എന്റെ ശരീരം എന്റെ സ്വന്തം: ശാരീരിക സ്വയംഭരണവും സമഗ്രതയും – ഭാഗം 1

യുഎന്‍എഫ്പിഎ പുറത്തിറക്കിയ ശാരീരിക സ്വയംഭരണത്തെക്കുറിച്ചുള്ള റിപ്പോട്ട് പഠിക്കുമ്പോള്‍ മനസ്സിലാകുക ഈ രംഗത്തു ലിംഗപരമായ തുല്യത നേടാന്‍ സാമൂഹിക തലത്തില്‍ വളരെയേറെ മുന്നേറേണ്ടതുണ്ടെന്നാണ്. യുഎന്‍എഫ്പിഎ എക്‌സെക്യൂട്ടീവ് ഡിറക്ടര്‍ ഡോ. നതാലിയ കാനെമിന്റെ ”ശരീരത്തിന്മേല്‍ നിയന്ത്രണമുള്ള ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ശാക്തീകരിക്കപ്പെടാനുള്ള സാധ്യത അധികമാണ്. സ്വയംഭരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, സുരക്ഷ എന്നിവയിലെ പുരോഗതിയിലൂടെയും അവള്‍ നേട്ടം കൈവരിക്കുന്നു. അവള്‍ ഉന്നതി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്, അവളുടെ കുടുംബവും.” എന്ന വാക്കുകള്‍ ഈ അവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു

ജനസംഖ്യാപഠനം സ്വതന്ത്ര ജനാധിപത്യരാജ്യങ്ങളുടെ വികാസത്തിനുള്ള നിര്‍ണ്ണായക വിവരങ്ങള്‍ വസ്തുനിഷ്ഠമായി പൊതുസമൂഹത്തിനു നല്കുന്ന പഠനശാഖയാണ്. ഈ അക്കാദമികവിഭാഗം നല്കുന്ന വിവരങ്ങള്‍ രാഷ്ട്രവികസനത്തെ സുസ്ഥിരമായി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തിലാണു പൊതുവേ ആധുനിക സമൂഹങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഫാസിസ്റ്റുഭരണകൂടങ്ങളും ഏകാധിപത്യവ്യവസ്ഥകളും മതാധിപത്യ രാജ്യങ്ങളുമൊക്കെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളും വര്‍ഗ്ഗീയ അജണ്ടകളും ജനസമൂഹത്തില്‍ അടിച്ചേല്പിക്കാന്‍ പലപ്പോഴും ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നു. ഒരു രാഷ്ട്രം സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയാണോയെന്നു പരിശോധിക്കാന്‍ അവിടുത്തെ ഭരണാധികാരികള്‍ ജനസംഖ്യാവിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നു മാത്രം പരിശോധിച്ചാല്‍ മതി. ഇത്തരം വിവരങ്ങള്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നെങ്കില്‍ ആ രാജ്യം ഏകാധിപത്യ പാതയിലാണെന്ന് ഉറപ്പിക്കാം. തങ്ങളുടെ പ്രത്യശാസ്ത്ര, രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരേ ‘പോപ്യുലേയ്ഷന്‍ ബോം’ എന്ന ആരോപണം ഉന്നയിച്ച് ഇതര സമൂഹങ്ങളില്‍ അനാവശ്യ ഭീതിയും വെറുപ്പും സൃഷ്ടിക്കും അവിടങ്ങളിലെ നേതൃത്വം; പ്രത്യേകിച്ചു ന്യൂനപക്ഷങ്ങള്‍ക്കും ഉപദേശീയതകള്‍ക്കുയൊക്കെ എതിരേ. നിര്‍ഭാഗ്യകരമായ വസ്തുത എന്തെന്നാല്‍, ഇന്ത്യയിലെ പല ഭരണാധികാരികളും ഈ അടുത്തകാലത്ത് അത്തരം നിലപാടുകള്‍ പ്രകടിപ്പിക്കുന്നു എന്നതാണ്.

ആഗോള മനുഷ്യാവകാശ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമായ ഇത്തരം നടപാടികള്‍ക്ക് എതിരേ ശക്തമായ ഇടപെടലുകള്‍ രാജ്യാന്തരതലത്തില്‍ എന്നുമുണ്ടാകാറുണ്ട്. ഓരോ ദേശത്തെയും ജനസംഖ്യയുടെ ആരോഗ്യകരമായ നിയന്ത്രണം ആഗോളസമാധാനത്തിനും സുസ്ഥിതിക്കും അത്യാവശ്യമാണ്. അതിനാല്‍, ഈ വിഷയത്തില്‍ ശരിയായ വസ്തുതകളും കാഴ്ചപ്പാടുകളും ലോകത്തിനു ലഭ്യമാക്കാന്‍ യുഎന്നിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. യുഎന്‍ പോപ്യുലേയ്ഷന്‍ ഫണ്ട് (യുഎന്‍എഫ്പിഎ) പോലുള്ള കൂട്ടായ്മകളിലൂടെയാണ് ഇതു ചെയ്യുന്നത്.

ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ സംഘടന1978 മുതല്‍ വര്‍ഷം തോറും ‘ലോക ജനസംഖ്യയുടെ സ്ഥിതി’ എന്ന പേരില്‍ ഒരു റിപ്പോട്ടു പ്രസിദ്ധീകരിക്കുന്നുണ്ട് (State of World Population). ‘മൈ ബാഡി ഈസ് മൈ ഔണ്‍: ക്‌ളെയ്മിങ് ദ റൈറ്റ് ടു ഓട്ടോണമി ആന്റ് സെല്‍ഫ്ഡിറ്റര്‍മിനേഷന്‍’ എന്ന 2021 ലെ പഠനത്തിന്റെയൊരു പ്രാധാന്യം ആദ്യമായി ഒരു യുഎന്‍ റിപ്പോട്ട് ‘ശാരീരിക സ്വയംഭരണത്തില്‍’ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ്. ശാരീരിക സ്വയംഭരണവും ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും നേടാനുള്ള ഐക്യരാഷ്ട്രസഭയുടെ സഖ്യം (United Nations Action Coalition on Bodily Autonomy and Sexual and Reproductive Health and Rights) യുഎന്‍എഫ്പിഎയുടെ സഹകരണത്തില്‍ പുതുതായി രൂപീകരിച്ചതും അവകാശങ്ങള്‍ക്കു ഈ ആഗോളസമൂഹം നല്കുന്ന പ്രധാന്യത്തിന്റെ തെളിവാണ്. രാജ്യങ്ങള്‍ തങ്ങളുടെ ജനതയുടെ സുസ്ഥിര വികാസത്തിനു രൂപവത്കരിക്കുന്ന നയങ്ങളില്‍ ശാരീരിക സ്വയംഭരണത്തിന്റെയും സമഗ്രതയുടെയും കാഴ്ചപ്പാടുകള്‍ മുഖ്യമായി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യമാണ് യുഎന്‍എഫ്പിഎ പഠന റിപ്പോട്ടു മുന്നോട്ടുവയ്ക്കുന്നത്.

2021 ജൂലൈ 11 നു ലോക ജനസംഖ്യാദിനത്തില്‍ വിചിന്തനത്തിനു തെരഞ്ഞെടുത്തതും പ്രസ്തുത വിഷയമാണ്. ‘അവകാശങ്ങളും തെരഞ്ഞെടുപ്പുകളുമാണ് ഉത്തരം: ജനനനിരക്കു കൂടുതലോ കുറവോ ആകട്ടെ; ഏവരുടെയും പ്രത്യുത്പാദന ആരോഗ്യത്തിനും അവകാശങ്ങള്‍ക്കും നല്കുന്ന മുന്‍ഗണന മാത്രമാണു പരിഹാരം.’ (Rights and choices are the answer: Whether baby boom or bust, the solution to shifting fertility rates lies in prioritizing the reproductive health and rights of all people) എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രചാരണ മുദ്രാവാക്യം (1). എന്താണു സ്വയംഭരണവും സമഗ്രതയും എന്നു വിശദമാക്കുന്ന റിപ്പോട്ട് സുസ്ഥിര വികസനലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ അതിന്റെ പ്രാധാന്യവും എടുത്തുപറയുന്നുണ്ട്. കൂടാതെ, ഈ കാഴ്ചപ്പാടിന് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ എത്ര പ്രാധാന്യം നല്കുന്നുവെന്നു വ്യക്തമാക്കുന്ന റിപ്പോട്ട് ഓരോ രാഷ്ട്രത്തിലെയും നിയമസംഹിതകള്‍ എത്രമാത്രം ഈ വീക്ഷണം ഉള്‍ക്കൊള്ളുന്നുവെന്നും പരിശോധിക്കുന്നു. മാത്രമല്ല, സ്വയംഭരണത്തിനു വിഘാതമായി നില്ക്കുന്ന സാമൂഹികാചാരങ്ങള്‍, ശാരീരിക സമഗ്രത സംബന്ധിച്ച ഓരോ രാഷ്ട്രത്തിന്റെയും അവസ്ഥ തുടങ്ങിയ കാര്യങ്ങളും ഈ പഠനം വിലയിരുത്തുന്നുണ്ട്.

ആക്രമണത്തെ ഭയപ്പെടാതെ അല്ലെങ്കില്‍ മറ്റൊരാള്‍ ‘തങ്ങള്‍ക്കായി’ നിലപാടെടുക്കാതെ സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള അധികാരവും കര്‍തൃത്വവുമാണ് ‘ശാരീരിക സ്വയംഭരണം’ പ്രതിനിധാനം ചെയ്യുന്നത്. ഈ അവകാശത്തിന്റെ അഭാവം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആഴത്തിലുള്ള ഉപദ്രവങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇതുവഴി, സാമ്പത്തിക ഉല്‍പാദനക്ഷമത കുറയുന്നതിനും കഴിവുകളുടെ വികാസം തടസ്സപ്പെടുന്നതിനും ആരോഗ്യ പരിപാലനത്തിനും നീതിന്യായ വ്യവസ്ഥക്കും അധിക ചെലവുകള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. സ്ത്രീകള്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും തമ്മില്‍ ശക്തമായ ബന്ധം നിലനില്ക്കുന്നു എന്നും ഈ പഠനം വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയും അതിനൊപ്പമുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിലുള്ള പുരോഗതി കണ്ടെത്താന്‍ സര്‍ക്കാരുകളെ സഹായിക്കുന്നതിനു സൂചകങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. സൂചകം 5 ലിംഗസമത്വമാണ് വിലയിരുത്തുക. അതിന്റെ ഭാഗമായ ടാര്‍ഗെറ്റ് 5.6, എല്ലാവര്‍ക്കും ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യവും പ്രത്യുത്പാദന അവകാശങ്ങളും നേടിനായോ എന്നു വ്യക്തമാക്കുന്നു. ഈ മേഖലയിലെ പുരോഗതി പഠിക്കുന്നതിന് 2 സൂചകങ്ങളുണ്ട്. ആദ്യ സൂചകമായ 5.6.1 ലൈംഗിക ബന്ധങ്ങള്‍, ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗം, പ്രത്യുല്‍പാദന ആരോഗ്യ സംരക്ഷണം എന്നിവ സംബന്ധിച്ചു സ്വയം തീരുമാനമെടുക്കുന്ന 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ അനുപാതം അളക്കുമ്പോള്‍, രണ്ടാമത്തെ സൂചകമായ 5.6.2 ലൈംഗികവും പ്രത്യുല്‍പാദനവുമായ ആരോഗ്യ പരിരക്ഷ, അനുബന്ധ വിവരങ്ങള്‍, ലൈംഗിക വിദ്യാഭ്യാസം എന്നിവ 15 വയസ്സും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൂര്‍ണ്ണവും തുല്യവുമായി ഉറപ്പാക്കുന്നതിനു നിയമങ്ങളും ചട്ടങ്ങളും ഓരോ രാജ്യത്തിന്റെയും പശ്ചാത്തലത്തില്‍ വിലയിരുത്തുന്നു.

രാജ്യങ്ങളിലെ ഡെമോഗ്രാഫിക് ആന്റ് ഹെല്‍ത്ത് സര്‍വേകളിലൂടെ (ഡിഎച്ച്എസ്) മുന്നേ സൂചിപ്പിച്ച സ്ത്രീ വിഭാഗത്തോടുള്ള ചോദ്യങ്ങളുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് സൂചകം 5.6.1 കണക്കാക്കിയത്. ഈ പഠനത്തിനു വേണ്ട ഡേറ്റ പൂര്‍ണ്ണമായും ലഭ്യമായ 57 രാജ്യങ്ങളിലെ ചിത്രം വ്യക്തമാക്കുന്നത് ആരോഗ്യസംരക്ഷണം, ഗര്‍ഭനിരോധനോപാധികള്‍, തങ്ങളുടെ പങ്കാളികളുമായുള്ള ലൈംഗികബന്ധം എന്നിവ സംബന്ധിച്ചു തീരുമാനിക്കാന്‍ 55% സ്ത്രീകള്‍ക്കു മാത്രമേ പൂര്‍ണ്ണ അധികാരമുള്ളൂ എന്നാണ്. ലോകത്തിന്റെ വിവിധ മേഖലകളില്‍ പ്രസ്തുത സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ അനുപാതവും വ്യത്യാസ്തമാണ്. ഉദാഹരണത്തിന്, കിഴക്കന്‍/തെക്ക്-കിഴക്കന്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളിലെ 76% കൗമാരപ്പെണ്‍കുട്ടികളും സ്ത്രീകളും സൂചകം 5.6.1 ന്റെ 3 ഘടകങ്ങള്‍ സംബന്ധിച്ചും സ്വയംഭരണപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, സബ്‌സഹാറ മേഖലയിലും ആഫ്രിക്കയിലും മധ്യ/തെക്കേ ഏഷ്യന്‍ പ്രദേശത്തും 50 ശതമാനത്തില്‍ കുറവാണ് ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നവര്‍. സബ്‌സഹാറയിലെ മാലി, നൈജര്‍, സെനഗല്‍ എന്നീ രാജ്യങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണു ഈ അവകാശം ആസ്വദിക്കുന്ന സ്ത്രീകള്‍. മറ്റു മേഖലകളില്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറവാണ്, എന്നിരുന്നാലും പരിഗണനാര്‍ഹമാണ്. ഉദാഹരണത്തിന്, സൂചകം 5.6.1 ന്റെ 3 തലത്തിലും സ്വയംനിര്‍ണ്ണയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന സ്ത്രീകളുടെ അനുപാതം മധ്യ, ദക്ഷിണേഷ്യയില്‍ 33 മുതല്‍ 77% വരെയും കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയില്‍ 40 മുതല്‍ മുതല്‍ 81% വരെയുമാണ്. ലാറ്റിനമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലും 59 മുതല്‍ നിന്ന് 87% വരെയാണ്.

ആദ്യ സൂചകത്തിന്റെ 3 ഘടകങ്ങള്‍ സംബന്ധിച്ചു നിലനില്ക്കുന്ന വൈവിധ്യങ്ങളിലേക്കും ഡേറ്റ വെളിച്ചം വീശുന്നുണ്ട്. ഒരു ഘടകം ഉയര്‍ന്ന സ്വാതന്ത്ര്യത്തോടെ അനുഭവിക്കാനാകുന്നതിലൂടെ മറ്റുള്ളവയും തതുല്യ നിലവാരത്തില്‍ സ്വാഭാവികമായി ആസ്വദിക്കാനാകണമെന്നില്ല. ഉദാഹരണത്തിന്, മാലിയില്‍ 77% സ്ത്രീകളും ഗര്‍ഭനിരോധന ഉപാധികളുടെ ഉപയോഗത്തില്‍ സ്വതന്ത്രമോ സംയുക്തമോ ആയ തീരുമാനങ്ങള്‍ എടുക്കുന്നു. പക്ഷേ, ആരോഗ്യസംരക്ഷണം തേടുമ്പോള്‍ 22% പേര്‍ക്കു മാത്രമേ ഇങ്ങനെ ചെയ്യാനാകൂ. എത്യോപ്യയില്‍ 53% സ്ത്രീകള്‍ക്കു ലൈംഗികബന്ധം വേണ്ടെന്നു പറയാന്‍ സാധിക്കും. അവിടെ 94% പേര്‍ക്കും ഗര്‍ഭനിരോധനത്തെക്കുറിച്ചു സ്വതന്ത്രമായോ സംയുക്തമായോ തീരുമാനവുമെടുക്കാം. താഴ്ന്നതോ ഇടത്തരമോ ആയ വരുമാനമുള്ള 22 രാജ്യങ്ങളെക്കുറിച്ചു പഠിച്ചപ്പോള്‍ ഉഗാണ്ടയും റവാണ്ടയും മാത്രമാണ് ആദ്യ സൂചകത്തിന്റെ 3 ഘടകങ്ങളിലും തുടര്‍ച്ചയായ പുരോഗതി കൈവരിച്ചത്. പൊതുവേ, ആരോഗ്യസംവിധാനത്തിന്റെ ഉപയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു നേടാനായെങ്കിലും ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ സ്വന്തമായ തീരുമാനത്തിനുള്ള അവസരം സ്ത്രീകള്‍ക്കു പലപ്പോഴും കുറയുന്നതായും റിപ്പോട്ടു സൂചിപ്പിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ അവസ്ഥക്കു കാരണങ്ങള്‍ പലതാണ്. ലൈംഗികതയെയും ലൈംഗികബന്ധത്തെയും കുറിച്ചുള്ള നിരന്തരമായ വിലക്കുകളും സാമൂഹിക കീഴ്വഴക്കങ്ങളും മനോഭാവങ്ങളും ഈ സ്ഥിതിയെ ശക്തിപ്പെടുത്തുന്നു. ഇതു സ്ത്രീകള്‍ക്കും കൗമാരപ്പെണ്‍കുട്ടികള്‍ക്കും പങ്കാളികളുമായോ ഭര്‍ത്താക്കന്മാരുമായോ ലൈംഗികതയെ സംബന്ധിച്ചു പരസ്യമായി ചര്‍ച്ചയ്ക്ക് അവസരം ഇല്ലാതാക്കുന്നു. പുരുഷാധിപത്യ സംവിധാനങ്ങള്‍ പുരുഷ ലൈംഗിക ആവശ്യങ്ങള്‍ക്കു സ്ത്രീകളുടെതിനെക്കാള്‍ ഉയര്‍ന്ന മൂല്യം കല്പിക്കുന്നതും സ്ത്രീകള്‍ തങ്ങളുടെ ജീവിതത്തിന്റെ മറ്റു മേഖലകളില്‍ നേടുന്ന വര്‍ദ്ധിച്ച സ്വയംഭരണത്തിനു പകരം ലൈംഗിക സ്വാതന്ത്ര്യം വേണ്ടെന്നു ‘പറയുന്നതു’മൊക്കെ ഈ ദുഃസ്ഥിതിക്കു കാരണമാണ്.

സ്ത്രീകളുടെ വര്‍ദ്ധിച്ചതോതിലുള്ള വിദ്യാഭ്യാസം, സാമ്പത്തിക വികാസം, വാര്‍ത്താമാധ്യമങ്ങളുടെ ലഭ്യത, നഗരവത്ക്കരണം തുടങ്ങിയവ സ്ത്രീകളുടെ സ്വയംഭരണത്തെ ഗുണപരമായി സ്വാധീനിക്കും. ആരോഗ്യസംവിധാനങ്ങളുടെ ഗുണനിലവാരം, ലഭ്യത, ചെലവ്, ആരോഗ്യപ്രവര്‍ത്തകരുടെ മനോഭാവം എന്നിവയും ഇതില്‍ പ്രധാനമാണ്. ജീവിതപങ്കാളിയും മറ്റു കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയം, സമൂഹത്തിലെ യാഥാസ്ഥിതിക ചിന്തകള്‍ പരമ്പരാഗത മൂല്യസങ്കല്പങ്ങള്‍ തുടങ്ങിയവയും സ്ത്രീകളുടെ സ്വയംഭരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

തുടര്‍ന്ന്, യുഎന്‍എഫ്പിഎ ജനസംഖ്യ റിപ്പോട്ട് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാരീരിക സമഗ്രതയെയും സ്വയംഭരണത്തെയും ഹനിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നു. ദാമ്പത്യ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടാണു സ്ത്രീയുടെ കര്‍തൃത്വം ഏറ്റവും വ്യക്തമായി നിരസിക്കുന്നത്. സ്വന്തം പങ്കാളിയെക്കുറിച്ചു സ്വതന്ത്രവും ബോധ്യമുള്ളതുമായ തെരഞ്ഞെടുപ്പിന് അനുവദിക്കാത്ത സാമൂഹികാചാരങ്ങളാണു നിര്‍ബന്ധിത മാംഗല്യവും ബാലവിവാഹവും. പങ്കാളികളുടെ ”പൂര്‍ണ്ണവും സ്വതന്ത്രവുമായ അറിവോ സമ്മതമോ ഇല്ലാതെ”യാണു നിര്‍ബന്ധിത പരിണയം നടക്കുക. ഇതിന്റെ ഉപവിഭാഗമായ ശൈശവവിവാഹത്തില്‍ കുറഞ്ഞത് ഒരു കക്ഷിക്കെങ്കിലും 18 വര്‍ഷത്തില്‍ താഴെയായിരിക്കും പ്രായം. ഈ അനാചാരത്തിന് ഇരകളായ 650 ദശലക്ഷം സ്ത്രീകള്‍ ഇന്നു ജീവിച്ചിരിപ്പുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. കൂടാതെ, ഓരോ വര്‍ഷവും 12 ദശലക്ഷം പെണ്‍കുട്ടികള്‍ ശൈശവവിവാഹത്തിന് ഇരകളാകുന്നുമുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉടമ്പടി ശൈശവവിവാഹം നിരോധിച്ചിട്ടുണ്ട് (ആര്‍ട്ടിക്കിള്‍ 19, 34). യുഎസ്എ ഒഴികെയുള്ള രാജ്യങ്ങളൊക്കെ ഈ കണ്‍വെന്‍ഷന്‍ അംഗീകരിച്ചിട്ടുമുണ്ട്. എങ്കിലും, പല രാഷ്ട്രങ്ങളും ഇപ്പോഴും ഇത്തരം കല്യാണം അനുവദിക്കുന്നു. മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ ജഡ്ജിയുടെയോ മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ സമ്മതത്തിന്റെ മറവിലാകും പലപ്പോഴുമിത്. എന്നാല്‍, നിയമപ്രകാരം നിരോധിച്ചിടത്തുപോലും പ്രായോഗിതലത്തില്‍ ബാലവിവാഹം തുടരുന്നു. ഇത്തരം പരിണയങ്ങള്‍ പലതും പരമ്പരാഗതമോ മതപരമോ ആയ ചടങ്ങുകളായാണു നടക്കുക; അവ ഒരിക്കലും സിവില്‍ അധികാരികളുടെ മുന്നില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒന്നോ രണ്ടോ പങ്കാളികളായ കുട്ടികളോടൊത്തുള്ള ‘സഹവാസവും’ സാധാരണമാണ്. ദക്ഷിണേഷ്യ, സബ്‌സഹാറന്‍ ആഫ്രിക്ക, ലാറ്റിനമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന തോതില്‍ ശൈശവവിവാഹം നടക്കുന്നതിനാല്‍, കാര്യക്ഷമമായ ഇടപെടലുകളുടെ അഭാവത്തില്‍ 2030 ആകുമ്പോഴേക്കും 120 ദശലക്ഷം ശൈശവവിവാഹിതര്‍ അധികമായി ഉണ്ടാകുമെന്നു പ്രവചിക്കപ്പെടുന്നു. പ്രസവത്തോട് അനുബന്ധിച്ച് അമ്മമാരുടെ മരണത്തിനുള്ളൊരു പ്രധാന കാരണവും ഇതാണ്.

സ്ത്രീധനം, പുരുഷധനം തുടങ്ങിയ ആചാരങ്ങളും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഇവയുടെ കൊടുക്കല്‍ വാങ്ങലുകളുടെ ബാധ്യതമൂലം പീഡനങ്ങള്‍ സഹിച്ചും വിവാഹജീവിതം തുടരാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീധനംമൂലം ശൈശവവിവാഹവും വര്‍ദ്ധിക്കും. ഓരോ വര്‍ഷവും ഏകദേശം 8000 സ്ത്രീധന മരണങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു എന്നാണു നാഷണല്‍ ക്രൈംസ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ കണക്കുകള്‍. വനിതകളുടെ സ്വയംനിര്‍ണ്ണയാധികാരത്തെ നിഷേധിക്കുന്ന മറ്റൊരു ആചാരമാണു സ്ത്രീകളെ തട്ടിയെടുക്കല്‍. അതിനുശേഷം, വീട്ടുകാരുടെ സമ്മതം ആവശ്യപ്പെടുകയാണു ചെയ്യുക. സാമൂഹിക സമ്മര്‍ദ്ദംമൂലം 90 ശതമാനത്തില്‍ അധികവും സന്ദര്‍ഭങ്ങളില്‍ ‘വധു’വിന്റെ വീട്ടുകാര്‍ വിവാഹം അനുവദിക്കും. യുഎന്‍എഫ്പിഎ പഠനം പറയുന്നതു കിര്‍ഗിസ്താനിലെ 5 ല്‍ 1 വിവാഹവും ഇങ്ങനെ നടക്കുന്നുവെന്നാണ്.

ഇപ്പോഴുമുള്ള മറ്റൊരു അനാചാരമാണു വിധവയുടെ നിര്‍ബന്ധിത വിവാഹം (Widow Inheritance). അതിലൂടെ വിധവ ഭര്‍ത്താവിന്റെ ബന്ധുവിനെ- സാധാരണയായി ഒരു സഹോദരനെ- വരിക്കാന്‍ നിര്‍ബന്ധിതയാകുന്നു. പരമ്പരാഗതമായി, ഇതു സ്ത്രീക്കും കുട്ടികള്‍ക്കും സംരക്ഷണത്തിനും അവളെ ഭര്‍ത്തൃകുടുംബത്തില്‍ നിലനിര്‍ത്താനുമുള്ള മാര്‍ഗ്ഗമായാണു കാണുന്നത്, പ്രത്യേകിച്ചു സ്ത്രീധനം നല്കിയ വിവാഹത്തില്‍. എന്നാല്‍, വിധവയുടെ സമ്മതം തേടുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്‌നം. മാത്രമല്ല, പലപ്പോഴും അവള്‍ ആഗ്രഹിക്കാത്തതോ ആവശ്യപ്പെടാത്തതോ ആയ ഒരു ബന്ധുവായിരിക്കും വരന്‍. ഈ നടപടിമൂലം സ്ത്രീകള്‍ എച്ച്‌ഐവി ബാധിതരാകാന്‍ സാധ്യത ഏറെയാണ്. ഭര്‍ത്താവിന്റെ പങ്കാളികളുടെയെണ്ണം പരിഗണിക്കാതെയാകും പലപ്പോഴും ഈ ചടങ്ങു നടത്തപ്പെടുക. കെനിയയിലെ ബോണ്ടോ ജില്ലയില്‍ 56.3% വിധവകളും ഈ ദുരാചാരത്തിനു വിധേയരാണ് എന്നാണു പഠനങ്ങള്‍.

പ്രകൃതിദുരന്തങ്ങള്‍, സായുധകലാപങ്ങള്‍ തുടങ്ങിയ പ്രതിസന്ധികളില്‍ കുടുംബം, സാമൂഹിക ചട്ടക്കൂടുകള്‍, നിയമപരമായ ശൃംഖലകള്‍ തുടങ്ങിയവയുടെ തകര്‍ച്ച ലൈംഗിക അതിക്രമ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇതു പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ”അന്തസ്സ്” അപകടത്തിലാക്കുമെന്ന ധാരണക്ക് ആക്കം കൂട്ടുമെന്നാണു പല സമൂഹങ്ങളുടെയും ചിന്ത. കുടുംബാന്തസ്സിന്റെ ”നാശനഷ്ടം” എന്ന ഭയം ബാലവിവാഹം വര്‍ദ്ധിപ്പിക്കുന്നതായി തെളിവുകളുണ്ട്. ഒരു ഓക്‌സ്ഫാം റിപ്പോട്ട് സൂചിപ്പിക്കുന്നതു സുഡാനിലെ ഒരു വടക്കന്‍ പട്ടണത്തിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം 70% പെണ്‍കുട്ടികളും 18 വയസ്സിനു മുമ്പു വിവാഹിതരായി എന്നാണ്. പല സന്ദര്‍ഭങ്ങളിലും പെണ്‍കുട്ടികളും സ്ത്രീകളും സായുധസംഘാങ്ങളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായി ലൈംഗികാടിമകളായി. 2014 മുതല്‍, യസീദി പെണ്‍കുട്ടികളും സ്ത്രീകളും ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ആന്‍ഡ് ലെവന്റ് (ISIL) അംഗങ്ങളെ വിവാഹം കഴിക്കേണ്ടി വന്നത് ഇതിനു തെളിവാണ്. നൈജീരിയയിലെ ബോകൊ ഹറാം സൊമാലിയയിലെ അല്‍ഷബാബ് തുടങ്ങിയ സായുധസംഘങ്ങളും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരി ജനനേന്ദ്രിയ ഛേദനം വര്‍ദ്ധിപ്പിച്ചതായുള്ള പഠനങ്ങളും ധാരാളമായുണ്ട്.

വ്യക്തിസ്വാതന്ത്യത്തെ ഹനിക്കുന്ന വേറൊരു അനാചാരമാണു ദുരഭിമാനക്കൊല. കുടുംബത്തിന്റെ ”അന്തസ്സ്” വ്യക്തിജീവിതത്തെക്കാള്‍ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന സമൂഹങ്ങളിലാണു വ്യക്തികളുടെ സ്യയംഭരണാവകാശം നിഷേധിക്കുന്ന ഈ ക്രൂരത അരങ്ങേറുന്നത്. സ്ത്രീകള്‍ സാമൂഹിക കീഴ്വഴക്കങ്ങള്‍ ലംഘിക്കുമ്പോഴാണിതു മിക്കപ്പോഴും അരങ്ങേറുക. വധുവിനു ‘വില’ നല്കിയ ജീവിതപങ്കാളിയില്‍നിന്നു വേര്‍പിരിയുക, നിശ്ചയിച്ച വിവാഹത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുക, വ്യത്യസ്ത മതത്തിലോ വംശത്തിലോ ജാതിയിലോ ഉള്ള വ്യക്തിയുമായി ബന്ധത്തില്‍ ഏര്‍പ്പെടുക, കല്യാണത്തിനു മുമ്പോ വിവാഹേതരമായോ ലൈംഗികബന്ധം പുലര്‍ത്തുക, ബലാത്സംഗത്തിന്റേയോ ആക്രമണത്തിന്റേയോ ഇരകളാകുക, സ്വവര്‍ഗ്ഗാനുരാഗിയാകുക തുടങ്ങിയവ ദുഭിമാനക്കൊലക്കുള്ള ‘ന്യായീകരണങ്ങള്‍’ ആകാറുണ്ട്. അയ്യായിരത്തോളം ഇത്തരം കൊലകള്‍ പ്രതിവര്‍ഷം നടക്കുന്നുവെന്നാണു കണക്ക്. ഇതില്‍ ഭൂരിഭാഗവും സംഭവിക്കുന്നതു മിഡില്‍ ഈസ്റ്റിലും ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലുമാണ്.

സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാധികാരത്തെ നിഷേധിക്കുന്ന മറ്റു 2 കാര്യങ്ങളാണു വൈവാഹിക ബലാത്സംഗവും, പീഡകരെക്കൊണ്ട് ഇരകളെ വിവാഹം ചെയ്യിപ്പിക്കുന്നതും. ഈ ക്രൂരതകള്‍ അനുഭവിക്കുന്നവര്‍ മാനസ്സികാഘാതങ്ങള്‍, നിര്‍ബന്ധിത ലൈംഗികബന്ധം മൂലമുള്ള ശാരീരിക പരിക്കുകള്‍, ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം, ഗര്‍ഭം അലസല്‍, ലൈംഗികമായി രോഗങ്ങള്‍ തുടങ്ങിയവയ്ക്കിരകളാകും. വൈവാഹിക ബലാത്സംഗവും ബാലവിവാഹവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നു വ്യക്തമായിട്ടുണ്ട്. 2011 ലെ ഒരു പഠനത്തില്‍ ഉഗാണ്ടയില്‍ മിക്ക ദാമ്പത്യ ബലാത്സംഗ കേസുകളും 15 മുതല്‍ 19 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് എതിരേയാണു നടന്നതെന്നു കണ്ടെത്തി. പ്രായമേറിയ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ നേടുന്നതിനായി പുരുഷധനം നല്കിയ ശേഷമായിരുന്നു ഇത്.

43 രാജ്യങ്ങളില്‍ ദാമ്പത്യ ബലാത്സംഗം സംബന്ധിച്ച് ഒരു നിയമവുമില്ല. ഈ ആശയം അംഗീകരിക്കുന്ന രാജ്യങ്ങളില്‍ പോലും, വിവാഹമെന്ന ‘ന്യായ ത്തില്‍’ നടക്കുന്ന സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനുള്ള ശിക്ഷ മറ്റു കേസുകളെ അപേക്ഷിച്ചു വളരെ ലഘുവാണ്. 2020 ലെ ഒരു പഠനത്തില്‍ കണ്ടത് 54 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ 35 ലും ഇപ്പോഴും ക്രിമിനല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വൈവാഹിക ഇളവു ബാധകമാക്കുന്നു എന്നാണ്. 2017 ല്‍, ‘ഇക്വാലിറ്റി നൗ’ എന്ന എന്‍ജിഒ ബലാത്സംഗം ചെയ്തവരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമങ്ങളുടെ (Marry your Rapist Laws) വിപുലമായ അവലോകനം നടത്തി. ഉദാഹരണത്തിന്, ഇറാഖില്‍ കുറ്റവാളി ഇരയെ വിവാഹം കഴിച്ചാല്‍ അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ അസാധുവാകുകയും നിലവിലുള്ള അന്വേഷണമോ നിയമപരമായ കേസുകളോ നിര്‍ത്തലാക്കുകയും ചെയ്യും. ഒരു ശിക്ഷ ഇതിനകം ലഭിച്ചെങ്കില്‍ അതു നടപ്പാക്കാതിരിക്കുകയും ചെയ്യും. എന്നാല്‍, 3 വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം ചെയ്താല്‍ ശിക്ഷ പുനഃസ്ഥാപിക്കാം. കുവൈത്തില്‍ ഇരയെ അവളുടെ രക്ഷാധികാരിയുടെ അനുമതിയോടെ കുറ്റവാളി നിയമപരമായി വിവാഹം കഴിക്കുകയും അയാളെ ശിക്ഷിക്കരുതെന്നു രക്ഷാധികാരി അഭ്യര്‍ത്ഥിക്കുകയും ചെയ്താല്‍ അയാളെ മോചിപ്പിക്കും. റഷയില്‍ കുറ്റവാളിക്കു 18 വയസ്സുണ്ടെങ്കില്‍ 16 വയസ്സിനു താഴെയുള്ളയാളെ ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. സെര്‍ബിയയില്‍ ”പ്രായപൂര്‍ത്തിയാകാത്തവരുമായി സഹവസിക്കുന്നത്” നിരോധിച്ചിരിക്കുന്നു; എന്നിരുന്നാലും, ഇരയെ വിവാഹം ചെയ്താല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നിറുത്തലാക്കും. ഇന്ത്യന്‍ കോടതികളും ഈ പ്രാകൃതചിന്തയില്‍നിന്നു വിമുക്തമല്ലെന്നു നമ്മുടെ കോടതികളിലെ സമീപകാല വിധിന്യായങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീ ജനനേന്ദ്രിയ ഛേദനം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള വിവേചനത്തിന്റെയും അക്രമത്തിന്റെയും തീവ്രരൂപമാണ്. ലിംഗപരമായ അസമത്വത്തില്‍ വേരൂന്നിയ ഈ അവകാശധ്വംസനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗികത, ശരീരം, ലൈംഗികവും പ്രത്യുത്പാദനപരവുമായ അവകാശങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള വിശാലമായ പുരുഷാധിപത്യ സമ്പ്രദായങ്ങളുടെ ക്രൂരമാതൃകയാണ്. ഈ അനാചാരംമൂലം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശാരീരികവും മാനസ്സികവുമായ സമഗ്രത; ആക്രമണത്തില്‍ നിന്നുള്ള പരിരക്ഷ; ആരോഗ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള അര്‍ഹത; ലിംഗവിവേചനത്തില്‍ നിന്നുള്ള മോചനം; പീഡനം, ക്രൂരത, മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം എന്നിവയില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. 200 ദശലക്ഷത്തിലധികം പെണ്‍കുട്ടികളും സ്ത്രീകളും സ്ത്രീ ജനനേന്ദ്രിയ ഛേദനത്തിന്റെ അനന്തരഫലങ്ങളുമായി ജീവിക്കുന്നു, കൂടാതെ, കുറഞ്ഞത് 4 ദശലക്ഷം പെണ്‍കുട്ടികളെങ്കിലും ഓരോ വര്‍ഷവും ഈ മനുഷ്യാവകാശ ധ്വംസനത്തിനു വിധേയരാകുന്നു. സ്ത്രീകളുടെ ശാരീരിക സമഗ്രതയുടെയും സ്വയംഭരണത്തിന്റെയും മേഖലയില്‍ തടസ്സമായി നില്ക്കുന്ന നിരവധി സാമൂഹികാചാരങ്ങള്‍ ഇന്നും നിര്‍ഭാധം തുടരുന്നുണ്ടെന്ന വസ്തുത യുഎന്‍എഫ്പിഎ പഠനം അടിവരയിടുന്നു (2).

യുഎന്‍എഫ്പിഎ പുറത്തിറക്കിയ ശാരീരിക സ്വയംഭരണത്തെക്കുറിച്ചുള്ള റിപ്പോട്ട് പഠിക്കുമ്പോള്‍ മനസ്സിലാകുക ഈ രംഗത്തു ലിംഗപരമായ തുല്യത നേടാന്‍ സാമൂഹിക തലത്തില്‍ വളരെയേറെ മുന്നേറേണ്ടതുണ്ടെന്നാണ്. യുഎന്‍എഫ്പിഎ എക്‌സെക്യൂട്ടീവ് ഡിറക്ടര്‍ ഡോ. നതാലിയ കാനെമിന്റെ ”ശരീരത്തിന്മേല്‍ നിയന്ത്രണമുള്ള ഒരു സ്ത്രീക്ക് അവളുടെ ജീവിതത്തിന്റെ മറ്റു മേഖലകളില്‍ ശാക്തീകരിക്കപ്പെടാനുള്ള സാധ്യത അധികമാണ്. സ്വയംഭരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം, സുരക്ഷ എന്നിവയിലെ പുരോഗതിയിലൂടെയും അവള്‍ നേട്ടം കൈവരിക്കുന്നു. അവള്‍ ഉന്നതി പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്, അവളുടെ കുടുംബവും.” എന്ന വാക്കുകള്‍ ഈ അവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന ഈ അധികാരം ആസ്വദിക്കാനുള്ള അവസരം ധാരാളം വ്യക്തികള്‍ക്കു നിഷേധിക്കപ്പെടുന്നുണ്ട്. ഈ ലേഖനത്തിന്റെ അടുത്തഭാഗത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും വിവിധ രാജ്യങ്ങളിലെ നിയമവ്യവസ്ഥകളും ഈ വിഷയം സംബന്ധിച്ചു മുന്നോട്ടുവയ്കുന്ന കാഴ്ചപ്പാടുകള്‍ എന്തെന്നു വിലയിരുത്തും. ഉപന്യാസത്തിന്റെ മൂന്നാം ഭാഗത്തു സ്വാഭാവികമായും നൈയാമികമായും ഓരോ വ്യക്തിക്കും അര്‍ഹതപ്പെട്ട ഈ അവകാശം ഉറപ്പാക്കാനുള്ള മറ്റ് ഇടപെടലുകളെയും ഈ മനുഷ്യാവകാശ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പരിശ്രമങ്ങളെയും കുറിച്ചും പരിശോധിക്കും.

റെഫറന്‍സ്

1. https://www.un.org/en/observances/world-population-day
2. https://www.unfpa.org/sowp-2021?_ga=2.206485779.1478360725.1593458242-1532854079.1591294254

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply