പ്രതിപക്ഷം കളിക്കളത്തിനു പുറത്തുനില്‍ക്കട്ടെ

സെക്കുലറിസം എന്ന അമൂര്‍ത്തസങ്കല്പത്തേക്കാള്‍ ശക്തിയുള്ളതാണ് സാമൂഹ്യനീതി എന്ന മുദ്രാവാക്യം. ഭരണഘടനയായിരിക്കണം അതിന്റെ ആത്മാവ്. ഭാരത് ജോഡോ യാത്രയുണ്ടാക്കിയ അനുഭാവതരംഗത്തെ സാമൂഹ്യനീതിയുടെ രാഷ്ട്രീയവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്നതാണ്. താല്‍ക്കാലിക തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കപ്പുറത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് ആഴത്തില്‍ വേരുകളുള്ള ഒരു രാഷ്ട്രീയ ബദല്‍ അങ്ങനെ മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള ഒരു ഐക്യമുന്നണി സൃഷ്ടിക്കപ്പെടേണ്ടതും ഭരണഘടനയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെ സംഘടിച്ചുകൊണ്ടാകണം.

നിയമനടപടികളുമായി ബന്ധപ്പെട്ട് പറയാറുള്ള വാക്കാണ് നിയമയുദ്ധം. നിയമം (law) + യുദ്ധം (war) = നിയമയുദ്ധം (lawfare) എന്നൊരു സമവാക്യം രാഷ്ട്രീയ നിരീക്ഷകര്‍ സൃഷ്ടിച്ചിട്ടുമുണ്ട്. ഈ നിയമയുദ്ധം സൂചിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളേയും മാധ്യമങ്ങളേയും നിശ്ശബ്ദരാക്കാനായി നിയമസംവിധാനത്തെ ആയുധീകരിക്കുന്നതിനെയാണ്. ജെഫ്രി റോബര്‍ട്ട്‌സണ്‍ കെസി (Geoffrey Robertson KC) റഷ്യന്‍ പൗരന്മാരും ധനികരും സര്‍ക്കാരും അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ നിയമ വ്യവസ്ഥയേയും നിയമങ്ങളേയും ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു മോണോഗ്രാഫ് എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് രാഷ്ട്രീയ-നിയമ സംവിധാനമാണ് റോബര്‍ട്ട്‌സണ്‍ തന്റെ Lawfare: How Russians, the rich and the government try to prevent free speech and how to stop them എന്ന പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സല്‍മാന്‍ റഷ്ദി ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെയും ഗാര്‍ഡിയന്‍, ബിബിസി തുടങ്ങിയ മാധ്യമങ്ങളുടെയും അനവധി സിവില്‍റൈറ്റ്‌സ് സംഘടനകളുടെയും റഷ്യന്‍ വിമതരുടെയുമൊക്കെ നിയമോപദേഷ്ടാവും വക്കീലുമായിരുന്നു റോബര്‍ട്ട്‌സണ്‍. ബ്രിട്ടീഷ് ഭരണകൂട-നിയമ സംവിധാനം മാതൃകയായി സ്വീകരിച്ചിട്ടുള്ള നമുക്ക് ഒരുപാട് പാഠങ്ങള്‍ ഈ പുസ്തകം നല്‍കുന്നുണ്ട്.

ഈ പുസ്തകത്തെക്കുറിച്ച് ഇപ്പോള്‍ സൂചിപ്പിക്കാന്‍ കാരണം രാഹുല്‍ ഗാന്ധിക്ക് എതിരെ സൂറത്തിലെ ഒരു കോടതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മാനനഷ്ടക്കേസില്‍ നല്‍കിയ വിധിയാണ്. കര്‍ണ്ണാടകത്തില്‍ പ്രസംഗിക്കവേ ‘മോദി’ എന്ന പേരുമായി ബന്ധപ്പെട്ടുനടത്തിയ പരാമര്‍ശം എല്ലാ മോദിമാര്‍ക്കും അപകീര്‍ത്തികരമാണെന്നും അതിനാല്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു ഹര്‍ജിക്കാരനായ ഗുജറാത്തിലെ ബിജെപി നേതാവിന്റെ ആവശ്യം. കോടതി നല്‍കാവുന്ന പരമാവധി ശിക്ഷ – 2 കൊല്ലം തടവ് – രാഹുല്‍ ഗാന്ധിക്ക് വിധിച്ചു. ഈ രണ്ടുകൊല്ലം തടവുശിക്ഷമൂലം രാഹുലിന് തന്റെ എം.പി.സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. അപ്പീലിന് 30 ദിവസത്തെ ഇളവും തല്‍ക്കാലത്തേക്ക് ജാമ്യവും നീട്ടിനല്‍കിയെങ്കിലും.

ഇതിന്റെ പിന്നാമ്പുറക്കഥ ഇങ്ങനെ: ഭാരത് ജോഡോ യാത്ര നല്‍കിയ പരിവേഷവുമായി രാഹുല്‍ ദില്ലിയില്‍ മടങ്ങിയെത്തുന്നതിന് പുറകേയാണ് ഗൗതം അദാനി ഗ്രൂപ്പിന് എതിരെയുള്ള ഹിണ്ടന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അദാനി ഗ്രൂപ്പ് ആരോപണവിധേയമായതോടെ പ്രതിപക്ഷം പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യവുമായിറങ്ങി. മുന്‍നിരയില്‍ രാഹുല്‍ ഗാന്ധിയുണ്ടായിരുന്നു. പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചത് രാഹുല്‍ഗാന്ധിയായിരുന്നു. ഏതാണ്ടിതേ സമയത്താണ് ഇംഗ്ലണ്ടിലെ ഒരു ചര്‍ച്ചയില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും രാഹുല്‍ പറയാന്‍ ഇടവരുന്നത്. ഇന്ത്യന്‍ ജനാധിപത്യം ഒരു സംവിധാനത്തിനപ്പുറം ‘ഗ്ലോബല്‍ പബ്ലിക് ഗുഡ്’ ആണെന്നും അതിനാല്‍ ലോകം ആശങ്കപ്പെടേണ്ടതുണ്ട് എന്നും രാഹുല്‍ പറഞ്ഞു. പ്രതിച്ഛായനിര്‍മ്മിതിയില്‍ ശ്രദ്ധാലുവായ മോദി സര്‍ക്കാര്‍ ഇതിനെ വ്യാഖ്യാനിച്ചത് വേറെ വിധത്തിലാണ്. അടിയന്തിരാവസ്ഥക്കാലത്ത് ‘ഫോറിന്‍ ഹാന്‍ഡ്’ (വിദേശ ഇടപെടല്‍) എന്ന് ഇന്ദിരാഗാന്ധി പറഞ്ഞതിനെ ഓര്‍മ്മിപ്പിച്ചു ബിജെപിയുടെ പ്രതികരണം. ഇതേ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ഭരണപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന അസാധാരണ കാഴ്ച ജനത കണ്ടു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്സിന്റെ നേതൃമുഖമായ രാഹുലിന് എതിരെയുള്ള കോടതിവിധി.

പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെ കളിക്കളത്തിന് പുറത്താക്കുക എന്ന ഫൗള്‍ തന്നെയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം. കോടതി വിധിയാണെന്നും തങ്ങള്‍ക്കിതില്‍ പങ്കില്ല എന്നും ബിജെപി. എന്നാല്‍ ബിജെപി നിലപാട് പലതവണ മാറിയിട്ടുണ്ട്. രാഹുലിന്റെ ‘മോദി’ പരാമര്‍ശം മുഴുവന്‍ പിന്നോക്ക ജാതികളെയും അപമാനിക്കുകയാണ് എന്നൊരു അടവ് ബിജെപി വക്താക്കള്‍ പുറത്തെടുത്തിരുന്നു. അപ്പീല്‍ വൈകിയപ്പോള്‍ രാഹുല്‍ എന്തുകൊണ്ട് കോടതി വഴക്കങ്ങള്‍ തുടരുന്നില്ല എന്നായി അവര്‍. സംഭവം പ്രതിപക്ഷനിരയെ ഒന്നിളക്കി എന്നു പറയാതെ വയ്യ. കോണ്‍ഗ്രസ്സിന് അനുകൂലമായി അരവിന്ദ് കേജ്‌രിവാള്‍ വരെ രംഗത്തെത്തി. ഇന്ന് അവന്‍ നാളെ ഞാന്‍ എന്നാണ് പ്രതിപക്ഷം കോടതിവിധിയെ വ്യാഖ്യാനിച്ചത്. മോദിക്കെതിരെ ആര് ശബ്ദിച്ചാലും അവര്‍ പിഴയടക്കേണ്ടിവരും എന്ന് വ്യംഗ്യമായി പറയുന്നതാണ് സൂറത്ത് വിധി എന്നവര്‍ വിലയിരുത്തുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതുതന്നെയാണ് റോബര്‍ട്ട്‌സണ്‍ ‘lawfare’ എന്ന് വിശേഷിപ്പിച്ച അടവുനയം. പത്രങ്ങള്‍ക്കെതിരെ അപകീര്‍ത്തിനയവും രാജ്യദ്രോഹത്തിന്റെ വകുപ്പുകളും Flag code മൊക്കെ പണ്ട് ഉപയോഗിക്കപ്പെടാറുണ്ടായിരുന്നു. മെനക്കെടുത്തുക എന്നതായിരുന്നു അന്ന് ലക്ഷ്യം. ഇന്ന് lawfare ന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. രാജ്യദ്രോഹനിയമവും അപകീര്‍ത്തി സംബന്ധിച്ച വകുപ്പുകളുമൊക്കെ UAPA പോലുള്ള കരിനിയമങ്ങളുടെ പ്രകൃതം ആര്‍ജ്ജിച്ചിരിക്കുന്നു. ഭരണനേതൃത്വത്തിനെതിരെ രാഷ്ട്രീയഭേദമന്യേ ഉയരുന്ന വിമര്‍ശനത്തെ നേരിടാന്‍ നേതാക്കള്‍ക്ക് ഇന്ന് നിയമസംവിധാനത്തെ ആയുധീകരിക്കാന്‍ ഒരു മടിയുമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനാല്‍ ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണത്തിന് ആധികാരികത ലഭിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് സൂറത്ത് വിധി. ഒരുപാട് അതിര്‍ത്തികള്‍ അല്ലെങ്കില്‍ no go zones അതിക്രമിച്ചുകടക്കുകയാണ് സര്‍ക്കാര്‍ ഈ നിയമയുദ്ധങ്ങളിലൂടെ. ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഗോലി മാരോ സാലോ കോ എന്ന് പ്രചരണയോഗത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുത്ത നേതാവ് വരെ രാഷ്ട്രീയ സന്മാര്‍ഗ്ഗികതയെക്കുറിച്ച് പ്രഭാഷണം തുടങ്ങിയിരിക്കുന്നു.

ബിജെപി ഇപ്പോള്‍ പിന്‍തുടരുന്ന അടവുനയം വ്യക്തമാണ്. പുതിയതല്ല ഈ അടവുനയം. ജനം ഇപ്പോഴും കോടതിയേയും നിയമവ്യവസ്ഥയേയും വിശ്വസിക്കുന്നു എന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും ബിജെപിക്ക് അറിയാം. പ്രതികൂല കോടതിവിധിയെ വിമര്‍ശിക്കാന്‍ ഒരു പ്രതിപക്ഷ രാഷ്ട്രീയക്കാരനും ഇന്ന് തയ്യാറല്ല. അത്തരമൊരു വിശ്വാസ്യത രാഷ്ട്രീയക്കാര്‍ക്കില്ല എന്നത് തന്നെയാണ് കാര്യം. മാത്രമല്ല നിയമസംവിധാനം ഒരു അലക്കുയന്ത്രമായിട്ടാണ് ബിജെപി കാണുന്നതും. അനുകൂലമായ കോടതി വിധി നല്‍കുന്ന കരുത്ത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി തയ്യാറാണ്. അയോധ്യ വിധിയിലും നോട്ട്ബന്ദി വിധിയിലും ഗുജറാത്ത് കലാപക്കേസുകളിലുമൊക്കെ ബിജെപി കോടതിവിധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുണ്ട്. എന്തിന് സവര്‍ക്കറെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍പോലും ഗാന്ധിവധത്തിലെ വിധിന്യായത്തിന്റെ നിഴലുണ്ട്.

രാഹുല്‍ കളം മാറിച്ചവിട്ടുന്നത് ഇവിടെയാണ്. കോടതിയില്‍ മാപ്പ് പറയാന്‍ അയാള്‍ തയ്യാറല്ല. വേണമെങ്കില്‍ ജയിലില്‍ പോകാം എന്നാണ് നിലപാട്. മേല്‍ക്കോടതികളിലും ഈ നിലപാട് ആവര്‍ത്തിച്ചാല്‍ ബുദ്ധിമുട്ടിലാവുക കോടതി തന്നെയാണ്. കാരണം കോടതിവിധി വിമര്‍ശിക്കപ്പെടാനിടയുണ്ട്. ആരോപിക്കപ്പെട്ട കുറ്റം നിയമത്തിന് കീഴില്‍ കുറ്റമാണോ? കുറ്റമാണെങ്കില്‍ നല്‍കിയിരിക്കുന്ന ശിക്ഷ ആനുപാതികമാണോ? ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധിയെ ഇത്ര ലളിതമായി അയോഗ്യനാക്കാന്‍ പാടുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. രാഹുലിന്റെ വിധിയുടെ രാഷ്ട്രീയ പ്രത്യാഘാതം എന്താകും എന്ന് ബിജെപിക്കും തീര്‍ച്ചയില്ല. എംപി ആയ രാഹുലിനേക്കാള്‍ ശക്തനായിരിക്കാം തെരുവില്‍ നില്‍ക്കുന്ന രാഹുല്‍ എന്ന വാദം ഉയരുന്നുണ്ട്.

അതെന്തായാലും തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ രാഹുലിന് എതിരെയുള്ള നിയമനടപടികള്‍ പ്രതിപക്ഷനിര ഒരുമിക്കാന്‍ കാരണമായിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി പലതരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബിജെപി വിരുദ്ധത എന്നതിനപ്പുറം ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ ഒരു രാഷ്ട്രീയമുന്നണി എന്ന് കോണ്‍ഗ്രസ്സ് പറയുന്നുണ്ട്. ഭരണഘടന, അത് വിഭാവന ചെയ്തിരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണാര്‍ത്ഥം ബിജെപിക്ക് എതിരെ ഒരു രാഷ്ട്രീയം ആവശ്യമുണ്ട് എന്ന കാഴ്ചപ്പാടില്‍ തുടങ്ങുന്നതാണ് ഈ നീക്കങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ്സ് ക്ഷയിച്ചിരിക്കുന്നുവെന്നും രാഹുല്‍ ്‌.െ മോദി എന്ന തിരഞ്ഞെടുപ്പ് സമവാക്യം ബിജെപിയെ സഹായിക്കുകയേയുള്ളൂ എന്നുമാണ് മമതാ ബാനര്‍ജി വാദിക്കുന്നത്. മോദിക്ക് എതിരെ ഒരു മുഖം എന്നതിനുപരിയായി മോദിക്ക് എതിരെ പല മുഖങ്ങള്‍ ബിജെപിക്ക് എതിരെ അതാത് സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഒരു ഫെഡറല്‍ രാഷ്ട്രീയമാണ് മമത മുന്നോട്ട് വെക്കുന്നത്.

മൂന്നാമതൊരു മുഖം ഇപ്പോള്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ തുറന്നിട്ടുണ്ട്. സാമൂഹ്യനീതി എന്ന അജണ്ടയില്‍ സ്റ്റാലിന്‍ വിളിച്ചുകൂട്ടിയ സെമിനാര്‍ ഒരു പ്രതിപക്ഷ കൂട്ടായ്മയായി മാറിയിരിക്കുന്നു. അതില്‍ പ്രധാനമായും പൊന്തിവന്ന നിലപാട് പ്രതിപക്ഷം ജാതി സെന്‍സസ് ആവശ്യപ്പെടണമെന്നതായിരുന്നു. ബീഹാര്‍ പാര്‍ട്ടികള്‍-രാഷ്ട്രീയ ജനതാദള്‍, ജനതാദള്‍ യുണൈറ്റഡ് എന്നിവ-ഈ ആവശ്യം രാഷ്ട്രീയനിലപാടായി മുമ്പേ തന്നെ അവതരിപ്പിച്ചിരുന്നു. റായ്പൂര്‍ പ്ലീനറിയില്‍ കോണ്‍ഗ്രസ്സ് ജാതിസെന്‍സസ് ആവശ്യപ്പെട്ടിരുന്നു. (കഴിഞ്ഞ സെന്‍സസ് കാലത്ത് യുപിഎ സര്‍ക്കാര്‍ ഈ ആവശ്യം നിരാകരിച്ചതായിരുന്നു.) കോണ്‍ഗ്രസ്സ് ഒബിസികളെ അപമാനിച്ചു എന്ന ബിജെപി വാദത്തിന് ബദല്‍ കൂടിയാണ് ജാതി സെന്‍സസ് എന്ന വാദം. ഇതിന്റെ ഭാഗമായിട്ട് അല്ലെങ്കിലും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യുപിയില്‍ അടുത്തിടെ ബിഎസ്പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയുണ്ടായി. രാം മനോഹര്‍ ലോഹ്യയുടെ രാഷ്ട്രീയമാണ് മുലായം സിംഗ് യാദവ് ഉയര്‍ത്തിപ്പിടിച്ചതെന്നും അതുകൊണ്ടുതന്നെ കാന്‍ഷിറാം സമാജ്‌വാദി (സോഷ്യലിസ്റ്റ്) രാഷ്ട്രീയത്തിന് അന്യനല്ല എന്നും അഖിലേഷ് പറയുകയുണ്ടായി. വെറും ഴലേൌൃല ുീഹശശേര െ(ചേഷ്ടാ രാഷ്ട്രീയം) ആയി കാണേണ്ടതല്ല ഈ നീക്കങ്ങള്‍.

ഡിഎംകെയുടെ സാമൂഹ്യനീതി രാഷ്ട്രീയത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. അത് മണ്ഡല്‍ രാഷ്ട്രീയത്തിന് വ്യത്യസ്തവുമാണ്. സംവരണത്തിനപ്പുറം ജാതിവിരുദ്ധ ദേശീയതയുടെ നിര്‍മ്മാണം അത് ലക്ഷ്യമിടുന്നുണ്ട്. ഭാഷാദേശീയത, സംവരണം എന്നീ ഡിമാന്‍ഡുകള്‍ക്കാണ് പില്‍ക്കാലത്ത് പ്രാമുഖ്യം കിട്ടിയതെങ്കിലും ദ്രാവിഡ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം ജാതിവിരുദ്ധ ദേശീയതയുടെ നിര്‍മ്മിതിയാണ്. ആ അര്‍ത്ഥത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ എതിര്‍ദിശയിലാണ് ദ്രാവിഡ പ്രസ്ഥാനം പ്രത്യയശാസ്ത്രപരമായി നിലകൊള്ളുന്നത്.

അത്തരമൊരു കാഴ്ചപ്പാട് ലോഹ്യയിലും പിന്നീട് ബഹുജന്‍ സമാജ് എന്ന ആശയം മുന്നോട്ട് വെച്ച കാന്‍ഷിറാമിലും കാണാമെങ്കിലും അവരെ പിന്‍തുടരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹ്യനീതി രാഷ്ട്രീയത്തെ രാഷ്ട്രനിര്‍മ്മാണവുമായി ബന്ധപ്പെടുത്തി ജനസമക്ഷം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് വെറും ക്വാട്ട രാഷ്ട്രീയമായി ചുരുങ്ങിപ്പോവുകയാണുണ്ടായത്. ജാതി നിര്‍മ്മൂലനം എന്നതിനേക്കാള്‍ സംവരണത്തില്‍ കൂടി ജാതിസംരക്ഷണമായി സാമൂഹ്യനീതി രാഷ്ട്രീയം ചുരുക്കിവായിക്കപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ള ആ രാഷ്ട്രീയത്തിന്റെ ലോജിക്ക് ബിജെപിക്ക് പിടികിട്ടിയിട്ടുമുണ്ട്. ജാതിവൈരുദ്ധ്യവും മത്സരവും മുതലെടുത്ത് ക്വാട്ടകളും പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ചേരുവകളും ഉപയോഗിച്ചുകൊണ്ട് മണ്ഡല്‍ രാഷ്ട്രീയത്തിനെ നിര്‍വീര്യമാക്കുവാന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ കര്‍ണ്ണാടകത്തില്‍ ദളിത്, മുസ്‌ലിം സംവരണം വിഭജിച്ചുകൊണ്ടും മുസ്‌ലിം ക്വാട്ട ലിംഗായത്തുകള്‍ക്കും വൊക്കലിഗ്ഗകള്‍ക്കും വീതിച്ചും ബിജെപി ശ്രമിക്കുന്നത് സിദ്ധരാമയ്യ പ്രതിനിധാനം ചെയ്യുന്ന അഹിന്ത (Ahinda) മുന്നണിയെ നിര്‍വീര്യമാക്കാനാണ്. (ദേവരാജ് അര്‍സ് എഴുപതുകളില്‍ രൂപപ്പെടുത്തിയതാണ് അവശിറമ രാഷ്ട്രീയം. വൊക്കലിഗ്ഗ്-ലിംഗായത്ത് എന്നീ രണ്ട് ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് എതിരെ പല ഒബിസി ജാതികള്‍, ദളിദര്‍, മുസ്‌ലിംകള്‍ എന്നിവരുള്‍പ്പെടെ മുന്നണിയാണ് Ahinda)

വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ ജാതി വിവേചനം ഒഴിവാക്കാനുള്ള ശരിയായ ഉപകരണം തന്നെയാണ് സംവരണം. എന്നാല്‍ സംവരണത്തില്‍ പരിമിതപ്പെടുത്താവുന്നതല്ല സാമൂഹ്യനീതി രാഷ്ട്രീയം. ദ്രാവിഡ രാഷ്ട്രീയവും മണ്ഡല്‍ രാഷ്ട്രീയവും വേര്‍പിരിയുന്നത് ഇവിടെയാണ്-അവ പ്രയോഗത്തില്‍ വന്ന പ്രദേശങ്ങളുടെ സാമൂഹ്യ നിര്‍മ്മാണ ചരിത്രവും ജനസംഖ്യയില്‍ ജാതിവിഭാഗങ്ങള്‍ക്കുള്ള അനുപാതവും രാഷ്ട്രീയപൈതൃകവും ഒക്കെ ഇതിന് കാരണമാവുന്നുണ്ട്. എന്നിരിക്കിലും ബീഹാറിലെങ്കിലും മണ്ഡല്‍ രാഷ്ട്രീയത്തിന് സ്റ്റേറ്റ് ബില്‍ഡിങുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍പോലും ബിജെപിക്ക് ഭരണം നിയന്ത്രിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് ബീഹാര്‍; ഹിന്ദി മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി അതല്ല. തമിഴ് നാട്ടിലെ ഡിഎംകെ മുന്നണിക്ക് ലഭ്യമായ പ്രത്യയശാസ്ത്ര പരിസരം പോലെയൊന്ന് ബീഹാറിലെ RJD, JD(U), കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാഗഢ്ബന്ധനുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും (പോണ്ടിച്ചേരി ഉള്‍പ്പെടെ) എണ്‍പതു സീറ്റുകളുണ്ട്. ഝാര്‍ഖണ്ഡിന്റെ രാഷ്ട്രീയ ഭൂമികയും ഇതേ മുന്നണി രാഷ്ട്രീയത്തിന് അനുയോജ്യമാണ്-ഖങങ, ഇീിഴൃല,ൈ ഞഖഉ സഖ്യം ഇവിടെയുമുണ്ട്. തൊണ്ണൂറ്റിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയെ നിഷ്പ്രഭമാക്കാന്‍ കഴിയേണ്ടതാണ് ഈ മുന്നണികള്‍ക്ക്. സമാനമായ അവസ്ഥ മഹാരാഷ്ട്രത്തിലുമുണ്ട് (48 സീറ്റുകള്‍). ഈ മുന്നണികള്‍ക്ക് കെട്ടുറപ്പ് നല്‍കാന്‍ സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിന് കഴിയും. മോദി സര്‍ക്കാര്‍ അവകാശപ്പെടുന്ന ക്ഷേമരാഷ്ട്രീയത്തിനപ്പുറത്തേക്ക് പോകാന്‍ ഈ രാഷ്ട്രീയത്തിന് സാധിച്ചേക്കാം. സാമൂഹ്യനീതി എന്ന കാറ്റഗറിയെ രാഷ്ട്രീയമായി നിര്‍വ്വചിക്കേണ്ട സന്ദര്‍ഭമാണിത്. സംവരണത്തിനപ്പുറത്ത് ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍, കര്‍ഷകസമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവകൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കേണ്ടതാണ് അത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സെക്കുലറിസം എന്ന അമൂര്‍ത്തസങ്കല്പത്തേക്കാള്‍ ശക്തിയുള്ളതാണ് സാമൂഹ്യനീതി എന്ന മുദ്രാവാക്യം. ഭരണഘടനയായിരിക്കണം അതിന്റെ ആത്മാവ്. ഭാരത് ജോഡോ യാത്രയുണ്ടാക്കിയ അനുഭാവതരംഗത്തെ സാമൂഹ്യനീതിയുടെ രാഷ്ട്രീയവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്നതാണ്. താല്‍ക്കാലിക തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കപ്പുറത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് ആഴത്തില്‍ വേരുകളുള്ള ഒരു രാഷ്ട്രീയ ബദല്‍ അങ്ങനെ മാത്രമേ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള ഒരു ഐക്യമുന്നണി സൃഷ്ടിക്കപ്പെടേണ്ടതും ഭരണഘടനയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെ സംഘടിച്ചുകൊണ്ടാകണം.

ഇതൊട്ടുമേ എളുപ്പമുള്ള കാര്യമല്ല എന്ന് അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ലോകമെങ്ങും ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കും മുന്‍കൈ ലഭിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലാണ് നീതിയുടെ ബദലുകള്‍ നമ്മള്‍ ആലോചിക്കുന്നത്. റഷ്യ-ചൈന അച്ചുതണ്ടിനൊപ്പം ഇപ്പോള്‍ സൗദി അറേബ്യയും ഇറാനും തുര്‍ക്കിയും ചേരുന്നുണ്ട്. ഏറ്റവുമൊടുവില്‍ ഫിന്‍ലണ്ടില്‍ വലതുപക്ഷം ഭരണത്തില്‍ വന്നിരിക്കുകയാണ്. സോഷ്യല്‍ ഡമോക്രസികള്‍ എങ്ങും ക്ഷീണിതരാണ്. അമേരിക്ക-പടിഞ്ഞാറന്‍ യൂറോപ്പ് വാഗ്ദാനം ചെയ്യുന്ന ലിബറല്‍ ജനാധിപത്യ മാതൃകയെക്കാള്‍ മികച്ചതാണ് തങ്ങളുടെ ഒറ്റപാര്‍ട്ടി ഭരണവ്യവസ്ഥ എന്ന ചൈനയും റഷ്യയും അവകാശപ്പെടുന്നുണ്ട്. എര്‍ദോഗനും മോദിയുമൊക്കെ ഈ രാഷ്ട്രീയത്തെ വ്യത്യസ്തമായ വഴികളില്‍ കൂടി പിന്‍പറ്റുന്നവരാണ്. യുക്രൈനെന്ന യുദ്ധഭൂമികയിലും ഇതേ തര്‍ക്കം നമുക്ക് കേള്‍ക്കാവുന്നതാണ്. സമാനമായ അവസ്ഥ 1910 കളിലും 1930 കളിലും ലോകത്തുണ്ടായതാണ്. സമ്പദ്ഘടനയുടെ തകര്‍ച്ച അന്നും വിഷയമായിരുന്നു. അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും മറ്റും അതുകൊണ്ട് തന്നെ ഒട്ടും ശുഭകരമല്ല. സങ്കുചിത ദേശീയതയുടെ വളര്‍ച്ചയും സമ്പദ്ഘടനയുടെ തളര്‍ച്ചയും ഏകാധിപത്യങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ചരിത്രം. സമാനമായ ഒരു സന്ദര്‍ഭത്തിലാണ് ഇന്ന് നമ്മളും.

(കടപ്പാട് – പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply