അക്ഷരങ്ങള്‍

(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2022 ജനുവരി 16 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘ഡിജിറ്റല്‍ കാലത്ത് അപ്രത്യക്ഷമാകുന്ന അക്ഷരങ്ങള്‍’ എന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം )

ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കേരളത്തിലെ കുട്ടികള്‍ സ്വന്തം ഭാഷയുടെ അക്ഷരമാല കാണാന്‍ വിധിക്കപ്പെട്ടിട്ടില്ല എന്ന എം.എന്‍. കാരശ്ശേരിയുടെ വെളിപ്പെടുത്തല്‍ ഇന്ന് അക്കാദമിക-ഭരണ രംഗത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നു. ആശയ പ്രധാനമാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം എന്നും, ആശയങ്ങളും വാക്യങ്ങളും വാക്കുകളുമായി പഠനം മുന്നേറുന്നു എന്നുമാണ് പുതിയ പാഠ്യപദ്ധതിയുടെ വക്താക്കള്‍ പറയുന്നത്. വാക്യങ്ങളിലൂടെ, വാക്കുകളിലൂടെ അക്ഷരങ്ങള്‍ താനേ വിദ്യാര്‍ത്ഥികളുടെ ബോധത്തില്‍ രൂപപ്പെട്ടുകൊള്ളും എന്നവര്‍ വാദിക്കുന്നു. അക്ഷരങ്ങളില്‍ ഊന്നിയുള്ള പഠനസമ്പ്രദായം കാലഹരണപ്പെട്ടിരിക്കുന്നു എന്നും അക്ഷരമാലയെകുറിച്ചുള്ള വേവലാതികള്‍ അസ്ഥാനത്താണെന്നും അവര്‍ പറയുന്നു.

അക്ഷരങ്ങള്‍ക്ക് അമിതപ്രാധാന്യം കല്പിക്കേണ്ടതില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള മലയാളം പാഠപുസ്തകങ്ങളെല്ലാം മലയാള അക്ഷരങ്ങളിലാണ്! ഈ സംവാദത്തിനനുബന്ധമായി അച്ചടിച്ചുവരുന്ന ലേഖനങ്ങളും സോഷ്യല്‍ മീഡിയകളിലെ അസംഖ്യം പോസ്റ്റുകളും മലയാള അക്ഷരങ്ങളിലാണ്. ഈ ലേഖനവും മലയാള അക്ഷരങ്ങളില്‍ തന്നെ. അക്ഷരത്തെ എത്ര അകറ്റി നിറുത്തിയാലും ആശയപ്രകാശനത്തിന്റെയും ആലേഖനത്തിന്റെയും വിതരണത്തിന്റെയും കാര്യം വരുമ്പോള്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അക്ഷരങ്ങള്‍ മലയാളിയുടെ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അവ കടലാസ്സിലാവാം, ഡിജിറ്റല്‍ പ്രതലങ്ങളിലാകാം. ആര്‍ക്കും അക്ഷരങ്ങളെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല.

മനുഷ്യന് അക്ഷരങ്ങളില്ലാത്ത ഒരു നീണ്ടകാലം ഉണ്ടായിരുന്നു. ശബ്ദങ്ങളില്‍ മാത്രം ജീവിച്ച അഞ്ചുലക്ഷം, ഒരു പക്ഷെ പത്തുലക്ഷം വര്‍ഷങ്ങള്‍. വാമൊഴിക്കാലത്തിന്റെ തുടര്‍ച്ചയായി വരമൊഴി വന്നിട്ട് മൂവായിരം വര്‍ഷമേ ആയിട്ടുള്ളൂ. ലോകത്ത് ഏഴായിരം ഭാഷകളുണ്ടെന്ന് പറയപ്പെടുന്നു. അവയില്‍ 500 ഭാഷകള്‍ക്കുപോലും അക്ഷരങ്ങളില്ല. ആധുനിക ഡിജിറ്റല്‍ അക്ഷരപ്രതിനിധാനമായ യൂണികോഡില്‍ പോലും 159 ഭാഷകളേ ഇന്നുള്ളു. അക്ഷരമില്ലാതെ വാമൊഴിയില്‍ മാത്രം അനേകം കോടി ജനങ്ങള്‍ ഭൂമുഖത്ത് ജീവിക്കുന്നു. ഡിജിറ്റല്‍ കാലത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അക്ഷരമാലപോലും അവഗണിക്കപ്പെട്ട് അക്ഷരങ്ങളുള്ള ഭാഷകളില്‍നിന്ന് അക്ഷരങ്ങള്‍ അപ്രത്യക്ഷമാകുമോ?

അക്ഷരങ്ങള്‍ എന്താണെന്നും അതിന്റെ ധര്‍മ്മം എന്താണെന്നും അതുപയോഗിച്ച് തെറ്റില്ലാതെ വാക്കുകളും വാക്യങ്ങളും എഴുതാന്‍ പഠിച്ചില്ലെങ്കില്‍, ഉച്ചരിക്കാന്‍ പഠിച്ചില്ലെങ്കില്‍ മലയാളിയുടെ ആശയസംവേദനം തകരാറിലാകുമോ എന്നും നാം ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. മലയാളത്തിലിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നം ഇത്രയ്ക്ക് ഗുരുതരമായി ഇന്ത്യയിലെ മറ്റൊരു ഭാഷാസമുഹത്തിനും ചിന്തിക്കേണ്ട ഒരാവശ്യം വന്നിട്ടുണ്ടാകില്ല. 1970-ലെ ലിപി പരിഷ്‌കാരം മുതല്‍ ആരംഭിച്ച അക്ഷരങ്ങളിലെ അപഭ്രംശങ്ങള്‍ ഇന്നിപ്പോള്‍ എങ്ങനെയെഴുതിയാലും മതി എന്ന ബോധനസമ്പ്രദായം വരെയെത്തി നില്ക്കുന്നു. അക്ഷരങ്ങള്‍ പഴയതോ പുതിയതോ എന്നത് ഒരു പ്രശ്‌നമല്ല, എല്ലാം കൂടിക്കലര്‍ന്ന സങ്കരലിപിയായാലും പ്രശ്‌നമില്ല, വാക്കുകളിലെ അക്ഷരങ്ങള്‍ തെറ്റിയെഴുതിയാലും പ്രശ്‌നമില്ല, വാക്കുകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ആശയങ്ങള്‍ തെറ്റാതിരുന്നാല്‍ മതി! – ഇതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ പ്രമാണം. ഭാഷയിലെ അസംഖ്യം വരുന്ന അക്ഷരങ്ങളുടെ ഭാരം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ല, അവരെഴുതുന്ന വാക്യങ്ങളില്‍ അക്ഷരത്തെറ്റുകള്‍ കണ്ടാല്‍ ചുവന്ന മഷികൊണ്ട് കോറാന്‍ പാടില്ല എന്നിങ്ങനെ അത് വിശദീകരിക്കപ്പെടുന്നു. അക്ഷരങ്ങളുടെ അമിതപ്രാധാന്യമില്ലാതെ കുട്ടികളെ സ്വതന്ത്രമായി ആശയപ്രകാശനത്തിന് പ്രാപ്തരാക്കാന്‍ നമുക്കെന്തുകൊണ്ട് കഴിയില്ല എന്നാണ് അതിന്റെ വക്താക്കള്‍ ചോദിക്കുന്നത്.

അക്ഷരവും വിദ്യാഭ്യാസവും

ലോകത്തു സംസാരിക്കപ്പെടുന്ന ഭാഷകളില്‍ പത്തു ശതമാനം ഭാഷകള്‍ക്കുപോലും അക്ഷരങ്ങളില്ല. അക്ഷരങ്ങളുള്ള ഭാഷകളിലേ ഔപചാരിക വിദ്യാഭ്യാസമുള്ളൂ, സിലബസ്സും കരിക്കുലവും ഉള്ളൂ, അദ്ധ്യാപകരും, ബിരുദങ്ങളും പി.എച്ച്.ഡികളുമുള്ളു. അക്ഷരങ്ങളില്ലാത്ത ഒരു ഭാഷയിലും ഇതൊന്നുമില്ല. അക്ഷരങ്ങളില്ലാത്ത ഭാഷാസമൂഹങ്ങളില്‍ പക്ഷെ വാക്കുകളുണ്ട്, അറിവുകളുണ്ട്, ഭാഷണങ്ങളുണ്ട്. ആശയങ്ങള്‍ സംവദിക്കപ്പെടുകയും ആധുനിക സമൂഹത്തേക്കാള്‍ സമാധാനമായും സന്തോഷമായും മനുഷ്യര്‍ ജീവിക്കുകയും ചെയ്യുന്നുണ്ട്. അക്ഷരങ്ങളുണ്ടെന്ന ഒരൊറ്റ അഹന്തയില്‍, നാം അവരെ വിദ്യ അഭ്യസിപ്പിക്കുന്നു അവര്‍ക്കിടയില്‍ ചെന്ന് സ്‌കൂളുകള്‍ സ്ഥാപിക്കുന്നു. നമ്മുടെ അക്ഷരങ്ങള്‍ അവരെ പഠിപ്പിക്കുന്നു. നമ്മുടെ അക്ഷരങ്ങളില്‍ അവരുടെ വാക്കുകളും അറിവുകളും കൃഷിയും വൈദ്യവും പാട്ടുകളും നാം സമ്പാദിക്കുന്നു. നമ്മുടെ അക്ഷരങ്ങളില്‍ അവയൊക്കെ നാം അച്ചടിക്കുന്നു. ഇന്നിപ്പോള്‍ യൂണികോഡ് അക്ഷരങ്ങളില്‍ അവ ഡിജിറ്റലായി കാലാകാലത്തേക്കായി സംരക്ഷിക്കാനായുള്ള പ്രയത്‌നങ്ങളില്‍ മുഴുകുന്നു. അക്ഷരങ്ങളില്ലാത്ത ഭാഷാസമൂഹങ്ങള്‍ക്ക് അക്ഷരങ്ങളുള്ള ഭാഷകള്‍കൊണ്ടേ ഇനി പുലരാനാകൂ എന്ന നില വന്നിരിക്കുന്നു. അല്ലാത്ത ഭാഷകള്‍ ലോകത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അക്ഷരങ്ങളും വിദ്യാഭ്യാസവും തമ്മിലുള്ള രക്തബന്ധം അവഗണിക്കാന്‍ കഴിയാത്തവിധം ബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നത്തെ ലോകസാഹചര്യത്തില്‍ അക്ഷരങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന മലയാളവിദ്യാഭാസം ഏതു വിധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?

ലിപി പരിഷ്‌കരണത്തിന്റെ വിനകള്‍

അക്ഷരങ്ങളെകുറിച്ചുള്ള മലയാളിയുടെ അലംഭാവങ്ങള്‍ 1970-കളിലാണ് തുടങ്ങുന്നത്. സമ്പന്നമായിരുന്ന അക്ഷരങ്ങളെ മുറിക്കുന്നതിലൂടെ അവയുടെ ദൃഢതയില്‍ നാം വിള്ളല്‍ വീഴ്ത്തി. അക്ഷരങ്ങളുടെ രൂപപരമായ ദൃഢത പരമപ്രധാനമാണെന്ന് അക്ഷരങ്ങളുള്ള എല്ലാ ഭാഷാസമൂഹങ്ങള്‍ക്കും അറിവുള്ള കാര്യമാണ്. മലയാളിക്കു മാത്രം ഇന്നും അതറിയില്ല. മനുഷ്യന്‍ അവന്റെ വിജ്ഞാന സമ്പാദനത്തിന്റേയും പ്രസരണത്തിന്റേയും മേഖലയില്‍ കണ്ടെത്തിയ ഏറ്റവും കൃത്യതയാര്‍ന്ന സ്റ്റാന്‍ഡേര്‍ഡ് ആണ് അക്ഷരങ്ങള്‍. അതിനേക്കാള്‍ മഹത്തരമായ ഒരു മാനകവും മനുഷ്യന്‍ ആവിഷ്‌കരിച്ചിട്ടില്ല. അക്ഷരങ്ങളുടെ ആവിര്‍ഭാവത്തിനു ശേഷമുള്ള 2500 വര്‍ഷക്കാലം വാമൊഴിയില്‍ മാത്രം നിലനിന്നിരുന്ന എല്ലാ അറിവുകളും മിത്തുകളും പുരാണങ്ങളും വേദങ്ങളും മനുഷ്യര്‍ കൈകൊണ്ടെഴുതി സൂക്ഷിച്ചു. അച്ചടി വന്നതോടെ അവയൊക്കെ അക്ഷരങ്ങളില്‍ കടലാസ്സിലേക്ക് അനേകായിരമായി പകര്‍ത്തി. വിജ്ഞാനത്തിന്റെയും സര്‍ഗ്ഗവ്യാപാരത്തിന്റെയും എല്ലാ മേഖലകളിലും സംഭവിച്ച വിസ്‌ഫോടനം ജനകീയമാകാന്‍ ഏക കാരണം അക്ഷരങ്ങളും അച്ചടിയുമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന അറിവുകള്‍ കൃത്യതയുള്ള അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തപ്പെട്ടതുകൊണ്ടാണ് വിദ്യയുടെ അഭ്യസനം സാദ്ധ്യമായത് . എപ്പോള്‍ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും മാറിമറിയുന്ന അക്ഷരങ്ങളിലൂടെ അറിവിന്റെ രേഖപ്പെടുത്തലും സൂക്ഷിക്കലും വിതരണവും നടക്കില്ലായിരുന്നു. തോന്നിയപോലെ എഴുതാവുന്ന അക്ഷരങ്ങളും വാക്കുകളും വച്ച് മനുഷ്യന്‍ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേരുമായിരുന്നില്ല. അതുകൊണ്ട് മനുഷ്യന്‍ കൈവരിച്ച എല്ലാ പുരോഗതിയുടേയും ആധുനികതയുടെയും അടിസ്ഥാനം അക്ഷരങ്ങളാണ് എന്നു കാണാം. പക്ഷെ മലയാളിക്ക് സ്വന്തം അക്ഷരങ്ങള്‍ ഏതു കോലത്തിലും എങ്ങനേയും മുറിക്കാവുന്ന വെറും വരകള്‍ മാത്രമാണ്. നാം ആകെ പരിഗണിക്കുന്നത് ആശയങ്ങളുടെ സമ്പുഷ്ടതയാണ്! ആശയലോകം ഏതക്ഷരങ്ങളിലാണ് നിലകൊള്ളുന്നതെന്നത് നമുക്കൊരു പ്രശ്‌നമേയല്ല.

ടൈപ്പ്‌റൈറ്ററും കമ്പ്യൂട്ടറും

1970-ലെ ലിപി പരിഷ്‌കരണം എന്തിനായിരുന്നു അരങ്ങേറിയത്? ഭാഷ അതിന്റെ നൂറുകണക്കിന് അക്ഷരങ്ങളുടെ ഭാരത്തിലമര്‍ന്ന് വളര്‍ച്ച മുരടിച്ച്, പഠിക്കാനും എഴുതാനും കഴിയാതെ വന്നപ്പോള്‍ മലയാളിയെ രക്ഷിക്കാന്‍ വേണ്ടി നടത്തിയ സദുദ്യമമായിരുന്നോ അത്? വളരെ വിചിത്രമാണ് അതിനുള്ള ഉത്തരം – ടൈപ്പ് റൈറ്റിനുവേണ്ടിയാണ് നാം നമ്മുടെ അക്ഷരങ്ങളെ വെട്ടിമുറിച്ചത്! ഭരണഭാഷ മലയാളമാക്കാനെന്ന വ്യാജേന നാം നമ്മുടെ അക്ഷരങ്ങളെ പരിഷ്‌കരിച്ചു എന്നാണ് പറഞ്ഞത്. പരിഷ്‌കരിച്ച അക്ഷരങ്ങളെ പുതിയലിപിയെന്ന് നാം നാമകരണം ചെയ്തു. അതിനുമുമ്പ് 1824 മുതല്‍ ബെഞ്ചമിന്‍ ബെയ്ലിയുടെ ശ്രമഫലമായി അച്ചടിയിലൂടെ പ്രചരിച്ച, മലയാളിജനത കാണാനും വായിക്കാനും അനുഭവിക്കാനുമിടയായ അക്ഷരങ്ങള്‍ അങ്ങനെ പൊടുന്നനെ പഴയലിപിയായി, പഴഞ്ചനായി, പ്രാകൃതമായി. ത്യജിക്കപ്പെടേണ്ട ഒന്നായി.

അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു പരിഷ്‌കരിച്ച ലിപി പ്രത്യക്ഷപ്പെട്ടിട്ട്. നാല്പത്തഞ്ചു വര്‍ഷങ്ങളായി അതു നാം കുട്ടികളെ പഠിപ്പിക്കുവാന്‍ തുടങ്ങിയിട്ട്. ഭരണഭാഷ മലയാളമായില്ലെന്നതോ പോകട്ടെ, ഭാഷാപഠനത്തില്‍ അനേകം അവ്യവസ്ഥകള്‍ക്ക് അത് കാരണമാകുകയും ചെയ്തു.

സര്‍വ്വത്ര സന്നിഗ്ദ്ധതകള്‍

പത്രം വായിക്കുന്ന ഒരു വിദ്യാര്‍ത്ഥി ‘മനോരമ’യില്‍ കാണുന്ന അക്ഷരങ്ങളല്ല ‘മാതൃഭൂമി’യില്‍ കാണുന്നത്. തൊണ്ണൂറുകളുടെ അവസാനംവരെ കുട്ടികള്‍ വൈകുന്നേരം ഗ്രാമീണ വായനശാലകളില്‍ പോയി പുസ്തകങ്ങളെടുത്തു വായിക്കുന്ന ശീലം നിലനിന്നിരുന്നു. ആ പുസ്തകങ്ങളില്‍ കാണുന്ന ലിപി പഴഞ്ചനാണ്. ക്ലാസ്സിനകത്തെ സ്ഥിതി വളരെ വിചിത്രമാണ്. പാഠപുസ്തകത്തില്‍ കാണുന്ന അക്ഷരങ്ങളല്ല അദ്ധ്യാപകര്‍ ബോര്‍ഡിലെഴുതുന്നത്. പുതിയ അക്ഷരങ്ങള്‍ എഴുതി ശീലിച്ച അദ്ധ്യാപകര്‍ സ്‌കൂളുകളില്‍ പ്രത്യക്ഷപ്പെടുന്നത് തൊണ്ണൂറുകളുടെ പകുതിയോടെയാണ്. അതോടെ പല പിരീയഡുകളില്‍ അദ്ധ്യാപകര്‍ ബോര്‍ഡിലെഴുതുന്ന മലയാളം പലവിധത്തിലായി. ക്രിസ്ത്യാനികളായ കുട്ടികള്‍ പ്രാര്‍ത്ഥിക്കാനായി ‘സത്യവേദപുസ്തക’മെടുക്കുമ്പോള്‍ പഴയതിലുംപഴയതായ അക്ഷരങ്ങളാണ് അവര്‍ക്കു മുന്നില്‍ നിവരുന്നത്. പരിഷ്‌കരണം വന്നിട്ടും പ്രചരിക്കപ്പെടുന്ന രാമായണം ഭൂരിപക്ഷവും പഴയലിപിയിലാണ്. തൊണ്ണൂറുകളില്‍ ഡി.റ്റി.പി. വ്യാപകമായപ്പോള്‍ വിവിധതരം പാക്കേജുകളില്‍ പരിഷ്‌ക്കരിച്ച ലിപി പലതരത്തിലായി. ഐ.എസ്.എം ഗിസ്റ്റില്‍ ഇല്ലാത്ത പല കൂട്ടക്ഷരങ്ങളും പ്രകാശക്കിലും ശ്രീലിപിയിലും കാണുമാറായി. പാഠപുസ്തകത്തിനു പുറത്ത് 1975-നു ശേഷം കാണാനും വായിക്കാനും ഇടയായ പുസ്തകങ്ങളിലെ, പത്രങ്ങളിലെ, നോട്ടീസുകളിലെ, പരസ്യങ്ങളിലെ മലയാള അക്ഷരങ്ങള്‍ നാനാതരമായി. ഏകമാനമായ രൂപങ്ങള്‍ എന്ന് മനുഷ്യവര്‍ഗ്ഗം നിശ്ചിതപ്പെടുത്തിയ അക്ഷരങ്ങളുടെ സ്ഥിതി അങ്ങനെ മലയാളത്തില്‍ ഒരു വ്യവസ്ഥയും പാലിക്കാത്ത വിചിത്ര രൂപങ്ങള്‍ കൈകൊണ്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എഴുത്തിന്റെ കാര്യത്തില്‍ ഇതിനേക്കാള്‍ മാരകമായ അക്ഷരങ്ങള്‍ രൂപംപ്രാപിച്ചു. പുതിയലിപി പഠിപ്പിക്കുന്ന അദ്ധ്യാപകരോടൊപ്പം പഴയലിപി എഴുതി പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാലയങ്ങളില്‍ പണിയെടുത്തു. അക്ഷരങ്ങളുടെ സന്നിഗ്ദ്ധതകളില്‍പ്പെട്ട് കുട്ടികളുടെ എഴുത്തില്‍ പഴയതും പുതിയതും കൂടിക്കലര്‍ന്ന ഒരുതരം സങ്കരലിപി പ്രത്യക്ഷപ്പെട്ടു. ചിലര്‍ ‘പു’ എന്ന അക്ഷരം ‘പ’യുടെ അടിയില്‍ വട്ടം ചേര്‍ത്തെഴുതി. അതേ കുട്ടികള്‍ ‘കു’ പുതിയ രീതിയില്‍ കുണുക്കിട്ടെഴുതി. ഉപസ്വരങ്ങളുടെയും കൂട്ടക്ഷരങ്ങളുടെയും നിയതമായ പാറ്റേണുകള്‍ തോന്നിയപോലെ അട്ടിമറിക്കപ്പെട്ടു. ‘ക്ത’ എന്ന സംയുക്താക്ഷരം അച്ചടിയയില്‍ പോലും ‘ക’യുടെ അടിയില്‍ ‘ത’ എന്ന നിലയിലായി. എഴുത്തില്‍ അവനവന് ഇഷ്ടപ്പെട്ട രീതിയില്‍ ചന്ദ്രക്കലയിട്ടു പിരിച്ചോ, അതല്ലെങ്കില്‍ തിരശ്ചീനമോ ലംബമോ ആയോ തോന്നുമ്പോലെ ‘ആവിഷ്‌ക്കരിക്കാ’മെന്നായി. അറിവുകളും ആശയങ്ങളും നിശ്ചിത രൂപത്തില്‍, നിശ്ചിത രീതിയില്‍ ആവഷ്‌കരിച്ചു സൂക്ഷിക്കാന്‍ കണ്ടുപിടിച്ച അക്ഷരങ്ങളുടെ മലയാളജീവിതങ്ങളാണ് ഇതെല്ലാം. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അക്ഷരങ്ങള്‍ അക്ഷരങ്ങളായി പഠിക്കേണ്ടെന്നും വന്നിരിക്കുന്നു.

രചനയും സായാഹ്നയും

കമ്പ്യൂട്ടറില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അവ്യവസ്ഥകള്‍ക്കുള്ള പരിഹാരമായി ‘മലയാളത്തിന്റെ പഴയ അക്ഷരങ്ങളാണ് മലയാളം കമ്പ്യൂട്ടിംഗിന് ഏറ്റവും അനുയോജ്യം’ എന്ന വാദമുയര്‍ത്തിയാണ് 1999 ല്‍ ആര്‍. ചിത്രജകുമാര്‍ രചന അക്ഷരവേദി സ്ഥാപിക്കുന്നത്. നീണ്ട ഇരുപത്തൊന്ന് വര്‍ഷങ്ങളില്‍ നടന്ന പ്രയത്‌നങ്ങളുടെ ഫലമായി മലയാളത്തിന്റെ വരുംകാല അക്ഷരങ്ങള്‍ തനതുലിപിയെന്ന് നിശ്ചയപ്പെടുത്താന്‍ രചനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയും നാലപ്പാടന്റെ പാവങ്ങളും രാജരാജവര്‍മ്മയുടെ കേരളപാണിനീയവും ഉള്‍പ്പെടെ സി.വി. രാധാകൃഷ്ണന്‍ നിര്‍മ്മിച്ചെടുത്ത സായാഹ്ന ഫൗണ്ടേഷന്റെ ഡിജിറ്റല്‍ ആര്‍ക്കൈവ് ചെയ്തിരിക്കുന്ന ഇരുന്നൂറോളം ക്ലാസ്സിക് കൃതികളുടെ അക്ഷരങ്ങള്‍ രചനയുടെ തനതുലിപിയിലാണെന്നതു് മലയാളത്തിന്റെ അക്ഷരങ്ങള്‍ എന്താണെന്നും എന്തായിരിക്കണമെന്നും കുറ്റമറ്റരീതിയില്‍ ഉറപ്പിച്ചെടുത്തിരിക്കുന്നു. ഈ അക്ഷരങ്ങളുടെ അടിസ്ഥാനശിലയായ അക്ഷരമാലയാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്. എഴുത്താശാന്മാര്‍ മണ്ണിലെഴുതി പഠിപ്പിച്ച രീതിയോ ആധുനികമായ ചോംസ്‌കിയന്‍ രീതിയോ എന്തുമാകട്ടെ അക്ഷരങ്ങള്‍ കുറ്റമറ്റ രീതിയില്‍ പരിചയപ്പെടുത്തുകയും, എഴുതാനും വായിക്കാനും പഠിപ്പിക്കുകയും വേണം എന്നാണ് ഈ വിഷയത്തില്‍ അനേകം ഭാഷാപണ്ഡിതര്‍ നടത്തിക്കൊണ്ടിരിക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.

അക്ഷരങ്ങള്‍ നിഷേധിക്കപ്പെടുന്നു.

ചോംസ്‌കിയന്‍ രീതിശാസ്ത്രമനുസരിച്ച് അക്ഷരമാല അക്ഷരങ്ങളായി പഠിപ്പിക്കേണ്ടതില്ല എന്ന് പുതിയ വിദ്യാഭ്യാസ വിദഗ്ദ്ധര്‍ പറയുന്നു. (ചോംസ്‌കി ഇങ്ങനെയൊരു ഭാഷാശാസ്ത്ര സിദ്ധാന്തം അവതരിപ്പിച്ചിട്ടുണ്ടോ എന്നതു് പണ്ഢിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.) മലയാളം മലയാളിക്ക് മാതൃഭാഷയായതിനാല്‍ അവന്റെ സംസാരവും ആശയ പ്രകാശനങ്ങളും ഏതൊരു ഭാഷയിലുമെന്നതുപോലെ സ്വാഭാവികമായി രൂപംകൊള്ളുന്നു, സമാനമായി എഴുത്തും വായനയും സ്വാഭാവികമായി രൂപപ്പെട്ടുകൊള്ളും എന്നാണ് പുതിയ ബോധന രീതിശാസ്ത്രം പറയുന്നത്. അതിന്റെ ഫലം ഇന്നു കാണാനുമുണ്ട്! മലയാളത്തിന്റെ വാക്കുകള്‍ എങ്ങനേയും എഴുതാം. ഇംഗ്ലീഷിന്റേത് ഒരു സ്‌പെല്ലിംഗ് പോലും തെറ്റിക്കാന്‍ പാടില്ല. സംസ്‌കൃതവും അറബിയും തമിഴും ഒക്കെ ശരിയായിത്തന്നെ എഴുതണം, വായിക്കണം എന്ന് അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധമാണ്. അദ്ധ്യാപകരും സര്‍ക്കാരുദ്യോഗസ്ഥരും ഇടത്തരക്കാരും വീട്ടിലിരുത്തി സ്വന്തം കുട്ടികളെ നേരാംവണ്ണം മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരെ അവഗണിക്കപ്പെടുന്നത് കൂലിപ്പണിക്കാരുടെയും പാവപ്പെട്ടവരുടേയും മക്കളാണ്. ദളിത് ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മലയാള അക്ഷരങ്ങളില്‍നിന്നും പുറംതള്ളപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളു. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗം അങ്ങനെ അറിവിന്റെ മേഖലയിലും പുറമ്പോക്കായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ അക്ഷരങ്ങള്‍ ഒരു ‘വര്‍ഗ്ഗ’ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നു.

ഗണിതത്തിന്റെ അക്ഷരമാല

അക്ഷരങ്ങള്‍ അക്ഷരങ്ങളായി പഠിപ്പിക്കാതെ ഭാഷാദ്ധ്യാപനം സാദ്ധ്യമാകും എന്ന വാദഗതിയുടെ യുക്തിരാഹത്യം വെളിവാക്കാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാളം അദ്ധ്യാപകന്‍ ഡോ. സോമനാഥന്‍ എഴുതി, ‘കണക്ക് മലയാളമായിരുന്നേല്‍ നമ്മള്‍ അക്കങ്ങള്‍ പഠിപ്പിക്കാതെ കണക്ക് പഠിപ്പിക്കുമായിരുന്നു!’ ഇതിലെ നിശിതമായ യുക്തികൊണ്ട് പൊള്ളലേറ്റവര്‍ ഈ വാദം യുക്തിക്കു നിരക്കുന്നതല്ലെന്നും മലയാളം എന്നത് കണക്കല്ല എന്നും പറഞ്ഞാണ് പ്രതികരിച്ചത്. മലയാളം കണക്കല്ലെന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്!

സോമനാഥന്‍ ഉന്നയിച്ച ഗണിതത്തിന്റെ അക്ഷരമാലയെ കുറേക്കൂടി ആഴത്തില്‍ ചിന്തിക്കുന്നത് ഭാഷയിലെ അക്ഷരങ്ങളുടെ പ്രാധാന്യവും സ്ഥാനവും അഖണ്ഡതയും മനസ്സിലാക്കാന്‍ ഉപകരിക്കും. മനുഷ്യനിര്‍മ്മിത ഭാഷ (Man made Language) എന്ന് മാത്തമാറ്റിക്‌സിനെ വിശേഷിപ്പിക്കാറുണ്ട്. അക്കങ്ങളും വിപുലമായ ചിഹ്നങ്ങളുമായി അതിന്റെ ആല്‍ഫാബെറ്റ് രൂപപ്പെട്ടിരിക്കുന്നു. ലോകം അറിയപ്പെടുന്ന ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ ടൈപ്സെറ്ററായ സി.വി രാധാകൃഷ്ണന്‍ പറയുന്നത് ഗണിതചിഹ്നങ്ങള്‍ 6000-ത്തിലധികം വരുമെന്നാണ്.

കഴിഞ്ഞ അഞ്ചുനൂറ്റാണ്ടുകളില്‍ വളര്‍ച്ച പ്രാപിച്ച ആധുനിക ഗണിതശാസ്ത്രത്തിന്റെ ഈ അക്ഷരമാലയാണ് ശാസ്ത്രസാങ്കേതികതയുടെ അടിത്തറ. രണ്ടുനൂറ്റാണ്ടായി അനേകായിരം ജേര്‍ണലുകളില്‍ പുതിയ ആശയങ്ങള്‍ അച്ചടിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നു. ഇന്ന് അവയൊക്കെ പൂര്‍ണ്ണമായും ഡിജിറ്റലായി മാറിയിരിക്കുന്നു. ഗണിതവിചാരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പ്രകാശനവും വിനിമയങ്ങളും അക്കങ്ങളുള്‍പ്പെടെയുള്ള അതിന്റെ ചിഹ്നവ്യവസ്ഥയില്‍ സുവ്യക്തവും ദൃഢവുമാണ്. ഈ അക്ഷരമാലയില്‍ ഏതെങ്കിലും ഒരു ചിഹ്നത്തിന്റെ ആകൃതി സ്വന്തം ഇഷ്ടപ്രകാരം മാറ്റാന്‍ ഒരു ഗണിത ശാസ്ത്രജ്ഞനും ഭരണകൂടത്തിനും കഴിയില്ല. പുതിയ സരണികള്‍ക്ക് അത്യപൂര്‍വ്വമായി പുതിയ ചിഹ്നങ്ങള്‍ ഉണ്ടാക്കിയെടുക്കാനേ കഴിയൂ. അത്രയ്ക്ക് സ്വയംപൂര്‍ണ്ണമായ ഗണിതഅക്ഷരമാലയില്‍ ഏതെങ്കിലും ഒരു ചിഹ്നത്തെ വെട്ടിമുറിച്ചാല്‍, വളച്ചൊടിച്ചാല്‍ അതോടെ ഗണിതത്തിന്റെ പ്രയോഗങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകരും. മനുഷ്യന്റെ ഭാഷാലോകത്തിന്റെ അക്ഷരമാലയുടെ സ്ഥിതിയും സമാനമാണ്. യുക്തിഭദ്രമായ ഗണിതശാസ്ത്രത്തേക്കാള്‍ സങ്കീര്‍ണ്ണമായ, മനുഷ്യന്റെ അയുക്തികതകളേയും അബോധങ്ങളേയും അസംബന്ധങ്ങളേയും സ്വപ്നങ്ങളേയും സങ്കല്‍പ്പങ്ങളേയും സൗന്ദര്യങ്ങളേയും ആവിഷ്‌കരിക്കാന്‍ അവന്‍ കണ്ടുപിടിച്ച അക്ഷരങ്ങള്‍ ഇതിനേക്കാള്‍ ഭയഭക്തി ബഹുമാനങ്ങളോടെയാണ് കൈകാര്യം ചെയ്യേണ്ടത്. അക്ഷരങ്ങളില്‍ സംഭവിക്കുന്ന അപഭ്രംശങ്ങള്‍ എത്രത്തോളം മനുഷ്യനെ മാരകമായി ബാധിക്കുമെന്ന് അക്ഷരം കണ്ടുപിടിച്ച കാലം മുതലേ മനുഷ്യര്‍ക്കറിയായിരുന്നു. സ്വന്തം അസ്ഥിത്വത്തെയും കാലങ്ങളെയും സൂക്ഷിച്ചുവെക്കാന്‍ അക്ഷരങ്ങളേ ഉള്ളൂ എന്ന് മനുഷ്യന് അറിയാമായിരുന്നു.

ശബ്ദം രേഖപ്പെടുത്താന്‍ (റെക്കോര്‍ഡിംഗ്) തുടങ്ങിയിട്ട് ഒന്നരനൂറ്റാണ്ടുപോലുമായിട്ടില്ല. ഇന്ന് ശബ്ദത്തിന്റേയും ദൃശ്യത്തിന്റേയും (Audio & Video) മഹാശേഖരങ്ങള്‍ മനുഷ്യന്‍ ഇന്റര്‍നെറ്റില്‍ കെട്ടിപ്പടുത്തുകഴിഞ്ഞു. അക്ഷരങ്ങളുടെ ലോകം അതിനേക്കാള്‍ വിപുലമായി നെറ്റില്‍ വ്യാപിച്ചു കിടക്കുന്നു. അക്ഷരങ്ങളില്‍ മനുഷ്യന്‍ ഡിജിറ്റലായി ശേഖരിക്കുന്ന വിജ്ഞാനത്തിന്റെ സ്വയംപൂര്‍ണ്ണത ശബ്ദ-ദൃശ്യ കൂമ്പാരങ്ങള്‍ക്കില്ലെന്ന് നാം മനസ്സിലാക്കണം. അവയ്‌ക്കൊരു പേരും മേല്‍വിലാസവും ഉണ്ടാക്കികൊടുക്കുന്നത് അക്ഷരങ്ങളാണ്. അക്ഷരങ്ങളെ ആശ്രയിക്കാതെ തിരഞ്ഞുകണ്ടുപിടിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയില്‍ ശബ്ദങ്ങളും ചിത്രങ്ങളും ചലനചിത്രങ്ങളും അക്ഷരങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു. വാക്കുകള്‍ക്കിടയിലുള്ള ശൂന്യസ്ഥലി (Space) യ്ക്കുപോലും നിശ്ചിതത്വത്തിന്റെ ഉറപ്പുണ്ട്.

മലയാളം ഇംഗ്ലീഷില്‍

നാലഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മൊബൈലില്‍ മലയാളത്തിലുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്ന് ലിപ്യന്തരണം പാടേ അപ്രത്യക്ഷമായിരിക്കുന്നു. മലയാളമെന്ന ഭാഷ ഡിജിറ്റല്‍ മലയാളത്തില്‍ പ്രകാശനം നേടിയത് മലയാളത്തിന്റെ അക്ഷരങ്ങള്‍ സുദൃഢമായി യൂണികോഡ് വ്യവസ്ഥയില്‍ ഉറപ്പിച്ചു നിറുത്തിയപ്പോഴാണ്. അതിനുമുമ്പുള്ള മുന്നുപതിറ്റാണ്ടോളം നാം ഡിറ്റിപി ചെയ്തുണ്ടാക്കിയ എല്ലാ മലയാളവും (പത്രങ്ങളും പുസ്തകങ്ങളും സാഹിത്യങ്ങളും എല്ലാം) റോമന്‍ അക്ഷരങ്ങളിലായിരുന്നു! ആസ്‌കി (ASCII) എന്ന അക്ഷരകോഡിംഗില്‍ മലയാള അക്ഷരങ്ങളുടെ പടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറമേക്ക് ‘അ’ എന്ന അക്ഷരം ‘A’ എന്ന അക്ഷരത്തിനു മുകളില്‍ വ്യാജമായിട്ടായിരുന്നു നിലകൊണ്ടത്. കമ്പ്യുട്ടറിന് ‘അ’ എന്ന ചിത്രം മലയാളത്തിന്റെ അക്ഷരമെന്ന തിരിച്ചറിവേ ഉണ്ടായിരുന്നില്ല. 2004 ല്‍ സ്ഥിതി മാറി. ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ യൂണികോഡ് ഉള്‍ച്ചേര്‍ത്തതോടെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങള്‍ നമുക്ക് മാത്രമല്ല കമ്പ്യൂട്ടറിനും മലയാളമാണെന്ന തിരിച്ചറിവുണ്ടായി. യൂണികോഡ് സാങ്കേതികതയുടെ വരവോടെയാണ് മലയാളത്തില്‍ വിവരവ്യവസ്ഥകള്‍ (Information Systems) കെട്ടിപ്പടുക്കാന്‍ തുടങ്ങിയത്. ഇന്റര്‍നെറ്റില്‍, സോഷ്യല്‍ മീഡിയകളില്‍, ഇ-മെയിലുകളില്‍, മൊബൈലുകളില്‍ മലയാള അക്ഷരങ്ങള്‍ നിറയാന്‍ തുടങ്ങി. മലയാളം എഴുതാനും വായിക്കാനും ഇംഗ്ലീഷ് അക്ഷരങ്ങള്‍ വേണ്ടെന്ന സ്ഥിതിയായി.

നെറ്റിലെ ആഗോള വിവരവ്യവസ്ഥാശൃംഗലയില്‍ തിരച്ചിലിന്റെ കൃത്യതപോലും നിര്‍ണ്ണയിക്കുന്നത് അക്ഷരങ്ങളാണ്. ശബ്ദങ്ങളുപയോഗിച്ചുള്ള തിരച്ചിലില്‍പോലും ആദ്യമവ ആന്തരികമായി അക്ഷരങ്ങളായി പരാവര്‍ത്തനം ചെയ്യപ്പെടുകയും പിന്നീട് ആ അക്ഷരങ്ങളില്‍ തിരഞ്ഞ് കണ്ടുപിടിക്കുകയുമാണ് ചെയ്യുന്നത്. അക്ഷരത്തിന്റെ മദ്ധ്യസ്ഥത നെറ്റിലെ തിരച്ചിലിലെല്ലാം കണ്ടെത്താനാകും. ഓലയില്‍നിന്നും കല്ലില്‍നിന്നും ലോഹഫലകങ്ങളില്‍നിന്നും കടലാസ്സിലേക്ക് സംക്രമിച്ചതിനേക്കാള്‍ കൃത്യതയോടെയാണ് ഡിജിറ്റല്‍ ലോകം അക്ഷരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അക്ഷരങ്ങളില്ലാതെ, അതിന്റെ വ്യക്തതയും കൃത്യതയും ദാര്‍ഢ്യവുമില്ലാതെ മനുഷ്യന്റെ ഡിജിറ്റല്‍ ലോകത്തിന് നിലനില്പില്ല.

അക്ഷരബോധനം

ഇങ്ങനെ മനുഷ്യജീവിതത്തില്‍ എല്ലാം രേഖപ്പെടുത്തുന്ന, എല്ലാം നിര്‍ണ്ണയിക്കുന്ന സര്‍വ്വവ്യാപിയായ അക്ഷരങ്ങളുടെ ബോധനത്തിലാണ് ഇന്ന് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നത്. അക്ഷരങ്ങളല്ല, വാക്കുകളും വാക്യങ്ങളും അവയില്‍ കെട്ടിപ്പടുക്കുന്ന ആശയങ്ങളുമാണ് പ്രധാനമെന്നുള്ള സമീപനം ഡി.പി.ഇ.പി പദ്ധതിയോടെയാണ് കേരളത്തിലെ സ്‌കൂളുകളില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. അദ്ധ്യാപകകേന്ദ്രീകൃതം എന്നതിനു പകരം വിദ്യാര്‍ത്ഥീകേന്ദ്രീകൃതമായ ആ പദ്ധതി വിദ്യാര്‍ത്ഥിയുടെ സര്‍വോന്മുഖമായ ആശയപ്രപഞ്ചത്തിനും വ്യക്തിത്വവികസനത്തിനും വഴിവെക്കുമെന്ന് അതിന്റെ പ്രചാരകര്‍ ഉറച്ചു വിശ്വസിച്ചു. വാക്കുകളില്‍നിന്നു തുടങ്ങുന്ന ഭാഷാദ്ധ്യാപനം ക്രമേണ സ്വഭാവികമായി, അബോധപൂര്‍വ്വമായി അതിന്റെ സൂക്ഷ്മ യൂണിറ്റിലേക്ക് സംക്രമിച്ച്, അക്ഷരങ്ങളില്‍ എത്തിച്ചേരാന്‍ അവസരമൊരുക്കും എന്നിങ്ങനെയായിരുന്നു അതിന്റെ പ്രായോഗിക ക്രമം നിശ്ചയിക്കപ്പെട്ടിരുന്നത്. അങ്ങനെ വിദ്യാര്‍ത്ഥി അക്ഷരങ്ങളുടെ ഭാരങ്ങളില്ലാതെ വാക്കുകള്‍, വാക്യങ്ങള്‍, ആശയങ്ങള്‍ പറയാനും എഴുതാനും പ്രകാശിപ്പിക്കാനും പഠിക്കും.

അക്ഷരങ്ങളെക്കുറിച്ചുള്ള പഠനം അങ്ങനെ പിന്തള്ളപ്പെട്ടു. ത, റ, പ, ന, തറ, പറ, പന എന്നിങ്ങനെയുള്ള സാമ്പ്രദായിക പഠനം പഴയലിപിപോലെ പഴഞ്ചനും പ്രാകൃതവുമായി പരിഗണിക്കപ്പെട്ടു. അക്ഷരങ്ങളില്ലാത്ത വാമൊഴിയില്‍ മാത്രം മനുഷ്യന്‍ കാലംകഴിച്ച 5 ലക്ഷം വര്‍ഷങ്ങളില്‍ (ഒരു പക്ഷെ അതിനേക്കാളിരട്ടി) എങ്ങനെയാണോ ശബ്ദങ്ങളും വാക്കുകളും മനുഷ്യന്‍ സ്വയം നിര്‍മ്മിച്ചെടുത്ത് പ്രാപ്തനായത്, അതേപോലെ അക്ഷരങ്ങളുള്ള ഒരു ലോകത്തു് അക്ഷരരൂപങ്ങള്‍ സ്വയാര്‍ജ്ജിതമാകും എന്നത് ഈ പാഠ്യപദ്ധതിയുടെ അടിസ്ഥാന പ്രമാണമായിരുന്നു. മലയാള ഭാഷാപഠനത്തില്‍ അക്ഷരമാല പിന്തള്ളപ്പെട്ടപ്പോഴും ABCD യും അറബി-സംസ്‌കൃത-തമിഴ്-ഹിന്ദി അക്ഷരമാലയും നാം നമ്മുടെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്നു എന്നും ഓര്‍ക്കണം.

അക്ഷരങ്ങള്‍ സ്വയാര്‍ജ്ജിതമോ?

മലയാളത്തിന്റെ സമഗ്ര ലിപിസഞ്ചയമായ രചന ഫോണ്ടിന്റെ ഡിസൈനുമായി കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷം ജീവിച്ച ലേഖകന് അക്ഷരങ്ങള്‍ സ്വയം രൂപംകൊള്ളുന്ന സിദ്ധാന്തങ്ങള്‍ കേള്‍ക്കുമ്പോള്‍ പല സന്ദേഹങ്ങളും ഉദിക്കുന്നു.

ഒന്ന്- ജനിതകമായിത്തന്നെ മനുഷ്യനില്‍ സംസാരിക്കാനുള്ള ശേഷിയുണ്ട്. ഒരു കൊച്ചുകുട്ടി അവന്റെ മാതൃഭാഷ പഠിക്കുന്നത് അക്ഷരം പഠിച്ചിട്ടല്ല. ചുറ്റുപാടുമുള്ള ശബ്ദങ്ങള്‍, സംസാരങ്ങള്‍, വാക്കുകള്‍ എന്നിവയിലൂടെ ആശയങ്ങള്‍ സ്വയം ആര്‍ജ്ജിക്കുകയാണ്. കയ്യും കാലും തലച്ചോറും പോലെ മനുഷ്യനില്‍ ഒരു അവയവമായി ഭാഷ കുടികൊള്ളുന്നു എന്ന് ഇന്ന് വ്യവഹരിക്കപ്പെടുന്നു. ചുറ്റുപാടുകളില്‍ നിന്നും കിട്ടുന്ന നിര്‍ദ്ദേശങ്ങളിലൂടെ, തെറ്റുതിരുത്തലുകളിലൂടെ ക്രമേണ ഭാഷാപഠനം വാമൊഴിയായി മുന്നേറുന്നു. ഇതൊക്കെ ഏതാണ്ട് ഉറച്ചു കഴിഞ്ഞ പ്രായത്തിലാണ് പഴയതലമുറയില്‍പെട്ടവര്‍ ഒന്നാംക്ലാസ്സില്‍ മാതൃഭാഷയുടെ അക്ഷരങ്ങള്‍ കാണുന്നതും ഉച്ചരിച്ചെഴുതി പഠിച്ചതും.

മനുഷ്യന്‍ അക്ഷരമാല (ആല്‍ഫാബെറ്റ്) കണ്ടുപിടിക്കുന്നതിനും മുമ്പേ വരയില്‍, ചിഹ്നങ്ങളില്‍ ആശയ സംവേദനം ആരംഭിച്ചിരുന്നു. അത് ആദ്യമൊക്കെ യഥാതഥ ചിത്രങ്ങളായിരുന്നു. പക്ഷിയെ സൂചിപ്പിക്കാന്‍ പക്ഷിയുടെ ചിത്രം വരക്കുക. നായാട്ടു കാണിക്കാന്‍ അമ്പും വില്ലും വരയ്ക്കുക. കാലക്രമത്തില്‍ ചിത്രങ്ങളില്‍ വരകള്‍ ചുരുങ്ങിച്ചുരുങ്ങിവന്നു. കൊക്കിനേയും ചിറകിനേയും കാലിനേയും സൂചിപ്പിക്കുന്ന/ പ്രതീകവല്‍ക്കരിക്കുന്ന ഒന്നോരണ്ടോ രേഖകളിലേക്ക് പക്ഷികള്‍ ഒതുങ്ങി. ഈജിപ്തില്‍ രൂപംകൊണ്ട ഹീറോഗ്ലിഫിക്‌സ് ഇത്തരം മിനിമം രേഖകളില്‍ വരഞ്ഞ ചിത്രരൂപങ്ങള്‍കൊണ്ട് നിറഞ്ഞതായിരുന്നു. അവിടന്ന് ആയിരം വര്‍ഷങ്ങള്‍ പിന്നിട്ടാണ് ചരിത്രത്തിലാദ്യമായി ആല്‍ഫാബെറ്റ് രൂപംകൊള്ളുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായ അക്ഷരമാല സംഭവിക്കുന്നത് ശബ്ദത്തെ വ്യവച്ഛേദിച്ച് രേഖകളാക്കി മാറ്റുന്നതിലൂടെയാണ്. എന്നാല്‍ ചൈനീസ് ലിപി ഇന്നും ആശയചിത്രങ്ങളെ ആസ്പദിച്ചാണ് നിലകൊള്ളുന്നത്. അമ്പതിനായിരത്തിലേറെ വരുന്ന ആശയചിത്രങ്ങളിലെ പൊതുഘടകങ്ങള്‍ വേര്‍തിരിച്ച് ചുരുക്കിയാണ് ചൈനീസ് അക്ഷരമാലയ്ക്ക് രൂപംകൊടുത്തിരിക്കുന്നത്. അത് ശബ്ദങ്ങളുടെ ഘടകയൂണിറ്റുകളായല്ല ഇന്നും നിലനില്ക്കുന്നത്. അനന്തത എന്ന വാക്കില്‍ ഏറ്റവും കൂടുതല്‍ രേഖകള്‍ പിണഞ്ഞുകിടക്കുന്നു എന്ന് പറയപ്പെടുന്നു.

ശബ്ദത്തില്‍നിന്നും സംസാരത്തില്‍നിന്നും ഭിന്നമായി അക്ഷരങ്ങളുടെ ഉത്ഭവത്തിനും രൂപത്തിനും മാനകീകരണത്തിനും മനുഷ്യന്റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതിന്നും തുടരുന്നു. കേരളത്തില്‍ പ്രചരിച്ച അനേകം പ്രാദേശിക-കാലഭേദങ്ങളില്‍ നിന്ന് ബെഞ്ചമിന്‍ ബെയ്ലി നമ്മുടെ അക്ഷരങ്ങളെ ലോഹഅച്ചുകളായി രൂപപ്പെടുത്തുമ്പോള്‍ ബോധപൂര്‍വ്വമായ പഠനവും ഇടപെടലും ഉണ്ടായിരുന്നു. ഒന്നരനൂറ്റാണ്ടിനുശേഷം മലയാളലിപി ടൈപ്‌റൈറ്റിനു വേണ്ടി പരിഷ്‌കരിച്ചപ്പോഴും ബോധപൂര്‍വ്വമായ ഇടപെടലുകളുണ്ടായി. വെട്ടിമുറിച്ച അക്ഷരങ്ങള്‍ സംയോജിപ്പിച്ച് ‘രചന’ രൂപം കൊടുക്കാന്‍ 1999ല്‍ വീണ്ടും ബോധപൂര്‍വ്വം ഇടപെടേണ്ടിവന്നു. യൂണികോഡ് കാലത്ത് നമ്മുടെ അക്ഷരസംയോജനങ്ങളുടെ കൃത്യതയും ശുദ്ധിയും ഡിജിറ്റലായി നിലനിറുത്താന്‍ ഇപ്പോഴും രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൈപോഗ്രാഫിയും സായാഹ്നയും അതീവ ജാഗ്രതയോടെ ബോധപൂര്‍വ്വം ഇടപെട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ അക്ഷരമാലയുടെ ചരിത്രത്തില്‍ മനുഷ്യന്റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ തുടക്കം മുതലേ ഇന്നും തുടര്‍ന്നുപോരുന്നുണ്ടെങ്കില്‍ ആ അക്ഷരങ്ങളുടെ ബോധനത്തില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വേണ്ടെന്നുവെക്കാന്‍ പറ്റുമോ? അതോ, വാക്കുകളുടെ ശബ്ദവും അര്‍ത്ഥവും സ്വയം ആര്‍ജ്ജിക്കുന്നതുപോലെ അക്ഷരങ്ങള്‍ സ്വയം ആര്‍ജ്ജിച്ചുകൊള്ളുമോ? മാതൃഭാഷ സ്വയാര്‍ജ്ജിതമായിരിക്കെ അക്ഷരങ്ങളും അവയുടെ രൂപങ്ങളും തെറ്റില്ലാതെ ശരിയാംവണ്ണം സ്വയം ആവിഷ്‌കൃതമാകുമോ?

രണ്ട്- വാക്കും ശബ്ദവും പോലെ വര്‍ച്വല്‍ അവയവമായ ഭാഷയില്‍ സ്വയം രൂപംകൊള്ളുന്ന ഒന്നാണ് അക്ഷരങ്ങളെങ്കില്‍ ലോകത്തിലെ എല്ലാ ഭാഷാസമൂഹങ്ങളിലും ലിപികളുണ്ടാകേണ്ടതായിരുന്നു. അതു സംഭവിച്ചില്ല. എന്തുകൊണ്ട് ഇപ്പോഴും ലോകത്തിലെ പത്തുശതമാനം ഭാഷകളില്‍ മാത്രം അക്ഷരങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നു? വാക്കുകളും ശബ്ദങ്ങളും ഒരു ഭാഷയ്ക്കും അന്യമല്ലെന്നിരിക്കെ 90% ഭാഷകളിലും അക്ഷരങ്ങളെങ്ങനെ അന്യമായി?

മൂന്ന്- ലോകത്തുള്ള എല്ലാ ഭാഷകളിലും മനുഷ്യനുണ്ടാക്കുന്ന ശബ്ദങ്ങള്‍ ഒരേപോലെയാണ്. ‘അ’ എന്ന ശബ്ദം എല്ലാ ഭാഷകളിലുമുണ്ട്. ഇംഗ്ലീഷിലും അറബിയിലും സംസ്‌കൃതത്തിലും എല്ലാ ഭാരതീയ-ലോകഭാഷകളിലും ‘അ’ യുണ്ട്. എന്നാല്‍ ഓരോ ഭാഷാസമൂഹത്തിനും അല്പസ്വല്പം വ്യത്യസ്തതയുള്ള ശബ്ദങ്ങളുടെ ഷേഡുകള്‍ (Shade) ഉണ്ട്. മലയാളത്തിലില്ലാത്ത പത്തിലേറെ വിശേഷ ശബ്ദങ്ങള്‍ അറബിയിലുണ്ട്. അറബിയിലില്ലാത്ത സ്വരങ്ങള്‍ മലയാളത്തിലുമുണ്ട്. മനുഷ്യവംശം മറ്റു ജീവികളില്‍നിന്ന്, കിളികളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ജ്ജിച്ചെടുത്ത ശബ്ദങ്ങള്‍ ഏറെക്കുറെ ഒരേപോലെയാണ്. എങ്കില്‍, മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത അക്ഷരരൂപങ്ങള്‍ എന്തുകൊണ്ട് ഒരേപോലെയല്ലാതായി? അഥവാ, ശബ്ദങ്ങളും വാക്കുകളും അര്‍ത്ഥങ്ങളും സംസാരവും സ്വയം ആര്‍ജ്ജിക്കുന്ന അടിസ്ഥാനശേഷിയായിരിക്കെ, അക്ഷരങ്ങളും സമാനമായൊരു അടിസ്ഥാനശേഷിയായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ലോകത്തിലെ എല്ലാ ഭാഷകള്‍ക്കും ലിപി ഉണ്ടായില്ല? ലിപി ഉണ്ടായ ഭാഷകളിലെങ്കിലും ഒരേ ശബ്ദങ്ങള്‍ക്ക് ഒരേ രൂപങ്ങള്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ?

അക്ഷരരൂപങ്ങള്‍ എവിടെനിന്ന്?

ഇതെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യനില്‍ സ്വയം ഉദ്ഭവിക്കുന്ന വാക്കുകളും ശബ്ദങ്ങളും അര്‍ത്ഥങ്ങളും പോലെ അക്ഷരങ്ങള്‍ സംഭവിക്കുന്നില്ല എന്നാണ്. അക്ഷരങ്ങളാണെങ്കില്‍ ഭാഷയുടെ നിലനില്പില്‍ നിര്‍ണ്ണായകവും സവിശേഷവും അനന്യവുമായ സ്ഥാനമാണ് നിര്‍വ്വഹിക്കുന്നത്. ‘അ’ എന്ന ശബ്ദം മലയാളത്തില്‍ ‘അ’ യും, ഇംഗ്ലീഷില്‍ അതുമായി യാതൊരു രൂപസാദൃശ്യവുമില്ലാത്ത Aയും ആയിത്തീരാനുള്ള കാരണം എന്താവാം? അക്ഷരരൂപങ്ങളുടെ ആദിമസ്രോതസ്സ് ചുറ്റുപാടുമുള്ള പ്രകൃതിയിലെ രൂപങ്ങളാകാം. ഏതാനും രൂപങ്ങളില്‍നിന്നു്, അവയുടെ പ്രതീകവല്‍ക്കരണത്തില്‍നിന്നും ന്യുനവല്‍ക്കരണത്തില്‍നിന്നും അക്ഷരമാലയിലേക്കും കൂട്ടക്ഷരങ്ങളിലേക്കും അതു വികസിക്കുമ്പോള്‍ ജോമട്രിയുടേയും കാലിഗ്രാഫിയുടെയും സയന്‍സും കലയും സമഞ്ജസമായി കൂടിക്കലരുന്നു. ഇന്നും ഫോണ്ടുകളുടെ ടൈപ്പോഗ്രഫിയില്‍ സയന്‍സും ആര്‍ട്ടും ഒരുമിച്ചുചേര്‍ന്നാണ് നിലകൊള്ളുന്നത്. ഈയൊരു സഹവര്‍ത്തിത്വമില്ലെങ്കില്‍ ലോഹഅക്ഷരങ്ങളോ ഡിജിറ്റല്‍ അക്ഷരങ്ങളോ രൂപകല്പന ചെയ്യാന്‍ സാദ്ധ്യമല്ല. അങ്ങനെ പ്രകൃതി നിരീക്ഷണങ്ങളില്‍നിന്ന്, ജോമട്രിയില്‍നിന്ന്, ഓരോ ജനസമൂഹവും ആര്‍ജ്ജിച്ചെടുത്ത സാംസ്‌കാരിക സൗന്ദര്യബോധങ്ങളില്‍നിന്ന് അക്ഷരരൂപങ്ങള്‍ രൂപംകൊള്ളുന്നു. അത് ഭാഷപോലെ സ്വയാര്‍ജ്ജിതമല്ല, വളരെ ബോധപൂര്‍വ്വമായ ഒരു സാങ്കേതികപ്രക്രിയയാണത്. ഇങ്ങനെയുള്ള മനുഷ്യബോധത്തിന്റെ ബോധപൂര്‍വ്വമായൊരു സൃഷ്ടിയെ പഠിക്കാന്‍ ബോധപൂര്‍വ്വമായ ഒരു ബോധനം ആവശ്യമില്ലെന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നാം പറഞ്ഞുകൊണ്ടിരിക്കുന്നു, പ്രയോഗിച്ചുകൊണ്ടിരിക്കുന്നു.

നാം എവിടെയാണ് എത്തിച്ചേര്‍ന്നത്?

നമ്മുടെ അക്ഷരപഠനം താറുമാറാകുന്നു എന്ന വിചാരം ആറേഴുവര്‍ഷങ്ങള്‍ക്കു മുമ്പേ സര്‍ക്കാറിനുണ്ടായിത്തുടങ്ങി എന്നതിനു തെളിവ് വിദ്യാലയങ്ങളില്‍ അരങ്ങേറിയ ‘സാക്ഷരം 2014’ തന്നെയാണ്. പക്ഷെ അത് പുതിയ ബോധനത്തെ സ്വയംവിമര്‍ശനാത്മകമായി പുതുക്കാന്‍ സഹായകമായില്ല എന്നതിനു തെളിവ് 1 മുതല്‍ 12 വരെയുള്ള ഒരു മലയാള പാഠപുസ്തകത്തിലും നമ്മുടെ അക്ഷരമാല ഇന്നും ഇല്ല എന്നുള്ളതാണ്. കാല്‍നൂറ്റാണ്ടായി ഈ പ്രക്രിയ വിദ്യാഭ്യാസമേഖലയില്‍ അരങ്ങേറാന്‍ തുടങ്ങിയിട്ട്. ഒരു വര്‍ഷം രണ്ടുലക്ഷം പുതിയ കുട്ടികളെങ്കിലും മലയാളം പഠിക്കാന്‍ ചേരുന്നുവെങ്കില്‍ അരക്കോടിയിലേറെ ശരിയാംവണ്ണം വായിക്കാനും എഴുതാനും കഴിയാത്ത മലയാളികളെ നാം സൃഷ്ടിച്ചുകഴിഞ്ഞു എന്നാണര്‍ത്ഥം. ഡി.പി.ഇ.പി. യെ സഹര്‍ഷം സ്വാഗതം ചെയ്ത, ആത്മാര്‍ത്ഥമായതു പിന്തുടര്‍ന്ന് ബോധനത്തിലിടപെട്ട അദ്ധ്യാപകര്‍ പലരും ഇന്നാ മെഥഡോളജിയില്‍ സന്ദേഹം പ്രകടിപ്പിക്കുന്നവരോ അതൊരു പരാജയമായിരുന്നുവെന്ന് രഹസ്യമായി പറയുന്നവരോ ആണ്. പഴയ തനതുലിപിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പറയുന്നവരില്‍ മിക്കവരും റിട്ടയര്‍ ചെയ്തുകഴിഞ്ഞവരുമാണ്. കുട്ടികള്‍ ഇപ്പോഴും അക്ഷരസാഗരത്തില്‍ നിലയില്ലാതെ നീന്തിക്കൊണ്ടിരിക്കുകയാണ്.

ജീവന്‍ ജോബിന്റെ പഠനം

ആറുവര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ (2015 നവംബര്‍ 13-18) ജീവന്‍ ജോബ് തോമസ് എഴുതിയ ‘വെള്ളച്ചാട്ടം അറിയാം, ‘വെള്ളച്ചാട്ടം’ വായിക്കാനറിയില്ല’ എന്ന പ്രഗത്ഭ ലേഖനം ഈ പ്രശ്‌നത്തിന്റെ ചരിത്രപരവും ശാസ്ത്രീയവുമായ വസ്തുതകളെ അന്വേഷിച്ചിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തില്‍ കേരളത്തിലെ വിദ്യാഭ്യാസത്തില്‍ സംഭവിച്ച പാരഡൈം ഷിഫ്റ്റ്, അതാദ്യം പ്രാവര്‍ത്തികമാക്കിയ അമേരിക്കന്‍ അനുഭവത്തേയും, ഒപ്പം വാക്കുകള്‍ രൂപംകൊള്ളുന്ന പ്രക്രിയയുടെ ബ്രെയിന്‍ മാപ്പിംഗിനെകുറിച്ചുള്ള ആധുനിക പഠനങ്ങളേയും അദ്ദേഹം അവലോകനം ചെയ്യുകയുണ്ടായി. അക്ഷരമാലയെക്കുറിച്ചും വഴിതെറ്റിപ്പോയ ബോധന സമ്പ്രദായത്തെക്കുറിച്ചും കണ്ണു തുറപ്പിക്കാന്‍ പോന്ന ആ ലേഖനം അന്ന് തമസ്‌കരിക്കപ്പെട്ടെങ്കിലും, വര്‍ഷങ്ങള്‍ക്കുശേഷം ഗൗരവമായ ഒരു വായന ഇന്ന് ആവശ്യപ്പെടുന്നു.

ആയിരം വര്‍ഷങ്ങളോളം ഈജിപ്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന ഹീറോഗ്ലിഫിക്‌സ് ആധുനിക ആല്‍ഫാബെറ്റുകളുടെ തുടക്കമായിരുന്നുവെങ്കിലും അത് പ്രധാനമായും ആശയങ്ങളുടെ ബൃഹത്തായ ഒരു ചിഹ്നവ്യവസ്ഥയായിരുന്നു. ബി.സി. 2500-ല്‍ ഈജിപ്തിലെ തന്നെ ഫിന്നീഷ്യയില്‍ രത്‌നഖനിയില്‍ പണിയെടുത്തിരുന്ന തൊഴിലാളികളാണ് വസ്തുക്കളുടെയും ആശയങ്ങളുടെയും പ്രതീകാത്മക ചിഹ്നങ്ങള്‍ക്കു പകരം മനുഷ്യശബ്ദങ്ങളെ അടിസ്ഥാനമാക്കി ലക്ഷണമൊത്ത ആദ്യത്തെ അക്ഷരമാലയ്ക്കു രൂപംകൊടുക്കുന്നത്. ഗ്രീക്കിന്റെയും അല്‍മായ ഭാഷയുടെയും ആല്‍ഫാബെറ്റുകളായി അത് വേഗത്തില്‍ വികാസം പ്രാപിച്ചു. ശബ്ദങ്ങളുടെ പൊതുഘടകങ്ങള്‍ക്ക് ‘രൂപം’ കൊടുത്താണ് മലയാളത്തിന്റെയും ദേവനാഗരിയുടെയും അറബിയുടെയും റോമന്‍ഭാഷകളുടെയും ആല്‍ഫാബെറ്റുകള്‍ ഉണ്ടായത്. അനേകായിരം വര്‍ഷങ്ങളിലൂടെ അതതു ഭാഷകളിലെ എഴുത്ത് (ശബ്ദങ്ങളുടെ രൂപങ്ങള്‍) പരിണമിച്ചുകൊണ്ടിരുന്നു. മലയാളത്തിന്റെ ചരിത്രത്തില്‍ വട്ടെഴുത്തും കോലെഴുത്തും ആര്യഎഴുത്തും നാനംമോനവുമൊക്ക പലകാലങ്ങളില്‍ പലദേശങ്ങളില്‍ ഉടലെടുത്തു. പക്ഷെ ശബ്ദങ്ങളെല്ലാം ഒന്നുതന്നെയായിരുന്നു. അച്ചടിയോടെയാണ് എല്ലാ ലോകഭാഷകളിലും അക്ഷരമാലകള്‍ മാനകീകരിക്കപ്പെടുന്നത്. മലയാളത്തില്‍ ഇത് സംഭവിക്കുന്നത് 1824-ല്‍ ആണ്. അതിനുശേഷം അക്ഷരമാലയിലും സംയുക്താക്ഷരങ്ങളിലും ലിപിപരിഷ്‌കരണം വരെ വളരെക്കുറച്ച് മാറ്റങ്ങളേ ഉണ്ടായുള്ളു. ലിപിപരിഷ്‌കരണത്തിലൂടെയുണ്ടായ അവ്യവസ്ഥകള്‍ക്കു പരിഹാരമായാണ് രചന ഉടലെടുത്തത്. ഡിജിറ്റല്‍ മലയാളത്തിന്റെ അക്ഷരമാലയെ ഇനിയൊരു മാറ്റം ഉണ്ടാകാത്തവിധം യൂണികോഡ് ഉറപ്പിച്ചിരിക്കുന്നു. മലയാളത്തിന്റെ കൂട്ടക്ഷരങ്ങളുടെ സമഗ്രതയും അഖണ്ഡതയും രചനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷങ്ങളുടെ മാത്രം സ്വത്തായിരുന്ന അക്ഷരങ്ങള്‍ അച്ചടിയിലൂടെ അതിവേഗം പടര്‍ന്നാണ് എഴുത്തും വായനയും വ്യാപകമായതും അറിവിന്റെ ജനകീയവല്‍ക്കരണം സാദ്ധ്യമായതും. വിദ്യാലയങ്ങളില്‍ ഭാഷാപഠനം അക്ഷരപഠനത്തില്‍നിന്നും ആരംഭിച്ചു. അക്ഷരങ്ങളുള്ള എല്ലാ ഭാഷകളിലും ഇത് ആവര്‍ത്തിച്ചു. അക്ഷരങ്ങളില്‍നിന്ന് വാക്കുകളിലേക്ക്, വാക്യങ്ങളിലേക്ക്, ആശയങ്ങളിലേക്ക് ക്രമബദ്ധമായി വളരുന്ന ‘ഫോണിക്‌സ്’ എന്നറിയപ്പെടുന്ന സാമ്പ്രദായിക ബോധനരീതി പാടെ മാറുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ്. ഭാഷാപഠനം മനുഷ്യന്റെ ഒരു ജൈവികപ്രക്രിയയാണെന്നുള്ള നോം ചോംസ്‌കിയുടെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് സമഗ്രഭാഷാ സമീപനം (Whole Language Approach) രൂപംകൊണ്ടത്. ആശയങ്ങളില്‍നിന്ന് വാക്യങ്ങളിലേക്കും വാക്കുകളിലേക്കും വികസിക്കുന്ന, മാതൃഭാഷ സ്വായത്തമാക്കുന്ന രീതി വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ അക്ഷരപഠനത്തിന്റെ പ്രാധാന്യം കുറഞ്ഞു. അക്ഷരങ്ങളും അക്ഷരമാലയും കൂട്ടക്ഷരങ്ങളും കാഴ്ചയില്‍നിന്ന് താനേ കുട്ടികള്‍ സ്വായത്തമാക്കിക്കൊള്ളും എന്ന് സിദ്ധാന്തീകരിക്കപ്പെട്ടു. മലയാള പാഠപുസ്തകങ്ങളില്‍നിന്നും 1990-കളുടെ പകുതിയോടെ അക്ഷരമാല അപ്രത്യക്ഷമാകാന്‍ കാരണം ഇതാണ്. അക്ഷരങ്ങളുടെ പ്രഥമസ്ഥാനം തകര്‍ന്നുപോയെങ്കിലും അക്ഷരത്തെ തീര്‍ത്തും അവഗണിക്കാന്‍ ഈ സമ്പ്രദായത്തിനു കഴിഞ്ഞില്ല.

ചോംസ്‌കിയന്‍ സിദ്ധാന്തങ്ങള്‍ ഉദ്ഭവിക്കുന്ന കാലത്തുതന്നെ വായനയുടെ ന്യൂറോഇമേജിംഗ് പഠനങ്ങളും തുടങ്ങിക്കഴിഞ്ഞിരുന്നു. ഭാഷയുടെയും കാഴ്ചയുടെയും പ്രോസസ്സിംഗിലെ പരസ്പരബന്ധം വിശദമായി പഠിക്കപ്പെട്ടു. വാക്കുകളെ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിലെ Visual Word Form Area (VWFA)-യുടെ വ്യാപ്തം പോലും അക്ഷരം പഠിക്കുന്നവരില്‍ പഠിക്കാത്തവരേക്കാള്‍ കൂടുതലാണെന്നും കണ്ടെത്തി. അക്ഷരങ്ങള്‍ വേറിട്ടു പഠിക്കാതെ വാക്കുകളുടെ നിരന്തരമായ കാഴ്ചകളിലൂടെ, കേള്‍വിയിലൂടെ മാത്രം സ്വായത്തമാകുന്ന ഒന്നല്ല വായനയും എഴുത്തും എന്നാണ് ഈ പഠനങ്ങള്‍ വെളിവാക്കുന്നത്. ശബ്ദങ്ങളില്‍നിന്ന് ആല്‍ഫാബെറ്റ് രൂപപ്പട്ടതിന്റെ നേരെ എതിരായ ഒരു പ്രക്രിയ വാക്കുകളുടെ കാഴ്ചയില്‍ സംഭവിക്കുന്നുണ്ട് – വാക്കുകളുടെ ഡീകോഡിംഗിലൂടെ അക്ഷരങ്ങളിലേക്കെത്തുന്ന പ്രക്രിയ. വാക്കുകള്‍, അതിനു പിന്നാലെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വാക്യങ്ങളും ആശയരൂപീകരണങ്ങളും നടക്കുമ്പോഴും, അതിനേക്കാള്‍ വേഗതയില്‍ ഓരോ അക്ഷരങ്ങളേയും വേര്‍തിരിച്ചും കൂട്ടിച്ചേര്‍ത്തുമാണ് വായന മുന്നേറുന്നത് എന്ന് ന്യൂറല്‍ പഠനങ്ങള്‍ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. അക്ഷരങ്ങള്‍ ഒറ്റയ്‌ക്കൊറ്റക്കായി കൂട്ടിച്ചേര്‍ത്തല്ല വാക്കുകള്‍ നാം വായിക്കുന്നത് എന്നും, വാക്കുകള്‍ ഒരൊറ്റ യൂണിറ്റായി അതിന്റെ ശബ്ദങ്ങളോട് ഒട്ടിച്ചേര്‍ന്ന് നില്ക്കുന്നു എന്നുമുള്ള നവീന ബോധനസിദ്ധാന്തങ്ങള്‍ക്ക് കടകവിരുദ്ധമായാണ് ഇത്തരം കണ്ടെത്തലുകള്‍ എത്തിച്ചേരുന്നത്.

ഇതോടൊപ്പം സാമൂഹ്യശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. അരനൂറ്റാണ്ടോളം പരീക്ഷിച്ച സമഗ്രഭാഷാ സമീപനം ശരിയാംവണ്ണം വായിക്കാനും എഴുതാനും കഴിവുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പാരാജയപ്പെട്ടുവെന്നത് വലിയൊരു ആശങ്കയായി അമേരിക്കയില്‍ വളര്‍ന്നിരിക്കുന്നു. ‘ജോണിക്ക് എന്തുകൊണ്ട് വായിക്കാന്‍ കഴിയുന്നില്ല’ (Why Jhony can’t read) എന്ന പുസ്തകം ബെസ്റ്റ് സെല്ലറായിത്തീര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.

ജീവന്‍ ജോബിന്റെ ലേഖനം അസന്നിഗ്ദ്ധമായി രണ്ടു കാര്യങ്ങള്‍ അടിവരയിടുന്നു: ഒന്ന് – ഭാഷാഭ്യസനത്തില്‍ വായനയും എഴുത്തും ഒരു സ്വാഭാവിക പ്രക്രിയയാണെന്ന ഹോള്‍ ലാംഗ്വേജ് അപ്രോച്ച് മുന്നോട്ടുവെക്കുന്ന ആശയം പൂര്‍ണ്ണമായും മിഥ്യധാരണകള്‍ അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ടതാണ്. രണ്ട്- ആധുനിക മാനവസംസ്‌കാരം നിര്‍ണ്ണയിച്ച ലിപികളുടെ രൂപീകരണ പ്രക്രിയക്കു സദൃശമായാണ് നൂറ്റാണ്ടുകളായി അക്ഷരപഠനം വികസിച്ചത്. കാലത്തെ അതിജീവിച്ച സഫലമായൊരു പഠനരീതിയെ (ഫോണിക്‌സ് രീതിയെ) പകരംവെക്കാന്‍ പുതിയ ബോധനസമ്പ്രദായം ഒട്ടും പര്യാപ്തമല്ല.

ദരിദ്രമാകുന്ന വായന

സംസാരംപോലെ വായനയെന്നത് മനുഷ്യന്റെ ഒരു അടിസ്ഥാന ശേഷിയാണെന്ന തെറ്റിദ്ധാരണ പുതിയ പാഠ്യപദ്ധതിയുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെയായിരുന്നെങ്കില്‍ സംസാരംപോലെ ലോകഭാഷകളിലെല്ലാം വായനയും രൂപംകൊള്ളുമായിരുന്നു (അക്ഷരങ്ങളില്ലാതെ!). പ്രകൃതിയേയും ജീവജാലങ്ങളുടെ ചലനങ്ങളേയും അപരന്റെ ആംഗ്യങ്ങളേയും കാഴ്ചകൊണ്ടാണ് അക്ഷരങ്ങളില്ലാത്ത മനുഷ്യര്‍ മനസ്സിലാക്കുന്നത്. പാട്ടും നൃത്തവും പോലും മനുഷ്യന്റെ അടിസ്ഥാനശേഷിയായി കണക്കാക്കാം. പക്ഷെ അക്ഷരങ്ങളില്ലാത്ത ഒരു ഭാഷാസമൂഹത്തില്‍ വായനയില്ല എന്ന ലളിത സത്യം പുതിയ പാഠ്യപദ്ധതിയുടെ പ്രണേതാക്കള്‍ കാണാനേ കൂട്ടാക്കുന്നില്ല.

പുതിയ പാഠ്യപദ്ധതി കുട്ടികളെ സ്വതന്ത്രരാക്കുന്നുവെന്നും പഠനം രസകരമാക്കുന്നുവെന്നും ആശയപ്രകാശനത്തിനുള്ള ശേഷി വര്‍ദ്ധിപ്പിച്ചിരിക്കുന്നുവെന്നും അതിന്റെ വക്താക്കള്‍ അവകാശപ്പെടുന്നു. അത്രയും നല്ലത്. അക്ഷരങ്ങളുടെ സവിശേഷപഠനം കുട്ടികളെ അസ്വതന്ത്രരാക്കുമെന്ന ദുസ്സൂചന ഇതിലുണ്ട്. അടിമത്തത്തില്‍നിന്നും അസമത്വങ്ങളില്‍നിന്നും സ്വതന്ത്രരാക്കി ആധുനിക മനുഷ്യനെ സൃഷ്ടിച്ചത് അക്ഷരങ്ങളാണെന്ന് നാം മറന്നുപോകുകയാണ്. ഈയൊരു മറവിയും മനോഭാവങ്ങളും ശിക്ഷണങ്ങളും നമ്മെ എവിടെ കൊണ്ടെന്നെത്തിക്കും? മതേതര-ജനാധിപത്യ സംവിധാനങ്ങളില്‍ വിള്ളല്‍ വീഴുകയും വ്യാജ ചരിത്രനിര്‍മ്മിതികള്‍ നിര്‍ബാധം നടക്കുകയും സാംസ്‌കാരിക ഫാസിസം ഭരണകൂടത്തിന്റെ മുഖമുദ്രയായി മാറുകയും ചെയ്യുമ്പോള്‍ അതൊക്കെ പ്രതിരോധിക്കാന്‍ അക്ഷരങ്ങളല്ലാതെ മറ്റെന്താണുള്ളത്?

ആശയപ്രകാശനത്തിന്റെ വിശാലലോകം തുറന്നിട്ടു എന്ന് പറയുമ്പോഴും പാഠപുസ്തകത്തിലും പ്ലസ് ഗ്രേഡുകളിലും മാത്രം ഒതുങ്ങിപ്പോകുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം എങ്ങനെയാണ് പ്രത്യക്ഷപ്പെട്ടത്? പാഠപുസ്തകങ്ങള്‍ക്കു പുറത്ത് പത്രങ്ങളിലേക്കും ആനുകാലികങ്ങളിലേക്കും വായനശാലകളിലേക്കും എത്തിപ്പെടുന്ന എത്ര വിദ്യാര്‍ത്ഥികള്‍ ഇന്ന് നമുക്കുണ്ട്? അദ്ധ്യാപകര്‍ സിലബസ്സിന്റെ പരിമിതിക്കകത്തുനിന്ന് നിര്‍ദ്ദേശിക്കുന്ന പ്രോജക്റ്റുകള്‍ക്കപ്പുറത്തേക്ക് ഗൗരവതരമായ വായനകള്‍ നെറ്റിലും മൊബൈലിലും നടക്കുന്നുണ്ടോ? കുട്ടികളില്‍ പെരുകിവരുന്ന ആത്മഹത്യാ പ്രവണതയും തകിടംമറിഞ്ഞ വായനയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഇതിനെക്കുറിച്ചൊക്കെ വല്ല നിരീക്ഷണങ്ങളും പഠനങ്ങളുമുണ്ടായോ?

ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍പോലും പ്രൊഫഷനല്‍ ലൈബ്രേറിയന്മാരെ നിയമിക്കാത്ത ഒരു സംസ്ഥാനമാണ് നമ്മുടേത്. ഡി.പി.ഇ.പി. യോളം തന്നെ പഴക്കമുണ്ട് ഇതിനുവേണ്ടിയിറങ്ങിയ സര്‍ക്കാരുത്തരവുകള്‍ക്കും കോടതി നിര്‍ദ്ദേശങ്ങള്‍ക്കും. ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ അദ്ധ്യാപകരും അദ്ധ്യാപക സംഘടനകളും പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നത് ബോധനസംവിധാനത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മറ്റൊരു വിരോധാഭാസം. ക്ലാസ്സ് റൂമുകളെല്ലാം സ്മാര്‍ട്ട് ആകുമ്പോഴും കുട്ടികള്‍ക്ക് പോയിരുന്ന് വായിക്കാനും അവരവര്‍ക്കിഷ്ടപ്പെട്ട പുസ്തകള്‍ കണ്ടെത്താനുമുള്ള അടിസ്ഥാനസൗകര്യം പോലും പുത്തന്‍ ആശയപ്രകാശനത്തിന്റെ ലോകത്തില്ല. ശാസ്ത്രീയമായി വര്‍ഗ്ഗീകരിക്കാത്ത, ഡിജിറ്റല്‍ കാറ്റലോഗോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമോ വികസിപ്പിക്കാത്ത അടച്ചിട്ട മുറിയിലെ ഏതാനും പുസ്തകങ്ങളുടെ കൂമ്പാരങ്ങളെ ലൈബ്രറിയെന്ന് പേരിട്ടു വിളിച്ച് എന്ത് സര്‍ഗ്ഗാത്മകവായനയാണ് നാം കുട്ടികളില്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്?

പണ്ട് സ്‌കൂളുകള്‍ക്കു പുറത്ത് വായനയെ നിലനിറുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്ന ഗ്രാമീണ വായനശാലകളെങ്കിലും നമുക്കുണ്ടായിരുന്നു. ഇന്ന് വായനക്കാരില്ലാത്ത 6000 വായനശാലകളിലേക്ക് നമ്മുടെ സംസ്ഥാനം ‘വളര്‍ന്നി’രിക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ഒരു ശതമാനം അവിടെയെത്തിപ്പെട്ടിരുന്നുവെങ്കില്‍ മാസാമാസം ലൈബ്രറി കൗണ്‍സിലിനു സമര്‍പ്പിക്കുന്ന വായനക്കാരുടെ വ്യജ കണക്കുകളെങ്കിലും അവസാനിപ്പിക്കാമായിരുന്നു. കുട്ടികള്‍ വായനശാലകളില്‍ പോകുന്നതിനെ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കുന്നുമില്ല. പകരംവെക്കാന്‍ സ്‌കൂളുകളില്‍ ലൈബ്രറികളുമില്ല. എന്നാല്‍ പല അണ്‍എയിഡഡ് സ്‌കൂളുകളിലും കേമമായ ലൈബ്രറി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്. അക്ഷരങ്ങളും വായനയും ധനശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കു മാത്രം ലഭിക്കുന്ന അനുഗ്രഹങ്ങളായി മാറുകയാണോ?

അക്ഷരങ്ങളിലേക്ക് മടക്കം

അക്ഷരങ്ങളില്ലാതെ ഭാഷ പഠിക്കാനും സംസാരിക്കാനും കഴിയും. ഭാഷാസമൂഹങ്ങള്‍ മാതൃഭാക്ഷ സ്വായത്തമാക്കുന്നത് അങ്ങനെയാണ്. അക്ഷരങ്ങള്‍ പഠിക്കാന്‍ തുടങ്ങുന്നത് ഇതിനൊക്കെ ശേഷം സ്‌കൂളില്‍ ചേരുമ്പോഴാണ്. അക്ഷരങ്ങള്‍ പഠിച്ചാണ് വായിക്കാനും എഴുതാനും പഠിക്കുന്നതു്. അക്ഷരങ്ങള്‍ ഉദ്ഭവിച്ചതുമുതല്‍ അനുഷ്ഠിച്ചുപോന്ന ഈ സമ്പ്രദായത്തെ അട്ടിമറിച്ചതാണ് ഭാഷാബോധനത്തില്‍ സംഭവിച്ച തകരാറിനു കാരണം. മാത്തമറ്റിക്‌സോ ഫിസിക്‌സോ കെമിസ്ട്രിയോ പറഞ്ഞും കേട്ടും കണ്ടും മാത്രം പഠിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, അതിന്റെ ചിഹ്നവ്യവസ്ഥയെ, അക്ഷരമാലയെ സനിഷ്‌ക്കര്‍ഷം എഴുതി പഠിക്കുക തന്നെ വേണം. വാക്കുകള്‍ കൃത്യമായി ഉച്ചരിക്കാനും എഴുതാനും അക്ഷരങ്ങളിലൂടെ പരിശീലനം ലഭിച്ചില്ലെങ്കില്‍ മാനവിക വിഷയങ്ങളിലുള്ള പഠനം തകരാറിലാകും. സയന്‍സിലെ വിവരണാത്മകഭാഗങ്ങളും നിര്‍വ്വചനങ്ങളുമൊക്കെ അക്ഷരങ്ങളിലുള്ള ഉദാസീനതമൂലം അവതാളത്തിലാകുകയും ചെയ്യും. ജീവന്‍ജോബ് പറയുന്നതുപോലെ, ‘സാക്ഷരരായ നിരക്ഷരരെ’ സൃഷ്ടിക്കാതിരിക്കാന്‍ നാം ആയിരക്കണക്കിനു വര്‍ഷങ്ങളായി എഴുതാനും വായിക്കാനും പരിശീലിച്ച സാമ്പ്രദായിക അക്ഷരപഠനങ്ങളിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു. ഫോണിക്‌സ് സമ്പ്രദായത്തിന്റെ തിരിച്ചുവരവാണ് ഇതിലൂടെ സംഭവിക്കുക. കുട്ടികളെ അക്ഷരങ്ങള്‍ തല്ലിപ്പഠിക്കുകയെന്ന പീഢനത്തില്‍നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഡി.പി.ഇ.പി. മുതലിങ്ങോട്ടുള്ള ബോധനംകൊണ്ടുണ്ടായ മെച്ചം. പക്ഷെ അതിന് അക്ഷരമാലയെത്തന്നെ ബലികൊടുക്കേണ്ടിവന്നു.

ബോധപൂര്‍വ്വമായ നിരീക്ഷണങ്ങളിലുടെ, മനനങ്ങളിലൂടെ, ജ്യോമിതിയിലൂടെ, സൗന്ദര്യാവിഷ്‌കാരങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട അക്ഷരങ്ങള്‍ സഹജമായൊരു ഭാഷാപ്രക്രിയയുടെ ഭാഗമായി മനുഷ്യന്‍ സ്വാംശീകരിക്കുമെന്ന് കരുതുന്നത് മനുഷ്യപ്രകൃതത്തിനും ഭാഷാപ്രകൃതത്തിനും നിരക്കുന്നതല്ല. ഭാഷകള്‍ക്ക് ലിപികളുണ്ടാകുന്ന പ്രക്രിയ മനുഷ്യചരിത്രത്തിന്റെ ഒരു പ്രത്യേക ദശാസന്ധിയില്‍ മാത്രം സംഭവിച്ച ഒന്നായിരുന്നു – മനുഷ്യന്‍ അഞ്ചുലക്ഷം വര്‍ഷം സംസാരിച്ചു നടന്നതിന്നൊടുവില്‍ കഴിഞ്ഞ മൂവായിരം വര്‍ഷത്തിന്റെ ചെറിയൊരു കാലയളവില്‍. പുതിയ ഭാഷകളും പുതിയ ലിപികളും ഉണ്ടാകുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇനിയൊരു ഭാഷയും അക്ഷരങ്ങളും മനുഷ്യവംശത്തില്‍ പുതുതായുണ്ടാകില്ല. ഭാഷകള്‍ നശിച്ചുപോകാനുള്ള സാദ്ധ്യതകള്‍ ഇന്ന് ഏറെയാണ്. ലിപികളില്ലാത്ത ഭാഷകള്‍ക്കാണ് ഈ ദുരന്തം പേറേണ്ടി വരിക. അതുകൊണ്ട് ലിപികളുള്ള ഭാഷകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ അക്ഷരങ്ങള്‍ കണ്ണിലുണ്ണിപോലെ സൂക്ഷിക്കണം, കൃത്യതയോടെ പഠിപ്പിച്ചുറപ്പിക്കുകയും വേണം. ഇന്റര്‍നെറ്റിലെ വിവരാന്വഷണങ്ങളില്‍ ഒരു സ്‌പെല്ലിംഗ് തെറ്റിയാല്‍ പതിനായിരക്കണക്കിന് ഇന്‍ഫര്‍മേഷന്‍ നഷ്ടപ്പെടുന്ന അത്യന്തം നിസ്സഹായമായ ഒരു ഡിജിറ്റല്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്. തെറ്റില്ലാതെ അക്ഷരങ്ങളും വാക്കുകളും വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ നാം അതിനാല്‍ പ്രതിജ്ഞാബദ്ധമാണ്. അക്ഷരാഭ്യസനം വിദ്യാഭ്യാസത്തിന്റെ പ്രാഥമിക കര്‍മ്മമായി നാം പ്രാവര്‍ത്തികമാക്കിയേ പറ്റൂ.

(കടപ്പാട്: സി.വി. രാധാകൃഷ്ണന്‍, ജീവന്‍ ജോബ് തോമസ്, ടി.വി. സുനീത)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply