വേണ്ടത് രാമന്റെ പൂര്‍ണ്ണമായ നിരാസമല്ല.

ഇന്നു നടക്കുന്ന സംഘട്ടനം രാമനും രാവണനും തമ്മിലല്ല. ഗാന്ധിയുടെ രാമനും ആര്‍.എസ്.എസിന്റെ രാമനും തമ്മിലാണ്. ഗാന്ധിജിയുടെ രാമന്‍ സഹവര്‍ത്തിത്തത്തിന്റെയും സത്യ, ധര്‍മ്മാദികളുടെയും പ്രജാക്ഷേമ ഭരണത്തിന്റെയും അനാസക്തിയുടെയും ബിംബമാണ്. സംഘപരിവാറിന്റെ രാമന്‍ വിദ്വേഷത്തിന്റെയും ആക്രമോത്സുകതയുടെയും ആസക്തിയുടെയും വിലാസ ജീവിതത്തിന്റെയും അധികാര വെട്ടിപ്പിടുത്തത്തിന്റെയും രാക്ഷസ ഭാവമാണുള്ളത്.

രാമായണം ഒരു പാട് വ്യാഖ്യാനങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള മഹാകാവ്യമാണ്. അത് രചിച്ച വാത്മീകി രാമായണത്തില്‍ നിന്ന് നിരൂപിക്കാന്‍ കഴിയുന്നതു പോലെ ഒരു ആദിവാസി മഹര്‍ഷിയായിരുന്നിരിക്കാം. ബ്രാഹ്മണിക ജാതി വ്യവസ്ഥ ആരംഭിക്കുന്നതിനു മുമ്പ് ജ്ഞാനസമ്പാദനത്തില്‍ ഏവര്‍ക്കും അഭിഗമ്യത ഉണ്ടായിരുന്ന കാലത്ത് വാത്മീകി മഹര്‍ഷിയെ പോലുള്ളവര്‍ക്ക് രാമായണ രചന വൈഷമ്യമുള്ള ഒന്നായിരിക്കില്ല. വാത്മീകികള്‍ ഇന്ന് പട്ടികജാതിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ജാതി വിഭാഗമാണ്. വാത്മീകി ജയന്തി ഇന്നും അവര്‍ ആചാരപരമായി തന്നെ കൊണ്ടാടുന്നുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടെ മൂല കര്‍ത്താക്കള്‍ വാത്മീകി ആയാലും വ്യാസനായാലും പില്‍ക്കാലത്ത് ഉണ്ടായ വര്‍ണനിയമമനുസരിച്ച് ശൂദ്ര, പഞ്ചമവിഭാഗങ്ങളില്‍പ്പെട്ടവരായി കണക്കാക്കപ്പെടേണ്ടവരാണ്. അതായത് ഭാരതീയ പാരമ്പര്യത്തിന്റെ അടിസ്ഥാന ശിലയിടുന്നതില്‍ പില്‍ക്കാല ഇന്ത്യയിലെ ജാതി ശ്രേണിയില്‍പ്പെട്ട എല്ലാവര്‍ക്കും പങ്കുണ്ടെന്നത് നിശ്ചയമാണ്.

ഒരു ഉത്തമനായ പുരുഷന്റെ / രാജാവിന്റെ ഗുണങ്ങള്‍ എന്തായിരിക്കണം എന്നതാണ് രാമായണത്തിന്റെ കേന്ദ്ര പ്രമേയം. രാമായണ രചന നിര്‍വ്വഹിച്ച ശേഷം സ്ത്രീയെ (സീതയെ) ശക്തിയുടെ മുഖ്യ സ്ഥാനത്ത് നിര്‍ത്തി വാത്മീകി അത്യുത്തര രാമായണം എഴുതിയിട്ടുണ്ട്. ഒരു പക്ഷേ വാത്മീകിക്കും മുമ്പ് രാമായണങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. നാരദനാണ് വാത്മീകിയോട് രാമന്റെ കഥ പറഞ്ഞത് എന്നാണ് വാത്മീകി രാമായണത്തില്‍ നിന്നു തന്നെ വ്യക്തമാകുന്നത്. ഉത്തരേന്ത്യയിലെ ചില ആദിവാസികള്‍ക്കിടയില്‍ അതിനും മുമ്പ് രാമകഥ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഇന്നത്തെ ഇന്ത്യക്കു പുറത്തും രാമായണ കഥ മുമ്പ് തന്നെ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയെങ്കില്‍ വാത്മീകി അദ്ദേഹത്തിന്റെ ഭാവനയില്‍ മറ്റൊരു രാമായണത്തെ ഒരു പക്ഷേ നാരദന്‍ പറഞ്ഞ പ്രകാരം സൃഷ്ടിച്ചതാകാം. ദേശത്തിനും കാലത്തിനും അതാത് സമയത്തെ നീതിബോധത്തിനും അധികാര വ്യവസ്ഥക്കും അനുസൃതമായിട്ടായിരിക്കും പലരാമായണങ്ങള്‍ ഉണ്ടായിട്ടുള്ളത്. അതാത്കാലത്ത് സമൂഹത്തിലെ പ്രബലരായിരുന്നവരുടെ കഥകള്‍ക്ക് മേല്‍ സ്ഥാനം കിട്ടത്തക്കവിധത്തില്‍ ഭേദങ്ങള്‍ ഉണ്ടാവുക സ്വാഭാവികവുമാണ്.

ഇന്ന് വ്യാപകമായി രാമായണ വായനക്കായി അവലംബിക്കപ്പെടുന്ന രാമായണങ്ങള്‍ ഭക്തി പ്രസ്ഥാനകാലത്ത് രൂപം കൊണ്ട തുളസീദാസിന്റെ രാമചരിത മാനസം പോലുള്ള രാമായണങ്ങളാണ്. ഭക്തി പ്രസ്ഥാനം ജാതിയെ ദുര്‍ബ്ബലപ്പെടുത്തുന്നതിന് സഹായിച്ചിരുന്ന ഒന്നായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എഴുത്തച്ഛന്റെ അധ്യാത്മ രാമായണവും അതിന്റെ ഭാഗമായിട്ടുള്ളതാണ്. വൈഷ്ണമതത്തിന്റെ സ്വാധീനം ഭക്തി രാമായണങ്ങളില്‍ കാണാം. വിഷ്ണുവിന്റെ അവതാരോദ്ദേശ്യമായി രാമന്‍ അവതരിപ്പിക്കപ്പെടുന്നു. രാമന്റെ അങ്ങേയറ്റത്തെ ദൈവവല്‍കരണമാണ് തുളസീദാസ, എഴുത്തച്ഛ രാമായണങ്ങളില്‍ കാണുന്നത്. വൈഷ്ണവ മതം ശക്തമായിരുന്ന സമയങ്ങളിലായിരിക്കണം അത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ശിവ പാര്‍വ്വതി സംവാദമായിട്ടാണ് രാമായണത്തെ അവതരിപ്പിക്കുന്നത്. ശിവ പാര്‍വ്വതിമാര്‍ രാമ / വിഷ്ണു സ്തുതി നടത്തുന്നതും കാണാം. ഇവിടെ ശൈവ ആരാധനക്കു മേല്‍ വൈഷ്ണവ ആരാധന കെട്ടിയേല്‍പ്പിക്കപ്പെട്ടു എന്ന തരത്തിലുള്ള വ്യാഖ്യാനത്തിന് ഇടം നല്‍കാമെങ്കിലും ശൈവ വൈഷ്ണമതങ്ങള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിട്ടില്ലാത്ത കേരളം പോലുള്ള പ്രദേശങ്ങളില്‍ അവ തമ്മിലുണ്ടായിരുന്ന സഹവര്‍ത്തിത്വത്തിന്റെ നിദാനവുമാകാം. പില്‍ക്കാലത്ത് പ്രബലമായ വൈഷ്ണവ മതം ശൈവ വിശ്വാസത്തെ ഉള്‍ക്കൊണ്ടതിന്റെ അടയാളമായും വ്യാഖ്യാനിക്കാവുന്നതാണ്. ജനങ്ങള്‍ ഉത്തമനായി കണ്ടിരുന്ന രാജാവായ രാമന്‍ പിന്നീട് അവരുടെ വാമൊഴികളില്‍ ദൈവത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടവനുമാകാം.വീരരായവരെ ദൈവമായി കാണുന്നത് ഈ ഡിജിറ്റല്‍ യുഗത്തിലും ഇന്ത്യക്ക് അന്യമല്ലല്ലോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥ ദൈവസൃഷ്ടമാണെന്ന് സ്ഥാപിക്കുന്നതിന് രാമനെന്ന പാത്രത്തെ ദൈവീക പദവിയില്‍ പ്രതിഷ്ഠിക്കേണ്ടുന്നതിന്റെ ആവശ്യത്തിന്റെ ഭാഗവുമാകാം രാമനിലെ വിഷ്ണു അവതാരം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇറാന്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലായി നിരവധി രാമായണങ്ങള്‍ ഉണ്ട്. കേരളത്തില്‍ തന്നെ വയനാട്ടിലെ അടിയ ആദിവാസി വിഭാഗത്തിനിടയില്‍ അടിയ രാമായണം, മലബാറിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അറബി മലയാളത്തില്‍ പാട്ടു രൂപത്തിലുള്ള മാപ്പിള രാമായണം, തുളുനാട്ടിലെ തുളു രാമായണം. ആഖ്യാനത്തില്‍ അവരവരുടെ ജീവിത പരിസരങ്ങളില്‍ നിന്ന് രൂപപ്പെട്ടിട്ടുള്ളതാണ് അതാത് രാമായണങ്ങള്‍ . ചിലതില്‍ രാമന്‍ നായകനാകുമ്പോള്‍ മറ്റു ചിലതില്‍ രാവണനും ഹനുമാനും നായകരാണ്. ഉത്തരേന്ത്യയിലെ ചില ആദിവാസികള്‍ക്കിടയിലുള്ള രാമായണങ്ങളില്‍ രാമന്‍ പ്രതിനായകസ്ഥാനത്താണ്. ചിലതില്‍ സീത രാവണന്റെ പുത്രിയാണ്. അത്യുത്തര രാമായണത്തില്‍ രാവണന്റെ മകളാണ് സീത എന്നതിലേക്ക് നയിക്കാവുന്ന കഥാംശങ്ങളുണ്ട്. അങ്ങിനെ ഒരു പാട് വൈവിദ്ധ്യമായ രാമായണങ്ങള്‍ ഉണ്ട്. അതേ സമയം രാമനും സീതയും ഹനുമാനും സാര്‍വ്വത്രികമായി ദേശ വ്യത്യാസമില്ലാതെ കഥകള്‍ വ്യത്യസ്തമാകുമ്പോഴും ജനങ്ങളുടെ മനസ്സില്‍ കുടിയിരുന്നുവെന്ന് കാണാം. Ramayana is a great poem that hides many interpretations. Apart from India, there are many Ramayanas in many countries like Iran, Indonesia and Malaysia. In Kerala itself, there are many Ramayanas such as Adiya Ramayana among the Adiya tribals of Wayanad, Mappila Ramayana in song form in Arabic Malayalam among the Muslims of Malabar, and Tulu Ramayana in Tulunadu.

രാമായണത്തിന്റെ ആധുനിക വായനയില്‍ രാമന്റെ പ്രധാന കളങ്കമായി കാണിക്കപ്പെടുന്നത് ശംബുകവധം, ബാലിവധം, സീതാ പരിത്യാഗം എന്നിവയാണ്. രാമായണത്തെ വിവിധ കോണുകളില്‍ നിന്ന് സമീപിക്കുന്നതു പോലെ രാമനെയും പലരും പല രീതിയില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗാന്ധിജി രാമനെ സത്യസന്ധനും പ്രജാക്ഷേമതല്‍പരനുമായ രാജാവായിട്ടാണ് കണ്ടിട്ടുള്ളത്. രാമന്‍ നിയമത്താല്‍ പരിമിതപ്പെടുത്തപ്പെട്ടവനാണ്. രാമ , കൃഷ്ണ, ശിവ പാത്ര സൃഷ്ടികളെ അപഗ്രഥിച്ച ഡോ. ലോഹ്യ ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടുണ്ട്. വസിഷ്ഠനാല്‍ നിര്‍മ്മിതമായ നിയമങ്ങളുടെ തടവുകാരനാണ് രാമന്‍ എന്നു പറയാം. ഒരു ഭരണാധികാരിയുടെ ചുമതല വ്യവസ്ഥകളുടെ സംരക്ഷണമാണ്. വ്യവസ്ഥ രൂപപ്പെടുത്തുന്നത് വര്‍ണ്ണ വ്യവസ്ഥയില്‍ ബ്രാഹ്മണനും ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുമാണ്. ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ നിര്‍മ്മിച്ച ഭരണഘടനയെയും പൗരസമൂഹത്തിന്റെ ഭൂരിപക്ഷ ഹിതത്തെയും ലംഘിച്ച് ഭരണം നടത്തുന്നവര്‍ക്ക് ഭാരതീയ പൈതൃക രാമന്റെ അനുയായി വേഷം ചേരുന്നതല്ല. അക്കാലത്തെ ഭരണാധികാരി എന്ന നിലയില്‍ വര്‍ണവ്യവസ്ഥയുടെ നിയമപരമായ സംരക്ഷകനെന്ന രീതിയിലാണ് ഉത്തരകാണ്ഡത്തിലെ ശംബൂകനെ വധിക്കുന്ന രാമനെ വായിക്കാന്‍ കഴിയുക. ഇത് മൂലകൃതിയില്‍ ഉണ്ടായിരുന്നില്ലെന്നും വളരെക്കാലങ്ങള്‍ക്കു ശേഷം കൂട്ടിച്ചേര്‍ത്തതാകാമെന്നുമാണ് മിക്ക രാമായണ ഗവേഷകരും അഭിപ്രായപ്പെട്ടത്. ഒരു പക്ഷേ ബ്രാഹ്മണിക വ്യവസ്ഥ ശക്തിപ്പെട്ട കാലത്ത് ശൂദ്രരുടെ ജ്ഞാനസമ്പാദനം തടയുന്നതിന് ദൈവഹിതമുണ്ടെന്ന ബോധ്യം ഉറപ്പിക്കുന്നതിന് ഈ ഭാഗം കൂട്ടിചേര്‍ക്കപ്പെട്ടതാകാം. എങ്കിലും ഇപ്പോള്‍ പ്രചരിക്കപ്പെടുന്ന രാമായണത്തില്‍ നിയമവ്യവസ്ഥയുടെ സംരക്ഷകനായ രാമനെക്കൊണ്ട് വസിഷ്ഠനാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന നിയമ വ്യവസ്ഥ, വ്യവസ്ഥാ ലംഘനം നടത്തിയ ശൂദ്രനായ ശംബൂകനെ കൊല്ലിക്കുകയായിരുന്നുവെന്ന് കരുതാം. വൈദിക മതത്തിന്റെ ദേവനായ അഗ്‌നി ശംബുക വധത്തില്‍ രാമനെ പ്രകീര്‍ത്തിക്കുന്നത് കാണാം. വര്‍ണ വ്യവസ്ഥയുടെ നിര്‍ണയങ്ങളെ വെല്ലുവിളിച്ച വിപ്ലവകാരിയുമായിരിക്കാം ശംബൂക മഹര്‍ഷി. ഇത്തരത്തിലുള്ള കലാപങ്ങളില്‍ ബ്രാഹ്മണിക മേധാവിത്തം ശംബൂക മഹര്‍ഷിയെ കൊന്ന് അവരുടെ പ്രമത്തത സ്ഥാപിച്ചെടുക്കുകയാണെന്നും ഭാരതീയ ചരിത്ര അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിരൂപിക്കുകയും ചെയ്യാവുന്നതാണ്. ഇക്കാര്യത്തില്‍ രാമനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് വഴി നിയമ സ്രഷ്ടാക്കളായ വസിഷ്ഠനും ബ്രാഹ്മണിക വ്യവസ്ഥയും പോറലേല്‍ക്കാതെ രക്ഷപ്പെടുകയാണ് എന്ന വശം കാണാതെ പോകരുത്.

ബാലി വധത്തിനു പിന്നിലെ നീതിശാസ്ത്രം അനുജന്റെ ഭാര്യയെ വേട്ടുവെന്നതാണ്. സീതയുടെ പരിത്യാഗത്തിലാവട്ടെ ജനങ്ങളുടെ സംശയത്തിനതീതമാകണം ഭരണാധികാരി എന്ന നീതിബോധവും. ബാലി രാമന്റെ അടുത്ത സുഹൃത്താണ്. രാമന്‍ തന്റെ കൂടെ മാത്രമെ നില്‍ക്കുകയുള്ളൂവെന്ന ആത്മവിശ്വാസം ബാലി സുഗ്രീവനോടുള്ള സംഭാഷണത്തില്‍ പ്രകടിപ്പിക്കുന്നത് ഈ ബന്ധത്തിന്റെ ദൃഢതയില്‍ വിശ്വസിച്ചതുകൊണ്ടാണ്. പക്ഷേ രാമന് നിയമം നടപ്പാക്കാന്‍ സുഹൃത് ബന്ധം തടസ്സമായില്ല. വാത്മീകി രാമായണത്തിലൂടെ ഏക ഭാര്യ ഏക ഭര്‍തൃ സങ്കല്പത്തെ സാമൂഹിക ഘടനയുടെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. അക്കാലത്ത് ബഹു പങ്കാളിത്ത വ്യവസ്ഥയും സഹോദരന്റെ മരണശേഷം സഹോദരപത്‌നിയെ ഭാര്യയാക്കുന്ന സമ്പ്രദായവും സാമൂഹിക ജീര്‍ണതക്ക് ഇടയാക്കിയിരുന്നിരിക്കാം. രാമന്റെ രാജപദവി നഷ്ടം, ദശരഥന്റെ മരണം, ഭരതന്റെ മാതൃ ശകാരം എന്നിവയുടെയൊക്കെ കാരണത്തിന് ബഹുഭാര്യാ സമ്പ്രദായത്തെ വാത്മീകി പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. ജ്യേഷ്ഠ പത്‌നി സ്വന്തം അമ്മക്ക് തുല്യമാണ് എന്ന് ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്ന സുമിത്രയെ രാമായണത്തില്‍ കാണുന്നുണ്ടല്ലോ. ബാലിയുടെ വധം യുദ്ധ മര്യാദകള്‍ക്കെതിരായിട്ടു കൂടി രാമന്‍ നടത്തുന്നത്, തന്നെ ഗുഹയിലടച്ച് ജ്യേഷ്ഠന്‍ ഭാര്യയെ സ്വന്തമാക്കിയെന്ന സുഗ്രീവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണല്ലോ.

സീത രാമന് ഏറ്റവും പ്രിയപ്പെട്ടവളാണ്. ഭാര്യയെ സ്‌നേഹിക്കുക മാത്രമല്ല ബഹുമാനിക്കുകയും ചെയ്യുന്ന ഭര്‍ത്താവായിട്ടാണ് രാമന്‍ പ്രത്യക്ഷപ്പെടുന്നത്. രാമന് സീതയോട് അസൂയയും തോന്നിയിരിക്കാം. രാമന്‍ ത്രയംബകം കുലച്ചത് കൗമാരകാലത്താണ് . എന്നാല്‍ സീത ബാല്യകാല കേളികള്‍ ക്കിടയില്‍ അനായാസമായി യാതൊരു മുന്നൊരുക്കവുമില്ലാതെ ത്രയംബകം പ്രയോഗിച്ചിട്ടുണ്ട്. രാവണ വധത്തിനു ശേഷം രാമനെ പ്രകീര്‍ത്തിക്കുന്ന ചടങ്ങില്‍ സഹസ്ര മുഖനെ വധിച്ചാല്‍ മാത്രമെ രാമന്റെ വീര്യത്തെ അംഗീകരിക്കുകയുള്ളൂവെന്ന് സീത പറയുന്നുണ്ട്. അത്യുത്തര രാമായണത്തിലെ കഥാംശമനുസരിച്ച് സഹസ്ര മുഖനുമായുള്ള ഘോരയുദ്ധത്തില്‍ രാമനും സംഘവും അമ്പേ പരാജയപ്പെടുന്നുണ്ട്. സഹസ്രമുഖന്റെ ബാണമേറ്റ് രാമന്‍ കൊല്ലപ്പെടുകയും നേരിട്ടുള്ള യുദ്ധത്തില്‍ സീത സഹസ്രമുഖനെ വധിക്കുകയും രാമനെ ജീവിപ്പിക്കുകയുമാണ് ഉണ്ടായത്.

എഴുത്തച്ഛന്റെ തൂലികയില്‍ സീത രാമന്റെ പാദം നോക്കി മാത്രം ജീവിക്കുന്നവളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. സീതയെ ഉപേക്ഷിക്കുന്നതിന് രാമന്‍ നിര്‍ബന്ധിതനാകുന്നത് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. സീതയില്‍ ആരോപിക്കപ്പെട്ട കുറ്റം സീത രാമനെ കൂടാതെ രാവണനെ മനസ്സുകൊണ്ട് വരിച്ചുവെന്നതാണ്. സീതയുടെ പാതിവ്രത്യവും സംശയിക്കപ്പെട്ടു. രാമന്‍നിലകൊണ്ട ഏക പങ്കാളി സമ്പ്രദായത്തില്‍ നിന്ന് സീത വ്യതിചലിച്ചെന്ന ആരോപണവും പ്രജകളുടെ താല്‍പര്യത്തിനു വഴങ്ങണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന രാമനു മുന്നില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. സീത അതേ സമയം ഏക ഭര്‍തൃശപഥത്തില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ ഭാര്യയുടെ മേല്‍ ഭര്‍ത്താവിനുള്ള മേധാവിത്തത്തെ അക്കാലത്തിന്റെ നീതിബോധത്തിനനുസരിച്ച് ചോദ്യം ചെയ്യുന്നതിന്റെ പ്രതീകമായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്.

രാമായണത്തിലെ ദുര്‍ബലനായ പാത്രം രാമനായിരിക്കും. എന്നാല്‍ രാമന്‍ സ്‌നേഹനിധിയാണ്. യഥാര്‍ത്ഥ പിതാവ് ആരെന്ന് രാമന് അറിയില്ല. വളര്‍ത്തച്ഛനായ ദശരഥനെ പുത്രന്റെ എല്ലാ സ്‌നേഹവായ്പുകളോടെയും രാമന്‍ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. രാമായണം ചില മൂല്യങ്ങള്‍, അക്കാലത്തെ നീതിബോധത്തിനനുസരിച്ചുള്ള, പ്രസരിപ്പിക്കുന്നുണ്ട്. പിതാവ് -മക്കള്‍ ബന്ധം, സഹോദര ബന്ധം, ജ്യേഷ്ഠ ഭാര്യയെ അമ്മയ്ക്കു തുല്യമായി കാണല്‍ തുടങ്ങിയ രാമായണ മൂല്യങ്ങള്‍ ഭാരതീയരെ ഒരളവ് വരെ സ്വാധീനിച്ചിട്ടുണ്ടെന്നും കാണാവുന്നതാണ്. ഒരു പക്ഷേ അക്കാലത്ത് ഉണ്ടായിരുന്ന ബന്ധങ്ങളിലെ അനഭിലഷണീയമായിട്ടുള്ള കാര്യങ്ങളിലെ തിരുത്തല്‍ കൂടി ആയിരിക്കാം വാത്മീകി രാമന്റെ ജീവിതത്തെ മുന്‍നിര്‍ത്തി പറയാന്‍ ആഗ്രഹിച്ചത്. യൗവ്വന യുക്തനായ രാമന്റെ കാമ സ്പര്‍ശമേറ്റായിരിക്കണമല്ലോ അഹല്യ സ്ത്രീയുടെ വികാരവിചാരങ്ങള്‍ തിരിച്ചെടുക്കപ്പെട്ട ജഢാവസ്ഥയില്‍ നിന്നും കാമനകളുള്ള സ്ത്രീയായി പുനര്‍ജനിച്ചിട്ടുണ്ടാകുക. ചുരുങ്ങിയ പക്ഷം അഹല്യയെങ്കിലും രാമന്റെ സ്പര്‍ശത്തിലെ കാമത്തെ തിരിച്ചറിഞ്ഞിരിക്കണം. അതിനപ്പുറത്തേക്ക് രാമനിലെ കാമുകനെ വളരാന്‍ വാത്മീകി അനുവദിക്കാത്തതിന്റെയും കാരണം സ്വന്തം പത്‌നിയെക്കൂടാതെ മറ്റൊരു സ്ത്രീ മനസ്സില്‍ പോലും അതിനു തുല്യമായ സ്ഥാനത്ത് പാടില്ലെന്ന നിഷ്‌കര്‍ഷ കൊണ്ടായിരിക്കാം.

രാമന്റെ അവതാരോദ്ദേശ്യം രാവണ നിഗ്രഹമാണ്. ക്ഷത്രീയനും വില്ലാളിവീരനുമായ രാമന് രാവണന്റെ പുത്രനായ മേഘനാദനില്‍ നിന്നു പോലും കഠിനമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. മേഘനാദനും രാവണനും കൊല്ലപ്പെട്ടപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും പുഷ്പവൃഷ്ടിയുണ്ടായി. എന്നാല്‍ അത്തരമൊരു വീര മരണം രാമന് നിഷേധിക്കപ്പെട്ടു. അന്ത്യ നിമിഷങ്ങളില്‍ പത്‌നിയും മക്കളും മാത്രമല്ല അവരെക്കാള്‍ രാമന്‍ വില കല്പിച്ചിരുന്ന പ്രജകളും രാമനെ കൈവിട്ടു. സരയുവിന്റെ ആഴപ്പരപ്പ് രാമനെ ഏറ്റുവാങ്ങുമ്പോള്‍ രാമന്‍ എത്ര മാത്രം വ്രണിത ഹൃദയനായിരുന്നിരിക്കണം. രാമന്‍ ശരിക്കും സഹതാപം അര്‍ഹിക്കുന്നുണ്ട്. എല്ലാറ്റിന്റെയും പഴി ഏറ്റുവാങ്ങേണ്ടി വന്നു രാമന്, സത്യസന്ധനും നിയമ നിഷ്ഠനുമായതിന്റെ പേരില്‍. നിയമങ്ങളുടെ സ്രഷ്ഠാവായ വസിഷ്ഠന്‍ എല്ലാ പഴികള്‍ക്കും അതീതനായി ബഹുമാന്യനായി നില്‍ക്കുന്നു. തെറ്റെന്നു തോന്നിയ നിയമങ്ങളെപ്പോലും രാമന് ലംഘിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കൃഷ്ണന്‍ ഒരേ സമയം രാജാവും അരാജകവാദിയുമായിരുന്നു. ഒന്നിലധികം സ്ത്രീകളുമായുള്ള പ്രണയബന്ധത്തില്‍ കൃഷ്ണന് ഒരു കൂസലും ഉണ്ടായിരുന്നില്ല. സുഹൃത്തായ അര്‍ജുനന് വേണ്ടി സ്വന്തം സഹോദരിയെ കട്ടുകൊണ്ടു പോയ കൃഷ്ണന്റെ നിയമ ലംഘനം കൃഷ്ണന്റെ പ്രഭാവത്തിന് ഇളക്കം തട്ടിച്ചിട്ടുമില്ല. ഒരു പക്ഷേ ഒരേ സമയം നിയമനിഷ്ഠനും നിയമലംഘകനുമാകാനുമുള്ള മനുഷ്യമനസ്സിന്റെ ഭാവങ്ങളെ ആയിരിക്കാം രാമനും കൃഷ്ണനും പ്രതിഫലിപ്പിക്കുന്നത്.

രാമായണം സുര-അസുര അധികാര സംഘര്‍ഷങ്ങളുടെ പ്രതിപാദ്യമാണെന്ന വായനയും നിലവിലുണ്ട്. സവര്‍ണ-അവര്‍ണ സംഘര്‍ഷങ്ങളുടെ കഥയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ദ്വിജര്‍ക്കിടയിലെ തന്നെ സാമ്പത്തികാധികാരവുമായി ബന്ധപ്പെടുത്തിയുള്ള വായനയും സാദ്ധ്യമാകാം. രാവണന്‍ രാജാവായിരിക്കുമ്പോള്‍ തന്നെ വ്യാപാരിയും (വൈശ്യ ) ആണല്ലോ. അമിതമായ സമ്പത്തിന്റെ അധിപന്‍. ക്ഷത്രീയ രാജാക്കന്മാരെ പോലും വെല്ലുന്നവനും സ്വന്തമായി പുഷ്പക വിമാനവും ഉള്ളയാള്‍. രാവണന്റെയും വൈശ്രവണന്റെയും കൊട്ടാരങ്ങളുടെ അത്യാഢംബരത ക്ഷത്രീയ രാജാക്കന്മാരെ അസൂയപ്പെടുത്തിയിരുന്നിരിക്കാം. രാവണന്‍ കോസലത്തിനു പുറത്തുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കുകയും അവരെ അധീനതയിലാക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ രാവണന്റെ സമ്പത്തിനു വിധേയരാണ്. ക്ഷത്രീയാധികാരത്തിന് രാവണന്‍ വലിയ ഭീഷണിയായിരുന്നു. വൈശ്യാധികാര ഭീഷണിയെ ക്ഷത്രീയ ശക്തി ഉപയോഗിച്ച് ബ്രാഹ്മണികത നേരിട്ടതിന്റെ കഥാഖ്യാനവുമാകാം.

മറ്റൊരു തരത്തിലുള്ള വായനയുമുണ്ട്. രാക്ഷസര്‍ പ്രത്യേക ജാതിയോ വിഭാഗമോ അല്ല. പുരാണങ്ങളിലെ പ്രതിപാദ്യമനുസരിച്ച് രാക്ഷസര്‍ ഉണ്ടാകുന്നത് വഴിവിട്ട ജീവിതത്താല്‍ ശപിക്കപ്പെടുന്നതിന്റെ ഫലമായിട്ടാണ്. അനവധി മുനിമാര്‍ ശാപത്താല്‍ രാക്ഷസരായിട്ടുണ്ട്. സ്വത്തിനോടും കാമത്തിനോടുമുള്ള ആസക്തി മൂലം ശാപഗ്രസ്തരായവര്‍. അവര്‍ പിന്നീട് ശാപമോക്ഷം നേടി പൂര്‍വ്വ ജന്മത്വത്തിലേക്ക് തിരികെ എത്തപ്പെടുന്നുണ്ട്. അവര്‍ക്ക് ശാപമോക്ഷം ലഭിക്കുന്നത് രാമനാലുമാണ് . അതിനു നിദാനമായി ഒട്ടേറെ കഥാസന്ദര്‍ഭങ്ങള്‍ രാമായണത്തില്‍ കാണാം. രാമന്‍ ഇതില്‍ നിന്നൊക്കെ മുക്തനാണ്. രാജാവായിരിക്കുമ്പോഴും രാമന്‍ അനാസക്തനാണ്. കൊട്ടാരവും അധികാരവും ഉപേക്ഷിച്ച് മരവുരിയുടുത്തും മൃഗങ്ങളെ നായാടി ചുട്ടു തിന്നും കാട്ടുകനികള്‍ ഭക്ഷിക്കുകയും ചെയ്ത് കാനനവാസം നടത്തുന്ന രാമനാണ് ഹനുമാന്‍ ഗോത്രസേനയുടെ സഹായത്താല്‍ അത്യാഢംബരത്തിന്റെയും വിലാസ ജീവിതത്തിന്റെയും മൂര്‍ത്തിയായ രാവണനെ തോല്‍പ്പിക്കുന്നത്. അയോദ്ധ്യയുടെ രാജശക്തി ഉപയോഗിച്ച് രാജാവായ രാമനെക്കൊണ്ടല്ല വാത്മീകി രാവണ നിഗ്രഹം നടത്തിയത്.

രാമന്‍ ഒരു പക്ഷേ ആദിവാസി രാജാവുമായിരിക്കാം. കാനന സംസ്‌കാരവും നഗര സംസ്‌കാരവും തമ്മിലുള്ള ഏറ്റുമുട്ടലുമായും രാമ രാവണയുദ്ധത്തെ വായിക്കാം. ആസക്തിയും അനാസക്തിയും ,മാനുഷിക ഭാവവും രാക്ഷസ ഭാവവും തമ്മില്‍ മനുഷ്യമനസ്സില്‍ നടക്കുന്ന യുദ്ധത്തിന്റെ കഥയായും രാമായണം അനുവാചകന്റെയും ഭക്തന്റെയും മനസ്സില്‍ സ്ഥാനം പിടിക്കാം. എന്നാല്‍ വാത്മീകി മഹര്‍ഷി രാമന്റെ കണ്ണിലൂടെ മാത്രമല്ല രാമായണ മെഴുതിയിട്ടുള്ളത്. രാവണനെ രാക്ഷസ ഭാവങ്ങളുടെ മൂര്‍ത്തിയായി അവതരിപ്പിക്കുമ്പോഴും രാവണന്റെ പാണ്ഡിത്യത്തെ രാമനെ കൊണ്ടു തന്നെ അടയാളപ്പെടുത്തുന്നുണ്ട്. രാവണന്‍ ശിവ ഭക്തനാണ്. ഈ നിലയില്‍ വൈഷ്ണവ – ശൈവ സംഘര്‍ഷത്തിന്റെ പ്രതിപാദ്യമായും രാമായണത്തെ സമീപിക്കാവുന്നതാണ്. ശിവ ഭക്തനായ വാത്മീകിയുടെ രാമായണത്തില്‍ വൈഷ്ണവ സ്വാധീനമൂലം പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്നതാണ് പണ്ഡിതമതം. 300 ലധികം രാമായണങ്ങളുണ്ട്. ആദിവാസികള്‍ക്കും മറ്റ് ജാതി വിഭാഗങ്ങള്‍ക്കും ബൗദ്ധ, ജൈന, മുസ്ലീം വിശ്വാസികള്‍ക്കും അവരുടെതായ രാമായണങ്ങള്‍ ഉണ്ട്.

ഇന്നു നടക്കുന്ന സംഘട്ടനം രാമനും രാവണനും തമ്മിലല്ല. ഗാന്ധിയുടെ രാമനും ആര്‍.എസ്.എസിന്റെ രാമനും തമ്മിലാണ്. ആനുകാലികമായ സന്ദര്‍ഭത്തില്‍ രാമായണത്തെ ഇനിയും മറ്റൊരു രീതിയില്‍ കൂടി വായിക്കേണ്ടതുണ്ട്. ഗാന്ധിജിയുടെ രാമന്‍ സഹവര്‍ത്തിത്തത്തിന്റെയും സത്യ, ധര്‍മ്മാദികളുടെയും പ്രജാക്ഷേമ ഭരണത്തിന്റെയും അനാസക്തിയുടെയും ബിംബമാണ്. സംഘപരിവാറിന്റെ രാമന്‍ വിദ്വേഷത്തിന്റെയും ആക്രമോത്സുകതയുടെയും ബിംബമാണ്. ബി.ജെ.പി.യുടെ രാമനില്‍ ആസക്തിയുടെയും വിലാസ ജീവിതത്തിന്റെയും അധികാര വെട്ടിപ്പിടുത്തത്തിന്റെയും രാക്ഷസ ഭാവമാണുള്ളത്. ഗുഹന്റെയും ഹനുമാന്‍ വംശജരുടെയും മിത്രമായ രാമനല്ല, വസിഷ്ഠ നിര്‍മിതമായതും ശംബുക നിഗ്രഹകനുമായ രാമനാണ്. ഗാന്ധിജി ജനമനസ്സില്‍ നന്മയുടെ പ്രതീകമായി നില നിന്ന രാമനെ രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെ പ്രതീകമായും ജനങ്ങളെ വിശാലമായ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി അണി നിരത്തുന്നതിനുള്ള ഉപകരണമായി പ്രതിഷ്ഠിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞ സംഘപരിവാരം രാമനെ അപര വിദ്വേഷത്തിന്റെ പ്രതീകമായി അപനിര്‍മ്മിക്കുകയാണ്. അവര്‍ നിര്‍മ്മിക്കുന്ന രാമായണ ചിത്രങ്ങളില്‍ രാമനും ഹനുമാനുമൊക്കെ രാമായണത്തെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്‍ കാല പുരാണ ചിത്രകാരന്മാര്‍ നടത്തിയ രചനകളിലെ രാമ, ഹനുമാന്‍മാരില്‍ നിന്ന് വ്യത്യസ്തമായി വിധ്വംസക ഭാവത്തിന്റെ പ്രതീകങ്ങളായി കടന്നു വരുന്നത് അതുകൊണ്ടാണ്.

ഈ അപനിര്‍മ്മിതിയില്‍ നിന്നും രാമനെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് യഥാര്‍ത്ഥ ഹിന്ദുവിന്റെ ലക്ഷ്യമായിരിക്കേണ്ടത്. ചാതുര്‍വര്‍ണ്യത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും വസിഷ്ഠ നിയമത്തില്‍ നിന്ന് മോചിതനായ അനാസക്തനും, അധികാരം ത്യജിക്കുന്നവനും കാടിന്റെ പുത്രനുമായ രാമനെ. രാമന്‍ സവര്‍ണഹിന്ദുത്വ ശക്തിക( സവര്‍ക്കറിസ്റ്റുകള്‍)ളുടെ അജണ്ടയില്‍ വരുന്നത് സമീപകാലത്താണ്, ഗാന്ധിജിയുടെ പ്രഭാവം നിഷ്‌ക്രമിച്ചുകൊണ്ടിരുന്ന കാലത്ത്, അതായത് ഗാന്ധിജിയുടെ രാമന്‍ അസ്തമിച്ചു തുടങ്ങിയ കാലത്ത്.

രാമായണ ചര്‍ച്ചകള്‍ പലയിടങ്ങളിലും നടക്കുന്നുണ്ട്. ചില കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയില്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. ലോഹ്യ മുന്‍കൈയെടുത്ത് ചിത്രകൂടിലും അയോദ്ധ്യയിലും രാമായണ മേളകള്‍ സംഘടിപ്പിച്ചിരുന്നു. അക്കാലത്ത് കമ്യൂണിസ്റ്റുകള്‍ ലോഹ്യയെ ഇതിന്റെ പേരില്‍ വളരെയധികം വിമര്‍ശിച്ചിരുന്നു. വിവിധ രാമായണങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ പുതിയ വ്യാഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആയിരുന്നു ലോഹ്യയുടെ ഉദ്ദേശ്യം. പിന്നീട് ഇന്തോനേഷ്യ മുന്‍കൈയ്യെടുത്ത് അന്താരാഷ്ട്ര രാമായണ സെമിനാറുകള്‍ സംഘടിപ്പിച്ചിരുന്നു. ലോഹ്യയുടെ മേളയുടെ തുടര്‍ച്ചയായി രാമായണാധിഷ്ഠിതമായ സാഹിത്യരചനകള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സോഷ്യലിസ്റ്റ് ആയിരുന്ന സ്‌നേഹലത റെഡ്ഡിയുടെ ‘സീത’. രാമനെതിരെയുള്ള പെണ്ണിന്റെ കുറ്റപത്രമാണ് അത്. രാമായണത്തിന്റെ ഏകപക്ഷീയമായ നിരാകരണത്തിനപ്പുറം സംവാദാത്മകവും വിമര്‍ശനാത്മകവുമായവായനയുമാണ് സംഘപരിവാരത്തിന്റെ വിധ്വംസക ബിംബമായ രാമനെ പ്രതിരോധിക്കാനുള്ള തന്ത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയോദ്ധ്യയില്‍ പുതുതായി ഉയരുന്നത് ഹിന്ദുവിന്റെ രാമനുള്ള ക്ഷേത്രമല്ല. അത് അക്രമികളുടെയും ആക്രമോത്സുക വര്‍ഗീയ ഹിന്ദുത്വത്തിന്റെയും അധീശത്വത്തിന്റെ പ്രതീകമാണ്. സുപ്രീം കോടതി ബാബറി മസ്ജിദ് തകര്‍ത്തത് കുറ്റകൃത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പങ്കാളിയായവരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിച്ചതു തന്നെ വിധിയുടെ ധാര്‍മ്മികതക്കെതിരാണ്. അയോദ്ധ്യയിലെ രാമന്‍ അവിടുത്തെ മുസ്ലീംങ്ങളുടെ രാമന്‍കൂടിയാണ്. മസ്ജിദില്‍ ബാലനായ രാമന്‍ ഉണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥ രാമക്ഷേത്രം ഉയര്‍ത്തേണ്ടത് അയോദ്ധ്യയിലെ രാമനെ ആരാധിക്കുന്ന ഹിന്ദുക്കളും മുസ്ലീംങ്ങളും ചേര്‍ന്നാണ്. വര്‍ഗീയ അക്രമികളില്‍ നിന്നു രാമനെ മോചിപ്പിക്കാനുള്ള കരുത്താണ് ഇന്ത്യന്‍ സമൂഹം പ്രദര്‍ശിപ്പിക്കേണ്ടത്.

സംഘ പരിവാരം സാംസ്‌കാരി മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ പരിസരങ്ങളില്‍ നിന്നുള്ള ഉപകരണങ്ങളെ അവര്‍ക്കനുയോജ്യമായി ഉപയോഗിച്ചു കൊണ്ടാണ്. രാമന്‍ അവര്‍ക്ക് അത്തരമൊരു ഉപകരണമാണ്. സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നുള്ള ചിഹ്നങ്ങള്‍ ഓരോ ജനസമൂഹവും അവരുടെ ആത്മാവിഷ്‌കാരത്തിനായി ഉപയോഗിക്കാറുണ്ട്. രാവണന്‍ ചില ആദിവാസി ആവിഷ്‌കാരങ്ങളിലെ നായകനായി വരുന്നത് ഇത്തരം സാംസ്‌കാരിക മേധാവിത്വത്തിനോടുള്ള പ്രതികരണം എന്ന നിലയിലാണ്. ശങ്കരാചാര്യരുടെ ജാതി ബോധത്തെ പൊട്ടന്‍ തെയ്യത്തിലൂടെയാണ് വടക്കെമലബാറിലെ ദലിത് സമൂഹം ചോദ്യം ചെയ്തത്. മുത്തപ്പന്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയോട് കലഹിച്ചത് ഓരോ വര്‍ണത്തെയും വിവിധ നിറത്തിലെ നായകളോട് പരിഹാസരൂപേണ ഉപമിച്ചുകൊണ്ടാണ്. ശ്രീ നാരായണ ഗുരു ശിവനെ പ്രതിഷ്ഠിച്ചതും അത്തരമൊരു പ്രതികരണമായിരുന്നുവെന്ന് കാണാം. അതായത് നമ്മുടെ സാംസ്‌കാരികമായ പരിസരങ്ങളില്‍ നിന്നും പ്രത്യേകിച്ചും ബ്രാഹ്മണ്യ നിരാസങ്ങളായ മിത്തുകളില്‍ നിന്നും തന്നെയാണ് സംഘപരിവാറിന്റെ സാംസ്‌കാരിക ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങള്‍ തേടേണ്ടതും എന്നാണ് ചരിത്രത്തിലെ പ്രതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത്. രാമന്റെയും രാമായണത്തിന്റെയും പൂര്‍ണമായ നിരാസം സംഘപരിവാറിന് അവരുടെ ഇടം ഏകപക്ഷീയമായി അനുവദിച്ചു കൊടുക്കുന്നതിന് തുല്യമായിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “വേണ്ടത് രാമന്റെ പൂര്‍ണ്ണമായ നിരാസമല്ല.

  1. രാമു, കൃഷ്ണൻ, ഭാർഗ്ഗവൻ… വാമനൻ.. ബല രാമൻ .. അങ്ങനെ 5 പേര് നിൽക്കുന്നു… വിഷ്ണു എന്ന വേദത്തിലെ അപ്രധാന യൂറോപ്യൻ അല്ലാത്ത ദേവതയുടെ ” അവതാരം ” ആയി …രാമു സ്ത്രീ പക്ഷക്കാരൻ അല്ല.. ശൂർപ്പണകയോട് അയാൾ ചെയ്തത് അങ്ങേയറ്റം നീച പ്രവർത്തി.. ലങ്കയിൽ രാവണനെ കൊന്നു സീതയെ കണ്ട രാമു സീതയോടു പറഞ്ഞ വരികൾ നോക്കൂ.. ഇത്രയും അവഹേളനം ഹിന്ദു പുരാണങ്ങളിൽ വേറെ കാണില്ല… സ്വന്തം അമ്മയെ കൊന്നവൻ ഭാർഗ്ഗവൻ… ക്ഷത്രിയ ജാതി ആയതു കൊണ്ട് അനേകരെ കൊന്നു എന്ന് പറയപ്പെടുന്നു ഭാർഗ്ഗവൻ.എഴുത്തച്ഛൻ ശൂദ്ര… COW സാമി തുളസി നീച ബ്രാ മണ… അയാളുടെ ബുക്കിൽ ഉള്ളപോലെ ജാതി വെറി വേറെ കാണില്ല… അതും OBC ജാതികൾക്ക് എതിരെ… അക്ബർ കാലത്ത് ജീവിച്ച ഈ അന്തണ മുസ്ലിങ്ങൾക്ക് എതിരെ മിണ്ടിയിട്ടില്ല… അതുകൊണ്ടാണ് UP യിൽ രാമായണത്തിനെതിരെ വലിയ പ്രക്ഷോഭം ഉണ്ടായത്… രാമായണം കത്തിച്ചത്… ലോഹ്യ രാമ ചരിത മാനസം വായിച്ചു കാണുമല്ലോ….ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കുറെക്കൂടി ആഴത്തിൽ നോക്കുക… രാമന്റെ ജാതി ഇക്ഷ്‌വാഹ് ആണ്… ആദിവാസി അല്ല… വേദത്തിൽ ഒരിക്കൽ മാത്രം വരുന്നു ഈ വാക്ക്… ഇത് നാടാർ ജാതി ആണെന്ന് പറയപ്പെടുന്നു.. പക്ഷെ… രാമന്റെ ഡാഡി ദശരധൻ പോലും ബ്രാ മണ പരമ്പര ആണ്… BY NIYOGA… വസിഷ്ട്ട ജാതിയിലെ ബ്രാ മണരാണ് രാമന്റെ ഫാമിലിയിൽ ബ്രീടിംഗ് നടത്തിയിരുന്നത്…. രാമൻ രാജ്യം ഭരിച്ചത് ബ്രാ മണർക്കും COW കൾക്കും വേണ്ടിയെന്നു വാൽ മീകി പറയുന്നു… ഈ വാൽ മീകി ബ്രാ മണ ആണ്… സംസ്‌കൃത പണ്ഡിതൻ… രെത്നാകരൻ…

  2. Avatar for അഡ്വ. വിനോദ് പയ്യട

    Adv. Jacob Pulikkan

    വ്യത്യസ്ത രാമായണ വായനയെ സംബന്ധിച്ച് അഡ്വ:വിനോദ് പയ്യട എഴുതിയ ലേഖനം പ്രവ്ഡമാണ്. മറ്റു പലരുടെയുമെന്നപോലെ രാമായണം ആര്യ-ദ്രാവിഡ മത്സരത്തിന്റെ ആഖ്യാന മാണെന്നാണ് എന്റെയും അഭിപ്രായം. വേദങ്ങൾക്ക് മുൻപുള്ള ‘സനാദന ധർമ്മ’ കാലത്ത് അവരുടെ
    സാമൂഹ്യഘടനയുടെയും ഭരണത്തിന്റെയും നിയമ സം ഹിതയായി നിലനിന്നിരുന്ന ‘മാനവ ധർമ്മ സൂത്രം’ കൂടുതൽ ജാതി സ്പ്രദ്ധ യോടെ, ഹിന്ദു ജീവിതക്രമം അഥവാ ഹിന്ദു മതമായി മാറിയത് ‘മനു സ്‌മൃതി’ എന്ന civil & criminal കോഡിലൂടെയാണ്. അഫ്ഗാനിസ്ഥാൻ മുതൽ ശ്രീലങ്കവരെയുള്ള ഭൂഖണ്ഡ്ഢത്തെ ഈ കോഡ് ഭൂമിശാസ്‌ത്രപരമായി ആദ്യം ‘പുണ്യഭൂമി’ യെന്നും ‘മ്ലേച്ഛഭൂമി’ യെന്നും തിരിച്ചു. അതനുസരിച്ചു ആര്യന്മാർ അതുവരെ സ്ഥിരതാമസമാക്കിയ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാക്കി സ്ഥാൻ, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, നേപ്പാൾ, ഹിമാചൽ പ്രദേശ്, ഡൽഹി, ഹരിയാന, UP, ബീഹാർ, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രയുടെ വടക്കേ അറ്റം, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടതിൽ ഓരോ പ്രദേശത്തും ക്ഷേത്രങ്ങളും ബ്രാഹ്മണരുടെ അഗ്രഹാരങ്ങളും, ക്ഷത്രിയരായ രാജാവിന്റെയും ഭരണാധികാരികളുടെയും വൈശ്യരുടെയും
    ശൂദ്രപ്രമുഖരുടെയും വരെ വാസസ്ഥലങ്ങളും സ്ഥിതിചെയ്തിരുന്ന ഭാഗങ്ങൾ മാത്രം പുണ്യഭൂമിയും ‘ആര്യാവർത്ത’ ത്തിൽ തന്നെ ബാക്കിവരുന്ന അതിവിശാലമായ ഭാഗങ്ങളും ‘ആര്യാവർത്ത’ ത്തിനു പുറത്തു മൊത്തം ‘ആര്യാവർത്ത’ ത്തിന്റെ മൂന്നിരട്ടിയിലധികം വിസ്തീർണ്ണം വരുന്ന ഭൂവിഭാഗത്തെ മ്ലേച്ഛ ഭൂമിയായും അവിടെ വസിക്കുന്ന ബ്രാഹ്മണ രുൾപ്പടെയുള്ള മുഴുവൻ ജനങ്ങളെയും മ്ലേച്ഛന്മാരും അവരിൽ തന്നെ പഞ്ചമരെ ഇരുക്കാലി മൃഗങ്ങളാ യുമാണ് നിഷ്‌ക്കർഷിച്ചത്. അതിനുപുറമേ രാമായണവും ഇതര ഹിന്ദു ഗ്രന്ഥങ്ങളുമനുസരിച്ച് ഇന്നത്തെ കർണ്ണാടകക്കാർ മുഴുവൻ ഭീമാകാരരായ കുരങ്ങന്മാരും, ശ്രീലങ്കക്കാർ മുഴുവൻ രാക്ഷസരും, മലയാളികളുൾപ്പടെയുള്ള ഇതര ദക്ഷിണേന്ത്യക്കാർ അസുരന്മാരും, കിഴക്കേ ഇന്ത്യക്കാർ മുഴുവൻ ദ്രാവിഡ ദേവനും ദേവിയുമായ ശിവന്റെയും കാളിയുടെയും മക്കളായ ഭൂതഗണങ്ങളുമാണ്. ശ്രീരാമൻ ആര്യശ്രേഷ്ഠനായ മഹാരാജാവും. പോരെ? ഈ കാഴ്ചപ്പാടിലുള്ളതാണ് കാര്യമറിയാതെ വെറും കൂലി പട്ടാളത്തിൽ പെടുന്ന വലിയവിഭാഗം ശുദ്രരും ഇരുക്കാലി മൃഗങ്ങളായ പഞ്ചമരും കൂടി ഉച്ച്ഛയ്സ്തരം പാടിപുകഴ്ത്തുന്ന നമ്മുടെ “അതിമഹത്തായ ആർഷ ഭാരത സംസ്‌ക്കാരം” !!! ഈ കഴ്ച്ചപ്പാടിൽ ഒന്ന് രാമായണവും മനു സ്‌മൃതിയും ഇതര ഹിന്ദു ടെക്സ്റ്റുകളും വായിച്ചു നോക്കുമോ? Adv. Jacob Pulikkan.

Leave a Reply