ്റംവേണ്ട മറ്റൊരു പ്രധാന മേഖല വേതനമില്ലാതെ പരിചരണ ജോലികളില്‍ പുരുഷന്മാരെക്കൂടി ഉള്‍പ്പെടുത്തുക എന്നതാണ്. രക്ഷാകര്‍തൃ അവധി നയങ്ങള്‍ മുതലായവ ഈ മാറ്റത്തിനു പുരുഷന്മാരെ പ്രോത്സാഹിപ്പിക്കും. സ്ത്രീപുരുഷന്മാരും പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉള്‍പ്പെടുന്ന സംരംഭങ്ങള്‍ പുരുഷന്മാരും ആണ്‍കുട്ടികളും മാത്രമുള്ളവയേക്കാള്‍ സ്ത്രീ ശാക്തീകരണത്തില്‍ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
ലിംഗവിവേചനം സ്ത്രീ ശാക്തീകരണത്തിനും സ്വയംഭരണത്തിനും പലവിധ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. അവ അവസാനിപ്പിക്കുന്നതിന്, നീതിയും തുല്യതയും അാധാരമാക്കിയ തത്വങ്ങള്‍ക്ക് അനുസൃതമായി ഗണ്യവും സുസ്ഥിരവുമായ നിക്ഷേപം ആവശ്യമാണ്. സംയോജിത സാമൂഹിക സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ശ്രദ്ധാപൂര്‍വ്വമായ മുതല്‍മുടക്കിലൂടെ സ്ത്രീകളും പെണ്‍കുട്ടികളും ജീവിതത്തിലുടനീളം നേരിടുന്ന നിരവധി വിവേചനങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കാന്‍ കഴിയും. കൂടാതെ, ലൈംഗികവും പ്രത്യുല്‍പാദനപരവുമായ അവകാശങ്ങള്‍ക്കു മുഖ്യപ്രാധാന്യം നല്കിക്കൊണ്ടു ശാക്തീകരണത്തിലും സ്വയംഭരണത്തിലും പുതുമാതൃകകള്‍ സൃഷ്ടിക്കാനും കഴിയും. ലിംഗസമത്വം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്കും അതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതു സ്ത്രീകളുടെ സ്വയംഭരണത്തിനും ശാക്തീകരണത്തിനും അത്യന്താപേക്ഷിതമാണ്. ഇതുമായി ബന്ധപ്പെട്ട പല മേഖലകളുടെയും ധനവിഹിതം കാലാനുസൃതമായി പരിഷ്‌കരിക്കുന്നില്ല. ഇതുമൂലം സാമൂഹിക വികസനത്തിന്റെ ഈ ലക്ഷ്യം നിറവേറ്റാനാകുന്നില്ല. ലിംഗാധിഷ്ഠിത അതിക്രമങ്ങളില്‍നിന്നു രക്ഷപ്പെടുന്നവരെ സഹായിക്കുന്ന പദ്ധതികളുടെ ധനവിഹിതംപോലും കോവിഡ് മഹാമാരിക്കു മുമ്പുതന്നെ ഗണ്യമായതോതില്‍ വെട്ടിക്കുറക്കപ്പെട്ടിരുന്നു.
ഏഷ്യയിലും പസഫിക് മേഖലയിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന 12% സിവില്‍ സൊസൈറ്റി സംഘടനകളും സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. 71% കൂട്ടായ്മകളും ഭാഗികമായി മാത്രമേ കര്‍മ്മനിരതരായുള്ളൂ. 2030 ഓടെ കുടുംബാസൂത്രണത്തിനും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ തടയാനും ഒഴിവാക്കാവുന്ന മാതൃമരണങ്ങള്‍ അവസാനിപ്പിക്കാനും 264 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നാണു യുഎന്‍എഫ്പിഎയും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതു സ്ത്രീകളുടെ ശാരീരിക സ്വയംഭരണത്തില്‍ നിര്‍ണ്ണായക മുന്നേറ്റത്തിനു കാരണമാകും.
അന്താരാഷ്ട്ര സമൂഹം എസ്ഡിജി 2030 അജണ്ടയില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ എത്രമാത്രം സാക്ഷാത്കരിച്ചു എന്നതിനെക്കുറിച്ചു വസ്തുനിഷ്ഠമായ വിവരങ്ങള്‍ ശേഖരിക്കാറുണ്ട്. സ്ത്രീകളുടെ ശാരീരിക സ്വയംഭരണം സംബന്ധിച്ച ചില വസ്തുതകളും ഇതിന്റെ ഭാഗമായി വിലയിരുത്തുന്നു. ഇതു പുരോഗമനപരവുമാണ്. പക്ഷേ, സ്ത്രീകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട ഡേറ്റ കൃത്യമായി സ്വരൂപിക്കാന്‍ വേണ്ടത്ര ശ്രദ്ധ നാം പലപ്പോഴും പുലര്‍ത്താറില്ല. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതത്തില്‍ സംഭവിക്കുന്നതു യഥാര്‍ത്ഥത്തില്‍ എന്താണെന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം അവര്‍ക്കു ഗുണകരമായവിധം സേവനങ്ങളും നയങ്ങളും വികസിപ്പിക്കുന്നതിനെ ചെറുക്കുന്നു. ഇതുമൂലം, ലിംഗസമത്വം നേടുന്നതും സ്ത്രീശരീരത്തിന്റെ സ്വയംഭരണം സാധ്യമാകുന്നതും തടസ്സപ്പെടുന്നു.
ലിംഗസ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പ്രത്യേക ബജറ്റ് 13% രാജ്യങ്ങള്‍ക്കു മാത്രമാണുള്ളത്. സുസ്ഥിര വികസനലക്ഷ്യങ്ങള്‍ വിലയിരുത്തുന്നതില്‍ ഉള്‍പ്പെട്ട 54 ലിംഗസംബന്ധിയായ സൂചകങ്ങളില്‍ ലോകമെമ്പാടും കൃത്യമായ ഡേറ്റ തുടര്‍ച്ചയായി ശേഖരിക്കുന്നതു 22% കാര്യങ്ങളില്‍ മാത്രമാണ്. സ്ത്രീകളുടെ ഡിജിറ്റല്‍ സാക്ഷരതപോലുള്ള സുപ്രധാന കാര്യങ്ങളില്‍പ്പോലും വസ്തുനിഷ്ഠമായ വിവരങ്ങള്‍ ലഭ്യമല്ല. സ്ത്രീകളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമെടുക്കല്‍, വനിതകളുടെ ആരോഗ്യസേവനങ്ങളുടെ ഉപയോഗം, പ്രത്യുല്‍പാദനപരവുമായ ആരോഗ്യപരിരക്ഷ സ്ത്രീകള്‍ക്കു തുല്യമായി ഉറപ്പാക്കുന്ന നിയമങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച ഡേറ്റയും കൃത്യമല്ല. മാനുഷിക പ്രതിസന്ധികളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടുന്ന വ്യത്യസ്ത ആവശ്യങ്ങള്‍ സംബന്ധിച്ചും എല്‍ജിബിടിഐ സമൂഹം, ഭിന്നശേഷിക്കാരായ സ്ത്രീകള്‍/ഇതര വ്യക്തികള്‍, ബഹിഷ്‌കൃത സമൂഹങ്ങളിലെ സ്ത്രീകള്‍ തുടങ്ങിയവരെ കുറിച്ചും ഉള്ള വിവരങ്ങളും നിലവാരമുള്ളതല്ല.
മറ്റൊരു പ്രശ്‌നം, ലിംഗഭേദം സംബന്ധിച്ച വിലയിരുത്തലുകള്‍ ചുരുങ്ങിയ ചില പ്രശ്‌നങ്ങളിലേക്കോ മേഖലകളിലേക്കോ ചുരുക്കുക എന്നതാണ്. ഇതുമൂലം സമഗ്രമായ വിലയിരുത്തല്‍ തടസ്സപ്പെടും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി നിരീക്ഷിക്കുമ്പോള്‍പോലും ഇതുണ്ടാകുന്നു. അവിടെ വിലയിരുത്തുന്ന 17 ലക്ഷ്യത്തില്‍ ആറെണ്ണം ലിംഗപരമായ ബന്ധത്തെക്കുറിച്ചു പൂര്‍ണ്ണ നിശബ്ദത പാലിക്കുന്നു. ഈ 6 ലക്ഷ്യത്തിന്റെ സാക്ഷാത്കാരം വിലയിരുത്താന്‍ ലിംഗപരമായ അസമത്വത്തിന്റെ കാര്യങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്. എന്നിട്ടും, അവ സംബന്ധിച്ച ഡേറ്റ ലിംഗഭേദത്തെക്കുറിച്ചു പരാമര്‍ശിക്കുന്നില്ല.
ലിംഗസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കാന്‍ നിക്ഷേപം വര്‍ദ്ധിക്കേണ്ടതുണ്ട്. ലിംഗസമത്വമാര്‍ജ്ജിക്കാന്‍ ഇതത്യാവശ്യമാണ്. ഇതു സംബന്ധിച്ച എല്ലാ ഡേറ്റയും സ്ഥിതിവിവരക്കണക്കുകളും ഉള്‍ക്കൊള്ളുന്ന ലിംഗസമത്വത്തിനായുള്ള ഒരു പ്രവര്‍ത്തനപദ്ധതി പൂര്‍ണ്ണമായ ധനസഹായത്തോടെ ഓരോ രാജ്യവും ആവിഷ്‌കരിക്കണം. കൂടാതെ, കൃത്യമായി നിരീക്ഷിക്കാവുന്ന മാനദണ്ഡങ്ങളും ഈ വിവരസഞ്ചയം രൂപീകരിക്കുമ്പോള്‍ വേണം.
ശാരീരിക സ്വയംഭരണവും സമഗ്രതയും സംബന്ധിച്ച് ഇന്ത്യയുടെ അവസ്ഥയും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വൈവാഹിക ജീവിതത്തിലേതുള്‍പ്പെടെയുള്ള ബലാത്സംഗം, സമഗ്രമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ നിഷേധം, നിര്‍ബന്ധിത വന്ധ്യംകരണം, ദുരഭിമാനക്കൊല,
നിര്‍ബന്ധിത കന്യകാത്വ പരിശോധന, ജനനേന്ദ്രിയ ഛേദനം, സ്വവര്‍ഗ്ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്ററുകളോടുമുളള വിദ്വേഷം, പ്രത്യുത്പാദനാരോഗ്യവും ലൈംഗികജീവിതവും സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതിലെ അസ്വാതന്ത്ര്യം തുടങ്ങിയവ നിര്‍ബന്ധിതമായി അടിച്ചേല്പിക്കുന്ന സാമൂഹിക സാഹചര്യം നമ്മുടെ സമൂഹത്തില്‍ ദീര്‍ഘകാലമായി നിലനില്ക്കുന്നു. ലോക ജനസംഖ്യയുടെ സ്ഥിതി 2021 റിപ്പോട്ട് ചൂണ്ടിക്കാണിക്കുന്ന ശരീരത്തിന്റെ സ്വയംനിര്‍ണ്ണയാവകാശ പ്രശ്‌നങ്ങള്‍ നാം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തേണ്ടതുണ്ട്. പ്രസ്തുത വിഷയങ്ങള്‍ മുഖ്യധാരയിലെത്തിച്ച് ആഗോളവികസനത്തില്‍ അവ സൃഷ്ടിക്കുന്ന വെല്ലുവിളികളും തുറക്കുന്ന അവസരങ്ങളും സംബന്ധിച്ചു പര്യവേക്ഷണവിധേയമാക്കണം. അതിനൊപ്പം, പ്രസ്തുത പ്രശ്‌നങ്ങള്‍ക്കു റിപ്പോട്ടു നിര്‍ദ്ദേശിച്ചവയടക്കമുള്ള പരിഹാരങ്ങള്‍ നടപ്പാക്കി കൂടുതല്‍ സമത്വസുന്ദരമായ മാനവസമൂഹത്തിന്റെ സൃഷ്ടി സാധ്യമാക്കേണ്ടത് അത്യാവശ്യമാണ്.
യുഎന്‍എഫ്പിഎ റിപ്പോട്ട് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളുടെ വെളിച്ചത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെ സാമൂഹിക അവസ്ഥയെകുറിച്ചും നാം വിശകലനം ചെയ്യേണ്ടതാണ്. പല നിര്‍ണ്ണായക മേഖലകളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 4 (എന്‍എഫ്എച്ച്എസ് – 4, 2015-2016) വ്യക്തമാക്കുന്നത് ഇന്ത്യയിലെ വിവാഹിതകളില്‍ 12% (15-49 വയസ്സ്) സ്വതന്ത്രമായും 63% പങ്കാളിയുമായി കൂടിയാലോചിച്ചും സ്വന്തം ആരോഗ്യസംരക്ഷണത്തെക്കുറിച്ചു തീരുമാനമെടുക്കുന്നു എന്നാണ്. നമ്മുടെ രാജ്യത്തു നാലിലൊന്നു സ്ത്രീകളുടെയും (23%) ആരോഗ്യരക്ഷ സംബന്ധിച്ചു നിശ്ചയിക്കുന്നതു പങ്കാളിയാണെന്ന് യുഎന്‍എഫ്പിഎ ശേഖരിച്ച കണക്കുകളും സൂചിപ്പിക്കുന്നു (2).
ഗര്‍ഭനിരോധനോപാധി ഉപയോഗിക്കുന്ന സ്ത്രീകളില്‍ 47% പേരെ മാത്രമേ അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് അറിയിച്ചിട്ടുള്ളൂ. 54% സ്ത്രീകള്‍ക്കു മറ്റു ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്കപ്പെട്ടിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിനു പുറമേ, ഇന്ത്യന്‍ സ്ത്രീകളുടെ ജീവിതത്തിന്റെ ഇതര വശങ്ങളില്‍ ആസ്വദിക്കാവുന്ന സ്വയംഭരണത്തിലും വലിയ വിടവു നിലനില്ക്കുന്നു. രാജ്യത്തെ 20% സ്ത്രീകളുടെയും വീടുകളിലെ പ്രധാന ഗാര്‍ഹിക സാമഗ്രികളുടെ വാങ്ങല്‍, ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയെക്കുറിച്ചു തീരുമാനങ്ങള്‍ മുഖ്യമായും ഭര്‍ത്താവാണ് എടുക്കുന്നത്. ഇവിടെ ഏറ്റവുമധികം ഉപയോഗിക്കുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്ത്രീവന്ധ്യംകരണമാണെന്നും 36% ഈ രീതിയെ ആശ്രയിക്കുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ശാരീരിക സ്വയംഭരണം സംബന്ധിച്ച വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം സംബന്ധിച്ചും വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്‍എഫ്എച്ച്എസ് – 4 വ്യക്തമാക്കുന്നതു പ്രത്യേക സാഹചര്യങ്ങളില്‍ ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം നിരസിക്കാന്‍ ഭാര്യക്കു അവകാശമുണ്ടെന്ന് ഇന്ത്യയിലെ 68% സ്ത്രീകളും അഭിപ്രായപ്പെടുന്നു എന്നാണ്. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍ ഭാര്യയെ അടിക്കുന്നതു ശരിയല്ലെന്നും 85% സ്ത്രീകളും വിശ്വസിക്കുന്നുണ്ട്.
ശാരീരിക സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയിലെ നിയമങ്ങള്‍ എത്രത്തോളം സഹായകമാണെന്നും പരിശോധിച്ചിട്ടുണ്ട്. ഇവിടെ, വ്യക്തിഗത സ്വയംഭരണത്തെ പിന്തുണക്കുന്ന നിയമങ്ങളും നയപരമായ തടസ്സങ്ങളും സംബന്ധിച്ചു യുഎന്‍എഫ്പിഎ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ രാജ്യത്തു, സ്ത്രീകളുടെ വൈവാഹികനില പരിഗണിക്കാതെ നിര്‍വ്വചിക്കപ്പെട്ട സാഹചര്യങ്ങളില്‍ ഗര്‍ഭമലസിപ്പിക്കാനാകും. എംടിപി ആക്റ്റ് ഇതിനു കൂടുതല്‍ പ്രയോജനകരമാണ്. 18 വയസ്സോ അതില്‍ കൂടുതലോ ഉള്ള സ്ത്രീക്കു സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭം അവസാനിപ്പിക്കാം.
ഗര്‍ഭനിരോധന സേവനങ്ങള്‍, അടിയന്തര ഗര്‍ഭനിരോധന ഉപാധികള്‍ എന്നിവയുടെ ലഭ്യത 100% ഇന്ത്യ നിയമപരമായി ഉറപ്പാക്കിയിട്ടുണ്ട്. പലപ്പോഴും, അന്താരാഷ്ട്ര മനുഷ്യാവകാശ കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നില്ലെങ്കിലും രാജ്യത്തെ നിയമ ചട്ടക്കൂടു ശരീരിക സ്വയംഭരണവുമായി ബന്ധപ്പെട്ട പല മേഖലകളിലും പൊതുവേ പുരോഗമനപരമാണ്. പക്ഷേ, പ്രായോഗികതലത്തില്‍ ഈ സ്വാതന്ത്ര്യങ്ങള്‍ അനുഭവിക്കുന്നതില്‍ ധാരാളം ബുദ്ധിമുട്ടുകളും പൗരജനങ്ങള്‍-പ്രത്യേകിച്ചു സ്ത്രീകള്‍-രാജ്യത്തുടനീളം നേരിടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഗര്‍ഭമലസിപ്പിക്കാന്‍ വിസമ്മതിക്കുക, കുട്ടികള്‍ക്കു ലൈഗിക വിദ്യാഭ്യാസം നിഷേധിക്കുക തുടങ്ങിയവ ഇവിടെ കാണാം. മാത്രമല്ല, ശാരീരിക സ്വയംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരശേഖരണവും നമ്മുടെ രാജ്യത്തു കൃത്യമായി നടക്കുന്നില്ലെന്നതും നാം നേരിടുന്ന പ്രശ്‌നമാണ്. ലൈംഗിക വിദ്യാഭ്യാസം നല്കുന്നതിനെ പിന്തുണയ്ക്കുന്ന നിയമങ്ങള്‍ നമുക്കില്ല. കൂടാതെ ഈ ആശയങ്ങള്‍ സമഗമായ രീതിയില്‍ നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല. നമ്മുടെ രാഷ്ട്രീയവും ഭരണപരവുമായ സ്ഥാപനങ്ങളും നീതിന്യായ സംവിധാനങ്ങളും ഒന്നുംതന്നെ സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശം ആഗോള മനുഷ്യാവകാശ കാഴ്ചപ്പാടുകള്‍ വിഭാവനംചെയ്യുന്നവിധം ഉള്‍ക്കൊണ്ടിട്ടില്ലെന്ന രാഷ്ട്രീയപ്രശ്‌നം വളരെ വ്യക്തമായി നമ്മുടെ മുന്നില്‍ ഈ റിപ്പോട്ട് ഉന്നയിക്കുന്നുണ്ട്.
സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ അവകാശങ്ങള്‍ ആസ്വദിക്കുന്നതു നിഷേധിക്കുന്നതിനും അവരുടെ ശരീരം മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്കു വിധേയമാക്കണമെന്നു ശഠിക്കുന്നതിനും നിരവധി ‘ന്യായീകരണങ്ങളും സിദ്ധാന്തങ്ങളും’ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ഒഴികഴിവുകള്‍ തുടരാന്‍ അനുവദിച്ചാല്‍ 2030 ഓടെ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളൊന്നും അതിന്റെ യഥാര്‍ത്ഥ അന്തഃസത്തയില്‍ നാം സാക്ഷാത്കരിക്കില്ല. അതിനര്‍ത്ഥം, സുസ്ഥിര വികസനത്തിനായുള്ള അജണ്ട 2030 ല്‍ അന്താരാഷ്ട്രസമൂഹം വിഭാവനംചെയ്ത മാനവികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതി നേടില്ലെന്നാണ്. അതായത്, സ്ത്രീകളുടെ ശാരീരിക സ്വയംഭരണത്തിന്റെ പ്രശ്‌നം ആഗോള സുസ്ഥിര വികസന വിഷയമാണ്. അതുകൊണ്ട്, വ്യക്തികള്‍ക്ക് മാത്രമേ അവരുടെ ശരീരത്തെയും ജീവിതത്തെയും കുറിച്ചു തീരുമാനിക്കാന്‍ അവകാശമുള്ളൂ എന്നും ഇക്കാര്യത്തില്‍ അതെ അല്ലെങ്കില്‍ ഇല്ല എന്നുപറയാന്‍ അവര്‍ക്കുമാത്രമേ അധികാരമുണ്ടാകാവൂ എന്ന ബോധ്യത്തിലുറച്ചു നാം മുന്നറേണ്ടതുണ്ട്. ഇതിന്, 160 ല്‍ ഏറെ വര്‍ഷത്തിനു മുമ്പ്, അമേരിക്കന്‍ സ്ത്രീവിമോചന പ്രവര്‍ത്തകയായ ലൂസി സ്റ്റോണ്‍ എഴുതിയ ഇന്നും പ്രസക്തമായ ”എന്റെ ശരീരവും അതിന്റെ പ്രയോഗങ്ങളും എന്റെ സമ്പൂര്‍ണ്ണ അവകാശത്തില്‍ സൂക്ഷിക്കാനാകുക എന്നതിനുമുന്നില്‍ വോട്ടുചെയ്യുക, സ്വത്തു സ്വന്തമാക്കുക തുടങ്ങിയവ എന്നെ സംബന്ധിച്ചു വളരെ നിസ്സാരമാണ്’ എന്ന വാക്കുകള്‍ നമുക്കു മാര്‍ഗ്ഗദീപമാകട്ടെ.
റെഫറന്‍സ്
1.https://www.unfpa.org/sowp-2021?_ga=2.206485779.1478360725.1593458242-1532854079.1591294254
2.https://www.google.com/amp/s/fit.thequint.com/amp/story/her-health/bodily-autonomy-is-where-human-rights-begins-unfpa
also read
എന്റെ ശരീരം എന്റെ സ്വന്തം: ശാരീരിക സ്വയംഭരണവും സമഗ്രതയും – ഭാഗം 1
also read
എന്റെ ശരീരം എന്റെ സ്വന്തം: ശാരീരിക സ്വയംഭരണവും സമഗ്രതയും- ഭാഗം 2
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in