മലയാള സിനിമയും വിഗ്രഹ ജീര്‍ണ്ണോദ്ധാരണ പ്രക്രിയയും

മലയാള സിനിമാലോകം ‘ന്യൂസ് പേപ്പര്‍ ബോയ് ‘ യില്‍ നിന്ന് 2024ലെ വാണിജ്യ ചൂതാട്ട വാര്‍ത്തകളില്‍ എത്തുമ്പോള്‍, പുത്തന്‍ ധനകാര്യ ശക്തികള്‍ തമ്മില്‍ മൂല്യ സംഘര്‍ഷം ഉണ്ടാവുകയും, അമ്മ സംഘടന പോലെ ഒരു പ്രബല വിഭാഗം മറ്റൊരു വിഭാഗത്തെ കീഴ്‌പ്പെടുത്തുന്നതിനും, ന്യായീകരിക്കുന്നതിനും ഫ്യൂഡലിസത്തിന്റെ മൂല്യങ്ങള്‍ പോലും ആയുധമായി ഉപയോഗിക്കുന്നതുമാണ് നാം കാണുന്നത്.

മലയാള ചലച്ചിത്ര കമ്പോളവുമായും അതിലെ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

സിനിമയിലെ സാമൂഹിക – സാംസ്‌കാരിക-രാഷ്ട്രീയ പ്രശ്‌നങ്ങളെ ഒഴിച്ചു നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് കൂടുതലും പുരോഗമിക്കുന്നത്.
സ്ത്രീപീഡന പരമ്പരകളെ മുന്‍നിര്‍ത്തി നമ്മുടെ മുമ്പിലുള്ള കണ്ടീഷന്‍ ചെയ്ത കുറെ വാക്കുകളും പ്രകടനങ്ങളും മാത്രമാണ് ചര്‍ച്ചകള്‍ക്കായി ഉപയോഗിച്ചുവരുന്നത്.

നളിനി നെറ്റൊ മുതല്‍, യാത്രക്കിടയിലും ബസ്സിലും ഓഫീസിലും സിനിമ തിയേറ്ററിലും പാര്‍ക്കിലും ഉത്സവ സ്ഥലത്തും വഴിയിലും ആരാധനാലയങ്ങളിലും നീതിന്യായ സ്ഥാപനങ്ങളില്‍ പോലും എല്ലാം സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക ആക്രമണങ്ങളും വൈകൃതങ്ങളും നിര്‍വ്വചിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ ചലചിത്ര രംഗത്ത് സംഭവിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത്. അതിനു കാരണം ഇതിലെ കുറ്റാവാളികളായി നില്‍ക്കുന്നവര്‍ ആദര്‍ശ രൂപങ്ങളും, വലിയ സമ്പന്നരും, നിയമ ബാഹ്യമായി പോലും സ്വാധീനശക്തിയുള്ളവരുമാണ് എന്നതത്രേ. അനുമോദനവും പ്രശംസയും നേടുന്നവരും സമൂഹത്തില്‍ വലിയൊരു വിഭാഗത്തിന്റെ സമചിത്തതയുടെ ശിരസ്സിനെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നവരുമാണ് സിനിമയിലെ ഈ വിഭാഗം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കഥാപാത്രങ്ങളായി വരുന്ന ഇത്തരം ‘അതിശയോക്തി’ വ്യക്തിത്വങ്ങള്‍ സിനിമയിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന മൂല്യങ്ങള്‍ എന്താണെന്ന് ചിന്തിക്കുമ്പോഴാണ്, ചലച്ചിത്രരംഗം എന്ന കമ്പോള വ്യവഹാരത്തിന്റെ പ്രതിലോമ സംസ്‌കാരക മൂല്യങ്ങള്‍ നമ്മള്‍ മനസ്സിലാക്കുക.

മായാ സീതയുടെ പുനരുദ്ധാരകനായ എഴുത്തച്ഛന്‍ മുതല്‍ ലൈംഗിക വാണിഭത്തിന്റെ മായാമൃഗത്തെ സൃഷ്ടിച്ച ഒ വി വിജയനെ പോലെയുള്ള ആധുനിക സാഹിത്യകാരന്‍മാര്‍ വരെയുള്ള ആണ്‍ബിംബങ്ങളെ തുറന്നു കാണിക്കാനുള്ള സത്യസന്ധതയില്ലാത്തതു കൊണ്ട്, മലയാള സിനിമയിലെ ലൈംഗിക അപഭ്രംശത്തിന്റെ സമകാലിക വിഷയങ്ങളുടെ പിന്നാലെ ഓടുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ആറു വയസ്സുള്ള ആമിനയെ മടിയിലിരുത്തുമ്പോള്‍ ബീജസംഭരണിയില്‍ ചലനം അനുഭവപ്പെടുന്ന പുരുഷ കഥാപാത്രത്തിന്റെ രചയിതാക്കള്‍ ഉള്ള നാടാണ് കേരളം. അങ്ങനെ പുരുഷ ലൈംഗികാതിക്രമത്തിന്റെ ആദര്‍ശ പ്രതിരൂപമായി രചയിതാവ് മാറുന്നുണ്ട്.

ഇത്തരം കാവ്യ ബിംബങ്ങളെ ഉടയ്ക്കാതെ, മലയാള സിനിമയിലെ അപഭ്രംശത്തിന്റെ പുരുഷ ശരീരങ്ങളെ തിരഞ്ഞുപിടിച്ച് കൊണ്ടുവന്നാല്‍ ലൈംഗിക ഫാസിസം എന്ന് വിളിക്കാവുന്ന പുരുഷാധിപത്യപരമായ ആക്രമണങ്ങളെ സിനിമയില്‍ എന്നല്ല ഒരു മേഖലയിലും നേരിടാന്‍ കഴിയില്ല.

തനിക്ക് അന്യമായതെല്ലാം ചൂഷണം ചെയ്യപ്പെടാന്‍ ഉള്ളതാണ് എന്ന മുതലാളിത്ത സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍, സ്ത്രീ-പുരുഷ ശരീരങ്ങളെ ലൈംഗിക വ്യവസായത്തിനായി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍, എല്ലാ വാണിജ്യ വ്യവഹാരങ്ങളിലും വര്‍ദ്ധിച്ചുവരുന്നത് ആ വ്യവസ്ഥിതിയുടെ പൊതുസ്വഭാവമാണ്.

ഇപ്പോള്‍ വാണിജ്യ ചലച്ചിത്ര രംഗത്തെ ചീഞ്ഞളിഞ്ഞ താര തിളക്കങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് കമ്പോള മുതലാളിത്തം സൃഷ്ടിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതകളുടെ ഭാഗമായി, ഈ പുരുഷാധികാര വ്യവസ്ഥയെ കാണുന്നവരല്ല. മറിച്ച് ചില വ്യക്തികളുടെ, അവരുടെ മാഫിയ കോക്കസ്സുകളുടെ ഭാഗമായിട്ട് മാത്രമാണ് കാണുന്നത്. കുമ്പസരിച്ചു തീര്‍ക്കാവുന്ന പാപങ്ങള്‍ പോലെയാണ് മറ്റൊരു വിഭാഗം ഇതിനെ കാണുന്നത്.

WCC (Women in Cinema Collective) ഉള്‍പ്പെടെ രംഗത്ത് വന്നിട്ടുള്ള സംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവ പ്രതികരിക്കുമ്പോള്‍ തന്നെ അരാജകത്വം നിറഞ്ഞ, അപമാനവീകമായ ഈ വ്യവസ്ഥകള്‍ ആഖ്യാനപ്പെട്ടു കിടക്കുന്ന സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ട് അവയെ പിന്‍കൈകള്‍ കൊണ്ട് ഇവര്‍ ഇക്കിളിപ്പെടുത്തുന്നത് നമുക്ക് കാണാന്‍ കഴിയും.

ദളിത് – സ്ത്രീ വിരുദ്ധതയും, ഇസ്ലാമോഫോബിയയും സവര്‍ണ്ണ ഹിന്ദുത്വ മൂല്യങ്ങളും അടയാളപ്പെട്ട് കിടക്കുന്ന നിരവധി സിനിമകള്‍ അക്കൂട്ടത്തില്‍ പെട്ടവയാണ്. നായരോ, മേനോനോ, നസ്രാണിയോ, ക്ഷത്രിയനോ അയ്യരോ അല്ലാത്ത ഒരു വീര നായകനും മലയാള സിനിമയില്‍ താര രാജാക്കന്മാരായി ഉല്പാദിപ്പിക്കപ്പെട്ടിട്ടില്ല. ജാതിയുടെ സാന്നിധ്യം അതിന്റെ മൂല്യം പരോക്ഷമായി ഉയര്‍ത്തിപ്പിടിക്കാത്ത സിനിമകള്‍ അപൂര്‍വ്വമാണ്. ന്യൂനപക്ഷ അവഹേളനങ്ങള്‍ ഹസ്യവത്കരിക്കുന്നതും നിരന്തര കാഴ്ചയാണ്.

കോര്‍പ്പറേറ്റ് മുതലാളിത്തവും, സവര്‍ണ്ണ ഹൈന്ദവ ഫ്യൂഡല്‍ അധികാരവും ചേര്‍ന്ന് രാഷ്ട്ര വ്യവസ്ഥയ്ക്കും രാഷ്ട്രീയത്തിനുമെതിരെ തുറന്നുവിട്ട, ആടുകയും പാടുകയും ചെയ്യുന്ന ഈ വൈയക്തിക വീര നായകന്മാര്‍ ഇന്ന് ചലച്ചിത്ര കമ്പോളത്തിന് വേണ്ടാത്ത, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ ആയതുകൊണ്ടാണ് നവ ധനകാര്യ മുതലാളിത്തം തന്നെ അവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോള്‍ ചലച്ചിത്രരംഗത്തെ ഈ ജീര്‍ണ്ണതക്കെതിരെ പ്രക്ഷോഭഭരിതരാകുന്നവരില്‍ ആരുംതന്നെ അധികാരവ്യവസ്ഥയുടെ താല്‍പര്യത്തിന് വിപരീതമായോ, പുരുഷന്റെ വീരാത്മകമായ ധിക്കാരങ്ങളെ (arrogance) ചിത്രീകരിക്കുന്ന സിനിമകള്‍ക്കെതിരെയോ പ്രതികരിക്കുന്നവരല്ല. എന്നുമാത്രമല്ല, കോര്‍പ്പറേറ്റ് ധനകാര്യ സാംസ്‌കാരിക സദാചാരത്തിന്റെ വ്യാകരണ പദ്ധതികളില്‍ നിര്‍മ്മിക്കപ്പെടുന്ന എല്ലാ സിനിമകളോടും സഹകരിച്ചു വരുന്നവരാണ്. മാത്രമല്ല; അതിന്റെ ആഘോഷങ്ങളിലും, ഈ താരനിബിഡമായ തിളങ്ങുന്ന സ്റ്റേജ് ഷോകളിലും ആടിയും പാടിയും സഹകരിക്കുന്നവരുമാണ്.

ഫ്യൂഡലിസത്തിന്റെ വിശുദ്ധ രക്തത്തെ ധനാധിപത്യത്തിന്റെ രംഗത്ത് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന, ഗോപാലകൃഷ്ണ – രാധികമാരുടെ രതി സംഗീതത്തില്‍ ജ്ഞാനസ്‌നാനപ്പെട്ടുകിടക്കുന്ന, പരശതം സ്ത്രീകളുടെ കാമുകനായ ശ്രീകൃഷ്ണ പ്രാഗ് രൂപത്തേയും, നവ മുതലാളിത്തത്തിന്റെ അരാജകത്വ വേദാന്ത രൂപത്തെയും നന്നായി സമന്വയിപ്പിക്കുന്ന സിനിമകളില്‍ നിരന്തരം സഹകരിക്കുന്ന നിരവധിപേര്‍ ഈ ലൈംഗിക പരാക്രമികളായ നായക വര്‍ഗ്ഗത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം പ്രതിഷേധങ്ങള്‍ ഏതെങ്കിലും സന്മാര്‍ഗ ചിന്തയുടെ ഭാഗമാണെന്ന് പറയാന്‍ കഴിയില്ല.

നവ ധനകാര്യ മുതലാളിത്തവും, ചലച്ചിത്ര രംഗത്തെ കോര്‍പ്പറേറ്റ് നിക്ഷേപവും നവ കമ്പോള സിനിമകളുടെ ആഖ്യാനത്തിന് വഴങ്ങാത്ത, ഉതകാത്ത നായകന്മാര്‍ എന്ന ക്ലീബ ഫ്യൂഡല്‍ രൂപങ്ങളെ പുറന്തള്ളാന്‍ ശ്രമിക്കുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.

ധനകാര്യ അധികാരഘടനയുമായും, രാഷ്ട്രീയ വ്യവസ്ഥയുമായും അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് സിനിമാ മേഖലയും, അതിലെ മാഫിയ ശക്തികളും. അതുകൊണ്ടുതന്നെ അതില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന മൂലധനത്തിന്റെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനും, മൂലധനത്തിന്റെ സ്വതന്ത്രമായ ചംക്രമണത്തിനും മധ്യവര്‍ഗ്ഗ – സമ്പന്ന താര കേന്ദ്രീകൃതമായ ഫ്യൂഡല്‍ മാതൃകകള്‍ (feudal paradigm) സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഒഴിവാക്കേണ്ടത് നവ ധനകാര്യ മുതലാളിത്തത്തിന്റെ ആവശ്യമാണ്. ആ മാറ്റത്തിനു വേണ്ടിയുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധനകാര്യ മുതലാളിത്തവും ഫ്യൂഡല്‍ സ്വഭാവവും സമാസമം അരച്ചുചേര്‍ത്ത ഈ ശ്രീകൃഷ്ണ മാതൃകകളെ പൊതു സാമൂഹ്യ ബോധത്തിലേക്ക് ലയിപ്പിച്ചെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച, ദൃശ്യ മാധ്യമങ്ങള്‍ തന്നെ ഈ വീരനായക രൂപങ്ങള്‍ക്കെതിരെ തിരിയുന്നതില്‍ നിന്നും ഈ ധനകാര്യ താല്‍പര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

ചുരുക്കത്തില്‍, മലയാള സിനിമാലോകം ‘ന്യൂസ് പേപ്പര്‍ ബോയ് ‘ യില്‍ നിന്ന് 2024ലെ വാണിജ്യ ചൂതാട്ട വാര്‍ത്തകളില്‍ എത്തുമ്പോള്‍, പുത്തന്‍ ധനകാര്യ ശക്തികള്‍ തമ്മില്‍ മൂല്യ സംഘര്‍ഷം ഉണ്ടാവുകയും, അമ്മ സംഘടന പോലെ ഒരു പ്രബല വിഭാഗം മറ്റൊരു വിഭാഗത്തെ കീഴ്‌പ്പെടുത്തുന്നതിനും, ന്യായീകരിക്കുന്നതിനും ഫ്യൂഡലിസത്തിന്റെ മൂല്യങ്ങള്‍ പോലും ആയുധമായി ഉപയോഗിക്കുന്നതുമാണ് നാം കാണുന്നത്.

ഇപ്പോള്‍ നടക്കുന്ന ഈ വിഗ്രഹ ജീര്‍ണ്ണോദ്ധാരണ പ്രക്രിയ ദളിതരും, മര്‍ദ്ദിതരും സ്ത്രീകളും ന്യൂനപക്ഷങ്ങളും നേരിടുന്ന ധനകാര്യ – കോര്‍പ്പറേറ്റ് – ഹിന്ദുത്വ അധിനിവേശങ്ങളെയോ അപരാധങ്ങളെയോ അഭിസംബോധന ചെയ്യുന്നില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മലയാള സിനിമയും വിഗ്രഹ ജീര്‍ണ്ണോദ്ധാരണ പ്രക്രിയയും

  1. Avatar for പി എ പ്രേംബാബു

    ഗോപാലകൃഷ്ണൻ സാരംഗ്.

    മേൽപറഞ്ഞ സംഗതികളെല്ലാം തന്നെ സമൂഹത്തെ ചെറു ചെറു തുണ്ടുകളായി ഭിന്നിപ്പിച്ചു നിർത്താനേ ഉപകരിക്കൂ എന്നാണു ഞങ്ങളുടെ എളിയ അഭിപ്രായം. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കാൻ ദളിതരെന്നോ അല്ലാത്തവരെന്നോ മുസ്ലീമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ ഒരു വേർതിരിവിന്റെ ആവശ്യമുണ്ടോ? നമുക്കെങ്കിലും മേൽപ്പറഞ്ഞ വിഭാഗീയതകൾ പരിഗണിക്കാതെ അരികുവല്കരിക്കപ്പെടുന്ന ഏതൊരു മനുഷ്യരെയും ചേർത്തു പിടിക്കാൻ കെല്പുള്ള മനുഷ്യരായി മാറിക്കൂടെ? ഇവിടെ സിനിമയിലെ ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നവർ ദളിതർമാത്രമാണോ? ഏതു മതവിഭാഗത്തിലുള്ളവരും ഇതിൽ വീഴുന്നില്ലേ? ആത്മാഭിമാനമില്ലാത്ത യുവതലമുറ പ്രത്യേകിച്ച് സ്ത്രീകളല്ലേ ഇതിന്റെ ഇരകൾ? സിനിമ കൊണ്ടുണ്ടാകുന്ന പ്രസിദ്ധി, സാമൂഹ്യാംഗീകാരം, പണം എന്നിവയല്ലേ ഈ രംഗത്തേക്കുള്ള തള്ളിക്കയറ്റത്തിനുള്ള കാരണം? പണമുണ്ടായാൽ എന്തും ആ പണം കൊടുത്തു നേടാം എന്ന മൂല്യബോധവും ചേരുമ്പോഴുണ്ടാകുന്ന അഹന്തയുമല്ലേ യഥാർത്ഥ വില്ലൻ? പ്രസിദ്ധി, സാമൂഹ്യാംഗീകാരം, പണം എന്നിവ ഉണ്ടാക്കാൻ സിനിമ തന്നെ വേണമെന്നില്ലല്ലോ. ഇന്ന് ഇവയെല്ലാം കിട്ടാൻ സാമൂഹ്യമാദ്ധ്യമങ്ങൾ തന്നെ ധാരാളമാണ്. എത്രയോ പേർ ആ വഴി തെരഞ്ഞെടുക്കുന്നുണ്ട്! ഇന്റർനെറ്റ് സൌകര്യവും ഒരു സ്മാർട്ട് ഫോണും ഉണ്ടെങ്കിൽ നല്ല നിരീക്ഷണബോധവും ബുദ്ധിശക്തിയും ഉള്ള ആർക്കു വേണമെങ്കിലും ഒന്നാന്തരമൊരു സിനിമ പോലും നിർമ്മിക്കാൻ കഴിയുന്നതേയുള്ളൂ. ആർക്കും തിരക്കഥ സമർപ്പിക്കേണ്ട, അഭിനയത്തിന് അവസരത്തിനായി ആരുടെയും ഇംഗിതത്തിന് അടിപ്പെടുകയും വേണ്ട. ആകാശം കാണാൻ ആരെങ്കിലും ടിക്കറ്റുമെടുത്തു ക്യൂ നില്ക്കുമോ? ശാസ്ത്ര സാങ്കേതിക രംഗങ്ങൾ വളരുകയാണ്. അദ്ധ്യാപകരോ വിദ്യാലയങ്ങളോ ഇല്ലാതെ പഠിക്കാൻ പാകത്തിന് ഇന്റർനെറ്റ് പരന്നു കിടക്കുകയാണ്. എന്നിട്ടും നമ്മളിന്ന് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് ഉണ്ടാക്കിയിട്ട മതങ്ങൾക്കും നൂറ്റാണ്ടുകൾക്കു മുമ്പ് ഉണ്ടാക്കിയിട്ട പ്രത്യയശാസ്തങ്ങൾക്കും ചുറ്റിനുമായി ചുറ്റിക്കറങ്ങുകയാണ്. എന്നിട്ട് ഞങ്ങൾക്കു സ്വാതന്ത്യമില്ലേ സ്വാതന്ത്യമില്ലേ എന്നു വിളിച്ചു വിലപിക്കുകയും സ്വാതന്ത്ര്യം തരണേ എന്ന് അപേക്ഷിക്കുകയും ചെയ്യുകയാണ്. ഒരു രാഷ്ട്രത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യം ഇന്ന് ലോകത്ത് എവിടെയും ലഭ്യമാണ്. അതു തിരിച്ചറിഞ്ഞ് അവരവർക്ക് അത് എടുത്ത് പ്രയോഗിക്കാവുന്നതേയുള്ളൂ. അങ്ങനെ ചെയ്യുന്നുവരൊക്കെ തുടക്കത്തിൽ ചില്ലറ ചില്ലറ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും പക്ഷെ അത് നീണ്ടകാലം തുടരേണ്ടി വരില്ല. സംഘടിച്ചു സംഘടിച്ച് അശക്തരാകുന്നതിനേക്കാൾ എളുപ്പമാണ് സംഘടിക്കാതെ ശക്തരാവുന്നത്. അല്ലേ?

Leave a Reply