തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്

കോഴിക്കോട് അലന്റെ പിതാവ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഏറ്റവും ശ്രദ്ധേയം. ഭരണകൂട ഭീകരതക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. തങ്ങളുടെ നയമല്ല എന്നു പ്രഖ്യാപിച്ച് യുഎപിഎയും വ്യാജഏറ്റുമുട്ടല്‍ കൊലകളും പോലീസ് അതിക്രമങ്ങളും നടപ്പാക്കുന്നതിനെതിരെയാണ് അദ്ദേഹത്തെിന്റെ പോരാട്ടം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൊണ്ടുവന്ന്, പിന്നീട് പിന്‍വലിച്ച ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മത്സരം കൂടുതല്‍ പ്രസക്തമാകുന്നു.

കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലിലാണ്. മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായി ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നവരുണ്ട്. അതു പൂര്‍ണ്ണമായും ശരിയാണെന്നു പറയാനാകില്ല. കാരണം നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം കക്ഷിരാഷ്ട്രീയം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും കക്ഷിരാഷ്ട്രീയം ഘടകമാണ്. എന്നാല്‍ മറ്റനവധി ഘടകങ്ങളും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമെന്നുറപ്പ്. മിക്കവാറും സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ക്ക് നേരിട്ടറിയാമെന്നതിനാല്‍ തന്നെ അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും വ്യക്തിബന്ധങ്ങളുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്നുറപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് വാദിക്കുന്നവരുണ്ട്. അതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ജനാധിപത്യസംവിധാനത്തിലെ ഏറ്റവും അടിത്തട്ടിലെ ഈ പ്രക്രിയയെ രാഷ്ട്രീയവിമുക്തമാക്കുക എന്നാല്‍ ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തികളയലാണ്. മനുഷ്യസമൂഹം ആഗോളതലത്തില്‍ നേരിടുന്ന വിഷയങ്ങള്‍ മുതല്‍ പ്രാദേശിക വികസന വിഷങ്ങള്‍ വരെയുള്ള എന്തിനോടും സ്ഥാനാര്‍ത്ഥികളുടേയും അവരുടെ പ്രസ്ഥാനങ്ങളുടേയും നിലപാടുകള്‍ ചര്‍ച്ചയാകണം. മനുഷ്യസമൂഹത്തിന്റെയും ജനാധിപത്യത്തിന്റേയും പ്രകൃതിയുടേയും ഭാവിയെ കുറി്ച്ചുള്ള ആശയങ്ങളും ചര്‍ച്ചയാകണം. ജനാധിപത്യത്തിനു വെല്ലുവിളിയാകുന്ന വിഷയങ്ങളെ കുറിച്ചുള്ള നിലപാടുകള്‍ ജനങ്ങളോടു പറയണം. സാമൂഹ്യനീതി, സാമ്പത്തികനീതി, ഫെഡറലിസം, മതേതരത്വം, വികസനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയാകണം. ആദിവാസികള്‍, ദളിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, ലൈംഗിക – ലിംഗ ന്യൂനപക്ഷങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ തയ്യാറാകണം. വെള്ളം, വായു, വനം തുടങ്ങി വരും തലമുറക്കുകൂടി അവകാശപ്പെട്ട പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കാന്‍ എന്തുചെയ്യുമെന്നും പ്രഖ്യാപിക്കണം. ജാതീയവും ലിംഗപരവുമടക്കം നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്ന കാര്യത്തിലും നിലപാട് വ്യക്തമാക്കണം. തീര്‍ച്ചയായും നിലവിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികരണം കൂടിയാകണം ഈ അടിസ്ഥാന തല തെരഞ്ഞെടുപ്പ്. സ്വര്‍ണ്ണകടത്തു മുതല്‍ KSFE് വരെ സമീപകാലത്ത് ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ മുതല്‍ മുന്നോക്ക സംവരണം വരെ ചര്‍ച്ചയാകണം. ഒപ്പം പ്രതിപക്ഷം തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നും പിശോധിക്കപ്പെടണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതൊക്കെയാണെങ്കിലും ലോകസഭ – നിയമസഭ തെരഞ്ഞെടുപ്പുകളുമായി വലിയ അന്തരം ഈ തെരഞ്ഞെടുപ്പിനുണ്ട്. പ്രാദേശിക വികസനവിഷയങ്ങള്‍ ഇവിടെ വളരെ പ്രധാനമാകുന്നു. സ്ഥാനാര്‍ത്ഥികളും പ്രധാനം തന്നെ. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശ്രീകോവിലാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. അതേസമയം ഇന്ത്യന്‍ സാഹചര്യത്തില്‍ മറ്റൊരു ഘടകം വളരെ പ്രധാനമായിരുന്നു. സ്വയം സമ്പൂര്‍ണ്ണ ഗ്രാമങ്ങളെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്തിരുന്ന കാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കൊടികുത്തി വാഴുന്ന ജാതീയത കാണാതിരിക്കാന്‍ സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് കഴിയുമായിരുന്നില്ല. അതങ്ങനെ നിലനില്‍ക്കുന്നിടത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വന്‍ അധികാരങ്ങള്‍ നല്‍കുമ്പോള്‍ ആരാണവ കൈക്കലാക്കുക എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഗ്രാമസ്വരാജ് എന്ന ആശയം ഈ ജാതിവ്യവസ്ഥയെ സംരക്ഷിക്കുമെന്ന ധാരണ ന്യായമായിരുന്നു. ജാതീയതയെ തകര്‍ക്കുന്ന രീതിയില്‍ വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും വികസിക്കുകയാണു വേണ്ടതെന്ന വാദവും ഉന്നയിക്കപ്പെട്ടു. അതെത്രമാത്രം മുന്നോട്ടുപോയെന്നു ഗൗരവമായി പരിശോധിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. നാട്ടിന്‍ പുറങ്ങളിലെ ഭീകരമായ ജാതിപീഡനത്തെ അതിജീവിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞെങ്കിലും നഗരങ്ങളിലെത്തിയ അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതം ചേരികളില്‍ എത്രയോ മോശം അവസ്ഥയിലാണെന്ന് കൊവിഡ് കാലത്തെ അവരുടെ പലായനസമയത്ത് നാം കണ്ടതാണല്ലോ.

എന്തായാലും പിന്നീട് രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ രാജ്യം കുറെ മുന്നോട്ടുപോയി. കേരളത്തിലാകട്ടെ ജനകീയസൂത്രണ പ്രക്രിയ ഈ മാറ്റത്തെ ത്വരിതപ്പെടുത്തി. ഇന്ന് വലിയ അധികാരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ട്. വലിയ ഫണ്ടുകള്‍ അവിടെയെത്തുന്നു. പലപ്പോഴും അവ പൂര്‍ണ്ണമായും വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പല നിര്‍ണ്ണായകവിഷയങ്ങളിലും ഭരണസമിതികള്‍ നിശബ്ദരായി ഇരിക്കേണ്ടിവരാറുണ്ട്. ഉദാഹരണം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വന്‍കിട സ്ഥാപനം വരുകയാണെങ്കില്‍. പ്ലാച്ചിമടയിലും കാതിക്കുടത്തുമൊക്കെ ഇതു നാം കണ്ടു. എന്തിനേറെ, ആദിവാസികളുടെ വനാവകാശം പോലും വെല്ലുവിളിച്ചാല്‍ അതിരപ്പിള്ളിയും ഇപ്പോള്‍ ആനക്കയവും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പദ്ധതികള്‍ക്കായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കലുകള്‍ നടക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ പഞ്ചായത്തുകള്‍ക്കാവുന്നില്ല. ഗ്രാമസഭകളും മറ്റും മിക്കപ്പോഴും നോക്കുകുത്തികളാണ്. ജനകീയസൂത്രണം ഏറെക്കുറെ പാര്‍ട്ടി ആസൂത്രണമാണ്. ഏറ്റവും അടിസ്ഥാനമായ റോഡുകളും ജലവിതരണവും പോലും കുറ്റമറ്റതാക്കാന്‍ പൊതുവില്‍ കഴിയുന്നില്ല. സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മിക്കവാറും പരാജയമാണ്. പലപ്പോഴും ഉദ്യോഗസ്ഥരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാന്‍ ഭരണസമിതികള്‍ക്കാവുന്നില്ല. നഗരങ്ങളിലെ മാലിന്യസംസ്‌കരണത്തിന്റെ കാര്യം പറയാനുമില്ല. ഇന്നുമതിന് പരിഹാരമായിട്ടില്ല. മൃതദേഹസംസ്‌കരണത്തിലും പ്രശ്‌നങ്ങള്‍ നിരവധി. ഈ പട്ടിക അനന്തമായി നീളുന്നതാണ്. അഴിമതി ഇല്ലാതാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും അസ്ഥാനത്താണ്. ഭരണസമിതികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സോഷ്യല്‍ ഓഡിറ്റിംഗും നടക്കുന്നില്ല. കേരളത്തെ സംബന്ധിച്ച് ബ്ലോക്ക് തലം ആവശ്യമാണോ എന്ന് ഇനിയെങ്കിലും പുനപരിശോധിക്കേണ്ടതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ എടുത്തുപറയത്തക്ക ഒന്ന് സ്ത്രീകളുടെ സാന്നിധ്യമാണല്ലോ. 50 ശതമാനം സംവരണം തന്നെയുള്ളതിനാല്‍ പലപ്പോഴും അതിനേക്കാള്‍ കൂടാറുണ്ട്. നിരവധി സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കഴിവ് പ്രകടിപ്പിക്കുന്നുമുണ്ട്. എങ്കിലും പുരുഷന്റേയും പാര്‍ട്ടിയുടേയും ബാക്ക് സീറ്റ് ഡ്രൈവിംഗ് തുടരുകയാണ്. പലരുടേയും പൊതുജീവിതം അഞ്ചുവര്‍ഷം കൊണ്ട് അവസാനിക്കുന്നതും കാണാം. മത്സരിച്ച മണ്ഡലം ജനറലാകുമ്പോള്‍ ഇവര്‍ പുറത്താകുന്നു. അടുത്ത തവണ മറ്റാരെങ്കിലും മത്സരിക്കാം. മെമ്പര്‍മരല്ലാതാകുന്ന സ്ത്രീകള്‍ക്കാകട്ടെ കാര്യമായ പ്രവര്‍ത്തന മണ്ഡലമില്ലാത്തതിനാല്‍ ഗൃഹഭരണത്തിലേക്ക് തിരിച്ചുപോകുന്നു. ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ക്കും തുല്ല്യപ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടികള്‍ തയ്യാറാകണം. ചെറിയ മാറ്റങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ കാണാനുണ്ട്. മാത്രമല്ല, ഇക്കുറി ചെറുപ്പക്കാര്‍ കൂടുതല്‍ രംഗത്തുണ്ട്. തീര്‍ച്ചയായും പിന്തുണക്കേണ്ട പ്രവണതയണത്.

തുടക്കത്തില്‍ പറഞ്ഞ പോലെ കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ചില ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിനുണ്ട്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ജനങ്ങള്‍ക്കുമുന്നില്‍ പരമാവധി സുതാര്യമാണ്. നാടിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അവരോട് നേരിട്ട് ചോദിക്കാന്‍ പ്രചാരണകാലത്ത് അവസരമുണ്ട്. അതുപയോഗിക്കാന്‍ തയ്യാറാകണം എന്നു മാത്രം. മാത്രമല്ല, നാടിന്റെ അടിസ്ഥാന വികസനത്തിനായി കക്ഷിരാഷ്ട്രീയത്തെ മറികടക്കുന്ന ജനകീയ കൂട്ടായ്മകളും ആവശ്യമാണ്. അവ ജനാധിപത്യത്തിന്റെ അന്തസത്ത വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഇക്കുറി സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം കൂട്ടായ്മകള്‍ രംഗത്തുണ്ട്. കൊച്ചിയടക്കം സംസ്ഥാനത്തു പലയിടത്തുമുള്ള ജനമുന്നേറ്റം, കിഴക്കമ്പലമടക്കം വിവിധയിടങ്ങളിലെ twenty – twenty, V 4 കൊച്ചി, V 4 തൃശൂര്‍, V 4 ചാലക്കുടി, അവിണിശേരി രാഷ്ട്രീയ ചര്‍ച്ച, പയ്യോളി ജനകീയ സമിതി, കോഴിക്കോട് ദ പീപ്പിള്‍, Save Kondotty Forum, മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളിലെ .ജനസഭ, തൃശൂരില്‍ വിവിധയിടങ്ങളിലെ സ്വരാജുകള്‍ എന്നങ്ങെിനെ പട്ടിക നീളുന്നു. ചെല്ലാനം, പിഴല, വയല്‍ക്കിളികള്‍ തുടങ്ങി പല ജനകീയ സമരപ്രവര്‍ത്തകരും തെരഞ്ഞെടുപ്പുരംഗത്തുണ്ട്. കാലങ്ങളായുള്ള തങ്ങളുടെ അവകാശങ്ങളോടും പോരാട്ടങ്ങളോടും മുഖംതിരിക്കുന്നതിനെതിരെയാണ് ഇവരുടെ പോരാട്ടം.  മുന്നോക്കസംവരണത്തെ ശക്തമായി എതിര്‍ത്ത് ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം പോലുള്ള സംഘടനകളും രംഗത്തുണ്ട്. കോഴിക്കോട് അലന്റെ പിതാവ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഏറ്റവും ശ്രദ്ധേയം. ഭരണകൂട ഭീകരതക്കെതിരെയാണ് അദ്ദേഹം പോരാടുന്നത്. തങ്ങളുടെ നയമല്ല എന്നു പ്രഖ്യാപിച്ച് യുഎപിഎയും വ്യാജഏറ്റുമുട്ടല്‍ കൊലകളും പോലീസ് അതിക്രമങ്ങളും നടപ്പാക്കുന്നതിനെതിരെയാണ് അദ്ദേഹത്തെിന്റെ പോരാട്ടം. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൊണ്ടുവന്ന്, പിന്നീട് പിന്‍വലിച്ച ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മത്സരം കൂടുതല്‍ പ്രസക്തമാകുന്നു. കോട്ടയത്ത് വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയനും മത്സരിക്കുന്നു. ഇവരുടെയെല്ലാം പങ്കാളിത്തം ജനാധിപത്യപ്രക്രിയയെ കൂടുതല്‍ കരുത്തുള്ളതാക്കാനും രാഷ്ട്രീയപാര്‍ട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനും സഹായിക്കുമെന്നു കരുതാം.

രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കേണ്ട സമയമല്ല ഈ തെരഞ്ഞെടുപ്പുവേള. മറിച്ച് കൂടുതല്‍ രാഷ്ട്രീയ ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണ്. പഞ്ചായത്തീ രാജ് നഗരപാലികാ നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഓരോരുത്തരം തയ്യാറാകണം. ഗ്രാമസഭകളുടെ അവകാശങ്ങളെക്കുറിച്ചും, അതിന്റെ സാധ്യതകളെക്കുറിച്ചും, പദ്ധതികളെക്കുറിച്ചുമുള്ള അറിവ് നേടണം. പരാതികള്‍ എവിടെയാണ് ബോധിപ്പിക്കെണ്ടതെന്ന് മനസ്സിലാക്കണം. വിവരാവകാശ നിയമം, സേവനാവകാശ നിയമം, ഉപഭോക്തൃ നിയമം, അഴിമതി നിരോധണ നിയമം എന്നിവ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply