ഞാറ്റുവേലകള്‍ക്കനുസരിച്ചല്ല ആധുനികകാലത്തെ കൃഷി

മണ്ണിലെ ബാക്ടീരിയ നശിച്ചുവെന്നൊക്കെ പറയുന്നത് തെളിവുകളുടെ പിന്‍ബലമില്ലാതെ വെറും പുലമ്പല്‍മാത്രം. ഇത്രകാലം ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും ഏതെങ്കിലും ഒരു ബാക്ടീരിയാ രോഗാണുവിന്റെ വംശനാശം വരുത്താന്‍ കഴിഞ്ഞിട്ടില്ല. മറിച്ച് അവക്ക് പ്രതിരോധം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പിന്നല്ലേ രാസവളമിട്ട് ബാക്ടീരിയക്ക് വംശനാശം വരുന്നത്. പറയുന്നതിന് എന്തെങ്കിലുമൊക്കെ അടിസ്ഥാനം വേണം. – ജൈവകര്‍ഷകന്‍ വി അശോക് കുമാര്‍ ക്രിട്ടിക്കില്‍ എഴുതിയ ‘വരവേല്‍ക്കണോ തിരുവാതിരയെ” എന്ന ലേഖനത്തിന് കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ കെ എം ശ്രീകുമാറിന്റെ മറുപടി

വി അശോക് കുമാര്‍ ക്രിട്ടിക്കില്‍ എഴുതിയ ‘വരവേല്‍ക്കണോ തിരുവാതിരയെ” എന്ന ലേഖനം വായിച്ചു. ശാസ്ത്രത്തെയും ആധുനിക കൃഷിയെയും നിശിതമായി വിമര്‍ശിക്കുന്ന പ്രസ്തുത ലേഖനത്തിന് ഒരു മറുപടി പറഞ്ഞില്ലെങ്കില്‍ പലരും തെറ്റിദ്ധരിക്കപ്പെടും എന്നതുകൊണ്ടാണ് ഈ പ്രതികരണം. മാത്രമല്ല, മണ്ണിനും കാലത്തിനും അനുസൃതമായി കൃഷി ചെയ്യാന്‍ ഞാറ്റുവേലകളെതന്നെ പരിഗണിക്കണം എന്ന വാദവുമായി മന്ത്രി മുതല്‍ നാടന്‍ ജ്യോതിഷികള്‍ വരെയും കൂടെ പ്രകൃതി കൃഷിക്കാരുമെല്ലാം അടുത്തിടെ രംഗത്തിറങ്ങിയിട്ടുണ്ട്. പണ്ട് പ്രകൃതി നിരീക്ഷണവും കാര്‍ഷിക പ്രവര്‍ത്തനവുമെല്ലാം സൂക്ഷ്മതയോടെ ചെയ്തിരുന്നുവെന്നും ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വരവോടെ അതെല്ലാം അസ്തമിച്ചു എന്നുള്ള ഒരു വാദം ഇതിന്റെ മറവില്‍ മുന്നോട്ട് വെക്കുന്നുമുണ്ട്. എന്താണ് അതിന്റെ ശാസ്ത്രീയത?

എന്താണ് ഞാറ്റുവേല ?

കൃഷി ആരംഭിച്ചതോടെയാണ് ചിട്ടയായ കാലഗണന ആവശ്യമായി വന്നത്. ഒരു വര്‍ഷം എന്നത് ഋതുക്കള്‍ മാറിവരുന്ന കാലയളവാണ്. ആകാശകാഴ്ചകളും ഋതുക്കളും തമ്മില്‍ ബന്ധമുണ്ടെന്ന തിരിച്ചറിവ് കൃഷിയുടെയും ജ്യോതിശാസ്ത്രത്തിന്റെയും വളര്‍ച്ചക്ക് സഹായകമായി. സൂര്യന്റെ അയനചലനമാണ് ഇതില്‍ ഏറ്റവും മുഖ്യം. സൂര്യന്‍ നേരെ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്ന രണ്ടുദിവസം മാത്രമാണ് രാവും പകലും തുല്യമായി വരുന്നത്. സൂര്യന്‍ വടക്കോട്ട് നിങ്ങുന്തോറും പകല്‍ കൂടി വരും. ചൂടുകാലവും മഴക്കാലവും വരും. സൂര്യന്‍ കിഴക്ക് നിന്ന് തെക്കോട്ട് നീങ്ങുന്ന കാലം രാത്രി കൂടും, മഞ്ഞു കാലവുമായിരിക്കും. വടക്കോട്ട് പോകാന്‍ തുടങ്ങുന്ന സമരാത്രദിനം -വസന്ത വിഷുവം- കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമായതിനാലാണ് വര്‍ഷാരംഭമായി പലരും കണക്കാക്കി. നമ്മുടെ വിഷുവിന്റെ അടിസ്ഥാനം അതാണ്.

ചന്ദ്രന്റെ വൃദ്ധിക്ഷയം ആകാശത്തെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണല്ലോ. അതിനെ അടിസ്ഥാനമാക്കിയാണ് പണ്ടുകാലത്ത് മിക്ക ആചാരാനുഷ്ഠാനങ്ങളും ആരംഭിച്ചതും മാസം കണക്കാക്കിയതും. അമാവസി മുതല്‍ അമാവസിവരെ, അല്ലെങ്കില്‍ പൗര്‍ണ്ണമി മുതല്‍ പൗര്‍ണ്ണമി വരെയുള്ള 29-30 ദിവസമായിരുന്നു ഒരുമാസം. (29.52 ദിവസം) ദിവസം കണക്കാക്കാന്‍ ചന്ദ്രനും സൂര്യനും തമ്മിലുള്ള ആകാശത്തെ അകലം നോക്കി തിയതിയും ഭാരതീയര്‍ ആരംഭിച്ചു. ചന്ദ്രന് നക്ഷത്രങ്ങളെ അപേക്ഷിച്ചുള്ള സ്ഥാനമാറ്റവും ഇതോടൊപ്പം ശ്രദ്ധിച്ചിരുന്നു. വീണ്ടും ഒരു നക്ഷത്രത്തിന്റെയടുക്കല്‍ എത്താന്‍ 27 ദിവസമെന്നും തിരിച്ചറിഞ്ഞു. ശരിക്കും (27.3 ദിവസം.). ചാന്ദ്രപാതയിലുള്ള ആകാശത്തെ 13 ഡിഗ്രി 20 മി ഉള്ള 27 തുല്യഭാഗമാക്കി അതിലെ നക്ഷത്രകൂട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പേരും നല്കി. അതാണ് അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍.

ആകാശത്ത് കാണുന്ന നക്ഷത്രങ്ങളും കാലവുമായുള്ള ബന്ധമാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍.അശ്വതി നക്ഷത്രത്തിനടുത്ത് സൂര്യന്‍ വരുമ്പോഴായിരുന്നു വസന്തവിഷവുവം. ഓരോ നക്ഷത്രഭാഗത്തും (13 ഡിഗ്രി 20 മിനിട്ടില്‍) സൂര്യന്‍ 13.-14 ദിവസമാണ് വരിക. ഇതാണ് ഞാറ്റുവേല. അപ്പോള്‍ അശ്വതി ഞാറ്റുവേലയില്‍ നമുക്ക് നല്ല ചൂടു കാലമാകും. പിന്നെ ഓരോ ഞാറ്റുവേലകള്‍ പിന്നിട്ട് തിരുവാതിര ഞാറ്റുവേലയിലെത്തുമ്പോള്‍ കേരളത്തില്‍ തിരിമുറിയാതെ മഴതുടങ്ങുന്ന കാലം. കൃഷിക്ക് ഏറ്റവും അനുയോജ്യം. ഇങ്ങിനെ കലണ്ടര്‍ ഇല്ലാതിരുന്ന കാലത്ത് കാര്‍ഷിക വൃത്തി ചിട്ടപ്പെടുത്താന്‍ അനുയോജ്യമായ കാലഗണന തന്നെയായിരുന്നു ഞാറ്റുവേല.

മേടം, ഇടവം, മിഥുനം തുടങ്ങിയ 30 ഡിഗ്രി വീതമുള്ള ആകാശഭാഗം ചേര്‍ന്ന സൗരരാശികള്‍ ബാബിലോണിയക്കാരുടേതാണ്. അത് ഗ്രീക്കുകാര്‍ മുഖേന ഭാരതത്തിലെത്തിയതോടെയാണ് മാസഗണനക്ക് സൗരമാസങ്ങള്‍ സ്വീകരിക്കപ്പെട്ടത്. നമ്മള്‍ മലയാളമാസം കണക്കാക്കുന്നത് സൂര്യന്‍ ഏത് രാശിയിലാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ്. ഇതില്‍ നമ്മുടെ അശ്വതി നക്ഷത്രവും അവരുടെ മേടം നക്ഷത്രഗണവും ഒന്നുതന്നെ, അതിനാല്‍ സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് വിഷു. (വസന്തവിഷുവം).

പക്ഷേ ഇത് 1500 വര്‍ഷം മുമ്പുള്ള ഗണിതമാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിന് 26000 വര്‍ഷം കൊണ്ട് സംഭവിക്കുന്ന കറക്കം (പുരസ്സരണം ) മൂലം സമരാത്രദിനവും ഋതുചക്രവും നക്ഷത്രങ്ങളെ അപേക്ഷിച്ച് പിന്നോട്ട് പോവുകയാണ്. 72 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം എന്ന തോതില്‍. അതിനാല്‍ ഇന്നത്തെ സമരാത്രദിനം മാര്‍ച്ച് 21 (മീനം 8)നാണ്. . ഈ വിധത്തില്‍ 13000 വര്‍ഷം പിന്നിടുമ്പോള്‍ മകരമാസത്തില്‍ മരം കോച്ചുന്ന തണുപ്പല്ല ,ചുട്ടുപൊള്ളന്ന ചൂടോ മഴക്കാലമോ ആയരിക്കും. അശ്വതി ഞാറ്റുവേല മേടം 1 തന്നെയാണ് ആരം ഭിക്കുന്നതെങ്കിലും 1500 വര്‍ഷം മുമ്പുള്ള അശ്വതി ഞാറ്റുവേലയുടെ കാലാവസ്ഥ മീനം 8 മുതലാണ്. അതുപോലെ തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നത് മിഥുനം 8 ന് (ജൂണ്‍ 22 ന് ) എങ്കിലും പഴയ കാലാവസ്ഥ ലഭിക്കുക ജൂണ്‍ 1 നാണ്. അത് കാര്‍ത്തിക ഞാറ്റുവേല പകുതിയിലാണ്. അതായത് പഴയ തിരുവാതിര ഞാറ്റുവേലയുടെ സ്വഭാവം കാണിക്കുന്ന ജൂണ്‍ 1 തന്നെയാണ് കൃഷി ആരംഭിക്കേണ്ടത്. ( ഇന്നത്തെ തിരുവാതിര ഞാറ്റുവേലയില്‍ പഴയ പുണര്‍തം ഞാറ്റുവേലയിലെ മഴയാവും ലഭിക്കുക!) പക്ഷേ കാലത്തിന്റെ താളക്രമം ആഗോളതാപനം പോലുള്ള കാരണങ്ങളാല്‍ മാറുന്ന ഇക്കാലത്ത് വിത്തിറക്കാനുള്ള തീയതി കാലാവസ്ഥാ വകുപ്പിന്റെ മഴപ്രവചനം കൂടി അറിഞ്ഞ് തീരുമാനിക്കുന്നതാണ് നല്ലത്. അല്ലാതെ ഞാറ്റുവേലകണക്ക് നോക്കിയിരുന്നാല്‍ കാലവും കാലാവസ്ഥയും ചതിക്കാനാണ് സാധ്യത. കലണ്ടറും വാച്ചുമൊന്നും ഇല്ലാതിരുന്ന പണ്ടുകാലത്ത് കാലഗണന നടത്തിയ രീതിയാണത്. ഒരു സെക്കന്റിന്റെ ആയിരത്തിലൊരംശം പോലും അളക്കാനാകുന്ന ഇക്കാലത്ത് നമ്മള്‍ ഞാറ്റുവേലകളെ ആശ്രയിക്കണോ?

പണ്ടത്തെ വിത്തുകള്‍ ഫോട്ടോ സെന്‍സിറ്റീവ് ആയിരുന്നു. ദിവസത്തിന്റെ ദൈര്‍ഘ്യമനുസരിച്ചാണ് അവ പൂക്കുക. ഒന്നാം വിളക്ക് ഉപയോഗിക്കുന്ന വിത്തിനം രണ്ടാം വിളക്ക് ഉപയോഗിച്ചാല്‍ ചിലപ്പോള്‍ പൂക്കുകയേയില്ല. അതുകൊണ്ടുതന്നെ കൃത്യമായ വിത്തിനം കൃത്യമായ സമയങ്ങളില്‍ വിതക്കണമായിരുന്നു. എന്നാലിന്നത്തെ വിത്തുകള്‍ അധികവും ഫോട്ടോ ഇന്‍സെന്‍സിറ്റീവും മൂപ്പു കുറഞ്ഞവയും ആണ്. അതിനാല്‍ ജലലഭ്യതക്കനുസരിച്ച് വിതയ്ക്കാം. പണ്ട് മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയായിരുന്നു. അണക്കെട്ടുകളും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളും ഉള്ളതിനാല്‍ ഇന്ന് ജലസേചനം നല്‍കാന്‍ സാധിക്കുന്നു. ഇന്ന് ദിവസേന അല്ലെങ്കില്‍ മണിക്കൂറുകള്‍ ഇടവിട്ട് കൃത്യമായി കാലാവസ്ഥ പ്രവചിക്കാം. എന്നിട്ടും ഇക്കാലത്ത് നാം കൃഷിക്ക് ഞാറ്റുവേലകളെ ആശ്രയിക്കണോ?

തിരുവാതിര ഞാറ്റുവേല കാലത്ത് വിരലൊടിച്ച് കുത്തിയാലും മുളക്കുംഎന്ന ചൊല്ലിന്റെ അടിസ്ഥാനം ശാസ്ത്രം പണ്ടേ മനസ്സിലാക്കി. മണ്ണിലെ നല്ല ജലാംശവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും ആണിതിനു കാരണം. അതുകൊണ്ട് കമ്പുകളില്‍ നിന്നും ജലനഷ്ടം സംഭവിക്കുന്നത് കുറയുന്നതിനാല്‍ അവ ഉണങ്ങുന്നില്ല. അവയ്ക്ക് വേരു വരാന്‍ സമയം ലഭിക്കുന്നു. ഇന്ന് നമ്മള്‍ കമ്പുകള്‍ കുത്തി തൈകളുണ്ടാക്കാന്‍ ആര്‍ദ്രതാ അറകള്‍ (Humidity Chamber) ഉപയോഗിക്കുന്നു. അല്ലെങ്കില്‍ കമ്പുകള്‍ നട്ട് അവ പോളിത്തീന്‍ ഷീറ്റുകള്‍ കൊണ്ട് മൂടിവയ്ക്കുന്നു. വേരു പിടിക്കാന്‍ സസ്യ ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നു. കുരുമുളക് കൃഷിയില്‍ പണ്ട് തിരുവാതിര ഞാറ്റുവേലകാലത്ത് തണ്ടുകള്‍ മുറിച്ചു നട്ടിരുന്നു. ഇന്ന് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ കുരുമുളക് തണ്ടുകള്‍ വേരുപിടിപ്പിച്ച് ജൂണ്‍ മാസത്തില്‍ തന്നെ നടുന്നു. അവ പെട്ടെന്ന് വളര്‍ന്ന് സൃഷ്ടിക്കുന്നു. അതു പോലെ തന്നെ മറ്റുു വിളകളുടെ കൃഷിയിലും. എന്നിട്ടും ഞാറ്റുവേല എന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരണമോ?

ആധുനികകൃഷിക്കെതിരായ ആരോപണങ്ങളും യാഥാര്‍ത്ഥ്യവും

ഇനി ആധുനിക കൃഷിയെ കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കാം. ആധുനിക കാര്‍ഷിക സര്‍വ്വകലാശാലകള്‍ വന്നത് അത് തോട്ടം കൃഷി (ചായ, കാപ്പി. റബ്ബര്‍, നീലം) പ്രോത്സാഹിപ്പിക്കാനായിരുന്നു എന്നതാണ് പ്രധാന ആരോപണം. ഇന്ത്യയില്‍ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ വന്നതെപ്പോള്‍, എന്തിന് എന്ന് നോക്കാം. തളിപ്പറമ്പ് കരിമ്പത്തെ മാവിന്‍തോട്ടം 1905. നീലേശ്വരം തെങ്ങ് ഗവേഷണ തോട്ടം 1916. പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രം 1927. കോയമ്പത്തൂര്‍ കരിമ്പ് ഗവേഷണ കേന്ദ്രം 1912. ഗോതമ്പ്, നെല്ല് കൃഷി കള്‍ക്കായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് 1905. എല്ലാ വിളകളിലും ഗവേഷണം നടത്താന്‍ ആദ്യത്തെ അഞ്ച് കാര്‍ഷിക സര്‍വ്വകലാശാലകള്‍ 1905.

1880 മുതല്‍ മുതല്‍ 1900 വരെ വരെയുള്ള കാലങ്ങളില്‍ തുടര്‍ച്ചയായി വന്ന ക്ഷാമങ്ങളും പട്ടിണിമരണങ്ങളുമാണ് കാര്‍ഷികമേഖലയില്‍, പ്രത്യേകിച്ച് ധാന്യങ്ങളുടെ കാര്യത്തില്‍, കൂടുതല്‍ ഉല്പാദന വര്‍ധനയുണ്ടാക്കാന്‍ ഗവേഷണം വേണമെന്ന ചിന്തയിലേക്ക് ബ്രിട്ടീഷ് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത്. അല്ലാതെ കാപ്പി, ചായ, നീലം, റബ്ബര്‍ കൃഷികളില്‍ ഉല്‍പാദന വര്‍ദ്ധനവ് ഉണ്ടാക്കാനായിരുന്നില്ല. ആല്‍ബര്‍ട്ട് ഹോവാര്‍ഡ് കരിമ്പിലാണ് ഗവേഷണം നടത്തിയത്് എന്നതാണ് അടുത്ത ആരോപണം. അദ്ദേഹം IARI-ല്‍ ഗോതമ്പിലും എണ്ണക്കുരുക്കളിലും തക്കാളിയിലും പച്ചിലവള ചെടികളിലുമാണ് ഗവേഷണം നടത്തിയത്. പിന്നീട് മണ്ണ് ഗവേഷണത്തില്‍ ശ്രദ്ധചെലുത്തി. അദ്ദേഹം കരിമ്പ് കൃഷിയില്‍ ഗവേഷണം നടത്തിയിട്ടേയില്ല.

കൃഷിശാസ്ത്രം എല്ലാം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറവെച്ചു എന്നതാണ് അടുത്ത ആരോപണം. ഇന്ത്യയില്‍ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (icar) കീഴിലുള്ള 100 ഗവേഷണ കേന്ദ്രങ്ങളും 75 കാര്‍ഷിക അനുബന്ധ സര്‍വ്വകലാശാലകളും മറ്റനേകം സ്ഥാപനങ്ങളും കൃഷിക്കാരും കൃഷിവകുപ്പുകളും കൂടി പ്രവര്‍ത്തിച്ചാണ് കേവലം 50 ലക്ഷം ടണ്‍ മാത്രമുണ്ടായിരുന്ന ഭക്ഷ്യ ധാന്യോല്‍പ്പാദനം 265 ലക്ഷം ടണ്ണിലേക്കെത്തിച്ചത്. ഉല്‍പ്പാദനക്ഷമത കേവലം ഹെക്ടറിന് 600 കിലോഗ്രാമില്‍ നിന്ന് 3000 കിലോഗ്രാമായി വര്‍ദ്ധിച്ചതുകൊണ്ടാണ് ജനം രാജ്യത്തെ 100 ലക്ഷത്തോളം ഹെക്ടര്‍ വനഭൂമി അതിക്രമിച്ച് കയറി കൃഷി ചെയ്യാതിരിക്കുന്നത്. കാട് കാടായി നില നില്‍ക്കുന്നത് കൃഷിഭൂമിയില്‍ ആധുനികകൃഷി ചെയ്യുന്നതു കൊണ്ടാണ് എന്ന് മനസ്സിലാക്കണം.

പ്രാദേശിക സമൂഹങ്ങളുടെ നാട്ടുവിജ്ഞാനത്തിന് പ്രസക്തിയെക്കുറിച്ച് ലേഖകന്‍ വാചാലനാകുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല 2007ല്‍ ഒരു ഗവേഷണ പദ്ധതിയില്‍ കേരളത്തിലെ കാര്‍ഷിക നാട്ടറിവുകള്‍ ശേഖരിച്ചിരുന്നു. 2009-10ല്‍ ആസൂത്രണബോര്‍ഡിന്റെ സഹായത്തോടെ ഈ ലേഖകന്‍ അവയെ പരിശോധിച്ചു. അവയില്‍ അപൂര്‍വ്വം മാത്രമേ ഇന്നും പ്രസക്തമെന്ന് കൃഷിക്കാര്‍ കരുതുന്നുള്ളൂ എന്നാണ് കണ്ടെത്തിയത്. അവയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പല നാട്ടറിവുകളും അടിസ്ഥാനരഹിതമാണെന്ന് മനസ്സിലായി. അപൂര്‍വ്വം ചിലവ മാത്രമേ ഫലപ്രദമായി കണ്ടെത്തിയുള്ളൂ. ആധുനിക കൃഷിശാസ്ത്ര വിജ്ഞാനം കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് എത്രയോ മെച്ചപ്പട്ട പരിഹാരം നിര്‍ദേശിക്കുന്നു. അതേസമയം പരിസ്ഥിതിയെയും മനുഷ്യനെയും പരിഗണിക്കുകയും ചെയ്യുന്നു. അതിന്റെ മുന്നില്‍ പഴയ നാട്ടറിവുകള്‍ മിക്കതും ഇന്ന് അപ്രസക്തമാണ്. അതേസമയം ഫലപ്രദമായ നാട്ടറിവുകളോട് ആധുനിക കൃഷിക്ക് ഒട്ടും അയിത്തമില്ല. അവയെല്ലാം ഉള്‍ക്കൊണ്ടാണ് അത് മുന്നോട്ടുപോകുന്നത്.

കൃഷിയെ വ്യവസായമായി മാറ്റിത്തീര്‍ക്കുന്നുവെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. കൃഷിയുടെ വ്യത്യസ്ഥഘടകങ്ങളായ മണ്ണ്, വിള, സൂക്ഷ്മജീവിസഞ്ചയം, വിവിധ മൂലകങ്ങളുടെ അഭാവം, ആധിക്യം, ജലം തുടങ്ങിയ നിരവധി ഘടകങ്ങളെ കൃത്യമായി മനസ്സിലാക്കി നിയന്ത്രിച്ചാണ് ഏറ്റവും ഉയര്‍ന്ന വിളവ് കൃഷിക്കാരന് ഉറപ്പാക്കുന്നത്. കര്‍ഷകന് വരുമാനസുരക്ഷ ഉണ്ടാകുമ്പോഴാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉണ്ടാകുക. അതുകൊണ്ട് വ്യവസായം പോലെ കൃത്യതയോടെ കൃഷി കൊണ്ടുപോകാന്‍ സാധിച്ചാല്‍ മാത്രമേ കൃഷിയും കൃഷിക്കാരനും രക്ഷപ്പെടൂ. ഓപ്പണ്‍ പ്രിസിഷന്‍ ഫാമിങ്ങും പോളിഹൗസ് കൃഷിയും മറ്റും കൃഷിയെ കൂടുതല്‍ കൃത്യതയോടെ ചെയ്യുന്നതു കൊണ്ടാണ് അനശ്ചിതത്വം കുറച്ച് കൃഷി ലാഭകരമാക്കുന്നത്. കൃഷിയെ വളരെ ഉദാത്തവും കാല്‍പ്പനികവുമായി കണ്ടാല്‍ കാര്യം നടക്കില്ല. പരുപരുത്ത യാഥാര്‍ത്ഥ്യമാണ് കൃഷിക്കാരന് കൃഷി. പരാന്നഭോജികള്‍ക്ക് അതുപറഞ്ഞാല്‍ മനസ്സിലാകില്ല. അങ്ങനെ കൂടുതല്‍ കൃത്യത വരുത്തുക വഴിയാണ് ഒരു കാലത്ത് അരിക്കും ഗോതമ്പിനും വേണ്ടി പിച്ച തെണ്ടിയിരുന്ന ഒരു രാജ്യം ഇന്ന് കാര്‍ഷികോല്‍പ്പാദനത്തില്‍ 402 ബില്യന്‍ ഡോളറിന്റെ മൂല്യവുമായി ലോകത്ത് രണ്ടാം സ്ഥാനത്ത് എത്തിയത്.

