പൊതുനയത്തിന്റെ ജാതിയും കേരളത്തിന്റെ സമ്പദ്ഘടനയും
Enlightened Youth Movement തൃശൂരില്‍ സംഘടിപ്പിച്ച പ്രൊഫ എം കുഞ്ഞാമന്‍ സമൃതിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.
നമുക്ക് പരിചിതരായ മറ്റു സമ്പദ് ശാസ്ത്രജ്ഞരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനായിരുന്നു ഡോ എം കുഞ്ഞാമന്‍. കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ സോഷ്യല്‍ ലൊക്കേഷന്‍ തന്നെ. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില പ്രൊവര്‍ബിയന്‍ പ്രയോഗങ്ങളുണ്ട്. അവ തികച്ചും പ്രവചനാത്മകമാണ്. ഒരു മികച്ച ഉദാഹരണമാണ് ഒരു ദളിതന്‍ കേരളത്തിലെ ഒരു സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറാകണമെങ്കില്‍ അടുത്ത ജന്മം അയാള്‍ മൂട്ടയായി ജനിക്കണമെന്നത്. അധികാരത്തിന്റെ പ്രയോഗത്തെ കുറിച്ച് ഒരു വാചകമിങ്ങനെയായിരുന്നു. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് കോപെന്‍സേഷന്‍. മറ്റുള്ളവര്‍ക്ക് നീതി. പ്രതിസ്ഥാനത്ത് സമ്പന്നനും സവര്‍ണനും വരുമ്പോള്‍ നിയമം വഴിമാറും. മറ്റൊന്ന്, ആദിവാസികളെ കുറിച്ചുള്ള കണക്ക് നമ്മുടെ കൈവശമില്ല, പക്ഷെ പുലികളുടേതുണ്ട്. എന്നെ ആരും ബഹുമാനിക്കേണ്ട, തിരിച്ച് ബഹുമാനം പ്രതീക്ഷിക്കുകയുമരുത്… ഇത്തരത്തിള്ള പ്രൊവര്‍ബിയന്‍ പ്രയോഗങ്ങളിലൂടെ അദ്ദേഹത്തിന്റെ ദാര്‍ശനികലോകത്തെ പഠിക്കാനാകും.
കുഞ്ഞാമന്‍ മാഷ് പഠിച്ചത് സമ്പദ് ശാസ്ത്രമായിരുന്നു. എല്ലാം സാമ്പത്തികമായി നിര്‍ണയിക്കുന്നതാണെന്ന മുന്‍വിധി അതിന്റെ ഭാഗമാണ്. സാമ്പത്തിക ശാസ്ത്രം രൂപം കൊണ്ടത് ഫ്രാന്‍സിലായിരുന്നു. അവിടെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. ഹോമോ ഇക്കണോമിക്കസ് എന്നതാണത്. മനുഷ്യന്‍ പെരുമാറുന്നത് ഇക്കണോമിക്കസ് അടിസ്ഥാനത്തിലാണ്. അതായത് സമ്പത്തിന്റെ അടിസ്ഥാനത്തില്‍. ഈ യുക്തി സ്വീകരിച്ചാലേ സമ്പദ് ശാസ്ത്രം പഠിക്കാനാവൂ. അതായത് മനുഷ്യര്‍ സാമ്പത്തിക യുക്തിയിലാണ് ജീവിക്കുന്നത്. ജീവിതത്തിലുണ്ടാകുന്നതെല്ലാം സാമ്പത്തികമായി നിര്‍ണയിക്കുന്നതാണ്. എനിക്കെന്താണ് ഇതില്‍ നിന്നു കിട്ടുക എന്ന ചിന്തയോടെയാണ് നമ്മള്‍ എന്തും ചെയ്യുന്നത്. അഥവാ അങ്ങനെയാണ് സമ്പദ് ശാസ്ത്രം പഠിച്ചവര്‍ പറയുക. മറ്റൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. യുക്തിപരമായ തെരഞ്ഞെടുപ്പിലൂടെയാണ് നമ്മള്‍ ഓരോന്നും ചെയ്യുന്നത്. അത് വിവാഹമായാലും കമ്പോളത്തില്‍ പോകുന്നതായാലും. സമ്പദ് ശാസ്ത്രം വെച്ചുപരിശോധിച്ചാല്‍ കമ്പോളത്തില്‍ വിവേചനമില്ല, ജാതിയില്ല, തരംതിരിവില്ല, പ്രാദേശികതയില്ല, സാമ്പത്തിക വിവേചനവുമില്ല. വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിനുള്ള പണം കയ്യിലുണ്ടോ എന്നതുമാത്രമാണ് പ്രശ്‌നം. ജാതി, പ്രാദേശികം, മതം, സാമുദായികം തുടങ്ങി സൗഹൃദം, സ്‌നേഹം തടങ്ങിയ മനസിന്റെ ഭാവങ്ങളെ പോലും സമ്പദ് ശാസ്ത്രം തള്ളിക്കളയുന്നു. മറിച്ച് വളരെ പരിമിതമായ, വ്യക്തിപരമായ താല്‍പ്പര്യം മാത്രം മുന്നോട്ടുകൊണ്ടുപോകുന്നു.. അതിലാണ് ജീവിക്കുന്നതെന്ന ധാരണ അടിസ്ഥാനപരമായി സ്വീകരിച്ചാലേ നമുക്ക് സമ്പദ് ശാസ്ത്രം പഠിക്കാനാവൂ. അങ്ങനെ അദ്ദേഹവും അത് പഠിച്ചു.
കുഞ്ഞാമന്‍ മാഷ് പഠിപ്പിച്ചത് മൂന്നാം ലോകരാജ്യങ്ങളുടെ സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. devolopment economics.. അതൊരു branch of knowledge ആണ്. കാര്‍ഷിക, വ്യവസായ, സേവന മേഖല തുടങ്ങി എന്താണോ പഠിക്കുന്നത്, പഠിപ്പിക്കുന്നത് അത് നമ്മുടെ ചിന്തയായി മാറും. സ്വന്തമായി മറ്റൊരു ചിന്തയുണ്ടാകാന്‍ സമയമെടുക്കും. പക്ഷെ ആഫ്രെയിം വര്‍ക്ക് പിടികിട്ടിയാല്‍ കുറെ കാര്യങ്ങള്‍ അതിനുള്ളില്‍ നിന്നുതന്നെ കിട്ടും.. അതിനുള്ള ശേഷിയാണ് methodological skill.. നല്ല പച്ചക്കറിയും ചേരുവകളും ഒത്താലേ നല്ല സാമ്പാര്‍ ഉണ്ടാകൂ. അത്തരത്തില്‍ തന്റെ വിഷയത്തിന്റെ ശക്തമായ അടിത്തറ പഠിച്ചയാളാണ് കുഞ്ഞാമന്‍. അേേദ്ദഹത്തിന്റെ പല ചിന്തകളും സാമ്പത്തിക യുക്തിക്കുള്ളിലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് മാര്‍ക്‌സിസം ഇഷ്ടമായത്. അത് സ്വാഭാവികമായിരുന്നു. അദ്ദേഹം proverbial ആയി സംസാരിക്കാനാരംഭിച്ചത് ആ പ്രേതബാധ ഉപേക്ഷിച്ചപ്പോഴാണ്. സമ്പദ് ശാസ്ത്രം പഠിക്കുകയാണെങ്കില്‍ സ്വാഭാവികമായും ആ ബാധയുണ്ടാകും. കേരളത്തിലാകട്ടെ എല്ലാവിഷയങ്ങളിലേക്കും അതിനെ കടത്തിവിട്ടിട്ടുണ്ട്. എല്ലാവരും ഇടതുപക്ഷക്കാരാകുക, എല്ലാവരും വര്‍ഗവീക്ഷണം നടത്തുക.. അതാണല്ലോ കേരളത്തിന്റെ പൊതുബോധം.
വര്‍ഗം ഒരു സാമ്പത്തിക സംസര്‍ഗമാണ്. അതില്‍ എപ്പോഴുമുണ്ടാകുക സാമ്പത്തിക താല്‍പ്പര്യമാണ്. അതിനനുയോജ്യമായ ഉപരിഘടന വളരെ ശക്തമായി ഇവിടെയുണ്ട്. ബുദ്ധിജീവിയാകാന്‍ വര്‍ഗ്ഗവീക്ഷണം വേണം, ആഗോളവല്‍ക്കരണത്തെ ചീത്ത വിളിക്കണം, മുതലാളിത്തം നല്ലതല്ല എന്നു പറയണം… അപ്പോള്‍ പ്രസംഗിക്കാന്‍ വേദികള്‍ കിട്ടും. അതില്‍ ആരും പെട്ടുപോകും. അതിനനുസരിച്ച് പാകപ്പെടും. കുഞ്ഞാമന്‍ അങ്ങനെ പെട്ടിരുന്നു. സമ്പദ്ശാസ്ത്രം എന്ന ഡിസിപ്ലിന്റെ ഉള്ളിലും അതിന്റെ രാഷ്ട്രീയപരിസരമായ മാര്‍ക്‌സിസത്തിലും. അവിടെ വെറുതെ ഇരുന്നു കൊടുത്താല്‍ മതി. പിന്നെ യാത്രയാണ്. എ കെ ജി സെന്റില്‍ നിന്നു പഠിക്കുകയും സര്‍വ്വകലാശാലകലില്‍ പോയി പഠിപ്പിക്കുകയും ചെയ്തിരുന്ന ആളായിരുന്നു താനെന്ന് അദ്ദേഹം പറയുമായിരുന്നു. അപകടകരമായ പ്രസ്താവനയാണതെന്ന് പിന്നീടാണ് മനസിലായത്. അന്ന് എന്തിനേയും കുറിച്ച് അന്തിമമായ വാക്കുപറയാനുള്ള ഒരാള്‍ എകെജി സെന്ററിലുണ്ടായിരുന്നു. അദ്ദേഹം വരേണ്യനായിരുന്നു. കണ്ടമാനം സ്വത്തുണ്ടായിരു്‌നനു. (എല്ലാം സാമ്പത്തികശാസ്ത്രമാണല്ലോ.). സ്വത്തെല്ലാം ഉപേക്ഷിച്ചു. (ഉള്ളവര്‍ക്കല്ലേ ഉപേക്ഷിക്കാനാവൂ.) ഇങ്ങനെയൊരവസ്ഥയിലാണ് അദ്ദേഹത്തിന്റെ സമ്പദ് ശാസ്ത്രചിന്ത രൂപം കൊണ്ടത്. ആ സമ്പദ് ശാസ്ത്രത്തോട് തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ അന്ന് അദ്ദേഹത്തിനായില്ല. അത് അദ്ദേഹത്തിന്റെ മാത്രം പ്രശ്‌നമല്ല. അന്നത്തെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിസരം അങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നത്. തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ ആര്‍ക്കും ആവുമായിരുന്നില്ല.
അംബേദ്കറില്‍ പക്ഷെ വേറൊരു ഡൈമന്‍ഷന്‍ കാണാം. അദ്ദേഹവും സാമ്പത്തികശാസ്ത്രം തന്നെയാണ് ആദ്യം പഠിച്ചത്.. തീസിസ് problem of rupee എന്ന വിഷയത്തിലായിരുന്നു. അതില്‍ ഇന്ത്യന്‍ മൈക്രോ എക്കണോമിക്‌സ് തന്നെയാണ് പഠിച്ചത്. പക്ഷെ വളരെ ശക്തമായി രാമനേയും കൃഷ്ണനേയുമൊക്കെ സാമൂഹ്യമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പിന്നീട് പക്ഷെ കുഞ്ഞാമന്‍ മാറുന്നുണ്ട്. ഹോമോ ഇക്കണോമിക്കസില്‍ നിന്ന് ഹോമോ സോഷ്യോളജിക്കസ് അല്ലെങ്കില്‍ ഹോമോ കള്‍ച്ചറലിക്കസ് എന്നതിലേക്ക് മാറാനായത് ദളിത് ആദിവാസി പോരാട്ടങ്ങളുമായ ഐക്യപ്പെടലില്‍ നിന്നാണ്. വളരെ സങ്കീര്‍ണ്ണമായ ഒരു ലോകം അപ്പുറത്ത് നില്‍ക്കുന്നു, ആ ലോകം യഥാര്‍ത്ഥത്തില്‍ ഈ സാമ്പത്തികലോകത്തെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകുന്നു. ദളിത് – പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യജീവിതവും സാമ്പത്തിക ജീവിതവും സാംസ്‌കാരിക ജീവിതവും വേര്‍തിരിച്ച് കാണാനാവില്ല. എല്ലാം ഒന്നിച്ചുപോകുന്നതാണ്. ഈ തിരിച്ചറിവോടെയാണ് കുഞ്ഞാമന്‍ മാഷില്‍ നിലനിന്നിരുന്ന സമ്പദ് ശാസ്ത്രചിന്തയിലുള്ള പരുക്കന്‍ സ്വഭാവത്തെ ചലിപ്പിക്കാനാരംഭിച്ചത്. അപ്പോഴാണ് അദ്ദേഹം വളരെ പ്രധാനപ്പെട്ട ഒരു സമ്പദ് സാസ്ത്ര ചിന്ത മുന്നോട്ടുവെച്ചത്.
എക്കണോമിക്‌സ് പഠിക്കുന്നവര്‍ അഞ്ചു പൈസ കയ്യിലില്ലെങ്കിലും കോടിക്കണക്കിനു രൂപയുടെ കണക്കൊക്കെയാണ് സോള്‍വ് ചെയ്യുക. മറ്റൊന്നും കിട്ടിയില്ലെങ്കിലാണ് ആളുകള്‍ പൊതുവെ ഇക്കണോമിക്‌സ് പഠിക്കുന്നത്. കേരളത്തില്‍ തേങ്ങയേക്കാള്‍ കൂടുതല്‍ ഇക്കണോമിക്‌സ് ബിരുദധാരികളാണെന്ന് ശ്രീനിവാസന്‍ പറയുന്നത് വെറുതെയല്ല. അത്തരം ഇക്കണോമിക്‌സിനെ കുറിച്ചല്ല പറയുന്നത്. കുഞ്ഞാമന് പഠനത്തില്‍ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ കാലിക്കറ്റ് യൂണിവഴ്‌സിറ്റിയില്‍ പോയപ്പോള്‍ ഹോസ്റ്റല്‍ മേറ്റ് പറഞ്ഞു, നിനക്ക് ഒന്നാം റാങ്ക് കിട്ടുമെന്ന് എനിക്കറിയാമായിരുന്നു എന്ന്. എങ്ങനെ? നീ കഴുതയെപോലെ പണിയെടുത്തു. അതുകൊണ്ടുതന്നെ. ഇത് കുഞ്ഞാമന്‍ തിരച്ചറിഞ്ഞത് പിന്നീടാണ്. ആദിവാസികളുടെ ജീവിതപരിസരത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണത്. അവര്‍ക്കിടയിലെ യുക്തിബോധം വ്യത്യസ്ഥമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നമ്മുടെ സാമ്പത്തികയുക്തിയല്ല അവരുടേത്. അവരില്‍ നിന്ന് തേന്‍ വാങ്ങി വില ചോദിച്ചാല്‍ എന്തെങ്കിലും തന്നാല്‍ മതിയെന്നാകും പറയുക. കുഞ്ഞാമനെ അവിടെ എത്തിക്കുന്നത് അദ്ദേഹത്തിന്റെ സോഷ്യല്‍ ലൊക്കേഷനാണ്. കൂലിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം നോക്കുക. എല്ലാ സമ്പദ് ശാസ്ത്രജ്ഞരും പറയുന്നു കേരളത്തിലെ ശരാശരി കൂലി 700-800 പൂരയാണെന്ന്. എട്ടു മണിക്കൂറാണ് ജോലി ചെയ്യുന്നതെന്ന്. എന്നാല്‍ ആദിവാസികള്‍ക്ക് കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരുന്നു, കൂലി കുറവും. കേരളത്തിലെ വേജ് റേറ്റ് എന്നു പറയുന്നത് ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ പറയുന്നത്. യാഥാസ്ഥിതികരായ സമ്പദ് ശാസ്ത്രജ്ഞരുടെ ചിന്തക്ക് കടകവിരുദ്ധമാണത്.
തുടര്‍ന്നാണ് കേരളത്തിന്റെ വികസന നയങ്ങളെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തില്‍ ശക്തമായത്. ആദിവാസികളുടെ അവസ്ഥയെ കുറിച്ച് ഘോരഘോരം ചര്‍ച്ച ചെയ്യുമ്പോള്‍ അവിടെ ആദിവാസികളാരും ഉണ്ടാകില്ല. കാടിനെ കുറിച്ച് കാട്ടില്‍ പോകാത്തവരിരുന്നാണ് ചര്‍ച്ച ചെയ്യുക. കാട്ടിലെ ആദിവാസിയുടെ എണ്ണമില്ല, പുലികളുടേതുണ്ട്. മരങ്ങളുടേതുണ്ട്. നിങ്ങളാരെയാണ് പഠിക്കുന്നതെന്ന് അദ്ദേഹം സ്റ്റേറ്റിനോട് ചോദിച്ചു. സ്റ്ററ്റും സാറുമായള്ള കലഹം അങ്ങനെ ആരംഭിച്ചു. കേരളത്തിന്റെ പൊതുനയത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. നമ്മുടെ ആരോഗ്യനയം ആരുടെതാണെന്ന് അദ്ദേഹം ചോദിച്ചു. അത് മിഡില്‍ ക്ലാസിന്റെയെന്ന് അദ്ദേഹം സ്ഥാപിച്ചു. അവിടെ ദളിതര്‍ക്ക് എന്തു സ്ഥാനം? അവരുടെ ആയുസ് താരതമ്യേന കുറവാണ്. ഇക്കാര്യത്തില്‍ ജാതിയില്ലെന്നു പലരും പറയും. ശരീരം നന്നായി നോക്കുന്നവര്‍ക്ക് ആയുസുകൂടുമെന്നും അല്ലാത്തവര്‍ക്ക് കുറയുമെന്നുമുള്ള യുക്തി. എന്നാല്‍ ശരീരം നില്‍ക്കുന്നതെങ്ങിനെ? കുട്ടിക്കാലത്ത് മതിയായ ഭക്ഷണം കഴിച്ചിട്ടുണ്ടോ? പ്രോട്ടീനുകള്‍ കിട്ടിയിട്ടുണ്ടോ? മനസമാധാനത്തോടെ ജീവിച്ചോ? ഇക്കണോമിക്‌സ് അനാലിസിലില്‍ ഈ ചോദ്യങ്ങള്‍ വരില്ല. വിശപ്പാണ് എനിക്കേറ്റവും പ്രധാനമെന്ന് കുഞ്ഞാമന്‍ പറഞ്ഞത് അതുകൊണ്ടാണ്.
നമ്മുടെ ആരോഗ്യ നയത്തില്‍ ആദിവാസി, ദളിത്, മത്സ്യതൊഴിലാളികളൊന്നും വരുന്നതേയില്ല. കേരളത്തെ യൂറോപ്പുമായൊക്കെ താരതമ്യം ചെയ്യുന്ന കുറെ കണക്കുകള്‍ ഉണ്ടല്ലോ. ആ മോഡലില്‍ ഇവരൊന്നുമില്ല. എന്നാല്‍ അവരാണ് വരേണ്യര്‍ക്ക് സമ്പത്ത് ഉണ്ടാക്കികൊടുത്തവര്‍. അവര്‍ അത്തരത്തില്‍ സമ്പത്തും ഭക്ഷണവും ഉണ്ടാക്കികൊടുക്കുമ്പോള്‍ ജീവിതം നിലനിര്‍ത്താനുള്ളത് മാത്രമാണ് തിരിച്ച് കിട്ടിയിരുന്നത്. അവരെ പക്ഷെ മരിക്കാനനുവദിക്കില്ല. കാരണം വീണ്ടും ആവശ്യമുണ്ട് എന്നതുതന്നെ. ചാവരുത്, പക്ഷെ ചത്തു പണിയെടുക്കണം. ഈ ലോജിക്കാണ് ജാതിയുടേത്. ഇത് ദീര്‍ഘകാലമായി, തലമുറകളായി ചെയ്തുവരുന്നു. അക്കാലത്ത് അവരുടെ മക്കള്‍ ABCD, കാകളി, വൃത്തങ്ങള്‍, രവിവര്‍മ്മ ചിത്രങ്ങളുടെ സൗന്ദര്യശാസ്ത്രം, കവിതകള്‍, രാമായണം തുടങ്ങിയവയൊക്കെ പഠിക്കുകയായിരുന്നു. ഇതിനു കാരണം ജാതിവിവേചനമായിരുന്നു. കൂലിയും അന്തസും നല്‍കാതെ ഉണ്ടാക്കിയതാണ് നിങ്ങളുടെ സമ്പത്ത്.
അതായിരിക്കണം സത്യത്തില്‍ മാര്‍ക്‌സിസ്റ്റ് വായന. ജാതിയാണ് അടിസ്ഥാനം. ആര്‍ക്കുമതില്‍ നിന്ന് രക്ഷപ്പെടാനാകില്ല. എനിക്ക് ജാതിയില്ല എന്നൊക്കെ പറയാം. എന്റെ നാട് കണ്ണൂരിലാണ്. ഒരിക്കല്‍ അമ്മയെ അപമാനിക്കുന്ന രീതിയില്‍ ഒരു സംഭവമുണ്ടായപ്പോള്‍ ഞാന്‍ ഫേസ് ബുക്കില്‍ അതേ കുറിച്ചെഴുതി. എന്നാല്‍ ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചത് ഈ ബ്രാഞ്ചില്‍ ജാതിയില്ല എന്നായിരുന്നു. എല്ലാം ശരിയായി എന്നാണീ കൂട്ടര്‍ പറയുന്നത്. ഇനി കുറച്ചെ ബാക്കിയുള്ളു അതും ഇപ്പ ശരിയാക്കിതരാം. ഒരു തരം മരവിച്ച, ജ്ഞാനബോധമില്ലാത്ത, ഉള്‍കാഴ്ചയില്ലാത്തവര്‍. അവര്‍ക്കിതൊന്നും മനസിലാകില്ല. അവരുടെ ചിന്തയില്‍ നിന്നും ജീവിതത്തില്‍ നിന്നും എത്രയോ അകലെയാണിതൊക്കെ.
പക്ഷെ മനസിലാക്കേണ്ടത് നിങ്ങള്‍ക്ക് സമ്പത്തുണ്ടാക്കി തന്ന വ്യവസ്ഥയാണ് ജാതിവിവേചനം എന്നതാണ്. അതിപ്പോഴും തുടരുന്നു. 56 ശതമാനം ജനങ്ങള്‍ കൂലിവേല ചെയ്യുന്നതില്‍ കൂടുതല്‍ ദളിതരാണ്. കൂലിക്കുവേണ്ടിയേ ഇവിടെ സമരം നടന്നിട്ടുള്ളു. കുഞ്ഞാമന്‍ മാഷ് പറഞ്ഞു. ഭൂമിക്കായി, അധികാരത്തിനായി സമരം ചെയ്യണം എന്ന്. അപ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ചങ്ങറയില്‍ കണ്ടു. അവര്‍ കൂലി തരും. എപ്പോഴും കൂലിപണിയെടുക്കണമെന്നു മാത്രം. അധ്വാനിക്കുന്ന മനുഷ്യരാണ് സമ്പത്തുണ്ടാക്കിയതെങ്കില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ താനാകുമായിരുന്നു എന്നു മാഷ് പറയുമായിരുന്നു. കാരണം മാഷുടെ കുടുംബം തലമുറളായി അധ്വാനിക്കുകയാിരുന്നു. പക്ഷെ അവര്‍ സമ്പന്നരായില്ല. പണിയെടുക്കരുത് എന്നദ്ദേഹം പറഞ്ഞത് അക്ഷരാര്‍ത്ഥത്തിലായിരുന്നില്ല. പണിയെടുത്ത് സമ്പന്നനാകാമെന്ന് തെറ്റിദ്ധരിച്ച് പണിയെടുക്കരുതെന്നാണ്. ആകുമെങ്കില്‍ ഏറ്റവും സമ്പന്നര്‍ ദളിതരാകുമായിരുന്നു. കാരണം എല്ലാമുണ്ടാക്കിയത് അവരായിരുന്നു. അവരുടെ സമ്പത്താണ് മറ്റുള്ളവരുടെ വീടുകളിലുള്ളത്. വീട്ടിലുള്ള എല്ലാറ്റിന്റേയും ഒരുഭാഗം അവരുടെ അധ്വാനത്തിന്റേതാണ്.
Discrimination economics എന്ന ശാഖയെ കുറിച്ച് കുഞ്ഞാമന്‍ ഏറെ പറഞ്ഞു. വിവേചനം നിലനില്‍ക്കുന്നതിനാലാണ് നിങ്ങള്‍ക്ക് സമ്പത്തുണ്ടായത്. അമേരിക്കന്‍ ബ്ലാക്‌സൊക്കെ പറയുന്നത് ആ സമ്പത്ത് സാമൂഹ്യകടമാണെന്നും തങ്ങള്‍ക്ക് തിരിച്ചു നല്‍കണം എന്നുമാണ്. ഇത്തരത്തില്‍ സാമൂഹ്യകടം തിരിച്ചുനല്‍കണമെന്നാവശ്യപ്പെടുന്ന ദാര്‍ശനിക സമ്പദ് ശാസ്ത്രം ഉണ്ടാക്കുന്ന പ്രക്രിയയിലായിരുന്നു കുഞ്ഞാമന്‍. Globalisation: A Subaltern Perspective എന്ന പുസ്തകത്തില്‍ അദ്ദേഹം അതാണ് ചര്‍ച്ച ചെയ്യുന്നത്. Economics of discrimination നെകുറിച്ച് അദ്ദേഹമേറെ പറഞ്ഞു. കേരളത്തിലായതിനാല്‍ അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇതെല്ലാം പറയുന്നവര്‍ നോട്ടപ്പുള്ളിയാകുന്ന നാടാണല്ലോ നമ്മുടേത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരം സംഘര്‍ഷത്തിനുള്ളിലായിരുന്നു അദ്ദേഹം അവസാനം എതിര് എന്ന ആത്മകഥ എഴുതിയത്. കീഴാളനെ പറ്റി എപ്പോഴും പറഞ്ഞിരുന്നത് മറ്റുള്ളവരാണ്. തീര്‍ച്ചയായും ഇപ്പോള്‍ മാറ്റത്തിന്റെ സൂചനകളുണ്ട്. സത്യത്തില്‍ റിസര്‍വേഷന്‍ സാമൂഹ്യകടം തിരിച്ചുകൊടുക്കുന്ന ഒരു മെക്കാനിസമാണ്. എന്നാല്‍ അക്കാര്യവും നിയന്ത്രിക്കുന്നത് സവര്‍ണരാണ്. ഇന്റര്‍വ്യൂ ബോര്‍ഡിലൊക്കെ ഇരിക്കുന്നത് അവരാണ്. ചോദ്യം ചെയ്യുന്നവരെ ഒഴിവാക്കും. അവരുടെ യുക്തിക്ക് വഴങ്ങുന്നവരെ കൊണ്ടുവരും. ഇങ്ങനെയാണ് എന്തിനേയും കൈകളിലൊതുക്കുന്നത്. എല്ലാ പൊതുനയങ്ങളേയും കുഞ്ഞാമന്‍ വിമര്‍ശിച്ചു. അതിനാല്‍ പലപ്പോഴും സ്‌റ്റേറ്റുമായി യോജിക്കാനാവത്ത സാഹചര്യം വന്നു. ജനകീയാസൂത്രണത്തില്‍ സ്‌റ്റേറ്റ് അദ്ദേഹത്തെ കൊണ്ടുനടന്നിട്ടുണ്ട്. പിന്നീടാണ് അദ്ദേഹമതിന്റെ ചതി മനസിലാക്കിയത്. കുറെപേര്‍ക്ക് ആടും കോഴിയും ലഭിച്ചിരുന്നുന്ന പരിപാടിയായിരുന്നല്ലോ അത്. എന്നാലത് കിട്ടിയത് ഭൂരിഭാഗവും സവര്‍ണര്‍ക്കു തന്നെയായിരുന്നു. സ്വന്തം ഭൂമിയുള്ളവര്‍, കൂലിപണിക്ക് പോകാത്തവര്‍, വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍. അവര്‍ക്കാണതൊക്കെ ലഭിച്ചത.് അവര്‍ക്ക് തരിശുകിടന്നിരുന്ന പാടത്ത് കൃഷിയിറക്കാനായി. പിന്നീടാണ് ഇതെല്ലാം വ്യക്തമായത്. മാത്രമല്ല അതൊരു പാര്‍ട്ടിപരിപാടി മാത്രമായിരുന്നു.
പൊതുനയമെന്നത് ഇവിടെ പാര്‍ട്ടിനയമാണ്. കേരളത്തില്‍ ഇവ നടപ്പാക്കുന്നത് വര്‍ഗയുക്തിക്കുള്ളിലാണ്. ദളിതര്‍ക്കത് മനസിലാകില്ല. അവര്‍ക്ക് പണിയെടുക്കാം, പാട്ടു പാടാം. പക്ഷെ പറയാനോ തീരുമാനിക്കാനോ ആകില്ല. ആ അവസ്ഥയെ സമ്പദ് ശാസ്ത്രലോകത്തുനിന്ന് മനസിലാക്കാന്‍ അദ്ദേഹം അതിനായി ഒരു ദാര്‍ശനികബോധം തന്നെ മുന്നോട്ടുവെച്ചു. സവര്‍ക്കര്‍ പറയുന്നു, അംബേദ്കര്‍ തൊണ്ടയിലെ മുള്ളാണ്, അത് ഇറങ്ങുന്നില്ല, എടുത്തുകളയാനാകുന്നുമില്ല. അതിന്റെ പേരാണ് ഇന്ത്യന്‍ ഭരണഘടന. അതു നിലനില്‍ക്കുന്നത് അടിത്തട്ടുസമൂഹങ്ങളുടെ ജാഗ്രതയിലാണ്. അവ നിലനിന്നാലേ നമുക്ക് മുന്നോട്ടുപോകാനാവൂ, സ്വതന്ത്രചിന്ത സാധ്യമാകൂ, സംസാരിക്കാനാവൂ. അതിനായി കുഞ്ഞാമനെപോലുള്ള കീഴാള പണ്ഡിതരും ചിന്തകരും നിരന്തരം സംസാരിച്ചിരുന്നു. അത് തുടരാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
എൻ സി ഹരിദാസൻ
December 12, 2024 at 6:38 am
ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള ദലിത് ചേംബർ ഒഫ് കൊമേഴ്സ് മാതൃകയിൽ കേരളത്തിലെ
ദലിതർ വ്യവസായികളായി മാറണം എന്ന ഡോ: എം.കുഞ്ഞാമന്റെ അവസാന കാലത്തെ
അഭിപ്രായം വായിച്ച് അതെങ്ങനെയാണ്
പ്രാവർത്തികമാക്കുക എന്ന് ഞാൻ എഴുതിയതിനോട് അദ്ദേഹം പ്രതികരിച്ചു കണ്ടില്ല.
ഒന്നുമില്ലായ്മയിൽ നിന്ന് ചില വ്യക്തികൾ ഉയർന്നു വന്ന് വ്യവസായികൾ ആയി മാറിയിട്ടുണ്ട്; അതിന്റെ പതിനായിരം ഇരട്ടി വ്യവസായം നടത്തി മുടിഞ്ഞു പോയവരുമുണ്ട്. ചില സമൂഹത്തിൽ വ്യാവസായിക വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം പ്രയോജനപ്പെടുത്തിയാണ് ദലിത് വിഭാഗങ്ങളിൽ നിന്ന് വ്യവസായികൾ ഉണ്ടായത് എന്നാണ് എന്റെ അഭിപ്രായം. കേരളത്തിൽ വ്യാവസായിക വളർച്ചക്ക് അത്യന്താപേക്ഷിതമായ മിക്ക ഘടകങ്ങളും ദലിതർക്ക് അപ്രാപ്യമാണ്.അവർക്ക് നിയമാനുസൃതം ലഭിക്കേണ്ടവ പോലും സമ്പന്നസവർണ വിഭാഗങ്ങൾ കൈക്കലാക്കിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി തുടങ്ങിയവ ഉദാഹരണം.