ചര്‍ച്ച ചെയ്യേണ്ടത് ദയാവധത്തെ കുറിച്ചുതന്നെ
കാലം മാറുകയാണ്. ഇനി നമുക്ക് സ്വച്ഛന്ദമൃത്യു, ആത്മഹത്യ, ലിവിംഗ് വില്‍ എന്നിവയെ കുറിച്ചുമാത്രം പറഞ്ഞാല്‍ പോര. നേരിട്ടു ദയാവധത്തെ കുറിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു. ആ ദിശയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.
സ്വച്ഛന്ദമൃത്യു, ആത്മഹത്യ, യൂത്തനേഷ്യ, ലിവിംഗ് വില്‍ എന്നിവയെ മുഖ്യവിഷയങ്ങളാക്കി പുറത്തിറങ്ങിയ പാഠഭേദം സെപ്തംബര്‍ ലക്കം ശ്രദ്ധേയമായി. അന്തസായി ജീവിക്കുക എന്നതുപോലെ പ്രധാനമാണ് അന്തസായി മരിക്കുക എന്ന ഏറ്റവും പ്രധാനമായ സന്ദേശമാണ് പാഠഭേദം ഇതിലൂടെ ഉയര്‍ത്തിപിടിച്ചത്. പല രാഷ്ട്രങ്ങളിലും ഏറെ കാലമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിയമനിര്‍മ്മാണങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ ഇന്ത്യയിലും, കേരളത്തിലുമൊക്കെ മുഖ്യധാരയിലും പോതുബോധത്തിലും ഇപ്പോഴും ഈ വിഷയം എത്തിയെന്നു പറയാനാകില്ല. അതിക്രൂരമായ പീഡനത്തിനു വിധേയയായി 43 വര്‍ഷം അബോധാവസ്ഥയില്‍ കിടന്നു മരിച്ച നഴ്സ് അരുണ ഷാനുബാഗിന്റെ ദുരന്തമാണ് ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകള്‍ തുടങ്ങാന്‍ കാരണമായത്. എന്നാല്‍ മതമേലധ്യക്ഷന്മാരും ഡോക്ടര്‍മാരും എന്തിന് വലിയൊരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പോലും ഈ വിഷയം ഉള്‍ക്കൊള്ളുന്നില്ല എന്നുതന്നെ പറയാം. ദൈവം തന്ന ജീവിതം തിരിച്ചെടുക്കാന്‍ മനുഷ്യനവകാശമില്ല എന്ന പഴഞ്ചന്‍ ആശയം മതങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോള്‍ ഏറെക്കുറെ സമാനമായ രീതിയില്‍ ജീവന്‍ രക്ഷിക്കലാണ്, എടുക്കലല്ല തങ്ങളുടെ കടമ എന്നാണ് ഡോക്ടര്‍മാരും അവരുടെ ഐ എം എ പോലുള്ള സംഘടനകളും പറയുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകരാകട്ടെ ദയാവധം പോലുള്ളവ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ഭീതിയിലാണ്. ഏതു നിയമത്തിനും ആ സാധ്യതയുണ്ടെന്നതാണ് വാസ്തവം. ഒരുപക്ഷെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരാണ് തത്വത്തിലെങ്കിലും ഈ ആശയം അംഗീകരിക്കുന്നത്.
പക്ഷെ കാലം മാറുകയാണ്. ഇനി നമുക്ക് സ്വച്ഛന്ദമൃത്യു, ആത്മഹത്യ, ലിവിംഗ് വില്‍ എന്നിവയെ കുറിച്ചുമാത്രം പറഞ്ഞാല്‍ പോര. നേരിട്ടു ദയാവധത്തെ കുറിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു. ആ ദിശയിലുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് ദയാവധം അനുവദിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി പെരുമാറ്റ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയിട്ടുമുണ്ട്. രോഗികളുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള സ്വാഭാവിക ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നതാണ് കരടില്‍ പറയുന്നത്. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം മരണമുറപ്പായ രോഗാവസ്ഥയില്‍ കൂടെ കടന്നു പോകുന്നവര്‍ക്കാണ് ഇത് ലഭ്യമാവുക. അതിഗുരുതര രോഗാവസ്ഥയില്‍ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതും അവരുടെ ജീവിതം അന്തസിലാതാക്കുമെന്നും അതുകൊണ്ടുതന്നെ ദയാവധം ആകാമെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. ആരോഗ്യമേഖലയില്‍ നിന്നടക്കമുള്ളവരും പൊതുജനങ്ങളും കരടിന്മേല്‍ ഒക്ടോബര്‍ 20നകം അഭിപ്രായം അറിയിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രം ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെങ്കിലും ഉള്‍പ്പെട്ട പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് ജീവന്‍രക്ഷാ സംവിധാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനം മറ്റ് മൂന്ന് ഡോക്ടര്‍മാരടങ്ങിയ സെക്കന്‍ഡറി മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണമെന്നും രേഖയില്‍ പറയുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മരണാസന്നരായ രോഗികളുടെ കഷ്ടപ്പാടുകളും വേദനകളും കുറയ്ക്കാനും ഉചിതമായ ചികിത്സ അനുവദിക്കാനോ അവസാനിപ്പിക്കാനോ ഉള്ള രോഗികളുടെ അവകാശത്തെ ബഹുമാനിക്കാനും ബന്ധുക്കളുടെ സാമ്പത്തികഭാരം കുറക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍. പലപ്പോഴും ഈ അവസ്ഥയില്‍ എത്തുന്ന രോഗിക്ക് സ്വയം തീരുമാനമെടുക്കാന്‍ സാധ്യമാകില്ലല്ലോ. അതിന് പരിഹാരമായി ജീവിതത്തില്‍ നേരത്തേതന്നെ ഈ വിഷയത്തില്‍ ‘ഭാവി ചികിത്സയെക്കുറിച്ച് നിയമസാധുതയുള്ള അഡ്വാന്‍സ് മാര്‍ഗ നിര്‍ദേശങ്ങള്‍’ തയ്യാറാക്കിവെക്കാവുന്നതാണ്. രോഗി തീരുമാനമെടുത്തിട്ടില്ലെങ്കിലും തീരുമാനമെടുക്കാന്‍ പറ്റാത്ത ഗുരുതര അബോധ നിലയിലാണെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് രോഗിക്കുവേണ്ടി (സറോഗേറ്റ്) തീരുമാനമെടുക്കാനുള്ള അവസരങ്ങളും ഇതിലുണ്ട്. ആശുപത്രികളില്‍ ഇതിനു മേല്‍നോട്ടം വഹിക്കാനായി എത്തിക്സ്, നിയമം, സാമൂഹികശാസ്ത്രവിഷയ വിദഗ്ധര്‍ അടങ്ങിയവര്‍ അടങ്ങിയ സമിതി വേണമെന്നും നിര്‍ദേശമുണ്ട്. ഒരു രാജ്യത്ത് ഒരുവര്‍ഷം രോഗ ചികിത്സയ്ക്കായി ചെലവഴിക്കുന്ന ആകെ തുകയുടെ 10 ശതമാനത്തിലധികം ചെലവഴിക്കുന്നത് അവിടങ്ങളില്‍ മരിക്കുന്ന ഒരു ശതമാനം പേരുടെ അവസാനഘട്ട ചികിത്സകള്‍ക്കു വേണ്ടിയാണെന്ന കണക്ക് ഇവിടെ ഏറെ പ്രസക്തമാണ്.
ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പില്‍വരുമ്പോള്‍ ഇന്റന്‍സീവ് ചികിത്സാരീതിയില്‍ നിന്ന് ക്രമേണ പാലിയേറ്റീവ് പരിചരണരീതിയിലേക്ക് സമൂഹത്തെ മാറ്റാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് രേഖ ചൂണ്ടികാട്ടുന്നു. മരണങ്ങള്‍ കൂടുതല്‍ ആശുപത്രികളില്‍നിന്നു മാറി വീടുകളില്‍ സംഭവിക്കും. അനാവശ്യ ചികിത്സകളും ശരീരത്തില്‍ സൂചികള്‍ കയറ്റിവെച്ചും കുഴലുകള്‍ കടത്തിവെച്ചുമുള്ള രീതികളും ജീവിതത്തിന്റെയും മരണത്തിന്റെയും അന്തസ്സ് കുറയ്ക്കുകയാണ്. മസ്തിഷകമരണം പോലുള്ള അവസ്ഥയുണ്ടായാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ തീരുമാനമെടുക്കാന്‍ മാര്‍ഗരേഖ സഹായിക്കും. അവയവമാറ്റ ശസ്ത്രക്രിയകള്‍ വഴി കൂടുതല്‍പേര്‍ക്ക് ജീവിതം തിരിച്ചു കിട്ടാനും ഇത് വഴിവച്ചേക്കാം എന്നും രേഖ പറയുന്നു,
സത്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശം നല്‍കിയിട്ടുള്ളതുപോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശം 1985-ല്‍ത്തന്നെ സുപ്രീംകോടതിയില്‍ ചര്‍ച്ചയ്ക്കുവന്നിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞ് 2018-ല്‍ മാത്രമാണ് അതേ അനുച്ഛേദപ്രകാരം ജനനവും ജീവിതവുംപോലെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും വിഭാവനം ചെയ്യുന്നുണ്ട് എന്ന് കോടതി തീര്‍പ്പു കല്പിച്ചത്. തുടര്‍ന്നാണ് ‘ലിവിങ് വില്‍’ അനുവദിച്ചത്. ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം ഘട്ടങ്ങളില്‍ യൂത്തനേഷ്യ നിയമപരമാക്കിയിട്ടുണ്ട്. ഉദാഹരണം നെതര്‍ലന്‍ഡ്, ബെല്‍ജിയം, സ്പെയിന്‍, ലക്സംബര്‍ഗ്, കാനഡ, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍. ദയാവധത്തിന് ശ്രമിക്കുന്നവര്‍ക്കുമേല്‍ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവര്‍ക്ക് മേല്‍ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് യു.എസ്സിലെ നിയമം. എന്നാല്‍, അക്കാര്യത്തില്‍ ഉദാര സമീപനമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍. സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ജര്‍മനി, ലക്സംബര്‍ഗ്, നെതര്‍ലന്‍ഡ്സ്, ന്യൂസീലന്‍ഡ്, സ്പെയിന്‍, യുണൈറ്റ് സ്റ്റേറ്റസിന്റെ ചില ഭാഗങ്ങള്‍, ഓസ്ട്രേലിയയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ദയാവധത്തിന് അനുമതിയുണ്ട്. ഒരിക്കലും രോഗവിമുക്തനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്ന് 43 വര്‍ഷം മുമ്പ് ഏഴു വയസുകാരനായ മകനെ ദയാവധം നടത്തിയതായി യു കെയിലെ ഒരു സ്ത്രീ വെളിപ്പെടുത്തിയത് അടുത്തയിടെയായിരുന്നു.
ലോകത്താദ്യമായി ദയാവധം നിയമവിധേയമാക്കിയ രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. 2002-ലാണ് നെതര്‍ലന്‍ഡ്‌സില്‍ ദയാവധത്തിന് നിയമസാധുത നല്‍കുന്നത്. ശാരീരികാസ്വാസ്ഥ്യമുള്ളവര്‍ മാത്രമല്ല മാനസികാരോഗ്യം വഷളായവരും ഇവിടെ ദയാവധം സ്വീകരിക്കുന്നുണ്ട്. 1977 മുതല്‍ 1982 വരെ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയായിരുന്ന ഡ്രിസ് ഫന്‍ അഹ്തും ദയാവധം സ്വീകരിച്ചിരുന്നു. 2019-ലുണ്ടായ മസ്തിഷ്‌ക രക്തസ്രാവത്തില്‍ നിന്നുണ്ടായ ക്ലേശങ്ങളാണ് അദ്ദേഹത്തെ ദയാവധം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ഭാര്യ യൂജീനിയും തീരെ അവശയായിരുന്നു. 93 വയസ്സായിരുന്നു ഇരുവര്‍ക്കും. പരസ്പരം പിരിയാന്‍ സാധിക്കാത്തതിനാല്‍ ഒന്നിച്ചു മരിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. 2024 ഫെബ്രുവരി 5-ന് ഇരുവരും കൈകോര്‍ത്ത് മരണം സ്വീകരിക്കുകയായിരുന്നു. ഇതിനകം 8700 ഓളം പേര്‍ അവിടെ ദയാവധം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പ്രശസ്ത സംവിധായകന്‍ ഗൊദാര്‍ദ് തന്റെ 92 മത്തെ വയസ്സില്‍ ജീവിതമവസാനിപ്പിക്കുന്നത് സ്വന്തം ഇച്ഛാനുസരണമായിരുന്നു. ഫ്രാന്‍സിലത് ഒരു ദേശീയ സംവാദത്തിന് വഴി തുറന്നു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫിസിഷ്യന്‍ അസിസ്റ്റഡ് സൂയിസൈഡ് (PAS) നിയമവിധേയമാക്കുന്നതിനെക്കുറിച്ച് വിപുലമായ ദേശീയ സംവാദത്തിന് വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രഞ്ച് പൗരന്മാരില്‍ ഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുകയായിരുന്നു.
1994ല്‍ പി. രത്തിനം കേസില്‍ സുപ്രീം കോടതി ദയാവധത്തിനനുകൂലമായി വിധിയെഴുതിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അതു തിരുത്തുകയായിരുന്നു. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ല്‍ നാലു വൃദ്ധര്‍ ഹര്‍ജി നല്‍കി. പത്താം വയസു മുതല്‍ തളര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജി 2004ല്‍ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേവര്‍ഷം പട്ന ഹൈക്കോടതിയും നിരസിച്ചു. പഞ്ചാബില്‍ 11 വര്‍ഷമായി മരിച്ചപോലെ കിടക്കുന്ന യുവാവിന് ദയാവധം നല്‍കണമെന്ന മാതാപിതാക്കളുടെ ആവശ്യം ഇതുവരേയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ഇത്തരം കേസുകള്‍ തുടരുന്നു. .
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരുണ ഷാനുബാഗിന്റെ കേസില്‍ മരിക്കാനുള്ള അവകാശം മൗലികമല്ല എന്നായിരുന്നു കോടതി നിലപാട്. അരുണയ്ക്ക്് വേണ്ടി ഉയര്‍ത്തിയ ശബ്ദം അന്ന് കേള്‍ക്കാതിരുന്ന നീതിപീഠം പിന്നീടാണ്് കാതുതുറന്നത്. 2006 ല്‍ ദയാവധം നിയമമാക്കാന്‍ ശിപാര്‍ശചെയ്യുന്ന നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലത് വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ദുരുപയോഗിച്ചേക്കാമെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് ദയാവധത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമകമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് കമ്മിഷന്‍ സര്‍ക്കാരിനു വിശദ റിപ്പോര്‍ട്ട് നല്‍കി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലായിരുന്നു സത്യവാങ്മൂലം.
വാല്‍ക്കഷ്ണം : അടുത്ത കാലത്ത് ഡോ മേരി കളപ്പുരക്കലിന്റെ ഒരു പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നല്ലോ. അതിങ്ങനെയായിരുന്നു. ‘വൃദ്ധരെ ഐ സി യു വില്‍ കിടത്തി കുടുംബത്തെ കൊള്ളയടിക്കാന്‍ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോള്‍. വാര്‍ദ്ധക്യം കൊണ്ട് ജീര്‍ണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കില്‍ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാന്‍ വയ്യാതായാല്‍ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിര്‍ത്തും. സര്‍വ്വാംഗം സൂചികള്‍, കുഴലുകള്‍, മരുന്നുകള്‍ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കില്‍ കുഴലിട്ടു പോഷകാഹാരങ്ങള്‍ കുത്തിച്ചെലുത്തിയാലും കുറച്ചു നാള്‍ കൂടി മാത്രം ജീവന്റെ തുടിപ്പു നിലനില്‍ക്കും. കഠിന രോഗബാധിതരായി മരണത്തെ നേരില്‍ കാണുന്നവരെ അവസാന നിമിഷം നീട്ടിവപ്പിക്കാന്‍ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ? രക്ഷയില്ലെന്നു കണ്ടാല്‍ സമാധാനമായി പോകുവാന്‍ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കില്‍ ഡ്രിപ് നല്‍കുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ടവരെ കാണാന്‍ അനുവദിക്കുക. അന്ത്യനിമിഷം എത്തുമ്പോള്‍ ഏറ്റവും ഉറ്റവര്‍ ചുറ്റും നിന്ന് കൈകളില്‍ മുറുകെ പിടിച്ച് പ്രാര്‍ത്ഥിച്ചാല്‍, ചുണ്ടുകളില്‍ തീര്‍ത്ഥമിറ്റിച്ച് അടുത്തിരുന്നാല്‍, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന് ആസ്പത്രിയില്‍ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്, ബന്ധുക്കളില്‍ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെന്റില്‍ സമര്‍പ്പിക്കാന്‍ ഒരു നിയമം കൊണ്ടു വരണം. ആസ്പത്രിയില്‍ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അര്‍ഹിക്കുന്ന വില ലഭിക്കണം. മരിക്കാന്‍ ആസ്പത്രിയുടെ ആവശ്യം ഇല്ല. രോഗി രക്ഷപ്പെടുകയില്ല എന്നു തോന്നിയാല്‍ രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുകയാണ് ആസ്പത്രികള്‍ ചെയ്യേണ്ടത്. ഐ സി യു വില്‍ വൃദ്ധരായ രോഗികള്‍ ഒരുവിധത്തിലും പീഡനം അനുഭവിക്കാന്‍ പാടില്ല.’
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in