ഇനിയുള്ളത് സ്ഥിരം ആരോപണം. മണ്ണ് പോഷകരഹിതമായി, മണ്ണിലെ ബാക്ടീരിയ നശിച്ചു, സര്‍വ്വജനങ്ങള്‍ക്കും കാന്‍സര്‍ ബാധ, ആര്‍ക്കും മരുന്നില്ലാതെ ജീവിക്കാനാകില്ല………… മണ്ണ് പോഷകരഹിതമായോ എന്നു നോക്കാം. പണ്ടുകാലത്ത് പാടങ്ങളില്‍ നിരവധി മരങ്ങളുടെ പച്ചിലവളങ്ങളും ചാരവും ചാണകവും ധാരാളമായി ഇടുമായിരുന്നു. മനുഷ്യര്‍ വിസര്‍ജ്ജിച്ചിരുന്നതും പാടങ്ങളിലായിരുന്നു. (വെളിക്കിറങ്ങല്‍). അങ്ങനെ പോഷക ചംക്രമണം ഏതാണ്ട് നൂറു ശതമാനത്തിലധികമായിരുന്നു. (അധികവും മരങ്ങളുടെ പച്ചില). അന്നു ലഭിച്ചിരുന്ന വിളവോ 600-1000 കിലോഗ്രാം മാത്രം. ക്രമേണ മരങ്ങള്‍ നിറഞ്ഞ തൊടികള്‍ റബ്ബര്‍ തോട്ടങ്ങളായി. പച്ചിലവളം ഇല്ലാതായി. ചാരം ഇല്ലാതായി. ചാണകവും കുറഞ്ഞു. പകരം രാസവളം മാത്രമായി. വിളവോ, ഹെക്ടറിന് 2500-3000 കിലോഗ്രാം ആയി. അങ്ങനെ കുറെകാലം കഴിഞ്ഞപ്പോള്‍ പാടത്തിന്റെ ഫലപുഷ്ടി കുറഞ്ഞുവന്നുവെന്നത് സ്വാഭാവികം. കുമ്മായം ഉപയോഗിക്കാത്തതിനാല്‍ അമ്ലത കൂടി. ചെടികളുടെ ആരോഗ്യം കുറഞ്ഞു. രോഗാതുരത കൂടി. അത് രാസവളങ്ങളിട്ട് ഏകവിളാകൃഷി ചെയ്തതുകൊണ്ടല്ല. ജൈവവളങ്ങളും കുമ്മായവും ചാരവും ഇടാത്തതിനാലാണ്. കൃത്യമായി വളം ചെയ്യുന്ന മണ്ണില്‍ നിന്നും ഇന്നും ഏറ്റവും കൂടുതല്‍ വിളവുലഭിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍പാട ശേഖരത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം ലഭിച്ച ശരാശരി വിളവ് ഹെക്ടറിന് 10 ടണ്ണായിരുന്നു. ഗോതമ്പില്‍ പഞ്ചാബിന്റെ ഉല്‍പ്പാദനക്ഷമത ലോകത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. ഇപ്പോഴും സുസ്ഥിരവും അക്ഷയവുമായ കൃഷിയുണ്ടാക്കാനാണ് കാര്‍ഷികശാസ്ത്രം ശ്രമിക്കുന്നത്.

മണ്ണിലെ ബാക്ടീരിയ നശിച്ചുവെന്നൊക്കെ പറയുന്നത് തെളിവുകളുടെ പിന്‍ബലമില്ലാതെ വെറും പുലമ്പല്‍മാത്രം. ഇത്രകാലം ആന്റിബയോട്ടിക്കുകള്‍ കഴിച്ചിട്ടും ഏതെങ്കിലും ഒരു ബാക്ടീരിയാ രോഗാണുവിന്റെ വംശനാശം വരുത്താന്‍ കഴിഞ്ഞിട്ടില്ല. മറിച്ച് അവക്ക് പ്രതിരോധം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പിന്നല്ലേ രാസവളമിട്ട് ബാക്ടീരിയക്ക് വംശനാശം വരുന്നത്. പറയുന്നതിന് എന്തെങ്കിലുമൊക്കെ അടിസ്ഥാനം വേണം.

1911ലെ സെന്‍സസ് പ്രകാരം തിരുവിതാംകൂറിലെ ജനങ്ങളുടെ ശരാശരി ആയുസ്സ് കേവലം 25 വയസ്സായിരുന്നു. എന്നാല്‍ 2011ല്‍ അതായത് 100 വര്‍ഷത്തിനേേുശഷം അത് 75 വയസ്സാണ്. നൂറുകൊല്ലത്തെ കാലയളവിനുള്ളില്‍ 50 വര്‍ഷമാണ് ശരാശരി ആയുസ്സ് നീട്ടിക്കിട്ടിയത് എന്നു മനസ്സിലാക്കണം. പണ്ട് 55 വയസ്സില്‍ വന്നിരുന്ന വാര്‍ദ്ധക്യം ഇന്ന് 75-ാം വയസ്സിലാണ് വരുന്നത്. അതായത് യൗവനം 10-15 വര്‍ഷമാണ് നീട്ടിക്കിട്ടിയത്. കേരളസമൂഹത്തില്‍ 60 വയസ്സിനു മുകല്‍ലുള്ളവരുടെ ശതമാനം 13.5 ആണ്. പ്രായമുള്ളവര്‍ കൂടുന്ന സമൂഹത്തില്‍ രോഗങ്ങള്‍ കൂടുന്നത് സ്വാഭാവികം മാത്രം. കാന്‍സറും പ്രായവും തമ്മില്‍ ഏറ്റവും അടുത്ത ബന്ധമാണുള്ളത്. വികസിത സമൂഹമായ ഓസ്ട്രേലിയയില്‍ ഒരുലക്ഷം പേരില്‍ 468 പേര്‍ക്കാണ് കാന്‍സര്‍. അവിടത്തെ ആയുര്‍ദൈര്‍ഘ്യം 84 ആണ്. അമേരിക്കയിലിത് 352ഉം ന്യൂസിലന്റില്‍ 438ഉം ആയിരിക്കുമ്പോള്‍ 70 ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ഇന്ത്യയില്‍ 98 മാത്രം. കേരളത്തില്‍ 125. അതായത് നമ്മുടെ സമൂഹത്തിലെ കാന്‍സര്‍ നിരക്ക് വികസിത സമൂഹങ്ങളെ അപേക്ഷിച്ച് കുറവാണ്. മറ്റു ചില രാജ്യങ്ങളിലെ കാന്‍സര്‍ നിരക്കും ആയുര്‍ ദൈര്‍ഘ്യവും ഇങ്ങനെയാണ്. അയര്‍ലന്റ് (374, 83), ഹംഗറി (368, 77), യു എസ് എ (352, 82), ബല്‍ജിയം (346, 82), ഫ്രാന്‍സ് (344, 83). (അവലംബം – WHO, IARC, GLOBOSCAN 2018)

ഇനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ കാന്‍സര്‍ നിരക്കുകള്‍ നോക്കാം. മിസോറാം – 186.5, മേഘാലയ – 153.3, ഡല്‍ഹി – 148.6, അരുണാചല്‍ – 145.6, ഹരിയാന – 139.1, ആസാം – 134.4, കേരളം – 125.4, പഞ്ചാബ് 97.5 (അവലംബം – Burden of Cancer and their variations across India. The Global burden of disease study 1990-2016)

എന്തുകൊണ്ടാണ് കാര്യമായ കൃഷിയൊന്നുമില്ലാത്ത മിസോറാമിലും അരുണാചലിലും മേഘാലയത്തിലും പഞ്ചാബിനേക്കാള്‍ ഉയര്‍ന്ന കാന്‍സര്‍ നിരക്ക്? മദ്യത്തിന്റേയും പുകയിലയുടേയും ഉയര്‍ന്ന ഉപയോഗമാണതിനു കാരണം. അതേസമയം ഹരിതവിപ്ലവത്തിന്റെ കളിത്തൊട്ടിലായ പഞ്ചാബില്‍ ഇന്ത്യന്‍ ശരാശരിക്കു തുല്ല്യമായേ കാന്‍സര്‍ നിരക്കുള്ളൂ. കാന്‍സര്‍ ഗവേഷണത്തിനുള്ള അന്താരാഷ്ട്ര ഏജന്‍സി (International Agency for Research on Cancer IARC) കാന്‍സര്‍കാരികളെന്ന് തെളിഞ്ഞതായി പട്ടികപ്പെടുത്തിയ 120 വസ്തുക്കളില്‍ ലിന്‍ഡേന്‍ എന്ന കീടനാശിനി മാത്രമേയുള്ളു. ലിന്‍ഡേന്‍ 1990കളില്‍ കാര്‍ഷികാവശ്യത്തിനായി ഇന്ത്യയില്‍ നിരോധിച്ചതുമാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന Metronidazole എന്ന മരുന്ന് മൃഗങ്ങളില്‍ കാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതാണ്. പക്ഷെ, ഗുണം ദോഷത്തേക്കാളേറെയാണെങ്കില്‍, മറ്റു ബദലുകളില്ലെങ്കില്‍ ്ത് ഉപയോഗിക്കപ്പെടും.

അതുകൊണ്ട് പ്രിയപ്പെട്ട അശോക് കുമാര്‍, തെളിവധിഷ്ഠിതമായി എഴുതുന്ന ഒരു സമ്പ്രദായം കൊണ്ടുവന്നാല്‍ താങ്കള്‍ക്ക് നന്ന്. പുരാതനകൃഷി, ഞാറ്റുവേല, എന്നൊക്കെ പറഞ്ഞ് പഴമയില്‍ അഭിരമിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ‘Those were the days, those past, by gone golden days’ എന്ന് ചാള്‍സ് ഡിക്കന്‍സ് Tale of Two cities എന്ന നോവലില്‍ പറയുന്നപോലെ. ഒരല്‍പ്പം നെഞ്ചുവേദന വന്നാല്‍ ലേറ്റസ്റ്റ് ചികിത്സ കിട്ടണം, പക്ഷെ കൃഷി മാത്രം അതിപുരാതനമായി തുടരണം എന്നാണ് താങ്കളെ പോലുള്ളവരുടെ ആഗ്രഹം. എന്നാല്‍ കൃഷി കൊണ്ടു ജീവിക്കുന്ന ഒരു സാധാരണക്കാരന് അതിനു സാധിക്കില്ല,

also read

വരവേല്‍ക്കണോ തിരുവാതിര ഞാറ്റുവേലയെ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply