വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണം തന്നെയാണ് ഭരണകൂടം
എം എം സോമശേഖരന്റെ നിലപാടുകള്‍ക്കുള്ള മറുപടി
ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും എന്തുവിലകൊടുത്തും കാത്തുരക്ഷിക്കാന്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ചു ഒന്നിക്കണം എന്ന അഭിപ്രായക്കാരനാണ് സോമശേഖരന്‍. സ്വാഭാവികമായി തന്റെ മാര്‍ക്‌സിസ്റ്റ് ഭൂതകാലം ഇതിന് തടസ്സമാകുന്നു. ഇത് മറികടക്കാന്‍, മാര്‍ക്‌സിസത്തിന്റെ വര്‍ഗ്ഗവീക്ഷണം, മിച്ചമൂല്യ സിദ്ധാന്തം, ഭരണകൂടവും ഭരണഘടനയും സംബന്ധിച്ച ധാരണകള്‍ എന്നിവയിലെല്ലാം ന്യൂനതകള്‍ കണ്ടെത്തി, മാര്‍ക്‌സിസത്തെ, പ്രത്യേകിച്ചും അതിന്റെ വര്‍ഗസമീപനത്തെ ആശ്രയിച്ച് ഇന്നത്തെ രാഷ്ട്രീയത്തെ വലിയിരുത്താനോ പ്രവര്‍ത്തനസജ്ജമാകാനോ കഴിയില്ല എന്ന് സ്ഥാപിച്ചെടുക്കാനാണ് സോമന്‍ ശ്രമിക്കുന്നത്.
മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും കാലഘട്ടത്തെ അപേക്ഷിച്ച് നരവംശശാസ്ത്രത്തിലും പരിണാമസിദ്ധാന്തത്തിലും ഒട്ടേറെ പുതിയ ധാരണകള്‍ ഇന്ന് നമുക്കുണ്ട് എന്ന് സോമന്‍ പറയുന്നു. അത് ശരിയാണ്. പക്ഷെ ഇതെല്ലാം അവര്‍ ഉന്നയിച്ച കാതലായ ധാരണകളെ റദ്ദ് ചെയ്യുന്നുണ്ടോ? അങ്ങനെ ഒരു പരിശോധന നടത്തിയാല്‍, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ വര്‍ഗ്ഗസമരമാണ് ചാലകശക്തിയായിരുന്നത്, ഇന്നും അതങ്ങനെതന്നെയാണ് എന്ന മാര്‍ക്‌സിസ്റ്റ് നിലപാടിന്റെ ശരി വ്യക്തമാകും. സ്വത്വത്തെ മുന്‍നിര്‍ത്തിയുള്ള മര്‍ദ്ദിത വിഭാഗങ്ങളുടെ സമരങ്ങള്‍, ദേശീയ സമരങ്ങള്‍, മത പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ പലതരത്തിലും സാമൂഹ്യചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവ വര്‍ഗസമരത്തിന്റെ കേന്ദ്രസ്ഥാനത്തെ ഇല്ലാതാക്കിയല്ല നടന്നത്, നടക്കുന്നത്. മറിച്ച് ഇതിലെല്ലാംതന്നെ വര്‍ഗ്ഗങ്ങളുടെയും വര്‍ഗസമരത്തിന്റെയും സാന്നിധ്യം കാണാം. ചരിത്ര, രാഷ്ട്രീയ സംഭവവികാസങ്ങളെ വിശകലനം ചെയ്യാന്‍ സഹായകരമാകുന്ന അടിസ്ഥാന ധാരണ തന്നെയാണ് മാര്‍ക്‌സിസത്തിന്റെ വര്‍ഗസമര സിദ്ധാന്തം.
പരിണാമത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഉള്‍പരിണാമം, ജനിതകമാറ്റം പോലുള്ള കാര്യങ്ങളാണ് ഇന്ന് ആ സിദ്ധാന്തത്തില്‍ മുഖ്യം. അതേസമയം, ജീവിതരീതികള്‍ ജനിതക മാറ്റത്തിന് വഴിവെച്ചേക്കാം എന്നും അത് പുതിയ തലമുറയിലേക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നും ഈ ശാസ്ത്രം അംഗീകരിക്കുന്നുണ്ട്. അപ്പോള്‍ അധ്വാനം മനുഷ്യവികാസത്തില്‍ വഹിച്ച പങ്കിനെ കുറിച്ചു് എംഗല്‍സ് ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അപ്രസക്തമാവുന്നില്ല. പുതിയ ശാസ്ത്രീയധാരണകളുടെ വെളിച്ചത്തില്‍ അതിനെ കൂടുതല്‍ സമ്പുഷ്ടമാക്കണം. അതുകൊണ്ടുതന്നെയാണ് സോമന്‍ ധരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം പോലുള്ള കൃതികള്‍ ഇന്നും പ്രസക്തമാകുന്നത്. ഈ സാമൂഹ്യരൂപങ്ങളുടെ ചരിത്രപരമായ വേരുകളും രൂപാന്തരവും മനസ്സിലാക്കാന്‍ അവ സഹായിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മാര്‍ക്‌സിസത്തെ തിരുത്തണം എന്ന് സ്ഥാപിക്കാനായി സോമശേഖരന്‍ കൊണ്ടുവരുന്ന മറ്റൊരു വാദഗതി മിച്ചമൂല്യത്തെക്കുറിച്ചുള്ള ധാരണകള്‍ ആണ്. തൊഴിലാളി മുതലാളി ദ്വന്ദത്തില്‍ മാത്രമായി അതിനു ചുരുക്കാന്‍ പറ്റില്ല, പ്രകൃതി മനുഷ്യബന്ധങ്ങളുടെ, ശാസ്ത്ര സാങ്കേതികതയുടെയടക്കം സാമൂഹിക ചരിത്രത്തിലെ എല്ലാം അടങ്ങുന്ന കൂടുതല്‍ വിശാലമായ ഒരു പശ്ചാത്തലത്തില്‍ അതിനെ വിശദീകരിക്കണം എന്നാണ് സോമന്‍ പറയുന്നത്. മുതലാളിത്ത ചൂഷണത്തിന്റെ മുഖ്യരീതിയായ മിച്ചമൂല്യ ചൂഷണത്തെ അതിന്റെ വര്‍ഗ്ഗസ്വഭാവത്തില്‍ നിന്നും വേര്‍പെടുത്തി എടുത്തു വിശദീകരിക്കണം എന്നാണ് ഇതിന്റെ സൂചന. അതുവഴി മാര്‍ക്‌സിന്റെ ഈ കണ്ടെത്തലിന്റെ വിപ്ലവകരമായ അംശത്തെ, ഇത് അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തത്തെ അവസാനിപ്പിക്കണമെന്ന നിലപാടിനെ ചോര്‍ത്തികളയാന്‍ നോക്കുന്നു. ഇത് സ്ഥാപിക്കാന്‍ വേണ്ടി മൂലധനത്തിന്റെ മൂന്നാം വാല്യത്തില്‍ മിച്ചഅദ്ധ്വാനവും മിച്ചമൂല്യവും എല്ലാ സമൂഹങ്ങള്‍ക്കും പൊതുവാണ് എന്ന് മാര്‍ക്‌സ് പറഞ്ഞിരിക്കുന്നതായി അവകാശപ്പെടുന്നുണ്ട്. അങ്ങനെ യാതൊന്നും മാര്‍ക്‌സ് എവിടെയും പറഞ്ഞിട്ടില്ല. മിച്ചാദ്ധ്വാനവും മിച്ചമൂല്യവും ഒന്നാണെന്ന മട്ടിലാണ് സോമന്‍ വാദിക്കുന്നത്. ചൂഷണാധിഷ്ഠിതമായ എല്ലാ സാമൂഹ്യവ്യവസ്ഥകളിലും, ഒരു പരിധിവരെ അതിനുമുമ്പുള്ള പ്രാകൃതാവസ്ഥയിലും, മിച്ചാദ്ധ്വാനം ഉണ്ടായിരുന്നു. മിച്ചമൂല്യം പക്ഷെ മുതലാളിത്തത്തിലെ ഉണ്ടായിട്ടുള്ളു. മൂല്യം എന്നുപറയുന്ന സാമ്പത്തികസംവര്‍ഗം ഒരു മുതലാളിത്ത സവിശേഷതയാണെന്നാണ് മാര്‍ക്‌സിസം പഠിപ്പിക്കുന്നത്. അദ്ധ്വാനം കൂലിവേലയുടെ രൂപത്തിലും ഉല്പാദനോപാധികള്‍ മൂലധനത്തിന്റെ രൂപത്തിലും നിലനില്‍ക്കുന്നതുകൊണ്ട് മാത്രമാണ് ഉല്‍പ്പന്നത്തിന്റെ മൂല്യത്തിന്റെ ഒരു ഭാഗം മിച്ചമൂല്യമായി പ്രത്യക്ഷപ്പെടുന്നത് എന്നാണ് സോമന്‍ ഉദ്ധരിക്കുന്ന ഈ മൂന്നാം വാല്യത്തില്‍ മാര്‍ക്‌സ് വളരെ വ്യക്തമായി പറയുന്നത്. ഈ ഉല്പാദനരീതിയുടെ, അതായത് മുതലാളിത്തത്തിന്റെ, മുഴുവന്‍ സവിശേഷ സ്വഭാവവും നിര്‍ണയിക്കുന്നത് മൂലധനവും കൂലിയും തമ്മിലുള്ള ബന്ധമാണ് .
മൂന്നാമത്തെ പ്രശ്‌നം ഭരണകൂടത്തെ സംബന്ധിച്ചുള്ളതാണ്. വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണമാണ് ഭരണകൂടം എന്നത് സാമാന്യമായ അര്‍ത്ഥത്തില്‍ ശരിയാണെന്ന് പറഞ്ഞിട്ട് അതിലേക്ക് മാത്രമായി വിഷയത്തെ ചുരുക്കാന്‍ പറ്റില്ല എന്നാണ് സോമന്‍ പറയുന്നത്. സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലുള്ള വ്യത്യാസത്തെ തിരിച്ചറിയുന്നതിന് അത് നമ്മളെ അപ്രാപ്തമാക്കും പോലും. രാഷ്ട്രീയാധികാരത്തിന്റെ വിഷയത്തെ മാര്‍ക്‌സിസം എവിടെയാണ് ഇങ്ങനെ ചുരുക്കിയത്? വര്‍ഗതാല്പര്യം, അത് സമൂര്‍ത്തമാക്കുന്ന രാഷ്ട്രീയാധികാരം, ഇതിന്റെ ഉപകരമണമായ ഭരണകൂടം, അതിന്റെ നടത്തിപ്പിനുള്ള ഭരണസംവിധാനം, അതിന്റെ ഭാഗമായ സര്‍ക്കാര്‍, സര്‍ക്കാരിന്റെ വിവിധ രൂപങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധവും വ്യത്യാസങ്ങളും മാര്‍ക്‌സിസം എന്നും സ്പഷ്ടമാക്കിയിട്ടുണ്ട്. വര്‍ഗ്ഗാധിപത്യത്തിന്റെ ഉപകരണമാണ് ഭരണകൂടം എന്ന് മാര്‍ക്‌സിസ്റ്റ് നിലപാട് മറ്റൊന്നും ആയി ചുരുക്കേണ്ട കാര്യമില്ല. മറ്റൊന്നും ആയി വിപുലീകരിക്കാനും കഴിയില്ല. ഭരണകൂടത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് നിലപാട് ബൂര്‍ഷ്വാ സ്വേഛാധിപത്യഭരണത്തിന്റെ വിവിധരൂപങ്ങളും ബൂര്‍ഷ്വാ ജനാധിപത്യവും തമ്മില്‍ വേര്‍തിരിച്ച് കാണുന്നതിന് ഒരിക്കലും തടസ്സമായിട്ടുമില്ല.
ബലപ്രയോഗത്തെ മാത്രം ആശ്രയിച്ചല്ല രാഷ്ടീയാധികാരം പ്രയോഗിക്കുന്നതെന്നും ഭരണവര്‍ഗ അധിനായകത്വത്തില്‍ രൂപംകൊടുക്കുന്ന പൊതുസമ്മതം അതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും തുടര്‍ന്നു് ഗ്രാംചി വ്യക്തമാക്കി. ഇതില്‍ പൊതുസമ്മതത്തെ ഉയര്‍ത്തിപിടിക്കുന്ന സോമന്‍ അതിന്റെ വര്‍ഗസത്ത, ഭരണവര്‍ഗ അധിനായകത്വത്തിലാണ് അത് രൂപംകൊള്ളുന്നത് എന്ന വസ്തുത, സൗകര്യപൂര്‍വ്വം ഒഴിവാക്കി. വര്‍ഗ്ഗങ്ങള്‍ക്ക് അതീതമായി നില്‍ക്കുന്ന, അല്ലെങ്കില്‍ വര്‍ഗ്ഗാധിപത്യത്തിനും അപ്പുറം നില്‍ക്കുന്ന, ഒന്നല്ല ഈ പൊതുസമ്മതി. ഒരു ചൂഷകവര്‍ഗത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആധിപത്യം നിലനിര്‍ത്താനായിട്ടാണ് പൊതുസമ്മതി രൂപപ്പെടുത്തുന്നത്. ചൂഷണം മറച്ചുവച്ചുകൊണ്ട് സ്വന്തം ആധിപത്യം പൊതുആവശ്യമാണെന്ന ബോധം മര്‍ദ്ദിതര്‍ക്കിടയില്‍ സൃഷ്ടിച്ച് നിലനിര്‍ത്താനാണ് ഒരു ചൂഷക ഭരണവര്‍ഗം പൊതുസമ്മതി മെനയുന്നത്.
ലെനിന്‍ തന്റെ ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിക്ക് പ്രധാന ആധാരമാക്കിയത് പാരീസ് കമ്മ്യൂണ്‍ അനുഭവങ്ങളാണെന്ന സോമന്റെ വാദം അടിസ്ഥാനരഹിതമാണ്. ഭരണകൂടത്തെ സംബന്ധിച്ച് തുടക്കം മുതല്ക്കുള്ള മാര്‍ക്‌സിസ്റ്റ് ധാരണയുടെ വികാസം എണ്ണി പറഞ്ഞുകൊണ്ടാണ് ലെനിന്‍ അതെഴുതിയതെന്ന് അതിന്റെ അദ്ധ്യായങ്ങളുടെ തലക്കെട്ടുകള്‍ നോക്കിയാല്‍ തന്നെ മനസ്സിലാകും. 1881ല്‍ മാര്‍ക്‌സ് എഴുതിയ ഒരു കത്തിലുള്ള പരാമര്‍ശം മുന്‍നിര്‍ത്തി കമ്മ്യൂണിനേകുറിച്ചുള്ള അംഗീകൃത മാര്‍ക്‌സിസ്റ്റ് ധാരണ സോമന്‍ തള്ളികളയുന്നുണ്ട്. കമ്മ്യൂണിലെ ഭൂരിപക്ഷവും സോഷ്യലിസ്റ്റുകളായിരുന്നില്ല, അഥവാ വിജയിച്ചിരുന്നെങ്കില്‍ തന്നെ അന്നത്തെ സാഹചര്യത്തില്‍ ഭരണവര്‍ഗങ്ങളുമായി ഒരു ഒത്തുതീര്‍പ്പ് നടപ്പാക്കാനെ അതിന് കഴിയുമായിരുന്നുള്ളു എന്നാണ് ആ പരാമര്‍ശം. പഴയ ഭരണകൂടത്തെ അതേപടി എടുത്ത് ഉപയോഗിക്കാനാകില്ല, അതിനെ തകര്‍ത്ത് പുതിയൊന്ന് സ്ഥാപിക്കണം, അതിന്റെ മാതൃകയാണ് കമ്മ്യൂണ്‍ എന്ന പാഠത്തെ, മാര്‍ക്‌സ് ചൂണ്ടിക്കാട്ടിയ പാഠത്തെ, ഈ പരാമര്‍ശം നിഷേധിക്കുന്നില്ല എന്ന് വ്യക്തമല്ലെ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയും ഭരണഘടനാസ്ഥാപനങ്ങളും വര്‍ഗീയതയുടെ ആക്രമണത്തില്‍നിന്ന് കാത്തുരക്ഷിക്കണം എന്നാണ് സോമശേഖരന്റെ കേന്ദ്രവിഷയം. അതിന് ഒരു സൈദ്ധാന്തികതലം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് കൊളോണിയല്‍ കാലം മുതല്‍ രൂപപ്പെട്ട ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലിസത്തിന്റെ ഔദാര്യം ആയിരുന്നില്ല, നവോഥാനം അടക്കമുള്ള സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങള്‍, കാര്‍ഷിക, തൊഴിലാളി സമരങ്ങള്‍ ദേശീയപ്രസ്ഥാന ചരിത്രം ഉള്‍പ്പെടെ അതിനു പുറകില്‍ ഉണ്ട് എന്ന് വാദിക്കുന്നത്. ശരിയാണ്, കൊളോണിയല്‍ ഭരണാധികാരികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ നിയമങ്ങളും നിയമവ്യവസ്ഥയും ഭരണക്രമവും അവരുടെ ഔദാര്യമായിരുന്നില്ല. ഔദാര്യം കാട്ടേണ്ട ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ഭരണത്തിനുവേണ്ടി, അവരുടെ ചൂഷണവും കൊള്ളയും നിര്‍ബാധം തുടരാന്‍ വേണ്ടി, അവര്‍ ആവിഷ്‌കരിച്ച് സ്ഥാപിച്ചെടുത്ത കാര്യങ്ങളാണ് അതൊക്കെ. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍, കാര്‍ഷിക, തൊഴില്‍ സമരങ്ങള്‍, ബ്രിട്ടീഷ് വിരുദ്ധസമരം എന്നിവയെല്ലാം തന്നെ ജനങ്ങളില്‍ ഉണര്‍ത്തിവിട്ട പുതിയ അവകാശബോധത്തിന്റെ പ്രതിഫലനമായിരുന്നില്ല അവ. ജനകീയപ്രക്ഷോഭങ്ങള്‍ മൂലം തൊഴില്‍അവകാശങ്ങള്‍, സംവരണ അവകാശം, പാട്ടനിയന്ത്രണം പോലുള്ള ചിലതെല്ലാം അംഗീകരിക്കാന്‍ കൊളോണിയല്‍ ഭരണാധികാരികളും രാജഭരണങ്ങളും നിര്‍ബന്ധിതരായെങ്കിലും മേല്പറഞ്ഞതായിരുന്നു പൊതുഅവസ്ഥ. ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ജനങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട പുതിയ അവകാശബോധത്തെ കുറച്ചങ്കിലും കണക്കിലെടുക്കാന്‍ പുതിയ ഭരണവര്‍ഗങ്ങളും നിര്‍ബന്ധിതമായിരുന്നു. അതിനെ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന ചില പൗരാവകാശങ്ങളും, സംവരണം, തൊട്ടുകൂടായ്മയുടെ നിരോധനം പോലുള്ള വ്യവസ്ഥകളും ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ ഡോ. ആംബേഡ്ക്കറെ പോലുള്ളവര്‍ക്ക് കഴിഞ്ഞു. പക്ഷേ പുതിയ ഭരണവര്‍ഗങ്ങളുടെ താല്പര്യത്തെ സേവിക്കുന്ന ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം അതുകൊണ്ട് മാറിയിട്ടില്ല.
ഭരണഘടനയില്‍ നിന്നല്ല അവകാശബോധം ഉണ്ടായത്. പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമാണത്. അതുകൊണ്ടുതന്നെ എങ്ങനെയാണോ അതെല്ലാം ജനങ്ങള്‍ തെരുവില്‍ നേടിയെടുത്തത് അതേപോലെ ഇന്നും തെരുവില്‍ തന്നെയാണ് അതിനെ റദ്ദാക്കാന്‍ ബ്രാഹ്മണ്യ ഹിന്ദുവാദ ഫാസിസ്റ്റുകള്‍ നടത്തുന്ന നീക്കങ്ങളെ നേരിടേണ്ടണ്ടത്. അവകാശ സംരക്ഷണമാണ് ഭരണഘടനാ സംരക്ഷണമല്ല പ്രശ്‌നം. അത്തരം സമരങ്ങളില്‍ ഭരണഘടനയാണ് കാത്തുസൂക്ഷിക്കേണ്ടത് എന്ന് അഭിപ്രായമുള്ള ആള്‍ക്കാരും തീര്‍ച്ചയായിട്ടും പങ്കാളികളാകും. അതു് അവരുടെ അഭിപ്രായം. ഭരണഘടന സംരക്ഷിക്കേണ്ടതുണ്ട് എന്ന് വാശിപിടിക്കുന്നവരുമായി സമരരംഗത്ത് ഐക്യപ്പെടുന്നതില്‍ മാവോയിസ്റ്റുകള്‍ ഒരിക്കലും മടിച്ചിട്ടില്ല. ഭരണഘടനയുടെ സംരക്ഷണമല്ല പ്രശ്‌നമെന്ന സ്വന്തം നിലപാട് മുന്നോട്ട് വയ്ക്കാനും അവര്‍ ഒരിക്കലും മടിക്കില്ല. കാരണം ഇതേ ഭരണഘടന തന്നെയാണ് ഇവിടെ നടക്കുന്ന ചൂഷണ, മര്‍ദ്ദന സംവിധാനങ്ങള്‍ക്ക് പൊതു ചട്ടക്കൂട്, നിയമസാധുതയും നീതീകരണവും, നല്കുന്നത്. ഉദാഹരണത്തിന് സ്വകാര്യ സ്വത്തിനു അതു നല്കുന്ന സംരക്ഷണത്തിന്റെ തണലിലാണ് അഡാനിമാര്‍ വളര്‍ന്നുവരുന്നതും പത്തു ശതമാനം പോലും വരാത്ത ഭൂപ്രഭുക്കള്‍ ഭൂമിയിലെ ഭൂരിഭാഗവും കൈയ്യടക്കിവച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെയാണ് ഭരണഘടനയുടെ പ്രശ്‌നവും അവകാശങ്ങളുടെ പ്രശ്‌നം വേര്‍തിരിച്ച് കാണണം എന്ന് മാവോയിസ്റ്റുകള്‍ വാദിക്കുന്നത്.
സംഘീകൂട്ടത്തിന്റെ ബ്രാഹ്മണ്യ ഹിന്ദുവാദ ഫാസിസ്റ്റുഭരണത്തിനെതിരെ ജനങ്ങള്‍ സമരരംഗത്തിറങ്ങുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനെ ഭരണഘടനാ സംരക്ഷണം എന്ന സുരക്ഷിതചാലിലേക്ക് തിരിച്ചുവിട്ടു് നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ കാത്തുസൂക്ഷിക്കുന്ന പണിയാണ് സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ല്യമെന്ററി പാര്‍ട്ടികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സൈദ്ധാന്തികചമയം ചാര്‍ത്തി അതിന് ചൂട്ടുപിടിക്കുകയാണ് സോമശേഖരന്‍.
ALSO READ
വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in