അതെ, അതിര്‍ത്തികളടഞ്ഞാല്‍ തളരുന്ന കേരളം തന്നെ

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് പലരും പ്രവാസികളെ കുറ്റപ്പെടുത്തിയതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് അവരുടെ വിയര്‍പ്പിന്റെ കാശുകൊണ്ടാണ് നമ്മള്‍ കഞ്ഞി കുടിച്ച് നടന്നത് എന്നു മറക്കരുത് എന്നായിരുന്നു. പച്ചയായ യാഥാര്‍ത്ഥ്യമാണ് അദ്ദേഹം പറഞ്ഞത്. ഉല്‍പ്പാദന മേഖലകളൊന്നും വികസിക്കാതെ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ്ഘടനയെ നിര്‍്ണായക ഘട്ടത്തില്‍ രക്ഷിച്ചത് മലയാളികളുടെ പ്രവാസം തന്നെയായിരുന്നു. കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം വളരാതിരിക്കാന്‍ കാരണം ഗള്‍ഫ് കുടിയേറ്റമായിരുന്നെന്ന്് എഴുത്തുകാരന്‍ സി ആര്‍ പരമേശ്വരന്‍ തമാശരൂപത്തില്‍ പറഞ്ഞതും ശരിയായിരുന്നു.

രോഗികള്‍ക്കുള്ള ചികിത്സ പോലും നിഷേധിച്ച് അതിര്‍ത്തി റോഡ് മണ്ണിട്ടുമൂടിയ കര്‍ണ്ണാടകത്തിന്റെ നടപടി ഏറ്റവും ക്രൂരവും അപലപനീയവും തന്നെ. അപ്പോഴും നമ്മുടെ ഏതാനും അതിര്‍ത്തി റോഡുകള്‍ അടച്ചാല്‍ തളരുന്ന അവസ്ഥയില്‍ തന്നെയാണ് കേരളം എന്ന യാഥാര്‍ത്ഥ്യത്തെ അംഗികരിക്കാനും അഭിമുഖീകരിക്കാനും പടിപടിയായെങ്കിലും അതിനൊരു പരിഹാരം കണ്ടെത്താനും നാം ശ്രമിച്ചേ പറ്റൂ. കോറോണാനന്തരകാലത്ത് കേരളത്തിന്റെ പ്രധാന രാഷ്ട്രീയ അജണ്ട അതായിരിക്കണം. ആഗോളീകരണത്തിന്റേയും ഇന്റര്‍നെറ്റിന്റേയും കാലത്ത് ഒരു പ്രദേശത്തിനും സ്വന്തം കാലില്‍ മാത്രം നില്‍ക്കാനാവില്ല എന്നതില്‍ സംശയമില്ല. രാജ്യങ്ങള്‍ക്കുപോലും അതു സാധ്യമല്ല. പക്ഷെ ഓരോപ്രദേശത്തിന്റേയും സാധ്യതകളുടേയും വിഭവങ്ങളുടേയും അടിസ്ഥാനത്തിലുള്ള വികസനം അവിടെ നടക്കണം. പ്രത്യകിച്ച് കാര്‍ഷിക – വ്യവസായിക മേഖലകളില്‍. അതിന്റെ അടിത്തറയില്‍ നിന്നാണ് രാജ്യങ്ങളായാലും സംസ്ഥാനങ്ങളായാലും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകള്‍ നടത്തേണ്ടത്. എന്നാല്‍ അത്തരമൊരു വികാസം കേരളത്തിലുണ്ടായില്ല. അതാണ് അതിര്‍ത്തികളടഞ്ഞാല്‍ തികച്ചും നിസ്സഹായരാകുന്ന അവസ്ഥയിലേക്ക് നമ്മെ എത്തിച്ചത്.

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് പലരും പ്രവാസികളെ കുറ്റപ്പെടുത്തിയതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത് അവരുടെ വിയര്‍പ്പിന്റെ കാശുകൊണ്ടാണ് നമ്മള്‍ കഞ്ഞി കുടിച്ച് നടന്നത് എന്നു മറക്കരുത് എന്നായിരുന്നു. പച്ചയായ യാഥാര്‍ത്ഥ്യമാണ് അദ്ദേഹം പറഞ്ഞത്. ഉല്‍പ്പാദന മേഖലകളൊന്നും വികസിക്കാതെ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ്ഘടനയെ നിര്‍്ണായക ഘട്ടത്തില്‍ രക്ഷിച്ചത് മലയാളികളുടെ പ്രവാസം തന്നെയായിരുന്നു. കേരളത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം വളരാതിരിക്കാന്‍ കാരണം ഗള്‍ഫ് കുടിയേറ്റമായിരുന്നെന്ന്് എഴുത്തുകാരന്‍ സി ആര്‍ പരമേശ്വരന്‍ തമാശരൂപത്തില്‍ പറഞ്ഞതും ശരിയായിരുന്നു. മിക്ക വികസന സൂചികകളിലും സംസ്ഥാനം രാജ്യത്തുതന്നെ മുന്‍നിരയിലെത്താന്‍ പ്രധാന കാരണം പ്രവാസികള്‍ അയച്ച പണമായിരുന്നു. എന്നാല്‍ ആ ഭീമമായ പണം യഥാര്‍ത്ഥ വികസന, ഉല്‍പ്പാദന സംരംഭങ്ങളിലേക്ക് തിരിച്ചുവിടാനായില്ല എന്നതിന്റെ ദുരന്തമാണ് നാമിപ്പോള്‍ നേരിടുന്നത്.

കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണെന്ന് എല്ലാവര്‍ക്കമറിയാം. ധനമന്ത്രി തന്നെ പലപ്പോഴുമത് ആവര്‍ത്തിക്കാറുമുണ്ട്. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിതനാടിനോ ഒരിക്കലും ഭൂഷണമല്ല ഇത്. ആദ്യരണ്ടും ഒരിക്കലും ശാശ്വതമല്ല. ഒരു മാറാരോഗോമോ യുദ്ധമോ സാമ്പത്തിക പ്രതിസന്ധിയോ വന്നാല്‍ തകരാവുന്നത്. അടുത്ത രണ്ടും ഒരിക്കലും നൈതികമായി ശരിയല്ലാത്ത വരുമാനമാര്‍ഗ്ഗങ്ങള്‍. മറിച്ച് ആധുനികകാലത്ത് ഒരു നാടിന്റെ യഥാര്‍ത്ഥ വികസന സൂചികകളായ കൃഷിയുടേയും വ്യവസായത്തിന്റേയും കേരളത്തിലെ അവസ്ഥ എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. തമിഴ് നാടും കര്‍ണ്ണാടകവും അതിര്‍ത്തികളടക്കുകയും കേന്ദ്രം കനിയാതിരിക്കുകയുംചെയ്താല്‍ പട്ടിണിയിലാവുന്ന അവസ്ഥയാണല്ലോ നമ്മുടേത്. വളരെ അടുത്തകാലത്തുപോലും നെല്ലിലും മറ്റും ഏറെക്കുറെ സ്വയംപര്യാപ്തമായിരുന്ന നാടാണ് ഈയവസ്ഥയിലേക്കു മാറിയത്. അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതിനാല്‍ കൂടുതലായി അതിലേക്ക് പോകുന്നില്ല.

വ്യവസായിക മേഖലയിലേക്കു വന്നാലോ? കഴിഞ്ഞ ദിവസത്തെ ഒരു വാര്‍ത്തതന്നെ നോക്കൂ. തമിഴ് നാട് പാല്‍ വാങ്ങാത്തിനെ തുടര്‍ന്ന് മില്‍മയുടെ ആശങ്കയും കര്‍ഷകര്‍ പാല്‍ ഒഴുക്കികളഞ്ഞതുമാണ് ഉദ്ദേശിച്ചത്. തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയി പാല്‍പൊടിയാക്കുന്ന പ്രക്രിയ തല്‍ക്കാലം നിര്‍ത്തുന്നു എന്നാണ് തമിഴ് നാട് പറഞ്ഞത്. അത്തരത്തിലുള്ള സംരംഭങ്ങള്‍ ഇവിടെ തുടങ്ങാന്‍ വല്ല ബുദ്ധിമുട്ടുമുണ്ടോ? അതും ധവളവിപ്ലവത്തിന്റെ ശില്‍പ്പി കുരിയന്റെ നാട്ടില്‍. നമുക്ക് സുലഭമായ വസ്തുക്കളുടെ കാര്യമായ മൂല്യവര്‍ദ്ധിത പ്രക്രിയയൊന്നും ഇവിടെ നടക്കുന്നില്ല എന്നതല്ലേ വസ്തുത? ഇത്രയധികം റബ്ബറുണ്ടായി്ടും വാഹനങ്ങള്‍ ഓടിയിട്ടും ടയര്‍ കമ്പനികളുണ്ടോ? എന്തിന്, നല്ലൊരു ബലൂണ്‍ ഫാക്ടറിയുണ്ടോ? നാളികേരത്തിന്റെ കാര്യവും വ്യത്യസ്ഥമാണോ? പുറത്തുനിന്നുള്ള വെളിച്ചണ്ണയും സോപ്പുമൊക്കെയല്ലേ നമ്മുടെ മാര്‍ക്കറ്റില്‍ സുലഭമായി കാണുന്നത്. ചക്ക, മാങ്ങ, കശുമാങ്ങ തുടങ്ങിയ പഴ വര്‍ഗ്ഗങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഇവിടെ ലഭ്യമായ കാര്‍ഷിക വിളകളെ മൂല്യവര്‍ദ്ധിതമാക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ കാര്‍ഷിക മേഖലയും വ്യവസായിക മേഖലയും പുരോഗമിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. അസംസകൃതവസ്തുക്കള്‍ക്കു പകരം നമ്മള്‍ അവസാന ഉല്‍പ്പന്നങ്ങളായിരിക്കും മറ്റുള്ളവര്‍ക്ക കൈമാറുക. ഇവിടെ ലഭ്യമല്ലാത്തവ പുറത്തുനിന്നു വാങ്ങുകയും ചെയ്യും. അപ്പോള്‍ ഒരു സംസ്ഥാനത്തിനും അതിര്‍ത്തികളടച്ച് നമ്മെ ഭീഷണിപ്പെടുത്താനാവില്ല. കേന്ദ്രത്തിനുമുന്നില്‍ യാചിക്കേണ്ടിവരില്ല. നിര്‍ഭാഗ്യവശാല്‍ അതല്ല ഇവിടെ ഉണ്ടായത്. പകരം നമ്മുടെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമല്ലാത്ത കുറെ വ്യവസായങ്ങളാണ്. മാവൂരും പ്ലാച്ചിമടയും നിറ്റാജലാറ്റീനും പെരിയാര്‍ കരയിലുള്ള രാസവ്യവസായങ്ങളും പോലെ. ആധുനിക കാലത്തെ പ്രതീക്ഷയെന്നു പറയുന്ന ഐ ടി മേഖലയില്‍ കേരളത്തിന്റെ സംഭാവന എത്രയോ തുച്ഛമാണ്. അവിടേയും മലയാളികള്‍ ഇന്ത്യയിലേയും ലോകത്തേയും വന്‍നഗരങ്ങളില്‍ ധാരാളം ജോലി ചെയ്യുന്നുണ്ട് എന്നതു ശരിയാണ്.

മറ്റുമേഖലകളിലേക്കുവന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം ഏറ്റവും മുന്നിലാണെന്നല്ലോ വെപ്പ്. അപ്പോഴാണ് കര്‍ണ്ണാടക റോഡടച്ചപ്പോള്‍ ഏഴുപേര്‍ ഇതിനകം മരിച്ചത്. കൊറോണ കാലത്ത് ഇവിടെ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യമെങ്ങും മാത്രമല്ല, ലോകമെങ്ങും ദുരിതമനുഭവിക്കുന്നത്. സത്യത്തില്‍ ഈ രണ്ടുമേഖലകളിലും പ്രാഥമിക തലത്തില്‍ മാത്രമാണ് നമ്മള്‍ മുന്നിലുള്ളത്. ഈ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ വീണ്ടും തുറന്നുകാട്ടപ്പെടുന്നത്. എന്നാല്‍ ഉല്‍പ്പാദന മേഖലകള്‍ വികസിച്ചില്ലെങ്കിലും ഒരു സമൂഹത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നതിനു ഉദാഹരണമായി കേരളമോഡല്‍ ലോകമെങ്ങും കൊട്ടിഘോഷിച്ചപ്പോള്‍ നാം ഏറെ അഹങ്കരിക്കുകയായിരുന്നു. അതു തകരുകയാണെന്നു തിരിച്ചറിയുമ്പോഴും കണ്ണുതുറക്കാന്‍ തയ്യാറാകാതെ നമ്പര്‍ വണ്‍ എന്ന പല്ലവിയാണ് നാം ഉരുവിടുന്നത്. അതിന്റെതന്നെ മറ്റൊരു വശവും നാം കണ്ടില്ലെന്നു നടിക്കുന്നു. ഈ കേരളമോഡലില്‍ തന്നെ അര്‍ഹമായ വിഹിതം ലഭിക്കാത്ത ദളിതരുടേയും ആദിവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും തോട്ടം തൊഴിലാളികളുടേയും സ്ത്രീകളുടേയും ഇപ്പോള്‍ ഇതരസംസ്ഥാനക്കാരുടേയും മറ്റും പ്രശ്‌നങ്ങളാണ് ഉദ്ദേശിച്ചത്. നമ്മള്‍ കണ്ണടച്ചിരുട്ടാക്കി കാണാന്‍ ശ്രമിക്കാതിരുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഈ കൊറോണകാലത്ത് വീണ്ടും മറനാക്കി പുറത്തുവരുന്നത്. അവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ വരും കാലത്തു തയ്യാറായില്ലെങ്കില്‍ 100 ശതമാനവും ഒരു ആശ്രിതസമൂഹമായി നാം മാറുന്ന കാലം വിദൂരമായിരിക്കില്ല. തുടക്കത്തില്‍ പറഞ്ഞപോലെ കോറോണാനന്തരകാലത്ത് കേരളത്തിന്റെ പ്രധാന രാഷ്ട്രീയ അജണ്ട അതായിരിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply